മനസ്സറിയാതെ – ഭാഗം – 07, രചന: അദിതി റാം

വീട്ടുകാരിയെ പോലെ വാടക തന്നു താമസിക്കുന്ന എനിക്കും ഉണ്ട് ഈ വീട്ടിൽ ഇപ്പോൾ അവകാശം! തന്റെ വീടാണ് എന്നു കരുതി ഇഷ്‌ടത്തിന് വന്നും പോയിയും തന്നിഷ്ടത്തിന് പെരുമാറാൻ കഴിയില്ല…

ആ വാക്കുകളിലും നോക്കിലും എന്നൊടുള്ള ദേഷ്യം പ്രകടമായിരുന്നു.

അനുസരണയില്ലാതെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആള് കാണാതിരിക്കാൻ പുറം തിരിഞ്ഞു നിന്നു.

സോറി..ഇനി ആവർത്തിക്കില്ല. എന്റെ ഒരുപാട് ഓർമ്മകൾ ഉണ്ട് ഇവിടെ! എന്റെ അമ്മ…..അതാണ് ഞാൻ…പൂർത്തിയാക്കാതെ ഞാൻ നിർത്തി.

വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാതെ ഒരു നിമിഷം കണ്ണുകൾ ഇറുകെ പൂട്ടി ഞാൻ നിന്നു. കുറ്റബോധം കൊണ്ട് ആ മുഖത്തേക്ക്‌ നോക്കാൻ പ്രയാസം തോന്നി. തലയും താഴ്ത്തി കള്ളത്തരം പിടിച്ച കുട്ടിയെ പോലെ പുറത്തേക്ക്‌ നടന്നു. വീട്ടിലെ മുറിയിൽ എത്തികട്ടിലിൽ കിടന്നു ഭിത്തിയിലേക്ക് നോക്കി.

“വീട്ടുകാരിയെ പോലെ വാടക തന്നു താമസിക്കുന്ന എനിക്കും ഉണ്ട് ഈ വീട്ടിൽ ഇപ്പോൾ അവകാശം! തന്റെ വീടാണ് എന്നു കരുതി ഇഷ്‌ടത്തിന് വന്നും പോയിയും തന്നിഷ്ടത്തിന് പെരുമാറാൻ കഴിയില്ല”

ആ വാക്കുകൾ അങ്ങനെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു.

പാടില്ലായിരുന്നു. അത്‌ തന്നെയായിരുന്നു ശരി. അത്‌ മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ എനിക്ക്! സ്വയം എന്നോട് തന്നെ മനസ്സിൽ പറഞ്ഞു ഞാനിരുന്നു.

പെട്ടന്നാണ് ആരോ വന്ന് നെറ്റിയിൽ കൈ വച്ചത്. കണ്ണുകൾ തുറന്നപ്പോൾ അച്ഛനായിരുന്നു.

എന്തുപറ്റി? വീണ്ടും പനി പിടിച്ചോ? സുഖമില്ലെങ്കിൽ നമുക്കൊന്ന് ആശുപത്രിയിൽ പോയി വരാം.

വേണ്ട അച്ഛാ! ചെറിയൊരു തലവേദന. കുറച്ചു നേരം കിടന്നാൽ മാറും.

ശരി..എങ്കിൽ ഇന്ന് വിളക്ക് വെക്കാൻ ഞാൻ പോവാം.അങ്ങനെ ഇപ്പോൾ മോള് മാത്രം പറഞ്ഞാൽ പോരല്ലോ അമ്മയോട് വിശേഷങ്ങൾ!. ഇന്നത്തെ വിശേഷങ്ങൾ ഞാൻ പറയാം എന്റെ ഭാര്യ യോട്.

ചിരിക്കുന്ന മുഖത്തോടെ അച്ഛൻ അത്‌ പറയുമ്പോഴും ആ മനസ്സിലെ വിങ്ങൽ എനിക്കറിയാമായിരുന്നു. അത്‌ പ്രകടിപ്പിക്കാതെ അച്ഛനൊരു പുഞ്ചിരി സമ്മാനിച്ചു ഞാൻ തലയാട്ടി കിടന്നു. അച്ഛൻ ഇടവഴി കയറി പോവുന്നതും നോക്കി ഞാൻ മുറിയിലെ ജനലഴികളിൽ പിടിച്ചു നിന്നു…മേലെ തൊടിയിൽ നിന്നും നോക്കിയാൽ അമ്മയുടെ അസ്ഥിതറ കാണാം. പതുക്കെ നടന്നു ചെന്ന് നോക്കിയപ്പോൾ അച്ഛൻ കൊളുത്തിയ വിളക്കിന്റെ തെളിച്ചം ഒരു നുറുങ്ങു പോലെ കണ്ടു. പെട്ടന്നാണ് പുറകിൽ ആരോ വന്നു നിന്നതറിഞ്ഞത്. തിരിഞ്ഞു നോക്കിയപ്പോൾ അമ്മയായിരുന്നു…

എന്തുപറ്റി വയ്യായ്ക വല്ലതും ഉണ്ടോ നിനക്ക്‌?

ഇല്ല. ചെറിയൊരു തലവേദന.

കുറച്ചു നേരം പോയി കിടക്കു.. ഈ ഇരുട്ടിൽ ഇങ്ങനെ കുറെ നേരം നിൽക്കേണ്ട!

മറുപടിയായി തലയാട്ടി.

രണ്ട് ദിവസം തല നനച്ചു കുളിക്കേണ്ട.നീരീറങ്ങി കാണും. പിന്തിരിഞ്ഞു നടക്കുമ്പോൾ ആരോടെന്നില്ലാതെ അമ്മ പറഞ്ഞു.പതുക്കെ നടന്നു മുറിയിലെത്തി. കയ്യിൽ കിട്ടിയ പുസ്തകം എടുത്തു വെറുതെ പേജുകൾ മറിച്ചു ഞാനിരുന്നു. ഭക്ഷണം കഴിച്ചു കിടക്കാൻ നേരമാണ് അച്ഛൻ വന്നത്.

ശ്രീഹരി യുമായി വഴക്കിട്ടു അല്ലേ!

അടുത്തു വന്നിരുന്നതും അച്ഛൻ ചോദിച്ചു. ഒരു നിമിഷം എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ എഴുന്നേറ്റിരുന്നു.

തെറ്റ് എന്റെ ഭാഗത്താണ് അച്ഛാ! പഴയത് പോലെ മനസ്സ് ആഗ്രഹിക്കുന്ന എപ്പോഴും ഇനി അങ്ങോട്ട് പോവാൻ അവകാശവും അധികാരവും എനിക്കില്ല എന്ന് ഓർക്കാതെ പോയി. ആർക്കായാലും ഇഷ്‌ടമാവില്ലല്ലോ! അത്രയൊന്നും ചിന്തിചില്ല.

പോട്ടെ സാരമില്ല. വെറുതെ പറഞ്ഞതാണ് അങ്ങനെയൊക്കെ അപ്പോൾ. സങ്കടപ്പെടുത്തണം എന്നൊന്നും കരുതിയില്ല!

എന്നോട് പറഞ്ഞതാണ്. സാരമില്ല. മോൾക്ക്‌ വിഷമം ആണെങ്കിൽ നമുക്ക് വേറെ വീട് അന്വേഷിച്ചു കൊടുക്കാം.

വേണ്ട അച്ഛാ..എനിക്ക്‌ വിഷമം ഒന്നുമില്ല.

എന്തോ അപ്പോൾ ആ മുഖത്ത് നോക്കി അങ്ങനെ പറയാൻ ആണ് തോന്നിയത്. അച്ഛൻ പോയി കഴിഞ്ഞതും കട്ടിലിൽ നിന്നും എഴുന്നേറ്റു നേരെ പോയത് കണ്ണാടിയുടെ അടുത്തേക്ക് ആണ്. രണ്ട് കൈകൊണ്ടും മുഖം അമർത്തി തുടച്ചു പുഞ്ചിരിയോടെ എന്റെ പ്രതിബിംബത്തിൽ നോക്കിയങ്ങനെ കുറച്ചു നേരം നിന്നു. ശേഷം അലമാരയിൽ നിന്നും ഡയറിക്കുള്ളിൽ സൂക്ഷിച്ച അമ്മയുടെ ഫോട്ടോ എടുത്ത് അതിലേക്ക് തന്നെ ഉറ്റു നോക്കി നിന്നു.

ഞാൻ എന്താണ് അമ്മേ ഇങ്ങനെ ആയി പോയത്? മനസ്സ്‌ തുറന്നു ഒന്ന് സന്തോഷിക്കാനോ എന്തിന് ഒന്ന് സങ്കടപെടാനോ പോലും എനിക്ക് കഴിയുന്നില്ല.

പെട്ടന്നാണ് വീണ വന്നു ഓടി കട്ടിലിൽ കയറി കിടന്നത്. കയ്യിലിരുന്ന ഫോട്ടോ തിരികെ വച്ചു കട്ടിലിലേക്ക് വരുമ്പോൾ വീണ ചുണ്ടിൽ ചിരിയോടെ കള്ളം ഉറക്കം നടിച്ചു കിടക്കുകയായിരുന്നു. അവളെ ഇക്കിളിയിട്ടു കുസൃതി കാട്ടുമ്പോൾ സങ്കടങ്ങൾ എല്ലാം മനസ്സിൽ നിന്നും ആരോ എടുത്തു പോയ പോലെ. അവളെയും എടുത്തു ഉമ്മറത്തെക്ക്‌ വരുമ്പോൾ അച്ഛൻ ഉമ്മറത്തെ കസേരയിൽ ചാരി ഇരിക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു അമ്മ വന്ന് കയ്യിലുണ്ടായിരുന്ന പ്ലേറ്റിലെ കറിയൊഴിച്ച ചോറ്‌ ഉരുളയാക്കി വീണക്ക് നേരെ നീട്ടിയപ്പോൾ അവൾ എന്നെ നോക്കി ഒന്ന് ചിണുങ്ങി.

എനിക്കിന്ന് ചിന്നു ചേച്ചി ചോറ് വാരി തന്നാൽ മതി…….

എന്ന് വാശിയോടെ പറഞ്ഞപ്പോൾ അമ്മ എന്റെ കയ്യിൽ പ്ലേറ്റ് വച്ചു തന്നു..
വിശേഷങ്ങൾ പറഞ്ഞു ഓരോ ഉരുള ചോറും അവൾക്ക് നേരെ നീട്ടുമ്പോൾ അച്ഛൻ കണ്ണിമ വെട്ടാതെ ഞങ്ങളെ തന്നെ നോക്കിയിരുന്നു…പിറ്റേന്ന് രാവിലെ കോളേജിലേക്ക് പോവുമ്പോൾ വീടിനു മുന്നിൽ എത്തിയതും വെറുതെ ഒന്ന് പടവുകൾക്ക് മുകളിലെക്ക്‌ ഏന്തി വലിഞ്ഞു എത്തിനോക്കി. ശേഷം ഒരു നേടുവീർപ്പോടെ വേഗത്തിൽ ആ നീണ്ട ഇടവഴിയിലൂടെ മുന്നോട്ടു നടന്നു.

പിന്നീട് എന്തോ അമ്മയെ കാണാൻ പോവാൻ മനസ്സ് അനുവദിചില്ല. പറയാൻ ഉള്ള വിശേഷങ്ങൾ എല്ലാം അമ്മയുടെ ഫോട്ടോയിൽ നോക്കി പറയും.
എന്റെ മനസ്സറിഞ്ഞെന്ന പോലെ അച്ഛനും അതേ കുറിച്ച് ഒന്നും ചോദിച്ചില്ല.
ഒരാഴ്ച്ച കഴിഞ്ഞൊരു ബുധനാഴ്ച വീണയുടെ പിറന്നാൾ ആയിരുന്നു. തലേന്നു കോളേജിൽ പോവാൻ ഒരുങ്ങുമ്പോൾ ആണ് വീണ വന്ന് കുസൃതി ചിരിയോടെ വാതിലിന്റെ മറവിൽ നിന്നത്.

അച്ഛനും അമ്മയും ഒക്കെ നാളെ സമ്മാനം തരാമെന്നു പറഞ്ഞിട്ടുണ്ട്. ചിന്നു ചേച്ചി എനിക്കെന്താണ് സമ്മാനം തരിക! പ്രതീക്ഷയോടെ നിഷ്കളങ്കമായി വീണ ചോദിച്ചപ്പോൾ മുഖത്തു കൃത്രിമ ഭാവം വരുത്തി വീണയെ ഒന്ന് തിരിഞ്ഞു നോക്കി.

അതിന് എനിക്ക്‌ ജോലി ഒന്നും ഇല്ലാലോ! ജോലിക്ക് പോയാൽ അല്ലെ പൈസ കിട്ടൂ. സമ്മാനങ്ങൾ ഒക്കെ വാങ്ങിക്കാൻ!

നിരാശ ഭാവത്തിൽ അങ്ങനെ പറഞ്ഞതും ആ മുഖത്തു ഒരു നിമിഷം കൊണ്ട് നൂറായിരം ഭാവങ്ങൾ വിരിഞ്ഞു.

സാരമില്ല. ചിന്നു ചേച്ചി വലിയ കുട്ടി ആയി ജോലി ഒക്കെ കിട്ടിയിട്ട് കുറെ സമ്മാനങ്ങൾ വാങ്ങിച്ചു തന്നാൽ മതി ട്ടൊ!

എന്നെ ആശ്വസിപ്പിക്കാനെന്ന വിധത്തിൽ ആ കുഞ്ഞു മനസ്സിലെ നിരാശ യും സങ്കടവും മറച്ചു വെച്ചു കൊണ്ട് അവൾ പറഞ്ഞപ്പോൾ തുറന്നു വച്ചിരുന്ന അലമാരക്കുള്ളിലെ വഞ്ചി പൊട്ടിച്ചു എണ്ണി തിട്ട പ്പെടുത്തിയിരുന്ന വലുതും ചെറുതുമായ നോട്ടുകളിലേക്ക് ചിരിയോടെ ഞാൻ നോക്കി.

പെട്ടെന്ന് ക്ലോക്കിലെക്ക് നോക്കിയതും ധൃതിയിൽ മേശപുറത്തിരുന്നിരുന്ന പുസ്തകങ്ങളും അലമാര യിലെ പൈസയും എടുത്തു ബാഗിലിട്ടു ധൃതി യിൽ പുറത്തിറങ്ങുമ്പോൾ കയ്യിൽ ചോറ്റു പാത്ര വുമായി അമ്മ വന്നു. കണ്ണുകൾ കൊണ്ട് മൗനമായി അമ്മയോട് യാത്ര പറഞ്ഞു വീണ്ടും വേഗത്തിൽ ബാഗും തോളിലിട്ടു നടന്നു. ക്ലാസ്സിൽ ഇരിക്കുമ്പോൾ മനസ്സിൽ മുഴുവൻ വീണക്ക് എന്തു സമ്മാനം വാങ്ങും എന്നായിരുന്നു ചിന്ത…

വൈകുന്നേരം കോളേജ് കഴിഞ്ഞു കുറെ ഏറെ കടകൾ കയറി ഇറങ്ങിയാണ് മനസ്സിന് ഇഷ്ടപെട്ട ഒരു ഉടുപ്പ് കണ്ടു കിട്ടിയത്. തൂവെള്ളയിൽ സ്വർണനൂലുകൾ കൊണ്ട് റോസാപ്പൂ എംബ്രോയിഡറി ചെയ്തു പിടിപ്പിച്ച ഉടുപ്പ്..കണ്ട മാത്രയിൽ അതു ഞാൻ എടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു. ആ ആഹ്ലാദത്തോടെ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് സ്ഥിരം പോവാറുള്ള ബസ് പോയ കാര്യം അറിഞ്ഞത്. ചങ്കിടിപ്പോടെ കയ്യിൽ കെട്ടിയിരുന്ന വാച്ചിലേക്ക് നോക്കി.

ഒരു ദീർഘ നിശ്വാസത്തോടെ ചുറ്റിലും ഒന്ന് കണ്ണോടിച്ചപ്പോൾ ആണ് ആൾക്കൂട്ടത്തിനിടയിൽ നിന്നു എന്റെ നേർക്ക് നീണ്ട ആ പുഞ്ചിരി യുടെ ഉടമസ്ഥനെ കണ്ടത്. അതോടെ നോട്ടം മാറ്റി. കുറച്ചു നേരം കഴിഞ്ഞു ബസ് വന്നതും വേഗം കയറി സീറ്റ് പിടിച്ചു. പുറകിലോട്ടു നോക്കാൻ മനസ്സ്‌ പറഞ്ഞെങ്കിലും അനുസരിക്കാതെ പുറം കാഴ്ച്ചകൾ നോക്കി ഞാനിരുന്നു.

സ്റ്റോപ്പിൽ ഇറങ്ങി കുത്തനെ യുള്ള കയറ്റം കഴിഞ്ഞു പാടത്തേക്കിറങ്ങുമ്പോൾ ആ ഇളം ചൂടുള്ള സായാഹ്‌ന വെയിലിലും എനിക്ക് പുറകെ വരുന്ന ആളുടെ നിഴൽ കാണാമായിരുന്നു. ഇടക്ക് പുറകിൽ അനക്കമൊന്നും കേൾക്കാതെ വന്നപ്പോൾ ഭീതിയോടെ ഒന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കി. ആരും ഇല്ലെന്നു കണ്ടപ്പോൾ തെല്ലൊന്നു ആശ്വാസം തോന്നി. നേടുവീർപ്പോടെ തിരിഞ്ഞു നോക്കിയപ്പോൾ ആണ് എനിക്കകലെ ആയി നിൽക്കുന്ന ആളെ കണ്ടത്.

ഞാൻ കാരണം ആണൊ ഇപ്പോൾ അങ്ങോട്ട് വരാത്തത്?

എന്നെ നോക്കി ചോദിച്ചപ്പോൾ മറുപടി എന്തു പറയണം എന്നറിയാതെ ഞാൻ നിന്നു.

അങ്ങനെ ചോദിച്ചാൽ എനിക്ക് തന്നെ നിശ്‌ചയമില്ല അതിന്റെ ഉത്തരം. പിന്നെ അതിനേക്കാൾ ഉപരി അന്ന് പറഞ്ഞത് പോലെ ഒരു വാടക്കകാരന്റെ അവകാശത്തിൽ വീട്ടുകാരി ഇടപെടുന്നതിൽ ഒരു പരിധി ഒക്കെ ഇല്ലേ! ആ പരിധി ലംഘിക്കേണ്ട എന്ന് കരുതി. ദൂരെ കുന്നിൻ ചെരുവിലേക്ക് നോക്കി അൽപ്പം നീരസം കലർന്ന സ്വരത്തോടെ ആണ് അത്‌ പറഞ്ഞത്.

മറുപടി ഒരുനേർത്ത ചിരിയായിരുന്നു.

തന്റെ വീട്ടിൽ താൻ മാത്രം ആണല്ലോ ഇങ്ങനെ?

അത്‌പറഞ്ഞതും ദേഷ്യത്തോടെ ആ മുഖത്തേക്ക് നോക്കി..

അല്ല. ഒന്ന് നേരാം വണ്ണം ചിരിച്ചു പോലും കാണാറില്ല തന്നെ. ഒന്നുമില്ലെങ്കിൽ എപ്പോഴും ദേഷ്യം.അല്ലെങ്കിൽ ഒരു തരം നിരാശ ഭാവം..കുറെ പെണ്കുട്ടികളെ കണ്ടിട്ടുണ്ട്. പക്ഷേ തന്റെ പോലെ ഒരാളെ ഇതാദ്യമായാണ് കാണുന്നത്.

കാണുന്ന എല്ലാവരും ഒരു പോലെ ആയാൽ എങ്ങനെ ശരിയാവും. അതുകൊണ്ട് ദൈവം വിചാരിച്ചു കാണും എനിക്ക്‌കുറച്ചു പ്രത്യേകത ഇരിക്കട്ടെ എന്ന്!

ഒന്ന് നിർത്തി വീണ്ടും ആ മുഖത്തേക്ക് നോക്കി.

അല്ല എല്ലാ പെണ്കുട്ടികളും ഒരു പോലെ അല്ലെന്ന് ഉത്തമ ബോധ്യം വരണ്ടെ! അതിന് എന്റെ സ്വഭാവം ഇങ്ങനെ ഇരിക്കട്ടെ…എന്ന് വിചാരിച്ചു കാണും ദൈവം….

അത്രയും പറഞ്ഞു മുന്നോട്ടു നടന്നു വരമ്പിലേക്ക് കാൽ വച്ചതെ ഓർമ്മയുള്ളു.
കാൽ വഴുതി ഒരൊറ്റ വീഴ്ച്ചയായിരുന്നു ചെളി നിറഞ്ഞ പാടത്തിന്റെ ഓരത്തേക്ക്…വീണ വേദനെയെക്കാൾ സങ്കടം വീണ ക്ക് വേണ്ടി വാങ്ങിയ ഉടുപ്പ് ചീത്തയായതിൽ ആയിരുന്നു.ആ ഉടുപ്പിന്റെ കവറിലേക്ക് ഉറ്റു നോക്കി യിരിക്കുമ്പോൾ ആണ് ഒരു കൈ എന്റെ നേർക്ക് നീണ്ടു വന്നത്.എന്നെ കളിയാക്കുന്ന മട്ടിൽ അടക്കി പിടിച്ച ചിരിയോടെ നോക്കുന്ന ആ മുഖം കണ്ടതും ദേഷ്യവും സങ്കടവും ഇരട്ടിയായി.

ആ മുഖത്തേക്ക് നോക്കാതെ ആളുടെ നേരെ കൈ നീട്ടി.ആ വിരലുകൾ കൈകളെ മുറുക്കിയതും സർവ ശക്തിയും എടുത്തു വലിച്ചു. എനിക്കപ്പുറത്ത് ഷർട്ടിലും പാന്റിലും ചെളി പറ്റി വീണിരിക്കുന്ന ആളെ കണ്ടപ്പോൾ അറിയാതെ ചിരി പൊട്ടിപോയി. ഇടക്കെപ്പോഴോ പ്രയാസപെട്ട് എഴുന്നേറ്റപ്പോൾ ആണ് ദേഷ്യം വന്നു നിറഞ്ഞ ആ മുഖഭാവം കണ്ടത്. അത്‌കണ്ടതും അൽപ്പം പേടി തോന്നിയെങ്കിലും ധൈര്യം സംഭരിച്ച് എങ്ങനെ യോ എഴുന്നേറ്റു.

വീട്ടിലെത്തുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു. അമ്മ കാണരുതെ എന്ന് പ്രാർത്ഥിച്ചു പിന്നാമ്പുറത്ത് കൂടി ഓടി ചെന്ന് കുളി മുറിയിൽ കയറി.കുളി കഴിഞ്ഞു വരുമ്പോൾ ആണ് കവർ തുറന്നു ഉടുപ്പ് കയ്യിൽ എടുത്തത്. ഉടുപ്പിന്റെ അറ്റത്ത് ഉള്ളിലെ പേപ്പർ നനഞ്ഞു അൽപ്പം ചെളി പറ്റിയിരുന്നു. പൈപ്പിൻ ചുവട്ടിൽ ചെന്നു ചെളി പറ്റിയ ഭാഗം നനച്ചു കഴുകി വീടിനകത്തേക്ക് കയറുമ്പോൾ ആണ് വീണ ഓടി വന്നത്.

കയ്യിലിരിക്കുന്ന ഉടുപ്പ് കണ്ടതും വീണ ഓടി അടുത്തേക്ക് ഓടി വന്നു കയ്യിലിരുന്ന ഉടുപ്പ് വാങ്ങി മേൽ വച്ചു നോക്കി.

എനിക്കാണോ ചേച്ചി? അച്ഛനും വാങ്ങി പുതിയത്! അയ്യോ ഉടുപ്പ് മഴ നനഞ്ഞൊ?സാരമില്ല..നല്ല ചന്തമുണ്ട്.ഞാനിത് കൊണ്ടുപോയി അമ്മയെ കാണിക്കട്ടെ…

എന്നും പറഞ്ഞു വീണ സന്തോഷത്തോടെ ഓടി പോകുന്നത് നോക്കി ഞാൻ നിന്നു.മുറിയിൽ പോയി ഈറൻ തലമുടി തുവർത്തുമ്പോൾ കണ്ണാടിയിലേക്ക് നോക്കിയപ്പോൾ തെളിഞ്ഞത് പാടവരമ്പും എന്നെ കളിയാക്കി യുള്ള ആളുടെ നോട്ടവും ഒക്കെയായിരുന്നു…ഏതോ ഒരു നിമിഷത്തിലെ വാശിക്കും ദേഷ്യത്തിനും ചെയ്ത് പോയതായിരുന്നു.ആദ്യമായിട്ടായിരുന്നു ഒരാളോട് അങ്ങനെ ഒരു പെരുമാറ്റം! ഓർത്തപ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു കുറ്റബോധം തോന്നി.

പിറ്റേന്ന് വീണ യും അച്ഛനുമൊക്കെ ഒരുപാട് നിർബന്ധിച്ചപ്പോൾ ക്ലാസ് ഉണ്ടായിട്ടും അവധിയെടുത്തു.അമ്മയുടെ കൂടെ അടുക്കളയിൽ കൂടി ഓരോ ജോലി യിലും സഹായിച്ചു.അധികം ഒന്നും മിണ്ടിയില്ലെങ്കിലും പരസ്പരം മൗനം കൊണ്ട് ഞങ്ങൾ സംസാരിച്ചു.വിളക്ക് കൊളുത്തി വച്ച് നാക്കിലയിൽ അമ്മ വീണക്ക് സദ്യ വിളമ്പി.അമ്മ തന്നെ ഓരോ വിഭവങ്ങളും എടുത്തു വീണയുടെ വായിൽ വാത്സല്യത്തോടെ വച്ചു കൊടുത്തപ്പോൾ ഒരു നിമിഷം മനസ്സിൽ അമ്മ വന്നു നിറഞ്ഞു. അപ്പോഴാണ് അച്ഛന്റെ കൂടെ കോലായിലേക്ക് വന്നു കയറിയ ആളെ കണ്ടത്. ഒരു നിമിഷം ഞെട്ടിയെങ്കിലും നിമിനേരം കൈകൾ കൊണ്ട് കണ്ണുകൾ തുടച്ചു.

ശ്രീഹരി ഇന്ന് അവധിയായിരുന്നു.ഇന്നലെ ഒന്ന് വീണു.കൈക്ക് ചെറിയൊരു വേദന.അതാണ് കൂടെ കൂട്ടിയത് ..എന്നാ പിന്നെ ഇന്നത്തെ ഊണ് ഇവിടെ നിന്ന് ആയിക്കോട്ടെ….

എന്ന് അച്ഛൻ പറഞ്ഞപ്പോൾ ഹൃദയമിടിപ്പ് കൂടി..അവരെ നോക്കാതെ അകത്തേ മുറിയിലേക്ക് നടന്നു.ഏറെ നേരം കഴിഞ്ഞു അമ്മ വന്ന് വിളിച്ചപ്പോൾ ആണ് ഉണർന്നത്.

എന്നെയും അമ്മയെയും ഇരുത്തി അച്ഛനും വീണയും ചോറ്‌ വിളമ്പി. ഇടക്ക് അച്ഛൻ വന്ന് എനിക്കും വീണക്കും ചോറുരുട്ടി വായിൽ വച്ചപ്പോൾ മുന്നിലിരിക്കുന്ന നാക്കിലയിലെ ചോറിലേക്ക് കണ്ണുനീർ ഇറ്റു വീണു.അന്ന് സന്ധ്യക്ക് അച്ഛന് പകരം പോയത് ഞാനായിരുന്നു…അമ്മയോട് അന്നും മൗനത്തിന്റെ ഭാഷയിൽ കുറെ നേരം സംസാരിച്ചു. അടഞ്ഞു കിടക്കുന്ന ഉമ്മറ വാതിൽ തുറന്നു അകത്തേക്ക് നടക്കുമ്പോൾ എന്റെ കണ്ണുകൾ ആളെ തിരഞ്ഞു. മുറിക്കുള്ളിലെ ഷെൽഫിൽ നിന്നും പുസ്തകം എടുത്തു മറിച്ചു നോക്കുമ്പോൾ ആണ് ഞാൻ വാതിൽക്കൽ ചെന്നു നിന്നത്.കണ്ടിട്ടും കാണാത്ത ഭാവത്തിൽ നിന്നപ്പോൾ ആദ്യം സംസാരിച്ചു തുടങ്ങിയത് ഞാൻ ആയിരുന്നു.

ഇന്നലെ പറഞ്ഞതൊക്കെ ശരിയാണ്.എന്റെ വീട്ടിൽ ഞാൻ മാത്രം ആണ് ഇങ്ങനെ.എപ്പോഴും നിരാശ ഭാവത്തിൽ ഒന്ന് ചിരിച്ചു കാണാറില്ല…എന്നൊക്കെ….സത്യം തന്നെയാണ്..പക്ഷേ ആ സത്യങ്ങളൊന്നും എന്നോട് ആരും പറഞ്ഞിട്ടില്ല..അല്ലെങ്കിൽ എന്താണ് അങ്ങനെ പെരുമാറുന്നത് എന്ന് ചോദിച്ചിട്ടും ഇല്ല.എന്ന് വച്ച് ആർക്കും എന്നോട് ഇഷ്ടമില്ല സ്നേഹമില്ല എന്നൊന്നും അല്ല അർത്ഥം.സ്‌നേഹവും ഇഷ്ടവും ഒക്കെ ഉണ്ട്.എന്തോ ഒട്ടും പ്രതീക്ഷിക്കാതെ അങ്ങനെ ചോദിച്ചപ്പോൾ എന്നെ കളിയാക്കിയത് പോലെ തോന്നി. അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്ത് പോയതാണ്..ക്ഷമിക്കണം.പിന്നെ അന്ന് അനുവാദം ചോദിക്കാതെ വീട് തുറന്നതിനും മാപ്പ്.

ഞാൻ പറഞ്ഞില്ലേ എന്റെ അമ്മ ഇവിടെ ആണ്..ഇവിടെ വച്ചാണ് അമ്മ മരിക്കുന്നത്. അതിന് ശേഷം ആണ് അച്ഛൻ ഇപ്പോഴത്തെ അമ്മയെ കല്യാണം കഴിക്കുന്നതും വീണ ജനിക്കുന്നതും ഒക്കെ.വർഷം ഒരുപാട് കഴിഞ്ഞു. എങ്കിലും അതൊക്കെ ഇപ്പോഴും ഒരു മുറിവായി മനസ്സിൽ ഉണ്ട്. പെട്ടെന്ന് അച്ഛൻ വീട്‌ വാടകക്ക് കൊടുക്കട്ടെ എന്ന് അനുവാദം ചോദിച്ചപ്പോൾ എനിക്ക്‌ ഉത്തരമില്ലായിരുന്നു.സമ്മതം മൂളി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പെട്ടെന്ന് താമസിക്കാൻ ആൾ വരുന്നു എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വേദനയായിരുന്നു മനസ്സിൽ.അത്‌ പ്രകടിപ്പിക്കാൻ എനിക്കപ്പോൾ അങ്ങനെ കഴിഞ്ഞുള്ളു. ദേഷ്യം ഒന്നും തോന്നല്ലേ!ഞാൻ അത്ര കുഴപ്പക്കാരി ഒന്നും അല്ല.

അത്രയും പറഞ്ഞു തീർന്നപ്പോൾ ആണ് മുഖമുയർത്തി ആ മുഖത്തേക്ക് ഒന്ന് നോക്കിയത്.ചിരിയോടെ എന്നെ നോക്കി നിൽക്കുന്ന ആളെ കണ്ടതും ഞാൻ ആ മുഖത്തേക്ക്‌തന്നെ ഉറ്റു നോക്കി നിന്നു.

കാത്തിരിക്കൂ.