വസ്ത്രസ്വാതന്ത്ര്യം ഒക്കെ പറയാം എന്നല്ലാതെ അതൊക്കെ പ്രാവർത്തികം ആകണം എങ്കിൽ ഇതേ പോലെ വല്ല യാത്രയും ഒക്കെ പോണം…

ഹണിമൂൺ – രചന: മഞ്ജു ജയകൃഷ്ണൻ

കല്യാണം തീരുമാനിച്ചപ്പോഴേ മനസ്സിൽ ആദ്യം ഓടിവന്നത് ഹണിമൂൺ യാത്ര ആയിരുന്നു.കല്യാണചെക്കൻ എവിടെയാ ഹണിമൂൺ പോകേണ്ടതു എന്നൊക്കെ ചോദിച്ചെങ്കിലും, നൂറായിരം ആഗ്രഹങ്ങൾ ഉണ്ടായിട്ടും ഒന്നും പറഞ്ഞില്ല.ഉറ്റ കൂട്ടുകാരിയുടെ കല്യാണം കഴിഞ്ഞ ശേഷം അവൾ സിങ്കപ്പൂർ ഒക്കെ പോയി ഫോട്ടോ ഇട്ടപ്പോഴേ വിചാരിച്ചതാണ് നുമ്മടെ കെട്ടും ഒന്നു കഴിഞ്ഞോട്ടെ, ഇതിനെക്കാൾ കിടുക്കാച്ചി സെൽഫി നമ്മളും പെടക്കും എന്ന് .കേട്ടു കേൾവി മാത്രം ഉള്ള സിങ്കപ്പൂർ, സ്വിസർലൻഡ് എന്നീ സ്ഥലങ്ങളിൽ ഒക്കെ പോയി ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഒക്കെ ഇട്ടു നല്ല കിടിലൻ സെൽഫി ഒക്കെ എടുക്കുന്നതൊക്കെ ഓർക്കുമ്പോഴേ മൊത്തത്തിൽ ഒരു കുളിരായിരുന്നു.

സ്ലീവ്ലെസ്സ് ടോപ് ഇടുന്നതോക്കെ സ്വപ്‌നങ്ങളിൽ മാത്രം ആയിരുന്നു. ഞങ്ങളുടെ വൈക്കതൊക്കെ ജീൻസ് ഒക്കെ ഇട്ടാൽ തന്നെ “ഓഹ് അവളൊരു പരിഷ്കാരി ” എന്ന ഒരു ഭാവം ആണ്. അപ്പോൾ കയ്യില്ലാത്ത ഉടുപ്പ് ഒക്കെ ഇട്ടു നടന്നാൽ. ആദ്യം ഇടി അനിയന്റെ കയ്യിൽ നിന്നും ആകും. വസ്ത്രസ്വാതന്ത്ര്യം ഒക്കെ പറയാം എന്നല്ലാതെ അതൊക്കെ പ്രാവർത്തികം ആകണം എങ്കിൽ ഇതേ പോലെ വല്ല യാത്രയും ഒക്കെ പോണം

പല കാര്യത്തിലും കുശുമ്പിന്റെ സംസ്ഥാന പ്രസിഡന്റ് ആകാൻ യോഗ്യത എനിക്ക് ഉണ്ടെന്നു എനിക്ക് തന്നെ അറിയാം. എങ്കിലും കുറേ കുശുമ്പിപാറുക്കൾ ഉണ്ട്. അവളുമാർക്കിട്ട് ഒരു പണി കൊടുക്കണം. അവളുമാരുടെ കല്യാണം ഒക്കെ കഴിഞ്ഞു ഊട്ടി ഒക്കെ പോയപ്പോൾ നമ്മളെ ഒന്നും കണ്ട മട്ടേ ഇല്ലായിരുന്നു. അപ്പോഴും നമക്കറിയാല്ലോ “നമ്മുടെ മാവും പൂക്കും എന്ന് “

കല്യാണം കഴിയുന്നതു വരെ സ്വന്തമായി ഒരു ജീൻസ് പോലും ഇല്ലാതിരുന്ന ഞാൻ ജീൻസ് വാങ്ങാനും , ഷോപ്പിംഗ് നും ഒക്കെ ആയി കുറച്ചു ക്യാഷ് മാറ്റി വച്ചു. ഓഫീസിൽ ആണെങ്കിൽ ഒരു രണ്ടാഴ്ച ലീവും പറഞ്ഞു. കല്യാണത്തിരക്കിൽ ആയതു കൊണ്ട് ചെക്കനോട് അധികം സംസാരിക്കാനും സമയം കിട്ടിയില്ല. കല്യാണം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞിട്ടും എവിടെയും പോകുന്ന കാര്യം പറയുന്നുമില്ല.

“അല്ല നമ്മൾ ഹണിമൂണി നൊന്നും പോകുന്നില്ലേ “കെട്ടിയവന്റെ കണ്ണ് തള്ളി. കല്യാണം നടത്തിയതിന്റെ പാട് എനിക്കറിയാം. അപ്പോഴാ ഇനി ഹണിമൂൺ. സിനിമയിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലെ സിംഗപ്പൂരും സെൽഫിയും സ്ലീവ് ലെസ്സും ഒക്കെ ഓടി മറഞ്ഞു. അതിനു ചെറിയ പരിഹാരം എന്നൊണം വാഗമൺ പോയി.അന്ന് നല്ല മഴയുള്ള സമയവും. ബൈക്കിൽ മഴ മുഴുവൻ നനഞ്ഞു നല്ല കിടിലൻ ഹണിമൂൺ.

ഉർവശിയുടെ മിഥുനത്തിലെ ഹണിമൂണിന്റെ അത്രയും ദുരന്തം ആയില്ലെങ്കിലും ഒട്ടും മോശം ആകാത്ത രീതിയിൽ ഹണിമൂൺ പൊളിഞ്ഞു കിട്ടി.കുശുമ്പി പാറു സെറ്റിനെ കാണേണ്ടി വരുമല്ലോ എന്നു കൂടി ആലോചിച്ചപ്പോൾ ആകെ വട്ടായി. കുഞ്ഞോക്കെ ആയതോടു കൂടി യാത്രയെ നടന്നിട്ടില്ല. മോളോട് അച്ഛൻ പറയുന്നത് കേൾക്കാം ” അച്ഛൻ വാവേ പാരീസിൽ കൊണ്ട് പോകാം ” എന്നൊക്കെ. അമ്മയുടെ സിംഗപ്പൂർ സ്വപ്നം കുപ്പിയിലാക്കി പ്ലാസ്റ്റർ ഒട്ടിച്ച ആളാ എന്നൊരു ഡയലോഗും, ആക്കിയ ചിരിയും ചിരിച്ചു ഞാൻ നടക്കും

ഇപ്പോഴും ഇന്ന ആള് ഇന്നാരുടെ കൂടെ സിങ്കപ്പൂരോ മലേഷ്യയിലോ ഹണിമൂൺ ആണെന്ന് ഫേസ്ബുക് അമ്മാവൻ നോട്ടിഫിക്കേഷൻ തരുമ്പോൾ നല്ല രീതിയിൽ തന്നെ അസൂയ ഉണ്ടാവാറുണ്ട് എന്നത് ഒരു പച്ച പരമാർത്ഥം ആണ്.