രചന: സുധിൻ സദാനന്ദൻ
അമ്മേ,..
ക്ലാസ്സിലെ അപ്പൂന്റേയും, പാർവ്വതിയുടെയും, മാത്യുവിന്റെയെല്ലാം അച്ഛനാണ് സ്കൂളിൽ നിന്ന് അവരെ വിളിക്കാൻ വരുന്നത്,…
എന്റെ അച്ഛൻ മാത്രം എന്തേ അമ്മേ.. വരാത്തത്,?,,,
ചുമരിലെ കല്യാണ ഫോട്ടോയിൽ ഉറ്റു നോക്കിയായിരുന്നു കണ്ണന്റെ ഈ ചോദ്യം.
എന്റെ മടിയിൽ കിടക്കുന്ന കണ്ണന്റെ ചോദ്യം കേൾക്കാത്ത ഭാവത്തിൽ ഞാനവന്റെ മുടിയിൽ തലോടികൊണ്ടിരുന്നു.
അമ്മേ,..അമ്മേ,……..
എന്താ,മനു..നാളെ സ്കൂളിൽ പോവാനുള്ളതാ…നേരം ഒരുപാടായി. കിടന്നു ഉറങ്ങാൻ നോക്കിയേ,..
ഒന്നു പറയമ്മേ,…എന്താ അച്ഛൻ വരാത്തതു,?.
അച്ഛനു തിരക്കല്ലേ..കണ്ണാ,..അതുകൊണ്ടാവും ട്ടോ,..കണ്ണനെ കണാൻ അച്ഛൻ വരും,..
മറുപടിക്കൊപ്പം, പ്രതീക്ഷയുടെ ഒരു ചിരി അവനു ഞാൻ സമ്മാനിക്കുമ്പോൾ ,കുഞ്ഞു കണ്ണുകൾ പതിയെ നിദ്രയിലേക്ക് വഴുതി വീഴുകയായിരുന്നു.
അവനെ എടുത്ത് കിടത്തി അരികിലായി ഞാനും കിടന്നു,.
അവൻ വളരും തോറും , അവന്റെ അച്ഛനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ എനിക്ക് പിടിച്ചു നിൽക്കാനാവുന്നില്ല.
പാവം എന്റെ കണ്ണൻ,..ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹം ഞാനവനു ആവോളം നൽകുന്നുണ്ടെങ്കിലും , അവന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പലപ്പോഴും ഞാൻ പരാജയപ്പെട്ടു പോകുന്നു.
അഞ്ച് വർഷമായി ഞങ്ങളുടെ ഡിവോഴ്സ് കഴിഞ്ഞിട്ടു. അതിൽ പിന്നെ ഞാൻ അനിലേട്ടനെ കണ്ടിട്ടില്ല . കാണാൻ ശ്രമിച്ചിട്ടുമില്ല. എന്നെ ഉപേക്ഷിച്ച പോലെ സ്വന്തം മകനെയും വേണ്ട എന്ന് തോന്നി കാണും ,
എന്റെ കണ്ണനു ഞാനുണ്ട് എന്ന് മനസിൽ പറഞ്ഞു കൊണ്ട് ഒരമ്മയുടെ വാൽസല്യത്തോടെ മാറോട് ചേർത്ത് പിടിച്ചു. ഒന്നുമറിയാതെ നിഷ്കളങ്കമായി ഉറങ്ങുന്ന അവനെ എത്ര നേരം നോക്കി കിടന്നു എന്നെനിക്ക് അറിയില്ല.
അലാറത്തിന്റെ ശബ്ദം കേട്ടുകൊണ്ടാണ് ഞാനുണർന്നത്.
ഇന്നു അച്ഛന്റെ കൂടെ ബാങ്കിൽ പോകണം .
അച്ഛന്റെ ചികിത്സയ്ക്കായെടുത്ത വായ്പയുടെ അടവുകൾ തെറ്റിയിട്ടു മാസങ്ങൾ ഏറെയായി .
അച്ഛന്റെ പെൻഷനും , പറമ്പിലെ ആദായവും കൊണ്ടാണ് .ജീവിച്ചു പോകുന്നത് .
ഇപ്പോൾ കണ്ണൻ സ്കൂളിൽ പോകാൻ തുടങ്ങിയതോടു കൂടി . രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അച്ഛൻ പാടുപെടുന്നുണ്ട് .
കണ്ണനെ എണീപ്പിച്ചു ഒരുക്കി സ്കൂളിലേക്കയച്ചു.
അച്ഛനൊപ്പം ബാങ്കിൽ എത്തി മാനേജറെ നേരിൽകണ്ടു അവധി നീട്ടാൻ അപേക്ഷ എഴുതി നൽകി . തിരികെ വരുമ്പോഴാണ് അവിചാരിതമായി വിനുവിനെ കണ്ടത്.
വിനു എന്റെ അനിയനെ പോലെയാണ് .അല്ല അനിയൻ തന്നെയാണ്. അവനു ഞാൻ അവന്റെ ഏട്ടത്തിയമ്മയും,
അനിലേട്ടന്റെ കൂടെ ജോലി ചെയ്യുന്ന രാഘവേട്ടന്റെ മകനാന്ന്. കല്യാണം കഴിയുമ്പോൾ മിഠായിയും കഴിച്ച് അനിലേട്ടന്റെ വിരലിൽ തൂങ്ങി നടക്കുന്ന പയ്യനിൽ നിന്ന് വലിയ ചെക്കനായിരിക്കുന്നു. എന്നാലും അവന്റെ ഏടത്തിയമ്മേ എന്നുള്ള വിളിയിൽ പഴയ നിഷ്കളങ്കത മായതെ നിറഞ്ഞു നിൽക്കുന്നു
വിശേഷങ്ങളെല്ലാം പരസ്പരം ഞങ്ങൾ ചോദിച്ചറിഞ്ഞു ,
എന്നിട്ടും എന്നോട് എന്തോ പറയാനുള്ള ഭാവത്തിൽ നിൽക്കുകയാണ് വിനു .
ഒരുപാടു നിർബന്ധിച്ചപ്പോഴാണ് . അവനാ കാര്യം പറഞ്ഞത്.
ഏടത്തിയമ്മേ,..അനിലേട്ടൻ ഹോസ്പിറ്റലിലാണ്. ഒരു കാർ ആക്സിഡൻറായിരുന്നു. ഇത്രയും കേട്ടപ്പോൾ തന്നെ സഹിക്കാൻ കഴിയുന്നില്ലായിരുന്നുഒന്നുകൂടി അവൻ പറഞ്ഞു നിർത്തിയപ്പോൾ സകല നാഡികളും തളർന്നു പോവുന്ന പോലെ തോന്നി
”എന്റെ അനിലേട്ടൻ ഒന്നു സംസാരിക്കാൻ പോലും ആവാതെ തളർന്നു കിടക്കുകയാണേന്നോ വിനു ” ?…
വിനുവിനെ കൂട്ടി ഞാൻ അനിലേട്ടനെ കാണുവാൻ ഹോസ്പിറ്റലിലെത്തി. മുറിയിൽ അനിലേട്ടന്റെ ബന്ധുക്കൾ ഉള്ളതിനാൽ ഞാൻ പുറത്തു തന്നെ നിന്നു
” ഇവനെ ഇവിടെ കിടത്തിയിട്ടു കാര്യമൊന്നുമില്ല , എത്രയാ എന്നുവച്ചാ പണം ചിലവാകുന്നത്. നമുക്കെന്തെങ്കിലും തീരുമാനമെടുക്കണം എത്രയും വേഗം “
അനിലേട്ടന്റെ ചെറിയമ്മയുടെ വാക്കുകളായിരുന്നു അത്.
ഒരിക്കൽ സ്വന്തം ഭാര്യയേക്കാൾ വിശ്വാസമായിരുന്ന സ്വന്തം അമ്മയുടെ സ്ഥാനം അനിലേട്ടൻ നൽകിയ അതേ ചെറിയമ്മ തന്നെ.
അനുവാദത്തിനു കാത്തു നിൽക്കാതെ ഞാൻ മുറിക്കുള്ളിൽ കടന്നു ചെന്നു. ഞാൻ കൊണ്ടു പൊയ്ക്കോളാം എന്റെ അനിലേട്ടനെ . ആർക്കും ബാധ്യതയാകാതെ
പെട്ടെന്ന് എന്നെ കണ്ട ആശ്ചര്യത്തിലായിരുന്നു ചെറിയമ്മ,
അല്ലെങ്കിൽ ഇനി ആർക്കു വേണമെടി ഈ ജീവനുള്ള ശവത്തെ.
നിറഞ്ഞു തുളുമ്പിയ അനിലേട്ടന്റെ മിഴികൾ ഞാനെന്റെ സാരി തുമ്പു കൊണ്ട് തുടച്ചു
അനിലേട്ടനെ വീട്ടിലെത്തിച്ചു ശുശ്രൂഷിക്കാനുള്ള എന്റെ തീരുമാനത്തെ അച്ഛൻ എതിർക്കില്ല എന്നെനിക്ക് ഉറപ്പായിരുന്നു.
സ്കൂൾ വിട്ടു വീട്ടിലെത്തിയ കണ്ണനോടായി, കണ്ണാ,…നമുടെ മുറിയിൽ ഒരാളുണ്ട് പോയി നോക്കിയേ….
പറഞ്ഞു കേട്ടതും കണ്ണൻ മുറിക്കുള്ളിലേക്ക് ഓടി പുറകിൽ ഞാനും അവനൊപ്പം ചെന്നു.
കണ്ണനെ കണ്ട അനിലേട്ടന്റെ കണ്ണുൾ നിറയുന്നത് കണ്ട്
കണ്ണൻ എന്നോടായി ചോദിച്ചു.
അമ്മ അച്ഛനെ വഴക്കു പറഞ്ഞോ എന്തിനാ അച്ഛൻ കരയുന്നേ.
കുഞ്ഞു വിരൽ തുമ്പിനാൽ ആ കണ്ണുനീരു തുടക്കുമ്പോൾ
അനിലേട്ടൻ തിരിച്ചറിയുകയായിരുന്നു സ്നേഹം എന്താണെന്ന്
ഞാനും എന്റെ കണ്ണനും കാത്തിരിക്കുകയാണ് ….അനിലേട്ടൻ പഴയ ജീവിതത്തിലേക്ക് മടങ്ങിവരുന്നതും കാത്ത്