തലവേദന വകവയ്ക്കാതെ അവൾ ചാടിയെണീറ്റു. മുറുകെ കെട്ടിപ്പിടിച്ച് കരഞ്ഞു. താൻ ഒരിക്കലും കാണില്ലെന്ന് കരുതിയ ഒരു തവണയെങ്കിലും കാണാൻ ആഗ്രഹിച്ച മുഖം…

ഇനിയെന്നും – രചന: ധന്യ സുജിത്ത്

പതിവുള്ള ചെക്കപ്പിനായി അച്ഛനോടൊപ്പം ആശുപത്രി വരാന്തയിൽ ഇരിക്കുമ്പോൾ പെട്ടെന്ന് തലയ്ക്ക് ഇരുവശവും കൂടം കൊണ്ട് അടിച്ചത് പോലെ..പൊട്ടി പിളരുന്ന വേദന കാരണം ഇരുകൈകളും കൊണ്ട് തലമുടി പിടിച്ചു വലിച്ച് കാൽമുട്ടിലേയ്ക്ക് മുഖമമർത്തി കുനിഞ്ഞിരുന്നു അവൾ…വറ്റി വരണ്ട ചുണ്ടുകളും കുഴിഞ്ഞു പോഴ കൺതടങ്ങളിലെ കറുപ്പും അവളെ കൂടുതൽ ക്ഷീണിതയാക്കിരുന്നു..

“അനൂ…എന്താ പറ്റിയത് മോളെ…??”

ആ അച്ഛന്റെ ഇടറിയ സ്വരത്തിൽ ഉണ്ടായിരുന്നു അദ്ദേഹത്തിൻറെ മനസ്സിലെ വേവലാതി…അവളെ പിടിച്ച് തന്റെ മടിയിലേക്ക് കിടത്തി.. ആ മനസ്സ് കലുഷിതമാണെന്ന് അയാൾക്കറിയാമായിരുന്നു.. കഴിഞ്ഞ കുറച്ചുവർഷങ്ങളായി അവൾ ഇങ്ങനെയാണ്…ഒന്നുറക്കെ കരയാൻ.. അത്രമേൽ ആഗ്രഹിക്കുന്നുണ്ടാകും തന്റെ കുഞ്ഞിപ്പോൾ… സഹിക്കാൻ പറ്റാത്ത തലവേദന എടുക്കുമ്പോൾ അവളുടെ മുറിയിൽ നിന്നും പതിവായി കേൾക്കാറുള്ളതാണ് ആ കരച്ചിൽ.. ചെക്കപ്പിനായുള്ള ടോക്കൺ നമ്പറും കൈപിടിച്ച് ചുറ്റും നോക്കുന്നതിനിടയിലാണ് മുന്നിലെ ഡോക്ടർമാരുടെ പേരു പതിച്ച ബോർഡിൽ സ്റ്റാഫുകളിൽ ഒരാൾ പുതിയതായി ചേർക്കുന്ന ആ പേര് അയാളുടെ കണ്ണിൽ ഉടക്കുന്നത്…

“ഡോ. കൃഷ്ണനുണ്ണി”

ആ പേര് അയാളെ പഴയ ചിന്തകളിലേക്ക് കൊണ്ടുപോയി..എല്ലാത്തിനും കാരണം തന്റെ ദുർവാശി ആയിരുന്നു… നാട്ടു കാര്യങ്ങൾക്കിടയിൽ തനിച്ചായിപ്പോയ മകളെ ശ്രദ്ധിക്കാൻ താൻ അല്പം സമയം കണ്ടെത്തിയിരുന്നെങ്കിൽ…

കോളേജിലും വീട്ടിലും ഒക്കെ അവൾ തനിച്ചായിരുന്നു..പണ്ടത്തെ അനുശ്രീ ഇന്ന് കയ്യെത്താ ദൂരത്താണ്… അല്ലെങ്കിലും തന്റെ മകളെ താൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് കഴിഞ്ഞ കുറച്ചു വർഷങ്ങളേ ആയിട്ടുള്ളൂ.. തീർത്തും അവൾ ഒറ്റപ്പെട്ടു എന്ന് മനസ്സിലാക്കിയപ്പോഴാണ് താൻ അവളെ ശ്രദ്ധിക്കാനായി തുടങ്ങിയത്… ഇതിനോടകം മനസ്സിൽ ഒരായിരം വട്ടം മാപ്പ് ചോദിച്ചിട്ടുണ്ട് തന്റെ കുട്ടിയോട്…

പാടത്തും തൊടിയിലും കിളികളോടും അണ്ണാറക്കണ്ണനോടുമൊക്കെ ചിലച്ചു കൊണ്ട് നടന്നിരുന്ന അനു..ഇന്ന് അവൾ ഒരുപാട് മാറിയിരിക്കുന്നു..സാഹചര്യങ്ങൾ അങ്ങനെയായിരുന്നു… തന്റെ ഇടുങ്ങിയ ചിന്താഗതിയും അതിനൊരു കാരണമാണ്..

അവളുടെ ജനനത്തോടെ ഇന്ദു തന്നെ വിട്ടു പോയപ്പോൾ… അമ്മയെ കൊലയ്ക്ക് കൊടുത്തു പിറന്നെന്നു പറഞ്ഞ് അവഗണിച്ച കുഞ്ഞാണിപ്പോൾ തന്റെ മടിയിൽ കിടക്കുന്നത്… കുറച്ച് കാലങ്ങൾക്ക് ശേഷം തന്റെ ഹരിക്കുട്ടനും അതേ വഴിയേ പോയപ്പോൾ… എല്ലാവരും പറയുന്ന ജാതകദോഷം തന്റെ കുഞ്ഞിന് ഉണ്ടെന്നു വിശ്വസിച്ച് അകറ്റി നിർത്തിയ അച്ഛനാണ് താൻ… മാത്രമല്ല ഹരിക്കുട്ടന്റെ മരണത്തിനു ശേഷം അവൾ പണ്ടത്തെ പോലെ ആയത് അവനെ പരിചയപ്പെട്ടതിനു ശേഷമാണ്..കൃഷ്ണനുണ്ണിയെ.. അവൾക്ക് അവൻ ആരായിരുന്നു എന്ന് അറിയാതെ പോയ… സ്വന്തം മകളുടെ മനസ്സ് അറിയാതെ പോയ ഒരു അച്ഛൻ… ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്തെങ്കിലും തെറ്റ് തെറ്റല്ലാതാകുന്നില്ലല്ലോ….

ഇന്ന് ആ വലിയ തറവാട്ടിൽ അവളാരോടും സംസാരിക്കാറില്ല… ചോദ്യങ്ങൾക്ക് ഉത്തരം മാത്രം നൽകും.. യാത്രകൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അവൾ…ഇപ്പോൾ യാത്ര ആശുപത്രിയിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു… ശേഷിച്ച സമയം മരുന്നുകളുടെ ഒഴിഞ്ഞ കവറുകളും മരുന്നുകളുടെ മനം മടുക്കുന്ന മണവുമുണ്ടെങ്കിലും ആ മുറിയാണ് അവളുടെ ലോകം.. അവിടെ അവൾക്ക് ഏറ്റവും ഇഷ്ടം തെക്കേ തൊടിയിലേക്ക് തുറക്കുന്ന ജനാലയാണ്…. മിക്കവാറും സമയം അതിലൂടെ നോക്കിയിരിക്കുന്നതു കാണാം..

******************

അച്ഛൻറെ മടിയിൽ കണ്ണടച്ചു കിടക്കുമ്പോഴും സിസ്റ്റേഴ്സ് വരുന്നതും പൊക്കിയെടുത്ത് ബെഡിൽ കിടത്തുന്നതും ഒക്കെ അറിയുന്നുണ്ടായിരുന്നു.. പക്ഷേ തലയിൽ എന്തോ ഭാരം.. കണ്ണടച്ചു തന്നെ കിടന്നു…മുന്നിൽ തെളിയുന്നത് ഏട്ടന്റെ മുഖമാണ്…പതിയെ പതിയെ അത് പതിനാറു വയസ്സുകാരൻ ഉണ്ണിയുടെ മുഖമായി രൂപാന്തരം പ്രാപിക്കുന്നു…

“ഏട്ടനിൽ നിന്ന് ഉണ്ണിയിലേയ്ക്ക്..” താനും തനിക്ക് ചുറ്റുമുള്ള ലോകവും അങ്ങനെയായിരുന്നു..ഉണ്ണിയുടെ മുഖം.. തന്റെ മുറിയിലെ തെക്കേ തൊടിയിലേക്ക് തുറക്കുന്ന ജനാലയിലൂടെ നോക്കിയപ്പോൾ കണ്ട അതേ മുഖം… തെക്കേ തൊടിയിലെ ഞാവൽ മരത്തിൽ കയറി രണ്ടു കുഞ്ഞു പെൺകുട്ടികൾക്ക് പഴുത്ത ഞാവൽപ്പഴങ്ങൾ എറിഞ്ഞുകൊടുക്കുന്ന അവരുടെ ചേട്ടന്റെ മുഖം… മറ്റുള്ളവർക്ക് അവൻ വീട്ടിലെ ജോലിക്കാരൻ ദാമുവേട്ടന്റെ മകനായിരുന്നു… തനിക്ക് അവൻ ആരായിരുന്നു…. സഹപാഠിയേക്കാൾ…
തന്റെ മനസ്സറിഞ്ഞ സുഹൃത്തായിരുന്നു…അതിലുപരി തനിക്ക് നഷ്ടപ്പെട്ട ഏട്ടനെ താൻ കണ്ടെത്തിയത് അവനിലായിരുന്നു….. പക്ഷേ ആരും അത് തിരിച്ചറിഞ്ഞില്ല…

എല്ലാവരും പറയുന്നു ഒരാൺകുട്ടിയ്ക്കും പെൺകുട്ടിയ്ക്കും സുഹൃത്തുക്കൾ മാത്രമായിരിക്കാൻ കഴിയില്ലെന്ന്..ആരു പറഞ്ഞു അവരോടത്…മറ്റുള്ളവരുടെ വാക്കുകൾ കേട്ട് തങ്ങളെ തമ്മിൽ പിരിക്കുമ്പോൾ അതിന്റെ പരിണതഫലം തന്റെ ജീവിതത്തെ ഇത്രമേൽ ആഴത്തിൽ ബാധിക്കുമെന്ന് തന്റെ അച്ഛൻ ഒരിക്കലും വിചാരിച്ചിരിക്കില്ല… അവനും അങ്ങനെ തന്നെ ആയിരിക്കോ.. അറിഞ്ഞുകൂടാ… ആയിരിക്കില്ല… കാരണം പണമോ പ്രതാപമോ ഒന്നുമില്ലെങ്കിലും സ്നേഹിക്കാൻ അവനു ചുറ്റും ആളുണ്ടായിരുന്നു… അന്നും ഇന്നും എന്നും…

തനിക്കായിരുന്നു അവനെ വേണ്ടത്… സംസാരിക്കാൻ.. കൂട്ടുകൂടാൻ… കാരണം തനിക്കായിരുന്നു എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തത്.. ഉള്ളുതുറന്നു മതിയാവോളം സംസാരിക്കാൻ ഒരാളുപോലും ഇല്ലാത്ത അവസ്ഥ… ഉറക്കമില്ലാതെ.. വിശപ്പില്ലാതെ..മനസ്സിന് ഇഷ്ടപ്പെടുന്ന ഒന്നും ചെയ്യാൻ തോന്നിക്കാതെ..അത് അതിഭീകരമാണ്…കുറച്ചു നേരം അടുത്ത് വന്നിരുന്ന് സംസാരിച്ചാൽ..ഒന്നു ചേർത്തു പിടിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ തനിക്കുണ്ടായിരുന്നുള്ളൂ… സന്തോഷങ്ങൾ മാത്രം പങ്കുവെക്കാൻ നമുക്കുചുറ്റും ആളുകൾ ഉണ്ടായാൽ പോരാ… സങ്കടങ്ങളും പങ്കുവയ്ക്കാനുള്ള താണ്… പുറമേ നിന്ന് നോക്കുമ്പോൾ തനിക്ക് എന്തിനാണൊരു കുറവ്… നാട്ടിലെ പ്രശസ്തമായ തറവാട്ടിലെ.. നാട്ടിലെ പ്രമാണിയുടെ ഏക മകൾ…. ആവശ്യത്തിലധികം സമ്പത്ത്.. പക്ഷേ മാതാപിതാക്കളുടെ തിരക്കുകൾക്കിടയിൽ ഒറ്റപ്പെട്ടുപോകുന്ന ഒരുപാട് മക്കളിൽ ഒരാളാണ് താനും…

അമ്മയെ കണ്ട ഓർമ്മ പോലും ഇല്ലാത്ത തനിക്കു ഏട്ടനായിരുന്നു എല്ലാം…. അപ്രതീക്ഷിതമായ ഒരു അപകടം… പെട്ടെന്നൊരു ദിവസം ഏട്ടൻ തന്നെ വിട്ടു പോയപ്പോൾ അപ്പോൾ ആ വലിയ വീട്ടിൽ താൻ ഒറ്റയ്ക്കായി…. ആകെയുള്ള ഒരു കൂട്ട് നഷ്ടപ്പെട്ടപ്പോൾ തന്നിലേക്ക് തന്നെ ഒതുങ്ങി കൂടുകയായിരുന്നു… ആ എട്ടാംക്ലാസുകാരി…

പലപ്പോഴും അച്ഛനോട് സംസാരിക്കണമെന്നും.. ആ നെഞ്ചിലെ ചൂട് പറ്റി ഉറങ്ങണമെന്നും.. കുഞ്ഞുകുഞ്ഞു വാശികൾ പിടിക്കണമെന്നും എല്ലാം ആഗ്രഹിച്ചിരുന്നു ഒരുകാലത്ത്.. പക്ഷേ ആ മുഖം ഒരിക്കൽ പോലും തന്റെ നേർക്ക് സ്നേഹത്തോടെ നോക്കുന്നത് കണ്ടിട്ടില്ല…പകരം അമ്മയെ കൊന്നു കൊണ്ട് പിറന്ന സന്തതി… പലപ്പോഴും അച്ഛനിൽ നിന്ന് കേട്ടിരുന്നത് ആ ശാപ വാക്കുകൾ ആയിരുന്നു… ഒരുപാട് അംഗങ്ങളുള്ള ആ വീട്ടിൽ.. ആരും തന്നോട് സംസാരിക്കാറില്ല.. അവർക്കെല്ലാം ഞാൻ ജാതകദോഷം കൊണ്ട് തറവാട് മുടിയ്ക്കാനുണ്ടായവളാണ്…വല്ല പട്ടിയോ പൂച്ചയോ ആയിരുന്നെങ്കിൽ അവർ എന്നേ തന്നെ എവിടെയെങ്കിലും കൊണ്ടുപോയി കളഞ്ഞേനെ…

ആകെ ഒരു ആശ്വാസം ഏട്ടനായിരുന്നു… ഏട്ടൻ പോയതിൽ പിന്നെ കിട്ടിയ കൂട്ടാണ് ഉണ്ണി.. അവനെയും തന്നിൽ നിന്നും പറിച്ചു മാറ്റിയപ്പോൾ താങ്ങാനായില്ല… പതിയെ പതിയെ എല്ലായിടത്തും നിന്നും ഉൾവലിഞ്ഞു.. കോളേജിൽ പോലും ഒരു കൂട്ടില്ലാതെ കഴിച്ചു കൂട്ടി..അടച്ചുപൂട്ടിയ ആ മുറിയുടെ നാലു ചുമരുകളോട് മാത്രം സന്തോഷങ്ങളും സങ്കടങ്ങളും പറഞ്ഞു തീർക്കുന്നതാണ് ഇപ്പോൾ തന്റെ പതിവ്..

തറവാട്ടിലെ ആർക്കും വേണ്ടാത്തതുമാത്രം ഉണ്ണാനും ഉടുക്കാനും ശീലിച്ച ജോലിക്കാരോട് ഉള്ള അവഗണന ഒരു കോട്ടവും തട്ടാതെ കൊണ്ട് നടന്നിരുന്നു തന്റെ അച്ഛൻ… കാലം മാറിയത് ഒന്നും അറിയാതെ.. ഇന്ന് അച്ഛനതിൽ പശ്ചാത്തപിക്കുന്നുണ്ട്… തന്റെ അടുത്ത് വന്നിരുന്നു തലയിൽ തലോടുമ്പോൾ കഴിഞ്ഞുപോയ കാലത്തെ തെറ്റുകൾ ഏറ്റു പറയുന്ന പോലെ ആ കണ്ണുകൾ നിറയാറുണ്ട്… ആദ്യമൊക്കെ ഉണ്ണിയെയും അനിയത്തിമാരെയും കാണണമെന്നു പറഞ്ഞ് വാശിപിടിച്ചു കരഞ്ഞിരുന്നു… ആരും തിരിഞ്ഞു നോക്കാതെ കരഞ്ഞു തളർന്നു കിടന്നുറങ്ങുമായിരുന്നു.. അന്ന് തറവാടിന്റെ മഹിമയും ആഢ്യത്തവും അതിനൊരു തടസ്സം തന്നെയായിരുന്നു.. ഇപ്പോൾ താനത് പറഞ്ഞാൽ അച്ഛൻ നടത്തിത്തരും… പക്ഷേ ഇപ്പോൾ താൻ അത് പറയാറില്ല മനപ്പൂർവ്വം… അവർ ഇപ്പോ എവിടെ ആയിരിക്കും… അവർ പോയതിനു ശേഷം ഉള്ള തന്റെ അവസ്ഥ അവർ അറിഞ്ഞു കാണുമോ… ഒന്നുമറിയില്ല.. അറിഞ്ഞെങ്കിൽ അവൻ ഓടിയെത്തുമായിരുന്നു..

അവന്റെ ശ്രീക്കുട്ടിയെ തനിച്ചാക്കി പോകാൻ അവനെ കഴിയില്ല എന്ന് തനിക്ക് ഉറപ്പാണ്… സാരല്യ..അവന്റെ സൗഹൃദം നൽകിയ തണൽ തന്റെ മനസ്സിൽ ഉള്ളിടത്തോളം കാലം ആ സൗഹൃദം നഷ്ടപ്പെട്ടുവെന്ന് എന്ന് ഞാൻ ഒരിക്കലും കരുതില്ല…എവിടെയായാലും അവർ സന്തോഷത്തോടെ കഴിയട്ടെ…തന്റെ ഉണ്ണിയും അനിയത്തിമാരും…

ഒരു അവധിക്കാലത്ത് തന്റെ മുറിയിലെ ജനാലക്കരികിൽ ഇരുന്നു പുറത്തോട്ടു നോക്കി കുഞ്ഞാറ്റക്കിളികളോട് വർത്തമാനം പറയുന്നതിനിടയിൽ ആണ് അവരെ ആദ്യമായി കാണുന്നത്.. തെക്കേത്തൊടിയിൽ ഞാവൽ മരത്തിനു കീഴിൽ മുഷിപ്പു കയറിയ കുഞ്ഞുടുപ്പിട്ട രണ്ട് കുഞ്ഞിക്കിളികൾ… മുകളിലേക്ക് നോക്കി ചേട്ടാ.. അവിടെ.. അവിടെ.. എന്നൊക്കെ പറയുന്നത് കേട്ടാണ് താൻ മരത്തിൻറെ മുകളിലോട്ട് ശ്രദ്ധിച്ചത്.. വളരെ ശ്രദ്ധയോടെ മരത്തിൽ നിന്നും ഇറങ്ങി തന്റെ കയ്യിലുണ്ടായിരുന്ന ഞാവൽപ്പഴങ്ങൾ ആ കുട്ടികൾക്ക് നൽകുന്നത് കണ്ടപ്പോൾ താൻ ഓർത്തത് തന്റെ ശ്രീയേട്ടനെ ആയിരുന്നു.. താൻ പറയും മുമ്പേ തന്നെ തന്റെ മനസ്സ് അറിയുന്ന.. തന്റെ ആഗ്രഹങ്ങൾ സാധിപ്പിക്കാൻ ഏതു മരത്തിലും കുളത്തിലും ഒരു കൂസലുമില്ലാതെ കയറിയിറങ്ങുന്ന തന്റെ ഏട്ടൻ… താൻ ആ ജനാലക്കരികിൽ നിന്ന് നോക്കുന്നത് കണ്ടിട്ടാവണം അവനും തന്റെ നേരെ ആ ഞാവൽ പഴങ്ങൾ നീട്ടി വേണോ എന്ന് ചോദിച്ചത്…

വേണ്ടെന്നു ചുമൽകൂച്ചി കാണിച്ചു തിരികെ നടക്കുമ്പോൾ അതുവരെ കൂട്ടി വെച്ചിരുന്ന സങ്കടം മുഴുവനായി പുറത്തേക്ക് ഒഴുകുകയായിരുന്നു… ഓടിപ്പോയി കട്ടിലിൽ കമിഴ്ന്നു അടിച്ചു വീണു.. ഏട്ടന്റെ ഫോട്ടോയെടുത്ത് അത് കെട്ടിപ്പിടിച്ച് മതിയാവോളം കരഞ്ഞു… തിരിച്ചു ചെന്നപ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല..
അന്ന് അവരേതാണെന്നു പോലും അറിഞ്ഞൂടായിരുന്നു.. പിന്നീട് ആരോ പറഞ്ഞു പുറംപണിയ്ക്ക് വന്നിരുന്ന ദാമുവേട്ടന്റെ മക്കളാണെന്ന്… വയ്യാതെ കിടപ്പിലായതിനാൽ പിന്നീട് വരില്ലെന്ന് പറയാനായി വന്നതാണെന്ന്..
ദാമുവേട്ടൻ മരിച്ചതിൽ പിന്നെ അവരെ തറവാട്ടിലേക്ക് കണ്ടിട്ടില്ല..

പിന്നീട് അവനെ കാണുന്നത് രണ്ടു വർഷങ്ങൾക്കു ശേഷം
ഒരിക്കൽ സ്കൂളിൽ നിന്നും കാറിൽ വീട്ടിലേക്ക് പോകുന്ന വഴിയാണ്.. വെപ്രാളപ്പെട്ടായിരുന്നു അവൻ അന്ന് റോഡ് മുറിച്ചു കടന്നത്…അതുകൊണ്ടുതന്നെ തങ്ങളുടെ കാർ വരുന്നത് അവൻ ശ്രദ്ധിച്ചില്ല… തൊട്ട് മുന്നിലെത്തിയതും ഡ്രൈവർ ബ്രേക്ക് ഇട്ടതു കൊണ്ട് ഒരു വലിയ അപകടം ഒഴിവായി… ഡ്രൈവർ വിളിച്ചു പറയുന്നതൊന്നും അവൻ കേൾക്കുന്നില്ല എന്ന് തോന്നി… വീണുകിടക്കുന്ന അവനെ പിടിച്ചു എഴുന്നേൽപ്പിക്കുമ്പോഴാണ് അത് അവനാണെന്ന് മനസ്സിലായത്.. പക്ഷേ അവന്റെ ശ്രദ്ധ കയ്യിൽ നിന്ന് വീണ സഞ്ചിയിലാണ്.. അതിൽ നിന്ന് വീണു റോഡു മുഴുവൻ പരന്നുകിടക്കുന്ന പലചരക്ക് സാധനങ്ങൾ പെറുക്കി കൂട്ടുന്ന തിരക്കിലായിരുന്ന അവന് കൈമുട്ട് പൊട്ടിയതും തലയിലെ മുറിവും ഒരു പ്രശ്നമേയല്ലായിരുന്നു……

“ആശുപത്രിയിൽ പോകണോ..?” എന്ന തന്റെ ചോദ്യത്തിന് വളരെ സൗമ്യമായാണ് അവന് മറുപടി നൽകിയത്…

“ഒന്നും പറ്റിയില്ല.. ഞാൻ പൊക്കോട്ടെ… ഇത് കിട്ടിയിട്ടു വേണം കൊച്ചുങ്ങൾക്ക് എന്തെങ്കിലും ഉണ്ടാക്കി കൊടുക്കാൻ…”

പോകാൻ തുടങ്ങിയ അവനെ താനാണ് തടഞ്ഞത്..

“തനിയെ പോകേണ്ട ഞങ്ങൾ കൊണ്ട് ചെന്ന് ആക്കാം.. “

അതിനു മറുപടി പറഞ്ഞത് ഡ്രൈവറാണ്…

“എന്റെ കുട്ട്യേ ഇതിന്റെ വല്ല ആവശ്യമുണ്ടോ..?? ഇവറ്റകളെയൊക്കെ വണ്ടിയിൽ കയറ്റിയാൽ മുതലാളിയുടെ കയ്യീന്ന് കേൾക്കേണ്ടത് മൊത്തം ഞാനാ….”

“രാമേട്ടൻ കൂടുതലൊന്നും പറയണ്ട.. ഞാൻ പറയുന്നത് കേട്ടാൽ മതി…
ഇയാള് കേറിക്കേ.. കേറാനാ പറഞ്ഞത്…”

മടിച്ചുമടിച്ചാണെങ്കിലും അവൻ കാറിൽ കയറി…

“എന്നെ മനസ്സിലായോ..??” കാറിൽ ഇരിക്കുമ്പോൾ താൻ അവനോട് ചോദിച്ചു..

“ഉം..മനസ്സിലായി..ശ്രീക്കുട്ടിയല്ലേ… ഹരീയേട്ടന്റെ…”

എന്തുകൊണ്ടെന്നറിയില്ല അത് കേട്ടപ്പോൾ തികട്ടി വന്ന സങ്കടം പിടിച്ചു നിർത്താനായില്ല തനിക്ക്…കണ്ണീർച്ചാലുകൾ ഒഴുകാൻ തുടങ്ങി… താൻ കരയുന്നത് കണ്ടിട്ടാകണം… ആ മുഖത്തും ഒരു വൈഷമ്യം നിറഞ്ഞുനിന്നിരുന്നു..

“വിഷമിപ്പിക്കാൻ പറഞ്ഞതല്ല…തന്നെ എനിക്ക് പരിചയം ഹരിയേട്ടൻ പറഞ്ഞിട്ടാണ്… അതുകൊണ്ടാണ് ശ്രീക്കുട്ടി എന്ന് വിളിച്ചത്… ഇനി അനുവെന്ന് വിളിച്ചോളാം…”

“സാരമില്ല ശ്രീക്കുട്ടി എന്ന് തന്നെ വിളിച്ചോളൂ.. ഏട്ടൻ പോയതീ പിന്നെ ആ പേര് ഞാൻ കേട്ടിട്ടില്ല…ആരും എന്നെ അങ്ങനെ വിളിച്ചിട്ടില്ല… പെട്ടെന്ന് ആ പേര് കേട്ടപ്പോ എന്തോ ശ്രീയേട്ടനെ ഓർത്തു…

“എന്താ തന്റെ പേര്…??”

“കൃഷ്ണനുണ്ണി..ഉണ്ണീന്ന് വിളിക്കും…”

വിശാലമായ ഒരു പറമ്പിൽ ഓലമേഞ്ഞ ഒറ്റമുറി വീടിനു മുന്നിൽ തങ്ങളുടെ വലിയ ആഡംബര കാർ വന്നു നിൽക്കുമ്പോൾ ഉണ്ടായ അൽഭുതം കൊണ്ടാകണം ആ കുടിലിൽ നിന്ന് രണ്ട് കുട്ടികൾ ഓടി ഇറങ്ങി വന്നു..അവനെ വട്ടം പിടിച്ചു…

“ഇതാരാ ഏട്ടാ.. ഏട്ടനെന്താ പറ്റിയെ… കയ്യപ്പടി മുറിഞ്ഞല്ലോ…”

കൂട്ടത്തിൽ അൽപ്പം മുതിർന്നവൾ കണ്ണീര് ഒലിപ്പിച്ചു കൊണ്ട് പറയുന്നുണ്ടായിരുന്നു…

“അമ്മ കാണണ്ട ഇവിടേക്ക് ഇരുന്നോ…ഞാൻ മരുന്ന് എടുത്തു കൊണ്ടു വരാം”
എന്നും പറഞ്ഞു അകത്തോട്ടു പോയതും തിരിച്ചു വന്നു മരുന്ന് വെച്ചു കൊടുക്കുന്നുണ്ടായിരുന്നു..

ഇളയ പെൺകുട്ടി അപ്പോഴേക്കും അവൻ വാങ്ങിക്കൊണ്ടുവന്ന സഞ്ചി പരിശോധിക്കുന്ന തിരക്കിലായിരുന്നു… രണ്ടു പേരുടെയും മുഖത്ത് വിശപ്പിന്റെ ദൈന്യത തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു…ചെമ്പിച്ച തലമുടിയും ഇരുനിറവമുള്ള അവന്റെ പൂച്ച കണ്ണുകളിൽ താൻ കണ്ടത് വയ്യാത്ത അമ്മയെയും ഇളയതുങ്ങളെയും പട്ടിണിക്കിടാതെ പോറ്റാനുള്ള തത്രപ്പാട് ആയിരുന്നവെന്ന് ആ വീട്ടിലെത്തിയപ്പോഴാണ് മനസ്സിലായത്…

ബാഗിൽ നിന്നും ടീച്ചർക്കായി തന്ന പൈസ അവനു നേരെ നീട്ടിയെങ്കിലും അവൻ അത് വാങ്ങാൻ കൂട്ടാക്കിയില്ല…മുതലാളിയുടെ മകൾ ആയതുകൊണ്ട് ആയിരിക്കണം… ആ അമ്മ തന്നെ സൽക്കരിക്കാൻ പാടുപെടുന്നുണ്ടായിരുന്നു…
അവിടെ നിന്ന് വീട്ടിലേക്ക് തിരിക്കുമ്പോൾ എന്തുകൊണ്ടോ ആ വീടിന്റെ കാഴ്ച…ആ അമ്മയുടെയും രണ്ട് പെൺകുട്ടികളുടെയും മുഖം അവനൊപ്പം തന്നെ അവളുടെ മനസ്സിൽ ഇടം പിടിച്ചിരുന്നു.. പിന്നീട് അവൾ അവനെ കാണുന്നത് പ്ലസ് ടു അഡ്മിഷനായി സ്കൂൾ പ്രിൻസിപ്പലിന്റെ മുറിയിൽ ഇരിക്കുമ്പോഴാണ്… പൊതുവിദ്യാലയത്തിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടി വിജയിച്ച വിദ്യാർത്ഥിയ്ക്ക്… സ്കോളർഷിപ്പ് വഴി തുടർന്നു പഠിക്കാൻ ഒരു അവസരം കിട്ടിയിട്ടും അവന്റെ വീട്ടിലെ അവസ്ഥ വിവരിച്ച് അവനത് തള്ളിക്കളഞ്ഞതു കൊണ്ട് വഴക്കു പറയുകയായിരുന്നു സർ… എന്തെങ്കിലും ജോലിക്ക് പോകണം മാഷേ… എന്നു പറഞ്ഞു ഒഴിവാക്കാൻ നോക്കിയിട്ടും മാഷ് അവനെ വിടാതെ പിടികൂടി… വീട്ടിലെ കാര്യങ്ങളെല്ലാം നടക്കും… നീ പഠനം മുടക്കരുത്.. ഇതൊക്കെ കേട്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും തന്റെ അച്ഛൻ സമൂഹത്തിലെ ഉന്നതനായിരുന്നിട്ടുകൂടി… ഒരു സഹായം എങ്കിലും അവനു നേരെ നീട്ടാത്തതിൽ അവൾക്ക് വിഷമം തോന്നി… പണക്കാരുടെ മക്കൾ മാത്രം പഠിക്കുന്ന വലിയ കോൺക്രീറ്റ് കെട്ടിടത്തിൽ നിന്നും തനിക്ക് ഈ പൊതുവിദ്യാലയത്തിൽ പഠിക്കണമെന്നത് വാശി ആയിരുന്നു.. ഒരു കൂട്ടിന് വേണ്ടി… സൗഹൃദം എന്തെന്നറിയാൻ… ഇതുവരെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ എന്ന് പറയുന്നവർ സ്റ്റാറ്റസ് നോക്കി മാത്രം അടുത്ത് കൂടിയിരുന്നവർ ആണെന്ന് തനിക്ക് അറിയാമായിരുന്നു… അതുകൊണ്ടുതന്നെ എന്നെ പ്ലസ്ടു പഠനം പൊതുവിദ്യാലയത്തിൽ മതി എന്ന് നിർബന്ധം പിടിച്ചിരുന്നു… ഒട്ടും ഇഷ്ടം ഇല്ലാഞ്ഞിട്ടും അച്ഛൻ അതിനു സമ്മതം മൂളിയത് തനിക്ക് അദ്ഭുതമായിരുന്നു…. ഇതുവരെ താൻ അറിയാതിരുന്ന ഒരു സന്തോഷം… ഒരു സ്വാതന്ത്ര്യം.. അതായിരുന്നു ആ വിദ്യാലയം തനിക്ക് വച്ചു നീട്ടിയത്… വലിയ സ്കൂളിൽ നിന്നും വന്നതു കൊണ്ടാകാം അധികമാരും ആരും തന്നെ കൂടെ കൂട്ടിയില്ല എന്ന് പറയുന്നതാകും സത്യം… പലപ്പോഴും താൻ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടിട്ടാണ് അവനും തന്റെ അടുത്ത് വന്നു പരിചയപ്പെട്ടത്… അവന്റെ സൗഹൃദം അവൾക്ക് ഒരു ആശ്വാസമായിരുന്നു… വീട്ടിലെ ഒറ്റപ്പെടലിൽ നിന്ന്… ആ വലിയ തറവാട്ടിലെ ശ്വാസം മുട്ടലിൽ നിന്ന്.. നമ്മളെ കേൾക്കാൻ… നമുക്ക് കേൾക്കാൻ.. ഒരാൾ ഉണ്ടാവുക എന്ന് പറഞ്ഞാൽ അതൊരു വലിയ ആശ്വാസം തന്നെയാണ്… എന്താണ് നിന്റെ പ്രശ്നം..?? എന്നൊരു ചോദ്യം കേൾക്കാൻ ഒരുപാട് മനസ്സുകൾ ആഗ്രഹിക്കുന്നുണ്ട്.. താനും അങ്ങനെ ആയിരുന്നു.

പഠിക്കാൻ മിടുക്കനായിരുന്ന അവന് വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു… പഠിച്ച് ഡോക്ടറാകണം… കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ച തന്റെ അച്ഛനെ പോലുള്ളവർക്ക് ഒരു കൈത്താങ്ങ് ആകണം… അനിയത്തിമാരെ പഠിപ്പിക്കണം.. ചെറുതെങ്കിലും ഒരു കൊച്ചു വീട് ഉണ്ടാക്കണം.. വയ്യാത്ത അമ്മയെ ചികിത്സിക്കണം.. അങ്ങനെ കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങൾ…അവനോടൊപ്പം കൂടിയതിൽ പിന്നെയാണ് അവളുടെ പഠനവും അല്പം മെച്ചപ്പെട്ടത്…ഇടവേളകളിൽ അവൻ അവൾക്ക് സംശയങ്ങൾ തീർത്തു കൊടുത്തു… എന്തിനും അവൾക്കൊപ്പം അവനുണ്ടായിരുന്നു… ക്ലാസ്സിലും സ്കൂളിലും അവനായിരുന്നു അവളുടെ ഏറ്റവും അടുത്ത കൂട്ട്… തന്റെ ചോറ്റുപാത്രം അവനും വെച്ച് നീട്ടി അവന്റെ പൊതിച്ചോറ് തട്ടിപ്പറിച്ചു താൻ കഴിക്കുന്നത് അവൻ അദ്ഭുതത്തോടെ നോക്കുമായിരുന്നു…

വേണ്ടെന്നു പറഞ്ഞാലും താൻ അതു വക വയ്ക്കാറില്ല..പോകെ പോകെ അവൻ കൊണ്ട് വന്നിരുന്ന പൊതിച്ചോറ് തനിക്കു വേണ്ടിയായി.. ആ പൊതിച്ചോറ് തുറക്കുമ്പോൾ മൂക്കിലേക്ക് തുളച്ചുകയറുന്ന ആ ഗന്ധം… അത് തനിക്കേറ്റവും പ്രിയപ്പെട്ടതായിരുന്നു… വാട്ടിയ വാഴയിലയിൽ ചോറിന്റെയും ചുട്ടരച്ച ചമ്മന്തിയുടെയും മെഴുക്കുവരട്ടിയുടെയും വാസനയ്ക്കൊപ്പം ആ അമ്മയുടെ വാത്സല്യവും സ്നേഹവും കൂടെ ചേരുമ്പോൾ ഉണ്ടാകുന്ന മണം… ഇതുവരേക്കും താൻ കഴിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണം… അതായിരുന്നു ആ പൊതിച്ചോറ്.. എന്തൊരു സ്വാദായിരുന്നു ആ പൊതിച്ചോറുകൾക്ക്…

പതിയെ അവന്റെ അനിയത്തിമാരും അമ്മയും അവളുടേതുമായി..ആ കുഞ്ഞ് വീട് തന്റെ മണിമാളികയെക്കാളും അവൾക്ക് പ്രിയപ്പെട്ടതായി… പല വാരാന്ത്യങ്ങളിലും ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞു അവൾ അവരോടൊപ്പം കളിക്കാൻ കൂടി… ആ അമ്മയ്ക്കും അവൾ മകളായിരുന്നു… അനിയത്തിമാർക്ക് ചേച്ചി പെണ്ണായിരുന്നു… തനിക്ക് പുതിയ ഉടുപ്പുകൾ കിട്ടുമ്പോൾ ഒന്നോ രണ്ടോ തവണ മാത്രം ഇട്ട്.. മനപ്പൂർവ്വം ചെറുതായെന്ന് പറഞ്ഞ്… ആ കുട്ടികൾക്ക് കൊടുക്കാനായി അവൾ ഓടുമായിരുന്നു… അവൾക്കായി കിട്ടിയതെല്ലാം അവർക്കായി നീക്കിവെച്ചു..

പ്ലസ് ടു പരീക്ഷയുടെ സമയത്താണ്.. പ്രശ്നങ്ങൾ തുടങ്ങിയത്.. ഒരാൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള സൗഹൃദം… അതും സാമ്പത്തികമായി രണ്ടു തട്ടിൽനിൽക്കുന്നവർ കൂടിയാകുമ്പോൾ കഥകൾ മെനഞ്ഞ് എടുക്കുന്നവർക്ക് എളുപ്പമാകും… മറ്റുള്ളവരുടെ വാക്കുകൾക്ക് മുമ്പിൽ സ്വന്തം മകളുടെ വാക്കുകൾക്ക് അച്ഛൻ വില കൽപ്പിച്ചില്ല എന്ന് പറയുന്നതാകും ശരി… തനിക്ക് എന്താണ് പറയാനുള്ളതെന്ന് പോലും അച്ഛൻ ചോദിച്ചില്ല… അവര് പറയുന്നത് അച്ഛൻ അപ്പാടെ വിശ്വസിച്ചു… ഞങ്ങൾ തമ്മിൽ പ്രണയമാണെന്ന്… അല്ലെന്ന് എത്രയോ തവണ പറഞ്ഞിട്ടും അച്ഛൻ കേട്ടില്ല… അച്ഛന്റെ കയ്യിൽ നിന്ന് തനിക്ക് കിട്ടിയ ഓരോ അടിയും അവരോടുള്ള സ്നേഹത്തിന് ഉറപ്പു നൽകുകയാണ് ചെയ്തത്…

ആളുകൾ അങ്ങനെയൊക്കെ പറയുന്നതിൽ എന്നെക്കാളേറെ വിഷമിച്ചത് അവനായിരിക്കും…ആ അമ്മ ആയിരിക്കും… അതുകൊണ്ടായിരിക്കാം മുത്തച്ഛന്റെ കാലത്ത് കിട്ടിയ പുറമ്പോക്ക് ഭൂമിയിൽ താമസിച്ചിരുന്ന അവർ ഉണ്ട ചോറിനു നന്ദി കാണിക്കാൻ എന്നപോലെ അച്ഛൻ പറഞ്ഞതും കേട്ടു ഈ നാട് വിട്ടു പോയത്… നാടുവിട്ടു പോയതല്ല നാടുകടത്തി എന്ന് പറയുന്നതാകും കൂടുതൽ ശരി… പരീക്ഷ എഴുതാൻ മാത്രമായി ഒരു അവസരം… തമ്മിൽ ഒന്ന് കാണാൻ പോലും അവസരം നൽകാതെ… ഒന്ന് യാത്ര പോലും പറയാതെ… അവനും കുടുംബവും പോയി…

അവൻ പോയത് അറിഞ്ഞു ആ ഒറ്റമുറി വീട്ടിലേക്ക് താൻ ഓടിയെത്തുമ്പോൾ തങ്ങൾ ഓടിക്കളിച്ച പറമ്പും ഊഞ്ഞാലു കെട്ടി ആടിയ മൂവാണ്ടൻ മാവും കൊത്തൻകല്ലു കളിച്ച ആ ഇറയവുമെല്ലാം തന്നെ നോക്കി സങ്കടം പറയുന്നതുപോലെ… പിന്നീട് കുറെ നാൾ അവിടെ ഒറ്റയ്ക്ക് പോയി ഇരിക്കുമായിരുന്നു… അച്ഛൻ അറിഞ്ഞപ്പോൾ ആ പോക്കും നിർത്തി…
എവിടെപ്പോയാലും അവൻ പഠിക്കും എന്ന് തനിക്ക് ഉറപ്പായിരുന്നു… അവന്റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും വേണ്ടി…
അവന്റെ സ്വപ്നങ്ങൾക്ക് വേണ്ടി… ഇന്നേക്ക് വർഷങ്ങൾ ഏഴു കഴിഞ്ഞിരിക്കുന്നു അവനെ കണ്ടിട്ട്… ഇനി ഈ ജന്മം അവനെ കാണാൻ സാധിക്കുമോ എന്ന് തനിക്കറിഞ്ഞുകൂടാ… മനസ്സിൽ ഓർമ്മകളുടെ കുത്തൊഴുക്കായിരുന്നു..

*********

കണ്ണുതുറക്കുമ്പോൾ ഒബ്സർവേഷനിലായിരുന്നു… പാടുപെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൊളുത്തി വലിക്കുന്ന വേദന… സിസ്റ്റർ അച്ഛനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… പലതും വ്യക്തമല്ലായിരുന്നു..

“ശ്രീക്കുട്ടീ…”

ആ വിളി കേട്ടാണ് കണ്ണ് തുറക്കാൻ ശ്രമിച്ചത്..കാലങ്ങൾക്കുശേഷം ശ്രീയേട്ടന്റെ ശബ്ദം കേട്ടതുപോലെ… ഏട്ടൻ വിളിക്കാറുള്ളത് പോലെ…ഒരിക്കലും അത് അച്ഛൻ ആയിരിക്കില്ല… കേട്ട് മറന്ന സ്വരം… മയക്കം വന്ന് കണ്ണുകളടഞ്ഞു പോകുന്നുണ്ടെങ്കിലും തുറന്നു നോക്കാൻ തന്നെ ശ്രമിച്ചു…പറ്റുന്നില്ല… കണ്ണ് തുറക്കാതെ തന്നെ വിളികേട്ടു.. ഒപ്പംതന്നെ കരച്ചിലും കൂട്ടിനെത്തി..

“ഏട്ടാ…ശ്രീക്കുട്ടിയെ തനിച്ചാക്കി പോയി…ല്ലേ.. എന്നേം കൂടെ കൊണ്ടോവായിരുന്നില്ലേ ഏട്ടനൊപ്പം… എല്ലാരും എന്നെ തനിച്ചാക്കി പോയില്ലേ… ഏട്ടനും ഉണ്ണിയും.. ആർക്കും ശ്രീക്കുട്ടിയെ വേണ്ടാതായില്ലേ… “

“അനുമോളെ… നീ കണ്ണു തുറന്നു നോക്ക്… ഇതാരാണെന്ന്..??”

അച്ഛനാണ് പറയുന്നത് എന്ന് മനസ്സിലായി… കണ്ണുകൾ ശ്രമപ്പെട്ട് തുറന്നു.. വെളുത്ത ഓവർകോട്ട് കണ്ടപ്പോഴേ മുന്നിൽ നിൽക്കുന്നത് ഡോക്ടർ ആണെന്ന് മനസ്സിലായി… തന്റെ കൈ ആളുടെ കൈകളിലാണ്… പുഞ്ചിരിച്ചു നിൽക്കുന്ന ആ മുഖം… ചെമ്പിച്ച തലമുടിയും ആ പൂച്ചക്കണ്ണുകളും അവളുടെ സംശയം ബലപ്പെടുത്തി…

“ശ്രീക്കുട്ടീ… മറന്നോ..നീയെന്നെ…??”

“ഡാ…ഉണ്ണീ… നീയെങ്ങനെ ഇവിടെ…??എവിടായിരുന്നു ഇത്രേം നാള്..??ഒരു വാക്കുപോലും പറയാതെ പോയില്ലേ എല്ലാരും…എവിടെ…അമ്മയെവിടെ..??അമ്മുവും അച്ചുവും എവിടെ..??”

തലവേദന വകവയ്ക്കാതെ അവൾ ചാടിയെണീറ്റു… മുറുകെ കെട്ടിപ്പിടിച്ച് കരഞ്ഞു… താൻ ഒരിക്കലും കാണില്ലെന്ന് കരുതിയ ഒരു തവണയെങ്കിലും കാണാൻ ആഗ്രഹിച്ച മുഖം.. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു കാഴ്ച മറച്ചിരിക്കുന്നു…

“പിണക്കമാണോ ശ്രീക്കുട്ടി നിനക്ക്…??”

അതുവരെയുണ്ടായിരുന്ന സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി മറുപടിയായി ചിരിച്ചു അവൾ… ആ ചിരിയിലും അവളുടെ മനസ്സിലെ സങ്കടങ്ങൾ അവന് തെളിഞ്ഞു കാണാമായിരുന്നു..

“എന്തിന്..??”

പോകരുതെന്ന് പറഞ്ഞിട്ടും നിന്നെ തനിച്ചാക്കി പോയതിന്..??ദേഷ്യം തോന്നിയിട്ടില്ലേ നിനക്ക്.. നിന്നോട് ഒരു വാക്കുപോലും പറയാതെ പോയതിന്…??

ഇവിടെ നിന്ന് പോകുമ്പോൾ ഏറ്റവും സങ്കടം അമ്മയ്ക്ക് ആയിരുന്നു… നമ്മുടെ ബന്ധം പരിധി വിടുന്നുവെന്ന് നിന്റെ അച്ഛൻ സംശയിച്ച പോലെ യാതൊരു സംശയവും അമ്മയ്ക്ക് ഇല്ലായിരുന്നു.. വീണ്ടും നീ തനിച്ചാകുന്നല്ലോ എന്നതായിരുന്നു വിഷമം..അമ്മുവിനും അച്ചുവിനും അതുതന്നെ..

എൻറെ പ്രാരാബ്ധങ്ങൾക്ക് ഇടയിൽ ഇവിടെ നിന്ന് പോയാൽ പഠിക്കാനും ജീവിക്കാനും അനിയത്തിമാരെ പൊന്നുപോലെ നോക്കാനുള്ളതും തരാമെന്ന് പറഞ്ഞപ്പോൾ നിവൃത്തിയില്ലായിരുന്നു ശ്രീക്കുട്ടീ…പോകാതിരുന്നാൽ നഷ്ടം എനിക്കു മാത്രമല്ല നിനക്കും ഉണ്ടാകുമെന്ന് കേട്ടപ്പോൾ തീരുമാനിച്ചതാണ് ഞാൻ..എല്ലാം ഇട്ടെറിഞ്ഞു പോകാൻ.. മാപ്പ്… ഞാൻ കാരണം നിന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ മോശം കാര്യങ്ങൾക്കും…

മാപ്പോ… എന്തിന്..??മാപ്പുപറഞ്ഞ് നമ്മൾ തമ്മിലുള്ള ബന്ധം ചെറുതാക്കരുത് നീ..
തമ്മിൽ കാണാതിരുന്നാൽ അവസാനിക്കുന്നത് ആയിരുന്നോ നമ്മൾ തമ്മിലുള്ള ബന്ധം…നിന്നെ കാണുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിട്ടില്ല… പക്ഷേ ആഗ്രഹിച്ചിരുന്നു…പുറത്തിറങ്ങുന്ന ഓരോ ദിവസവും ആഗ്രഹിച്ചിട്ടുണ്ട് ചുറ്റുപാടും തിരിഞ്ഞിട്ടുണ്ട് നിങ്ങളുടെ മുഖങ്ങൾ… പതിയെ പതിയെ മനസ്സിൽ തന്നെ കാണാൻ ശ്രമിച്ചു… മറ്റുള്ളവർക്ക് വേണ്ടി മാറാൻ ശ്രമിക്കേണ്ടത് സൗഹൃദങ്ങൾ അല്ല… നല്ല സൗഹൃദങ്ങളെ തെറ്റിദ്ധരിക്കുന്ന… ഒരാൺകുട്ടിയും പെൺകുട്ടിയും തമ്മിൽ ഒരിക്കലും കെട്ടുറപ്പുള്ള സൗഹൃദം ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്ന സമൂഹമാണ്…

അതിനെല്ലാം ഒരുപരിധിവരെ തടയിടാൻ സ്വന്തം വീട്ടുകാർക്ക് സാധിക്കും…പക്ഷേ മക്കളെക്കാൾ വിശ്വാസം നാട്ടുകാരെ പറയുന്നതിനോട് ആകാതിരിക്കണമെന്ന് മാത്രം…

നിന്നോടൊപ്പം ഉള്ള സൗഹൃദം എനിക്കൊരു തണൽ വഴിയായിരുന്നു… അതിലൂടെ നടക്കുമ്പോൾ എന്റെ ഉള്ളിലെ ചുട്ടു പഴുക്കുന്ന വെയിൽ ചൂടിനെ ഞാൻ മറക്കാറുണ്ട്…ആ ഓർമ്മ പോലും ഒരു ചാറ്റൽമഴ പോലെ എന്റെ മനസ്സിനെ നനയ്ക്കാറുണ്ട്… ഒരു നേർത്ത സുഗന്ധമുള്ള കാറ്റായി തഴുകാറുണ്ട്.. നിന്നോടുള്ള എന്റെ സൗഹൃദം ഹൃദയത്തിൽ നിന്ന് ഉടലെടുത്തതാണ്… അതിന് സ്ഥിരമായ സംഭാഷണങ്ങളോ… കണ്ടുമുട്ടലുകളോ… ഒന്നും ആവശ്യമില്ല… മനസ്സിന്റെ ഒരു കോണിൽ അത് ആഴത്തിൽ അങ്ങനെ പതിഞ്ഞു കിടപ്പുണ്ട്.. ഒരിക്കൽ കണ്ടെത്തിയ ആ കൂട്ടിന് പകരം മറ്റൊരാളെ കണ്ടെത്താൻ പ്രയാസമായിരിക്കും… അതുകൊണ്ട് വന്നുപോയതാണീ ഒറ്റപ്പെടൽ.. പിന്നെ അതൊരു ശീലമായി മാറിയിരുന്നു… പതിയെ മാറിക്കോളും..”

അവളുടെ വാക്കുകളിൽ നിന്നും ആ സൗഹൃദത്തിന് അവൾ നൽകിയ വില അവർ മനസ്സിലാക്കുകയായിരുന്നു..

“പഠിച്ചു കഴിഞ്ഞ് ജോലിക്കായി ഇവിടെ തന്നെ വന്നത് നിന്നെ കാണാൻ വേണ്ടിയാ…നാളെ തറവാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു… സാറിന് അറിയാമായിരുന്നു.. ഇവിടെ പുതിയതായി ചാർജ് എടുത്തിട്ടു രണ്ടു ദിവസമേ ആയിട്ടുള്ളൂ.. സാർ വിളിച്ചപ്പോൾ മനപ്പൂർവം ഞാൻ അത് പറഞ്ഞിരുന്നില്ല…

ഇനിയെന്നും ശ്രീയേട്ടന്റെ സ്ഥാനത്ത് ഈ ഉണ്ണിയുണ്ടാകും എന്റെ ശ്രീക്കുട്ടിക്കൊപ്പം….”

അവനതു പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞതിനൊപ്പം ഹൃദയം നിറഞ്ഞു മനസ്സാലെ ഒരായിരം വട്ടം മാപ്പ് പറഞ്ഞു ആ അച്ഛനവരെ ചേർത്ത് പിടിച്ചു… പഴയ അനുശ്രീലേക്ക് ഇനിയൊരു തിരിച്ചുപോക്ക് തന്റെ കുട്ടിയ്ക്ക് കുറച്ചുകൂടെ എളുപ്പമായിരിക്കും എന്നയാൾക്ക് ഇപ്പോൾ അറിയാം.. കാരണം അവൾക്കൊപ്പം ഇനിയെന്നും അവളുടെ സൗഹൃദമുണ്ട്…

ഒരു നല്ല സൗഹൃദത്തിന് മാനദണ്ഡങ്ങൾ ഉണ്ടോ…?? ഒരിക്കലുമില്ല…ആത്മാർഥതയുള്ള സൗഹൃദങ്ങളുടെ കാലം കഴിഞ്ഞെന്ന് പലരും പറയാറുണ്ട്… ഒരിക്കലെങ്കിലും മനസ്സിൽ ആ സൗഹൃദം നൽകുന്ന തണൽ നാമോരോരുത്തരും അനുഭവിച്ചിരിയ്ക്കും… ആ കുളിർമയിൽ പല സങ്കടങ്ങളും നമ്മൾ മറക്കും… നാം നാമായി ജീവിക്കുന്നത് ആ സൗഹൃദങ്ങളിലായിരിയ്ക്കും…പലതും നേടാൻ വ്യഗ്രത പൂണ്ടു തിരക്കിട്ടോടുന്ന ഈ കാലഘട്ടത്തിൽ ഉള്ളിൽ തണുപ്പ് പകർന്നു എന്നും നമ്മളോടൊപ്പം നിൽക്കുന്ന ആ നല്ല സൗഹൃദങ്ങൾക്ക് സമർപ്പിക്കുന്നു..

“ഇനിയെന്നും…”