ഇന്നലെ പറഞ്ഞതൊക്കെ ശരിയാണ്. എന്റെ വീട്ടിൽ ഞാൻ മാത്രം ആണ് ഇങ്ങനെ. എപ്പോഴും നിരാശ ഭാവത്തിൽ ഒന്ന് ചിരിച്ചു കാണാറില്ല… എന്നൊക്കെ…. സത്യം തന്നെയാണ്..പക്ഷേ ആ സത്യങ്ങളൊന്നും എന്നോട് ആരും പറഞ്ഞിട്ടില്ല..
അല്ലെങ്കിൽ എന്താണ് അങ്ങനെ പെരുമാറുന്നത് എന്ന് ചോദിച്ചിട്ടും ഇല്ല. എന്ന് വച്ച് ആർക്കും എന്നോട് ഇഷ്ടമില്ല സ്നേഹമില്ല എന്നൊന്നും അല്ല അർത്ഥം. സ്‌നേഹവും ഇഷ്ടവും ഒക്കെ ഉണ്ട്.എന്തോ ഒട്ടും പ്രതീക്ഷിക്കാതെ അങ്ങനെ ചോദിച്ചപ്പോൾ എന്നെ കളിയാക്കിയത് പോലെ തോന്നി. അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്ത് പോയതാണ്..ക്ഷമിക്കണം. പിന്നെ അന്ന് അനുവാദം ചോദിക്കാതെ വീട് തുറന്നതിനും മാപ്പ്. ഞാൻ പറഞ്ഞില്ലേ എന്റെ അമ്മ ഇവിടെ ആണ്..
ഇവിടെ വച്ചാണ് അമ്മ മരിക്കുന്നത്.അതിന് ശേഷം ആണ് അച്ഛൻ ഇപ്പോഴത്തെ അമ്മയെ കല്യാണം കഴിക്കുന്നതും വീണ ജനിക്കുന്നതും ഒക്കെ. വർഷം ഒരുപാട് കഴിഞ്ഞു. എങ്കിലും അതൊക്കെ ഇപ്പോഴും ഒരു മുറിവായി മനസ്സിൽ ഉണ്ട്. പെട്ടെന്ന് അച്ഛൻ വീട് വാടകക്ക് കൊടുക്കട്ടെ എന്ന് അനുവാദം ചോദിച്ചപ്പോൾ എനിക്ക് ഉത്തരമില്ലായിരുന്നു. സമ്മതം മൂളി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പെട്ടെന്ന് താമസിക്കാൻ ആൾ വരുന്നു എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വേദനയായിരുന്നു മനസ്സിൽ.അത് പ്രകടിപ്പിക്കാൻ എനിക്കപ്പോൾ അങ്ങനെ കഴിഞ്ഞുള്ളു. ദേഷ്യം ഒന്നും തോന്നല്ലേ! ഞാൻ അത്ര കുഴപ്പക്കാരി ഒന്നും അല്ല.
അത്രയും പറഞ്ഞു തീർന്നപ്പോൾ ആണ് മുഖമുയർത്തി ആ മുഖത്തേക്ക് ഒന്ന് നോക്കിയത്.ചിരിയോടെ എന്നെ നോക്കി നിൽക്കുന്ന ആളെ കണ്ടതും ഞാൻ ആ മുഖത്തേക്ക്‌തന്നെ ഉറ്റു നോക്കി നിന്നു.
അങ്ങനെ ഒന്നും ഞാനും കരുതിയില്ല വിദ്യ. വെറുതെ പറഞ്ഞതാണ്. പക്ഷേ തന്നെ സഹായിക്കാൻ ശ്രമിച്ച എന്നെ ഉപദ്രവിച്ചത് ശരിയായില്ല.
പറഞ്ഞല്ലോ അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്ത് പോയതാണ്. ഒരിക്കൽ കൂടി മാപ്പ് അങ്ങനെ ചെയ്തതിനും പറഞ്ഞതിനും ഒക്കെ.
ഇപ്പോഴും ഞാൻ ഇന്നലെ ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലല്ലോ! ആ വീട്ടിൽ താൻ മാത്രം എന്താണ് ഇങ്ങനെ തലതിരിഞ്ഞു പോയത്. വീണ്ടും കളിയാക്കി കുസൃതി ചിരിയോടെ അത് ചോദിച്ചതും മനസ്സിൽ പ്രതേകിച്ചു വികാരങ്ങൾ ഒന്നും ഉടലെടുത്തില്ല. ആ മുഖത്തേക്ക് നോക്കാതെ ദൂരേക്ക്‌നോക്കി ഞാൻ പറഞ്ഞു തുടങ്ങുകയായിരുന്നു.
അറിയില്ല.അങ്ങനെ മനപ്പൂർവ്വം ആരെയും വേദനിപ്പിക്കാൻ വേണ്ടി പെരുമാറുന്നതല്ല അങ്ങനെയൊക്കെ. ഞാൻ യഥാർത്ഥത്തിൽ ഞാൻ ആവുന്നതും മനസ്സ്‌തുറക്കുന്നതും ഒക്കെ അച്ഛന്റെ അരികിൽ എത്തുമ്പോൾ ആണ്.അല്ലെങ്കിൽ ഈ ലോകത്ത് എനിക്കേറ്റവും ഇഷ്ടം എന്റെ അച്ഛനെ ആണെന്നും പറയാം.
അപ്പോൾ അമ്മയെ ഇഷ്ടമല്ലേ!
ആണ്.പക്ഷേ അമ്മയുടെ മുന്നിൽ എനിക്ക്‌ഞാൻ ആവാൻ കഴിയുന്നില്ല. അമ്മ തുറന്നു പറഞ്ഞില്ലെങ്കിലും പ്രകടിപ്പിച്ചില്ലെങ്കിലും ആ മനസ്സ് ഇന്നും എന്നോട് കുറച്ചകലെ ആണ്. അതുകൊണ്ട് അമ്മക്കൊരു ബുദ്ധിമുട്ട് വേണ്ടെന്ന് കരുതിയാണ് ഞാനും അധികം അടുത്തിടപഴകാതെ കുറച്ചു അകലം പാലിക്കുന്നത്.
അതൊക്കെ മനസ്സിന്റെ തോന്നൽ ആണ് വിദ്യ. സ്വന്തം അമ്മയല്ലലോ എന്ന് എപ്പോഴും മനസ്സിൽ ഊട്ടി ഉറപ്പിക്കുന്നത് കൊണ്ടാണ് അങ്ങനെ ഒരു തോന്നൽ.
അല്ല. അങ്ങനെ കരുതി സ്നേഹിക്കാൻ തന്നെയാണ് മനസ്സ്‌പറഞ്ഞിരുന്നത്. പക്ഷേ ചില അടക്കം പറച്ചിലുകളും സഹതാപ വാക്കുകളും കേട്ടപ്പോൾ മനസ്സ് മരവിച്ചു പോയി. ആ നിമിഷം മുതൽ ഞാനും ചിന്തിച്ചു തുടങ്ങി.
“എത്രയൊക്കെ ചേർത്ത് പിടിച്ചാലും എന്നെ നൊന്തു പ്രസവിച്ച സ്വന്തം അമ്മക്ക് പകരമാവില്ല ല്ലോ “എന്ന്…ഒരു നറു പുഞ്ചിരി യോടെ ആ മുഖത്തു നോക്കി പറഞ്ഞു നിർത്തി.
എന്ന് കരുതി വെറുപ്പും വിധേഷവും ഒന്നും കാണിച്ചിട്ടില്ല. അമ്മക്കൊരു ബുദ്ധിമുട്ട് ആവരുത് എന്ന് കരുതിയിട്ടെ ഉള്ളു.”എത്ര സ്‌നേഹിച്ചാലും ചേർത്തു പിടിച്ചാലും നിന്റെ വയറ്റിൽ മൊട്ടിട്ടത് പോലെയാവില്ല! സ്വന്തം ചോര യെ മറന്നു ഒരു സഹതാപവും സ്‌നേഹവും ഒന്നും കാണിക്കേണ്ട..നിനക്കും വളർന്നു വരുന്നത് ഒരു പെണ്കുട്ടി തന്നെയാണ്.’
പത്താം ക്ലാസ്സിലെ വേനലവധിക്ക് അമ്മയുടെ വീട്ടിൽ പോയപ്പോൾ വീണയുടെ വല്ല്യമ്മ പറയുന്നത് കേട്ടതാണ്.നിന്ന നിൽപ്പിൽ മരിച്ചു പോയെങ്കിൽ എന്ന് ആഗ്രഹിചിട്ടുണ്ട് ആ നിമിഷം.പിന്നെ രണ്ട് ദിവസം ഒരു മരവിപ്പ് ആയിരുന്നു മനസ്സിനും ശരീരത്തിനും.ആ ഉപദേശം അമ്മയുടെ മനസിനെ യും ഭയപ്പെടുത്തി യിട്ടുണ്ട് എന്ന് പിന്നീട് അങ്ങോട്ടുള്ള പെരുമാറ്റത്തിൽ നിന്നും മനസ്സിലായി. അച്ഛനെ ഓർത്തപ്പോൾ അവകാശങ്ങളും സ്നേഹവും പിടിച്ചു വാങ്ങാനും തോന്നിയില്ല. പിന്നെ പിന്നെ അതൊരു ശീലമായി. സ്വയം ഒതുങ്ങി കൂടാൻ പഠിച്ചു.
അരികിൽ അച്ഛൻ മാത്രം ആവുമ്പോൾ കുറച്ചു നേരത്തേക്ക് ആണെങ്കിൽ പോലും ആ സമയം സങ്കടങ്ങൾ എല്ലാം മറന്നു എന്റേതായ ലോകം കണ്ടെത്താൻ ശ്രമിച്ചു. അമ്മക്ക് ഇഷ്‌ടമായില്ലെങ്കിലോ എന്ന് കരുതി പല മോഹങ്ങളും വേണ്ടെന്ന് വച്ചിട്ടുണ്ട്. തെറ്റാണോ ശരിയാണോ എന്നറിയില്ല..അങ്ങനെ ശീലിച്ചു പോയി. പിന്നെ ഞാൻ പറഞ്ഞില്ലേ എന്നെ മനസ്സിലാക്കി ആരും എന്നോട് ഇങ്ങനെ ഒന്നും ചോദിച്ചിട്ടില്ല.
അത്രയും പറഞ്ഞു തീർന്നതും നിറകണ്ണുകളോടെ ആ മുഖത്തേക്ക് നോക്കി. ഒന്നും പറഞ്ഞില്ലെങ്കിലും എന്റെ വേദന ആ മനസ്സ് തൊട്ടറിഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ കണ്ണിൽ പൊടിഞ്ഞ നീർത്തുള്ളികൾ മതിയായിരുന്നു.
നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുള്ളികൽ വിരൽ കൊണ്ട് തട്ടി തെറിപ്പിച്ചു ശേഷം അരുതാത്തത് എന്തോ ചെയ്ത ഭാവത്തിൽ ആ കൈകൾ പിൻവലിച്ചു മറ്റെങ്ങോട്ടൊ ദൃഷ്ടി പതിപ്പിച്ചു.
ഞാനായിട്ട് ചോദിച്ചതല്ല.എന്റെ മനസ്സിൽ അങ്ങനെ ഒരു തോന്നൽ ഉണ്ടായിരുന്നു എന്നുള്ളത് സത്യം തന്നെയാണ്.പക്ഷേ അതിനും മുന്നേ തന്റെ അച്ഛന്റെ മനസ്സിൽ അതൊരു വേദനയായി ഉണ്ടായിരുന്നു.അതുകൊണ്ട് ആണ് ചോദിക്കാൻ അർഹത ഇല്ലാഞ്ഞിട്ട് കൂടി ഞാൻ ചോദിച്ചത്.അന്ന് തനിക്ക് പകരം അച്ഛൻ വിളക്ക് വെക്കാൻ വന്ന അന്ന് അച്ഛൻ ഒരുപാട് സംസാരിച്ചു. മുഴുവൻ തന്നെ കുറിച്ച്..ആയിരുന്നു..ആ കൂട്ടത്തിൽ പറഞ്ഞതാണ്.
മനസ്സിൽ എന്തോ സങ്കടം ഉണ്ട്.ഒരു പക്ഷേ അച്ഛനായ എന്നോട് പറയാൻ പറ്റാഞ്ഞിട്ടാവും.പിന്നെ സ്വന്തം അമ്മയോട് പറയുന്നത്‌പോലെ ആവില്ല ല്ലോ സുഭദ്രയോട് പറയുന്നത് എന്ന് ചിന്തിച്ചു പറയാതിരിക്കുകയാവും…എന്ന്…
അത്‌കേട്ടതും നെഞ്ചിൽ ഒരു നീറ്റൽ ആയിരുന്നു.മനസ്സിൽ കല്ലെടുത്ത് വച്ചത് പോലെ ഒരു ഭാരം.
തന്നെ വിഷമിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ല ! താൻ എന്നോട് പറഞ്ഞ മാപ്പ് ഞാൻ തിരിച്ചു പറയുന്നു.മാപ്പ്….ഞാൻ കാരണം മനസ്സ് വിഷമിച്ചതിന്!
പിന്നെ ഒരു വാടക്കകാരന് ചോദിക്കാനും അന്വേഷിക്കാനും പാടില്ലാത്ത കാര്യങ്ങൾ ചോദിച്ചെങ്കിൽ അതിനും…
ഒന്നു നിർത്തി എന്നെ നോക്കി പുഞ്ചിരി യോടെ പറഞ്ഞപ്പോൾ ചിരിയോടെ കണ്ണുകൾ തുടച്ചു ഞാൻ പോവാൻ ഒരുങ്ങി. അപ്പോഴാണ് നേരം ഒരുപാട് ഇരുട്ടിയത് ശ്രദ്ധിച്ചത്.മുറ്റത്തേക്കിറങ്ങി ഒരുനിമിഷം ഭീതിയോടെ വീടിനുള്ളിലേക്ക് നോക്കി.ആ ഇരുട്ടിൽ തപ്പി പിടിച്ചു ഒരു വിധം രണ്ട് പടവുകൾ ഇറങ്ങിയതും പുറകിൽ നിന്നും എനിക്ക്‌വേണ്ടി തെളിയിച്ച ഫോണിലെ ടോർച്ചിന്റെ വെട്ടം പിന്തിരിഞ്ഞു നോക്കി.ആളുടെ മുഖം വ്യക്തമായി കണ്ടില്ലെങ്കിലും ആ കരുതൽ നിഴലായി എനിക്ക്‌പിറകിൽ ഉണ്ടായിരുന്നു.ആ പടവുകൾ ഇറങ്ങി താഴേക്ക്‌ചെന്നതും അച്ഛനെ കണ്ടു…
ഇന്ന് വൈകിയോ? അതോ അമ്മയോട് പറയാൻ ഒരുപാട് വിശേഷങ്ങൾ ഉണ്ടായിരുന്നോ ഇന്ന്!
മറുപടി ഒന്നും പറയാതെ ആ നെഞ്ചിൽ ചാരി കണ്ണു നീര് അടക്കി ശബ്ദമുണ്ടാക്കാതെ തേങ്ങി ഞാൻ നിന്നു. എപ്പോഴോ കണ്ണു തുറക്കുമ്പോൾ മുകളിലെ വെളിച്ചം അണഞ്ഞിരുന്നു. അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിന് ഒരു ഭാരക്കുറവ് പോലെ തോന്നി.
പറയാതെ തന്നെ ഒരാൾ തന്നെ മനസ്സിലാക്കിയല്ലോ എന്ന ഒരു സന്തോഷം ആ വേദനയിലും മനസിൽ നിറഞ്ഞു നിന്നു.പിറ്റേന്ന് ക്ലാസ്സിന് പോവുമ്പോൾ വീടെത്തിയതും ഞാൻ പോലും അറിയാതെ നടത്തത്തിന്റെ വേഗം കുറഞ്ഞു..പടിക്കെട്ടിനു മുകളിലേക്ക് നോക്കി കണ്ണുകൾ ആരെയോ തേടി.
ദിവസങ്ങൾ പിന്നെയും പോയി കൊണ്ടിരുന്നു.. നവമി പൂജയുടെ അവധി തുടങ്ങുന്ന ഒരു വെള്ളിയാഴ്ച ക്ലാസ്സ് കഴിഞ്ഞു ധൃതി യിൽ നടന്നു വരുമ്പോൾ ആണ് എപ്പോഴോ എനിക്ക്‌പുറകിൽ നടന്നു വന്നു ഒപ്പമെത്തിയ ആളെ ശ്രദ്ധിക്കുന്നത്.
എന്താണ് പതിവില്ലാത്ത ഒരു ധൃതി നടത്തതിന്?
ഒന്നുമില്ല..അമ്പലത്തിൽ പോവണം..വീണ എന്നെയും കാത്തിരിക്കും..കൂടെ ചെന്നില്ലെങ്കിൽ അത് മതി പിണങ്ങാൻ!
എന്നിട്ടാണോ കരഞ്ഞു പറഞ്ഞിട്ടും ഈ പ്രിയപ്പെട്ട ചേച്ചി അമ്മയുടെ വീട്ടിലേക്ക് ഒപ്പം പോവാത്തത്?
അത്‌ചോദിച്ചതും ഞാൻ ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി.
താൻ ഇങ്ങനെ അകലം കാണിക്കുന്നത് കൊണ്ടാവും അമ്മയും അങ്ങനെ. ഇങ്ങോട്ട് മിണ്ടിയില്ലെങ്കിലും അങ്ങോട്ട് പോയി മിണ്ടണം. സ്വന്തം ആണെന്ന് കരുതി സ്നേഹിച്ചു നോക്ക്! അപ്പോൾ തിരികെ കിട്ടുന്ന സ്നേഹം അളക്കാൻ കഴിയാതെ വരും..താൻ അല്ലെ പറഞ്ഞത് അച്ഛനെയാണ് ഈ ലോകത്ത് കൂടുതൽ ഇഷ്ടം എന്ന്! ആ അച്ഛന് അതൊരു സമാധാനവും അതിലുപരി സന്തോഷവും ആകുമെങ്കിൽ അതല്ലേ വേണ്ടത്..
അത് പറഞ്ഞതും സംശയഭാവത്തിൽ ആ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി കുറച്ചു നേരം അങ്ങനെ നിന്നു.
വാടകക്കാരൻ ആണെന്ന് കരുതണ്ട ഒരു ഫ്രണ്ട് പറയുന്നത് ആണെന്ന് കരുതിയാൽ മതി..എന്ന് ചിരിയോടെ പറഞ്ഞപ്പോൾ കൃത്രിമ ദേഷ്യത്തോടെ ആ മുഖത്തേക്ക് നോക്കി.
എന്നെ കളിയാക്കുന്നത് ഒരു ഹോബി ആയിട്ട് എടുത്തിരിക്കുകയാണല്ലോ!
മറുപടിയായി ഒന്ന് ചിരിച്ചു.
ഇനി ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?
എന്നെ പോലെയുള്ള പെണ്കുട്ടികളെ കണ്ടിട്ടില്ല എന്ന് പറഞ്ഞില്ലേ! അത്ര മോശം ആണോ ഞാൻ!
അൽപ്പം ചമ്മലോടെ ആളുടെ മുഖത്ത് നോക്കാതെ ആണ് അത് ചോദിച്ചത്.
ഹേയ്…താനൊരു പാവം നല്ല കുട്ടി അല്ലെ!. ഒരു മിണ്ടാ പൂച്ച..
സത്യം ആണല്ലോ! ഇനി വാക്ക് മാറരുത്!
ഇല്ല…
എന്നാൽ എന്റെ തലയിൽ തൊട്ടു സത്യം ചെയ്യാമോ! ഇനി എന്നെ വഴക്ക് പറയുകയും കളിയാക്കുകയും ഒന്നും ചെയ്യില്ലെന്ന്!
ആ ഇല്ലെന്നെ…സത്യം…
അതും പറഞ്ഞു കൊണ്ട് എന്റെ നെറുകയിൽ കൈ അമർത്തിയപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.ആൾക്ക് മുന്നിലായി വരമ്പിലൂടെ നടക്കുമ്പോഴും മനസ്സിൽ ആ പറഞ്ഞ വാക്കുകൾ ആയിരുന്നു.
“സ്വന്തം ആണെന്ന് കരുതി സ്നേഹിച്ചു നോക്ക്!..അപ്പോൾ തിരികെ കിട്ടുന്ന സ്നേഹം അളക്കാൻ കഴിയാതെ വരും.,”
അന്ന് വീട്ടിൽ എത്തിയതും എന്റെ കണ്ണുകൾ ആദ്യം തിരഞ്ഞത് അമ്മയെ ആയിരുന്നു.അന്ന് അമ്മ അരികിൽ എത്തുമ്പോൾ ഒക്കെ മിണ്ടണം മിണ്ടണം എന്ന് മനസ്സ് പറഞ്ഞു..പിറ്റേന്ന് അവധിക്ക് അമ്മയും വീണയും വീട്ടിലേക്ക് പോവാൻ ഒരുങ്ങുമ്പോൾ ആണ് അമ്മയുടെ അടുത്തേക്ക് ചെന്നത്.
അമ്മേ ഞാനും കൂടി വന്നോട്ടെ…
അങ്ങനെ ഒരു ചോദ്യം ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ടാവും ആ മുഖത്ത് അമ്പരപ്പ് പടർന്നത്. വീണയുടെ മുഖത്തും സന്തോഷമായിരുന്നു.
അതിനെന്താ പോരു…
എന്ന് അമ്മ പറയുമ്പോൾ ആ ശബ്ദം ഇടറിയിരുന്നു…
എനിക്കറിയാം ഞാൻ വരാത്തത് കൊണ്ടല്ലേ അച്ഛനും പോവാൻ മനസ്സ് വരാത്തത്..ഞാൻ വരാം അച്ഛാ…നമുക്ക് ഒരുമിച്ച് പോവാം ഇത്തവണ…പൂർണ്ണ മനസ്സോടെ സന്തോഷത്തോടെ ആണ് ഞാൻ പറയുന്നത്.
എന്ന് ആ രണ്ട് കയ്യും കൂട്ടി പിടിച്ചു ഞാൻ പറയുമ്പോൾ ആ മുഖത്തും മഴ പെയ്തൊഴിഞ്ഞ ആകാശം പോലെ തെളിച്ചമായിരുന്നു എന്ന് തോന്നി. പോകാൻ ഒരുങ്ങുമ്പോൾ എന്റെ പിന്നിൽ നിന്നും മാറാതെ കണ്ണാടിയിൽ നോക്കി രണ്ട് വശത്തേക്കും പിന്നികെട്ടിയ മുടിയാട്ടി ചിരിച്ചു.
അച്ഛനും അമ്മക്കും പുറകിലായി വീണയുടെ കയ്യും പിടിച്ചു നടക്കുമ്പോൾ ആണ് മനസ്സിൽ മറ്റെപ്പോഴും തോന്നാത്ത ഒരു തരം ശാന്തത യായിരുന്നു. ഇടവഴി എത്തിയതും അച്ഛനും അമ്മയും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി താഴെ നിന്ന് ആ പടിക്കെട്ടിന് മുകളിലേക്ക് നോക്കി. അവർ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും പെട്ടെന്ന് വീണയുടെ കൈപിടി അഴച്ചു .
ചിന്നു ചേച്ചി ഇപ്പോൾ വരാം ട്ടൊ….
വീണയുടെ കാതിൽ സ്വകാര്യമായി പറഞ്ഞു ധൃതി യിൽ ഞാൻ ആ പടിക്കെട്ടുകൾ ഓടി കയറി.കിതച്ചു കിതച്ചു ശ്വാസം അടക്കി പിടിച്ചു കൊണ്ട് മുകളിൽ എത്തുമ്പോൾ ആണ് കൂട്ടി വച്ചിരിക്കുന്ന ഫയലുകൾ നോക്കുന്ന ആളെ കണ്ടത്..അത്‌കണ്ടതും അടുത്തേക്ക് ഓടി ചെന്നു.
അമ്മയുടെ കൂടെ പോവുകയാണ്. കൂടെ അച്ഛനും ഉണ്ട്. ബാക്കി വിശേഷങ്ങൾ ഒക്കെ വന്നിട്ട് പറയാം.കിതച്ചു കിതച്ചു കൊണ്ട് പാറി പറക്കുന്ന ഷാൾ ദേഹത്തേക്ക് അണച്ചു പിടിച്ച് കൊണ്ട് പറഞ്ഞു.
ആയിക്കോട്ടെ…വിശേഷങ്ങൾ കേൾക്കാൻ ഞാൻ ഇവിടെ തന്നെ ഉണ്ടാവും . വീട്ടുകാരി ദേഷ്യം തോന്നി ആട്ടി വിട്ടില്ലെങ്കിൽ…
അത് പറഞ്ഞതും കൃത്രിമ ദേഷ്യത്തോടെ മുഖം തിരിച്ചു പിന്തിരിഞ്ഞു നടന്നു.
വെറുതെ പറഞ്ഞതാണ്.ഇനി അതിന്റെ പേരിൽ യാത്ര യുടെ സുഖം കളയണ്ട. തന്നെ കേൾക്കാൻ ഞാൻ ഇവിടെ തന്നെ ഉണ്ടാവും.അല്ലാതെ വേറെ എവിടെ പോവാൻ ആണ്..
ഉച്ചത്തിൽ അത്‌വിളിച്ചു പറഞ്ഞതും ഉള്ളിൽ തോന്നിയ സന്തോഷത്തിന് അതിരില്ലായിരുന്നു.എവിടെ നിന്നോ വന്നു പെട്ടെന്ന് വീശിയടിച്ച കാറ്റെന്നെ തഴുകി തലോടിയപ്പോൾ ഓടിയൊടി ആ പടവുകൾ ഇറങ്ങുമ്പോൾ ഞാൻ മറ്റേതോ ലോകത്തായിരുന്നു.
തുടരും…