വെറുതെ പറഞ്ഞതാണ്.ഇനി അതിന്റെ പേരിൽ യാത്ര യുടെ സുഖം കളയണ്ട. തന്നെ കേൾക്കാൻ ഞാൻ ഇവിടെ തന്നെ ഉണ്ടാവും.അല്ലാതെ വേറെ എവിടെ പോവാൻ ആണ്..
ഉച്ചത്തിൽ അത്‌വിളിച്ചു പറഞ്ഞതും ഉള്ളിൽ തോന്നിയ സന്തോഷത്തിന് അതിരില്ലായിരുന്നു.എവിടെ നിന്നോ വന്നു പെട്ടെന്ന് വീശിയടിച്ച കാറ്റെന്നെ തഴുകി തലോടിയപ്പോൾ ഓടിയൊടി ആ പടവുകൾ ഇറങ്ങുമ്പോൾ ഞാൻ മറ്റേതോ ലോകത്തായിരുന്നു.
വീണയെ മടിയിൽ ഇരുത്തി ബസ്സിന്റെ ജനാലക്കരുകിൽ ഉള്ള സീറ്റിൽ ഇരുന്നു.
ഇടക്ക് തൊട്ടപ്പുറത്ത് ഇരിക്കുന്ന അമ്മയെ ഒളികണ്ണിട്ടു നോക്കി..ഇടക്കെപ്പോഴോ എന്നെ നോക്കിയപ്പോൾ അമ്മക്ക് വേണ്ടി മനസ്സറിഞ്ഞു ഒരു പുഞ്ചിരി സമ്മാനിച്ചു..എന്റെ പെരുമാറ്റം കണ്ടിട്ടാവണം ആ മുഖത്തും ഒരു അമ്പരപ്പ് പടർന്നത്.വർഷങ്ങൾക്ക് ശേഷം ആ വീടിന്റെ ഉമ്മറത്തെത്തിയപ്പോൾ വെറുതെ ചുറ്റിലും ഒന്ന് കണ്ണോടിച്ചു.വീണയെ അമ്മ ഗർഭിണിയായിരിക്കുമ്പോൾ ഇടക്കിടെ ഇങ്ങോട്ട് ഉള്ള വന്നുപോക്ക് ഒരു പതിവായിരുന്നു.
ഒരു നിമിഷം അച്ഛമ്മ പൊതിഞ്ഞു തന്നു വിട്ടിരുന്ന പലഹാരങ്ങളുടെയും ലേഹ്യത്തിന്റേയും ഒക്കെ മണം മൂക്കിന് തുമ്പിൽ വന്നു നിറഞ്ഞു.കുറെ നാൾ കൂടി വരുന്നത് കൊണ്ടാവും വീണക്ക് വല്ലാത്തൊരു ഉത്സാഹം ആയിരുന്നു എല്ലായിടവും ചുറ്റി നടന്നു എന്നെ കാണിക്കാൻ.വർഷം ഏറെ കഴിഞ്ഞതിന്റെ എല്ലാ മാറ്റവും ആ വീടിനുണ്ടായിരുന്നു.
വീണയുടെ കയ്യും പിടിച്ചു അമ്മമ്മ കിടക്കുന്ന മുറിയിലേക്ക് കടന്നതും മരുന്നുകളുടെയും കഷായത്തിന്റെയും ഗന്ധം അറിഞ്ഞു.
അമ്മമ്മേ വീണ മോളാണ്…ഇത്തവണ ചിന്നു ചേച്ചിയും വിരുന്നു വന്നിട്ടുണ്ട്.
എന്ന് ഉച്ചത്തിൽ വീണ അമ്മമ്മയുടെ കാതിൽ പറഞ്ഞതും അമ്മമ്മ എന്നെ തന്നെ സൂക്ഷിച്ചു നോക്കി.കൈകൊണ്ട് അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചപ്പോൾ പതുക്കെ അടുത്തു ചെന്ന് വീതി കുറഞ്ഞ ആ കട്ടിലിന്റെ അറ്റത്ത് ഇരുന്നു.വിറക്കുന്ന കൈകളോടെ അമ്മമ്മ എന്റെ കയ്യിൽ പിടിച്ചപ്പോൾ കയ്യിനൊരു ഇളം തണുപ്പ് ആയിരുന്നു.
ഓർമ്മയുണ്ടോ ഈ വഴിയൊക്കെ? ഒരുപാട് വളർന്നു…വലിയ കുട്ടിയായി…
നേർത്ത ശബ്ദത്തിൽ അത് പറയുമ്പോൾ ആ വാക്കുകളിൽ തളർച്ച യും ക്ഷീണവും പ്രകടമായിരുന്നു.
ആകൈ രണ്ടും കൂട്ടി പിടിച്ചു മൗനമായി ഒന്ന് പുഞ്ചിരിച്ചു.അപ്പോഴേക്കും അച്ഛനും അമ്മയും വന്നിരുന്നു.വീട് മാറി കിടന്നത് കൊണ്ടോ എന്തോ ആ ഇരുട്ടിൽ ജനാലയിലൂടെ വന്ന നിലാവിന്റെ വെളിച്ചത്തിൽ ശാന്തമായി ഉറങ്ങുന്ന വീണയുടെ മുഖം ആ രാത്രി ഉറക്കം വരാതെ നേരം വെളുപ്പിച്ചു.ഇടക്കെപ്പോഴോ മാറാല പിടിച്ചു കിടന്നിരുന്ന മനസിലെ തോന്നലുകളും ചിന്തകളും തിരുത്താൻ പ്രേരിപ്പിച്ച ആ മുഖവും പേരും ഒക്കെ മനസ്സിൽ തെളിഞ്ഞു. പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റ് അമ്മക്കും വീണക്കും ഒപ്പം മലമൽക്കാവിലെക്ക് പോയി. ചെറിയ നാട്ടിടവഴിയും കടന്നു അരയാലും ചുറ്റി നടന്നു ആദ്യം പോയത് കാലും മുഖവും കഴുകാൻ കുളത്തിലേക്കാണ്.കുളപടവിലേക്ക് ഇറങ്ങി ചെന്ന് താഴെ പടിക്കെട്ടിൽ നിന്ന് വെള്ളത്തിൽ കാലിട്ട് വട്ടം വീശി.രണ്ടു കയ്യിലും വെള്ളം എടുത്തു മുഖം നനച്ചു കൈവെള്ളയിൽ അവശേഷിച്ച തുള്ളികൾ നെറുകയിലും തളിച്ചു. അപ്പോഴാണ് കുളത്തിന് നടുവിൽ വിരിഞ്ഞു നിൽക്കുന്ന ചെങ്ങനീർ പൂവ് കണ്ടത്.
ഇന്ന് കലശമാണ്. തിരുമേനി ത്രിപടിയിൽ പൂവ് വെച്ചു പ്രാർത്ഥിച്ചിരുന്നു.
അമ്മയെ നോക്കി ആരോ പറഞ്ഞപ്പോൾ ഒന്നുകൂടി പിന്തിരിഞ്ഞു ആ പൂവിലേക്ക് നോക്കി. അമ്പലത്തിൽ എത്തി കണ്ണടച്ചു പ്രാർത്ഥിച്ചു നിൽക്കുമ്പോൾ മനസ്സ്‌ശൂന്യമായിരുന്നു.
അമ്മേ…നമ്മള് എന്നാ തിരിച്ചു പോവുക?
കൈകൂപ്പി പ്രാർത്ഥിച്ചു നിൽക്കുമ്പോൾ പതുക്കെ അമ്മയുടെ അടുത്തേക്ക്നീ ങ്ങി ചോദിച്ചു.
നാളെ…എന്തേ ചോദിക്കാൻ? അമ്മ ചിരിയോടെ ചോദിച്ചപ്പോൾ ഞാൻ ഒന്നുമില്ലെന്ന ഭാവത്തിൽ ചുമലാട്ടി.
ഞാൻ തൃപടിയിൽ പൈസ വച്ചു പ്രാർത്ഥിച്ചാലും പൂവ് വിരിയോ? നാലമ്പലത്തിന് ചുറ്റും നടന്നു പ്രദക്ഷിണം വെക്കുമ്പോൾ സംശയഭാവത്തിൽ ഞാൻ അമ്മയോടു ചോദിച്ചു.ഒരു നിമിഷം അമ്മ എന്നെ അത്ഭുതത്തോടെ നോക്കി.
വിശ്വാസം അതാണ്.പരീക്ഷിക്കരുത്…അതൊക്കെ പോട്ടെ നിനക്കെന്താ അതിനും മാത്രം വലിയൊരു പ്രാർത്ഥന…
ഒന്നുമില്ല.ഞാനും പണം വെച്ചു പ്രാർത്ഥിച്ചോട്ടെ അമ്മേ!വേറെ ഒന്നും അല്ല..ഈ അമ്മയുടെ ഉള്ളിൽ തട്ടിയ സ്നേഹം ഒരു കുറവും വരാതെ എനിക്കെന്നും കിട്ടണേ എന്ന്!വീണക്ക് കിട്ടുന്ന അതേ അളവിൽ….
അത് പറഞ്ഞതും ഒരു നിമിഷം അമ്മ എന്നെ തന്നെ നോക്കി..ഇടക്കെപ്പോഴോ ആ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ വെമ്പിയതും അമ്മ കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന പത്തു രൂപയുടെ നോട്ടെടുത്തു വീണ്ടും നാലമ്പലത്തിൽ കയറി പ്രാർത്ഥനയോടെ ആ നോട്ട് ത്രിപടിയിൽ വച്ചു കണ്ണടച്ചു പ്രാർത്ഥിച്ചു..അന്നത്തെ ആ പകലും രാത്രിയും കാത്തിരിപ്പിന്റേതായിരുന്നു.പൂവ്‌വിരിയുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പ്…
പിറ്റേന്ന് അമ്മയെ കൂട്ടാതെ വീണയെ പടിക്കെട്ടിനു മുകളിൽ നിർത്തി വേഗത്തിൽ ആ പടവുകൾ ഇറങ്ങി എന്റെ രണ്ട് കണ്ണുകൾ കുളത്തിലേക്ക് നോക്കി
നാല് ദിക്കിലും വിരിഞ്ഞു നിൽക്കുന്ന ചെങ്ങനീർ പൂവിനെ തേടി..പായലുകൾക്ക് നടുവിൽ പാതി വിരിഞ്ഞു നിൽക്കുന്ന ആ പൂവ്‌കണ്ടതും മനസ്സിൽ എന്തെന്നില്ലാത്ത ആഹ്ലാദം ആയിരുന്നു.തിരികെ വീട്ടിലേക്ക് തൊഴുതു മടങ്ങുമ്പോൾ ഇല ചീന്തിലെ പ്രസാദത്തിനിടയിൽ ആ ചെങ്ങനീർ പൂവും ഞാൻ സൂക്ഷിച്ചു പിടിച്ചിരുന്നു…മുട്ടത്തെത്തിയതും ധൃതി യിൽ നടന്നു അകത്തളത്തിലേത്തിയതും അമ്മയെ കണ്ടു. ഓടി ചെന്ന് പുറകിലൂടെ വട്ടം പിടിച്ചു ഇല ചീന്തിലെ ചന്ദനത്തിന്റേയും തുളസി യുടെയും ഇടയിൽ നിന്നും പൂവെടുത്തു അമ്മയെ കാണിച്ചു.
പൂവ് വിരിഞ്ഞമ്മേ! എന്റെ പ്രാർത്ഥന സത്യമുള്ളതായിരുന്നു.
മറുപടി ഒന്നും പറഞ്ഞില്ലങ്കിലും ഉള്ളിലെ സ്നേഹം തുറന്നു പ്രകടിപ്പിച്ചില്ലെങ്കിലും ആ മനസ്സിന്റെ കോണിൽ ആ നിമിഷം മുതൽ എന്നോടുള്ള സ്‌നേഹത്തിന്റെ അളവ് കൊണ്ടിരിക്കുമെന്നു ആ ഭാവം വിളിച്ചോതുന്ന പോലെ….
അന്ന് മുതൽ ചെയുന്ന ഓരോ ചെറിയ കാര്യങ്ങളിൽ പോലും വലിയ സന്തോഷം കണ്ടെത്താൻ ഞാൻ പഠിച്ചു..ഉള്ളിലെ വേദനകൾ എല്ലാം ഉരുകിയൊലിച്ചു പോയത് പോലെ.എവിടെയും അന്യയായി നിൽക്കാതെ അവരിൽ ഒരാളായി ആ രണ്ട് ദിവസം ഒറ്റക്കാണെന്ന കുറ്റബോധം അലട്ടാതെ കൊണ്ട് ഞാൻ മാറി. ഇടക്ക് അച്ഛനെ നോക്കുമ്പോൾ തുറന്നു പറഞ്ഞില്ലെങ്കിലും അച്ഛനും അത് ആഗ്രഹിച്ചിരിന്നു എന്ന് തോന്നി.അടുത്ത അവധിക്കും തിരികെ ചെല്ലുമെന്ന് അമ്മമ്മക്ക് ഉറപ്പ്‌കൊടുത്തിട്ടാണ് പിറ്റേന്ന് മടങ്ങിയത്.
തിരികെയുള്ള യാത്രയിൽ സീറ്റിലേക്ക് ചാരി കണ്ണടച്ചു കിടക്കുമ്പോൾ മനസ്സിൽ വീണ്ടും ആ മുഖം തെളിഞ്ഞു നിന്നു.അന്ന് സന്ധ്യയ്ക്ക് പതിവിലും നേരത്തെ വേഗത്തിൽ ആ പടവുകൾ ഓടി കയറി ഞാൻ വീട്ടിലെത്തി.ആദ്യം നടന്നു ചെന്നത് അമ്മയുടെ അടുത്തേക്ക് ആയിരുന്നു.സന്തോഷം കൊണ്ടോ മനസ്സിൽ ഉള്ള സമാധാനം കൊണ്ടോ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിന്നു.പക്ഷേ എന്റെ ആ മൗനത്തിന്റെ ഭാഷയും അമ്മ എവിടേയോ ഇരുന്ന് അറിയുന്നുണ്ടെന്നു തോന്നി.കണ്ണുകൾ തുടച്ചു പതുക്കെ എഴുന്നേറ്റു വീടിനുള്ളിലേക്ക് നടന്നു.
ഒച്ചയുണ്ടാക്കാതെ പതുക്കെ നടന്നു ചെന്ന് വാതിലിന്റെ മറവിൽ ചെന്ന് നിന്ന് മുറിയിലേക്ക് എത്തി നോക്കി.അപ്പോഴും കൈയിൽ ഒരു പുസ്തകവും പിടിച്ചു അതിലേക്ക് കണ്ണും നട്ടിരിക്കുന്നു.കൈരണ്ടും പുറക്കിലേക്ക് ആക്കി പതുക്കെ നടന്നു ചെന്ന് അരികിൽ അങ്ങനെ നിന്നു.അടുത്ത നിമിഷം തലയുയർത്തി എന്നെ നോക്കി.
വീട്ടുകാരി വിരുന്നു പോയി തിരിച്ചെത്തിയോ?
പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു.മറുപടി പറയാതെ ഞാൻ മറ്റെങ്ങോട്ടൊ നോക്കി .ഇടക്ക് ആളെ ശ്രദ്ധിച്ചതും പുസ്തകത്തിലേക്ക് തന്നെ ഉറ്റുനോക്കിയുള്ള അതേ ഇരുപ്പ് കണ്ടപ്പോൾ ഒരു നിമിഷം ഒന്നും ചിന്തിക്കാതെ കയ്യിൽ നിന്നും ആ പുസ്തകം ബലമായി പിടിച്ചു വാങ്ങി.
ഇത് കഷ്ടമുണ്ട്.ഒരാള് വീട്ടിൽ വന്നാൽ ഇങ്ങനെ ആണോ പെരുമാറുന്നത്?
മറുപടി ഒരു ചിരിയായിരുന്നു.
എന്തിനാണ് ചിരിക്കുന്നത്?
ഒന്നുമില്ല എന്നിട്ട് ഞാൻ ആദ്യമായി ഈ വീട്ടിൽ വന്നപ്പോൾ നിന്റെ പെരുമാറ്റം എങ്ങനെ ആയിരുന്നു.എന്ന് വെര്യത്തെ ഒന്ന് ഓർത്തു പോയതാണ്.
അതിനൊക്കെ ഞാൻ മാപ്പു പറഞ്ഞില്ലേ?
ഉള്ളിൽ തികട്ടി വന്ന പരിഭവത്തോടെ ചോദിച്ചു.
ഞാൻ വെറുതെ പറഞ്ഞതാണ്.പറ എന്തൊക്കെയാണ് വിശേഷങ്ങൾ?
കുറച്ചു നേരത്തെ മൗനത്തിന് ശേഷം ആണ് ആ മുഖത്തേക്ക് നോക്കിയത്.
വിശേഷങ്ങൾ ഏറെയുണ്ട്.പക്ഷേ അതിലും വലിയ വിശേഷം സംഭവിച്ചത് എന്റെ മനസ്സിലാണ്.എന്തോ ഞാനിപ്പോൾ ഒരുപാട് ഹാപ്പി ആണ്.എന്തെന്നില്ലാത്ത ഒരു സമാധാനം മനസ്സിന്..മനസ്സിൽ മൂടി കെട്ടി നിന്നിരുന്ന സങ്കടങ്ങൾ എല്ലാം പെട്ടെന്നൊരു ദിവസം ഒരു പെരുമഴയിൽ കുത്തി ഒലിച്ചു പോയത് പോലെ..ചുമരും ചാരി നിന്ന് പറഞ്ഞു നിർത്തി ആ മുഖത്തെക്ക് നോക്കി.
സന്തോഷമല്ലേ ഇപ്പോൾ?
അത് ചോദിച്ചതും കണ്ണടച്ച് നിന്നു അതേ എന്ന അർത്ഥത്തിൽ അനുസരണയോടെ തലയാട്ടി യപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി കാഴ്ച്ച മറഞ്ഞു.
ഇങ്ങനെ മനസ്സ്‌തുറന്നു സന്തോഷിക്കാനുള്ള എത്ര നിമിഷങ്ങളും അവസരങ്ങളും ആണ് നഷ്ടപ്പെടുത്തിയത്.അതോർത്ത് ഇപ്പോൾ കുറ്റബോധം തോന്നുന്നില്ലേ തനിക്ക്.അതുകൊണ്ട് ഇനി മുതൽ അങ്ങോട്ട് എപ്പോഴും സന്തോഷമായിരിക്കണം.
ഹ്മ്….
മറുപടി ആ മൂളലിൽ ഒതുക്കി ഞാൻ നിന്നു.
പെട്ടന്നാണ് പിറകിൽ നിന്നും കയ്യെടുത്തു തുറന്നു ആൾക്ക് നേരെ നീട്ടി തുറന്നത്.
ചെങ്ങനീർ പൂവാണ്.അമ്മയുടെ നാട്ടിലെ പേര് കേട്ട പൂവ്.അവിടെ ഒരു അമ്പലം ഉണ്ട്.പട്ടാമ്പി തൃത്താലക്കടുത്ത് മലമൽക്കാവ്.അവിടുത്തെ കുളത്തിൽ വിരിയുന്ന വിശേഷ പെട്ട പൂവാണ്.അമ്പലത്തിലെ കലശത്തിനു ഈ പൂവ് നിർബന്ധമാണ്.തൃപടിയിൽ കാണിക്ക വെച്ച് പ്രാർത്ഥിച്ചാൽ ആഗ്രഹം നൻമ യുള്ളതാണെങ്കിൽ പിറ്റേന്ന് പൂവ് വിരിയുമാത്രേ.അങ്ങനെ വിരിഞ്ഞാൽ നമ്മൾ പ്രാർത്ഥിച്ച കാര്യം നടക്കുമെന്ന് തീർച്ച.
കണ്ണിൽ വിരിഞ്ഞ അത്ഭുതത്തോടെ ഞാൻ അത്‌പറയുമ്പോൾ എന്നെ നോക്കി ചിരിച്ചു.
നീലതാമര യല്ലേ?
അല്ല..അത് ആ നാട്ടിലെ കഥാകാരൻ ഇട്ട പേരാണ്.പൂവിന്റെ നിറം നീല തന്നെ.പക്ഷേ അവിടെ അത് ചെങ്ങനീർ പൂവ് ആണ്.
ആയിക്കോട്ടെ…താൻ എന്ത് ആഗ്രഹം മനസ്സിൽ കരുതിയാണ് പ്രാർത്ഥിച്ചത്?
അമ്മക്കും എനിക്കും പരസ്പരം മനസ്സ് തുറന്നു സ്നേഹിക്കാൻ കഴിയണേ എന്ന്!
എന്റെ സ്വന്തം അമ്മയെ പോലെ അമ്മയെന്നെ സ്നേഹിക്കുന്ന ഒരു ദിവസം വരാൻ വേണ്ടി…
അത് പറയുമ്പോൾ ശബ്ദം ഇടറിയിരുന്നു.
എന്തായാലും ഈ മോളുടേ ഇത്രയും നല്ല മനസ്സ് ഒരിക്കലും ആ അമ്മ കാണാതെ പോവില്ല.അത് ഞാൻ ഉറപ്പിച്ചു പറയുന്നു.പറയാൻ മറന്നു ഞാൻ മൂന്ന് ദിവസത്തേക്ക് അവധിയാണ്.രാവിലെ നേരത്തെ പോവും.താക്കോൽ ഭിത്തിയുടെ മുകളില് ഉണ്ടാവും.പിന്നെ എപ്പോഴെങ്കിലും താനോ അച്ഛനോ വന്ന് എടുത്താൽ മതി.ഇനി അത് തരാൻ വന്ന് അത്ര രാവിലെ നിങ്ങളുടെ ഉറക്കം കളയണ്ടല്ലോ!
അത് കേട്ടതും പെട്ടെന്ന് മനസ്സ് ശൂന്യമായത് പോലെ…തിരികെ നടക്കാൻ തുടങ്ങുമ്പോൾ ഒന്നുകൂടി പുറകിലേക്ക് നോക്കി.
ഇനി എന്നാണ് വരിക?
പറഞ്ഞില്ലേ മൂന്ന് ദിവസം..അതിൽ കൂടുതൽ വേണം എന്നുണ്ട്..പക്ഷേ അവധി കിട്ടില്ല..
കയ്യിലുണ്ടായിരുന്ന പുസ്തകം തിരികെ ഷെൽഫിലേക്ക് വച്ച് പറഞ്ഞു.
തലയാട്ടി തിരിഞ്ഞപ്പോൾ നടത്തത്തിന്റെ വേഗം കുറഞ്ഞു.തിരികെ വീട്ടിൽ വന്നിട്ടും ഉള്ളിന്റെ ഉള്ളിൽ എന്തോ ഒരു ഉത്സാഹകുറവ് ആയിരുന്നു.പിറ്റേന്ന് പതിവിലും നേരത്തെ കോളേജിലേക്ക് ഇറങ്ങി.കൽപടവുകൾ കയറി മുകളിൽ എത്തിയതും അടഞ്ഞു പൂട്ടി കിടക്കുന്ന വീട് കണ്ടപ്പോൾ എവിടെയോ ഒരു നോവ്. കയ്യെത്തി പിടിച്ചു ഭിത്തിയുടെ പരപ്പിൽ നിന്നും താക്കോൽ എടുത്തു കൈവെള്ളയിൽ മുറുകെ പിടിച്ചു.പിൻതിരിഞ്ഞു നടക്കാൻ തുടങ്ങിയതും അച്ഛൻ വന്നു.ഒന്നും പറയാതെ കയ്യിലിരുന്ന താക്കോൽ കൂട്ടം അച്ഛന്റെ കയ്യിൽ വച്ചു കൊടുത്തു ഞാൻ മുന്നോട്ടു നടന്നു.മനസ്സിൽ അപ്പോൾ ആ മൂന്ന് ദിവസത്തിന് മൂന്ന് വർഷത്തിന്റെ ദൈർഘ്യമുണ്ടെന്ന തോന്നലോടെ…
തുടരും….