എന്തായാലും ഈ മോളുടേ ഇത്രയും നല്ല മനസ്സ് ഒരിക്കലും ആ അമ്മ കാണാതെ പോവില്ല. അത് ഞാൻ ഉറപ്പിച്ചു പറയുന്നു. പറയാൻ മറന്നു ഞാൻ മൂന്ന് ദിവസത്തേക്ക് അവധിയാണ്. രാവിലെ നേരത്തെ പോവും. താക്കോൽ ഭിത്തിയുടെ മുകളില് ഉണ്ടാവും. പിന്നെ എപ്പോഴെങ്കിലും താനോ അച്ഛനോ വന്ന് എടുത്താൽ മതി. ഇനി അത് തരാൻ വന്ന് അത്ര രാവിലെ നിങ്ങളുടെ ഉറക്കം കളയണ്ടല്ലോ!
അത് കേട്ടതും പെട്ടെന്ന് മനസ്സ് ശൂന്യമായത് പോലെ…തിരികെ നടക്കാൻ തുടങ്ങുമ്പോൾ ഒന്നുകൂടി പുറകിലേക്ക് നോക്കി.
ഇനി എന്നാണ് വരിക?
പറഞ്ഞില്ലേ മൂന്ന് ദിവസം..അതിൽ കൂടുതൽ വേണം എന്നുണ്ട്..പക്ഷേ അവധി കിട്ടില്ല..
കയ്യിലുണ്ടായിരുന്ന പുസ്തകം തിരികെ ഷെൽഫിലേക്ക് വച്ച് പറഞ്ഞു.
തലയാട്ടി തിരിഞ്ഞപ്പോൾ നടത്തത്തിന്റെ വേഗം കുറഞ്ഞു. തിരികെ വീട്ടിൽ വന്നിട്ടും ഉള്ളിന്റെ ഉള്ളിൽ എന്തോ ഒരു ഉത്സാഹകുറവ് ആയിരുന്നു. പിറ്റേന്ന് പതിവിലും നേരത്തെ കോളേജിലേക്ക് ഇറങ്ങി. കൽപടവുകൾ കയറി മുകളിൽ എത്തിയതും അടഞ്ഞു പൂട്ടി കിടക്കുന്ന വീട് കണ്ടപ്പോൾ എവിടെയോ ഒരു നോവ്.
കയ്യെത്തി പിടിച്ചു ഭിത്തിയുടെ പരപ്പിൽ നിന്നും താക്കോൽ എടുത്തു കൈവെള്ളയിൽ മുറുകെ പിടിച്ചു. പിൻതിരിഞ്ഞു നടക്കാൻ തുടങ്ങിയതും അച്ഛൻ വന്നു. ഒന്നും പറയാതെ കയ്യിലിരുന്ന താക്കോൽ കൂട്ടം അച്ഛന്റെ കയ്യിൽ വച്ചു കൊടുത്തു ഞാൻ മുന്നോട്ടു നടന്നു. മനസ്സിൽ അപ്പോൾ ആ മൂന്ന് ദിവസത്തിന് മൂന്ന് വർഷത്തിന്റെ ദൈർഘ്യമുണ്ടെന്ന തോന്നലോടെ…
അന്ന് കോളേജിൽ എത്തിയിട്ടും ക്ലാസ്സിൽ ഇരുന്നിട്ടും ഒന്നും ഇരുപ്പ് ഉറച്ചില്ല.
വൈകുന്നേരം വരുമ്പോഴും മനസ്സിൽ ഒരു ശൂന്യതയായിരുന്നു. വൈകുന്നേരം അമ്മയുടെ അടുത്തു ചെന്ന് കുറെ നേരം അങ്ങനെ ആ അസ്ഥി തറയിലേക്ക് നോക്കി ഇരുന്നു.അന്ന് ആദ്യമായി ആ വെളിച്ചം മാഞ്ഞു ഇരുട്ടു പരന്നു തുടങ്ങിയ സന്ധ്യക്ക് തിരികെ ആ കൽപടവുകൾ ഇറങ്ങുമ്പോൾ മനസിൽ ഒട്ടും ഭയം തോന്നിയില്ല.പിറ്റേന്ന് തൊട്ട് ഉള്ളിന്റെ ഉള്ളിൽ ഒരു കാത്തിരിപ്പായിരുന്നു. യാത്ര പോയ അത്രമേൽ പ്രിയപ്പെട്ട ഒരാളുടെ തിരിച്ചു വരവിന് വേണ്ടി എന്ന പോലെ..ആ രാത്രിക്ക് എന്തോ പതിവിലും ആയുസ് ഉള്ളത് പോലെ തോന്നി. രാവിലെ വെട്ടം വീണ് തുടങ്ങിയപ്പോൾ ആണ് കണ്ടപ്പോളകളിൽ ഉറക്കം വിരുന്നെത്തിയത്. ആ സുഖ നിദ്രയിൽ എല്ലാം മറന്നു ഞാൻ ഉറങ്ങി.
നീയിന്ന് ക്ലാസ്സിൽ പോവുന്നില്ലേ?
പതിവിലും ഏറെ എഴുന്നേറ്റു വരുമ്പോൾ അമ്മ ചോദിച്ചു
ഇല്ല..ഒരു തലവേദന പോലെ…എഴുന്നേൽക്കാൻ തോന്നിയില്ല അമ്മേ!
അത്രയും പറഞ്ഞു മുഖമുയർത്തി നോക്കാതെ ഞാൻ നടന്നു. ഉമ്മറത്തെ തിണ്ണയിലെ ചാരുപടിയിൽ തൂണിൽ ചാരി ഞാനിരുന്നു. ആരുടേയോ വിളി കേട്ട് ഞെട്ടി ഉണർന്നു നോക്കിയപ്പോൾ കണ്ണുകളിൽ വിശ്വസിക്കാൻ ആയില്ല എനിക്ക്..
താൻ ഇന്ന് കോളേജിൽ പോയില്ലേ?ആള് ഈ ലോകത്ത് ഒന്നുമല്ല എന്ന് തോന്നുന്നു.
മറുപടിയായി പുഞ്ചിരിച്ചു കൊണ്ട് ആ മുഖത്തേക്ക്‌തന്നെ നോക്കി ആ സംസാരത്തിന് കാതോർത്തു ഞാൻ നിന്നു.
വേഗം താക്കോൽ എടുത്തു വാടോ! എനിക്ക് നേരം വൈകുന്നു.
എന്ന് പറഞ്ഞതും ഞാൻ സ്വബോധം വീണ്ടെടുത്തു അത്‌കേട്ട മാത്രയിൽ അകത്തേക്ക് ഓടി. മേശ വലിപ്പ് തുറന്നു ആ താക്കോൽ കൂട്ടം എടുത്ത് പെട്ടെന്ന് തോന്നിയ ആവേശത്തിൽ അതിൽ ചുണ്ടുകൾ ചേർത്തു. ശേഷം ചുരിദാറിന്റെ ഷാള് കൊണ്ട് താക്കോൽ അമർത്തി തുടച്ചു നടന്നു വന്ന് ആളുടെ നേരെ നീട്ടി.
എന്തുപറ്റി? ഒന്ന് അകത്തു പോയി പുറത്തേക്ക് വന്നപ്പോഴേക്കും പിന്നെ യും മുഖം കടന്നൽ കുത്തിയ പോലെ ആയല്ലോ?
അത്രമേൽ ആഴത്തിൽ പറയാതെ തന്നെ തന്റെ മൗനങ്ങളെ തിരിച്ചറിയുന്ന ആള് നടന്നു പോവുന്നതും നോക്കി തൂണിൽ തലചായ്ച്ചു നിന്നപ്പോൾ ഉള്ളിന്റെ ഉള്ളിൽ അത്ഭുതം തോന്നി. മനസ്സിൽ സന്തോഷവും സമാധാനവും വന്നു നിറഞ്ഞപ്പോൾ ദിവസങ്ങളും മാസങ്ങളും ഒന്നും കടന്നു പോയത് അറിഞ്ഞില്ല. അന്ന് ഒരു കാർത്തിക ദിവസം കാവിൽ വെച്ചാണ് ലക്ഷ്‌മി ചേച്ചിയെ കണ്ടത്. ആദ്യമായിട്ടാണ് അലങ്കാരങ്ങൾ ഒന്നും ഇല്ലാതെ ചേച്ചിയെ അങ്ങനെ കാണുന്നത്.
ഒപ്പം പ്രസാദെട്ടന്റെ അമ്മയും ഉണ്ടായിരുന്നു. അമ്മ അവരോട് സംസാരിക്കുമ്പോൾ വീണക്കൊപ്പം തൊഴുത് പ്രദക്ഷിണം വച്ചു ഞാൻ നടന്നു. ഇടക്കെപ്പോഴോ ലക്ഷ്മി ചേച്ചി അടുത്ത് എത്തിയപ്പോൾ എന്നെ നോക്കി പുഞ്ചിരിച്ചു. എന്തൊക്കെയോ പറഞ്ഞു ചേച്ചിയെ ആശ്വസിപ്പിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷേ വാക്കുകൾ ഒന്നും പുറത്തേക്ക് വന്നില്ല.
ഇതുപോലെ എപ്പോഴും ചിരിച്ച മുഖത്തോടെ സന്തോഷമായിരിക്കണം.
സങ്കടങ്ങൾ ഒന്നും വേണ്ട. സ്വന്തം അമ്മക്ക് പകരമാവില്ല എങ്കിലും ഈശ്വരൻ മറ്റൊരു അമ്മയെ തന്നില്ലേ! അതുപോലെ ഇല്ലാത്ത എത്രയോ പേരുണ്ട്. അതുകൊണ്ട് അകലം കാണിക്കാതെ എപ്പോഴും അടുത്ത് തന്നെ ചേർത്ത് നിർത്തണം. അങ്ങനെ ആ സ്ഥാനത്ത് ആരും ഇല്ലാതെ ആവുമ്പോഴേ നമുക്ക് അവരുടെ വിലയറിയു….നഷ്ടങ്ങൾ എല്ലാം മറന്നെന്ന് മനസ്സിൽ ഊട്ടി ഉറപ്പിച്ചു നമ്മുടെ കൂടെ ഉള്ളവർക്ക് വേണ്ടി ജീവിക്കണം. അതും ഒരു സുഖമാണ്..പറഞ്ഞത് മനസ്സിലായോ മോൾക്ക്!
അറിയാം ചേച്ചി…ഇപ്പോൾ എനിക്കെല്ലാം അറിയാം. ഇങ്ങനെ ഒന്നും ആരും എന്നോട് പറഞ്ഞു തന്നിട്ടില്ല.പക്ഷേ ഇപ്പോൾ എല്ലാം അറിയാം. എനിക്ക് മനസ്സിലാവും…
മിടുക്കി.. ഇടക്ക് അങ്ങോട്ട് ഒക്കെ വരണം കേട്ടോ! എനിക്ക് സംസാരിച്ചിരിക്കാൻ ഒരു കൂട്ട് ആവുമല്ലോ!
എന്റെ കയ്യിൽ പിടിച്ചു ലക്ഷ്മി ചേച്ചി പറഞ്ഞപ്പോൾ ഞാൻ മൂളി….
തിരിഞ്ഞു നടക്കുമ്പോൾ മനസ്സിൽ നിറയെ അവരുടെ കല്യാണ ദിവസം പട്ടുടുത്തു സർവ്വാഭരണ വിഭൂഷിതയായി പ്രസാദെട്ടന്റെ കയ്യും പിടിച്ചു ലക്ഷ്മി ചേച്ചി ആ വീടിന്റെ പടിയിറങ്ങി വരുന്ന കാഴ്ച്ചയായിരുന്നു.ഇടക്ക് അമ്മയും പ്രസാദെട്ടന്റെ അമ്മയും നടന്നു ഞങ്ങൾക്കരികിൽ എത്തി.
മേലെ വീട് വാടകക്ക് കൊടുത്തു അല്ലേ!ഞാൻ വില്ലേജ് ഓഫീസിൽ പോയപ്പോൾ ആ കുട്ടിയെ കണ്ടിരുന്നു.ശ്രീഹരി യെ…നല്ല പെരുമാറ്റം…വീടും നാടും ഒക്കെ ചോദിച്ചപ്പോൾ ആണ് അവിടെ ആണ് താമസിക്കുന്നത് എന്ന് പറയുന്നത്.ആ കുട്ടി ഉണ്ടായത് കൊണ്ട് കടലാസ് ഒക്കെ വേഗം ഒപ്പിട്ടു ശരിയാക്കി തന്നു..
എന്തോ ആ പേര് കേട്ടതും ഹൃദയമിടിപ്പിന്റെ വേഗം കൂടി..വരമ്പിലൂടെ നടക്കുമ്പോൾ അത് ഉച്ചത്തിലായത് പോലെ…അന്ന് സന്ധ്യക്ക് വിളക്ക്‌വെക്കാൻ പോയപ്പോൾ ആണ് ചോദിച്ചത്.
സുമിത്രാമ്മയെ കണ്ടിരുന്നോ!എന്നിട്ട് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ!
അതിന് അവര് ആരാണ്?അതുപോട്ടെ ഞാൻ കാണുന്ന വരെകുറിച്ചൊക്കെ നിന്നോട് പറയണം എന്നുണ്ടോ?
ഫയലിലേക്ക് നോക്കി ചോദിച്ചപ്പോൾ ഒരു വേദനയായിരുന്നു മനസ്സിൽ..
അപ്പോൾ ഞാൻ ആരും അല്ലേ?
പിന്നെ ഞാൻ വാടകക്ക് താമസിക്കുന്ന വീടിന്റെ ഉടമസ്ഥ? ഇനി അല്ലേ?
അത്രയേ ഉള്ളോ?
അത്‌ചോദിച്ചു തീർന്നതും അമ്മ വന്നു.
അമ്മയെ കണ്ടതും ഞാൻ നിശബ്ദയായി. പുറകിലേക്ക് നീങ്ങി.
കുറച്ചു ഉണ്ണിയപ്പം ആണ്.അവിടെ വിദ്യക്കും വീണക്കും ഒക്കെ ഒരുപാട് ഇഷ്ടമാണ്.കുറച്ചു ശ്രീഹരിക്ക്…നന്നായി യോ എന്നറിയില്ല.
കയ്യിലെ തൂക്കുപാത്രം നീട്ടി അമ്മ പറഞ്ഞപ്പോൾ ആള് അത് സന്തോഷത്തോടെ വാങ്ങി.
നന്നായിട്ടുണ്ട്. അവിടെ അമ്മ ഉണ്ടാക്കുന്ന അതേ രുചി. ഇവിടെ വന്നപ്പോൾ ശരിക്കും ഇതൊക്കെ ഓർമ്മ മാത്രം ആയി. അവിടെ അമ്മ ഉണ്ടാക്കി തരുമ്പോൾ ആസ്വദിച്ചു കഴിക്കും. അമ്മ എന്നെയും അങ്ങനെ നോക്കി യിരിക്കും അഭിപ്രായം കേട്ട് അറിയാൻ..അഭിപ്രായം പറയാൻ കഴിയാത്തത്ര സ്വാദ് ആയിരിക്കും. എന്നാലും ഗൗരവം വീടില്ല.
ആള് ചിരിയോടെ അമ്മയെ നോക്കി പറഞ്ഞു.
യാത്ര പറഞ്ഞു അമ്മ പോയപ്പോഴും ഞാൻ അവിടെ തന്നെ നിന്നു.
വിദ്യ…നേരം ഇരുട്ടി നീ വരുന്നില്ലേ?
എന്ന് ഉച്ചത്തിൽ വിളിച്ചു അമ്മ ചോദിച്ചതും ഒന്ന് തിരിഞ്ഞു നോക്കി ഞാൻ അങ്ങോട്ട് ഓടി.
ഇപ്പോൾ ചെറിയ കുട്ടി ഒന്നും അല്ല.വിളക്ക് വെച്ച് കഴിഞ്ഞാൽ വേഗം വീട്ടിലേക്ക് വരണം.ഇങ്ങനെ സംസാരിച്ചു നിൽക്കുന്നത് ആരെങ്കിലും കണ്ടാൽ എന്ത് കരുതും? ചീത്ത പേര് കേൾക്കാൻ എളുപ്പമാണ്. പിന്നെ അത്‌മായ്ച്ചു കളയാൻ ആണ് പ്രയാസം!
എന്ന് ശാസനയുടെ സ്വരത്തിൽ അമ്മ പറഞ്ഞതും ഉള്ളം നീറി കൊണ്ട് അമ്മക്ക് പുറകിൽ ആ കൽപടവുകൾ ഇറങ്ങി തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു. അന്ന് മുഴുവൻ അമ്മയെ നോക്കാൻ ഒരു പ്രയാസം പോലെ..
രാത്രി കിടക്കുമ്പോൾ ആണ് അമ്മ അടുത്തു വന്നത്.
മോളോട് ഉള്ള ദേഷ്യം കൊണ്ട് ഒന്നുമല്ല അങ്ങനെ പറഞ്ഞത്. മോളുടേ മനസ്സിൽ അങ്ങനെ ഒന്നും ഇല്ലായിരിക്കും. പക്ഷേ കാണുന്നവർക്ക് അറിയില്ല ല്ലോ അത്. അധികം സംസാരിക്കാൻ ഒന്നും പോവേണ്ട എന്നെ പറഞ്ഞുള്ളൂ.
മനസ്സിന്റെ നീറ്റൽ അറിഞ്ഞു കൊണ്ട് അമ്മ അങ്ങനെ പറഞ്ഞപ്പോൾ അതിലെ സ്നേഹം ഞാൻ കണ്ടു.ഉറക്കം വരാതെ കിടക്കുമ്പോഴും ആ മുഖം ആയിരുന്നു മനസ്സിൽ..ആ ചോദ്യവും.
ഞാൻ കാണുന്നവരെ കുറിച്ചും സംസാരിക്കുന്നവരെ കുറിച്ചും ഒക്കെ നിന്നോട് പറയണം എന്നുണ്ടോ?
ആ ചോദ്യം അങ്ങനെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് ഞാൻ എന്നോട് തന്നെ ആ ചോദ്യം ചോദിച്ചത്.
ശരിയാണ്.അതിന് മാത്രം അയാൾ എനിക്ക് ആരാണ്? ആരുമല്ല എന്ന് മനസ്സിൽ ഊട്ടി ഉറപ്പിക്കാൻ പലതവണ ശ്രമിച്ചിട്ടും ഞാൻ പരാജയപ്പെടുന്നത് പോലെ…പിറ്റെന്ന് മുതൽ മനപ്പൂർവ്വം അങ്ങനെ ഒരാളില്ലെന്ന് സങ്കല്പിച്ചു കൊണ്ടാണ് എഴുന്നേറ്റത്.ഒന്നും ഇല്ലെന്നു മനസ്സിനെ സമാധാനിപ്പിച്ചു ക്ലാസ്സിൽ ഇരിക്കുമ്പോഴും എവിടെയോ ഒരു സമാധാന കേട് എന്നെ അലട്ടി കൊണ്ടിരുന്നു.സന്ധ്യക്ക് വിളക്ക് വെച്ചു ധൃതിയിൽ തിരിച്ചു വീട്ടിലേക്ക് നടന്നു..
കുറച്ചു ദിവസം കഴിഞ്ഞു ഒരു വൈകുന്നേരം കോളേജ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ മകര കൊയ്ത്തു കഴിഞ്ഞ പാടത്തു കുട്ടികൾ ആർത്തുല്ലസിച്ചു കളിക്കുന്നതും നോക്കി വരമ്പിലൂടെ ഞാൻ നടന്നു.ഇടക്കെപ്പോഴോ പുറകിലെ കാലടി ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കി.
തനിക്ക് എന്തുപറ്റി? ഇപ്പോൾ കാണാറെ ഇല്ലാലോ?
ഒന്നുമില്ല.പരീക്ഷ തിരക്ക് ആണ്.
കള്ളം പറയല്ലേ അതും എന്നോട്?
അതെന്താ ശ്രീ ഹരി യോട് ഈ വിദ്യക്ക് കള്ളം പറയാൻ പാടില്ലേ?
അത്‌ചോദിച്ചതും ആ മുഖത്ത് ചിരിയായിരുന്നു.
വീണ്ടും പഴയ സ്വഭാവത്തിലേക്ക് തന്നെ മടങ്ങിയോ? നന്നായി എന്ന് കരുതിയത് അപ്പോൾ തെറ്റിദ്ധാരണയായിരുന്നു അല്ലെ?
ഞാൻ നന്നായാലും നന്നായില്ലെങ്കിലും നമ്മൾക്ക് കുഴപ്പം ഒന്നും ഇല്ലാലോ!
അതില്ല.വെറുതേ ചോദിച്ചെന്നെ ഉള്ളു…എങ്കിലും വെറുതെ ഒന്ന് പറ ഇപ്പോൾ എന്താ ആ വഴി ഒന്നും വരാത്തത്?മനപ്പൂർവ്വം ആണോ?
അതേ…ഞാനൊരു പ്രായം തികഞ്ഞ പെണ്കുട്ടി അല്ലേ! വെറുതെ എന്തിനാണ് ചീത്ത പേര് കേൾപ്പിക്കുന്നത്? എന്ന് പറഞ്ഞു അമ്മ…
അയ്യോ…പ്രായം മാത്രം അല്ലെ തികഞ്ഞിട്ടുള്ളു…പക്വത ഒട്ടും ഇല്ല…അതും കൂടി ചേർത്ത് പറ..പിന്നെ പ്രേമിക്കാൻ ഈ ശ്രീഹരിക്കു നിന്നെക്കാൾ നല്ല കുറെ പെണ്കുട്ടി കളെ കിട്ടും.നല്ല സൗന്ദര്യവും പ്രായത്തിന്റെ അത്ര പക്വത യും ഉള്ള പെണ്കുട്ടികള്..ഒറ്റനോട്ടത്തിലും പെരുമാറ്റത്തിലും നിനക്ക്‌വട്ടാണ് എന്നെ എനിക്ക് തോന്നിയിട്ടുള്ളൂ.അങ്ങനെ ഉള്ള നിന്നെ ഞാൻ അറിഞ്ഞു കൊണ്ട് തോളത്തെടുത്തു വെക്കുമോ?അതുകൊണ്ട് നീ സേയ്ഫ് ആണ് വിദ്യ..
കളിയാക്കി അത് പറഞ്ഞതും നെഞ്ചിൽ ഒരു ഭാരം ആയിരുന്നു.ആൾക്ക് മുന്നേ വേഗത്തിൽ നടക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.അന്ന് വൈകുന്നേരം പോയി കരഞ്ഞു കിടന്നുറങ്ങി എഴുന്നേറ്റത് പിറ്റേ ദിവസം ആയിരുന്നു. എഴുന്നേൽക്കുമ്പോൾ ചെറിയൊരു പനി ഉണ്ടായിരുന്നു.
മോൾക്ക് കുറവില്ലേ?തിങ്കളാഴ്ച അമ്മയുടെ ആണ്ടാണ്. മോള് മറന്നോ?ഒരിക്കൽ എടുക്കണം.തിരുനാവായ പോവണം.
അച്ഛൻ അത് പറഞ്ഞപ്പോള് ആണ് കണ്ണുകൾ കലണ്ടറിലേക്ക് ഓടി പോയത്. ഈ ഒരു ദിവസം കണക്കാക്കി അച്ഛന് മുന്നേ ഞാനിരിക്കും. അമ്മക്ക് ഒരുപിടി ചോറ് കൊടുക്കാൻ….ഇത്തവണ ആദ്യമായി അതും മറന്നുപോയിരിക്കുന്നു. ഓർത്തപ്പോൾ സങ്കടം സഹിച്ചില്ല.
ആ ഞായറാഴ്ച ഒരിക്കൽ എടുത്തു മനസ്സും ശരീരവും മുഴുവൻ അമ്മയിൽ അർപ്പിച്ചു.പിറ്റേന്ന് പുലർച്ചെ അച്ഛനൊപ്പം തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ പോയി.ബലിയിട്ട് തിരികെ പുഴപടവുകൾ കയറി അച്ഛന്റെ തോളിൽ ചാരി കുറെ നേരം അങ്ങനെ ഇരുന്നു.ഇടക്കെപ്പോഴോ നനഞ്ഞ മുടി തുവർത്തി അച്ഛൻ തുവർത്തി തരുമ്പോൾ എന്തോ പറയാൻ കഴിയാത്ത ഒരു സങ്കടം തൊണ്ടയിൽ കുടുങ്ങി.
അന്ന് വൈകുന്നേരം അമ്മയെ കണ്ടു തിരിച്ചു വരുമ്പോൾ ആണ് എന്നെയും കാത്ത് പുഞ്ചിരി യോടെ നിൽക്കുന്ന ആ രൂപം സന്ധ്യക്ക് കണ്ടത്…
എന്തുപറ്റി?എന്താണ് സങ്കടം?ആളാകെ മാറി പോയല്ലോ?
അത് ചോദിച്ചതും കണ്ണുകൾ നിറഞ്ഞു തുളുമ്പി.
ഒന്നുമില്ല.അമ്മയെ ഓർത്തപ്പോൾ….
പൂർത്തിയാക്കാതെ നിർത്തി ഞാൻ പറഞ്ഞു.
സാരമില്ലേടോ!ഇന്നൊരു ദിവസം പോവട്ടെ…ഞാൻ പറഞ്ഞില്ലേ ഇനി അങ്ങോട്ട് സങ്കടങ്ങൾ എല്ലാം മറക്കണം സന്തോഷമായിരിക്കണം!
ഹ്മ്….
മൂളിയാൽ പോരാ താൻ അന്ന് എന്നോട് സത്യം ചെയ്ത പോലെ സത്യം ചെയ്യണം.
ഇനി ഒരിക്കലും കരയില്ല എന്ന്!അതും ചോദിച്ചു കൈവെള്ള തുറന്നു നീട്ടിയപ്പോൾ അതിൽ എന്റെ ഇടതു കൈവിരലുകൾ അമർന്നു.തിരിഞ്ഞു നടക്കുമ്പോൾ ഒരു നിമിഷം മൂടി കെട്ടി നിന്നിരുന്ന സങ്കടങ്ങൾ എല്ലാം എന്നിൽ നിന്നും അകന്നു പോയത് പോലെ….കുറച്ചു ദിവസങ്ങൾക്ക് ശേഷം അന്ന് മനസമാധാനത്തോടെ ഉറങ്ങുമ്പോഴും പറയാതെ എന്നെ അറിയുന്ന ആ മുഖമായിരുന്നു.
അന്ന് പുലർച്ചെ അച്ഛൻ വന്ന് തട്ടി വിളിക്കുമ്പോൾ ആണ് ഉറക്കം ഉണർന്നത്.
അമ്മമ്മക്ക് തീരെ വയ്യ…അവിടെ നിന്നും വിളിച്ചിരുന്നു.
അത്‌കേട്ടതും ഹൃദയമിടിപ്പിന്റെ വേഗം കൂടി.മുഖം കഴുകി ചെല്ലുമ്പോൾ അമ്മ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ വീണയെ എടുത്തു മുറിയുടെ പുറത്തു വന്നു. കയ്യിൽ കിട്ടിയ ചുരിദാറും ഏതോ ഒരു ഷാളും എടുത്തിട്ടു.ആ ഇരുട്ടിൽ വീട് പൂട്ടി അച്ഛന് പുറകിലായി ഇടവഴിയിലൂടെ അച്ഛൻ തെളിച്ച വെട്ടത്തിൽ നടന്നപ്പോൾ ഇടക്കൊന്നു കണ്ണുകൾ അറിയാതെ വീടിനു നേരെ പാഞ്ഞു ചെന്നു..ജനാല യിലൂടെ അപ്പോൾ അകത്തെ മുറിയിലെ വെളിച്ചം കാണാമായിരുന്നു. ആദ്യത്തെ ബസ്സിൽ കയറി വീണയെയും മടിയിൽ വച്ചു അമ്മക്കരികിൽ ഞാനിരിക്കുമ്പോൾ വെട്ടം വീണു തുടങ്ങിയിരുന്നു.ഇടക്ക് അമ്മയെ നോക്കിയപ്പോൾ ആ കണ്ണുകളിൽ നനവ് ഉണ്ടായിന്നു.
സങ്കടപെടല്ലേ അമ്മേ!അമ്മമ്മക്ക് ഒന്നും ഉണ്ടാവില്ല.
ആ കയ്യിൽ പിടിച്ചു ഞാൻ പറഞ്ഞു.മറുപടിയായി അമ്മ മൂളി.വീട്ടുപടിക്കൽ എത്തുമ്പോൾ അങ്ങിങ്ങായി ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടു.അത്‌കണ്ടതും അമ്മയുടെ നടപ്പിന്റെ വേഗം കൂടി.ഉമ്മറ പടി കയറിയതും അകത്തു നിന്നും അമ്മയുടെ ഉച്ചത്തിൽ ഉള്ള നിലവിളി ആണ് കേട്ടത്.ഒരു നിമിഷം മനസ്സും ശരീരവും നിന്ന നിൽപ്പിൽ സ്തംഭിച്ചു പോയി.കോലായിൽ എത്തുമ്പോൾ കത്തിച്ചു വച്ച നിലവിളക്കിന് താഴെ അമ്മമ്മയെ വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്നു.അമ്മയും വല്യമ്മയും ഉച്ചത്തിൽ കരയുന്നുണ്ട്..വീണ മുഖത്തു തെളിഞ്ഞ പേടിയോടെ എന്നെ ഇറുകെ പിടിച്ചു..
വീണയെയും ചേർത്ത് പിടിച്ചു മുറിയിലേക്ക് നടന്നു ..അവളെ മടിയിൽ കിടത്തി ആ മുടിയിഴകൾ തഴുകി..മനസ്സിൽ അപ്പോൾ പത്താംക്ലാസിലെ അവധിക്കാലവും അമ്മമ്മയുടെ മുഖവും ഒക്കെ തെളിഞ്ഞു വന്നു.
ആരോടും കൂട്ടുകൂടാതെ മുറിയിൽ ഇരുന്ന ഒരു ഉച്ചയ്ക്ക് അമ്മമ്മ എന്നെ അന്വേഷിച്ചു വന്നു.താടി പിടിച്ചുയർത്തി എന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി.
സുഭദ്രയോട് വിരോധം ഒന്നും ഇല്ലാലോ മോൾക്ക്.മനസ്സില് ഒന്നും ഇല്ല. ഓരോരുത്തരു ഓരോന്നു പറഞ്ഞു ആധി കൂട്ടി.ചെറുപ്പം മുതലേ അങ്ങനെ ആണ് ഒരു ചെറിയ കാര്യം മതി വെപ്രാളം പിടിച്ച് ഓരോന്നു ചിന്തിച്ചിരിക്കാൻ.നിന്റെ വല്ല്യമ്മയെ പോലെ അത്ര കുശുമ്പി ഒന്നും അല്ല.പാവം ആണ് നിന്റെ അമ്മ.
ചിലപ്പോൾ പ്രായം ചെല്ലുമ്പോൾ വീണയേക്കാളും നിനക്കാവും അവളെ മനസ്സിലാക്കാൻ സാധിക്കുക.പ്രസവിച്ചത് കൊണ്ടു മാത്രമേ ‘അമ്മ യാവാൻ കഴിയൂ എന്നൊന്നും ഇല്ല.അതൊക്കെ നമ്മൾ ചെയ്യുന്ന പ്രവൃത്തികൾ പോലെ ഇരിക്കും.ഇടക്ക് വരണം കേട്ടോ!.മോളുടെ യും അമ്മ വീട് തന്നെയാണ്.ഞാൻ മോളുടേ കൂടി അമ്മമ്മ യാണ്.ഈ അമ്മമ്മ ഒരിക്കൽ പോലും നിന്നെയും വീണയെയും വേർതിരിച്ചു കണ്ടിട്ടില്ല.
എന്തോ അത്‌കേട്ടപ്പോൾ വല്ലാത്ത ഒരു ആശ്വാസം തോന്നി അന്ന്….
ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.ഇടക്ക് വന്ന് അച്ഛൻ കൂട്ടി കൊണ്ടു പോയി അമ്മമ്മയെ കാണിച്ചപ്പോൾ ശരീരം എല്ലാം കുഴയുന്നത് പോലെ…ഒരു ദിവസം കൊണ്ട് അമ്മ യാകെ കരഞ്ഞു തളർന്നു.ഒരു നിമിഷം അമ്മയെ ഓർത്തു പോയി.ഇത്രയും പ്രായം ആയിരുന്നു എങ്കിൽ ഞാനും ഇങ്ങനെ ഒക്കെ ആയിരിന്നിരിക്കില്ലേ ആ ദിവസം.പക്ഷേ അന്ന് അതിന്റെ തീവ്രത അറിയാൻ ഉള്ള പ്രായമോ പക്വത യോ ഇല്ലാതെ പോയി.ഒരു കണക്കിന് അതും ഭാഗ്യമായി. കണ്ണുകൾ തുടച്ച് ഞാൻ ഓർത്തു.
അഞ്ചാറു ദിവസം ആകെ ഒരു മൂകതയായിരുന്നു വീട്ടിൽ.ഇടക്ക് അച്ഛൻ ഒന്ന് വീട്ടിൽ പോയി.ഇടക്ക് അച്ഛൻ വന്നു പോവാൻ നേരം അമ്മ മുറിയിലേക്ക് വന്നു.
മോള് അച്ഛന്റെ കൂടെ തിരികെ പൊക്കോളു.
അമ്മ അങ്ങനെ പറഞ്ഞപ്പോൾ ശരിയാണെന്ന് തോന്നി.അമ്മയോടും വീണയോടും യാത്ര പറഞ്ഞു അച്ഛനൊപ്പം തിരിച്ചു.വീട്ടിൽ എത്തുമ്പോൾ വൈകുന്നേരമായിരുന്നു.അമ്മ യും വീണയും ഇല്ലാത്തത് കൊണ്ട് വല്ലാത്തൊരു നിശബ്ദതയായിരുന്നു വീട്ടിൽ…പുസ്തകം എടുത്തു തുറന്നു അതിലേക്ക് കണ്ണും നട്ട് ഞാനിരുന്നു.ഇടക്ക് മേശ യുടെ വലിപ്പിൽ നിന്നും പേന എടുക്കാൻ നോക്കിയപ്പോൾ ആണ് വീടിന്റെ താക്കോൽ ഇരിക്കുന്നത്. മനസിൽ ആഴ്‌ച്ച കണക്ക് കൂട്ടി നോക്കിയപ്പോൾ അവധി ഒന്നും അല്ലായിരുന്നു. നേടുവീർപ്പോടെ ആ താക്കോൽ തിരികെ ആ മേശ വലിപ്പിൽ തന്നെ വച്ചു. അച്ഛനോട് എന്തോ ചോദിക്കണം എന്ന് മനസ്സ് പറഞ്ഞിട്ടും വേണ്ടെന്ന് വച്ചു.മനസ്സിലെ സങ്കടങ്ങൾ എല്ലാം ഓരോന്നായി പറയാൻ കണക്ക് കൂട്ടി ഞാനിരുന്നു.
പിറ്റേന്ന് രാവിലെ അച്ഛന് ചായ കൊടുക്കുമ്പോൾ ആണ് സുമിത്രാമ്മ വന്നത്.
ശങ്കരേട്ടൻ പറഞ്ഞപ്പോൾ ആണ് വിവരങ്ങൾ ഒക്കെ അറിയുന്നത്.ആയമ്മ മരിച്ചു അല്ലേ!നന്നായി വേദന തിന്നു കിടക്കുന്നതിനെക്കാൾ ഭേദം അത്‌തന്നെയാണ്.
മറുപടിയായി അച്ഛൻ ഒന്ന് മൂളി.
ചോദിക്കാൻ വന്ന കാര്യം മറന്നു.ആ കുട്ടി വീട് ഒഴിഞ്ഞു പോയി അല്ലേ?പ്രസാദിനെ അറിയാവുന്ന ഒരു കൂട്ടർക്കു വേണ്ടിയാണ്.ഇനി വാടകയ്ക്ക് കൊടുക്കു ന്നുണ്ടോ എന്ന് അന്വേഷിക്കാൻ പറഞ്ഞു.
നോക്കാം.ചേച്ചി അവരോട് വന്ന് ഒന്ന് കാണാൻ പറയു.
അത്‌കേട്ടതും മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു.സുമിത്രാമാക്കു വേണ്ടി എടുത്ത ചായ അവര്ക്ക് നേരെ നീട്ടി ഞാൻ മുറിയിലേക്ക് നടന്നു.
കണക്ക് പ്രകാരം രണ്ടു മാസം കൂടി ഉണ്ടായിരുന്നു.പെട്ടന്നു പോയതാണ്.. എന്തെങ്കിലും അത്യാവശ്യം വന്നു കാണും. മനുഷ്യന്റെ കാര്യമല്ലേ!
എന്ന് അച്ഛൻ ഉമ്മറത്തു നിന്ന് പറയുന്നത് കേട്ടപ്പോൾ ഇടക്കെപ്പോഴോ കരച്ചിൽ ഉച്ചത്തിൽ ആയപ്പോൾ വായപൊത്തി ഞാൻ ഭിത്തി ചാരി നിന്നു.
കാത്തിരിക്കൂ…