അച്ഛൻ, എന്റെ സൂപ്പർ ഹീറോ – രചന: നിവിയ റോയ്
“എന്റെ മീനു നിനക്ക് ഇനിയെങ്കിലും ഒന്നു നിർത്തിക്കൂടെ …ഞാൻ എഴുന്നേറ്റപ്പോൾ തൊട്ടു കേൾക്കുന്നതാണ്. എന്നും രാവിലെ എഴുന്നേറ്റു നിന്നെ സഹായിക്കണമെന്നുണ്ട് പക്ഷേ ഒരു നാലുമണി ആകുമ്പോൾ തൊട്ടു പിന്നെ ബോധം ഇല്ലാതെ ഉറക്കംവരും.”
പതിവുപോലുള്ള മീനാക്ഷിയുടെ പരാതികൾ കേട്ട് മുരളി പറഞ്ഞു .
“ഉം …എങ്കിൽ അങ്ങനെ ഞാനും ഉറങ്ങിയാലോ …?”
നീ ഈ സാമ്പാർ മൂന്നാലു ദിവസം മുൻപ് ഒണ്ടാക്കിയതല്ലേ ?ഫ്രിഡ്ജിൽ നിന്നും എടുത്തു ഒന്നു ചൂടാക്കണം അത്രേ അല്ലെ ഉള്ളു ….?
പിന്നെ ഈ ദോശ തനിയെ ഉണ്ടായോ?അയാൾ കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റിലെ ദോശ ചൂണ്ടിക്കൊണ്ട് അവൾ ചോദിച്ചു.
നിന്റെ കൈകൊണ്ടുള്ള ഭക്ഷണം കഴിക്കാനുള്ള കൊതികൊണ്ടല്ലേ ഞാൻ ഇങ്ങനെ അടുക്കളയിൽ കേറാതെ നടക്കുന്നത് .
വേണ്ട …വേണ്ട …സോപ്പ് ഒന്നും വേണ്ട. ഇന്ന് കുട്ടികൾക്ക് സ്കൂളിൽ പോകണ്ട അതുകൊണ്ടു രാവിലെ സമാധാനമുണ്ട് .ഇല്ലെങ്കിൽ ബാക്കിയുള്ളവൾ ഇവിടെ കിടന്നു ചക്രശ്വാസം വലിക്കണം .
ഉം ….ഒരു തോരൻ വയ്കും ഈ സാമ്പാറും കൊടുക്കും അതിനാണോ എന്ന് അയാൾക്കു ചോദിക്കാൻ തോന്നിയതാണ് .പിന്നെ അതും ഇതും ഒക്കെ പറഞ്ഞു വല്യ പുലിവാലാകും .അയാൾ സ്വയം നിയന്ത്രിച്ചു …..
നിങ്ങൾ എന്തെങ്കിലും പറഞ്ഞോ …?
ഇല്ല ഞാൻ ആ ചക്രാശ്വാസത്തെ കുറച്ചു ആലോചിക്കുവായിരുന്നു.
ഉം ….കളിയാക്കലിന് മാത്രം ഒരു കുറവുമില്ല .ചായ ഗ്ലാസ്സ് അയാളുടെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു.
അതൊക്കെ അവിടെ നില്കട്ടെ നിങ്ങൾ പതിനൊന്നു മണിയാകുമ്പോൾ സ്കൂളിലേക്കു വരില്ലേ …?
എന്തിന് …..?
നിങ്ങളോട് കഴിഞ്ഞ ആഴ്ചയേ ഞാൻ പറഞ്ഞതല്ലേ …ഇന്നു സ്കൂളിൽ പേരന്റ്സ് ടീച്ചേർസ് മീറ്റിംഗ് ഉണ്ടന്നു .
ശ്ശോ …..ഞാൻ അത് മറന്നു എന്റെ മീനു ….ഇന്നണെങ്കിൽ ഓഫീസിൽ ഓഡിറ്റിംഗുമുണ്ട്.
പുതിയ ഓഫീസിലേക്ക് മാറിയതിൽ പിന്നെ നിങ്ങൾക്ക് എപ്പോളും തിരക്കാണ് .ഒന്നിനും കിട്ടുന്നില്ല .
എത്ര മണിക്കാണ് ….?
പതിനൊന്നുമണിക് …….എത്ര പ്രാവിശ്യം പറയണം
ഇനി ഇപ്പോ ചോറും കറിയും ഒക്കെ ഉണ്ടാക്കി പിന്നെ ഒറ്റക്കു പോണം . അല്ലെങ്കിലും നിങ്ങൾ വരില്ലെന്ന് എനിക്കറിയാം. ടീച്ചര്മാര് കുട്ടികളുടെ മാഹാത്മ്യം പറയുന്നത് കേൾക്കണ്ടല്ലോ . അഴിഞ്ഞു വീണ മുടി വാരിചുറ്റികെട്ടികൊണ്ടു അവൾ പറഞ്ഞു.
അവിടെ അധികം നിൽക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കി അയാൾ പോക്കറ്റിൽ നിന്നും കുറച്ചു നോട്ടുകൾ അവൾക്കു നേരെ നീട്ടികൊണ്ടു പറഞ്ഞു.
ഇന്നിനി നീ ഒന്നും വെയ്ക്കണ്ട. നീ വേഗം റെഡി ആയി കുട്ടികളെയും കൂട്ടി പോകാൻ നോക്ക് പുറത്തുനിന്നു എന്തെങ്കിലും കഴിച്ചാ മതി .
അതുകേട്ടു കുട്ടികൾ തുള്ളിച്ചാടി.
ഞങ്ങൾക്ക് ചിക്കൻ ബിരിയാണി മതി കണ്ണൻ പറഞ്ഞത് പാറുവും ശരിവച്ചു
ങ് …..വരുന്ന വഴി സ്കൂളിന്റെ അടുത്തുന്നു നിന്നു ഒരു മൂന്നാലു കിലോമീറ്റർ മാറി ഒരു പുതിയ കട ഉണ്ട് .പേര് നെല്ലറ . അസ്സൽ ഊണും ബിരിയാണിയുമൊക്കെ ഉണ്ട് .ഞങ്ങൾ ഓഫീസിലെ ഒന്നു രണ്ട് പാർട്ടിക്ക് സാധനങ്ങൾ അവിടുന്നാണ് ഓർഡർ ചെയ്തത് .
വെറുതെയല്ല നിങ്ങൾക്കു വീട്ടിലെ ഭക്ഷണം പിടിക്കാത്തത്. നോട്ടുകൾ സാരിത്തുമ്പിൽ ഭദ്രമായി കെട്ടുന്നതിനിടയിൽ അവൾ പറഞ്ഞു.
പിന്നെ ബാലന്റെ ഓട്ടോയിൽ പോയാൽ മതി.സൂഷിച്ചുപോകണം അധികം സ്പീഡ് ഒന്നും വേണ്ടന്നു പറയണം.
മുറ്റത്തേക്കു ഇറങ്ങുന്നതിനിടയിൽ അയാൾ വിളിച്ചു പറഞ്ഞു.
മീറ്റിംഗ് കഴിഞ്ഞു ഓട്ടോയിലേക്കു കയറുമ്പോൾ ബാലൻ ചോദിച്ചു.
വീട്ടിലേക്കല്ലേ ചേച്ചി …?
അല്ല നെല്ലറ റെസ്റ്റാറ്റാന്റിലേക്കു
ങ് ഹാ …..അവിടെയിപ്പോൾ നല്ല തിരക്കായിരിക്കും ചേച്ചി ….നല്ല ഒന്നാന്തരം ഊണാണ് അവിടെ …പത്തു പന്ത്രണ്ടു കൂട്ടം കറികൾ കൂട്ടി …..അയാൾ ആ ഹോട്ടൽ എത്തുംവരെ അവിടുത്തെ വിഭവങ്ങളെക്കുറിച്ചു വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു
ഭക്ഷണം ഓർഡർ ചെയ്തു ,ചിക്കൻ ബിരിയാണി കുട്ടികൾ വലിച്ചു വാരി തിന്നുന്നതുകണ്ടു അവൾ പതിയെ ചുറ്റും കണ്ണോടിച്ചുകൊണ്ടു അവരെ മെല്ലെ ശാസിച്ചു.
ജീവിതത്തിൽ ചിക്കൻ ബിരിയാണി തിന്നാത്തതുപോലെയാണ് നിങ്ങളുടെ ആർത്തികണ്ടിട്ടു . ഒന്നു പതിയെ തിന്നു പിള്ളേരെ.ആരുമതു എടുത്തോണ്ട് പോകാൻ പോണില്ല.
നല്ല …..രുചിയാണമ്മേ. ഭക്ഷണം ചവക്കുന്നതിനുടയിൽ പാറുക്കുട്ടി പറഞ്ഞു .
ശരിയാണ് കറികൾക്കും നല്ല ടേസ്റ്റ് ഉണ്ട് ചോറ് കഴിക്കുന്നതിനിടയിൽ മീനു ഓർത്തു
പെട്ടെന്നാണ് മുരളിയുടെ വിളിവന്നത്
ഹലോ മീനു നിങ്ങൾ എവിടെയാണ് …?
ഞങ്ങൾ ഹോട്ടലില് ഭക്ഷണം കഴിക്കുകയാണ്
ഞാൻ അങ്ങോട്ട് വരുന്നുണ്ട് ഒരു അത്യാവശ്യമുണ്ട് .നിങ്ങൾ അവിടെ തന്നെ ഇരുന്നാൽ മതി ഞാൻ എത്തിക്കോളാം .
കൈകഴുകി തിരികെ വന്ന് ഫോണും നോക്കി അവൾ ഇരുന്നു. ഹോട്ടലിലെ തിരക്കു കുറഞ്ഞു തുടങ്ങി . അയാളെ കാണാത്തതിൽ അവൾ അക്ഷമയായി മുരളിയെ വിളിച്ചു .
നിങ്ങളിതെവിടെയാണ് …..ഞാൻ കുറേ നേരമായി നോക്കി ഇരിക്കുന്നു .വീട്ടിൽ പോയിട്ട് കുറേ പണിയുണ്ട് .
ദേ ഞാൻ എത്തിയല്ലോ ….
എവിടെ ….?ചുറ്റും കണ്ണോടിച്ചുകൊണ്ടു അവൾ ചോദിച്ചു.
ദേ അമ്മേ …..അച്ഛൻ
കിച്ചണിനിൽ നിന്നും ഇറങ്ങി വരുന്ന ആളെ നോക്കി പാറുക്കുട്ടി വിളിച്ചു പറഞ്ഞു.
അവൾ അതിശയത്തോടെ അയാളെ നോക്കുമ്പോൾ, ഓടിയെത്തിയ പാറുകുട്ടിയെ എടുത്തുതോളിലിരുത്തി ചിരിച്ചു കൊണ്ടു അയാൾ അവളുടെ അരികിൽ എത്തി . അച്ഛനു ഇവിടെയാണോ ജോലി ….അച്ഛനാണോ ഇതൊക്കെ ഉണ്ടാക്കിയത് .കണ്ണൻ ചോദിച്ചു.
അയാൾ ചിരിച്ചുകൊണ്ട് തലയാട്ടി .
ഓഫീസിലെ ജോലി പോയിട്ട് അച്ഛൻ കൂറേ അന്നോഷിച്ചു നടന്നു . ഒന്നും കിട്ടിയില്ല . എന്റെ കുഞ്ഞാറ്റകളെ പട്ടിണിക്കിടാൻ പറ്റുമോ ?സർട്ടിഫിക്കറ്റ് ഒക്കെ മടക്കി വച്ചിട്ട് ദേ ഇങ്ങോട്ടു വന്നു .
കണ്ണനെ ചേർത്തു പിടിച്ചു കൊണ്ടു അയാൾ പറഞ്ഞു.
അച്ഛാ ….ചിക്കൻ ബിരിയാണി സൂപ്പർ ….സൂപ്പർ ആയിരുന്നുട്ടോ …
അമ്മ കണ്ടു പഠിക്ക് . അടുക്കളയിൽ കയറുമ്പോൾ തന്നെ അമ്മയ്ക്കു പരാതിയാണ് .ഒരു ചോറും രണ്ട് കൂട്ടാനും കൂടി വെച്ച പിന്നെ തീർന്നു . പാവം എന്റെ അച്ഛൻ നമ്മൾ കഷ്ട്ടപെടാതിരിക്കാൻ വേണ്ടി രാവും പകലും അടുക്കളയിൽ തന്നെയാണ് . ഒരു പരാതിയുമില്ല.
മഞ്ഞളും മുളകും ചായംതേച്ച അച്ഛന്റെ വേഷം നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു .
ഒന്നു പോടാ ….നിന്റെ അച്ഛൻ അടുക്കളയിൽ ഒന്നും ചെയ്യണ്ട .എന്റെ അടുത്തിരുന്നു എന്തെങ്കിലുമൊക്കെ പറഞ്ഞിരിക്കലോ …?അത്രയുമോയുള്ളു അമ്മയ്ക്കു പരാതി . തന്റെ നിറഞ്ഞു വരുന്ന കണ്ണുകൾ അവരാരും കാണാതിരിക്കാൻ പാടുപെട്ടുകൊണ്ടു അവൾ പറഞ്ഞു .
തിരികെ ഓട്ടോയിൽ വീട്ടിലേക്കു മടങ്ങുമ്പോൾ , മീനാക്ഷി ചുറ്റുവട്ടത്തുള്ള ഹോട്ടലുകളിൽ ,പരാതികളില്ലാതെ ഒരു കുടുംബത്തിനുവേണ്ടി നീറിപ്പുകയുന്ന
അച്ഛന്മാരുടെ നെടുവീർപ്പുകൾ പുക ചുരുളുകളായി ഉയർന്നു പൊങ്ങുന്നത് ഈറൻ മിഴികളോടെ നോക്കിയിരുന്നു……..