മനസ്സറിയാതെ – ഭാഗം – 11, രചന: അദിതി റാം

ചോദിക്കാൻ വന്ന കാര്യം മറന്നു. ആ കുട്ടി വീട്‌ ഒഴിഞ്ഞു പോയി അല്ലേ?പ്രസാദിനെ അറിയാവുന്ന ഒരു കൂട്ടർക്കു വേണ്ടിയാണ്. ഇനി വാടകയ്ക്ക് കൊടുക്കു ന്നുണ്ടോ എന്ന് അന്വേഷിക്കാൻ പറഞ്ഞു.

നോക്കാം.ചേച്ചി അവരോട് വന്ന് ഒന്ന് കാണാൻ പറയു.

അത്‌കേട്ടതും മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു. സുമിത്രാമാക്കു വേണ്ടി എടുത്ത ചായ അവര്ക്ക് നേരെ നീട്ടി ഞാൻ മുറിയിലേക്ക് നടന്നു.

കണക്ക് പ്രകാരം രണ്ടു മാസം കൂടി ഉണ്ടായിരുന്നു.പെട്ടന്നു പോയതാണ്..എന്തെങ്കിലും അത്യാവശ്യം വന്നു കാണും. മനുഷ്യന്റെ കാര്യമല്ലേ!

എന്ന് അച്ഛൻ ഉമ്മറത്തു നിന്ന് പറയുന്നത് കേട്ടപ്പോൾ ഇടക്കെപ്പോഴോ കരച്ചിൽ ഉച്ചത്തിൽ ആയപ്പോൾ വായപൊത്തി ഞാൻ ഭിത്തി ചാരി നിന്നു.

ചിന്നു….

അച്ഛന്റെ നീട്ടിയുള്ള വിളി കേട്ടപ്പോൾ ഞെട്ടി രണ്ടു കൈകൾ കൊണ്ടും കണ്ണുകൾ അമർത്തി തുടച്ചു പുറത്തേക്ക് ഓടി.

അച്ഛൻ ഒന്ന് പുറത്ത് പോയി വരാം.മഴകൊളുണ്ട്…പുറത്തേക്ക് ഒന്നും ഇറങ്ങേണ്ട.

അത്‌ ഓർത്തു പേടിക്കേണ്ട ഞാൻ എന്തായാലും കുറച്ചു കഴിഞ്ഞേ പോവുന്നുള്ളൂ.ലക്ഷ്മി ഒരാഴ്ച്ചത്തേക്ക് വീട്ടിൽപോയിരിക്കുകയാണ്. ഒറ്റക്കിരുന്നു മടുത്തു.

എന്ന് സുമിത്രാമ്മ പറഞ്ഞപ്പോൾ പോയി വരാമെന്ന മട്ടിൽ അച്ഛൻ എന്നെ ഒന്ന് നോക്കി തലയാട്ടി.സുമിത്രാമ്മ കോലായിൽ ഇരുന്നു എന്തൊക്കെയോ വാതോരാതെ പറയുന്നുണ്ടായിരുന്നു എങ്കിലും അതൊന്നും എന്റെ ചെവി കേട്ടില്ല.
പതുക്കെ അടുക്കളയിലേക്ക് നടന്നു.അടുപ്പിൽ തിളച്ചു മറിയുന്ന വെള്ളത്തിലേക്ക് ചായ പൊടിയും പാലും ഒഴിച്ചു ഒന്നാറ്റി ഗ്ലാസിലേക്ക് ഒഴിച്ചു. കവിൾ തടങ്ങളിൽ ചാല് കീറി ഒഴുകുന്ന കണ്ണുനീർ പല ആവൃത്തി കൈകൾ കൊണ്ട് തുടച്ച് മാറ്റി. ചായ യുമായി നടന്നു കോലായിൽ വന്നതും സുഭദ്രാമ്മ കൈനീട്ടി വാങ്ങി ഒരു കവിൾ കുടിച്ചു.

മോളെ പ്രായം ഇത്രയായി എന്ന് കരുതി എനിക്ക്‌ ഷുഗറൊന്നും ഇല്ല കേട്ടോ!
എന്ന് ചിരിയോടെ പറഞ്ഞപ്പോൾ ആണ് ചായയിൽ പഞ്ചസാര ചേർക്കാൻ മറന്ന കാര്യം ഓർമ്മ വന്നത്.

അയ്യോ സുമിത്രാമ്മേ ഞാൻ മറന്നു പോയി. അതും പറഞ്ഞു കൈനീട്ടിയപ്പോൾ സുമിത്രാമ്മ അതുമായി അടുക്കളയിലേക്ക് നടന്നു.

സാരമില്ല.നിന്റെ അന്തം വിട്ടുള്ള നിൽപ്പ് കണ്ടാൽ അറിയാം നീയീ ലോകത്ത് ഒന്നും അല്ല എന്ന്!സുഭദ്ര യും വീണയും ഇല്ലാത്തതിന്റെ സങ്കടമാവും അല്ലെ! സുഭദ്രയെ വിളിച്ചിരുന്നു ഞാൻ.നിന്റെ അച്ഛൻ ഇവിടെ ഒറ്റക്കായി പോവേണ്ട എന്ന് കരുതിയാണ് അവള് നിന്നെ കൂടെ അയച്ചത്..

അറിയാം സുമിത്രാമ്മേ…

പിന്നെയും ഏറെ നേരം സുമിത്രാമ്മ എന്തൊക്കെയോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.എല്ലാം കേൾക്കുന്നുണ്ടെന്ന മട്ടിൽ നേർത്ത പുഞ്ചിരിയോടെ അവരെയും നോക്കിയിരിക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ എനിക്ക് മാത്രം കേൾക്കാൻ പാകത്തിന് ഒരു കടലിരമ്പുന്നുണ്ടായിരുന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ എവിടെ നിന്നോ ആഞ്ഞു വീശിയടിച്ച കാറ്റിന് അകമ്പടിയായി ശക്തിയിൽ മഴയും പെയ്തു തുടങ്ങി…

ഇതെന്താ ഇപ്പോൾ നേരം തെറ്റിയ നേരത്തു പെട്ടെന്നൊരു മഴ. മോള് അകത്തിരുന്നോ!നേരത്തെ കണ്ട തോർച്ചക്ക്‌ പശുക്കളെ ഞാൻ തൊടിയിലെക്ക് മാറ്റി കെട്ടിയിരുന്നു മിണ്ടാ പ്രാണികൾ അല്ലെ! അവറ്റകളെ അധികം മഴ കൊള്ളിക്കാതെ ആലയിലേക്ക് മാറ്റി കെട്ടണം.

കുട നിവർത്തി മുറ്റത്തേക്കിറങ്ങി ആർത്തിരമ്പി പെയ്യുന്ന മഴ നോക്കി സുമിത്രാമ്മ പറഞ്ഞു.കുടയും ചൂടി നടന്നു പോവുന്ന അവരെ നോക്കി തൂണിൽ ചാരി ഞാൻ നിന്നു.കുറച്ചു കഴിഞ്ഞപ്പോൾ എന്തോ ഓർത്തെന്ന പോലെ അകത്തെ മുറിയിലേക്ക് നടന്നു.മേശ വലിപ്പിൽ നിന്നും ആ താക്കോൽ കൂട്ടം എടുത്തു അതിലേക്ക് തന്നെ ഉറ്റു നോക്കി കുറച്ചു നേരം ഇരുന്നു. പെട്ടെന്ന് ഉച്ചത്തിൽ ഒരിടി വെട്ടിയതും ഓർമ്മയിൽ നിന്നും ഉണർന്നു താക്കോൽ കൂട്ടം കൈവെള്ളയിൽ മുറുകെ പിടിച്ചു ഞാൻ എഴുന്നേറ്റു. ഉമ്മറത്തെ വാതിൽ ചാരി ആ പെരുമഴയിൽ മുറ്റത്തേക്കിറങ്ങി നടക്കാൻ തുടങ്ങി.പടിക്കെട്ടുകൾ കയറുമ്പോൾ മുകളിൽ നിന്നും ശക്തിയിൽ ഒലിച്ചു വരുന്ന മഴ വെള്ളം കാലിൽ തട്ടി താഴേക്ക്‌ ഒഴുകി.

ആളനക്കം ഇല്ലാതെ പൂട്ടി കിടക്കുന്ന ആ ഉമ്മറ വാതിൽ കണ്ടതും നെഞ്ചു പിടഞ്ഞു.പൂട്ടിയ വാതിൽ തുറന്നു അകത്തേക്ക് നോക്കി കുറച്ചു നേരം അങ്ങനെ നിന്നു.നനഞ്ഞു കുതിർന്ന ദേഹത്തു നിന്നും വെള്ള തുള്ളികൾ ഇറ്റു വീണു നിലം മുഴുവൻ നനഞ്ഞു..അകത്തേക്ക് കയറി ചിറ്റിലും ഒന്ന് കണ്ണോടിച്ചു. കൊണ്ടു വന്ന സാധനങ്ങൾ എല്ലാം തിരിച്ചു കൊണ്ടുപോയിട്ടുണ്ട്.പതുക്കെ മുറിയിലേക്ക് നടന്നു. അലമാര യിൽ പുസ്തകങ്ങൾ എല്ലാം അടുക്കും ചിട്ടയോടും കൂടി ഇരിക്കുന്നുണ്ട്. വെറുതെ അതിലൂടെ നനഞ്ഞ വിരലോടിച്ചു ഞാൻ നിന്നു. അതിൽ നിന്നും ഒരു പുസ്തകം എടുത്ത് താളുകൾ മറിച്ചു ഞാൻ നിന്നു. ഇടക്ക് മഷി കൊണ്ട് ശ്രീഹരി എന്നെഴുതിയത് കണ്ടതും ആ പേരിലൂടെ വിരലോടിച്ചു ഞാൻ നിന്നു. ഇടക്കെപ്പോഴോ എന്റെ ചുണ്ടുകൾ പതുക്കെ മന്ത്രിച്ചു തുടങ്ങി.

എന്തിനാണ് എന്നോട് ഒരു വാക്ക് പോലും പറയാതെ പെട്ടെന്ന് ഒരു ദിവസം പോയത്?

എന്നോട് ഒന്ന് പറയാമായിരുന്നില്ലേ തിരിച്ചു പോവും എന്ന്! അതിന് ഞാൻ ആരാണ് അല്ലെ? വെറും വീട്ടുകാരി?പക്ഷേ എനിക്ക്‌ മനസ്സിലാക്കാൻ കഴിയുന്നില്ല ഈ എന്നെ…പേരറിയാത്ത എന്തോ ഒരു സങ്കടം വന്ന് തൊണ്ട യിൽ കുടുങ്ങി നിൽക്കുകയാണ്.അതിനി ഞാൻ ആരോട് പറയാൻ ആണ്? പറഞ്ഞാലും അവർക്കത് മനസ്സിലാക്കാൻ കഴിയുമൊ?

അത്രയും പറഞ്ഞു തീർന്നതും കയ്യിൽ ഉണ്ടായിരുന്ന പുസ്തകം വലിച്ചെറിഞ്ഞു ഭിത്തിയിലൂടെ നിലത്തെക്കൂർന്നു വീണു മുഖം പൊത്തി പൊട്ടി കരഞ്ഞു.ആ പെരുമഴയുടെ ശബ്‌ദത്തിൽ എന്റെ ഉച്ചത്തിൽ ഉള്ള ആ തേങ്ങി കരച്ചിൽ ആ മുറിയുടെ നാല് കോണിൽ ഒതുങ്ങി.ആ പെരുമഴ അപ്പോൾ എന്റെ സങ്കടങ്ങൾ ഒഴുക്കി കളയാൻ വേണ്ടി പെയ്യുകയാണ് എന്ന് തോന്നി..പക്ഷെ മഴ പെയ്തു തോർന്നിട്ടും മാനം തെളിഞ്ഞിട്ടും ഒന്നും ഇളകി മറിയുന്ന എന്റെ മനസ്സ് മാത്രം തെളിഞ്ഞില്ല.ഇടക്ക് എഴുന്നേറ്റു ആ കട്ടിലിൽ ചെന്നിരുന്നു. അപ്പോഴാണ് കട്ടിലിലെ വിരിയും മേശപുറത്തെ പേനയും പുസ്തകങ്ങളും ഒക്കെ ശ്രദ്ധിച്ചത്..അത്‌കണ്ടപ്പോൾ അച്ഛൻ പറഞ്ഞ കാര്യങ്ങൾ മനസ്സിലേക്ക് വന്നു.

എന്തെങ്കിലും അത്യാവശ്യം വന്നു കാണും…

എന്ന്…

എങ്കിലും എന്നോട് ഒന്ന് പറയായിരുന്നില്ലേ ശ്രീയേട്ടാ…അത്‌പറഞ്ഞതും ഒരു നിമിഷം അത്ഭുതത്തോടെ ഞാൻ ഓർത്തു.

അന്നാദ്യമായി ആളെ പേര് വിളിച്ച ദിവസം.

ആ കിടക്കയിൽ തലോടി എപ്പോഴോ അതിലേക്ക് ചാഞ്ഞു കിടന്നു..കണ്ണടച്ചപ്പോൾ കണ്മുന്നിൽ എന്ന പോലെ മനസ്സിൽ തെളിഞ്ഞത് ആ മുഖമായിരുന്നു.കാതിൽ മുഴുവൻ അലയടിച്ചത് ആ ശബ്‌ദമായിരുന്നു.

ഇങ്ങോട്ട് മിണ്ടിയില്ലെങ്കിലും അങ്ങോട്ട് പോയി മിണ്ടണം.സ്വന്തം ആണെന്ന് കരുതി സ്നേഹിച്ചു നോക്ക്!അപ്പോൾ തിരികെ കിട്ടുന്ന സ്‌നേഹം അളക്കാൻ കഴിയാതെ വരും…..

വിശേഷങ്ങൾ കേൾക്കാൻ ഞാൻ ഇവിടെ തന്നെ ഉണ്ടാവും . അല്ലാതെ എവിടെ പോവാൻ ആണ്!

സങ്കടങ്ങൾ എല്ലാം മറക്കണം സന്തോഷമായിരിക്കണം!

മൂളിയാൽ പോരാ താൻ അന്ന് എന്നോട് സത്യം ചെയ്ത പോലെ സത്യം ചെയ്യണം.
ഇനി ഒരിക്കലും കരയില്ല എന്ന്!അതും ചോദിച്ചു കൈവെള്ള തുറന്നു നീട്ടിയപ്പോൾ അതിൽ എന്റെ ഇടതു കൈവിരലുകൾ അമർന്നു.

അങ്ങനെ അങ്ങനെ ഒരുമിച്ച് ഉണ്ടായിരുന്ന നിമിഷങ്ങളിലെ ഓർമ്മകൾ ചിത്രങ്ങളായി വർത്തമാനങ്ങൾ ആയി മുന്നിൽ തെളിഞ്ഞു നിന്നു.

ഇടക്ക് സ്വബോധം വന്ന് ഞെട്ടി ഉണർന്നപ്പോൾ കുറച്ചു നേരത്തേക്ക് എന്റെ കണ്ണുകൾ ചുറ്റിലും വ്യഥാ ആരെയോ തേടി.തിരികെ വീട്ടിലെ മുറിയിൽ ചെന്ന് ഈറൻ മാറി കട്ടിലിൽ കാല്മുട്ടിൽ മുഖം ഒളിപ്പിച്ചു നിശബ്ദയായി കരഞ്ഞു. കരഞ്ഞു തളർന്നു എപ്പോഴോ തളർച്ചയോടെ ഉറക്കത്തിലേക്ക് വഴുതി വീണു. കണ്ണിൽ വെളിച്ചം തറച്ചു ഉറക്കം ഉണരുമ്പോൾ നേരം ഇരുട്ടിയിരുന്നു. പ്രയാസപെട്ട് എഴുന്നേൽക്കാൻ ശ്രമിച്ചതും അച്ഛൻ അടുത്തേക്ക് വന്നു.

മോൾക്ക്‌ അവിടെ പോയി ഉറക്കമൊന്നും ശരിയായിട്ടുണ്ടാവില്ല അല്ലെ? നേരം തെറ്റിയുള്ള ഈ ഉറക്കം കണ്ടപ്പോഴേ തോന്നി.കണ്ണൊക്കെ വീങ്ങിയിട്ടുണ്ടല്ലോ!

വിളിക്കായിരുന്നില്ലേ അച്ഛന്! ഞാൻ ഉറങ്ങി പോയി.

സാരമില്ല.വൈകുന്നേരത്തെ ക്ക്‌ ഉള്ളത് ഇന്ന് അച്ഛന്റെ വക..കുറെ ആയില്ലേ നിനക്ക്‌ വേണ്ടി അച്ഛൻ എന്തെങ്കിലും ഉണ്ടാക്കി തന്നിട്ട്.വേഗം എഴുന്നേറ്റു വാ..ഭക്ഷണം കഴിക്കാം.

എന്ന് അച്ഛൻ നെറുകയിൽ തലോടി പറഞ്ഞപ്പോൾ പതുക്കെ എഴുന്നേറ്റു. അച്ഛൻ മുന്നേ നടന്നപ്പോൾ ഞാൻ നേരെ പോയത് കണ്ണാടിയുടെ അടുത്തേക്ക്‌ ആണ്. കരഞ്ഞു വീർത്ത കണ്ണാടിയിൽ തെളിഞ്ഞ മുഖം നോക്കി ഞാൻ നിന്നു.

അടുക്കളയിൽ എത്തുമ്പോൾ ഭക്ഷണം വിളമ്പി അച്ഛൻ കാത്തിരിക്കുന്നുണ്ടായിരുന്നു.

മറ്റന്നാൾ പുതിയ താമസക്കാരു വരും. സുമിത്ര അത്രയും പറഞ്ഞിട്ട് ഇനി അനുസരിക്കാതിരുന്നാൽ എന്ത്‌ കരുതും!

അച്ഛൻ അത്‌ പറഞ്ഞതും ഹൃദയമിടിപ്പിന്റെ താളം തെറ്റി ഞാനിരുന്നു…

അയാളുടെ കുറച്ചു പുസ്തകങ്ങളോക്കെ ഉണ്ട് അവിടെ. അതോ‌ക്കെ എടുത്തു തൽക്കാലം ഇവിടെ കൊണ്ടുവന്നു വെക്കാം. ഇനി എപ്പോഴെങ്കിലും അന്വേഷിച്ചു തിരിച്ചു വരികയാണെങ്കിലോ!

അത്‌ കേട്ടതും നീറിപുകയുന്ന മനസ്സിന് ആശ്വാസം തോന്നി.

വരാൻ സാധ്യതയൊക്കെ കുറവാണ്..സ്വന്തം വീടും നാടും ഉപേക്ഷിച്ചു ഇത്രയും ദൂരം ഇനി എന്തിനാണ് വരുന്നത്? ഇത് തന്നെ ജോലി കിട്ടിയത് കൊണ്ട് വന്നതാവും.എങ്കിലും ഒന്നും നശിപ്പിക്കേണ്ട..

ഒട്ടും പ്രതീക്ഷിക്കാതെ ആശ്വാസം തന്നു ഇടിതീ പോലെ അച്ഛന്റെ നാവിൽ നിന്നും അങ്ങനെ ഒരു സംസാരം വന്നതും വീണ്ടും സമനില തെറ്റി ഞാനിരുന്നു…ഭക്ഷണം മതിയാക്കി ഞാൻ ഒരു കുറ്റവാളിയെ പോലെ അച്ഛനെ നോക്കി.

ഒന്നും തോന്നല്ലേ അച്ഛാ….ഒരു വറ്റു പോലും തൊണ്ടയിൽ നിന്നും ഇറങ്ങുന്നില്ല. വല്ലാത്ത ഉറക്കക്ഷീണം.

അത്‌ പറഞ്ഞതും അച്ഛൻ അടുത്തു വന്നിരുന്നു.

ദേഷ്യം തോനുന്നുണ്ടോ മോൾക്ക്‌ അച്ഛനോട്?

അത്‌ ചോദിക്കുമ്പോൾ ആ ശബ്ദം ഇടറിയിരുന്നു.

എന്തോ നീയിങ്നെ ഒന്നും മിണ്ടാതെ ഇരിക്കുമ്പോൾ അങ്ങനെ തോന്നും. എന്ത്‌ വിഷമം ഉണ്ടെങ്കിലും.നിന്നെ കഴിഞ്ഞേ ഈ അച്ഛന് വേറെ എന്തും ഉള്ളൂ.

അച്ഛൻ അത്‌പറഞ്ഞു തീർന്നതും ആ നെഞ്ചിൽ മുഖം ചേർത്തൊരു തേങ്ങി കരച്ചിൽ ആയിരുന്നു. കുറച്ചു നേരം നെറുകയിൽ തലോടി അച്ഛൻ ആശ്വസിപ്പിച്ചു.
എന്നെ ചേർത്ത് പിടിച്ചു അച്ഛൻ തന്നെ കട്ടിലിൽ കിടത്തി. പുതപ്പ് കൊണ്ട് ദേഹം പുതപ്പിച്ചു. അച്ഛൻ പോകുന്നത് വരെ കണ്ണുകൾ ചിമ്മി ഉറക്കം നടിച്ചു കിടന്നു..അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല.പിറ്റേ ദിവസം കോളേജിലേക്ക് പോവുമ്പോൾ ആ പടിക്കെട്ടുകൾ കാണുമ്പോൾ എല്ലാം എന്നെ കേൾക്കാൻ അവിടെ ആരോ ഉണ്ടെന്ന് വെറുതെ ഒരു തോന്നൽ ആയിരുന്നു.

കോളേജിൽ എത്തി ഏറെ നേരം കഴിഞ്ഞപ്പോൾ എന്റെ മൗനത്തിന്റെ കാരണം അന്വേഷിച്ചു അമൃത കുറെ മനസ്സ്‌തുറപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ അവൾ പരാജയപെട്ട് പിണക്കം നടിച്ച് പോയപ്പോൾ അവളിരിക്കുന്ന ഗുൽമോഹറിന്റെ തണലിൽ അവളുടെ അരികത്തായി ഞാനും ചെന്നിരുന്നു.

ഒടുവിൽ ആരോടെങ്കിലും ഒന്ന് തുറന്നു പറയാൻ ഉള്ള വ്യഗ്രതയിൽ അവൾക്ക് മുന്നിൽ ഞാൻ എന്റെ മനസ്സ് തുറന്നു.ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് വന്ന ആ വാടകക്കാരനെ കുറിച്ചും ഒടുവിൽ ഒരു വാക്ക് പോലും പറയാതെ പോയ ഒട്ടും പ്രതീക്ഷിക്കാതെ യുള്ള ആളുടെ മടക്കത്തെ കുറിച്ചും.

എല്ലാം പറഞ്ഞു കഴിഞ്ഞു ഞാൻ പ്രതീക്ഷ യോടെ അവളുടെ മുഖത്തേക്ക് നോക്കി.

മറുപടിയായി ചിരിയോടെ അവൾ കയ്യിലുണ്ടായിരുന്ന പുസ്തകം മറിച്ചു എനിക്ക്‌ നേരേ നീട്ടി.

” കാണാതിരിക്കുമ്പോൾ കാണണം എന്ന് തോന്നാറുണ്ടോ? തനിച്ചിരിക്കുമ്പോൾ സംസാരിക്കണം എന്ന് തോന്നാറുണ്ടോ? കാണുമ്പോൾ നെഞ്ചോടു ചേർത്ത് പിടിക്കണം എന്ന് തോന്നാറുണ്ടോ? ഹൃദയം നിറഞ്ഞതുപോലെ തോന്നാറുണ്ടോ? പിരിയുമ്പോൾ ലോകം ശൂന്യമായതുപോലെ തോന്നാറുണ്ടോ? ‘ഞാൻ പൈങ്കിളിയല്ല’ അത് യഥാർത്ഥ പ്രേമം അറിയാഞ്ഞിട്ടാണ്… ” ~ കെ.ആർ.മീര ~

അത്‌ വായിച്ചതും നെഞ്ചിൽ ഒരു പിടപ്പ് ആയിരുന്നു.

അല്ല അമൃത…അങ്ങനെ ഒന്നും ഞാൻ ഇത് വരെ…

പൂർത്തിയാക്കാതെ ഞാൻ അവളെ നോക്കി.

ഇതുവരെ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല എന്നായിരിക്കും. എന്നാൽ ഇപ്പോൾ ഇങ്ങനെ അല്ലേ!

കാണാൻ തോന്നുന്നില്ലേ? മിണ്ടാൻ തോന്നുന്നില്ലേ? അടുത്ത് നില്ക്കുമ്പോൾ സംസാരിക്കുമ്പോൾ ഒരു സമാധാനവും ഒരു പ്രത്യേക സന്തോഷവും ഒക്കെ ഉണ്ടായിരുന്നില്ലേ!പെട്ടെന്ന് ഒരു ദിവസം ആള് പോയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വേദന അല്ലേ?

അവൾ തീക്ഷ്ണതയോടെ ചോദിച്ചപ്പോൾ ഉത്തരം പറയാൻ കഴിയാതെ ഞാൻ നിന്നു.

നിനക്ക്‌ അയാളോട് പ്രേമമായിരുന്നു പെണ്ണേ! ഇനി അല്ലെങ്കിൽ നീ പറ അതിന്റെ പേര്?

കളിയാക്കി അവൾ അത്‌ ചോദിച്ചതും മനസ്സ് ആകെ സങ്കർഷത്തിലായി.അതുവരെ അനുഭവിക്കാത്ത ഒരു വീർപ്പുമുട്ടൽ മനസ്സിനെ വന്നു പൊതിഞ്ഞു. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും മനസ്സിൽ കലങ്ങി മറിഞ്ഞു കൊണ്ടിരുന്നു.വീട്ടിൽ എത്തി മുറിയിൽ ഇരിക്കുമ്പോൾ പെട്ടെന്ന് അമ്മ പറഞ്ഞ വാക്കുകൾ മനസ്സിലേക്ക് ഓടിയെത്തി.

ഇപ്പോൾ ചെറിയ കുട്ടി ഒന്നും അല്ല.വിളക്ക് വെച്ച് കഴിഞ്ഞാൽ വേഗം വീട്ടിലേക്ക് വരണം.ഇങ്ങനെ സംസാരിച്ചു നിൽക്കുന്നത് ആരെങ്കിലും കണ്ടാൽ എന്ത് കരുതും?ചീത്ത പേര് കേൾക്കാൻ എളുപ്പമാണ്.പിന്നെ അത്‌മായ്ച്ചു കളയാൻ ആണ് പ്രയാസം!

ഒരു നിമിഷം ആദ്യം തമ്മിൽ കണ്ടതും സംസാരിച്ചതും പാടവരമ്പും ചെളിയിൽ കുതിർന്ന ദേഹവും എല്ലാം മനസ്സിലേക്ക് ചിത്രങ്ങളായി ഓടിയെത്തി.
നിറഞ്ഞൊഴുകുന്ന എന്റെ കണ്ണുനീർ തുള്ളികളെ ആ വിരൽ തുമ്പ് കൊണ്ട് തട്ടി തെറിപ്പിക്കുന്ന രംഗം ഓർത്തതും ശരീരത്തിന് ഒരു വിറയൽ ആയിരുന്നു.

മനസ്സ് തുറന്നു സന്തോഷിക്കാൻ ഉള്ള എത്രയെത്ര അവസരങ്ങൾ ആണ് പാഴാക്കിയത്.അതുകൊണ്ട് ഇനി മുതൽ സന്തോഷമായിരിക്കണം.

വീണ്ടും വീണ്ടും മനസ്സിനെ തണുപ്പിച്ച ആശ്വാസവാക്കുകൾ ആ നേർത്ത ശബ്ദത്തിൽ കാതോരം മുഴങ്ങിയപ്പോൾ എല്ലാം തുറന്നു പറയാൻ ആള് അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് തോന്നി.ഒന്ന് കൂടി കാണാൻ മനസ്സ് തുറന്നൊന്നു മിണ്ടി നെഞ്ചിലെ സങ്കടങ്ങൾ ഒഴുക്കി കളയാൻ….ആ പ്രതീക്ഷ നൽകുന്ന വാക്കുകൾ കേട്ട് ആശ്വാസം കണ്ടെത്താൻ….

പക്ഷേ ഇനി ഒരിക്കലും അങ്ങനെ ഒരാൾ ഇല്ലെന്ന് വിശ്വാസിക്കാൻ കഴിഞ്ഞില്ല….

വീണ്ടും ഒറ്റക്കായത് പോലെ…കണ്ണുകൾ ഇറുകെ അടക്കുമ്പോഴും തുറക്കുമ്പോഴും കണ്മുന്നിൽ തെളിയുന്നത് ആ മുഖം മാത്രം…

ശരീരവും മനസ്സും ഒരുപോലെ തളരുന്നു എന്ന് തോന്നിയപ്പോൾ ആണ് ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന അച്ഛനെ പോലും ഓർക്കാതെ ആ പൊട്ടബുദ്ധി തോന്നിയത്.നിലാവിന്റെ അരണ്ട വെളിച്ചത്തിൽ ബ്ലേഡ് എടുത്തു കൈത്തണ്ടയിൽ ഞരമ്പിനു മുകളിൽ ചേർത്ത് വരച്ചതും കൈനീറി വേദന യിൽ പിടഞ്ഞു ഞാൻ നിന്നു.ഇടക്കെപ്പോഴോ കരച്ചിൽ ഉച്ചത്തിൽ ആയപ്പോൾ അച്ഛൻ വന്ന് ലൈറ്റ് ഇട്ടു പരിഭ്രമത്തോടെ ചോരയിറ്റു വീഴുന്ന കയ്യിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി.

തുടരും…