മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അങ്കിളെന്താ ഒന്നും മിണ്ടാത്തത്……??എന്നെ കാണാൻ ധൃതിപിടിച്ച് ഓടിവന്നിട്ടിപ്പോ കാറ്റുപോയ ബലൂൺ കണക്ക് ഒന്നും മിണ്ടാതെ നിക്കുവാണോ…..മകൻ ഒരു പെണ്ണിനെ കൊണ്ടുവന്നിട്ടുണ്ടെന്ന് കേട്ടപ്പോ അത് ഞാനായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ലല്ലേ……
അവളുടെ മുന വച്ച സംസാരം അയാളുടെ മുഖം ചുവപ്പിച്ചു…..
കേറിക്കേറി നീ മുറത്തിൽ കേറി കൊത്താൻ തുടങ്ങി അല്ലേ….
പ്രാതപൻ, അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് സ്വരം താഴ്ത്തി പറഞ്ഞു.
വേണ്ടിവന്നാൽ മുറത്തിലല്ല,, തലയിൽ തന്നെ കേറിക്കൊത്തും ഞാൻ…..ഇത്തിരി ആവേശം കൂടുതലുണ്ടെന്നു തന്നെ കൂട്ടിക്കോളൂ……
ആ ആവേശം നിന്റെ നാശത്തിനാണ്…..കരുതിയിരുന്നോ നീ…..
അവൾക്കു നേരെ വിരൽ ചൂണ്ടി അയാളത് പറയുമ്പോഴും, അവളുടെ ചുണ്ടുകൾ ആത്മവിശ്വാസത്തിന്റെ പുഞ്ചിരി പൊഴിച്ചു…..
ഒന്നും മനസ്സിലാവാതെ മിഴിച്ചു നിന്ന ഊർമ്മിള, അരുന്ധതിയെ തറപ്പിച്ചൊന്ന് നോക്കിയശേഷം ഭർത്താവിനെ അനുഗമിച്ച് മുറിക്കകത്തേക്കു കയറി……
നിങ്ങളുടെ വരവ് കണ്ടപ്പോ ഞാൻ കരുതീത് ഇപ്പോ തന്നെ നിങ്ങളവളെ പിടിച്ച് രണ്ട് പൊട്ടിക്കും എന്നാരുന്നു…….ഇതിപ്പോ ഏതാണ്ട് അവളെ കണ്ട് പേടിച്ച മട്ടാണല്ലോ……നിങ്ങക്കവളെ മുമ്പ് പരിചയമുണ്ടോ…….?? ഊർമ്മിള ചോദിച്ചു.
മ്മ്……
ഒന്നമർത്തി മൂളി, പ്രാതപൻ ദീർഘമായൊന്ന് നിശ്വസിച്ചു……
ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ , ഇടയ്ക്കുവച്ചൊരു ഓലപ്പാമ്പ് എനിക്കുനേരെ
ഒന്നുരണ്ടു തവണ പത്തി വിടർത്താൻ വന്ന കഥ…… അത് ഇവളായിരുന്നു….അരുന്ധതി……!
എന്നാലേ അവളെ വെറും ഓലപ്പാമ്പായിട്ടു കരുതണ്ട….. അവളു മൂർഖനാ….
ഉഗ്രവിഷമുള്ള കരിമൂർഖൻ……
ഊർമ്മിളയുടെ കണ്ണുകളിലെ ഭയം, പ്രതാപന് ഒറ്റ നോട്ടത്തിൽ ഗ്രഹിക്കാമായിരുന്നു…..അയാളവരെ ചേർത്തു പിടിച്ചു……
താൻ പേടിക്കണ്ടെടോ….. എത്ര വിഷം ചീറ്റുന്ന പാമ്പായാലും,,പത്തിനോക്കിയൊന്ന് കൊടുത്താ മതി….. പിന്നെയത് തല പൊക്കില്ല……എനിക്കു മാർഗതടസ്സം സൃഷ്ടിച്ചവരെയെല്ലാം
പറഞ്ഞയച്ചിട്ടുണ്ട് ഞാൻ…. അങ്ങ് പരലോകത്തേക്ക്…… ഇവൾക്കും അതിനാണ് യോഗം !
അയാളുടെ പൊട്ടിച്ചിരി ഊർമ്മിളയിൽ കുറച്ചൊരു ആശ്വാസം നിറച്ചു…….അവർ , അയാളുടെ കൈകളിൽ മുറുകെ പിടിച്ചു………
**********************
പാതി മയക്കത്തിൽ നിന്നും എന്തോ ദുഃസ്വപ്നം കണ്ടാണ് അരുന്ധതി ഞെട്ടിയുണർന്നത്……വല്ലാത്ത ദാഹം…… തൊണ്ട വരളുന്നതു പോലെ…….എഴുനേറ്റിരുന്ന് ടേബിളിലിരുന്ന ജഗ്ഗ് കൈനീട്ടിയെടുത്തു…..ഒരിറ്റു വെള്ളമില്ല……!എഴുനേറ്റ് കട്ടിലിലേക്കൊന്നു നോക്കി…..സോഹൻ നല്ല ഉറക്കത്തിലാണ്…….ചാരിയ വാതിൽ പഴുതിലൂടെ പുറത്തിറങ്ങി….ഫ്രിഡ്ജ് തുറന്ന്, വെള്ളമെടുത്ത് ചുണ്ടോടു ചേർത്തതും പിന്നാലെ എത്തിയ പ്രതാപചന്ദ്രന്റെ ശബ്ദം കേട്ട് അവൾ ഞെട്ടിത്തിരിഞ്ഞു…..
നിർത്തണ്ട കുടിച്ചോ…. വയറുനിറയെ കുടിച്ചോ…. ഇത് നിന്റെ അവസാനത്തെ കുടിയല്ലേ…….
അയാളുടെ കൊലച്ചിരി കേട്ട് അവളൊന്ന് പരിഭ്രമിക്കാതിരുന്നില്ല……
എന്തുപറ്റി….. എന്റെ മരുമോള് പേടിച്ചു പോയോ……..? കുറച്ചു മുമ്പ് ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ …… ഇപ്പോ ആ ശൗര്യമൊക്കെ എവിടെപ്പോയി……..
ചെമ്മീൻ ചാടിയാ മുട്ടോളം… പിന്നേം ചാടിയാ ചട്ടീല്….. കേട്ടിട്ടുണ്ടോ പൊന്നുമോള് അങ്ങനൊരു ചൊല്ല്……അത്രേയുള്ളൂ നീയൊക്കെ…….നിന്നോടു ഞാൻ പലതവണ പറഞ്ഞതാ, വെറുതെ ആവശ്യമില്ലാത്ത പണിക്ക് ഇറങ്ങരുതെന്ന്…..നീ കേട്ടില്ല…….എനിക്കു മുന്നിൽ ആരു ജയിക്കുന്നതും എനിക്കിഷ്ടമല്ല ,,, അതിനു ഞാൻ അനുവദിക്കില്ല……. പ്രത്യേകിച്ച് നിന്നെപ്പോലൊരു പീറപ്പെണ്ണ്…..
അയാൾ കഴുകൻ നോട്ടമെറിഞ്ഞ് അവൾക്കു നേരെ നടന്നടുക്കുന്തോറും അവൾ , ചുറ്റും നോക്കിക്കൊണ്ട് ഓരോ അടി പിന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു…….
എന്നെ കൊന്നാലും താൻ രക്ഷപ്പെടുമെന്ന് കരുതണ്ട….. തനിക്കെതിരെയുള്ള എല്ലാ തെളിവുകളും ഞാൻ വേണ്ടപ്പെട്ടവരെ ഏൽപ്പിച്ചിട്ടുണ്ട്…… പിന്നെ തന്റെ മകൻ…..അവനും സത്യമെല്ലാം അറിഞ്ഞു കഴിഞ്ഞു…..ഇനി തനിക്കുള്ള ശിക്ഷ വിധിക്കുന്നത് അയാളായിരിക്കും…….
മരണത്തിനു മുന്നിലും പതറാത്ത അവളുടെ ചങ്കൂറ്റത്തെ അയാളെ തെല്ലൊന്ന് അത്ഭുതപ്പടുത്തി……. ഒപ്പം ഭീതിയും ആ കണ്ണുകളിൽ സ്ഫുരിച്ചു…….
നിന്നെ ഞാൻ…….
ക്രോധത്തോടെ അവളുടെ കഴുത്തിൽ അയാൾ കൈകളമർത്തിയതും ,,
ഡാഡീ…. അവളെ വിട്ടേക്ക്…… അവളുടെ കാര്യം ഞാൻ നോക്കിക്കോളാം……ആ ദേഹത്ത് തൊട്ട് ഡാഡിയുടെ കൈ വെറുതെ ചീത്തയാക്കണ്ട……
താഴെക്കിറങ്ങി വന്ന സോഹന്റെ ശബ്ദം ഇടുത്തീ പോലെയാണ് അവളുടെ കാതുകളിൽ മുഴങ്ങിയത്……
ഇല്ലാക്കഥകൾ പറഞ്ഞ്, നമ്മളെ തമ്മിൽ തെറ്റിക്കാനായിരുന്നു ഇവളുടെ ശ്രമം……അതുകൊണ്ട് ഇവൾക്കുള്ളത് ഞാൻതന്നെ കൊടുത്തോളാം….. വാടീ ഇവിടെ……..
അരുന്ധതിയുടെ കൈയ്യിൽ ബലമായി പിടിച്ച്, സ്റ്റെയർകേസിലൂടെ അവളെ , സോഹൻ വലിച്ചിഴച്ച് കൊണ്ടുപോകുന്ന കാഴ്ച കണ്ട് ഊർമ്മിള നെഞ്ചത്തു കൈവച്ചു……
ഹാവൂ….. ഇപ്പഴാ ശ്വാസമൊന്ന് നേരെ വീണത്…… അവളു പറഞ്ഞ് സോഹനെങ്ങാനും സത്യങ്ങൾ അറിയുമോ എന്നാരുന്നു എന്റെ പേടി…… എന്തായാലും ഈശ്വരൻ കാത്തു……
അവനെ പെറ്റിട്ടത് മറ്റൊരുത്തിയാണേലും, അവനാദ്യമായി മമ്മീന്നു വിളിച്ചത് നിന്നെയല്ലേ…… അവൻ കണ്ടു വളർന്നത് എന്നെയല്ലേ…… അതുകൊണ്ട് അവൻ അത്ര പെട്ടന്നൊന്നും നന്നാവാൻ പോകുന്നില്ലെടീ ഊർമ്മിളേ…. നീ ധൈര്യമായിട്ടിരിക്ക്…….
അവരുടെ പുറത്തു തട്ടി പ്രതാപൻ പറഞ്ഞപ്പോൾ,, അതുവരെ മൂടിക്കെട്ടിയ അവരുടെ മനസ്സിലെ കാർമേഘങ്ങൾ പതിയെ മാഞ്ഞു തുടങ്ങുകയായിരുന്നു……..
***************
എന്നെവിട്….. വിടാനാ പറഞ്ഞത്……
അരുന്ധതി , കൈ മോചിപ്പിക്കാൻ ശ്രമിക്കുന്തോറും അത് ശക്തിയിൽ മുറുകി കൊണ്ടിരുന്നു……തുറന്നു കിടന്ന വാതിലിലൂടെ അവളെ ബെഡിലേക്ക് വലിച്ചിട്ട്, അയാൾ ഊക്കോടെ വാതിൽ വലിച്ചടച്ചു……
സോഹൻ ഞാൻ…….
മിണ്ടരുത്…….
അയാൾ തന്റെ ചൂണ്ടുവിരൽ , ചുണ്ടുകൾക്ക് കുറുകെ വച്ച് അവളോടാജ്ഞാപിച്ചു…..
അരുന്ധതി, തളർച്ചയോടെ, അതിലധികം നിരാശയോടെ മുഖം കുനിച്ചിരുന്നു……
എന്റെ അമ്മയെവിടെ…….?
കുറച്ചു സമയത്തിനു ശേഷം,,അയാളുടെ ചോദ്യം കേട്ടതും അവൾ , പെട്ടെന്ന് മുഖമുയർത്തി……തനിക്കരികിലായി വിഷണ്ണനായി ഇരിക്കുന്ന സോഹനെ കണ്ട് ഒന്നും മനസ്സിലാവാതെ അവൾ അന്ധിച്ചു……
ചോദിച്ചതു കേട്ടില്ലേ…… എന്റെ അമ്മയെവിടെ എന്ന്….. ജീവിച്ചിരിപ്പുണ്ടോ അതോ,, ആ കാലമാടൻ കൊന്നുകളഞ്ഞോ എന്റമ്മയെ…….
ജിവിതത്തിലാദ്യമായിട്ടാണ് സോഹന്റെ കരഞ്ഞ മുഖം അവൾക്കു കാണേണ്ടി വന്നത്……ആ ദയനീയ ഭാവം അവളുടെ മനസ്സിനേയും കുറച്ചൊന്ന് നൊമ്പരപ്പെടുത്തി…..
ഷെൽഫ് തുറന്ന് അതിൽ നിന്നും കുറച്ചു പേപ്പറുകൾ അവൾക്കു നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു ;
എനിക്കെല്ലാം മനസ്സിലായി…..നീ തിരഞ്ഞു നടന്ന വിൽപ്പത്രത്തിന്റെ ഒറിജിനലാണിത്….. ഡാഡിയുടെ പ്രൈവറ്റ് ലോക്കറിൽ സൂക്ഷിച്ചിരുന്നതാണിത്…… ആരുമറിയാതെ ഞാനിതിങ്ങെടുത്തു……
അയാൾ നീട്ടിയ ആ ഡോക്യുമെന്റ്സ് ഒരു വിറയലോടെ അവളേറ്റുവാങ്ങി വായിച്ചു……
അയാളിത് സ്വന്തം പേരിൽ ആക്കിക്കാണുമോ എന്നായിരുന്നു എന്റെ പേടി…..എന്തായാലും അതു സംഭവിച്ചിട്ടില്ല….. ഭാഗ്യം…!
അവൾ ആശ്വാസത്തോടെ പറഞ്ഞു….
അതിൽ പറഞ്ഞിരിക്കുന്ന വസുന്ധരദേവിയാണല്ലേ എന്റെ അമ്മ…..
കൃഷ്ണമേനോൻ മുത്തച്ഛനും……
അതു ചോദിക്കുമ്പോൾ ആ കണ്ണുകളിൽ നനവ് പൊടിയുന്നത് അവളറിഞ്ഞു…….
അതെ…..!
അവൾ മറുപടി പറഞ്ഞു.
എന്റമ്മ എവിടെയുണ്ടെന്നറിയോ അരുന്ധതിക്ക്……? കാണാൻ പറ്റ്വോ എനിക്കെന്റെ അമ്മയെ……..?ഒരിക്കൽ…… ഒരിക്കലെങ്കിലും……
ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കമായി അയാളവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി…..പെറ്റമ്മയെന്ന വാക്കിന് ഇത്രത്തോളം മൂല്യമുണ്ടെന്ന് അന്നേരം അവളും തിരിച്ചറിയുകയായിരുന്നു…….
തീർച്ചയായും……സോഹന് തീർച്ചയായും കാണാൻ കഴിയും തന്റമ്മയെ……പക്ഷേ,,, ഇപ്പോഴല്ല….. അതിന് കുറച്ചു കൂടി കാത്തിരിക്കണം……
അവളുടെ വാക്കുകളിൽ വിശ്വാസമർപ്പിച്ച് അയാൾ പതിയെ തലകുലുക്കി…..
കുറച്ചു മുമ്പ് ഞാൻ തന്നോട് അങ്ങനൊക്കെ പെരുമാറിയതിൽ തനിക്ക് വിഷമമായെന്നറിയാം……..ആ അവസ്ഥയിൽ തന്നെ രക്ഷിക്കാൻ അതല്ലാതെ മറ്റൊരു വഴിയും ഞാൻ കണ്ടില്ല….. സോറി…. സോറി ഫോർ എവരിതിങ്……സോഹൻ പറഞ്ഞു ..
ഞാനൊന്നു പേടിച്ചു….. കാരണം,,,തന്റെയാ അഭിനയം സത്യമായിരുന്നെങ്കിൽ എന്റെ എല്ലാ പ്രതീക്ഷയും അവിടെ അസ്തമിക്കുമായിരുന്നു…….
അവൾ ചിരിച്ചു….. ആ ചിരിയിൽ ഒരല്പം മടിയോടെ അയാളും പങ്കുകൊണ്ടു……
താൻ പറഞ്ഞതു പോലെ ഞാൻ തന്നെ വിശ്വാസത്തിലെടുത്തു കഴിഞ്ഞു ……..
ഇനിയെങ്കിലും തന്നൂടെ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ……..
ശരിക്കും താനാരാണ്……..??എന്തിനു വേണ്ടിയായിരുന്നു എന്നെപ്പോലൊരു തെമ്മാടിയുടെ രക്ഷകയായി ഇവിടെ അവതരിച്ചത്……???
കഥ കേൾക്കാനുള്ള ഒരു കുട്ടിയുടെ കൗതുകഭാവത്തോടെ അയാളവളെ നോക്കി..കുറച്ചു നേരം മൗനം പാലിച്ച് അവൾ,, തന്റെ ജീവിതം കുറിച്ചുവച്ച ആ താളുകൾ അയാൾക്കു മുന്നിൽ തുറന്നു വച്ചു…….
അമ്മയുണ്ടായിട്ടും, അച്ഛന്റെ സ്നേഹവും ലാളനയും മാത്രം ഏറ്റുവാങ്ങേണ്ടിവന്നൊരു ബാല്യം…….അച്ഛന്റെ തുച്ഛമായ വരുമാനത്തിലും, കുറഞ്ഞ ജീവിത സാഹചര്യത്തിലും തൃപ്തി വരാതെ എന്നും പരാതിയും പരിഭവങ്ങളുമായിരുന്നു അമ്മയ്ക്ക്……അതിന്റെ പേരിൽ അച്ഛനെ കുറ്റപ്പെടുത്തുകയും കലഹിക്കുകയും ചെയ്തിരുന്ന അമ്മ, താൻ പ്രസവിച്ച മോളാണെന്ന പരിഗണന ഒരിക്കലും എനിക്കും തന്നിരുന്നില്ല……ആ കുറവ് കൂടി അച്ഛൻ നികത്തിയതുകൊണ്ടാവണം ,എന്റെ ലോകം അച്ഛനിൽ മാത്രം ഒതുങ്ങിപ്പോയതും……
ഒരിക്കൽ അച്ഛന്റെ കയ്യിൽ തൂങ്ങി ചെമ്മണ്ണു വിരിച്ച പാതയിലൂടെ നടന്നു വരുമ്പോഴാണ് എനിക്കാ സ്നേഹവലയത്തെ നഷ്ടപ്പെടുന്നത്……എതിരെ വന്നൊരു തടിലോറി അച്ഛനേയും എന്നേയും ഇടിച്ചു തെറിപ്പിച്ചു…..ഞാൻ ചെന്നു വീണത് പാടത്തേക്കായിരുന്നു..ചോര പൊടിയുന്ന സാരമായ മുറിവുകളോടെ ഞാൻ എഴുനേറ്റു നിന്ന് എന്റച്ഛനു വേണ്ടി ചുറ്റിലും കണ്ണോടിച്ചു……ഒരു കരിങ്കല്ലിൽ തലയിടിച്ച് , രക്തം വാർന്ന് ശ്വാസം നിലച്ചുപോയ ആ ശരീരത്തെ കെട്ടിപ്പിടിച്ച് , ” അച്ഛാ…. ” എന്നുറക്കെ നിലിളിച്ചെങ്കിലും ആരും ആ കരച്ചിലിനുത്തരം നൽകാൻ അതുവഴി വന്നില്ല……അന്നെനിക്ക് അഞ്ചു വയസ്സായിരുന്നു പ്രായം……
വെള്ളത്തുണിയിൽ പൊതിഞ്ഞ അച്ഛന്റെ ശരീരത്തിനരികെയിരുന്നു ഞാൻ വാവിട്ടു കരഞ്ഞെങ്കിലും,,, എന്റമ്മ അച്ഛനു വേണ്ടി ഒരു തുള്ളി കണ്ണുനീർ പോലും പൊഴിച്ചില്ല…..
എല്ലാം കഴിഞ്ഞു……ആളുകളെല്ലാം പിരിഞ്ഞു പോയ ആ രാത്രി, ഞങ്ങളുടെ വീട്ടിൽ പുതിയൊരു അഥിതി വിരുന്നിനെത്തി…….അയാൾ അമ്മയോട് അമിതമായി അടുപ്പം കാട്ടുകയും, അമ്മ നിറഞ്ഞു ചിരിക്കുകയും ചെയ്തു…….എന്റച്ഛനു കിട്ടാതെ പോയ അമ്മയുടെ നിറഞ്ഞ ചിരി……!
എനിക്കെന്തോ അകലം പാലിക്കാനാണ് തോന്നിയത്……എന്റച്ഛന്റെ നഷ്ടമായ സ്നേഹത്തെ കുറിച്ചോർത്ത് , ഒറ്റയ്ക്ക് ഉറങ്ങാതെ കിടന്ന ആ രാത്രി, അമ്മയ്ക്കു കൂട്ടായി തൊട്ടടുത്ത മുറിയിൽ അയാളുമുണ്ടായിരുന്നു……!
നീ പറഞ്ഞതു പോലെ, നിന്റെ കെട്യോനെ ഞാൻ തീർത്തില്ലേ…. ഇനി….. ഇനി നമുക്ക് ഒന്നായിക്കൂടേ………?
അന്ന് …. അവ്യക്തമായി അയാളിൽനിന്നു കേൾക്കേണ്ടി വന്ന വാക്കുകൾ, ഇന്നും വ്യക്തമായെന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്……ആ മുഖം ഒരു ഫ്രെയിമലെന്ന പോലെ ഇന്നും എന്റെ കണ്ണുകളിൽ പതിഞ്ഞു കിടക്കുന്നുണ്ട്……..
പിറ്റേന്നു വെളുപ്പിനെ അയാളെ ഞാൻ കണ്ടില്ല ,,,അമ്മയേയും…….ഒരുപാട് വിളിച്ചു നോക്കി…… ഉറക്കെ ഉറക്കെ വിളിച്ചു നോക്കി…… കരഞ്ഞു വിളിച്ചു നോക്കി……. അമ്മ വന്നില്ല……
ഞാനച്ഛനെ ദഹിപ്പിച്ച ചാരത്തിനരികെ ചെന്നിരുന്നു…….അച്ഛനെങ്ങോട്ടു പോകുമ്പോഴും എന്നെ കൂട്ടുന്നതല്ലേ…..പിന്നെന്തിനാ ഇപ്പൊ മാത്രം എന്നെ തനിച്ചാക്കി പോയത്….. ഞാനിപ്പോ ശരിക്കും തനിച്ചായില്ലേ അച്ഛാ……
എന്റെ കണ്ണുനീർ വീണുകുതിർന്ന അച്ഛന്റെ ചാരത്തോടു ചേരാൻ ഞാനും കൊതിച്ചുപോയി……
ആ കാഴ്ച കണ്ട് എത്തിനോക്കിയ അയൽക്കാരിൽ ചിലരുടെ നാവിൽ നിന്നും വന്ന ആ പേര്…….ചില സമയങ്ങളിൽ അമ്മയുമായി വഴക്കിടുമ്പോൾ അച്ഛൻ ഉച്ചരിച്ചിട്ടുള്ള അതേ പേര്…….എന്റച്ഛന്റെ ഘാതകന്റെ പേര്……എന്നെ അനാഥയാക്കിയവന്റെ പേര്……എന്റമ്മയുടെ ഇഷ്ടക്കാരന്റെ പേര്…….
വെറുപ്പായിരുന്നു….പിന്നെയത് പകയായി……തീർത്താലും തീരാത്ത കൊടും പക…….!
പ്ലസ്ടു വരെ അനാഥാലയത്തിലായിരുന്നു……കോളേജിലേക്കായപ്പോൾ, പഠനത്തിനൊപ്പം ജോലിയും കണ്ടെത്തി ഹോസ്റ്റലിലേക്കു മാറി……അവിടം മുതലായിരുന്നു എന്റെ ജീവിതത്തിന്റെ മറ്റൊരധ്യായം എഴുതപ്പെടുന്നത്……
സോഹന് ബോറഡിക്കുന്നുണ്ടോ……..??ഇടയ്ക്ക് വച്ചവൾ ചോദിച്ചു.
ഇല്ല….. താൻ പറഞ്ഞോളൂ……അയാൾ ആകാംക്ഷയുള്ളൊരു കേൾവിക്കാരനായി…
കോളേജിലെ അവസാന വർഷത്തിലാണ് ഞങ്ങൾ കുറച്ചു ഫ്രണ്ട്സ് , ഒരു ഡോക്യുമെന്ററിക്കു വേണ്ടി ‘പുനർജനി ‘ മാനസികാരോഗ്യകേന്ദ്രത്തിലെത്തുന്നത്…..ആ യാത്ര എനിക്കൊരു വഴിത്തിരിവായിരുന്നു…….അവിടെ വച്ച് ഞാൻ വർഷങ്ങൾക്കു ശേഷം അയാളെ വീണ്ടും കണ്ടുമുട്ടി…….എന്റെ ശത്രുവിനെ…….!
എല്ലാവർക്കുമിടയിൽ വളരെ ബഹുമാന്യനായി ,സൗമ്യനായി, സ്വീകാര്യനായി അയാൾ……..
എന്റെയുള്ളിലെ പകയുടെ കനൽ ആളിക്കത്തി തുടങ്ങി…..
ഞാനയാളെ കുറിച്ച് കൂടുതലന്വേഷിച്ചു…..അയാൾ എല്ലാവർക്കും പ്രിയങ്കരനായിരുന്നു…… സഹായിയുമായിരുന്നു…… സ്ഥാപനത്തിന്റെ വളർച്ചയിൽ അയാളുടെ പങ്ക് ചെറുതായിരുന്നില്ല…….അതിനിടയിൽ ഒരു സിസ്റ്റർ, രഹസ്യമായി മറ്റൊരു കാര്യം കൂടി പറഞ്ഞു……അദ്ധേഹത്തിന്റെ ഭാര്യ വർഷങ്ങളായി ഇവിടുത്തെ പേഷ്യന്റാണെന്ന്……..!
അതെനിക്കൊരു പുതിയ അറിവായിരുന്നു…..
എനിക്കവരെയൊന്ന് കാണണമെന്നു പറഞ്ഞപ്പോൾ അവരത് നിരസിച്ചില്ല…ഇരുട്ടു നിറഞ്ഞ സെല്ലനുള്ളിൽ എല്ലും തോലുമായൊരു സ്ത്രീ രൂപം…….അതിനുള്ളിൽ ജീവനുണ്ടെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം…….എന്നെ കണ്ടതും അവരോടിവന്നു …. എന്റെ കയ്യിൽ തൊട്ടു…..
ന്റെ മോൻ….. ന്റെ മോൻ……
അവരുടെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു……
പ്രസവത്തിൽ ഇവരുടെ കുഞ്ഞ് മരിച്ചുപോയി….. അതിന്റെ ഷോക്കിലാണ് സമനില തെറ്റിയത്…….
ഇല്ല….. ന്റെ മോൻ മരിച്ചിട്ടില്ല….. മരിച്ചിട്ടില്ല…..മരിച്ചിട്ടില്ല……
ആ ശബ്ദം നേർത്തു നേർത്തു വന്നു….ഒരു പിടച്ചിലോടെ ആ രൂപം താഴേക്കിരുന്നു….
എന്തോ , അവർക്ക് ഭ്രാന്തുണ്ടെന്ന് വിശ്വസിക്കാൻ എനിക്കു കഴിഞ്ഞില്ല……
ഒരുപക്ഷേ,, അവരൊന്ന് ഉള്ളു തുറന്നെങ്കിൽ എനിക്കയാളുടെ പൊയ്മുഖം വലിച്ചു കീറാൻ കഴിയുമെന്ന പ്രതീക്ഷയിൽ…. കള്ളങ്ങൾ പറഞ്ഞ് ഞാൻ വീണ്ടും വീണ്ടും അവരുടെ സന്ദർശകയായി…….
ശരിക്കും അവർക്ക് ഭ്രാന്തുണ്ടോ…….?
ഒരിക്കൽ എന്റെ ചോദ്യത്തിനുള്ള മറുപടിയായി ആ സിസ്റ്റർ തിരിച്ചു ചോദിച്ചത് ” ഭ്രാന്തില്ലെങ്കിൽ കുട്ടിക്കവരെ രക്ഷിക്കാൻ കഴിയോ ” എന്നാണ്……
അവരൊരു ഭ്രാന്തിയല്ലെങ്കിൽ,, ഞാനവരെ രക്ഷിച്ചിരിക്കും…….
എന്റെ വാക്കിനു പുറത്താണ്, അവരെ വളരെ അടുത്തറിയാവുന്ന സിസ്റ്റർ അവരുടെ ജീവിതകഥ എന്നോട് വെളിപ്പെടുത്തുന്നത്…..
സമ്പന്നമായ തറവാട്ടിലെ ഏക മകളായി വളർന്ന ഒരുവൾ…….ഒരുദിവസം ആരോടും പറയാതെ ജാതിയിൽ താഴ്ന്ന ഒരുത്തനുമായി ഒളിച്ചോടുന്നു…മകളുടെ ചെയ്തിയിൽ മനസ്സുനീറി അവളുടെ അമ്മ മരണപ്പെടുന്നു…….ഏറെക്കാലം മകളിൽ നിന്ന് അകന്നു നിന്നെങ്കിലും, അവസാന നാളിൽ ആ അച്ഛൻ മകളെ മടക്കി വിളിക്കുകയും അവൾക്കർഹതപ്പെട്ട എല്ലാ സ്വത്തുവകകളും മകൾക്കും , അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനുമായി എഴുതിക്കൊടുക്കുന്നു…..കഴിവിൽ കൂടുതൽ പണം കയ്യിൽ വന്നതോടെ അവളുടെ ഭർത്താവിൽ പല മാറ്റങ്ങളും കണ്ടു തുടങ്ങി……അയാളുടെ മദ്യപാനവും പരസ്ത്രീ ബന്ധവും അവളെ തളർത്തിക്കളഞ്ഞു……അവസാനം തന്റെ പേരിലുള്ള സ്വത്തുക്കൾ അയാളുടെ പേരിൽ എഴുതിക്കൊടുക്കണമെന്നും അനുസരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നും അയാൾ ഭീഷണിപ്പെടുത്തി……
ദിവസങ്ങൾ കഴിഞ്ഞിട്ടും അവളയാളുടെ ആവശ്യത്തിനു മുതിർന്നില്ല…അവളേയും വയറ്റിൽ വളരുന്ന കുഞ്ഞിനേയും ഇല്ലാതാക്കിയാൽ, അവകാശികളില്ലാത്ത സ്വത്ത് തനിക്കു വന്നുചേരുമെന്ന് കണക്കുകൂട്ടിയ അയാൾ,, പൂർണ്ണ ഗർഭിണിയായ അവളെ ചവിട്ടി താഴേക്കിടുന്നു……വേദനയിലും രക്തത്തിലും പിടയുന്ന നേരത്താണ് അവളാ സത്യം പറയുന്നത്;
” തന്റേയും കുഞ്ഞിന്റേയും കാല ശേഷം സ്വത്തുക്കൾ അനാഥാലയത്തിനു വിട്ടു നൽകുന്നതായി സമ്മതം അറിയിച്ചുകൊണ്ട് വിൽപ്പത്രം മാറ്റിയെഴുതിയിട്ടുണ്ട് “
അതയാൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…..തന്റെ കുഞ്ഞിനേയെങ്കിലും രക്ഷിക്കാനായാൽ സ്വത്തുക്കൾ കൈവിട്ടു പോകില്ലെന്നുറപ്പിച്ച് അയാളവളെ ഹോസ്പിറ്റലിലെത്തിച്ചു……മരണം അവൾക്കു മുന്നിൽ മുട്ടുമടക്കുകയും അവളൊരു ആൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്തു…….
പക്ഷേ അയാളവളെ , നൊന്തുപെറ്റ തന്റെ കുഞ്ഞിനെപോലും ഒരുനോക്ക് കാണാൻ സമ്മതിക്കാതെ ,, പണത്തിന്റെ സ്വാധീനം കൊണ്ട് അവളെയൊരു ഭ്രാന്തിയായി സമൂഹത്തിനു മുന്നിൽ ചിത്രീകരിക്കുന്നു…… പിന്നെ, പുനർജനിയുടെ ഇരുണ്ട മുറിക്കുള്ളിൽ എന്നന്നേക്കുമായി അവളെ തളച്ചിടുന്നു……അങ്ങനെ ഭ്രാന്തില്ലാത്ത അവൾ, അനേകം വിഭ്രാന്തരായ മനുഷ്യരോടൊപ്പം നാളുകളെണ്ണി കഴിയുന്നു…….മനസ്സു വിങ്ങിവീർക്കുമ്പോൾ ഇടയ്ക്കിടെ അവൾ പൊട്ടിത്തെറിക്കും……അപ്പോൾ ,, വിദ്യുത്ചക്തിയാൽ അവരവളുടെ ബോധമണ്ഡലം തകർത്തിരിക്കും……!
കഥ നിറുത്തി, അരുന്ധതി സോഹനെ നോക്കിപ്പറഞ്ഞു……
അന്നു തുടങ്ങിയതാണ് ആ അമ്മയുടെ നീതിക്കു വേണ്ടിയുള്ള എന്റെ പോരാട്ടം……അതറിഞ്ഞ് എന്നെക്കാണാൻ ഒന്നുരണ്ടു തവണ അയാൾ വന്നിരുന്നു, ഭീഷണിയുമായി….ഞാൻ പിന്മാറിയില്ല…. പിന്മാറാൻ ഒരുക്കവുമല്ല…….!
സോഹൻ തലകുനിച്ചിരുന്നു……അയാൾ കരയുകയാണെന്ന് അവൾക്കു മനസ്സിലായി…….
സോഹൻ……അവളവന്റെ തോളിൽ കൈവച്ചു വിളിച്ചു….
ആ അമ്മ…… എന്റമ്മ…… എന്റെ സ്വന്തം അമ്മ…. അല്ലേ അരുന്ധതി…….??
സോഹന്റെ നോട്ടത്തിന് അതെ എന്നവൾ തലകുലുക്കി……
എനിക്ക് എട്ടോ ഒൻപതോ വയസ്സുള്ളപ്പോഴാണ് ഡാഡി, ഇതാണ് നിന്റെ മമ്മിയെന്നു പറഞ്ഞ് ഈ സ്ത്രീയോട് എന്നെ ചേർത്തു നിറുത്തുന്നത്……സത്യം ചികഞ്ഞു പോകാൻ പക്വതയില്ലാത്ത പ്രായത്തിൽ ഞാൻ മറുത്തൊന്നും ആലോചിച്ചില്ല…..കാരണം,, ഞാനും കൊതിച്ചിരുന്നു ഒരമ്മയുടെ സാമീപ്യം…….പക്ഷേ…. അതെന്നോടുള്ള ചതിയാണെന്ന് ഞാനറിഞ്ഞില്ല……അയാൾ പറഞ്ഞു.
അതെ ചതിയായിരുന്നു……എനിക്കെന്റെ പെറ്റമ്മയെ നഷ്ടപ്പട്ട അതേ ദിവസം, തനിക്കൊരു പോറ്റമ്മയെ ലഭിക്കുന്നു…..അതും സ്വന്തം അമ്മയാണെന്നു പറഞ്ഞ്, തന്നെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്……
എന്നുവച്ചാൽ……??
അതെ…… അതുതന്നെ……..!തന്റെ ഡാഡിക്കുവേണ്ടി താലികെട്ടിയ പുരുഷനെ നിഷ്കരുണം കൊന്നുതള്ളിയ , നൊന്തുപെറ്റ മകളെ യാതൊരു സങ്കോചവുമില്ലാതെ പുറങ്കാലുകൊണ്ട് തട്ടിയെറിഞ്ഞ…….,,, ആ നീചയായ സ്ത്രീയാണ്……. എന്റെ അമ്മയാണ്….. നിങ്ങൾ മമ്മിയെന്നു വിളിക്കുന്ന ഊർമ്മിള…….!അവരുടെ ഹതഭാഗ്യയായ മകളാണീ അരുന്ധതി…….!
അതു പറയുമ്പോൾ…. അവൾ അടിമുടി വിറക്കുകായിരുന്നു……
സോഹന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി……..
അവരുടെ മരണം ഇന്നെന്റെ കൈകൊണ്ടായിരിക്കും…..
അയാൾ ദേഷ്യത്തോടെ വാതിൽ വലിച്ചു തുറന്നതും,, അവളയാളുടെ കൈക്കു പിടിച്ചു..
അരുത്….. ആവേശം കാണിക്കരുത്…..നമുക്ക് നിയമത്തിന്റെ വഴി മതി…അവരെ കൊന്ന് താൻ ജയിലിൽ പോയാൽ പിന്നെ വസുന്ധരാമ്മയ്ക്ക് ആരുണ്ട്…..?നിങ്ങളെ അവർക്കു വേണം……തന്റെ അമ്മയ്ക്കു വേണ്ടിയായിരിക്കണം ഇനിയുള്ള തന്റെ ജീവനും ജീവിതവും…..!
സോഹൻ , കുറച്ചു നേരം ആലോചിച്ചങ്ങനെ നിന്നു…..
ഡോണ്ട് വറി…..ലീഗൽ ഫോർമാലിറ്റീസൊക്കെ ഞാൻ ചെയ്തോളാം…. ഇന്നുരാത്രി തന്നെ എനിക്കിവിടം വിടണം…..എന്നെ തീർത്തുവെന്നു തന്നെ അവർ കരുതട്ടെ….അവൾ ചിരിയോടെ പറഞ്ഞു.
ഇവിടുത്തെ കുടുംബ വക്കീല് ആളൊരു സമർത്ഥനാണ്……അയാളെ മറികടക്കുന്ന ഒരാളായിരിക്കണം നമുക്ക് വേണ്ടി കോടതിയിൽ വാദിക്കേണ്ടത്…..
അതിനെ കുറിച്ചോർത്ത് ടെൻഷനിടിക്കണ്ട….നിങ്ങൾക്കു വേണ്ടി….നിങ്ങളുടെ അമ്മയ്ക്കു വേണ്ടി…..എന്റച്ഛന്റെ നീതിക്കു വേണ്ടി…..ഈ കേസ് വാദിക്കുന്നത് ഞാനായിരിക്കും….അഡ്വ: അരുന്ധതി നായർ……!
അവിശ്വസനീയമായ സോഹന്റെ നോട്ടം കണ്ട് അവളൊന്നു പുഞ്ചിരിച്ചു…..
എന്താ എന്നെ വിശ്വാസമില്ലേ സോഹന്……?? അവൾ ചോദിച്ചു.
ഉണ്ട്…. ഈ ലോകത്തെനിക്ക് മറ്റാരേക്കാളും വിശ്വാസം തന്നെയാണ്…… തന്നെ മാത്രം !!
അവളുടെ കരം ഗ്രഹിച്ച് അയാളത് പറഞ്ഞപ്പോൾ,, ആ വിശ്വാസത്തെ അരക്കിട്ട് ഉറപ്പിക്കും വിധം അവളയാളുടെ കൈകളിൽ അമർത്തിപ്പിടിച്ചു……
***********
ആശങ്കകളും ഉദ്വേഗങ്ങളും വിട്ടൊഴിഞ്ഞ സമാധാനത്തിലുള്ള രണ്ടു ദിനങ്ങളാണ് പ്രതാപചന്ദ്രനും ഊർമ്മിളക്കുമിടയിലൂടെ കടന്നു പോയത്…..
മോനേ… ഡാഡിക്ക് നിന്നോട് വളരെ സീരിയസായൊരു കാര്യം സംസാരിക്കാനുണ്ട്…….
ആഹാരം കഴിക്കുന്നതിനിടെ പ്രതാപൻ മകനോട് പറഞ്ഞു
എന്തായാലും രണ്ടു ദിവസം കഴിയട്ടെ ഡാഡീ…. ഞാനൊന്ന് ശുദ്ധവായു ശ്വസിച്ചു തുടങ്ങിയട്ടല്ലേ ഉള്ളൂ….
അണപ്പല്ലുകൊണ്ട് കടിച്ചമർത്തി മുൻപല്ലുകൊണ്ട് ചിരിച്ചു കാട്ടി സോഹൻ മറുപടി കൊടുത്തു…..
മതി….. ഡാഡിക്ക് തിരക്കില്ല…. ഞാനൊന്ന് സൂചിപ്പിച്ചെന്നേയുള്ളു……
ചിരിയോടെ അയാളതു പറഞ്ഞ്, ഊർമ്മിളയെ നോക്കുന്നത് ഇടംകണ്ണാലേ സോഹൻ കാണുന്നുണ്ടായിരുന്നു……എങ്കിലും ഉള്ളിലെ നീരസം പുറത്തു കാട്ടാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു…..
അരുന്ധതി പോയി, മൂന്നാം ദിവസം രാവിലെയാണ് ഒരു പോലീസ് ജീപ്പ് മുറ്റത്തു വന്നുനിന്നത്…..
ശബ്ദം കേട്ട് പ്രതാപചന്ദ്രനൊപ്പം ഊർമ്മിളയും പുറത്തേക്കിറങ്ങി വന്നു…..
നിങ്ങളാണോ പ്രതാപചന്ദ്രനും ഭാര്യ ഊർമ്മിളയും. ……??
അതെ സർ…. എന്താ കാര്യം…..??
നിങ്ങൾക്കെതിരെ ഒരു അറസ്റ്റ് വാറണ്ടുണ്ട്….
പോലീസുകാരൻ പറഞ്ഞതു കേട്ട് ഇരുവരും മുഖത്തോടു മുഖം നോക്കി….ഉള്ളിലെ നടുക്കം പുറത്തു കാണിക്കാതെ അയാൾ ചോദിച്ചു;
എന്താണ് സർ ഞങ്ങൾക്കെതിരെയുള്ള കുറ്റം…..?ആരാണ് പരാതി തന്നത്….?
കൊലക്കുറ്റം മുതൽ മാനനഷ്ടം വരെയുള്ള കേസുകളുണ്ട് നിങ്ങൾക്കെതിരെ……പിന്നെ, പരാതിക്കാർ ഒരാളല്ല, മൂന്നു പേരാണ്…..
ഒരാൾ നിങ്ങളുടെ മകൻ സോഹൻചന്ദ്ര….മറ്റൊന്ന് അയാളുടെ ഭാര്യ അഡ്വ : അരുന്ധതി നായർ…….മൂന്നാമത് നിയമപരമായി നിങ്ങൾ വിവാഹം ചെയ്ത നിങ്ങളുടെ ആദ്യഭാര്യ, വസുന്ധര ദേവി…..!
കേട്ടതൊന്നും വിശ്വസിക്കാനാവാതെ നിന്ന അവർക്കിടയിലേക്ക് സോഹൻ ഇറങ്ങി വന്നു…
ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ ഡാഡിക്ക്….?എന്നാലൊന്നും അവിശ്വസിക്കണ്ട…. എല്ലാം സത്യമാണ്….എന്നോടും എന്റമ്മയോടും പിന്നൊരു പാവം പെൺകുട്ടിയോടും ചെയ്തതിനെല്ലാം നിങ്ങളനുഭവിക്കും…..ഞങ്ങൾ അനുഭവിപ്പിക്കും……നോക്കിക്കോ…..
രണ്ടു പേരേയും ഒരിക്കൽകൂടി നോക്കിയ ശേഷം സോഹൻ മുകളിലേക്ക് കയറിപ്പോയി….
മതി മതി …നടക്ക്….
അവരെ നോക്കി പോലീസുകാരൻ ഒച്ചവെച്ചപ്പോൾ ,, ഇരുവരും ഒന്നും മിണ്ടാതെ ജീപ്പിനകത്തേക്കു കയറി……
********************
കോടതിമുറിയിൽ പ്രതാപചന്ദ്രനും ഊർമ്മിളക്കുമെതിരെ സാക്ഷികളും സാക്ഷി മൊഴികളും തെളിവുകളും നിരത്തി കത്തിക്കയറുകയായിരുന്നു അരുന്ധതി…..ഒരേസമയം വാദിഭാഗം വക്കീലായും അച്ഛനെ കൊന്നതിന്റെ ദൃക്സാക്ഷിയായും അവൾ ഭാവപ്പകർച്ച നടത്തി…..വർഷങ്ങൾക്കു ശേഷം, ഭ്രാന്തില്ലാത്തവളായി വസുന്ധരാദേവിയും സംസാരിച്ചു…..താൻ വഞ്ചിക്കപ്പെട്ട കഥ സോഹനും തുറന്നടിച്ചു…….ചെറുത്തുനിൽക്കാൻ പഴുതുകളില്ലാതെ ആദ്യമായി തോൽവി ഏറ്റുവാങ്ങിക്കൊണ്ട് പ്രതാപചന്ദ്രൻ നിൽക്കവേ….. ,,,,,ജഡ്ജി വിധി പറഞ്ഞു:
സാക്ഷികളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലും, നിരപരാധിത്വം തെളിയിക്കാൻ പ്രതിഭാഗം വക്കീലിന് സാധിക്കാത്തതിനാലും വിവിധ വകുപ്പുകൾ ചുമത്തി ഇരുവരേയും ജീവപര്യന്തം തടവിന് ഈ കോടതി ഉത്തരവിടുന്നു…..!
വസുന്ധര തന്റെ മകനെ കെട്ടിപ്പുണർന്നു……ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കമായി അയാളവരുടെ മാറോട് ചേർന്നു കിടന്നു…..
വർഷങ്ങളായി താൻ നെഞ്ചിലേറ്റിയ അഗ്നി അന്നവിടെ ആളിക്കത്തുകയും അണഞ്ഞു തീരുകയും ചെയ്ത ആത്മനിർവൃതിയോടെ അരുന്ധതി കോടതി വരാന്തയിലേക്കിറങ്ങി…….
മോളേ…..
പിന്നിൽ നിന്നും വേദനനിറഞ്ഞൊരു വിളി….അവൾ തിരിഞ്ഞു നിന്നു….ഊർമ്മിള……!
അരുന്ധതിയുടെ മുഖം ചുവന്നു…..കണ്ണുകൾ കുറുകി…..
നിങ്ങളെന്നെ അങ്ങനെ വിളിക്കരുത്…..!അവൾ ആജ്ഞാപിച്ചു.
ഒരമ്മയുടെ കർത്തവ്യം നിർവഹിക്കാനറിയാത്ത നിങ്ങൾക്ക് എന്തു യോഗ്യതയുണ്ടെന്നെ അങ്ങനെ വിളിക്കാൻ….??ഈ ജന്മമത്രയും അരുന്ധതി ദൈവത്തോട് ഒരു പരാതിയേ പറഞ്ഞിട്ടുള്ളൂ…..എന്തിനാണെന്നെ നിങ്ങളുടെ വയറ്റിൽ തന്നെ സൃഷ്ടിച്ചെടുത്തതെന്ന്……അത്രയ്ക്ക് വെറുപ്പാണെനിക്കു നിങ്ങളെ…..സ്വന്തം സുഖം തേടി പോകണമെങ്കിൽ പോകാമായിരുന്നു …അതിനെന്റെ അച്ഛനെ കൊല്ലണമായിരുന്നോ……..???
അവൾ പൊട്ടിത്തെറിച്ചു…..
സോഹന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചപ്പോഴാണ് ,, അത് കോടതിയാണെന്ന കാര്യം പോലും അവളോർത്തു പോയത്….
വിലങ്ങിട്ട കൈകളോടെ പ്രതാപചന്ദ്രനും ഊർമ്മിളയും വണ്ടിയിൽ കയറുന്നത് കൺനിറയെ കണ്ടുകൊണ്ട് അവർ മൂവരും മുറ്റത്തേക്കിറങ്ങി….
എന്നാൽ ശരി ഞാനിറങ്ങാണ്….അതിനു മുമ്പ് നമ്മൾ തമ്മിലൊരു കടം ബാക്കിയില്ലേ സോഹൻ……?ഇഷ്ടത്തോടെയല്ലെങ്കിലും താൻ കെട്ടിയ ഈ താലി……!അത് പൊട്ടിച്ചെടുക്കാൻ ഞാനനുവദിക്കില്ല….കാരണം അത് ദൈവനിന്ദയാണ്……താലിക്കൊരു മഹത്വമുണ്ട്……ഒരു സത്യമുണ്ട്……അതുകൊണ്ട് സന്തോഷത്തോടെ തന്നെ ഞാനിത് അഴിച്ചു തരികയാണ്…..ഇനി ഈയൊരു ചരടിന്റെ ആവശ്യം നമുക്കിടയിലില്ല……..
അവളുടെ കൈകൾ ചരടിൽ കൊളുത്തിയ താലിയിലേക്ക് നീണ്ടതും,, സോഹന്റെ കരം അവളുടെ കൈതണ്ടയിലമർന്നു…….
നീ പറഞ്ഞതു പോലെ ആഗ്രഹത്തോടെ കെട്ടിയതല്ല ഞാനാ താലിയെങ്കിലും,,,ഇന്നത്, ഈ കഴുത്തിൽ കിടക്കുന്നത് കാണാനാണ് എനിക്കിഷ്ടം……പറയുന്നത് തെറ്റാണോ എന്നറിയില്ല എങ്കിലും ഒന്നു ചോദിച്ചോട്ടേ….വന്നൂടെ എന്റെ കൂടെ…. എന്റെ പെണ്ണായിട്ട്……എന്റമ്മേടെ മരുമോളായിട്ട്……
സോഹന്റെ വാക്കുകളിൽ വിശ്വാസം വരാതെ അവളാ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചു നോക്കിനിൽക്കെ……. ,,,, വസുന്ധരാമ്മ അവളെ ചേര്‍ത്തു പിടിച്ചു….
ഇവൻ പറഞ്ഞതാ മോളേ ശരി…..മോള് കാരണമാണ് എനിക്കെന്റെ മകനെ തിരിച്ചു കിട്ടിയത്……എന്റെ ജീവൻ തിരിച്ചു കിട്ടിയത്…..അതുകൊണ്ട്, ഇനിയുള്ള ഞങ്ങളുടെ ജീവിതം പൂർണ്ണമാകണമെങ്കിൽ മോള് ഞങ്ങടെ കൂടെത്തന്നെ വേണം…..എന്റെ മരുമകളായിട്ടല്ല,,, മകളായിട്ട്…..!
ആ വാക്കുകളിൽ ഒരമ്മയുടെ സ്നേഹം അവളറിയുകയായിരുന്നു……അവൾ നാണത്തോടെ സോഹനെ നോക്കി പുഞ്ചിരിച്ചു….ആ കണ്ണുകളിലൊളിപ്പിച്ച പ്രണയത്തിന്റെ സൂനങ്ങൾ തനിക്കു വേണ്ടി സുഗന്ധം പൊഴിക്കുന്നത് അയാളറിഞ്ഞു….
ഒരുവശത്ത് അവളേയും മറുവശത്ത് അമ്മയേയും അണച്ചുപിടിച്ച് സോഹൻ കാറിനടുത്തേക്കു നടക്കുമ്പോൾ …..,,,,,അവരുടെ കൂടിച്ചേരലിന് സാക്ഷ്യം വഹിക്കാനെന്നവണ്ണം അവർക്കുമേൽ മഴ വർഷിച്ചു തുടങ്ങിയിരുന്നു….. !
അവസാനിച്ചു…