കള്ളച്ചിരിയോടെ നിൽക്കുന്ന അവൻ്റെ നെഞ്ചിലേക്കു വീണ് പൊട്ടിക്കരഞ്ഞ എന്നെയാ കൈകൾ ചേർത്തു പിടിച്ചു…

കൂടെ ~ രചന: സൗമ്യ ദിലീപ്

“ആതിരയെ എനിക്കൊരിക്കലും ഒരു ഭാര്യയുടെ സ്ഥാനത്ത് കാണാൻ കഴിയില്ല” ആഞ്ഞടുക്കുന്ന തിരകളെ സാക്ഷിനിർത്തി ഹരിയത് പറയുമ്പോൾ അവരുടെ വിവാഹം കഴിഞ്ഞ് 4 നാളുകൾ കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ

”എനിക്കൊരു പ്രണയമുണ്ട്. എലീന എൻ്റെ ഓഫീസിലെ സ്റ്റാഫ് ആണ്. അമ്മയോടീ കാര്യം സൂചിപ്പിച്ചിരുന്നു .പക്ഷേ ‘ ഒരു കൃസ്ത്യാനിപ്പെണ്ണിനെ കെട്ടി കുടുംബത്തിൻ്റെ അഭിമാനം കളയാൻ സമ്മതിക്കില്ലെന്നായിരുന്നു കിട്ടിയ മറുപടി” ഞാനൊന്നു മൂളി

“ആതിര, എനിക്കവളെ മറക്കാൻ സാധിക്കില്ല.” പറഞ്ഞതു മനസിലായില്ലെന്ന ഭാവത്തിൽ ഞാനാ മുഖത്തേക്കൊന്നു നോക്കി. എൻ്റെ നോട്ടത്തിൻ്റെയർത്ഥമറിഞ്ഞു കൊണ്ടോ എന്തോ ഹരിയേട്ടൻ ദ്യഷ്ടി മാറ്റിക്കളഞ്ഞു. എന്നെ നോക്കാതെ കടലിലേക്കു നോക്കി പറഞ്ഞു.

” അമ്മയ്ക്ക് 2 അറ്റാക്ക് കഴിഞ്ഞതാണ്. ഇനിയൊരു shock ഉണ്ടായാൽ അത് താങ്ങാൻ ചിലപ്പോൾ അമ്മയ്ക്ക് കഴിഞ്ഞെന്നു വരില്ല. ഒരിക്കലും എൻ്റെ അമ്മയുടെ മരണത്തിന് ഞാൻ കാരണക്കാരനാവരുതെന്നു കരുതിയാണ് ഇഷ്ടമില്ലെങ്കിൽ കൂടി നിൻ്റെ കഴുത്തിൽ ഞാൻ താലികെട്ടിയത് ” തല താഴ്ത്തി നിന്ന എൻ്റെ മുഖം പിടിച്ചുയർത്തി കഴുത്തിൽ കിടന്ന താലിമാലയിൽ പിടിച്ചദ്ദേഹം എന്നെ നോക്കി. ” ഇത് എനിക്കൊരു ബാധ്യത ആകരുത് ഒരിക്കലും.”

പറഞ്ഞത് മനസിലായില്ലെങ്കിലും ആ മനസ്സിൽ ഇനിയെനിക്കൊരു സ്ഥാനം ഉണ്ടാകില്ല എന്നു മനസ്സിലായി. എങ്കിലും ചോദിച്ചു ” ഞാൻ നിങ്ങൾക്ക് പേരിനൊരു ഭാര്യ മാത്രമാണോ?”

“അല്ല , എൻ്റെ അമ്മ മരിക്കുന്നതു വരെ എൻ്റെ വീട്ടിൽ നിനക്കു പരിപൂർണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. നിൻ്റെ ഒരു കാര്യത്തിനും ഞാൻ എതിരു പറയുകയുമില്ല. പക്ഷേ അതു കഴിഞ്ഞാൽ എനിക്ക് വിവാഹമോചനം തരേണ്ടി വരും “

ഇനിയൊന്നും കേൾക്കാനോ പറയാനോ ശക്തി ഇല്ലാത്തവണ്ണം ആ വാക്കുകൾ എന്നെ പൊള്ളിച്ചിരുന്നു. ഒന്നും മിണ്ടാതെ ഞാൻ തിരിഞ്ഞു നടന്നു. വീട്ടിലേക്കുള്ള യാത്രയിൽ ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ല. എൻ്റെ മനസ് ശൂന്യമായിരുന്നു.

വീട്ടിലെത്തിയപ്പോൾ സന്ധ്യയായി ഉമ്മറത്തു തന്നെ ഞങ്ങളെ കാത്ത് അമ്മയുണ്ടായിരുന്നു. അമ്മയെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു. അകത്തേക്ക് പോയി. ഹരിയേട്ടൻ ആ വഴിക്ക് വന്നതു പോലുമില്ല. അല്ലെങ്കിലും ഒരിക്കലും സ്വന്തമാകില്ലെന്നുറപ്പുള്ളയാൾ വന്നിട്ടെന്തിന്?

ഒരു മാസത്തിനുള്ളിലാണ് എൻ്റേയും ഹരിയേട്ടൻ്റെയും വിവാഹം നടന്നത്. സർക്കാരുദ്യോഗസ്ഥനായ ഒരച്ഛൻ്റെ മകൾക്ക് സ്വപ്നം കാണാൻ മാത്രം പറ്റുന്നതായിരുന്നു ബിസിനസുകാരനായ ഹരിദാസിൻ്റെ ആലോചന. വലിയ വീടും മുറ്റത്തെ ആഡംബര കാറുകളും അയാളുടെ പ്രൗഡി വിളിച്ചോതിയിരുന്നു. ഒരു മാസത്തിനുള്ളിൽ തന്നെ കൊണ്ടാവും വിധം മകളെ അയാൾക്ക് കൈപിടിച്ചേൽപ്പിക്കുമ്പോൾ അച്ഛൻ ചിന്തിച്ചു കാണില്ല മരുമകന് ഇങ്ങനെ ഒരു ഉദ്യേശ്യം ഉള്ള കാര്യം. അച്ഛൻ്റേയും അമ്മയുടേയും മുൻപിൽ എല്ലാം തികഞ്ഞവനായി അയാൾ നിറഞ്ഞാടിയപ്പോൾ അവരും വിശ്വസിച്ചു കാണണം മകളുടെ ഭാവി ആ കൈകളിൽ ഭദ്രമാണെന്ന്.

കോടീശ്വരൻ്റെ ആലോചന വന്നപ്പോൾ സമ്മതം പോലും ചോദിക്കാതെ കല്യാണം ഉറപ്പിക്കുമ്പോൾ അതിൽ നീറിപ്പുകഞ്ഞ എൻ്റെ ഹൃദയം അന്നാരും കണ്ടില്ല, അല്ല കണ്ടില്ലെന്നു നടിച്ചു. 5 വർഷം ജീവനു തുല്യം സ്നേഹിച്ചവൻ ഒരു ഷോറൂം എക്സിക്യൂട്ടീവാണെന്നറിഞ്ഞതു മുതൽ ഞാൻ വീട്ടുതടങ്കലിലായിരുന്നു. ഒന്നു പുറത്തിറങ്ങാനോ ഫോൺ ചെയ്യാനോ കഴിക്കാതെ മുറിക്കുള്ളിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നു. പ്രണയ മറിഞ്ഞതു മുതൽ തകൃതിയായി നടന്ന കല്യാണ ആലോചനകൾക്കിടയിൽ വീർപ്പുമുട്ടുകയായിരുന്നു. ഹരിയേട്ടൻ്റെ ആലോചന ഉറപ്പിച്ചതു മുതൽ അമ്മയെൻ്റെ കൂടെയായിരുന്നു കിടന്നിരുന്നത്. മകൾ രാത്രി യെങ്ങാനും ഇറങ്ങിപ്പോയാലോ എന്നോർത്ത് കൂടെ ഭീഷണിയും ഇറങ്ങിപ്പോയാൽ ഒരു തുള്ളി വിഷത്തിലോ ഒരു മുഴം കയറിലോ അച്ഛനുമമ്മയും ജീവനൊടുക്കുമെന്ന് .

വലിയ കാശുകാരനെ കണ്ടപ്പോൾ സ്നേഹിച്ചവനെ വേണ്ടെന്നു പറഞ്ഞ തേപ്പുകാരിയായി എൻറ സുധിയുടെ മുൻപിൽ നിൽക്കേണ്ടി വന്നതും അതുകൊണ്ടു തന്നെ. അവസാന നിമിഷം വരെയും തന്നെയും കാത്ത് മണ്ഡപത്തിനു മുൻപിൽ നിന്ന സുധിയെ കാണാതിരിക്കാൻ തല താഴ്ത്തിയാണ് ഇരുന്നത്. അവസാനം ഹരിദാസിൻ്റെ താലിയും സിന്ദൂരവും ഏറ്റുവാങ്ങി ഞാൻ സുമംഗലിയായപ്പോൾ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് ഇറങ്ങിപ്പോകുന്ന എൻ്റെ പ്രാണനെയാണ് കണ്ടത്.

ഇവിടെ വന്നതിനു ശേഷവും സുധി മനസിൽ നിന്നു പോവാത്തതു കൊണ്ട് ഹരിയേട്ടനോട് എല്ലാം പറഞ്ഞ് അവനെ മറക്കാൻ കുറച്ചു സമയം വേണമെന്ന് പറയാൻ നിന്നതാണ് .ഇനിയതിൻ്റെയൊന്നും ആവശ്യമില്ല. എൻ്റെ സുധിയെ എനിക്ക് സ്നേഹിക്കാം അവനിനിയെൻ്റെ സ്വന്തമാകില്ലെങ്കിലും. ഓരോന്നോർത്ത് മയങ്ങിപ്പോയി. ഉണർന്ന് നോക്കിയപ്പോൾ നേരം വെളുത്തിരുന്നു. അടുത്ത് ഹരിയേട്ടൻ കിടക്കുന്നുണ്ട്. വന്നു കിടന്നതൊന്നും അറിഞ്ഞില്ല. ആളെ ഉണർത്താതെ എണീറ്റ് കുളിച്ച് അടുക്കളയിൽ ചെന്നു. കാപ്പിയെടുത്തു കുടിച്ചു ഒരു കപ്പ് അമ്മയ്ക്കും എടുത്തു. നാലു ദിവസം കൊണ്ടു തന്നെ ഞാനും അമ്മയും നല്ല കമ്പനിയായിരുന്നു. അമ്മയോടു സംസാരിച്ചിരിക്കാൻ എനിക്കിഷ്ടമാണ്. എൻ്റെ സാമീപ്യം ആൾക്കും ആശ്വാസമാണ്.

അങ്ങനെ ചിരിച്ചും കളിച്ചും തല്ല് കൂടിയും ഞങ്ങളുടെ ദിവസങ്ങൾ പോയി കൊണ്ടിരുന്നു. ഒന്നര വർഷമായി ഞാനീ വീട്ടിൽ വന്നിട്ട് അമ്മയും ഞാനും കൂട്ടുകാരെ പോലെയാണ്. ഹരിയേട്ടനുമായി ഇപ്പോഴും അടുപ്പമൊന്നുമില്ല. അതിനു ശ്രമിച്ചില്ലെന്നതാണ് സത്യം .ഹരിയേട്ടൻ അദ്ദേഹത്തിൻ്റെ ലോകത്തും ഞാൻ എൻ്റെ ലോകത്തുമാണെന്ന് വേണമെങ്കിൽ പറയാം.

ഒരു ദിവസം ഉച്ചയൂണു കഴിഞ്ഞിരിക്കുന്ന നേരത്താണ് അമ്മയ്ക്കു പെട്ടന്ന് നെഞ്ചുവേദന വന്നത്. വേഗം ഡ്രൈവറെ വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോയി.ഹരിയേട്ടനെ വിളിച്ച് വിവരം പറഞ്ഞു. ഞങ്ങളെത്തും മുൻപേ ആശുപത്രി വാതിൽക്കൽ അക്ഷമനായി നിൽക്കുന്ന ആളെ ദൂരെ നിന്നേ കണ്ടു. അമ്മയെ നേരെ ഐ.സി.യുവിൽ കയറ്റി. പുറത്ത് നെഞ്ചിടിപ്പോടെ ഞങ്ങളും.

കുറച്ചു സമയം കഴിഞ്ഞ് ഡോക്ടർ പുറത്തിറങ്ങി വന്ന് ഹരിയേട്ടൻ്റെ തോളിൽ കൈവച്ച് sorry എന്നു പറഞ്ഞു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഒരാശ്രയത്തിനു വേണ്ടി തിരയുന്ന ആ മനുഷ്യനെ ഞാൻ നെഞ്ചോടു ചേർത്തു. എൻ്റെ തോളിൽ തല ചായ്യിച്ചിരുന്നു കരയുന്ന ഹരിയേട്ടനെ കണ്ടപ്പോഴാണ് ആ മനുഷ്യൻ അമ്മയെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന് മനസിലായത്.

അമ്മയുടെ മരണം ഹരിയേട്ടനെ മാനസികമായി വളരെയധികം തളർത്തിയിരുന്നു. ഒരു കുഞ്ഞിനെയെന്ന പോലെയാണ് ഞാൻ അദ്ദേഹത്തെ പരിചരിച്ചത്. ചോറുവാരിക്കൊടുത്തും വാ തോരാതെ സംസാരിച്ചുമൊക്കെ അദ്ദേഹത്തിൻ്റെ വിഷമം കുറക്കാൻ ശ്രമിക്കുമ്പോൾ ഒന്നര വർഷമായി ഞങ്ങൾക്കിടയിലുണ്ടാവാതിരുന്ന സ്നേഹം തിരിച്ചു വരികയാണോ എന്ന് തോന്നിപ്പോയി. ഒരു വേള അദ്ദേഹത്തിൻ്റെതാവാൻ ഞാനും കൊതിച്ചു പോയി എന്നതാണ് സത്യം .

അമ്മ മരിച്ച് 1 മാസം കഴിഞ്ഞു. ഒരു ഞായറാഴ്ച രാവിലെ അടുക്കളയിലെ പാചകത്തിനിടയിലാണ് Calling bell ൻ്റെ ശബ്ദം കേട്ടത്. ഓടിച്ചെന്നു വാതിൽ തുറന്നപ്പോൾ മുൻപിൽ നിൽക്കുന്ന ആളെ കണ്ടൊന്നു ഞെട്ടി.

“എലീന ” എന്നെ നോക്കി പുച്ഛത്തോടെയൊന്നു ചിരിച്ചിട്ട് അവളകത്തേക്ക് കയറിപ്പോയി. സത്യത്തിൽ അത്ര നാളും ഇങ്ങനെയൊരു കാര്യം ചിന്തിച്ചിരുന്നില്ലെന്നതാണ് സത്യം. ഒരു നിമിഷം തളർന്ന് ഞാനാ നിലത്തിരുന്നു. മുറിയിൽ നിന്ന് വാഗ്വാദങ്ങൾ കേട്ടു തുടങ്ങിയപ്പോഴാണ് എന്നെച്ചൊല്ലിയാണവിടെ തർക്കം നടക്കുന്നതെന്നു മനസിലായത്.

ഗോവണി കയറിച്ചെന്ന് ഒരു ബാഗെടുത്തു എൻ്റേതായ സാധനങ്ങളെല്ലാം നിറച്ചു. ഒരു വാക്ക് മിണ്ടാതെ ആ പടിയിറങ്ങുമ്പോൾ കണ്ടു നിറഞ്ഞ കണ്ണുകളോടെ എന്നെയും നോക്കി നിൽക്കുന്ന ഹരിയേട്ടനെ. ആ മുഖത്തെ നിസഹായാവസ്ഥ മനസിലാക്കി ആളെ നോക്കി ഒന്നു പുഞ്ചിരിച്ചു. ഇനിയെന്ത് എന്ന ചോദ്യം ശ്വാസം മുട്ടിച്ചു.

എവിടെപ്പോയാലും സ്വന്തം അമ്മയുടെ മടിത്തട്ടിനേക്കാൾ വലിയ ആശ്രയമില്ലെന്ന ചിന്തയിൽ വീട്ടിലേക്കു ചെന്നു. വാതിൽ തുറന്ന അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അച്ഛനുമമ്മയും മാറി മാറി ചോദിച്ചിട്ടും ഒന്നും പറയാനുള്ള ശക്തി ഇല്ലായിരുന്നു.എൻ്റെ കരച്ചിൽ കണ്ട് അവരും പലതും ഊഹിച്ചിരിക്കണം. അന്ന് പിന്നെ ചോദ്യവും പറച്ചിലുമൊന്നും ഉണ്ടായില്ല. പിറ്റേന്ന് രാവിലെ ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടാണെറ്റീത്. നോക്കുമ്പോൾ ഹരിയേട്ടനാണ് കൂടെ എലീനയും ഉണ്ട്. അവിടേക്കു പോകാൻ തോന്നിയില്ല. സ്ഥാനമില്ലാത്തിടത്ത് ചെന്ന് വാഗ്വാദങ്ങൾ നടത്തിയിട്ടെന്തു കാര്യം.തർക്കങ്ങളും അച്ഛൻ്റേയും അമ്മയുടേയും ശാപവാക്കുകൾക്കുമൊടുവിൽ വണ്ടി പോകുന്ന ശബ്ദം കേട്ടു .

അവർ പോയെന്നു മനസിലായപ്പോഴാണ് അങ്ങോട്ടു ചെന്നത്. അമ്മയെന്നെ കെട്ടിപ്പിടിച്ചൊരു പാട് കരഞ്ഞു. അവരാണല്ലോ എനിക്കീ ബന്ധം കണ്ടു പിടിച്ചത്. എല്ലാം എൻ്റെ വിധിയാണെന്നു പറഞ്ഞൊഴിഞ്ഞു. പരമാവധി മുറിയിൽ തന്നെ ഒതുങ്ങിക്കൂടി. ഒരു മാസം കഴിയും മുമ്പേ ഡിവോഴ്‌സ് നോട്ടീസ് കൈയിൽ കിട്ടി. കൂടുതൽ തർക്കിക്കാൻ താൽപര്യമില്ലാത്തതു കൊണ്ട് മ്യൂച്ചൽ ഡിവോഴ്സിന് സമ്മതമാണെന്ന് ഹരിയേട്ടനെ വിളിച്ചു പറഞ്ഞു. ആൾ തന്നെ വക്കീലിനെ കൊണ്ടു വീട്ടിൽ വന്ന് കൊണ്ട് സൈൻ ചെയ്യിച്ചു. 3 കൗൺസിലിംഗ് ഉണ്ടായിരുന്നു. 7 മാസത്തിനുള്ളിൽ ഡിവോഴ്‌സ് കിട്ടി. പരസ്പരം കൈ കൊടുത്ത് ചിരിച്ചു കൊണ്ടാണ് ഞങ്ങൾ പിരിഞ്ഞത്.

അല്ലെങ്കിലും പരസ്പരം സ്നേഹിക്കാത്തവർ തമ്മിൽ പിരിയുമ്പോൾ സങ്കടം എന്തിന്? അദ്ദേഹം ഒരിക്കലും എൻ്റെതായിരുന്നില്ല. കുറച്ചു കാലം ഒരുമിച്ചു കഴിഞ്ഞു എന്നു മാത്രം.എൻ്റെതാണെന്നു പറയാൻ മാത്രം ഒന്നും തന്നിട്ടില്ല അയാൾ കെട്ടിയ താലിയല്ലാതെ ആ ബന്ധവും ഇന്നത്തോടെ തീർന്നു. ഹരിദാസ് എന്ന അദ്ധ്യായം ഇതോടെ അവസാനിച്ചു.കോടതി മുറിയിൽ നിന്നും എലീനയുടെ കൈ പിടിച്ചിറങ്ങിപ്പോകുന്ന ഹരിയേട്ടനെ നോക്കി ഒരു നിമിഷം ഞാൻ നിന്നു

മറ്റുള്ളവരുടെ സഹതാപം നിറഞ്ഞ നോട്ടം നേരിടാനായിരുന്നു ഏറ്റവും പാട്. എങ്കിലും ദിവസവും അമ്പലത്തിൽ പോകും. എൻ്റെ വിഷമങ്ങൾ അവിടെ ഇറക്കി വക്കുമ്പോൾ ഒരാശ്വാസം. ഒരു ദിവസം അമ്പലത്തിൽ നിന്നിറങ്ങുമ്പോൾ കണ്ടു ആൽത്തറയിൽ ഇരിക്കുന്ന സുധിയെ. കാലുകൾക്ക് എന്തോ ഒരു ഭാരം പോലെ. ഓടണമെന്നുണ്ട് പക്ഷേ കഴിയുന്നില്ല. അവൻ്റെ സഹതാപം കൂടി ഏറ്റുവാങ്ങാനുള്ള ശേഷിയില്ല. എങ്കിലും പോവാൻ വേറെ വഴിയില്ലാത്തതു കൊണ്ട് തല താഴ്ത്തി നടന്നു. ആൽത്തറയ്ക്കരികിലെത്തുന്തോറും കൂടുന്ന ഹൃദയമിടിപ്പിനെ പിടിച്ചു നിർത്താൻ കഴിയുന്നില്ല. അനുസരണയില്ലാതൊഴുകുന്ന കണ്ണീർ അവൻ കാണാതിരിക്കാൻ തലയും താഴ്ത്തിയാണ് നടന്നത്.

അടുത്തെത്തിയപ്പോൾ നോക്കാതിരിക്കാനായില്ല. അതും പ്രതീക്ഷിച്ചെന്ന വണ്ണം കൈയും കെട്ടി എൻ്റെ മുഖത്തു നോക്കിയാണ് നിൽപ്പ്. ഞാനൊന്നു ചിരിച്ചു. പക്ഷെ അവിടെ ഗൗരവമാണ്. അല്ലെങ്കിലും എനിക്കു വേണ്ടിയുള്ള മനോഹരമായ ആ പുഞ്ചിരി ഇനിയവിടെ വിരിയില്ലല്ലോ. മുന്നോട്ടു നടന്ന എൻ്റെ കൈകളിൽ ഒരു പിടി വീണു. ” കാര്യങ്ങളെല്ലാം അറിഞ്ഞു, എന്നെയൊന്ന് വിളിക്കാൻ തോന്നിയില്ലലോ നിനക്ക്. നമ്പർ ഇപ്പോഴും മാറിയിട്ടൊന്നുമില്ല. ഈ നെഞ്ചിൽ എന്നും നീ മാത്രമേയുള്ളൂ .ആ സ്ഥാനം ഞാൻ വേറാർക്കും കൊടുത്തിട്ടില്ല. ” ഒരു നിമിഷം ഞെട്ടിത്തരിച്ചു ഞാൻ നിന്നു.പിന്നെ പതിയെ കൈയിലെ പിടി വിടുവിച്ച് തിരികെ നടന്നു. തിരിഞ്ഞു നടന്നാലും എനിക്കറിയാൻ കഴിയുമായിരുന്നു അവൻ്റെ മുഖത്തെ ഭാവം.

വീട്ടിലെത്തി ഒന്നും മിണ്ടാതെ മുറിയിലടച്ചിരുന്നു. കുറെ കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടുകേട്ടാണ് എഴുന്നേറ്റത്. എപ്പോഴോ മയങ്ങി പോയിരുന്നു. എഴുന്നേറ്റു മുഖം തുടച്ചു വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടിത്തരിച്ചു പോയി.

സുധി!

“അകത്തേക്കു വരാമോ? “

എൻ്റെ ഹൃദയത്തിൽ നീ മാത്രമേയുള്ളൂ എന്നുറക്കെ അവനോട് പറയണമെന്നുണ്ട് പക്ഷേ ഒരു രണ്ടാം കെട്ടുകാരിയായി അവൻ്റെ ജീവിതത്തിലേക്കു കടന്നു ചെല്ലേണ്ടന്നോർത്തു കൊണ്ട് മിണ്ടാതെ വാതിൽക്കൽ നിന്നു.

മാറുന്നില്ലെന്നു കണ്ടപ്പോൾ സുധി തന്നെ അകത്തു കയറി. ” ഒരു തേപ്പുകാരിയായി നിന്നെ ഒരിക്കലും ഞാൻ കണ്ടിട്ടില്ല. നിൻ്റെ അവസ്ഥ എനിക്കു മനസിലായിരുന്നു. അച്ഛനമ്മമാരുടെ ഭീഷണിക്കു മുൻപിലാണ് നീ കീഴടങ്ങിയതെന്നെനിക്കറിയാമായിരുന്നു. താലികെട്ടുന്ന സമയത്ത് നിസഹായതയോടെ എന്നെ നോക്കിയ ആ മുഖം ഇന്നും എൻ്റെ കൺമുന്നിലുണ്ട്. ഒരു രണ്ടാം കെട്ടുകാരിയാണെന്ന സങ്കോചം കാരണമാണ് നീയെന്നെ അകറ്റി നിർത്തുന്നതെന്നെനിക്കറിയാം. അതൊക്കെ മറന്നേക്കൂ. ഈ മനസ്സിൽ നീ മാത്രേയുള്ളൂ. നിൻ്റെ മനസ്സിലും ഞാൻ മാത്രമാണെന്നെനിക്കറിയാം. അതു കൊണ്ട് മറുത്തൊന്നും പറയാതെ എൻ്റെ ആദിക്കുട്ടി കല്യാണത്തിനൊരുങ്ങിക്കോ”

“പക്ഷേ സുധിയുടെ വീട്ടുകാർ…..” മുഴുവൻ പറയാനനുവദിച്ചില്ല അതിനു മുൻപേ ആ കൈകളെൻ്റ ചുണ്ടുകൾ പൊത്തിയിരുന്നു.

“ചുമ്മാ കിടന്നുറങ്ങിയാൽ വീട്ടിലാരാ വന്നതെന്നു കാണാൻ പറ്റില്ല, അവിടെ അച്ഛനും അമ്മയും ഉണ്ട് നിന്നെ പെണ്ണു ചോദിക്കാനാ ഞാൻ വന്നേ , നിൻ്റച്ഛനും അമ്മയ്ക്കും പൂർണ സമ്മതമാണ്. നിനക്കെന്തേലും എതിരഭിപ്രായമുണ്ടോ? “
പറയാനെനിക്ക് വാക്കുകളില്ലായിരുന്നു. മുഖം പൊത്തിക്കരഞ്ഞ എൻ്റെ അരികിലേക്കു നീങ്ങി നിന്ന് സുധി ചോദിച്ചു.

“എന്താ ആദൂസേ ജാഡയാണോ? ” കള്ളച്ചിരിയോടെ നിൽക്കുന്ന അവൻ്റെ നെഞ്ചിലേക്കു വീണ് പൊട്ടിക്കരഞ്ഞ എന്നെയാ കൈകൾ ചേർത്തു പിടിച്ചു ഇനിയെന്നും കൂടെയുണ്ടാവും എന്ന് പറയാതെ പറയുന്ന പോലെ.