മനസ്സറിയാതെ – ഭാഗം – 12, രചന: അദിതി റാം

പക്ഷേ ഇനി ഒരിക്കലും അങ്ങനെ ഒരാൾ ഇല്ലെന്ന് വിശ്വാസിക്കാൻ കഴിഞ്ഞില്ല….

വീണ്ടും ഒറ്റക്കായത് പോലെ…കണ്ണുകൾ ഇറുകെ അടക്കുമ്പോഴും തുറക്കുമ്പോഴും കണ്മുന്നിൽ തെളിയുന്നത് ആ മുഖം മാത്രം…

ശരീരവും മനസ്സും ഒരുപോലെ തളരുന്നു എന്ന് തോന്നിയപ്പോൾ ആണ് ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന അച്ഛനെ പോലും ഓർക്കാതെ ആ പൊട്ടബുദ്ധി തോന്നിയത്.നിലാവിന്റെ അരണ്ട വെളിച്ചത്തിൽ ബ്ലേഡ് എടുത്തു കൈത്തണ്ടയിൽ ഞരമ്പിനു മുകളിൽ ചേർത്ത് വരച്ചതും കൈനീറി വേദന യിൽ പിടഞ്ഞു ഞാൻ നിന്നു.ഇടക്കെപ്പോഴോ കരച്ചിൽ ഉച്ചത്തിൽ ആയപ്പോൾ അച്ഛൻ വന്ന് ലൈറ്റ് ഇട്ടു പരിഭ്രമത്തോടെ ചോരയിറ്റു വീഴുന്ന കയ്യിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി.

എന്താണ് മോളെ നിനക്ക്‌ പറ്റിയത്?

എന്ന് ഇടറിയ ശബ്‌ദത്തോടെ അച്ഛൻ ചോദിച്ചതും ഉത്തരം പറയാൻ ആവാതെ ഞാൻ നിസഹായതയോടെ ആ മുഖത്തേക്ക്‌ ഉറ്റു നോക്കി.പിന്നീട് ബോധം വരുമ്പോൾ ആശുപത്രി മുറിയിൽ ആയിരുന്നു.കണ്ണുകൾ പ്രയാസപെട്ട് തുറന്നപ്പോൾ മൂക്കിനുള്ളിലേക്ക് മരുന്നുകളുടെ മണം തികട്ടി വന്നു..അപ്പോഴാണ് അടുത്തിരിക്കുന്ന അച്ഛനെ കണ്ടത്.ആ മുഖത്ത് സങ്കടവും തളർച്ച യും ഏറെ ആയിരുന്നു.ചുറ്റിലും കണ്ണോടിച്ചപ്പോൾ ഗൗരി ചേച്ചിയെയും ശങ്കരേട്ടനേയും കണ്ടു.എല്ലാവരുടെയും ദൃഷ്ടി തന്റെ മേൽ ഒരു ചോദ്യചിഹ്നമായി പതിഞ്ഞിരിക്കുകയാണ് എന്ന് മനസ്സിലായപ്പോൾ ഞാൻ കണ്ണുകൾ ഇറുകെ പൂട്ടി…

കുറച്ചു നേരം കഴിഞ്ഞതും അച്ഛനും ശങ്കരേട്ടനും പുറത്ത് പോയപ്പോൾ ഗൗരി ചേച്ചി അടുത്തു വന്നിരുന്നു.

എന്തിനാണ് കുട്ടി നീ ഇത് ചെയ്തത്? അതിന് മാത്രം മോൾക്ക് എന്ത്‌ വിഷമം ആണ് ഉണ്ടായത്?

ഏറെ നേരം കഴിഞ്ഞാണ് എന്തെങ്കിലും ഒന്ന് പറയാൻ നാവ് അനങ്ങിയത്.

എന്നോട് ഒന്നും ചോദിക്കല്ലേ ചേച്ചി?ഏതോ ഒരു നശിച്ച നിമിഷത്തിൽ ഞാൻ എന്റെ അച്ഛനെ മറന്നു പോയി.അത്ര മാത്രം പറഞ്ഞു ഞാൻ ഭിത്തിക്ക് നേരെ മുഖം തിരിച്ചു.അന്ന് വൈകുന്നേരം ആയപ്പോൾ ഡോക്ടർ വന്നു.അപ്പോഴേക്കും അച്ഛനും ഗൗരി ചേച്ചിയും ശങ്കരേട്ടനും ഒക്കെ പതുക്കെ പുറത്തേക്ക് നടന്നു..അടുത്തേക്ക് വന്നു ടെസ്റ്റ് റിപോർട്ട്സ്‌ നോക്കി എന്റെ കയ്യിലെ മുറിവിൽ നോക്കി. ഇടക്ക് എന്നെ നോക്കി ചിരിച്ചതും ഞാൻ ആ മുഖത്തേക്ക്‌ നോക്കി. ആ പുഞ്ചിരിച്ച സ്ത്രീത്വം തുളുമ്പുന്ന മുഖം ഇടക്കൊക്കെ അച്ഛനൊപ്പം ഇവിടെ വരുമ്പോൾ കാണാറുണ്ട് എന്ന് ഓർത്തു.

വിദ്യ…എല്ലാ ഹോസ്പിറ്റലുകളിലും ഒരു നിയമം ഉണ്ട്..ചിലപ്പോൾ വിദ്യക്ക് അറിയുകയും ഉണ്ടാവും.കോളേജിൽ ഒക്കെ പഠിക്കുന്ന വലിയ കുട്ടി ആയ സ്ഥിതിക്ക്!

പുഞ്ചിരിയോടെ എന്നെ നോക്കി അവരത് പറഞ്ഞതും ഞാൻ ആ മുഖത്തേക്ക്‌തന്നെ സംശയഭാവത്തിൽ ഉറ്റു നോക്കി.

ഇതുപോലെ സൂയിസൈഡ് അറ്റമ്പ്റ്റ് ചെയ്തു ആരെങ്കിലും വരികയാണെങ്കിൽ ആ വിവരം ആദ്യം പോലീസ് സ്റ്റേഷനിൽ അറിയിക്കണം എന്ന നിയമം.

അവരത് പറഞ്ഞതും ഹൃദയമിടിപ്പ് കൂടി ഉച്ചത്തിൽ ആയി..

പറയു വിദ്യ..ഇനി ജീവിക്കേണ്ട മരിക്കുന്നതാണ് നല്ലത് എന്ന് തോന്നണം എങ്കിൽ അതിന് തക്കതായ ഒരു കാരണം ഉണ്ടായിരിക്കുമല്ലോ,! ഒന്നുകിൽ വീട്ടിൽ തന്നെ ഉള്ള പ്രശ്നങ്ങൾ കാരണം ആവാം.അല്ലെങ്കിൽ പുറത്ത് നിന്നുള്ള വിദ്യയുമായി ബന്ധമുള്ള എന്തെങ്കിലും കാരണം കൊണ്ടാവും. എന്തായാലും പറയു.എന്നിട്ട് വേണം ബാക്കിയുള്ള കാര്യങ്ങൾ ചെയ്യാൻ.

ഒന്നുമില്ല.എനിക്ക് പെട്ടെന്ന് വന്ന സങ്കടത്തിൽ ചെയ്ത് പോയത്‌ ആണ്.

അതിന്റെ കാരണം ആണ് വിദ്യ.ഞാൻ ചോദിച്ചത്.വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും ആയിരിക്കില്ല സംഭവിക്കുക…വിദ്യയുടെ അച്ഛനെ നന്നായി അടുത്തറിയാം എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ഞാൻ അതിനൊന്നും മുതിരാത്തത്…വിദ്യയെ ആത്മഹത്യ ക്ക് പ്രേരിപ്പിച്ചതെന്താണ്? അതിന്റെ ഗൗരവം എത്രത്തോളം ആണ് എന്നൊക്കെ എനിക്ക് ബോധ്യമാവണം.

പറയാം…ഞാൻ എല്ലാം പറയാം.പക്ഷേ അതൊന്നും ഒരിക്കലും എന്റെ അച്ഛനോ ബാക്കി ആരും അറിയരുത്.അവരോടൊന്നും ഡോക്ടർ ഈ കാര്യം പറയില്ല എന്ന് ഉറപ്പ് പറയണം..

ആയിക്കോട്ടെ…ആദ്യം താൻ കാര്യം പറ!അപ്പോൾ അല്ലെ എനിക്കതിന്റെ ഗൗരവം മനസ്സിലാവൂ.

ഡോക്ടർ അത്‌ പറഞ്ഞതും ഞാൻ തല കുമ്പിട്ടിരുന്നു.ഇടക്കെപ്പോഴോ പറഞ്ഞു തുടങ്ങുക യായിരുന്നു മനസ്സിനെ അത്രമേൽ ബാധിച്ച ആളുടെ തിരിച്ചു പോക്കിനെ കുറിച്ച്.എല്ലാം പറഞ്ഞു തീർന്നതും ആ മുഖത്തേക്ക് നോക്കാൻ വലിയ പ്രയാസം ആയിരുന്നു.എന്നിട്ടും ധൈര്യം സംഭരിച്ച് ആ മുഖത്തേക്ക്‌ നോക്കി.

ഡോക്ടറുടെ മനസ്സിൽ ഇപ്പോൾ ഞാൻ ബുദ്ധിയില്ലാത്ത ഒരു പൊട്ടി കുട്ടി ആയിരിക്കും എനിക്കറിയാം.ജീവന് തുല്യം സ്നേഹിക്കുന്ന അച്ഛനേയും വീട്ടുകാരെ യും ഒക്കെ മറന്ന് മാസങ്ങൾ മാത്രം പരിചയം ഉള്ള ഒരാൾക്ക് വേണ്ടി മരിക്കാൻ പോയ ഒരു വിഡ്‌ഡി.അതും പറഞ്ഞു ഞാൻ ആ മുഖത്തേക്ക്‌ നോക്കി.

തന്നെ കുറ്റം പറയാൻ ആർക്കും അവകാശമില്ല വിദ്യ.തനിക്ക്‌ അയാള് അത്രമേൽ പ്രിയപ്പെട്ടതായത് കൊണ്ട് ആണല്ലോ ആളുടെ മടങ്ങി പോക്ക് വേദന ഉണ്ടാക്കിയത്.താൻ അയാളെ സ്നേഹിച്ചത് അയാൾ അറിയാതെ പോയി..അല്ലെങ്കിൽ ഉള്ളിന്റെ ഉള്ളിൽ വിദ്യക്ക് അയാളോട് ഉണ്ടായിരുന്ന സ്നേഹം വിദ്യക്ക്‌ തന്നെ തിരിച്ചറിയാൻ കഴിയാതെ പോയി.പിന്നെ അച്ഛൻ തരുന്ന സ്‌നേഹവും കരുതലും ഒക്കെ അച്ഛന് മാത്രമേ തരാൻ കഴിയൂ…അതുപോലെ അയാളിൽ നിന്നും വിദ്യക്ക് കിട്ടിയിരുന്ന സന്തോഷം എന്താണോ അത്‌ തരാൻ അയാൾക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ.ആ തിരിച്ചറിവ് ഉള്ളിന്റെ ഉള്ളിൽ ഉള്ളത്‌കൊണ്ടാണല്ലോ വിദ്യ ഇത് ചെയ്തത്..പക്ഷേ അതിന് മുന്നേ വിദ്യ അത്‌ അയാളോട് തുറന്നു പറയണമായിരുന്നു.അല്ലെങ്കിൽ ഇനി അയാളെ തേടി കണ്ടുപിടിച്ചു ഇഷ്ടം പറയണം ആയിരുന്നു.

അത് ചെയ്യാത്ത ത് കൊണ്ടാണല്ലോ ഇത് ഇത്രയും വരെ എത്തിയത്.

കയ്യിലെ മുറിവിലേക്ക് നോക്കി ഡോക്ടർ ചിരിയോടെ പറഞ്ഞു..എന്തൊക്കെയോ തിരിച്ചു പറയണം എന്ന് ഉണ്ടായിട്ടും ഒന്നും പറയാൻ കഴിയാതെ ഞാനിരുന്നു.ഡോക്ടർ പോവാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ ആ കൈയി പിടിച്ചത്.

ആരോടും പറയരുത്.ഞാൻ പറഞ്ഞില്ലേ!പെട്ടെന്നൊരു നിമിഷം ഒറ്റക്കായത് പോലെ തോന്നി.ഇതിനൊക്കെ കാരണം ആയ ആൾക്ക് ഒന്നും അറിയില്ല.അയാള് എവിടെയെങ്കിലും സമാധാനത്തോടെ കഴിഞ്ഞോട്ടെ ഡോക്ടർ.ഞാൻ ആയിട്ട് വെറുതെ എന്തിനാണ് അയാളെ ബുദ്ധിമുട്ടിക്കുന്നത്.ആളൊരു പാവമാണ്.

അത്‌ പറഞ്ഞപ്പോൾ ഡോക്ടർ തിരികെ വന്നു എന്റെ കവിളിൽ തട്ടി.

പിന്നെ അതിനെ കുറിച്ച് ആരും എന്നോട് ചോദിച്ചില്ല…പതുക്കെ പതുക്കെ എല്ലാവരും അതോ‌ക്കെ മറന്നു തുടങ്ങി എന്ന് ഞാൻ സ്വയം മനസ്സിനെ വിശ്വസിപ്പിച്ചു…മനസ്സിരുത്തി പഠിക്കാൻ തുടങ്ങി.ഓണവും വിഷുവും ഒക്കെ പിന്നെയും വന്നു പോയി കൊണ്ടിരുന്നു..എല്ലാ ഓർമ്മകളും ഞാൻ എന്റെ മനസ്സിൽ ഒരു കോണിൽ ഒളിപ്പിച്ചു.ഇടക്ക് എനിക്ക് വേണ്ടി മാത്രം ഓർത്തെടുക്കാൻ പാകത്തിന്…

ഇങ്ങനെ ഒക്കെ ചെയ്‌തത് കൊണ്ടാവും അമ്മക്ക് എന്നോടെന്തോ അകൽച്ച ഉള്ളത് പോലെ തോന്നി.പിന്നീട് അത്‌ കാര്യമാക്കാതെ ഉള്ളു തുറന്നു തന്നെ സ്നേഹിച്ചു.രണ്ട് വർഷം കഴിഞ്ഞപ്പോൾ കോളേജിലെ ഡിഗ്രി ജീവിതം അവസാനിച്ചു.ആഗ്രഹിച്ച പോലെ അധ്യാപികയാവാൻ ചേർന്നു..കോഴ്‌സ് അവസാനിക്കാറയപ്പോൾ ആണ് അമ്മയുടെ ആങ്ങള വഴി അഖിലേട്ടന്റെ ആലോചന വരുന്നത്.പൂർണ്ണ മനസ്സോടെ ആണ് അച്ഛനോട് കല്യാണത്തിന് സമ്മതം മൂളിയത്.പെണ്ണു കാണാൻ വന്ന അന്ന് അഖിലേട്ടൻ തന്നെ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു.ഒരിക്കൽ കല്യാണം കഴിഞ്ഞതാണ് എന്നും അതിനുള്ള കാരണങ്ങൾ നിഷ്‌കളങ്കമായി തുറന്നു പറഞ്ഞത് കൊണ്ടും വേണ്ടെന്ന് വെക്കാൻ തോന്നിയില്ല..അച്ഛനോട് പോലും അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല.അച്ഛൻ തിരിച്ചു ഇങ്ങോട്ടും അതിനെ കുറിച്ച് എന്നോടും ചോദിചില്ല എന്നത് ആശ്വാസമായി.എല്ലാം ഏകദേശം തീരുമാനിക്കും എന്നായപ്പോൾ ആ ആത്മാർഥത നിറഞ്ഞ സംസാരം കേട്ടപ്പോൾ ഒന്നും ഒളിച്ചു വെക്കാൻ തോന്നിയില്ല.എന്നെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു.കൂട്ടത്തിൽ ഒരിക്കൽ ജീവനും ജീവിതവും അവസാനിപ്പിക്കാൻ ശ്രമിച്ചതിനെ കുറിച്ചും.ഒടുവിൽ അച്ഛൻ അഖിലേട്ടനെ കുറിച്ച് എല്ലാം അറിഞ്ഞപ്പോൾ ആ മനസ്സ് കുറ്റബോധം കൊണ്ട് നീറി.

ഞാൻ ഒന്നും അറിഞ്ഞില്ല എന്നതിനേക്കാൾ അന്വേഷിചില്ല എന്ന് പറയുന്നത്‌ ആയിരിക്കും മോളെ ശരി…

എന്ന് ഇടറിയ ശബ്ദത്തിൽ അച്ഛൻ പറഞ്ഞപ്പോൾ….

സാരമില്ല അച്ഛാ..എനിക്ക്‌ സമ്മതകുറവ് ഒന്നുമില്ല…

എന്ന് പൂർണ്ണ മനസ്സോടെ പറഞ്ഞിട്ടും അച്ഛന്റെ മനസ്സിൽ അതൊരു വേദനയായി.
ഒടുവിൽ പെട്ടെന്നൊരു ദിവസം ഒന്നും മിണ്ടാതെ പോയപ്പോൾ ആണ് ആ വേദന യുടെ ആഴം എല്ലാവരും അറിഞ്ഞത്.

സ്കൂളിൽ താൽക്കാലികമായി ഒരൊഴിവ്‌ ഉണ്ട് എന്നറിഞ്ഞപ്പോൾ ഇന്റർവ്യൂ വിന് പോയി..ഒട്ടും പ്രതീക്ഷിക്കാതെ ആ ജോലി കിട്ടുകയും ചെയ്തു.എല്ലാം മറന്നെന് മനസ്സിനെ ഇടക്കിടെ പറഞ്ഞു പഠിപ്പിക്കാൻ സാധിച്ചിരുന്നു.ആ വേദന യുടെ തീവ്രത യും കുറഞ്ഞിരുന്നു.അപ്പോഴാണ് എല്ലാം ഓർമ്മപ്പെടുത്താൻ എന്ന പോലെ ആളുടെ തിരിച്ചു വരവ്.

നിനക്ക്‌ അയാളോട് പ്രണയമായിരുന്നോ?

ലക്ഷ്‌മി ചേച്ചിയുടെ ആ ചോദ്യം വീണ്ടും വീണ്ടും എന്നെ അസ്വസ്ഥയാക്കി .ഒപ്പം വർഷങ്ങൾക്ക് ശേഷം കണ്ട പടിക്കെട്ടിൽ വച്ച് കണ്ട ആ രൂപവും മനസ്സിൽ തെളിഞ്ഞു.

കുറച്ചു തടിച്ചിട്ടുണ്ട്.കറുത്ത മീശ കുറച്ചു കൂടി കട്ടി കൂടിയിട്ടുണ്ട് .

ഓർമ്മകളിൽ നിന്നും ഉണർന്നു ലൈറ് ഇട്ട് കട്ടിലിൽ ഉറങ്ങുന്ന വീണയെ നോക്കി..
ക്ലോക്കിൽ സമയം നോക്കിയപ്പോൾ പുലർച്ചെ അഞ്ചു കഴിഞ്ഞിരുന്നു.കിടന്നിട്ടും ഉറക്കം വരാതായപ്പോൾ എഴുന്നേറ്റു കുളിച്ചു വന്നു അടുക്കളയിൽ കയറി. അമ്മ എഴുന്നേറ്റു വന്ന് എന്നെ കണ്ടതും അത്ഭുതത്തോടെ നോക്കി നിന്നു.

ഇന്നെന്താ നിനക്ക് പറ്റിയത്? അവധി അല്ലെ? കുറച്ചു കൂടി കിടക്കാമായിരുന്നില്ലേ?

സാരമില്ല അമ്മേ!ഇന്ന് അമ്മക്ക് അവധി തരാമെന്നു കരുതി.അമ്മക്കും വേണ്ടേ ഒരു ദിവസം വിശ്രമം…ചിരിയോടെ അമ്മക്കുള്ള ചായ ഗ്ലാസ്സിലേക്ക് പകർന്നു പറഞ്ഞു.ഒരു നിമിഷം അമ്മയോട് ചോദിക്കാൻ കുറെ ചോദ്യങ്ങൾ വന്നെങ്കിലും എല്ലാം മനസ്സിൽ തന്നെ പൂട്ടി വച്ചു ഞാൻ നിന്നു.ഞായറാഴ്ച കഴിഞ്ഞു ലക്ഷ്മി ചേച്ചിയെ ഒന്ന് കാണാൻ എല്ലാം തുറന്നു പറയാൻ ഉള്ളം തുടി കൊട്ടി.

പിറ്റേന്ന് ഞായറാഴ്ച ഉച്ചയ്ക്ക് മുറിയിൽ ഇരിക്കുമ്പോൾ ആണ് അമ്മ വന്നത്.

അവര് വന്നിട്ടുണ്ട്.മോളോട് ആ താക്കോൽ ഒന്ന് എടുത്തു കൊണ്ടുപോയി കൊടുക്കാൻ പറഞ്ഞു ശങ്കരേട്ടൻ.ഇപ്പോൾ വിളിച്ചിരുന്നു.

അത്‌കേട്ടതും ഒരു വിറയൽ ആയിരുന്നു ശരീരത്തിന്.പതുക്കെ നടന്ന് മേശവലിപ്പിൽ നിന്നും താക്കോൽ എടുത്തു.അപ്പോഴേക്കും അമ്മ മുറി വിട്ട് പോയിരുന്നു.

വീണ നീയിതൊന്നു കൊണ്ടുപോയി കൊടുക്കാമോ?

എനിക്ക്‌ പറ്റില്ല.ചേച്ചി തന്നെ കൊണ്ടുപോയി കൊടുത്താൽ മതി..ആകെ കിട്ടുന്ന ഒരു ഞായറാഴ്ച ആണ്..അവരെ നാളേയും കാണാമല്ലോ!

വീണ തറപ്പിച്ചു പറഞ്ഞപ്പോൾ ഞാൻ നിസ്സഹായതയോടെ നിന്നു.

അല്ലെങ്കിലും ഞാൻ എന്തിനാണ് ഭയക്കുന്നത്?അയാൾ ആരാണ്?എല്ലാം എനിക്ക്‌ മാത്രം അറിയാവുന്ന സത്യങ്ങൾ അല്ലേ!കുറച്ചൊക്കെ ലക്ഷ്മി ചേച്ചിയോടും പറഞ്ഞിട്ടുണ്ട് എന്നൊഴിച്ചാൽ ഒന്നുമില്ല.എല്ലാം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞു. അയാളെ കണ്ടാലും സംസാരിച്ചാലും എന്റെ വീട്ടിൽ താമസിച്ചാലും എനിക്ക്‌ ഒന്നുമില്ല.

അങ്ങനെ പിറു പിറുത്തു കൊണ്ട് നിന്നപ്പോൾ ആണ് വീണ അടുത്ത് നിൽപ്പുണ്ടെന്ന കാര്യം പോലും ഓർമ്മ വന്നത്.

ചേച്ചിക്ക് ഇതെന്തു പറ്റി?ഇങ്ങനെ ഒറ്റക്ക് നിന്ന് പിറുപിറുക്കുന്നത് എന്താണ് ചേച്ചി.

ഒന്നുമില്ല..

അത്ര മാത്രം പറഞ്ഞു ധൃതിയിൽ മുറിയിൽ നിന്നും പുറത്തേക്ക് നടന്നു. ഇടവഴിയിലൂടെ നടക്കുമ്പോഴും നടത്തത്തിന് വല്ലാത്ത വേഗത യായിരുന്നു. പക്ഷേ പടിക്കെട്ടുകൾ കയറാൻ തുടങ്ങിയതും കാലുകളുടെ വേഗത കുറഞ്ഞു വന്നു.കൈമടക്കിനുള്ളിൽ മുറുകെ പിടിച്ച താക്കോൽ വിയർപ്പ് പറ്റി നനഞ്ഞു. ഷാള് കൊണ്ട് താക്കോൽ അമർത്തി തുടച്ചു.മുകളിൽ എത്തിയതും ശങ്കരേട്ടൻ ഉണ്ടായിരുന്നു.

കയ്യിലുണ്ടായിരുന്ന താക്കോൽ കൂട്ടം ശങ്കരേട്ടന് നേരെ നീട്ടി.

വാടക്കകാരൻ പണ്ട് താമസിച്ചു പോയ പഴയ ആളു തന്നെയാണ് എന്താണ് ശങ്കരേട്ടൻ എന്താണ് പറയാതിരുന്നത്?

ഞാൻ ആണ് പറയാതിരുന്നത്?ഞാൻ ആണെന്ന് അറിഞ്ഞാൽ വീട്ടുകാരി സമ്മതിക്കില്ലെങ്കിലോ എന്ന് കരുതി.

അതും പറഞ്ഞു എന്റെ കയ്യിൽ നിന്നും താക്കോൽ കൂട്ടം തട്ടി പറിച്ചപ്പോൾ ആണ് ആ മുഖത്തേക്ക്‌ ഞെട്ടലോടെ നോക്കിയത്.

ഒരു നിമിഷം പകച്ചുപോയി എങ്കിലും ധൈര്യം വീണ്ടെടുത്തു.

ഞാൻ എന്തിനാണ് സമ്മതിക്കാതി രിക്കുന്നത്?

വെറുതേ അങ്ങനെ ഒരു തോന്നൽ.അത്രയേ ഉള്ളൂ.പൂട്ടിയിരുന്ന വാതിൽ തുറന്നു പിന്തിരിഞ്ഞു എന്നെ നോക്കി പറഞ്ഞു.

അത്‌കേട്ടതും നെഞ്ചിടിപ്പിന്റെ വേഗം കൂടി.

ഒന്നും പറയാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ശങ്കരേട്ടൻ വിളിച്ചു.

എനിക്കും അറിയുമായിരുന്നില്ല വരുന്നത് ശ്രീഹരി ആവും എന്ന്! അന്ന് നേരിൽ കണ്ടപ്പോൾ ആ ആളാണ് എന്ന് പറഞ്ഞപ്പോൾ അതിശയിച്ചു പോയി.പിന്നെ അന്ന് വീട്‌ കാണിക്കാൻ വന്ന ദിവസം മോള് കണ്ടിട്ട് ഉണ്ടാവും എന്ന് ഞാനും കരുതി.മോളെ കണ്ടിരുന്നു എന്ന് പറഞ്ഞു.

അയ്യോ…സാരമില്ല ശങ്കരേട്ടാ ഞാൻ ചോദിച്ചെന്നെ ഉള്ളു.സത്യമാണ് അമ്മ പറഞ്ഞപ്പോൾ ആണ് അറിയുന്നത്.പോവട്ടെ…

അത്രയും പറഞ്ഞു തിരിഞ്ഞു നടന്നു.അമ്മയെ കുറിച്ച് ശങ്കരേട്ടനോട് ചോദിക്കണം എന്ന് കരുതിയിട്ടും വേണ്ടെന്ന് വച്ചു.പടിക്കെട്ടുകൾ ഇറങ്ങി നടക്കുമ്പോൾ വെറുതേ ഒന്ന് അമ്മയുടെ അസ്ഥിതറ യിലേക്ക് കണ്ണോടിച്ചു. പിന്തിരിഞ്ഞു ഒന്നുകൂടി വീട്ടിലേക്ക്‌ നോക്കിയതും ജനാല തള്ളി തുറന്നു ആൾ നോക്കിയതും പരസ്പരം വീണ്ടും ഞങ്ങൾ കണ്ടു…

കാത്തിരിക്കൂ….