നിങ്ങള് എന്താണ് പറയാൻ പോകുന്നതെന്ന് എനിക്ക് നന്നായി അറിയാം. ആ ആഗ്രഹം നിങ്ങൾ മനസ്സിൽ വെച്ചാൽ മതി. ഇനിയും ഇതുപോലെ….

അബു ~ രചന: അബ്ദുൾ റഹീം പുത്തൻചിറ

“ഏയ്‌ റസിയ…. നിന്നെ ഞാൻ കെട്ടിക്കോട്ടെ”..

ഇടവഴിയിൽ കൂടി കൂട്ടുകാരിയുമായി നടന്നു പോയിക്കൊണ്ടിരുന്ന റസിയാനോട് വീട്ടുമുറ്റത്തെ മാവിലിരുന്ന് പുസ്തകം വായിച്ചു കൊണ്ടിരുന്ന അബു വിളിച്ചു ചോദിച്ചു…

“ഇവനു വട്ടാണോ ..എപ്പോൾ കണ്ടാലും ഇതു തന്നെ ചോദിക്കാനുള്ളു…ചോദിക്കണ ആളെ കണ്ടാലും മതി”.. റസിയ കൂട്ടുകാരി ഫൗസിയോട് പറഞ്ഞു..

“എന്താടി അവന് കുഴപ്പം …നല്ല ചെക്കനല്ലേ… മറ്റുള്ള പിള്ളേരെ പോലെ അടിച്ചു പൊളിച്ചു നടക്കുന്നില്ല …കുടുംബം നോക്കും..

എന്നാ നീ കെട്ടിക്കോ …റസിയ ഗർവിച്ചു കൊണ്ട് പറഞ്ഞു..

“അതിന് അവനു നിന്നെയല്ലെ ഇഷ്ട്ടം…എന്നോട് അല്ലല്ലോ …നിനക്ക് അല്ലെങ്കിലും അബുനെ പോലെയുള്ള ആളെ പിടിക്കില്ലല്ലോ …സാജിദിനെ പോലെയുള്ള ആളുകളായല്ലേ നിനക്ക് ഇഷ്ട്ടാക” …

“അതേ …അവനെ കാണാൻ എന്തു രസമാ…അതുമാത്രമോ അവൻ എന്നും ഓരോ സ്റ്റൈലിൽ ആണ് വരുന്നത്…അവന്റെ വീട് നീ കണ്ടിട്ടിട്ടില്ലേ കൊട്ടാരം പോലെയുണ്ട്”… റസിയ ആവേശത്തോട് പറഞ്ഞു..

“പൈസയിലും സ്റ്റൈലിലും അല്ല കാര്യം….അത് നിനക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാകില്ല…നീ വെറുതെ അവനെ കിനാവ് കാണേണ്ട…നിന്റെ വാപ്പ അവന്റെ വാപ്പയുടെ മരം മില്ലിൽ ആണ് പണിയെടുക്കുന്നത്…അതായത്…”

“നീ ഒന്ന് നിർത്തുന്നുണ്ടോ”…ഫൗസിയ പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപ് റസിയ ദേഷ്യത്തോടെ പറഞ്ഞു..

“അല്ലെങ്കിലും സത്യം പറഞ്ഞാൽ നിനക്ക് ഇഷ്ട്ടമാകില്ലല്ലോ” …

“നിനക്ക് അബുനെ പോലെയുള്ള ആളുകളെ പറ്റു..റസിയ കളിയാക്കി പറഞ്ഞു…

“അതേ …ഇനിക്ക് അബു ആയാലും മതി…എന്റെ ആങ്ങളയോട് ഉമ്മ എപ്പോഴും പറയും..നീ അബുനെ കണ്ടു പഠിക്കാൻ…ഫൗസി അതും പറഞ്ഞു അവളുടെ വീട്ടിലേക്ക് നടന്നു…

“ഇക്കാക്ക് വട്ടാണോ… എപ്പോഴും അവളോട് ഇതു തന്നെ ചോദിക്കാൻ… ചായയും കൊണ്ടു വന്ന നസീഹ ചോദിച്ചു.. അവൾ ഇക്കാക്ക വിചാരിക്കുന്നപോലെയല്ല.”..

“അതിന് ഞാൻ ഒന്നും വിചാരിച്ചില്ലല്ലോ …അബു ചിരിയോടെ പറഞ്ഞു…

“ഉവ്വ….ഏതു ബുക്കാണ് വായിക്കുന്നത് നോക്കട്ടെ .”..അബുവിന്റെ കയ്യിലുള്ള ബുക്ക് വേടിച്ചുകൊണ്ടു നസീഹ മറിച്ച് നോക്കി…

“അതേയ് ഇക്കാക്കാടെ കവിത നന്നായെന്നു ഫൗസി പറഞ്ഞു”

ഏതു ഫൗസി..

“റസിയാടെ കൂടെ എപ്പോഴും ഉണ്ടാകില്ലേ …അവൾ “

ഉം…അബു മൂളി….

***********

“ടാ സജി …അപ്പുറത്തെ ക്ലാസിലെ റസിയ കുറെ നാളായി നിന്നെ തന്നെ നോക്കുന്നു…എന്താടാ അവളെയും നീ വളച്ചോ”… ഹരി ചോദിച്ചു..

“ഏയ്…നിനക്ക് തോന്നുന്നതാകും.”..സാജിദ് മൊബൈൽ നോക്കിക്കൊണ്ടു പറഞ്ഞു..

അല്ലടാ ..തോന്നലല്ല..കുറച്ചുനാളായി ഞാൻ അതു ശ്രദ്ധിക്കുന്നു…നീ ഒന്നു ട്രൈ ചെയ്യ് ..അപ്പോൾ അറിയാം…

“ഉം..അങ്ങനെ ആണേൽ ഞാനും നോക്കാം..തലയിലാകോ “സാജിദ് ചിരിയോടെ പറഞ്ഞു…

“ആരുടെ???? നിന്റെ തലയിലോ…അങ്ങനെ തലയിലാകുമായിരുന്നെങ്കിൽ ഈ കോളേജിലെ പകുതി പെണ്ണുങ്ങളും ഇപ്പോൾ നിന്റെ വീട്ടിൽ ഉണ്ടായേനെ”…ഹരിയുടെ വാക്കുകൾ കേട്ട് അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി…

“ടാ അവൾ ലൈബ്രറിയിൽ കേറി..നീയും ചുമ്മാ പോയി നോക്ക് അപ്പോൾ അറിയാം വിവരം.”..ഹർഷൻ അതു പറയുമ്പോഴേക്കും സാജിദ് ലൈബ്രറിയുടെ ഉള്ളിൽ എത്തിയിരുന്നു…

*****************

ടീ നീ ഇന്നലെ ഇവിടെ പോയതാ …ക്ലാസ്സിൽ വന്നില്ല…

“അതു…ഞാൻ….ഇനിക്ക് ഒരു കല്യാണം.ഉണ്ടായി…കൊച്ചാപ്പാടെ മോളുടെ…അതിന് പോയി…റസിയ വിക്കിക്കൊണ്ടു പറഞ്ഞു…

“ഏത് കൊച്ചാപ്പ…. ഞാൻ അറിയാത്ത ഏതു കൊച്ചാപ്പയ നിനക്കുള്ളത്…ഫൗസിയയുടെ ചോദ്യത്തിനു അവൾക്ക് മറുപടി ഉണ്ടായില്ല…

“ഞാൻ ഒന്നും അറിയുന്നില്ലന്ന് നീ വിചാരിക്കേണ്ട….ഒരു കാര്യം ഞാൻ പറയാം …ഇതു നിനക്ക് നല്ലതിനല്ല”…

“അസൂയക്കും കഷണ്ടിക്കും മരുന്നില്ല”.. റസിയ പിറുപിറുത്തു…ഫൗസിക്ക് അറിയാമായിരുന്നു ഇവളോട്‌ ഇപ്പോൾ എന്തു പറഞ്ഞിട്ടും കാര്യമില്ലെന്ന്…

“ഇക്കാ ഒരു കിലോ കറുത്ത അലുവ.”..

എന്താ അബു വീട്ടിൽ വിരുന്നുകാർ ഉണ്ടാ …

ഏയ് ഇല്ലിക്ക …പെങ്ങൾക് അലുവ വേണമെന്ന്…

“ഹായ് അബു കുറേനാളായല്ലോ കണ്ടിട്ട്…എന്താണ് വിശേഷങ്ങൾ…”ഗിരി ചോദിച്ചു

“ഇതാര് നേതാവോ ….സുഖം..”

ഗിരിയും അബുവും ഒരുമിച്ച് സ്കൂളിൽ പഠിച്ചതാണ് ..ഗിരി എപ്പോഴും പാർട്ടി പ്രവർത്തനവുമായി നടക്കുകയാണ്….

“അതേയ് നിന്നോട് ഒരു കാര്യം പറയാനുണ്ട്…”ഗിരി ശബ്ദം താഴ്ത്തികൊണ്ടു പറഞ്ഞു..

അലുവയും വാങ്ങി ഗിരിയും അബുവും റോഡിലേക്ക് ഇറങ്ങി…

“എനിക്ക് കഴിഞ്ഞ ദിവസം എറണാകുളത്തു ഒരു പരിപാടി ഉണ്ടായിരുന്നു…അന്ന് ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്തു ആ ഹോട്ടലിന്റെ റിസപ്ഷനിൽ സാജിദിനെയും നിന്റെ അയൽക്കാരി റസിയയെയും കണ്ടു…നിനക്ക് അറിയാലോ സാജിദിന്റെ സ്വഭാവം…പക്ഷെ ഞാനിത് ആരോടും പറഞ്ഞിട്ടില്ല…പറ്റിയാൽ അവളെ പറഞ്ഞു മനസിലാക്ക്..

ഗിരിയുടെ വാക്കുകൾ വിശ്വസിക്കാനാകാതെ അബു തരിച്ചു നിന്നു…

പിറ്റേ ദിവസം റസിയ വരുന്ന സമയം അബു വഴിയിൽ കാത്തു നിന്നു..

“ദേ നോക്കടി ഇന്ന് കൊരങ്ങൻ വഴിയിലാണല്ലോ” …റസിയ ശബ്ദം താഴ്ത്തി ഫൗസിയോട് പറഞ്ഞു…അവളുടെ കളിയാക്കൽ ഫൗസിക്ക് ഇഷ്ടപ്പെട്ടില്ല…

“അതേയ് റസിയ …ഒരു കാര്യം പറയാനുണ്ട്..

“നിങ്ങള് എന്താണ് പറയാൻ പോകുന്നതെന്ന് എനിക്ക് നന്നായി അറിയാം…ആ ആഗ്രഹം നിങ്ങൾ മനസ്സിൽ വെച്ചാൽ മതി…ഇനിയും ഇതുപോലെ വഴിയിൽ തടയാൻ ആണ് ഉദേശമെങ്കിൽ ഞാൻ വീട്ടിൽ പറയും…പറഞ്ഞില്ലന്ന് വേണ്ട”….റസിയ ദേഷ്യത്തോടെ പറഞ്ഞു…

“റസിയ …നിന്നോട് ഞാൻ നിന്റെ കൂട്ടുകാരിയുടെ മുൻപിൽ വെച്ചാണ് സംസാരിക്കുന്നത്…അല്ലാതെ ഒറ്റക്ക് ഒരു ഹോട്ടൽ റൂമിൽ വെച്ചല്ല”…അബു ശബ്ദം താഴ്ത്തികൊണ്ടു പറഞ്ഞു..

അബുവിന്റെ മറുപടി റസിയയിൽ ഞെട്ടലുണ്ടാക്കി…എല്ലാം കേട്ടു ഒന്നും മനസിലാകാതെ ഫൗസി നിന്നു…എങ്കിലും ചില കാര്യങ്ങൾ അവൾക്ക് മനസിലാകുന്നുണ്ടായിരിന്നു…

കഴിഞ്ഞ ദിവസമാണ് സാജിദിന്റെ കൂടെ എറണാകുളത്ത് പോയത്…ആരും അറിയില്ലന്ന് ഉറപ്പ് പറഞ്ഞത് കൊണ്ടുമാത്രമാണ് പോയത്…പക്ഷെ ഈ ഗ്രാമം വിട്ട് പുറത്തു പോകാത്ത അബു അത് അറിഞ്ഞിരിക്കുന്നു…അതിനർത്ഥം ആരൊക്കെയോ ഞങ്ങളെ അവിടെ കണ്ടിട്ടുണ്ട്…. ഇതിപ്പോൾ വീട്ടിലറിഞ്ഞാൽ റസിയ പേടിയോടെ അബുനെ നോക്കി…

“നീ പേടിക്കണ്ട ഞാൻ ഇത് ആരോടും പറയാൻ പോകുന്നില്ല…സൂക്ഷിച്ചാൽ നിനക്ക് നല്ലത്..”. അതും പറഞ്ഞു അബു തിരിഞ്ഞു നടന്നു…

നാളുകൾക്കു ശേഷം ഇന്നു അബുവിന്റെ കല്യാണമാണ്… അധികം ആർഭാടങ്ങൾ ഇല്ലാതെ ചെറിയ ഒരു പന്തൽ വീട്ടുമുറ്റത്തു… വളരെ അടുത്ത ബന്ധുക്കൾ മാത്രം…മണവാട്ടിയായി അണിഞ്ഞൊരുങ്ങി ഫൗസിയും…..അബുവിന്റെ വീട്ടിലെ കല്യാണ പാട്ട് അകലെ റസിയയുടെ വീട്ടിലും കേൾക്കുന്നുണ്ട് …ആ സമയത്ത് റസിയ തന്റെ കുഞ്ഞിനെ ഉറക്കുകയായിരുന്നു… അപ്പോഴാണ് അവളുടെ വാപ്പ അകത്തേക്കു വന്നത്…

“മോളെ നാളെ കേസ് വിളിക്കും …കാലത്തു തന്നെ പോകണം”…

അവൾ ഒന്നും മിണ്ടിയില്ല ….അവൾ തന്റെ കുഞ്ഞിനെ മാറോട് ചേർത്തു…വിശ്വസിച്ചവൻ തന്ന സമ്മാനം…പിഴച്ചവൾ എന്ന പേരും….കല്യാണം കഴിക്കും എന്ന ഉറപ്പിലാണ് അവന്റെ കൂടെ അവൻ പറഞ്ഞപ്പോഴെല്ലാം പോയത്… പക്ഷെ …അവനത് ഒരു നേരം പോക്ക് മാത്രമായിരുന്നു….അതു തിരിച്ചറിയാൻ അധികനാൾ വേണ്ടി വന്നില്ല….അപ്പോഴേക്കും എല്ലാം വൈകിയിരുന്നു…..എന്നിരുന്നാലും കൊച്ചിന്റെ തന്ത അവനാണെന്നു എനിക്ക് ഉറപ്പിക്കണം….അവന്റെ മുന്നിലല്ലാതെ ഉടുതുണി അഴിച്ചിട്ടില്ലന്നും….അതെങ്കിലും എനിക്ക് ചെയ്യണം….എന്റെ കൊച്ചിന് വേണ്ടിയെങ്കിലും …റസിയാടെ കണ്ണുകൾ നിറഞ്ഞൊഴുകി …

ചിലപ്പോൾ ദൈവം തന്ന ശിക്ഷയാകും …അബു എന്ന സ്നേഹത്തെ അറിയാതെ പോയതിന് …എന്റെ കൂട്ടുകാരിയുടെ വാക്കുകൾ കേൾക്കാത്തിനും….രണ്ടാളെയും അള്ളാഹു അനുഗ്രഹിക്കട്ടെ….റസിയ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു….