സുറുമയിട്ട് കണ്ണെഴുതി പൊന്നിൽ കുളിച്ചു കരികാപ്പിപ്പൊടി നിറത്തിലെ സാരി ചുറ്റി നിക്കുന്ന പെണ്ണിനെ കണ്ടു അമ്പരന്നു…

മൊഞ്ചത്തി – രചന: ദിവ്യ കശ്യപ്

“ഡാ അച്ചു… ഇതാരാ വരുന്നേന്നു നോക്കിയേ…. ” മാമാടെ മോൻ റിയാസ് വിളിച്ചു പറയുന്നത് കേട്ടാണ് പന്തലിൽ ഒരു മേശേടെ പുറത്ത് സ്റ്റൂൾ ഇട്ട്, അതിന്റെ മണ്ടക്ക് കയറി നിന്ന് എന്തൊക്കെയോ അലങ്കാരപ്പണികൾ ചെയ്തു കൊണ്ടിരുന്ന അർഷാദ് എന്നാ അച്ചു തിരിഞ്ഞു നോക്കിയത്…

ഒരു മാത്ര തന്റെ കണ്ണുകളെ വിശ്വസിക്കാൻ അവനായില്ല…

“പടച്ചോനെ… റിച്ചു… “അതും പറഞ്ഞു കൊണ്ടവൻ സ്റ്റൂളിന്മേൽ നിന്ന് താഴോട്ടു ഒരു ചാട്ടം കൊടുത്തു…

“ഡാ…. പഹയാ… നീയിതെപ്പോ എത്തി… “സന്തോഷത്തോടെ അവൻ ഓടിച്ചെന്നു റിച്ചുവിനെ കെട്ടിപ്പിടിച്ചു…

ഒന്നാം ക്ലാസ്സ്‌ മുതലുള്ള സഹപാഠികൾ ആണവർ.. +2 വരെ ഒരു ക്ലാസ്സിൽ, ഒരു ബെഞ്ചിൽ മുട്ടിയിരുന്നു പഠിച്ചവർ… പേരിനു പോലും ഇന്ന് വരെ പിണങ്ങാത്തവർ..

കാലത്തിന്റെ കുത്തൊഴുക്കിൽ റിച്ചുവെന്ന റിസ്വാൻ ഒരു പ്രവാസിയും അച്ചുവെന്ന അർഷാദ് നാട്ടിൽ ഉപ്പയോടൊപ്പം തടിമില്ലിലും കൂടി എന്നതൊഴിച്ചാൽ അവരെ തമ്മിൽ പിരിക്കാനോ പിണക്കാനോ ആർക്കും കഴിഞ്ഞിട്ടില്ല…

“ഞാൻ എത്തിയിട്ട് അര മണിക്കൂറേ ആയുള്ളൂ.. “

“നീയറിഞ്ഞോ ഐഷൂന്റെ നിക്കാഹാ നാളെ… ഞാൻ നിന്നെ എത്ര തവണ വിളിച്ചൂന്നറിയോ… നീയെന്താടാ ഫോണെടുക്കാഞ്ഞേ… ഇത് ഒരു ഇരുപത് ദിവസം കൊണ്ടൊത്ത ബന്ധമാ… ചെക്കന് ഒരാഴ്ച കഴിഞ്ഞാൽ തിരിച്ചു പോകണം… “

“ഒന്നും പറയണ്ടാ ന്റെ അച്ചു.. ഫോൺ പണി തന്നു.. ഡിസ്പ്ലേ അടിച്ചു പോയി.. ആദ്യം കുറച്ചു ദിവസം കോളൊക്കെ കിട്ടുന്നുണ്ടായിരുന്നു… പിന്നെ അതും പോയി എല്ലാവരുടേം നമ്പറും പോയി.. ആകെ എടങ്ങേറായീന്നു പറഞ്ഞാൽ മതീല്ലോ… ഇതിപ്പോ നെടുമ്പാശേരിൽ കാലുകുത്തിയപ്പോഴേ അറിഞ്ഞു.. ഐഷൂ ന്റെ നിക്കാഹിന്റെ കാര്യം… അഷറഫിക്കാ ഉണ്ടാരുന്നു അവിടെ.. അബ്ദൂനെ കൂട്ടാൻ.. ഓനും ന്റെ ഫ്ളൈറ്റിൽ തന്നാരുന്നു..”

“അല്ല..എന്നിട്ടെവിടെ പുതുമണവാട്ടി..?? “

“ഓള് മൈലാഞ്ചി ഇടുവാ.. നീയങ്ങോട്ട് ചെല്ല്… ഞാനിവിടുത്തെ പണിയൊന്നു തീർക്കട്ടെ… “

“ഓ.. ശരി.. “

അച്ചൂന്റെ അനിയത്തിയാണ് ഐഷു എന്ന് വിളിക്കുന്ന ആയിഷ…

❤️❤️❤️❤️

ഐഷൂ ഇരിക്കുന്നിടത്തേക്കു ചെന്നപ്പോൾ മൈലാഞ്ചി ഇട്ടു കൊടുത്ത ചങ്ങാതി കൂട്ടങ്ങളൊക്കെ കൂടി ഫുഡ്‌ അടിക്കാൻ പോകാനുള്ള തിരക്കിലായിരുന്നു..

എയർപോർട്ടിൽ വെച്ചേ നിക്കാഹിന്റെ കാര്യം അറിഞ്ഞകൊണ്ട് ഓൾക്കുള്ള ഗിഫ്റ്റ് കയ്യിൽ കരുതിയിരുന്നു… ഇല്ലെങ്കിൽ പെണ്ണെന്നെ പഞ്ഞിക്കിടും എന്നുറപ്പാ…

സുറുമയിട്ട് കണ്ണെഴുതി പൊന്നിൽ കുളിച്ചു കരികാപ്പിപ്പൊടി നിറത്തിലെ സാരി ചുറ്റി നിക്കുന്ന പെണ്ണിനെ കണ്ടു അമ്പരന്നു..

“ഇജ്ജ് അങ്ങ് കേറി വളർന്നല്ലോ പെണ്ണെ…” അഞ്ചു കൊല്ലം മുൻപ് ഞാൻ പോകാൻ നേരം ഈർക്കിൽ കൊള്ളി പോലിരുന്ന പെണ്ണാണ് ഇങ്ങനെ വളർന്നു കണ്മുന്നിൽ നിൽക്കണത്…

തന്റെ ഒച്ച കേട്ടിട്ടാവണം തിരിഞ്ഞു നിന്നിരുന്ന ഓളൊന്നു ചരിഞ്ഞു നോക്കിയത്..

തട്ടത്തിൻ മറയത്തു കൂടെ കാണാവുന്ന ആ ഒരു കണ്ണിലെ പിടപ്പും തള്ളലും കണ്ടു ചിരി വന്നു…

“എടി… ഐഷു.. ഞാൻ പോകുമ്പോൾ അനക്ക് പത്തു പന്ത്രണ്ടു വയസല്ലേ ഉള്ളൂ.. നീയിത്രയൊക്കെ വലുതായീന്നു ഞാനറിഞ്ഞില്ലാട്ടോ… മ്മ്മ്… മൊഞ്ചത്തി ആയിട്ടുണ്ട്…”ചൂണ്ടു വിരലും തള്ളവിരലും ചേർത്ത് വെച്ച് അസ്സലായിട്ടുണ്ട് എന്നവൻ ആംഗ്യം കാണിച്ചു…

മുഖം തെളിയാതെ നിൽക്കുന്ന ഐഷുവിനെ നോക്കി എന്ത് പറ്റീന്നവൻ പുരികമുയർത്തി ചോദിച്ചു… ഒപ്പം ചിരിയോടെ സമ്മാന പ്പൊതിയും നീട്ടി…

കയ്യിലേക്ക് നീട്ടിയ സമ്മാനപ്പൊതി മേടിച്ചു വലിച്ചു ദൂരെയെറിഞ്ഞിട്ട് പെണ്ണ് വന്നു നെഞ്ചത്ത് വീണപ്പോൾ പകച്ചു പോയത് റിച്ചുവാണ്…

അടർത്തിമാറ്റാൻ നോക്കിയിട്ട് പറ്റുന്നില്ല.. ഉടുമ്പു കയറി പിടിച്ചേക്കണ പോലല്ലേ പിടിച്ചിരിക്കുന്നെ…

“ഐഷു.. ന്തായിത്.. അരേലും കണ്ടാൽ ന്താ കരുതുക… മാറെടി…. മാറാൻ….”

ബലമായി പിടിച്ചു മാറ്റിയപ്പോഴാണ് കണ്ടത്.. ഷർട്ട് മുഴുവൻ പെണ്ണിന്റെ കണ്ണീരാൽ നനഞ്ഞു കുതിർന്നിരുന്നു… കയ്യിലെ മൈലാഞ്ചി മുഴുവൻ ഷർട്ടിന്മേൽ പറ്റി പ്പിടിച്ചിരുപ്പുണ്ട്… കണ്ണിലെ മഷി മുഴുവൻ ഓള് ഒഴുക്കി കളഞ്ഞു…

മുഖത്തേക്ക് നോക്കിയപ്പോൾ വീണ്ടും ആ ഉണ്ടക്കണ്ണുകൾ നിറയുന്നു…

“ഇങ്ങളെന്താ റിച്ചൂക്കാ ഞാൻ വിളിച്ചിട്ട് ഫോണെടുക്കാഞ്ഞേ… ത്ര വിളിച്ചൂന്നറിയോ… മെസേജ്നേലും ഒരു റിപ്ലൈ തന്നൂടാരുന്നോ… ഇങ്ങക്ക് വേണ്ടേ… ന്നെ… “ഓള് മുഖം പൊത്തി കരയുന്നു…

റിച്ചൂന്റെ ഇടനെഞ്ചിലൂടെ ഓളുടെ ഉപ്പാന്റെ തടിമില്ലിലെ തടിയറുക്കുന്ന വാൾ കയറിയിറങ്ങിപ്പോയി…

“ന്തൊക്കെയാ പറയണെന്നു വല്ല വിചാരോണ്ടോ നിനക്ക്.. പെണ്ണെ ന്താ കളിക്ക്യാ ഇജ്ജ്… പണ്ടത്തെ കളി ഇനീം മാറീട്ടില്യ ല്ലേ… “അല്പം ദേഷ്യത്തോടെയാണ് അവനത് പറഞ്ഞത്…

നോക്കിയപ്പോ ഓള് മുഖം പൊത്തി നിന്ന് കരയണ്…

അവിടെ നിക്കാൻ തോന്നിയില്ല… ഉടുപ്പൊന്നു മാറ്റണം.. മുഴുവൻ മൈലാഞ്ചി പിടിച്ചിരിക്കണ്….

മുറിയിൽ നിന്ന് നടുമുറിയിലേക്കിറങ്ങിയപ്പോൾ ഓളുടെ മാമാടെ ഭാര്യ സുമയ്യ താത്ത നേരെ മുന്നിൽ നിക്കണ്…

“ഓള്ങ്ങനെ പറഞ്ഞെങ്കിൽ അത് സത്യാണ് റിച്ചു … “ഓർമ വെച്ച നാൾ മുതൽ അതിന്റെ ഖൽബിൽ ഇജ്ജ് മാത്രേ ഉള്ളൂ… എനിക്കറിയാം ഓളുടെ മനസ്… “

താത്തയുടെ വാക്കുകൾ കേട്ടിട്ടും ഒന്നും മിണ്ടാതെ നേരെ അച്ചുവിന്റെ മുറിയിലേക്ക് നടന്നു…

അലമാര തുറന്നു… ഒരു ഉടുപ്പ് എടുക്കാനും വേണ്ടീട്ട്…. തുറന്നതും കുത്തി തിരുകി വെ ച്ചിരുന്ന കുറെ തുണികൾ താഴേക്ക് വീണു …ഒക്കെയും ചുരിദാറും ദുപ്പട്ടയും… കൂട്ടത്തിൽ അതിനിടയിൽ നിന്ന് ഒരു ഫോട്ടോയും… തന്റെ….

ആ ഫോട്ടോ കയ്യിലെടുത്ത് അതിലേക്കു തന്നെ തുറിച്ചു നോക്കി കൊണ്ട് നിന്നു….. മനസിലെവിടോ വിങ്ങി പൊട്ടലിന്റെ ചെറിയ ചെറിയ തീപ്പൊരികൾ വീണു തുടങ്ങി… ഐഷൂന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ഓർമ വന്നു….

ഒപ്പം മറ്റൊരു ഓർമയും തീകാറ്റ് പോലെ വന്നു അലയടിച്ചു പോയി…

അഞ്ചു കൊല്ലം മുൻപ് അക്കരക്ക് പോകുന്ന കാര്യം പറയാൻ വന്നപ്പോൾ മുറ്റത്തെ വരിക്ക പ്ലാവിന്റെ ചോട്ടിൽ കണ്ണും നിറച്ചു വെച്ച് തന്നെ നോക്കി നിന്നവളെ….. അന്ന്‌ അത് മനസിലായില്ലല്ലോ പടച്ചോനെ…..

❤️❤️❤️❤️

പുറത്തെന്തൊക്കെയോ ബഹളം കേൾക്കുന്നു…. ആരൊക്കെയോ മുറ്റത്തേക്കോടി ഇറങ്ങുന്നു….എന്ത് പറ്റി എന്തോ…വേഗം അവിടെ കിടന്ന അച്ചൂന്റെ ഒരു ടീഷർട്ടും എടുത്തിട്ട് പുറത്തേക്കിറങ്ങി…

ആരോ അച്ചൂന്റെ ഉപ്പായേം താങ്ങിപ്പിടിച്ചു കൊണ്ടുവരുന്നതാണ് കണ്ടത്… തിണ്ണയിലേക്ക് കിടത്തി വീശിക്കൊടുക്കുന്നു… വെള്ളം കൊടുക്കുന്നു…

“ന്താ… ന്താ പറ്റ്യേ… “?

ഐഷൂന്റെ നിക്കാഹ് മുടങ്ങി… ആരോ വിളിച്ചു പറഞ്ഞു… “പുതിയാപ്ലെളേടെ വീട്ടുകാർക്ക് ഈ ബന്ധം വേണ്ടെന്നു…”അയലോക്കത്തെ അഷറഫിക്കാന്റെ മോൻ അബ്ദുവാണ് അത് പറഞ്ഞത്…. ന്റെ കൂടെ ഫ്ളൈറ്റിൽ വന്നവൻ….

ഒരു വെള്ളിടി വെട്ടിയ പോലെയാണ് തോന്നിയത്…. അറിയാതെ അച്ചൂന്റെ മുഖത്തേക്കാണ് കണ്ണ് പോയത്….

കണ്ണ് കൊണ്ട് പിന്നാമ്പുറത്തേക്ക് വരാൻ അവൻ ആംഗ്യം കാണിച്ചു… ചെന്നപ്പോളുണ്ട് ഉടുപ്പിന്റകത്തു നിന്നും ഒരു ഡയറി എടുത്ത് കയ്യിലേക്ക് വെച്ച് തന്നു…

“പുതിയാപ്ലടെ ഇക്ക ഇപ്പൊ കൊണ്ട് തന്നതാണ്… മറ്റാരും കണ്ടിട്ടില്ല… “

തുറന്നിട്ട് ഒന്നേ നോക്കിയുള്ളൂ…. ഡയറീലെ പേജ് മൊത്തം എന്റെ ഫോട്ടോ ഒട്ടിച്ചു വെ ച്ചിരിക്കുന്നു… ഇടക്കിടക്ക് ഐഷൂന്റെ റിച്ചൂക്ക… എന്ന്‌ ഹൃദയത്തിന്റെ ചിഹ്നത്തിനകത്ത് എഴുതിയും വെച്ചിട്ടുണ്ട്…

കണ്ടപ്പോൾ കലിയാണ് വന്നത്…കുരിപ്പിനു ഇത്രയും ഫോട്ടോ ഇതെവിടുന്നു കിട്ടി…??

അപ്പൊ ദേ വീണ്ടും സുമയ്യ താത്ത…. “ഓൾക്ക് പെരുത്തിഷ്ടാ അന്നേ… “

ഹൃദയം പൊട്ടി കരയുന്ന ഉപ്പായേം ഉമ്മിയേം കണ്ടപ്പോൾ വിഷമം തോന്നി… അതിലുമുപരി അച്ചൂന്റെ നിസ്സഹായാവസ്ഥ എന്നെ സങ്കടത്തിലാക്കി…… പിന്നെ എല്ലാം പെട്ടെന്നായിരുന്നു….. ഓളുടെ കൈ വീണ്ടും മൈലാഞ്ചി ചോപ്പണിഞ്ഞു…..

പിറ്റേന്ന് ആ അടക്കാകുരുവിയേം കൊണ്ട് തറവാട്ടിലേക്കു വരുമ്പോൾ മുറ്റം നിറയെ ആൾക്കാർ…. പലരും നിക്കാഹറിയിക്കാത്തതിന്റെ പരിഭവത്തിൽ…

ന്തൊക്കെയോ പറഞ്ഞു അകത്തു കയറി… നടന്നതൊക്കെ സത്യാണോ അല്ലയോ എന്നൊക്കെ ഓർത്ത് കിടന്നു എപ്പോഴോ ഉറങ്ങി….

“ന്നാലും ഓളുടെ ഡയറി എങ്ങനെ ചെക്കന്റെ വീട്ടിലെത്തി… “?? ഉണർന്നപ്പോഴേ ആ ചിന്തയാണ് മനസിലേക്ക് വന്നത്…. മണി പതിനൊന്നു ആയേക്കണ്…

ആ കുരിപ്പിനെ നോക്കിയിട്ട് കണ്ടില്ല….അടുക്കള മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ഉമ്മായുമായിരുന്നു ഉച്ചക്കത്തേക്കുള്ള പച്ചക്കറി അരിയുന്നത് കണ്ടു….

നോക്കിയപ്പോൾ മുഖം കൂർപ്പിച്ച് വേറെങ്ങോട്ടോ നോക്കിയിരിക്കുന്നു…

“ഈ അടക്കാകുരുവിക്ക് ഓർമവെച്ച നാൾ മുതൽ തന്നോട് പ്രണയമായിരുന്നോ…?? എത്ര പ്രാവശ്യം ന്റെ പുറം മാന്തി പൊളിച്ചേക്കുന്നു കുരിപ്പ്… പേരക്കാ മാങ്ങ പറിച്ചു കൊടുക്കാഞ്ഞിട്ട്…. ഹോ.. ഇജ്ജാതി സാധനത്തിനെ ങ്ങനെ മേയ്ക്കുവോ ന്തോ… “

ഒരു ചെറു ചിരിയോടെ താടി തടവി ഓളെ നോക്യപ്പോ പിന്നേം അവിടെ കുറുമ്പ്…..

ഇരുപത് ദിവസത്തെ ലീവേ ഉള്ളൂ…. അവൻ വേഗം മുറിയിലേക്ക് പോയി …

💜💜💜💜

“ഇജ്ജ് ഇതേബടെ നടക്കുവാടാ റിച്ചു… ഒരു പെണ്ണിനെ കെട്ടിക്കൊണ്ട് വന്നിട്ട് അയിനോടൊന്നു മിണ്ടിയോ ഇജ്ജ്…. എന്നിട്ടിപ്പോ പാതിരാക്ക് കയറി വന്നേക്കണ്… ചെന്ന് നോക്ക്…. ഓളവിടെ ഇരുന്നു കരയണ്…… “ഉമ്മിടെ വഴക്കും കേട്ടു മുറിയിലേക്ക് ചെന്നപ്പോൾ ഓള് കട്ടിലിൽ കമഴ്ന്നു കിടന്നു കരയണ്….

“ഐഷു…. “

“എനിക്കറിയാം ഇങ്ങക്ക് ഈ നിക്കാഹിനു ഇഷ്ടമില്ലാരുന്നുന്നു… എന്നേം പിടിച്ചിട്ടില്ലാന്ന്… ഓള് കണ്ണും തുടച്ചോണ്ട് എണീറ്റിരുന്നു…. “

“ഇജ്ജ് ഇങ്ങനൊന്നും പറയാതെ… പെട്ടെന്നു വിചാരിക്കാണ്ട് എന്തെല്ലാമോ നടന്നപ്പോ ഒന്ന് പകച്ചു പോയി അത്രേയുള്ളൂ…. ഞാനെന്റെ നയം വ്യക്തമാക്കി

“ഇങ്ങക്ക് ഞമ്മളെ പിടിച്ചില്ലെങ്കിൽ ഞമ്മടെ പെരേ കൊണ്ടാക്കിയേക്ക്…… “

“യ്യോ… “ഞാനവളുടെ വായ പൊത്തി

“എന്നൊക്കെ ഞമ്മള് പറയുമെന്ന്‌ ഇങ്ങള് കരുതണ്ട റിച്ചൂക്ക…. ഞമ്മള് ഇങ്ങളേം കൊണ്ടേ പോകൂ… “പറഞ്ഞും കൊണ്ട് പൊട്ടിച്ചിരിയോടെ പെണ്ണ് എന്റെ രണ്ടു തോളിലൂടേം കയ്യിട്ട് തല നെറ്റിയിൽ മുട്ടിച്ചു…

എന്റെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞുപോയി….

ഓളെ പതിയെ വിടുവിച്ചു ഞാനല്പം അകലം പാലിച്ചിരുന്നു…

“ഈ അടക്കാകുരുവിക്ക് പ്രായപൂർത്തി യായോ ന്തോ…. “അതോർത്തപ്പോൾ എനിക്കൊരു തളർച്ച പോലെ…..

“ഐഷു… അനക്കെത്ര വയസ്സായി.. “?

“മറ്റന്നാൾ പതിനെട്ടു തികയും..”. ഓളു സന്തോഷത്തോടെ പറഞ്ഞുകൊണ്ട് എന്നോടിത്തിരി കൂടി അടുത്തിരുന്നു…..

“ന്നാ പിന്നേ അതുകഴിഞ്ഞിട്ട് പോരെ…. ഞാൻ അല്പം ജാള്യതയോടെ കുറച്ചകന്നിരുന്നു…..

ആ ഉണ്ടക്കണ്ണുകൾ മിഴിഞ്ഞു വരുന്നത് കണ്ടു…. ഒപ്പം എന്നെ തള്ളി കട്ടിലിലേക്കിട്ടുകൊണ്ട് കുരിപ്പ് പൂണ്ടടക്കം കെട്ടിപ്പിടിച്ചു…

ഒരുവിധത്തിൽ ആ മെനകെട്ടതിനെ അടർത്തിമാറ്റി എഴുന്നേറ്റപ്പോഴേക്കും ചുണ്ടില് ചോരയുടെ ചുവ അറിയുന്നുണ്ടായിരുന്നു….

അതിനെ നോക്കിയപ്പോ ചിരിയടക്കാൻ കിടന്നു പാടുപെടുന്നു…. വയറും പൊത്തി പിടിച്ചിട്ടുണ്ട്….ഞാൻ കൂർപ്പിച്ചു നോക്കുന്ന കണ്ടപ്പോൾ ശടെന്നു ചിരി നിർത്തിയിരിക്കുന്നത് കണ്ടു….

എനിക്കിഷ്ടപ്പെട്ടില്ല എന്ന്‌ തോന്നിയത് കൊണ്ടാവും ലേശം പേടിയുണ്ട് കണ്ണുകളിൽ….

അത് കണ്ടപ്പോൾ ചിരിയാണ് വന്നത്….. വാത്സല്യത്തോടെ ചേർത്ത് പിടിച്ചു…. “പതിനെട്ടുതികഞ്ഞു പ്രായപൂർത്തിയാവട്ടെ….. വല്യ പെണ്ണാവട്ടെ..” എന്ന് പറഞ്ഞപ്പോൾ..

“അയിന് ഞമ്മക്കല്ലേ തികയാതുള്ളൂ ഇക്കാക്ക് തികഞ്ഞതല്ലേ എന്നും ചോദിച്ചു കൊണ്ട് പെണ്ണ് കവിളിലൊരു കടിയും തന്നു കൊണ്ടു വീണ്ടും പഴയ പണിക്ക് തന്നെ വന്നു….

“പോടീ….ഇവിടുന്നു… “പിടിച്ചു മുറിക്ക് വെളിയിലാക്കി കതകടച്ചു….

“ഇങ്ങക്ക് അത്താഴം വേണേൽ വാ… ഇല്ലെങ്കിൽ ഞാൻ മുഴുവനും തീർക്കും..”പോണ പോക്കിൽ ആ സാധനം വിളിച്ചു പറയുന്നത് കേട്ടു ……..

എങ്കിലും കുരിപ്പ് കൊള്ളാല്ലോ…. ചെറിയൊരു കുസൃതി ചിരിയൊക്കെ ന്റെ ചുണ്ടിലും തെളിഞ്ഞു…. ഞാൻ കണ്ണാടിയിൽ ന്റെ ചുണ്ടൊന്നു പരിശോധിച്ചു……

“”ന്നാലും ആ ഡയറി ആരായിരിക്കും ചെക്കന്റെ വീട്ടിൽ എത്തിച്ചത്….?? “”

പെണ്ണിനാണെങ്കിൽ പറയത്തക്ക ചങ്ങായിമാരോന്നും ഇല്ല… പിന്നിതാരാപ്പോ…??

രാത്രി അടുത്ത് കിടക്കാൻ വന്നപ്പോൾ ഞാൻ തഞ്ചത്തിൽ ചോദിച്ചു….

“ആ ഡയറിയിൽ ഒട്ടിച്ചിരുന്ന അത്രയും ഫോട്ടോ നിനക്കെവിടുന്നു കിട്ടി…..?”

“അത് പിന്നെ ഞമ്മക്ക് ഇങ്ങടെ ഒരു ഫോട്ടോ അച്ചൂക്കാന്റെ മേശേന്നു കിട്ടിയാര്ന്നു….. അതു കൊണ്ടോയി ബാക്കി കോപ്പി എടുത്തു….. കവലേലെ മൊയ്‌ദുക്കാന്റെ സ്റ്റുഡിയോയീന്നു…. “അവൾ കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറഞ്ഞു….

ഒരു നെടുവീർപ്പോടെ അവളെ നോക്കിക്കൊണ്ട് ചരിഞ്ഞു കിടന്നു….

“അതിരിക്കട്ടെ ഐഷു….ആരാ ആ ഡയറി പുതിയാപ്ളേടെ വീട്ടിൽ എത്തിച്ചത്…. “

“അത്……” അവൾ ഒന്ന് നഖം കടിച്ചു… പിന്നെയതൊന്നു കുടഞ്ഞു എന്നെ നോക്കി….

“അഷറഫിക്കാന്റെ മോൻ അബ്ദു…. ഓൻ അതിന് വേണ്ടിയാ എമർജൻസി ലീവെടുത്തു വന്നേ….. “

“ങ്ഹ്…. അബ്ദുവോ…. “ന്റെ തലയിൽ നിന്നും ഒരുമിച്ചു കുറെ കിളികൾ പറന്നുപോയി…

“ഓനല്ലേ ഫ്ളൈറ്റിൽ ന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്നു വന്ന പഹയൻ…. “

അപ്പൊഴുണ്ട് ഓൻ ഫോണിൽ വിളിക്കണ്…

“റിച്ചൂക്ക തിരിച്ചുപോകുമ്പോൾ ആ ഫ്ളൈറ്റിൽ തന്നേ ഞമ്മള്മ്ണ്ട്‌ കേട്ടാ….. “

“ഇനിയവിടെ വല്ലതും ഒപ്പിച്ചിട്ടുണ്ടോ പടച്ച തമ്പുരാനെ…. “ഞാൻ തലയിൽ കൈ വെച്ചു….

“ഡാ…. എന്തിനാടാ എന്നോടീ കൊലച്ചതി ചെയ്തത് ബെടക്കെ…. “??

“ഇങ്ങള് ബേജാറാകാതിരി….ന്റെ റിച്ചൂക്ക… ഇങ്ങള് ഓള്ടെ മുഖത്തേക്കൊന്നു നോക്കീൻ… ന്താണ് മൊഞ്ചു പെണ്ണിന്…. പിന്നെ ഇച്ചിരി പ്രായം കുറവാണ്… ഓ പത്ത് വയസിന്റെ വ്യത്യാസമൊക്കെ അത്ര വലിയ കാര്യാണോ റിച്ചൂക്ക… ഇങ്ങള് പോയി അവളേം കെട്ടിപ്പിടിച്ചു കിടന്നുറങ്ങെന്റെ മനുഷ്യാ…… “ഓൻ ഫോണും വെച്ചവന്റെ പാട്ടിനു പോയി…..

ഞാനവളെ നോക്കി…. “നേരാ….പെണ്ണോരു മൊഞ്ചത്തി തന്നെ…… “ഞാനൊരു കള്ളചിരിയോടെ പുതപ്പിനുള്ളിലേക്ക് കയറി..

“ഇക്കാ… നിക്കൊരു കാര്യം പറയാനുണ്ട്…” അവള് നിരങ്ങി നിരങ്ങി ന്റെ നെഞ്ചിലേക്ക് നുഴഞ്ഞു കയറി….

“ന്തേ…. “ഞാൻ സ്നേഹത്തോടെ ചോദിച്ചു

“അത്… അബ്ദൂ എന്റെ നിക്കാഹ് നടക്കാൻ സഹായിച്ചല്ലോ … അതോണ്ട് ഓന്റെ നിക്കാഹ് നടക്കാൻ ഞാനും ഓനെ സഹായിക്കണം…. അതാ കരാർ…. “

“അതെങ്ങനെ…. “

“ഇക്കാടെ ഇളയ അനിയത്തി റാഷിയുമായി ഓൻ ലബ്ബാണ്…. “

ന്റെ നേരത്തെ പോയ കിളികളെല്ലാം എവിടെക്കെയോ കൂടി വീണ്ടും ചിറകിട്ടടിച്ചു പറന്നു പോയി….

ന്റെ ഡാഷ് പോയ ഡാഷിനെ പോലുള്ള ഇരിപ്പ് കണ്ടിട്ടാവണം കുരിപ്പ് പറയുവാ….

“ഇപ്പൊ വേണ്ടിക്കാ…… മൂന്ന് കൊല്ലം കഴിഞ്ഞു മതീന്ന്…… “

“ന്നാലും….. ന്റെ…. മൊഞ്ചത്തി… ഇജ്ജ് വലതു കാൽ ന്റെ നെഞ്ചത്ത് വെച്ചാണല്ലോ കയറി വന്നേ….. “

ഞാൻ പ്രണയത്തോടെ ഓളുടെ മാത്രം മൊഞ്ചനായി മാറി…….

❤️❤️❤️❤️