മനസ്സറിയാതെ – ഭാഗം – 14, രചന: അദിതി റാം

നീ ഒരുപാട് മാറി പോയി.

ശരിയാവും…അന്നത്തെ പ്രായം അല്ലാലോ ഇന്ന്!

പക്ഷേ ആ പ്രായമായിരുന്നു നല്ലത്. ഒന്നുമില്ല…ഇന്നത്തെ പോലെ തർക്കുത്തരം ഒന്നും പറയാതെ പറയുന്നത് എല്ലാം അനുസരിക്കുന്ന വിദ്യ…അതായിരുന്നു എന്റെ മനസ്സിൽ നീ…

അതിന് ഒരുപാട് നന്ദിയുണ്ട്. എന്നെ ഇങ്ങനെ ആക്കിയതിന്! എന്നെങ്കിലും കാണുമെങ്കിൽ പറയാൻ മനസ്സിൽ കരുതിയിരുന്നതാണ്. അമ്മക്ക് ഇപ്പോൾ ഒരുപാട് ഇഷ്‌ടമാണ് എന്നെ….അന്ന് പറഞ്ഞത് പോലെ മനസ്സ്‌ തുറന്നു എന്റെ അമ്മയായി തന്നെ കണ്ട് സ്നേഹിക്കാൻ തുടങ്ങിയപ്പോൾ എന്റെ ആ സ്‌നേഹത്തിന് മുന്നിൽ അമ്മ തോറ്റു. അമ്മയുടെ ആ തോൽവി അമ്മയെക്കാൾ ഏറെ ഞാൻ അമ്മയുടെ അടുത്തു നിന്ന് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതൊരു സുഖമുള്ള വേദനയായിരുന്നു.

അത്രയും പറഞ്ഞു നിർത്തി ഞാൻ ആ മുഖത്തേക്ക്‌ നോക്കി. എന്റെ കണ്ണുകളിൽ തന്നെ തറഞ്ഞു നിൽക്കുകയായിരുന്നു അപ്പോൾ എന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുന്ന ആ കണ്ണുകളും…

പോട്ടെ… നേരം ഇരുട്ടി. അമ്മ അന്വേഷിക്കും…

ചിന്തയിൽ നിന്നും ഉണർന്ന് ഞാൻ പറഞ്ഞു.

അന്ന് രാത്രി ഉറക്കം വരാതെ കണ്ണുകൾ തുറന്നു കിടക്കുമ്പോൾ ആ മുഖം മാത്രമായിരുന്നു മനസ്സിൽ.എന്തിനെന്നറിയാതെ കണ്ണടക്കുമ്പോഴും തുറക്കുമ്പോഴും ആ മുഖം കണ്മുന്നിൽ തെളിഞ്ഞു. പിറ്റേന്ന് ലക്ഷ്മി ചേച്ചിക്കൊപ്പം നടക്കുമ്പോൾ ചേച്ചി എന്നെ ചിരിയോടെ ഇടക്കിടെ പാളി നോക്കി.

എന്താണ് ചേച്ചി ഒരു കള്ളത്തരം?

ഒന്നുമില്ല.നിനക്കല്ലേ ഇപ്പോൾ കള്ളത്തരം!എന്നോട് ഒന്ന് സൂചിപ്പിക്കുക പോലും ചെയ്യാതെ ലീവ്‌ എടുക്കുന്നു..അമ്പലത്തിൽ പോവുന്നു.കൂടെ നടക്കാൻ തുടങ്ങിയിട്ട് ഇത്ര നേരമായി. എന്നിട്ട് പോലും അതിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.

അയ്യോ…സോറി ചേച്ചി. അത്‌ കള്ളത്തരം കൊണ്ടൊന്നും അല്ല. മനസ്സ്‌ നിറയെ സന്തോഷം നിറഞ്ഞു നിൽക്കുന്നത് കൊണ്ടാണ്.. അകാര്യം ഞാൻ ദേ ഇപ്പോൾ അങ്ങോട്ട് പറയാൻ തുടങ്ങുകയായിരുന്നു.

അതെന്താണ് പെട്ടെന്ന് നിനക്ക് സന്തോഷം വരാൻ.ഇനി പഴയ ആള് തിരിച്ചു വന്നത്‌ കൊണ്ടോ മറ്റോ ആണോ!ദൂരെ എങ്ങോട്ടോ നോക്കി കളിയാക്കി ചിരിയോടെ ചേച്ചി അത്‌ പറഞ്ഞപ്പോൾ കൃത്രിമ പരിഭവത്തോടെ ഞാൻ ചേച്ചിയെ നോക്കി .

അതൊന്നും അല്ല..അച്ഛൻ വിളിച്ചിരുന്നു.അധികം വൈകാതെ വരുമെന്ന് പറഞ്ഞു.എന്തോ ആ സന്തോഷത്തിൽ ഇന്നലെ മുഴുവൻ മനസ്സ് മറ്റെവിടെയോ ആയിരുന്നു.വീണയെയും കൂട്ടി അമ്പലത്തിൽ പോയി.പിന്നെ അച്ഛൻ ഇന്നലെ തന്നെ മടങ്ങി വന്നാലോ എന്നൊരു തോന്നൽ.അതാണ് അവധി എടുത്തത് .

അത്രയും പറഞ്ഞു തീർന്നതും ഞാൻ ആ മുഖത്തേക്ക്‌ നോക്കി.ആ മുഖത്തെ അമ്പരപ്പും സന്തോഷവും ഒക്കെ എനിക്ക് അപ്പോൾ കാണാമായിരുന്നു.

നന്നായി.ഞാൻ പറഞ്ഞില്ലേ!നിന്റെ പ്രാർത്ഥന യും കാത്തിരിപ്പും ഒന്നും വെറുതെ ആവില്ല എന്ന്!

മറുപടിയായി ഞാൻ ഒന്ന് മൂളി.

പിന്നെ ചേച്ചി പറഞ്ഞത് പോലെ ഞാൻ ആ ആളോട് സംസാരിച്ചു.

എന്നിട്ടോ!ചേച്ചി ആകാംക്ഷയോടെ ചോദിച്ചു.

എന്നിട്ടെന്താ…ഒന്നുമില്ല സംസാരിച്ചു.എന്നെങ്കിലും കാണുമ്പോൾ പറയാൻ വച്ചിരുന്ന നന്ദിയും പറഞ്ഞു..

നീ വേറൊന്നും ചോദിച്ചില്ലേ!അന്ന് അങ്ങനെ പെട്ടെന്ന് പോവാൻ ഉണ്ടായ കാരണത്തെ കുറിച്ച് ഒന്നും.

ഇല്ല ചേച്ചി.ഇനി എന്തിനാണ് അതോ‌ക്കെ ചോദിക്കുന്നത്. ചോദിക്കണം എന്നുണ്ടായിരുന്നു എന്നുള്ളത് സത്യം ആണ്. പക്ഷേ കഴിഞ്ഞില്ല..വേണ്ടെന്ന് തോന്നി.അതാണ് സത്യം.

ഹ്മ്….സാരമില്ല.ഞാൻ ചോദിച്ചെന്നെ ഉള്ളൂ.നടക്കുന്നതിനിടയിൽ എന്നെ ഒന്നു പിന്തിരിഞ്ഞു നോക്കി ചേച്ചി പറഞ്ഞു.

അന്ന് വൈകുന്നേരം വീട്ടിലേക്ക് പോകുമ്പോൾ കയ്യിൽ ആ പുസ്തകങ്ങളും കരുതിയിരുന്നു..പുസ്തകങ്ങളും നെഞ്ചോട് ചേർത്ത് പിടിച്ചു ഞാൻ വീടിന്റെ ഉമ്മറപടികൾ കയറി കോലായിലൂടെ നടന്നു..ആ നടത്തം ചെന്ന് അവസാനിച്ചത് ആ പഴയ മുറിയിൽ ആയിരുന്നു.കയ്യിൽ ഉണ്ടായിരുന്ന പുസ്തകങ്ങൾ ശ്രദ്ധയോടെ മേശയിൽ വച്ചു.ചുറ്റിലും ഒന്ന് കണ്ണോടിച്ചു. ഇനി ഒരിക്കലും ഇങ്ങനെ ഒരാളുടെ സാന്നിധ്യം ഈ വീട്ടിലോ ഈ മുറിയിലോ ഉണ്ടാവില്ല എന്ന് കരുതിയതാണ്. ആ ചിന്ത തെറ്റിയിരുന്നു.

ഒരു നേടുവീർപ്പോടെ ഞാൻ ഓർത്തു. ശേഷം തിരിഞ്ഞു നടക്കാൻ തുടങ്ങി…അപ്പോൾ ആണ് വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ടത്.

പുസ്തകങ്ങൾ….മേശപുറത്തേക്ക്‌ ഒന്ന് നോക്കി പറഞ്ഞു.

നീ വന്നത്‌ നന്നായി.ഞാൻ ഇപ്പോൾ ഓർത്തതെ ഉള്ളൂ.നീ ഒന്ന് വന്നിരുന്നു എങ്കില്ലെന്ന്!

അതെന്താണ് അങ്ങനെ?

മുറിക്ക് പുറത്ത് കടന്നു പിന്തിരിഞ്ഞു നിന്ന് ഞാൻ ചോദിച്ചു.

അതോ‌ക്കെ ഉണ്ട് വാ….എന്നും പറഞ്ഞു എന്റെ കയ്യിൽ മുറുകെ പിടിച്ചു വലിച്ചു നേരെ കൊണ്ടുപോയത്‌ അടുക്കളയിലേക്ക് ആയിരുന്നു.അടുക്കളയിൽ എത്തിയതും കയ്യിലെ പിടി വിടുവിപ്പിച്ചു ഞാൻ ദേഷ്യത്തോടെ ആ മുഖത്തേക്ക്‌ നോക്കി.

ഉണ്ണിയപ്പം ഉണ്ടാക്കാൻ അറിയുമോ നിനക്ക്‌?

ഇല്ല.

ഒറ്റവാക്കിൽ ഞാൻ വിക്കി ഉത്തരം പറഞ്ഞു.

കള്ളം പറയല്ലേ!എനിക്കറിയാം നിനക്ക്‌ അറിയാം എന്ന്!

സത്യം..എനിക്കറിയില്ല.അമ്മയാണ് ഉണ്ടാക്കാറ്!

സത്യമാണോ?

അതേ,

എങ്കിൽ കയ്യിൽ തൊട്ട് സത്യം ചെയ് നിനക്ക്‌ അറിയില്ല എന്ന്!.കൈ മലർത്തി പിടിച്ചു എന്റെ നേരെ നീട്ടി പറഞ്ഞു.

അത്‌ പറഞ്ഞതും ദേഹത്തിനും മനസ്‌സിനും ഒരു വിറയൽ ആയിരുന്നു.

ഇല്ല…ആ കയ്യിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കൈവെച്ചു ഞാൻ പറഞ്ഞു.

അത്‌ പറ്റില്ല.മുഖത്തു നോക്കി പറയണം.നിനക്ക് അറിയില്ല എന്നത്.

അത്‌ പറഞ്ഞതും ദേഷ്യത്തോടെ ഞാൻ ആളെ വകഞ്ഞുമാറ്റി പോവാൻ തുടങ്ങി.

ഒന്ന് ഉണ്ടാക്കി താടോ!വർഷം കുറെ ആയി ആ രുചി ഒന്ന് അറിഞ്ഞിട്ടു….നിങ്ങളുടെ വീട്ടിലെ ഉണ്ണിയപ്പത്തിന് എന്റെ അമ്മ യുണ്ടാക്കുന്ന അതേ സ്വാദ് ആണ്.പക്ഷേ ആ രുചിയിൽ ഉണ്ടാക്കി തരാൻ എനിക്ക്‌ ഇപ്പോൾ അമ്മയില്ല.അതുകൊണ്ട് ആണ്.

ഇടറിയ ശബ്ദത്തോടെ ആളത് പറഞ്ഞു നിർത്തിയതും ഞാൻ നടത്തം നിർത്തി ആളെ തിരിഞ്ഞു നോക്കി.

അന്ന് പെട്ടെന്ന് ഇവിടെ നിന്നും മടങ്ങി പോവുമ്പോൾ അറിഞ്ഞിരുന്നില്ല. അച്ഛനേയും അമ്മയെയും ദിവസങ്ങളുടെ വ്യതാസത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത വിധത്തിൽ എനിക്ക്‌ എന്നന്നേക്കുമായി നഷ്ടപെടും എന്ന്!

അത്‌ കേട്ടതും ശരീരത്തിന് ഒരു വിറയൽ ആയിരുന്നു. എന്നിട്ടും സംശയം തീരാതെ ഞാൻ ആ മുഖത്തേക്ക്‌ തന്നെ ഉറ്റു നോക്കി നിന്നു.

അതേ….രണ്ട് പേരും മരിച്ചു.അച്ഛന് ഒരു ദിവസം അസുഖം കൂടി എന്ന് പറഞ്ഞു വിളി വന്നപ്പോൾ ആണ് പെട്ടെന്നൊരു ദിവസം തിരിച്ചു പോയത്.പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു.അമ്മക്കത് വലിയ ഷോക്ക് ആയി.അച്ഛൻ തളർന്നു കിടപ്പിലായിട്ടു വർഷങ്ങൾ ആയെങ്കിലും അവർക്കിടയിൽ അതൊരു കുറവ്‌ ആയിരുന്നില്ല.എപ്പോഴും തമാശ പറഞ്ഞും പിണങ്ങിയും ഇണങ്ങിയും ഒക്കെ….ഒടുവിൽ രണ്ട് പേരുടെയും നിർബന്ധത്തിനും സന്തോഷത്തിനും വേണ്ടിയാണ് ഞാൻ ഈ ജോലിക്ക് വന്നത്‌ തന്നെ .അവിടെ തന്നെ ഇരുന്ന് എനിക്ക്‌ മടുപ്പ് തോന്നേണ്ട എന്ന് കരുതി നിർബന്ധിച്ചു ജോലിക്ക് അയച്ചതാണ് ഇത്രയും ദൂരത്തേക്ക് എന്നെ.അച്ഛൻ മരിച്ചപ്പോൾ മനസ്സ് കൊണ്ട് അമ്മയും പാതി മരിച്ചിരുന്നു.അതുകൊണ്ട് ആവണം അമ്മയും അച്ഛന്റെ അടുത്തേക്ക്‌ പോയത്.അമ്മക്ക് പ്രതേകിച്ചു അസുഖം ഒന്നും ഉണ്ടായിരുന്നില്ല. ഹാർട്ട് അറ്റാക്ക് ആയിരുന്നു.അവർ രണ്ട് പേരും ഇല്ലാതെ ഒറ്റയ്ക്ക് ഒരിടത്ത് താമസിക്കുക ചിന്തിക്കാൻ പോലും പ്രയാസം ആയിരുന്നു.അതുകൊണ്ട് കിട്ടിയ ജോലി ഒക്കെ ഓരോ കള്ളം പറഞ്ഞു ഒഴിവാക്കി.അവരെ തനിച്ചാക്കാൻ പറ്റില്ല എന്ന ഒരൊറ്റ നിർബന്ധം കൊണ്ട്.പക്ഷേ ഈ ജോലി കിട്ടിയ കാര്യം എനിക്ക് മുന്നേ അവര് അറിഞ്ഞു.പിന്നെ ഒഴിവാക്കാൻ സമ്മതിച്ചില്ല.

അതുകൊണ്ട് ഒരു ഗുണം ഉണ്ടായി.രണ്ട് പേരും എന്നെ വിട്ട് പോയപ്പോൾ ഒറ്റക്ക് താമസിക്കാൻ ഞാൻ പഠിച്ചു.ഇപ്പോഴും ഒറ്റക്ക് ആയിട്ടില്ലെന്ന തോന്നൽ ആണ്..ആരൊക്കെ യോ കൂട്ടിന് ഉണ്ടെന്ന വിശ്വാസമാണ്.ഉള്ളിന്റെ ഉള്ളിൽ.ജോലി കിട്ടിയപ്പോൾ പെട്ടെന്ന് ഇവിടെ വരണം ഈ വീട്ടിൽ താമസിച്ചു ജോലിക്ക് പോവണം എന്നൊക്കെ മനസ്സ്‌ പറഞ്ഞു.അന്ന് ഇവിടെ താമസിക്കുമ്പോൾ ഒറ്റപ്പെടൽ അറിഞ്ഞിരുന്നില്ല.എന്നതായിരുന്നു സത്യം.

അത്രയും പറഞ്ഞു തീർന്നതും ആ കണ്ണുകളിൽ നനവ് പടർന്നിരിക്കുന്നത് അന്ന് ആദ്യമായി ഞാൻ കണ്ടു.ഞാൻ കാണാതിരിക്കാൻ മുഖം മറച്ചു പിടിച്ചു കൊണ്ട് കണ്ണുകൾ തുടക്കുമ്പോൾ ഞാൻ കണ്ണുകൾ തുടച്ചു നേരെ നടന്നു ചെന്നത് അടുക്കളയിലേക്ക് ആയിരുന്നു .പാത്രത്തിൽ ഇരിക്കുന്ന അരച്ച മാവിലേക്ക് ശർക്കര ഉരുക്കി അരിച്ചോഴിച്ചു നന്നായി തവി കൊണ്ടിളക്കി.അരിഞ്ഞു വച്ചിരിക്കുന്ന നാളികേര കൊത്തുകൾ നെയ്യിൽ മൂപ്പിച്ചു മാവിലേക്ക്‌ ചേർത്തു. കൂടെ ഏലക്കാ പൊടിച്ചതും…

അപ്പോഴാണ് അടുക്കളയിലെ തിണ്ണയിൽ എന്നെ നോക്കി ഇരിക്കുന്ന ആളെ കണ്ടത്.

അപ്പക്കല്ലിലെ കുഴിയിലെ തിളച്ചു മറിയുന്ന എണ്ണയിലേക്ക് ഓരോ തവി മാവും കോരി ഒഴിച്ചപ്പോൾ ചുറ്റിലും ആ കൊതിയൂറുന്ന ഗന്ധം പരന്നു. ധൃതിയോടെ അപ്പങ്ങൾ ഓരോന്നും കോലു കൊണ്ട് കുത്തിയെടുത്തു പാത്രത്തിലേക്ക്‌ അടുക്കി വച്ചു..

ഒടുവിൽ നെറ്റിയിലെ വിയർപ്പ് തുള്ളികൾ ഷാള് കൊണ്ട് തുടച്ച് മാറ്റി പുറത്തേക്ക് ഓടി വന്നപ്പോഴേക്കും നേരം ഇരുട്ടി യിരുന്നു .ധൃതി യിൽ അമ്മയുടെ അടുത്തേക്ക്‌ നടക്കാൻ തുടങ്ങിയപ്പോൾ എനിക്ക്‌ മുന്നേ വിളക്ക് കൊളുത്തിയിരുന്നത് കണ്ടു. പിന്നെ ഒന്നും ആലോചിക്കാതെ കൽപടവുകൾ ഇറങ്ങാൻ ഓരോട്ടമായിരുന്നു. അപ്പോഴേക്കും അതേ വേഗത്തിൽ വീണ ഇങ്ങോട്ട് പടി കയറി വന്നിരുന്നു.

ചേച്ചി എന്താണ് ഇത്ര യും നേരം?

അത്‌ഒന്നുമില്ല.വരുന്ന വഴി ലക്ഷ്‌മി ചേച്ചിയെ കണ്ടു.കുറെ നേരം സംസാരിച്ചു നിന്നു പോയി.സമയം പോയത് അറിഞ്ഞില്ല.

എന്നും കാണുന്ന നിങ്ങൾക്ക് തമ്മിൽ എന്താണ് ഇത്ര യും സംസാരിക്കാൻ?

ഒന്നുമില്ല..വെറുതെ സംസാരിച്ചു നിന്നു പോയതാണ്.നീ വേഗം വാ വീണ.

ചേച്ചി പൊക്കോ ഞാൻ വരാം.വാടകക്കാരൻ ഇന്ന് സ്‌പെഷ്യൽ ആയി എന്തോ ഉണ്ടാക്കുന്നുണ്ട്.മണം കേട്ട് വായിൽ വെള്ളം വരുന്നു.ഞാൻ പോയി നോക്കട്ടെ..ചേച്ചി പൊക്കോ! ചേച്ചിക്ക്‌ ഉള്ളത് കൂടി തന്നാൽ ഞാൻ കൊണ്ടുവരാം.

അതും പറഞ്ഞു മുകളിലേക്ക്‌ കയറി പോവാൻ തുടങ്ങിയ വീണയെ പിന്തിരിപ്പിച്ചു കയ്യിൽ വലിച്ചു..

തമാശ കളിക്കല്ലേ വിദ്യ.നേരം ഇരുട്ടി.ഇനിയും നിന്നാൽ അമ്മ തിരക്കി വരും.

അതും പറഞ്ഞു കൊണ്ട് അവളെ ബലമായി ആ പടവുകൾ ഇറക്കി ഞാൻ തിരിച്ചു നടന്നു.

ഓ ഇങ്ങനെ ഒരു ദുഷ്ടത്തി.തിന്നുകയും ഇല്ല.തീറ്റിക്കുകയും ഇല്ല.

വീണ നടക്കുമ്പോൾ എന്നെ നോക്കി പിറു പിറുത്തു.അത്‌ ശ്രദ്ധിക്കാതെ അവളെ ബലമായി ചേർത്ത് പിടിച്ചു നടന്നു.വീട്ടിലേത്തുമ്പോൾ അമ്മ ഞങ്ങളെ കാത്ത് ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു.

ചേച്ചി ലക്ഷ്മി ചേച്ചിയെ കണ്ടപ്പോൾ വർത്തമാനം പറഞ്ഞു നിന്നതാണ് അമ്മേ!ഞാൻ വെറുതെ ഓടി കിതച്ചു പോയത് മിച്ചം.എന്നെ നോക്കി പിണക്കം നടിച്ച് പറഞ്ഞു വീണ അകത്തേക്ക് പോയപ്പോൾ അമ്മ അത് കണ്ട് ചിരിച്ചു…

അന്ന് രാത്രി അമ്മയുടെ മുറിയിൽ ചെല്ലുമ്പോൾ അമ്മ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു.പതുക്കെ നടന്ന് അമ്മയുടെ അടുത്തു ചെന്നിരുന്നു.

ലക്ഷ്‌മി ചേച്ചിയെ കണ്ടു എന്ന് കള്ളം പറഞ്ഞതാണ് അമ്മേ ഞാൻ വീണയോട്!
എന്നോട് ഉണ്ണിയപ്പം ഉണ്ടാക്കി തരാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ഉണ്ടാക്കി കൊടുത്തു.അച്ഛനും അമ്മയും മരിച്ചു പോയെന്ന്!അമ്മയോട് കള്ളം പറയാൻ എനിക്കാവില്ല.

അത്രയും പറഞ്ഞു തീർന്നതും ഞാൻ അമ്മയുടെ മുഖത്തേക്ക്‌ കുറ്റബോത്തോടെ നോക്കി.

നന്നായി..

അത്ര മാത്രം പറഞ്ഞു അമ്മ എന്റെ നെറുകയിൽ ഉമ്മ വെച്ചപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു.

അപ്പോഴാണ് ഞങ്ങളെ നോക്കി ഉറക്ക ചടവോടെ വാതിൽക്കൽ നിൽക്കുന്ന വീണയെ കണ്ടത്.

അതെന്താ എന്നെ തവിട് കൊടുത്തു വാങ്ങിയതാണോ സുഭദ്രാമ്മേ! വേഗത്തിൽ എന്റെ മടിയിൽ വന്നു ചുരുണ്ടു കിടന്നു വീണ അമ്മയെ നോക്കി ചോദിച്ചപ്പോൾ അമ്മ എന്നെ നോക്കി ചിരിച്ചു.

പെട്ടന്നാണ് വീണ എന്നെ ചേർത്ത് പിടിച്ച് മണത്തു നോക്കിയത്.

ദുഷ്ട…എനിക്കൊരു പൊട്ടു പോലും തരാതെ ചേച്ചി അവിടെ നിന്ന് ഉണ്ണിയപ്പം തിന്നല്ലേ!നോക്കിക്കോ!കൊതി കൂടും. .

എന്ന് വീണ പറഞ്ഞപ്പോൾ അവിടം കൂട്ട ചിരിയായിരുന്നു.പിറ്റേന്ന് ബാങ്ക്‌ ഉച്ചക്ക് ശേഷം അവധിയായതിനാൽ കൂട്ടിന് ലക്ഷ്‌മി ചേച്ചി ഉണ്ടായിരുന്നില്ല.അന്ന് വൈകുന്നേരം പാടവരമ്പിലൂടെ നടന്നു വരുമ്പോൾ ആണ് ആലിൻ ചുവട്ടിൽ മഴ കൊള്ളാതെ നിൽക്കുന്ന ആളെ കണ്ടത്.ഒരു നിമിഷം വർഷങ്ങൾക്ക് മുന്നെ യുള്ള ആ പെരു മഴയും കുടയും പനിച്ചു വിറച്ച രാത്രി യും എല്ലാം മനസ്സിലേക്ക് വന്നു.ഓർമ്മകളിൽ നിന്നും ഉണർന്നു നടക്കാൻ തുടങ്ങിയപ്പോൾ കുടയിലെ എന്റെ കൈപിടിയിൽ അമർന്ന കൈകളുടെ സ്പർശം ഞാൻ അറിയുന്നത്‌.
ഞെട്ടലോടെ ഞാൻ ആ മുഖത്തേക്ക്‌ നോക്കി.ബലമായി ആ കൈവിടുവിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.ദേഹം നനയാതെ ഒരു കുടകീഴിൽ മൗനമായി പരസ്പരം തോളൂരുമ്മി നടക്കുമ്പോൾ എന്തൊക്കെയോ പറയണം എന്നുണ്ടായിട്ടും ഒന്നും പറയാൻ നാവ് അനങ്ങിയില്ല…

അന്ന് അനുവാദം ചോദിക്കാതെ ആ കുടകീഴിലേക്ക് ഓടി കയറിയപ്പോൾ ഞാൻ നിന്റെ മനസ്സറിയാതെ പോയി. പക്ഷേ ഇന്ന് എനിക്ക് മനസ്സിലാവും…നിന്നെയും….. നിന്റെ മനസ്സും..ഒക്കെ…

ഇന്നലെ ഉണ്ടാക്കി തന്നു പോയ പലഹാരം എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചില്ലല്ലോ!നീ ചോദിച്ചില്ലെങ്കിലും ഞാൻ പറയാം ഉത്തരം.

കയ്യിലെ പിടി അഴച്ചു ഇടത് കയ്യ് ബലമായി ചേർത്തുയർത്തി അതിലേക്ക് തന്നെ ഉറ്റു നോക്കി എപ്പോഴോ ആ ചുണ്ടുകൾ കയ്യിൽ അമർന്നപ്പോൾ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ആ മഴയിൽ കുതിർന്നു നിശ്‌ചലയായി ഞാൻ നിന്നു.

കാത്തിരിക്കൂ…