മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…..
“മോളെ എന്തൊരു മഴയും കാറ്റുമാണ്. റോഡ് തന്നെ ശരിക്കും കാണാൻ കഴിയുന്നില്ല “
കാറിൻ്റെ കോ- ഡ്രൈവർ സീറ്റിലിരുന്നു ഭയത്തോടെ സുദേവൻ ഡ്രൈവ് ചെയ്യുന്ന നിലാവിനെ നോക്കി.
“നമ്മൾക്ക് മഴയൊന്നു ശമിച്ചിട്ടു പോയാൽ മതീലേ – അപ്പോഴെക്കും ഇവരുടെ കെട്ട് വിടും “
പിൻസീറ്റിൽ കിറുങ്ങിക്കിടക്കുന്ന മക്കളെ നോക്കി സുദേവൻ പറഞ്ഞപ്പോൾ, അവൾ പതിയെ ചിരിച്ചു.
“ഇവരുടെ കെട്ട് വിടേണ്ടത് എൻ്റെയും ആവശ്യമാണ് അങ്കിൾ? കാഴ്ചകൾ നേരിട്ടു കാണേണ്ടവർ ഇവരാണ് “
‘നിലാവ് ഒരു പെട്ടിക്കടയുടെ ഓരം ചേർത്ത് വണ്ടി നിർത്തി, കടയിലേക്ക് ഓടിചെന്ന് കുറച്ചു പാക്കറ്റ് തൈരും വാങ്ങി മടങ്ങി വന്നു.
മയങ്ങി കിടക്കുന്ന അരുണിനെയും, വരുണിനെയും തട്ടിയുണർത്തി അവൾ തൈര് പാക്കറ്റുകൾ കൊടുത്തു.
” ഇങ്ങിനെ ഉറങ്ങി കിടന്നാലോ ബ്രോസ്, കൺമുന്നിൽ എന്താണ് നടക്കുന്നതെന്ന് കാണേണ്ടേ?”
നിലാവിൻ്റെ ചോദ്യം കേട്ടതും അരുൺ ഒന്നു പുഞ്ചിരിച്ചെങ്കിലും, വരുണിൻ്റെ കണ്ണുകൾ തേടി ചെന്നത് അവളുടെ മഴ നനഞ്ഞ് തെളിഞ്ഞ നിമ്നോന്നതങ്ങളിലായിരുന്നു.
അവൻ്റെ തുളച്ചുകയറുന്ന നോട്ടം കണ്ടതും, അവൾ പുഞ്ചിരിയോടെ തലയാട്ടി.
പുറത്തെ മഴയിലേക്കും നോക്കി സുദേവൻ ഇരുന്നു.
മുന്നോട്ടു പോകാൻ കഴിയാതെ വാഹനങ്ങളൊക്കെ പാർക്ക് ലൈറ്റ് ഇട്ട് റോഡിൻ്റെ വശങ്ങളിൽ നിർത്തിയിട്ടുണ്ട്.
ടാറിട്ട റോഡിലൂടെ ഒഴുകി വരുന്ന വെള്ളത്തിലൂടെ കൂസലില്ലാതെ ഡ്രൈവ് ചെയ്യുന്ന നിലാവിനെ അത്ഭുതത്തോടെ നോക്കി സുദേവൻ.
” അങ്കിൾ, അച്ഛനും, അമ്മയും ലോറിയിടിച്ച് മരിക്കുന്ന ആ രാത്രി ഇതേപോലെ മഴ പെയ്തിരുന്നു അല്ലേ?”
ഗിയർ മാറ്റുന്നതിനിടയിൽ, അത് ചോദിച്ചുക്കൊണ്ട് അവൾ സുദേവനെ ഒന്നു നോക്കി.
“ഇങ്ങിനെ ശക്തിയേറിയ മഴയുണ്ടായിരുന്നില്ല. ഒരു ചാറ്റൽമഴ.അത്രമാത്രം “
പറഞ്ഞു കഴിഞ്ഞാണ് സുദേവന് അബദ്ധം മനസ്സിലായത്.
കണ്ണുകൾ ചെരിച്ച് നിലാവിനെ നോക്കുമ്പോൾ, അവൾ ഒന്നും അറിയാത്തതുപോലെ ഡ്രൈവ് ചെയ്യുന്നത് കണ്ടപ്പോൾ സുദേവൻ ഒന്നു നിശ്വസിച്ചു.
” സുഗുണൻ ഏത് ബിൽഡിങ്ങിലാണ് മോളേ ഉള്ളത് “
” ഇത്തിരി കൂടി പോകാനുണ്ട് അങ്കിൾ. കോട്ടൺ മില്ലും കഴിഞ്ഞ് ഇത്തിരി ദൂരം മുന്നോട്ടു പോണം”
സുദേവനെ നോക്കി
നിലാവ് പുഞ്ചിരിച്ചു.
” ആൻറിക്ക് സുഖമല്ലേ അങ്കിൾ?”
സുദേവൻ തലയാട്ടിക്കൊണ്ട് പുറത്ത് കോരിച്ചൊരിയുന്ന മഴയിലേക്ക് നോക്കിയിരുന്നു.
“നിങ്ങൾ ഒരുമിച്ച് ഒരുത്തിലേക്കും പോകുന്നത് ഞാൻ കണ്ടിട്ടില്ല. അല്ലെങ്കിൽ ഈ ഓപ്പറേഷനിൽ ആൻ്റിയെയും കൂട്ടിയേനെ ഞാൻ “
നിലാവ് പറയുന്നത് കേട്ടപ്പോൾ സുദേവൻ അവളെ സൂക്ഷിച്ചു നോക്കി.
“ചോറും, കറികളും ഉണ്ടാക്കാൻ മാത്രമല്ല അങ്കിൾ, ഇടക്കിടക്ക് ടൂറിനു കൊണ്ടു പോകുന്നതു പോലെ പെണ്ണുങ്ങളെ ക്വട്ടേഷനും കൊണ്ടു പോകണം അതല്ലേ അതിൻ്റെ ത്രിൽ?
പറഞ്ഞുക്കൊണ്ട് പൊട്ടിച്ചിരിക്കുന്ന നിലാവിനെ ഒന്നും മനസ്സിലാവാതെ നോക്കിയിരുന്നു സുദേവൻ.
കുറച്ചു ദൂരം ഓടി, ഒഴിഞ്ഞുകിടക്കുന്ന ഹൈവേയിൽ കോട്ടൺമില്ലിനു മുന്നിലുള്ള ട്രാൻസ്ഫോമറിൻ്റെ അടുത്ത് കാർ നിർത്തി, നിലാവ് സുദേവനെ നോക്കി.
“ഇവിടം നിന്നു നമ്മൾക്ക് നടന്നു പോകാം അങ്കിൾ?അവിടെയൊരു ലോറി കിടക്കുന്നത് കണ്ടോ?”
ദൂരെ, മഴയിലൂടെ അവ്യക്തമായി കാണാവുന്ന ഒരു ലോറി ചൂണ്ടി കാണിച്ചുകൊണ്ട് നിലാവ് സുദേവനെ നോക്കി.
“അതിൻ്റെ ഇടതുവശത്തുകൂടി ഉള്ളിലേക്ക് ചെന്നാൽ ഒരു പഴയ കെട്ടിടമുണ്ട്. അതിലാണ് സുഗുണൻ ഒളിച്ചിരിക്കുന്നതെന്നു പറഞ്ഞു “
പറഞ്ഞു നിർത്തി നിലാവ് പുറത്തേക്കിറങ്ങി കുട നിവർത്തി .
” അപ്പോൾ മോൾ സുഗുണനെ കണ്ടിട്ടില്ലേ?”
സുദേവൻ സംശയത്തോടെ നിലാവിനെ നോക്കി.
” വേണ്ടപ്പെട്ട ഒരു ഇൻഫോമർ തന്നതാണ് ഈ വിവരം. എന്നാലും നമ്മൾക്കൊന്നു കൺഫേം ചെയ്തിട്ട് ഈ പുലികളെ കൂട്ടിൽ നിന്ന് ഇറക്കിയാൽ മതി”
പിന്നിലിരിക്കുന്ന അരുണിനെയും, വരുണിനെയും നോക്കി നിലാവ് പറഞ്ഞപ്പോൾ, അവർ അഭിമാനം കൊണ്ടു തലയുയർത്തി.
” നിലാവ് പറഞ്ഞതാണ് ശരി, നിങ്ങൾ പോയി സ്കെച്ച് ഇട്- പണി ഞങ്ങൾ വന്ന് നടത്തിക്കോളാം”
തിളങ്ങുന്ന മഴുവിൽ തഴുകി വരുൺ അത് പറയുമ്പോഴും, അവൻ്റെ നോട്ടം അവളുടെ മാറിലേക്ക് തന്നെയായിരുന്നു.
” പുലികൾ ഒരു കാര്യം ചെയ്യ്.മുൻസീറ്റിലേക്ക് വന്നിരിക്ക്.പോലീസെങ്ങാനും വന്ന് ചെക്ക് ചെയ്യുമ്പോൾ നിങ്ങൾ ബാക്ക് സീറ്റിലിരുന്നു കള്ള് കുടിക്കുകയാണെന്ന് വിചാരിക്കും. പോരാത്തതിന് നിങ്ങളുടെ കൈവശം ആയുധവുമുണ്ട് “
“അത് ശരിയാണ്.
പെണ്ണാണെങ്കിലും നിലാവിന് നല്ല വിവരമുണ്ട്
അരുൺ അത് പറഞ്ഞ് ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറുമ്പോൾ, അവൻ്റെ മുഖത്ത് പതിയെ തഴുകി നിലാവ്!
” നിറകുടം തുളുമ്പില്ലാന്ന് കേട്ടിട്ടില്ലേ അരുൺ – അതാ ഞങ്ങൾ പെണ്ണുങ്ങൾ. അപ്പോൾ ഞാനും, അങ്കിളും പോയേച്ച് ഒന്നു നോക്കട്ടെ അരുൺ.സിഗ്നൽ തന്നാൽ അപ്പം ചാടിയേക്കണം പുലികൾ കാറിൽ നിന്ന്. ഓക്കെ “
അരുണിൻ്റെ മുടിയിഴകളിൽ തലോടിക്കൊണ്ട്, കാറിൻ്റെ ഡോറടച്ച് നിലാവ് കുടയും ചൂടി, വാസുദേവനെയും വിളിച്ചു മഴയിലൂടെ നടന്നു.
അവർ പോകുന്നതും നോക്കി ഇരുന്ന വരുൺ, അരുണിനെ നോക്കി.
” പെണ്ണിന് വല്ലാത്ത റൊമാൻസ് ആണല്ലോടാ നിന്നോട് “
“അണയാൻ പോകുന്ന ദീപം ആളിക്കത്തുമെന്ന് പറയാറില്ലേ വരുൺ. അങ്ങിനെ ഒരു ആളിക്കത്തൽ ആണ് അവളുടേത് “
അതും പറഞ്ഞ് അരുൺ സീറ്റിൽ ചാരി കിടന്നു ഡോക്ടർ പ്രിയയുടെ ചിത്രം മനസ്സിലേക്ക് പകർത്തി തുടങ്ങി.
മഴയിലൂടെ കുറച്ചു ദൂരം നടന്നതും, മുന്നിൽ കണ്ട ലോറി വ്യക്തമായി,കണ്ടതും സുദേവൻ്റെ നെഞ്ചിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു.
ആർത്തലച്ചു പെയ്യുന്ന മഴയിലും സുദേവൻ വിയർത്തു തുടങ്ങി.
അകാരണമായ ഒരു ഭീതി അയാളെ പൊതിയാൻ തുടങ്ങി.
പൊടുന്നനെ വീശിയടിച്ച ശക്തിയേറിയ കാറ്റിൽ നിലാവിൽ നിന്നും കുട റോഡിലേക്ക് പറന്നിറങ്ങിയതും, ചീറി പാഞ്ഞു വന്ന കാർ അതിനു മുകളിലൂടെ കയറിയിറങ്ങിയതും, ഓരേനിമിഷമായിരുന്നു.
തുള്ളിക്കൊരു കുടം പെയ്യുന്ന മഴയിൽ നിന്ന് രക്ഷനേടി പൊടുന്നന്നെ അവൾ ലോറിയുടെ പൊളിഞ്ഞ ഡോറിലൂടെ ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറി ഇരുന്നു.
“ഇവിടെ ഇരുന്നോ അങ്കിൾ, മഴ കുറച്ചു ശക്തി കുറഞ്ഞിട്ട് നമ്മൾക്ക് പോകാം.ഒരു തോട് കടന്നിട്ട് വേണം നമ്മൾക്ക് പോകാൻ “
എതിർ സീറ്റ് ചൂണ്ടി കാണിച്ചു നിലാവ് പറഞ്ഞപ്പോൾ എതിർപ്പുകൂടാതെ സുദേവൻ കയറി ഇരുന്നു.
” എന്തൊരു നശിച്ച മഴ”
പുറത്ത് ശക്തിയേറിയ കാറ്റിൽ ആടിയുലയുന്ന വൃക്ഷങ്ങളെയും നോക്കി, മഴയിൽ നനഞ്ഞു കുളിച്ച സുദേവൻ മന്ത്രിക്കുമ്പോൾ, അച്ഛൻ്റെയും, അമ്മയുടെയും ഓർമ്മകളിൽ നിലാവിൻ്റെ മിഴികളിൽ നിന്നും കണ്ണീർമഴ പെയ്തു തുടങ്ങിയിരുന്നു.
“ഈ തടിലോറിയല്ലേ അച്ചൻ ഓടിച്ചിരുന്ന കാറിലേക്ക് ആരോ,ഇടിച്ചു കയറ്റിയത്?”
കണ്ണീരോടെയുള്ള നിലാവിൻ്റെ ചോദ്യത്തിന് വിറയൽ പുറത്ത് കാണിക്കാതെ സുദേവൻ തലയാട്ടി.
“ഇതിൻ്റെ ആർ.സി
ഓണറെ ഇതുവരെ കിട്ടിയില്ലേ അങ്കിൾ?”
“ആർ.സി. ഓണർ ഒരു ഹരീന്ദ്രൻ ആണ്. പക്ഷെ വണ്ടി മോഷണം പോയെന്നു പറഞ്ഞ്, സംഭവം നടക്കുന്നതിൻ്റെ ഒരു മാസം മുൻപ് അയാൾ പോലീസിൽ കംപ്ലെയിൻ്റ് കൊടുത്തിട്ടുണ്ട് “
” അപ്പോൾ ഒരു മാസമായി അച്ഛനെ ലക്ഷ്യം വെച്ച് ഈ ലോറി എവിടെയോ പതുങ്ങി കിടക്കുന്നുണ്ടായിരുന്നു അല്ലേ?”
നിലാവിൻ്റെ ചോദ്യം കേട്ടതും, വാക്കുകൾ കിട്ടാതെ സുദേവൻ വിഷമിച്ചു.
” അതായത് വാസന്തിയമ്മയും, രാജേഷും കോളനിയിൽ വന്നു താമസമാക്കിയ ദിവസത്തെ അടുത്ത ദിവസങ്ങളിൽ അല്ലേ അങ്കിൾ?”
തൻ്റെ കണ്ണിലേക്കു തറച്ചുകയറുന്ന നോട്ടത്തെ നേരിടാനാകാതെ സുദേവൻ തലകുനിച്ചു
ഏതോ ഓർമ്മകളിലെന്നവണ്ണം നിമിഷങ്ങളോളം നിലാവ് പുറത്തു പെയ്യുന്ന മഴയിലേക്ക് നോക്കി.
” പണ്ട് കക്ക വാരുന്ന ജോലി ചെയ്യുമ്പോൾ അങ്കിളിൻ്റെ കൂടെ ഒരു കൂട്ടുക്കാരനുണ്ടായിരുന്നില്ലേ – ശങ്കരൻ? “
നിലാവിൻ്റെ ചോദ്യം കേട്ടതും സുദേവൻ്റെ നെറ്റിയിൽ വിയർപ്പ് ചാലൊഴുകി.
“കള്ളും, കഞ്ചാവും കൊടുത്ത് ആ നല്ല മനുഷ്യനെ എന്തിന് വഴിതെറ്റിപ്പിച്ചു?സ്വന്തം മകളെ കറൻസികൾക്ക് വിൽക്കാൻ മടിയില്ലാത്ത വെറുമൊരു ഭ്രാന്തനാക്കി? ഒടുവിൽ ഒരു നുള്ള് വിഷം മദ്യത്തിൽ കലർത്തി എന്തിന് ആ,ജീവൻ അവസാനിപ്പിച്ചു.?”
നിലാവിൻ്റെ ചോദ്യങ്ങളിൽ അപകടം മണത്ത സുദേവൻ ലോറിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും, മഴയിൽ കുതിർന്ന് ലോറിയിലേക്ക് കയറി വന്ന മനുഷ്യനെ കണ്ട് അയാൾ ഭീതിയോടെ മന്ത്രിച്ചു.
സുഗുണൻ!
” അപ്പോൾ നീ എല്ലാ സത്യങ്ങളും അറിഞ്ഞു അല്ലേ?”
സുദേവൻ ഉള്ളിലെ ഭീതി പുറത്തു കാണിക്കാതെ നിലാവിനെ നോക്കി ഒരു പരിഹാസച്ചിരി ചിരിച്ചു.
“എല്ലാം അറിഞ്ഞാലും ഞങ്ങളെ നിനക്കൊരു ചുക്കും ചെയ്യാൻ കഴിയില്ലെടീ – കാരണം നീ പെണ്ണാണ്. വെറുമൊരു പെണ്ണ്. ചതിയിലൂടെയാണ് പെണ്ണായ നീ ഞങ്ങളെ ഇവിടെ എത്തിച്ചത്.അത് ഓർമ്മ വേണം നിനക്ക് “
കത്തിജ്വലിക്കുന്ന സുദേവനെ നോക്കി അവൾ പുഞ്ചിരിച്ചു.
” എൻ്റെ അച്ചന് മകനായി ആണൊരുത്തൻ ഇല്ലാത്തതുകൊണ്ടാണ് നിങ്ങൾക്ക് ഈ എളുപ്പം കണ്ടതെന്നറിയാം. പക്ഷെ അച്ചന് ആണായും, പെണ്ണായും ഞാനൊരുത്തി ഉണ്ടെന്നുള്ള കാര്യം നിങ്ങൾ മറന്നു. പെണ്ണ് വെറുമൊരു പെണ്ണല്ലെന്നും, ആ പെണ്ണിന് പലതും ചെയ്യാൻ കഴിയുമെന്നും നിങ്ങളെ പഠിപ്പിക്കുന്ന സമയമാണ് വരാൻ പോകുന്നത്. പിന്നെ ഞാൻ ചെയ്ത ചതിയെ പറ്റി?”
നിലാവ് അയാളെ നോക്കി പൊട്ടി ചിരിച്ചു.
” ചതിക്ക് പകരം ചതിയാണ് എൻ്റെ പോളിസി അങ്കിളേ? അതു കൊണ്ടു തന്നെയാണ് സുഗുണൻ ചേട്ടനെ, ചേട്ടനറിയാതെ തന്നെ ഒരു ഓഡിയോ ടേപ്പായിട്ടാണ് നിങ്ങൾക്കിടയിലേക്ക് ഞാൻ വിട്ടത്. കാരണം ആ കൊലപാതകത്തിൽ നിങ്ങളെ എനിക്കു സംശയമുണ്ടായിരുന്നു “
അവൾ ഒരു പരിഹാസചിരിയോടെ സുദേവനെ നോക്കി.
“കള്ളിൻ്റെയും, കഞ്ചാവിൻ്റെയും പുറത്ത് നിങ്ങൾ എല്ലാ സത്യങ്ങളും തത്ത പറയുന്നതുപോലെ സുഗുണൻ ചേട്ടനോട് പറയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.അത് തെറ്റിയില്ല”
അതും പറഞ്ഞ് അവൾ സുഗുണനെ നോക്കി കണ്ണ് കാണിച്ചതും, അയാളുടെ വലംകൈ സുദേവൻ്റെ കവിളിൽ ആഞ്ഞു പതിച്ചു.
കൂടം കൊണ്ട് അടി കിട്ടിയതുപോലെ സുദേവൻ്റെ കവിൾ ഒരു വശം കോടി.
” ഇത് നീ അവിടെ വെച്ച് സുഗുണൻ ചേട്ടന് കൊടുത്തതിൻ്റെ പകരം – “
അങ്കിൾ എന്നു വിളിച്ചിരുന്ന നാവ് കൊണ്ട് നീ എന്നു വിളിക്കുമ്പോൾ, നിലാവിൻ്റെ കണ്ണുകളിൽ നിന്ന് പാറിയത്, തീപ്പൊരിയായിരുന്നുവെന്ന് സുദേവന് മനസ്സിലായിരുന്നു.
” സത്യങ്ങളെല്ലാം പറഞ്ഞ് കഴിഞ്ഞ് ഞാൻ വരും മുന്നെ നീ സുഗുണൻ ചേട്ടനെ ഇല്ലാതാക്കുമെന്ന് എനിക്കറിയാമായിരുന്നു.അതുകൊണ്ടുതന്നെയാണ് രാജേഷ് ചേട്ടനെ കൊണ്ട് നിൻ്റെ പെണ്ണിനെ ബന്ദിയാക്കിപ്പിച്ചത്.. അവിടെ ഒരു കസേരയിൽ നിൻ്റെ പെണ്ണിനെ, വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് കെട്ടിയിട്ട്, സുഗുണൻ ചേട്ടനെ കൊണ്ടുപോകാൻ വന്നതും രാജേഷ് ചേട്ടൻ തന്നെയായിരുന്നു “
നിലാവിൻ്റെ മൂർച്ചയുള്ള ഓരോ വാക്കും കേട്ടുകൊണ്ടിരിക്കെ, സുദേവൻ്റെ മുഖം വിളറി വെളുത്ത് തുടങ്ങി.
‘ആ ചിലന്തിവലയിൽ കുടുങ്ങി കിടക്കുന്ന പ്രാണിയെ കണ്ടോ നീ – അത് ചത്തിട്ടൊന്നുമല്ല നിശ്ചലമായി കിടക്കുന്നത്? ചതിയനായ ശത്രുവിൻ്റെ ബലഹീനതകൾ മനസ്സിലാക്കാൻ വേണ്ടിയാണ് ചത്തതുപോലെയുള്ള കിടപ്പ്. ഒടുവിൽ എല്ലാം മനസ്സിലാക്കി, ബുദ്ധിമാനെന്നു കരുതുന്ന ചിലന്തിയെ നോക്കുകുത്തിയാക്കിയിട്ട് ആ പ്രാണി, വലയുടെ കെട്ട്പ്പൊട്ടിച്ച് പറന്നുയരും. നീ നോക്കിക്കോ “
ലോറി കാബിൻ്റെ മൂലയിൽ, നെയ്തു കൊണ്ടിരിക്കുന്ന ചിലന്തിവലയെ കാണിച്ചു കൊണ്ട് അവൾ പറഞ്ഞപ്പോൾ, അയാൾ അങ്ങോട്ടേയ്ക്ക് നോക്കിയതും, പൊടുന്നനെ ലോറി സ്റ്റാർട്ടായി.
ഞെട്ടിത്തെറിച്ച് സുദേവൻ നിലാവിനെ നോക്കിയതും, അവൾ അയാളെ നോക്കി പുഞ്ചിരിച്ചു.
“പണമുണ്ടെങ്കിൽ എന്തും നമ്മുടെ പിന്നാലെ വരുമെന്ന് അങ്കിളിന് അറിയുമല്ലോ? അതുപോലെ വന്നതാണ് ലോറിയുടെ ഈ കീ “
ഒരു നിമിഷം നിലാവ് അയാളെ ക്രൂരമായി നോക്കി, ശക്തിയിൽ ക്ലച്ചമർത്തി, ഗിയർ ഇട്ടു…
വൈപ്പർ ഓണാക്കിയതും, മഴതുള്ളികൾക്കൊപ്പം, ചെളിയും ഇരുവശത്തേക്ക് നീങ്ങി.
ഗ്ലാസിൻ്റെ വ്യക്തമായ ഭാഗത്തു കൂടെ, ദൂരെ കിടക്കുന്ന കാർ കണ്ടതും സുദേവൻ്റെ ഉള്ളിൽ ഒരു തീഗോളം പടർന്നു.
അയാൾ ഭീതിയോടെ നിലാവിനെ നോക്കി.
” അങ്കിൾ പേടിക്കണ്ട. എൻ്റെ അച്ചനെയും അമ്മയെയും അരുണ്യം, വരുണും കൂടി കൊല്ലുമ്പോൾ അങ്കിൾ കാഴ്ചക്കാരനായിരുന്നു. ഇന്ന് ഞാനവരെ കൊല്ലുമ്പോഴും അങ്കിൾ വെറുമൊരു കാഴ്ചക്കാരൻ തന്നെയാണ് “
” കൊല്ലാനോ? “
ശ്വാസം നിലയ്ക്കും പോലെ സുദേവൻ ചോദിച്ചതും, നിലാവ് പൊട്ടിച്ചിരിച്ചു.
“അല്ലാതെ കൂടെ കൂടിയത് പാലൂട്ടാനാണെന്നു വിചാരിച്ചോ? നാളെ രാവിലെ ചിതയിൽ നിന്ന് അമ്മയുടെയും, അച്ഛൻ്റെയും അസ്ഥി എനിക്ക് സന്തോഷത്തോടെ എടുക്കണമെങ്കിൽ അവരെ ഈ ഭൂമിയിൽ നിന്നു പറഞ്ഞു വിടണം അങ്കിൾ – ദയവായി തടയരുത്”
പറഞ്ഞതും ക്ലച്ചിൽ നിന്ന് അവളുടെ പാദം പതിയെ ഉയർന്നതും, ലോറി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.
“നോ “
സുദേവൻ അലറിക്കൊണ്ടു പുറത്തേക്ക് ചാടാനൊരുങ്ങിയതും, സീറ്റിനു പിന്നിൽ നിന്ന് ഒരു ഇരുമ്പ് ദണ്ഡ് എടുത്ത് സുഗുണനു നേരെ നീട്ടി നിലാവ്.
സുദേവൻ്റെ തല പ്ലാറ്റ്ഫോമിലേക്ക് താഴ്ത്തിയിട്ട്,സീറ്റിനു മുകളിലേക്ക് വെച്ച അയാളുടെ കാലുകൾക്കു മുകളിലൂടെ പലവട്ടം ആ ഇരുമ്പ്ദണ്ഡ് താഴ്ന്നിറങ്ങി.
ജീവൻ പോകുന്ന അലർച്ച അയാളിൽ നിന്നുയർന്നെങ്കിലും, മഴ ശബ്ദത്തിൽ അത് അലിഞ്ഞു ചേർന്നിരുന്നു.
ലോറിയുടെ സ്പീഡ് കൂടുന്നത് കണ്ടപ്പോൾ, ഭീതിയോടെ സുദേവൻ, നിലാവിൻ്റെ കാൽ പിടിച്ചു.
“മോളെ കാല് പിടിച്ചുക്കൊണ്ട് ഞാൻ പറയാണ് എൻ്റെ മക്കളെ ഒന്നും ചെയ്യരുത്”
പ്ലാറ്റ്ഫോമിലേക്കു താഴ്ന്നു കിടക്കുന്ന സുദേവൻ്റെ മുഖം ഇടം കൈ കൊണ്ട് പിടിച്ചുയർത്തി അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി നിലാവ്.
“എൻ്റെ അച്ഛനെയും, അമ്മയെയും തിരിച്ചു തരാൻ കഴിയുമെങ്കിൽ ഈ നിമിഷം വണ്ടി ഞാൻ ഓഫ് ചെയ്യാം – പറ്റോ നിനക്ക്?”
ഉഷ്ണം വമിക്കുന്ന നിലാവിൻ്റെ ചോദ്യം കേട്ടതും, കണ്ണീർ വാർത്തു തുടങ്ങി സുദേവൻ.
“വെറും ഒരു പെണ്ണായ എൻ്റെ കാലിൽ പിടിച്ചു കരയല്ലേ നീ? എനിക്ക് ചിരി വരും”
സുഗുണൻ ടേപ്പ് എടുത്ത് അയാളുടെ മുഖത്ത് ഒട്ടിക്കാൻ ശ്രമിച്ചപ്പോൾ, നിലാവ് തടഞ്ഞു.
” അതു വേണ്ട സുഗുണൻ ചേട്ടാ – ഇയാൾ മക്കളുടെ മരണം കണ്ട് അലറി കരയുന്നത് എനിക്ക് നല്ലവണ്ണം കേൾക്കണം. എന്നാലേ ഇതുവരെ ഉമിത്തീ പോലെ നീറിയിരുന്ന എൻ്റെ മനസ്സ് തണുക്കുകയുള്ളൂ”
പറഞ്ഞു തീർന്നതും, നിലാവിൻ്റെ പാദം ആക്സിലേറ്ററിലേക്ക് അമർന്നു.
നിലത്തു കിടക്കുന്ന സുദേവനെ വലിച്ച് തങ്ങളുടെ നടുക്ക് ഇരുത്തി സുഗുണൻ.
കോരിച്ചൊരിയുന്ന മഴയിലൂടെ വേഗതയിൽ പായുന്ന ആ ലോറിയുടെ ഗ്ലാസ്സിൻ്റെ ഇത്തിരി വട്ടത്തിലൂടെ, അടുത്തടുത്ത് വരുന്ന കാറിനെ കണ്ടതും അയാൾ കൊച്ചുകുട്ടികളെ പോലെ വാവിട്ടു കരഞ്ഞു.
നിറഞ്ഞു പെയ്യുന്ന മഴയിൽ, മുൻ കാഴ്ചകളൊന്നും കാണാതെ, കാറിലിരുന്നു കൊണ്ട് നിലാവിനെ കുടുക്കേണ്ടതിനെ പറ്റി ചർച്ച ചെയ്യുന്ന അരുണും, വരുണ്യം തങ്ങൾക്കുനേരെ മരണത്തിൻ്റെ വാറണ്ടുമായി പാഞ്ഞടുക്കുന്ന ലോറിയെ കണ്ടില്ല.
കാറിനടുത്തെത്തിയതും, പല്ലുകടിച്ചു പിടിച്ച് നിലാവ് ആക്സിലേറ്ററിലേക്ക് കാലമർത്തിയതും, കാർ വല്ലാത്തൊരു ശബ്ദത്തോടെ ഒന്നു പതിയെ ഉയർന്നു താഴ്ന്നു.
ഫ്രണ്ട് ഗ്ലാസ്സിൽ നിന്ന് വെള്ളതുള്ളികൾ തെറിച്ച്, ചില്ല് ചിലന്തിവല പോലെ ചിന്നിയപ്പോൾ, അരുണും വരുണും ഭീതിയോടെ മുന്നിലേക്ക് നോക്കിയതും ലോറിയിൽ വളയം പിടിച്ചിരിക്കുന്ന നിലാവിനെ കണ്ടു ഞെട്ടി.
പകപ്പോടെ ഡോർ തുറക്കാൻ ശ്രമിച്ച അവർ പലവട്ടം ശ്രമിച്ചിട്ടും ഡോർ തുറക്കാനായില്ല.
ഇടിയുടെ ആഘാതത്തിൽ ഡോർ ലോക്ക് ആയെന്നു അറിഞ്ഞ അരുൺ, നിലാവിനെ നോക്കി കൈകൂപ്പിയപ്പോൾ അവൾ ഒരു പുഞ്ചിരിയോടെ ലോറി ഗിയറിൽ തട്ടി റിവേഴ്സിലേക്കിട്ടു.
പിന്നോട്ടു പതിയെ പോകുന്ന ലോറിയെ കണ്ടതും, വരുൺ പൊടുന്നനെ ചെറിയ മഴു എടുത്ത് ഗ്ലാസ് തകർക്കാൻ തുടങ്ങി.
ആരെങ്കിലും രക്ഷിക്കണമേയെന്ന് സുദേവൻ ചുറ്റും നോക്കി അലറിയപ്പോൾ, ഇടയ്ക്കിടെ മുഴങ്ങുന്ന ഇടിമുഴക്കത്തിൽ മുങ്ങിപ്പോയി ആ രോദനം!
വിജനമായ റോഡിൽ, രക്ഷിക്കാൻ ആരുമില്ലാതെ, പ്രാണൻ പോകുന്ന വേദനയോടെ അയാൾ കാറിനുള്ളിലേക്ക് നോക്കി.
സുദേവനും, അരുണും പ്രാണവേദനയാൽ നോക്കുന്ന രംഗം കണ്ട് സംതൃപ്തിയുടെ ഒരു പുഞ്ചിരി നിലാവിൻ്റെ ചുണ്ടിൽ തെളിഞ്ഞു.
റിവേഴ്സിൽ കുറച്ചു ദൂരം പോയ ലോറി, പൊടുന്നന്നെ ഗിയർ മാറ്റി മുന്നോട്ടെടുക്കുമ്പോൾ, അവളുടെ മനസ്സിൽ അച്ഛൻ്റെയും, അമ്മയുടെയും തുന്നിക്കെട്ടിയ ശവശരീരങ്ങളായിരുന്നു.
ഓർമ്മകൾ നിലാവിനെ വേദനിപ്പിച്ചപ്പോൾ, അവളുടെ കാൽപാദം ആക്സിലേറ്ററിൽ ശക്തിയോടെ അമർന്നു.
തളം കെട്ടി കിടക്കുന്ന ചെളിവെള്ളത്തെ, ഇരുവശത്തേക്കും തെറിപ്പിച്ചു കൊണ്ട് കുതിച്ചു പാഞ്ഞു വന്ന ആ തടിലോറി, കാറിലേക്ക് ഇടിച്ചു കയറിയതും തൊട്ടടുത്ത ട്രാൻസ്ഫോമറിലേക്ക് ആ കാർ പാഞ്ഞുകയറി.
ട്രാൻസ്ഫോമറിനു ചുറ്റും ശബ്ദത്തോടെ ചിതറുന്ന അഗ്നിസ്ഫുല്ലിംഗങ്ങൾ, അവളുടെ കണ്ണുകളിൽ തെളിഞ്ഞപ്പോൾ, ആവേശത്തോടെ അവൾ ഒന്നുകൂടി ലോറി റിവേഴ്സിലേക്കിട്ടു മുന്നോട്ടുവന്നതും, ഒരു വശത്തെ ഇരുമ്പ്തൂണ് തകർന്നു ട്രാൻസ്ഫോമർ കാറിനു മുകളിലേക്ക് ചെരിഞ്ഞു.
അന്തരീക്ഷമാകെ പൊട്ടിച്ചിതറുന്ന അഗ്നി
സ്ഫുലിംഗങ്ങൾ കണ്ട് അമ്പരപ്പോടെ നാട്ടുക്കാർ ഓടിക്കൂടുമ്പോൾ, അവർക്കരികിലായ് ഒരു കാർ വന്നു നിന്നു.
രണ്ട് കാലും ചതഞ്ഞ സുദേവനെ അതിലേക്ക് എടുത്തിട്ട് സുഗുണനും, പിന്നാലെ നിലാവും കയറിയപ്പോൾ, ആ കാർ വേഗതയോടെ വന്ന വശത്തേക്കു തന്നെ പാഞ്ഞുപോയി.
കാറിൻ്റെ പിൻസീറ്റിലിരുന്നു, പൊട്ടിത്തെറിക്കുന്ന ട്രാൻസ്ഫോമറിനെ പിൻതിരിഞ്ഞു നോക്കിയ നിലാവിൻ്റെ ചുണ്ടിൽ സംതൃപ്തിയുടെ ഒരു പുഞ്ചിരിമിന്നി.
അവൾ ആ പുഞ്ചിരി മായാതെ തന്നെ സുദേവനെ നോക്കി.
” തന്നെ രണ്ടു കാലും ഒടിച്ച് ബാക്കിവെച്ചത് എന്തിനാണെന്ന് അറിയോ? പുത്രദു:ഖത്താൽ നീറി നീറി മരിക്കാൻ. അതിലും വലിയ മരണം ഇല്ല സുദേവാ ! നീ മരിച്ചാൽ നിൻ്റെ ചിതയ്ക്ക് തി കൊളുത്താൻ ആണൊരുത്തൻ ഇല്ലാത്ത വിഷമം നീ അറിയണം.അതോർത്ത് ചങ്ക് പൊട്ടിപിടയണം.
അതിനു വേണ്ടി അസുഖങ്ങൾക്കു പോലും ഞാൻ വിട്ടു കൊടുക്കില്ല നിന്നെ “
ശവം പോലെ ഇരിക്കുന്ന സുദേവനു: നേരെ അവൾ അഗ്നിയായ് പടരുമ്പോൾ, അവളുടെ മിഴികളിൻ നിന്ന് ഉരുകിയൊലിച്ച രണ്ടിറ്റ് കണ്ണീർ കവിളിലേക്ക് അടർന്നുവീണു.
“മോളെ വീടെത്തി”
വാസന്തിയമ്മ തൊട്ടു വിളിച്ചപ്പോൾ അവൾ ഓർമ്മകളിൽ നിന്നുണർന്ന് ചുറ്റും നോക്കി.
കോരിച്ചൊരിയുന്ന മഴയിലും, വീടിനു മുന്നിൽ, തടിച്ചുകൂടി നിൽക്കുന്ന ജനങ്ങൾക്കിടയിൽ സുഗുണനെ കണ്ടതും അവൾ പുഞ്ചിരിയോടെ ഇറങ്ങി അയാളുടെ മാറിലേക്ക് ചേർന്ന് നിന്നു.
ഒരു കൊച്ചു കുഞ്ഞിനെ തലോടുന്നത് പോലെ അയാൾ അവളെ തഴുകിയപ്പോൾ, അയാളുടെ കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു.
ആൾക്കൂട്ടത്തിൽ നിന്നു കയറിവന്ന സുഗുണൻ്റെ ഭാര്യ അവളുടെ കഴുത്തിൽ പൂമാല അണിയിച്ചു.
കൂടി നിന്നവർ നിലാവിനു നേരെ പൂക്കൾ എറിയുമ്പോൾ അവൾ പതിയെ തെക്കേ തൊടിയിലേക്ക് നടന്നു.
ചെടികൾ വളർന്ന്, പൂവിട്ടു നിൽക്കുന്ന മൺകൂനകൾക്കു മുന്നിൽ അവൾ മുട്ടുകുത്തി ഇരുന്നു.
വർഷം പോലെ, കണ്ണീർ പെയ്യുന്നതറിയാതെ അവൾ മുട്ടുകുത്തിയിരിക്കുമ്പോൾ, ചുമലിൽ ഒരു കൈ വീണതറിഞ്ഞ് അവൾ കണ്ണീരോടെ തിരിഞ്ഞു നോക്കി.
ചേട്ടനെ കണ്ടതും ഒരു പൊട്ടിക്കരച്ചിലോടെ ആ നെഞ്ചിലേക്കമർന്നു അവൾ.
പണ്ടെങ്ങോ കൈവിട്ടു പോയ നിധിയെ,നെഞ്ചോട് ചേർത്ത് തഴുകുമ്പോൾ നിറഞ്ഞു കവിഞ്ഞ അവൻ്റെ കണ്ണിൽ നിന്നും നീർതുള്ളികൾ അവളുടെ ശിരസ്സിൽ വീണു ചിതറുന്നുണ്ടായിരുന്നപ്പോൾ.
(അവസാനിച്ചു)