നിലാവ് (ഭാഗം 03) ~ രചന: സന്തോഷ് അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഇരുട്ട് കടന്നെത്താൻ മടിക്കുന്ന മുറിയുടെ നടുവിൽ ഒരു മരകസേരയിൽ ഇരുന്ന് സുഗുണൻ ചുറ്റും നോക്കി.

പേടി ഒരു തേരട്ടയെ പോലെ തൻ്റെ മനസ്സിലൂടെ അരിച്ചുവരുന്നത് അയാൾ അറിഞ്ഞു.

അരുണും,വരുണും, സുദേവനും മദ്യപാനത്തിലാണ്!

എന്തൊക്കെയോ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിയ്ക്കുന്ന അവരുടെ നോട്ടം തന്നിലേക്കാണെന്നറിഞ്ഞപ്പോൾ ഒരു നിമിഷം നെഞ്ചിടിപ്പ് കൂടി .

ചുവന്ന കണ്ണുകളോടെ വരുൺ അടുത്തേക്ക് വരുന്നത് കണ്ട്, ഒരു മിന്നൽപ്പിണർ മനസ്സിലൂടെ പാഞ്ഞു.

ക്രൂരനായ ഒരു പിശാചായ വരുണിൻ്റെ കൈയിൽ ഒരു ചെറിയ മഴുവെട്ടിതിളങ്ങുന്നത് കണ്ട്, അയാൾ ദയനീയതയോടെ അവനെ നോക്കി.

സുഗുണൻ്റെ മനസ്സിലൂടെ ഭാര്യയുടെയും, രണ്ട് പെൺ മക്കളുടെയും ചിത്രം ഒരു മാത്ര കടന്നു പോയപ്പോൾ അയാളുടെ കണ്ണ് നിറഞ്ഞു .

“എന്തിനാണ് നിങ്ങൾ എന്നെ ബസ്സിൽ നിന്ന് പിടിച്ചിറക്കി ഇവിടെ കൊണ്ടുവന്നത്?”

സുഗുണൻ്റെ ദയനീയത നിറഞ്ഞ ചോദ്യം കേട്ടതും വരുൺ പൊട്ടിച്ചിരിച്ചു.

“കൊല്ലാൻ “

അതും പറഞ്ഞ് വരുൺ അയാളുടെ കഴുത്തിനു നേരെ മഴു വീശിയതും, പെട്ടെന്ന് അരുൺ പിടിച്ചു മാറ്റി.

” ധൃതി വെക്കല്ലേ വരുൺ . എല്ലാം പറയാൻ വേണ്ടി ഒരു മണിക്കൂർ സമയം ഇവന് കൊടുക്കണമെന്നു പറഞ്ഞിട്ടുണ്ട് നിലാവ് “

“ഒരു മണിക്കൂർ കൊടുത്തിട്ട് ഇവൻ എന്തു പറയാനാണ് അരുൺ ?”

വരുൺ പരിഹാസത്തോടെ സുഗുണനെ നോക്കി.

“നീയും, നിൻ്റെ കൂട്ടരും കൂടി ഏതോ ബസ് മുതലാളിക്കു വേണ്ടിയാണ് അവളുടെ അച്ഛനെയും, അമ്മയെയും കൊന്നതെന്ന് നിലാവിന് ചെറിയ സംശയം “

വരുണിൻ്റെ വാക്ക് കേട്ടപ്പോൾ സുഗുണൻ ഞെട്ടിത്തരിച്ചു.

ഇന്നോളം വരെ കൂടെ നിന്ന തന്നെ ഒരു ചതിയനായി കണ്ട നിലാവിനെ കുറിച്ചോർത്തപ്പോൾ അവൻ്റെ കണ്ണുനിറഞ്ഞു.

“പക്ഷേ അവൾക്കറിയില്ലല്ലോ ഞങ്ങളുടെ അച്ഛൻ്റെ അനുഗ്രാഹിശിസ്സുകളോടെ, അവളുടെ അച്ഛനെയും, അമ്മയെയും തീർത്തത് ഞങ്ങളാണെന്ന് “

അതും പറഞ്ഞ് പൊട്ടിചിരിച്ചുക്കൊണ്ട് അവൻ മദ്യക്കുപ്പി എടുത്തു വായിലേക്ക് കമഴ്ത്തി.

“നിലാവിൻ്റെ അച്ഛൻ ഓടിച്ചിരുന്ന കാറിൻ്റെ നേർക്ക് തടി ലോറി, കൈവിറക്കാതെ ഓടിച്ചു കയറ്റിയത് ഈ വരുൺ ആണ്. നിലാവിൻ്റെ മരണം കാണാൻ കൂടെ അരുണും ഉണ്ടായിരുന്നു. പക്ഷേ അവൾക്ക് ഇത്തിരി ഭാഗ്യമുണ്ടായിരുന്നു.
സാരല്യ അടുത്ത തവണ അവൾക്കാണ് കെണി വെക്കുന്നത്:

മദ്യക്കുപ്പിയെടുത്ത് വായിലേക്ക് കമഴ്ത്തി മുഴുവൻ തീർത്തതിനു ശേഷം, കുപ്പി ഒരു മൂലയിലേക്ക് എറിഞ്ഞ ശേഷം അവൻ സുഗുണനെ നോക്കി.

” അവർ മരിക്കുന്നത് ലൈവ് ആയി കാണാൻ, ആ ലോറിക്കു പിന്നിൽ, ഒരു കാറിൽ ഞങ്ങളുടെ അച്ഛൻ ഉണ്ടായിരുന്നു. മക്കൾക്ക് ലക്ഷ്യം തെറ്റുമോ എന്ന ടെൻഷനിൽ? അല്ലേ അച്ഛാ?”

സുദേവൻ്റെ തോളിലൂടെ കൈയിട്ടു കൊണ്ട് വരുൺ പറഞ്ഞപ്പോൾ, അയാളുടെ നെഞ്ചിലൂടെ ഒരു ഈർച്ചവാൾ കടന്നു പോയി.

മരകസേരയിൽ, ബന്ധനാ സ്ഥയിലായ സുഗുണൻ കയറിൻ്റെ കെട്ടു പൊട്ടിക്കാൻ കുതറുന്നത് കണ്ട്, അവർ പൊട്ടിചിരിച്ചു.

“ഒരു മണിക്കൂർ കഴിഞ്ഞാൽ നിന്നെ വരുൺ സ്വതന്ത്രമാക്കും സുഗുണാ- അപ്പോൾ നീ നേരെ വീട്ടിലേക്കല്ല പോകേണ്ടത്. നല്ല കുട്ടിയായ് തെക്കേ പറമ്പിലെ ആറടിമണ്ണിലേക്ക് “

സുദേവൻ്റെ വാക്കുകൾ കേട്ടതും, ശ്വാസമെടുക്കാതെ, വായും തുറന്ന് അയാളെ നോക്കി സുഗുണൻ.

” നീ പേടിക്കണ്ട സുഗുണാ. നീ ഒറ്റയ്ക്കല്ല പോകുന്നത് ഓരോരുത്തരായി നിൻ്റെ പിന്നാലെ വരും .. രാജേഷ്, നിലാവ്… അങ്ങിനെ നിനക്ക് പ്രിയപ്പെട്ടവർ നിൻ്റെ പിന്നാലെ വന്നു കൊണ്ടിരിക്കും “

ചുണ്ടിൽ സിഗററ്റ് വെച്ച് ലൈറ്റർ കത്തിച്ച സുദേവൻ്റെ കണ്ണുകളിലെ ക്രൂരതയുടെ തിളക്കം കണ്ട് അയാൾക്ക് ഭീതിയേറി.

” ആര് പറഞ്ഞിട്ടാണെടാ രാജേഷും,അമ്മയും ഈ നാട്ടിലേക്ക് എത്തിയത്? അതും വാസുദേവൻ്റെ അടുത്തുള്ള കോളനിയിൽ താമസമാക്കിയതും ?”

ചോദ്യത്തോടൊപ്പം സുദേവൻ്റെ കൈ സുഗുണ ൻ്റെ കവിളിൽ ശക്തിയോടെ-പതിച്ചു.

ഒരു നിമിഷം സുഗുണൻ്റെ കണ്ണിൽ ഇരുട്ട് കുട്കൂട്ടി.

“എനിക്കൊന്നും അറിയില്ല സർ, അവരും സാറും തമ്മിലുള്ള ബന്ധം?”

അടി കിട്ടിയ കവിളിൽ തലോടുവാൻ കഴിയാതെ നിസ്സഹായനായി സുഗുണൻ ചോദിക്കുമ്പോൾ, വല്ലാതെ വിറച്ചിരുന്നു.

” അപ്പോൾ വാസുദേവൻ നിന്നോടു ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ ഈ ഭൂമിയിൽ നിന്നു പോകുന്നതിനു മുൻപ് ഒരു സത്യം കൂടി അറിഞ്ഞിട്ടു പോയാൽ മതി നീ”

സുദേവൻ, സുഗുണനു നേരെയുള്ള കസേരയിൽ ഇരുന്നു.

“നിലാവ്, വാസുദേവൻ്റെയും വീണയുടെയും മകൾ അല്ല “

സുദേവനിൽ നിന്നുയർന്ന ആ വാചകം കേട്ട് സുഗുണൻ അമ്പരപ്പോടെ അയാളെ നോക്കി.

” അതേടാ- അവൾ ശങ്കരൻ്റെയും, വാസന്തിയുടെയും മകളാണ്. അതായത് നിൻ്റെ ഉറ്റ സുഹൃത്ത് രാജേഷിൻ്റെ അനിയത്തിക്കുട്ടി “

സുദേവൻ പറഞ്ഞതു കേട്ട്ശ്വാസം വിടാൻ കഴിയാതെ കണ്ണു ചിമ്മാതെ അയാളെ നോക്കിയിരുന്നു സുഗുണൻ.

ക്രൂരമായ പുഞ്ചിരിയോടെ സുദേവൻ മദ്യക്കുപ്പി വായിലേക്ക് കമഴ്ത്തി.

” സമ്പത്ത് ഏറെയുണ്ടെങ്കിലും മക്കൾ ഇല്ലായിരുന്നു വാസുദേവൻ എന്ന എൻ്റെ പഴയ കളിക്കൂട്ടുക്കാരന്. എൻ്റെ വരുണിനെ ദത്ത് എടുത്തോളാൻ ഞാൻ പറഞ്ഞതാ! അതവന് സമ്മതമായിരുന്നില്ല.”

സുദേവൻ ഒരു സിഗററ്റ് എടുത്ത് കത്തിച്ചു പുക, സുഗുണൻ്റെ മുഖത്തിന് നേർക്ക് ഊതി.

” പയ്യെ പയ്യെ എല്ലാം സ്വന്തമാക്കാമെന്നു കരുതിയിരുന്നപ്പോഴാണ്, രാജേഷിൻ്റെ വരവും, അവന് കണ്ടക്ടറായി വാസുദേവൻ ജോലി കൊടുത്തതും “

സുഗുണൻ്റെ പൊട്ടിയ ചുണ്ടിൽ പതിയെ തടവി സുദേവൻ.

“എനിക്കും, വാസുദേവനും ശങ്കരനും മാത്രം അറിയാവുന്ന ആ രഹസ്യം – നിലാവ് വാസുദേവൻ്റെ മകൾ അല്ലെന്നും, ശങ്കരൻ്റെ മകൾ ആണെന്നുമുള്ള രഹസ്യം – പുറം ലോകം അറിയരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. കാരണം വാസുദേവൻ്റെ സ്വത്ത് മറ്റുള്ളവർ പങ്കിടുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു'”

സുദേവൻ കസേരയിൽ നിന്ന് എഴുന്നേറ്റ്, സുഗുണൻ്റെ കസേരയ്ക്ക് ചുറ്റും ഒന്നു രണ്ട് തവണ നടന്നു.

“അതിനു വേണ്ടിയായിരുന്നു ശങ്കരനെ മദ്യത്തിൽ വിഷം ചേർത്ത് ഞാൻ കൊല്ലുന്നത് .പക്ഷെ എല്ലാം ക്ലിയർ ആക്കി ഇരിക്കുമ്പോഴാണ് അനവസരത്തിലുള്ള വാസന്തിയുടെയും, രാജേഷിൻ്റെയും വരവ് “

സുദേവൻ കൈക്കൂട്ടി തിരുമ്മി സുഗുണനെ നോക്കി കണ്ണിറുക്കി.

” എല്ലാം കൈവിട്ടു പോകുമെന്ന് തോന്നുമ്പോൾ, എല്ലാം തീർക്കുന്നത് അല്ലേ നല്ലത് സുഗുണാ. അങ്ങിനെ തോന്നിയപ്പോഴാണ് ആ കുടുംബത്തെ തീർക്കാമെന്നു വെച്ചത്. അല്ലാതെ ഞാൻ ഒരു ബോൺ ക്രിമിനൽ ഒന്നും അല്ല “

ഇതുവരെ ഒളിഞ്ഞു കിടന്നിരുന്ന രഹസ്യങ്ങൾ ഓരോന്നായി സുദേവൻ പറഞ്ഞു തീർക്കുമ്പോൾ, അവിശ്വസനീയതയും, ഭയവും കൊണ്ട് സുഗുണൻ വിറയ്ക്കാൻ തുടങ്ങിയിരുന്നു.

” ഒരുപാട് പ്രാവശ്യം അരുണിന് വേണ്ടി അവളെ ചോദിച്ചതാണ്. അന്ന് അതെല്ലാം പുച്ഛത്തോടെ നിരസിച്ച അവൾ ഇന്ന് അരുണുമായി അടുത്തത് അവനോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് ജീവിതത്തിൽ ഒറ്റയ്ക്കായി പോയ അവൾക്കിപ്പോൾ ഒരു താങ്ങ് ആവശ്യമാണ് “

പൊടുന്നനെ സുദേവൻ വാച്ചിലേക്ക് നോക്കി, അരുണിനെ കണ്ണ് കാണിച്ചു.

” അവൾ വരുന്നത് വരെ കാത്തിരിക്കണ്ട അരുൺ. അവൾ വന്നാൽ ഇവൻ ചിലപ്പോൾ വായ്തുറക്കും. അത് നമ്മൾക്ക് കേടാണ് “

“അതു വേണോ? അവൾ വന്നിട്ട്?”

അരുൺ കുഴഞ്ഞ ശബ്ദത്തിൽ ചോദിച്ചപ്പോൾ സുദേവൻ അവനെ ഒന്നു തറപ്പിച്ചു നോക്കി.

” അതു വേണം. അങ്കിളിനെയും, ആൻറിയെയും കൊന്നത് സുഗുണനാണെന്ന് പറഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ലായെന്നും, ആ നിമിഷം മഴുക്കൊണ്ട് അവൻ്റെ തല അറുത്തെന്നും നീ പറയണം.അതോടെ എല്ലാം ക്ലോസ് “

സുദേവൻ പറഞ്ഞതു കേട്ടപ്പോൾ,സുഗുണൻ്റെ കാലിലൂടെ ഒരു തരിപ്പ് ശരീരമാകെ പടർന്നു.

തെങ്ങിൻ പൂക്കുല പോലെ അയാൾ വിറയ്ക്കാൻ തുടങ്ങി.

വരുൺ അടുത്തേക്ക് വരുന്നതു കണ്ട സുഗുണൻ അവൻ്റെ കൈയ്യിലേക്ക് നോക്കി .

ഒരു ചെറിയമഴു അവൻ്റെ കൈയ്യിൽ കിടന്നു വട്ടം കറങ്ങുന്നുണ്ട്.

അവൻ അടുത്തെത്തിയതും, സുദേവൻ്റെ പോക്കറ്റിൽ കിടന്നിരുന്ന മൊബൈൽ ശബ്ദിച്ചു.

കാതോരം ചേർത്ത് സംസാരിച്ച അവൻ ഭീതിയോടെ വരുണിനെ തടഞ്ഞിട്ട്, ഫോൺ സ്പീക്കറിലിട്ടു.

അമ്മയുടെ നിലവിളി കേട്ട് അരുണും, വരുണും ഞെട്ടി.

” മക്കളേ എന്നെ രക്ഷിക്കടാ ” യെന്നുള്ള വിളി പാതി മുറിഞ്ഞ ശേഷം മറ്റൊരു ശബ്ദമാണ് ഫോണിലൂടെ വന്നത്.

“നിങ്ങടെ അമ്മച്ചി പേടിച്ചിരിക്കാണ് മക്കളെ. അല്ലെങ്കിലും മൂർച്ചയുള്ള വാൾ കഴുത്തിലിരിക്കുമ്പോൾ ആരായാലും പേടിച്ചു പോകില്ലേ?”

അപ്പുറത്ത് നിന്നുയർന്ന ശബ്ദം കേട്ട് സുദേവനും, മക്കളും പരസ്പരം നോക്കി.

“നീ ആരാ? നിനക്ക് എന്താ വേണ്ടത്?”

കൈയിലുണ്ടായിരുന്ന മഴു ദൂരേയ്ക്ക് എറിഞ്ഞു വരുൺ അലറി.

“പേരും, നാളും നീ ചോദിക്കണ്ട. ഞാൻ പറയുന്നത് നീ അനുസരിക്കുക മാത്രം ചെയ്താൽ മതി. എൻ്റെ ഡ്രൈവർ വണ്ടിയുമായി നിങ്ങൾ ഉള്ള ബിൽഡിങ്ങിലേക്ക് വരും. ആ വണ്ടിയിലേക്ക് ഒരു പോറൽ പോലും ഏൽക്കാതെ സുഗുണനെ വിടുക – അത്ര മാത്രം “

പതിഞ്ഞതാണെങ്കിലും ദൃഢമായിരുന്നു ആ ശബ്ദം!

കൊടുങ്കാറ്റിനു മുൻപെ ഉള്ള ഒരു ശാന്തതയാണ് അതെന്ന് സുദേവന് തോന്നി.

മദ്യം അകത്താക്കി കിറുങ്ങിയിരിക്കുന്ന മക്കളെ അയാൾ ദയനീയതയോടെ നോക്കി.

“ആരടാ ഞങ്ങളെ ഭീഷണിപ്പെടുത്താൻ മാത്രം വളർന്ന ആ നായിൻ്റെ മോൻ?”

അലറിക്കൊണ്ട് സുഗുണനെ അടിക്കാൻ ഓങ്ങിയ വരുണിനെ തടഞ്ഞു സുദേവൻ.

” ഇപ്പോൾ ഇവനെ ഒന്നും ചെയ്യരുത് വരുൺ – നിങ്ങളുടെ അമ്മയുടെ ജീവൻ ഇപ്പോൾ ഇവൻ്റെ കൈയ്യിലാണ്”

അച്ഛൻ്റെ വാക്ക് കേട്ടതോടെ വരുൺ വലിയൊരു ശബ്ദമുയർത്തി ആ റൂമിൽ തലങ്ങും വിലങ്ങും പാഞ്ഞു നടന്നു.

എന്തൊക്കെയോ അപായ സൂചനകൾ ഉയരുന്നതായി സുദേവന് തോന്നി.

പുറത്ത് കാതടിപ്പിക്കുന്ന ശബ്ദത്തിൽ കാറ്റു വീശുന്നത് അയാൾ അറിഞ്ഞു.

ജനൽ തുറന്ന് പുറത്തേക്ക് നോക്കിയപ്പോൾ കാഴ്ചകൾ എല്ലാം അവ്യക്തമായിരുന്നു.

കോരിച്ചൊരിയുന്ന മഴയിൽ, വൃക്ഷങ്ങൾ ആടിയുലയുന്നുണ്ട്.

നിലമിറങ്ങിയ വെട്ടിയ ഒരു ഇടിമുഴക്കത്തിൽ കെട്ടിടം വിറയ്ക്കുന്നതു പോലെ തോന്നി.

മദ്യക്കുപ്പി വായിലേക്ക് കമഴ്ത്തിയിട്ടും, അയാളുടെ മനസ്സ് തണുക്കുന്നുണ്ടായിരുന്നില്ല.

മരണത്തിനു മുന്നിൽ നിന്ന് സുഗുണനെ റാഞ്ചി എടുത്തത് ആരാണെന്ന് അയാൾ പലവട്ടം ചോദിക്കുന്നുണ്ടായിരുന്നു.

സുദേവൻ്റെ ചിന്തകളെ കീറിമുറിച്ചുകൊണ്ട് ഷട്ടറിൽ തെരുതെരെ അടിക്കുന്നതിൻ്റെ ശബ്ദമുയർന്നതോടെ, അയാൾ ഉറയ്ക്കാത്ത കാലടികളോടെ ചെന്ന് ഷട്ടർ ഉയർത്തി.

മഴയിൽ കുളിച്ചു നിൽക്കുന്ന നിലാവിനെ കണ്ടതും, അയാൾ തല കുനിച്ചു.

” അവൻ രക്ഷപ്പെട്ടു മോളെ “

സുദേവൻ പറയുന്നതൊക്കെ പല്ലിറുമ്മി കേട്ട നിലാവ് അകത്തേക്ക് നോക്കി.

ഒരു മേശയിൽ തല ചായ്ച്ചു കിടക്കുന്ന അരുണിനെയും, വരുണിനെയും കണ്ടപ്പോൾ അവൾ ദേഷ്യത്തോടെ സുദേവനെ നോക്കി.

“മൂന്നാളും നല്ല പൂക്കുറ്റി ആണല്ലോ? പിന്നെ അവൻ എങ്ങിനെ രക്ഷപ്പെടാതിരിക്കും?”

അവൾ സുദേവനു നേർക്ക് തറപ്പിച്ചു നോക്കി രണ്ട് നിമിഷത്തോളം.

“അവനെ രക്ഷപ്പെടുത്തിയത് നിങ്ങൾ അല്ലല്ലോ?”

“അവനെ രക്ഷപ്പെടുത്താനായിരുനെങ്കിൽ ഞങ്ങൾക്ക് അവനെ പിടിച്ചു കൊണ്ടുവന്ന് ഇവിടെ ബന്ദിയാക്കേണ്ട കാര്യമുണ്ടോ?

സുദേവൻ പറഞ്ഞപ്പോൾ അവൾ പതിയെ തലകുലുക്കി.

“എൻ്റെ അച്ഛൻ്റെയും, അമ്മയുടെയും കൊലപാതകത്തിന് പിന്നിൽ അവനാണ് അങ്കിൾ. അതു കൊണ്ട് എവിടേക്ക് അവൻ മുങ്ങിയാലും എനിക്ക് – അവനെ പൊക്കിയേ തീരൂ.”

അതും പറഞ്ഞ് കോരിച്ചൊരിയുന്ന മഴയിലൂടെ കാറിനടുത്തേക്ക് ചെല്ലുന്ന നിലാവിനെ കണ്ടപ്പോൾ, സുദേവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഊറി.

” അല്ലെങ്കിലും പെണ്ണുങ്ങൾ ഒരിക്കലും കണ്ടറിയുകയില്ല -എല്ലാം കൊണ്ടേ അറിയൂ”

അതും പറഞ്ഞ് ബിൽഡിങ്ങിൻ്റെ അകത്ത് കടന്ന്, മക്കൾ ബാക്കി വെച്ച മദ്യം കുടിക്കാൻ തുടങ്ങി സുദേവൻ.

പുറത്ത് ശക്തിയിൽ അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.

തകരഷീറ്റിൽ കാറ്റടിക്കുന്ന ശബ്ദം അവിടമാകെ മുഴങ്ങികൊണ്ടിരുന്നു.

കിറുങ്ങി കിടക്കുന്ന മക്കൾക്ക് ഓരോ ഉമ്മയും കൊടുത്തു,സുദേവൻ കസേരയിൽ ചാരിയിരുന്നു

കക്ക വാരിയിരുന്ന സുദേവൻ്റെ ഇന്നത്തെ പൊസിഷനെ കുറിച്ച് അയാൾ ഊറ്റം കൊണ്ടു.

ഇനി വരാനിരിക്കുന്ന രാജയോഗത്തിൻ്റെ സൗഭാഗ്യങ്ങളെ കുറിച്ച് സ്വപ്നം കണ്ടിരിക്കുമ്പോൾ അയാളുടെ മൊബൈൽ ചിലച്ചു.

നിലാവ് ആണെന്ന് കണ്ടതും അയാൾ ഒരു പരിഹാസഭാവത്തോടെ മൊബൈൽ എടുത്തു.

” അങ്കിൾ സുഗുണനെ കണ്ടെത്തിയിട്ടുണ്ട്. പഴയ കോട്ടൺമില്ലിനു സമീപം ഒരു ബിൽഡിങ്ങിൽ അവൻ ഉണ്ട്. അങ്കിളും, അരുണും, വരുണും എത്രയും പെട്ടെന്ന് വരണം

” മോളേ ഞങ്ങൾ ആർക്കും ഇപ്പോൾ ഡ്രൈവ് ചെയ്യാൻ പറ്റാത്ത കോലത്തിലാണ് “

സുദേവൻ്റെ വാക്ക് കേട്ടതോടെ അപ്പുറത്ത് നിലാവ് പല്ലിറുമ്മുന്നത് അയാൾ കേട്ടു .

” ഞാൻ വരാം – ആവശ്യം എൻ്റെതായി പോയില്ലേ?”

നിലാവ് അതു പറഞ്ഞ് മൊബൈൽ ഓഫ് ചെയ്തപ്പോൾ, സുദേവൻ ക്രൂരമായ ഒരു ചിരിയോടെ ,റൂമിൻ്റെ മൂലയിലെ ചിലന്തി വലയിലേക്ക് നോക്കി.

നിശ്ചലാവസ്ഥയിൽ കിടക്കുന്ന തൻ്റെ അടുത്തേക്ക് പറന്ന് വന്ന് കുടുങ്ങി കിടക്കുന്ന പ്രാണിയെ ഒന്നും ചെയ്യാതെ നോക്കി കിടക്കുന്ന ചിലന്തിയെ നോക്കി സുദേവൻ ക്രൂരമായി പുഞ്ചിരിച്ചുക്കൊണ്ട് പതിയെ മന്ത്രിച്ചു.

” ക്രൂരനായ സൂത്രശാലി “

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….