നിലാവ് (ഭാഗം 02) ~ രചന: സന്തോഷ് അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

സെൻട്രൽ ജയിലിൻ്റെ ഗേറ്റിലൂടെ ,ഒരു പെണ്ണ് പുറത്തെ മഴയിലേക്ക് ഓടിയിറങ്ങി ചുറ്റും നോക്കി.

“നിലാവേ”

ആ അമ്മയും, മകനും നിറഞ്ഞ സന്തോഷത്തോടെ ഓരേ ശബ്ദത്തിൽ, ഉച്ചത്തിൽ വിളിച്ചുകൊണ്ടു നിലാവിൻ്റ അടുത്തേക്ക്ഓ ടി വരുന്നതിനിടയിൽ, അവരുടെ കൈയ്യിലുണ്ടായിരുന്ന കുട, കാറ്റിനൊപ്പം ദൂരേയ്ക്ക് പറന്നിരുന്നു.

കോരിച്ചൊരിയുന്ന മഴയിൽ നിലാവിനെയും കെട്ടിപ്പിടിച്ചു നിൽക്കുമ്പോൾ, അവർ മൂവരുടെയും സന്തോഷകണ്ണീർ മഴതുള്ളിയെ ചുംബിച്ചു കൊണ്ടിരുന്നു.

ഒൻപതു വർഷങ്ങൾക്കു ശേഷമുള്ള ആ ആലിംഗനത്തിൽ, ഭൂതകാലത്തിലെ നെരിപ്പോടുകൾ അണയുകയായിരുന്നു.

“മോൾ ജയിലിലേക്ക് പോകുമ്പോൾ പറഞ്ഞത് പോലെ മരിക്കാതെ കാത്തിരുന്നില്ലേ അമ്മാ”

വാസന്തി നിലാവിൻ്റെ നെറ്റിയിൽ ചുണ്ടമർത്തി ചോദിച്ചപ്പോൾ, അവൾ അമ്മയെ വട്ടംകെട്ടിപിടിച്ചു.

” ഇത്തിരി കാലമെങ്കിലും എൻ്റെ പെറ്റമ്മയുടെ ചൂടേറ്റ് കഴിയാൻ ദൈവം സമ്മതിച്ചല്ലോ ? “

അവളുടെ ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചിലോടെ വാസന്തി മുകളിലേക്ക് നോക്കി.

മഴതുള്ളികൾ വീണ് കണ്ണീർ ചിതറിയ ആ അമ്മമിഴികൾ ദൈവത്തെ തേടുകയായിരുന്നു.

“ചേട്ടാ “

അതുവരെ നിശബ്ദം കരയുകയായിരുന്ന രാജേഷിനെ കെട്ടിപ്പിടിച്ച് അവൾ ആ കണ്ണുകളിലേക്ക് നോക്കി.

“ഈ മഴ പെയ്തു തീരുമ്പോഴേയ്ക്കും നമ്മുടെ സങ്കടങ്ങൾ അലിയിച്ചു തീർത്തേക്കണം. ഇനിയൊരിക്കലും സങ്കടം കൊണ്ട് നമ്മുടെ കണ്ണ് നിറയാൻ പാടില്ല.”

രാജേഷ് തലകുലുക്കി അവളുടെ തോളിലൂടെ കൈയിട്ടു പാർക്കിങ് ഏരിയയിലേക്ക് നടക്കുമ്പോൾ, രണ്ടു മക്കളെയും നോക്കി വാസന്തിയമ്മ പുഞ്ചിരിച്ചു.

” ഞാൻ പിന്നിലിരുന്നോളാം ചേട്ടാ. ഒന്നു പുറം കാഴ്ചകൾ കണ്ട് ആസ്വദിക്കട്ടെ”

അതും പറഞ്ഞ് ബെൻസിൻ്റെ പിൻസീറ്റിലേക്ക് കയറുമ്പോൾ അവൾ ഒന്നു പുഞ്ചിരിച്ചു.

ഒന്നിനും കഴിയില്ലായെന്നു പറയുന്ന പെണ്ണ്, എല്ലാം കടങ്ങളും വീട്ടിയ ചാരിതാർത്ഥ്യമുണ്ടായിരുന്നു ആ പുഞ്ചിരിയിൽ.

മഴപോലെ പതിയെ പെയ്തിറങ്ങിയ ഒരുപെണ്ണ് എത്ര പെട്ടെന്നാണ് എല്ലാം ചുട്ടു ചാമ്പലാക്കിയ അഗ്നിയായ് ആളിപ്പടർന്നത് ? !

” അച്ഛൻ്റെയും, അമ്മയുടെയും കുഴിമാടത്തിൽ മുടങ്ങാതെ വിളക്ക് കൊളുത്താറില്ലേ?”

ഓർമ്മകളിൽ നിന്നുണർന്ന നിലാവ് ഗദ്ഗദത്തോടെ ചോദിച്ചപ്പോൾ, അവളുടെ മിഴികൾ വല്ലാതെ നിറഞ്ഞിരുന്നു.

” ഒന്നിനും മുടക്കം വരുത്തിയിട്ടില്ല മോളെ. കർക്കിടകവാവിനു പോലും മുടങ്ങാതെ, മോൾടെ അച്ചനും അമ്മയ്ക്കും വേണ്ടി രാജേഷ് ബലിയിടാറുണ്ട് “

വാസന്തിയത് പറയുമ്പോൾ നിറഞ്ഞു നിന്നിരുന്നത്, കളഞ്ഞു പോയ നിധി ഒന്നും നഷ്ടപ്പെടുത്താതെ മടക്കികൊടുത്തവരോടുള്ള ഹൃദയം നിറഞ്ഞ സ്നേഹമായിരുന്നു.

ഇടറോഡിൽ നിന്ന് കാർ ദേശീയപാതയിലേക്ക് കുതിച്ചപ്പോൾ അവൾ സീറ്റിൽ ചാരി കിടന്നു പുറം കാഴ്ചകളിലേക്ക് കണ്ണോടിച്ചു.

കാറിൻ്റെ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾക്കിടയിലൂടെ ചീറി പാഞ്ഞു പോയ ബസ്സിൻ്റെ ബോർഡ് നോക്കി അവൾ സങ്കടത്തോടെ മന്ത്രിച്ചു.

നിലാവ് ട്രാവൽസ്.

പിന്നിലേക്ക് നോക്കി, ആ ബസ് കണ്ണിൽ നിന്നും മറയുവോളം അവൾ നോക്കിയിരുന്നു.

ഓർമ്മകൾ, വല്ലാത്തൊരു നീറ്റലായി മനസ്സിൽ പടർന്നപ്പോൾ അവൾ പതിയെ കണ്ണടച്ചു.

” സുദേവൻ അങ്കിളിന് സുഖമല്ലേ ചേട്ടാ? “

ഞെട്ടിയുണർന്ന പോലെ നിലാവ് ചോദിച്ചതു കേട്ടപ്പോൾ രാജേഷ് അവളെ തിരിഞ്ഞു നോക്കി.

” സുഖമായിരിക്കുന്നു. ഇത്തിരി ഷുഗറും, പ്രഷറും ഉണ്ടന്ന് മാത്രം “

അവൾ പുഞ്ചിരിയോടെ തലയാട്ടി പതിയെ കണ്ണടച്ചു.

അച്ഛൻ്റെയും, അമ്മയുടെയും രൂപം മനസ്സിലേക്ക് ഓടിയെത്തിയപ്പോൾ, കൺപീലികളെ ഭേദിച്ചുകൊണ്ട് രണ്ടിറ്റ് ചുടുകണ്ണീർ കവിളത്തേക്ക് ഇറ്റുവീണു.

” ൻ്റെ മോൾക്ക് ജയിലിൽ ശരിക്കും ഉറക്കം കിട്ടിയിട്ടുണ്ടാവില്ല “

പിന്നിലേക്ക് തിരിഞ്ഞ്, കണ്ണടച്ചു കിടക്കുന്ന നിലാവിനെ നോക്കി വാസന്തി പറഞ്ഞപ്പോൾ, അവൾ പതിയെ മിഴി തുറന്നു.

” അച്ഛനും, അമ്മയും മരിച്ചിട്ട് ഞാൻ ഉറങ്ങിയിട്ടുണ്ടെങ്കിൽ അത് ജയിലിൽ വെച്ചാണ് അമ്മേ! അച്ഛൻ്റെയും, അമ്മയുടെയും മരണത്തിന് ഉത്തരവാദികളായവരെ ഈ ജീവിതത്തിൻ നിന്ന് വേരോടെ പിഴുതെറിഞ്ഞ്, അവർക്ക് മോക്ഷം കൊടുത്ത ചാരിതാർത്ഥ്യത്തോടെ “

അവൾ അതും പറഞ്ഞ് സീറ്റിലേക്ക് മലർന്നു കിടക്കുമ്പോൾ, വർഷങ്ങൾക്കു മുൻപ് അമ്മയുടെയും, അച്ഛൻ്റെയും മരണത്തിൻ്റെ പുലവീടലിനു മുൻപത്തെ ദിവസം നടന്ന സംഭവങ്ങൾ മനസ്സിലേക്ക് ഇരച്ചുകയറുകയായിരുന്നു

“അച്ഛനും അമ്മയും മരിച്ചിട്ട് പുല വീടുന്നതിനു മുൻപേ അരുണിൻ്റെ കൈയ്യും പിടിച്ച് ഓഫീസിലേക്ക് വന്ന നിലാവിനെ കണ്ട് ഡ്രൈവർ സുഗുണൻ ഞെട്ടി.

അയാൾ അമ്പരപ്പോടെ മറ്റുള്ള ഡ്രൈവർമാരെ നോക്കിയപ്പോൾ അവരും അതേ ഭാവത്തിലായിരുന്നു.

ഓഫീസിലേക്ക് കടന്നു വന്ന അരുൺ, കൂളിങ്ങ് ഗ്ലാസ്സ് മാറ്റി അവരെ നോക്കി ചിരിച്ചു.

“നിങ്ങളോട് ഇന്നു ഇവിടെ വരാൻ പറഞ്ഞത് പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് “

നിലാവ് അത്രയും പറഞ്ഞ് അരുണിനെ നോക്കി.

അരുൺ കസേരയിൽ നിന്നെഴുന്നേറ്റു അവർക്കരികിലേക്ക് ചെന്നു.

“ഇന്നു തൊട്ട് അച്ഛനു പകരം ഇവിടുത്തെ മാനേജർ ഞാനാണ്. “

ബസ് തൊഴിലാളികൾക്കിടയിൽ നിന്ന് ഒരു മർമ്മരമുയർന്നു.

” അപ്പോൾ പറഞ്ഞു വരുന്നത് എന്തെന്നാൽ പഴയതുപോലെയുള്ള അലസത നിങ്ങൾ കാണിച്ചാൽ ആ നിമിഷം അയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടും. കാരണം ബസ് സർവീസ് നഷ്ടത്തിലാണ് പോയ്ക്കൊണ്ടിരിക്കുന്നത്

അരുണിൻ്റെ വാക്ക് കേട്ടപ്പോൾ പലരുടെയും മുഖത്ത് ചുളിവ് പ്രത്യക്ഷപ്പെട്ടത് അവൻ കണ്ടു.

“പിരിച്ചുവിടുമ്പോൾ, കൊടി പിടിക്കാനോ, സമരം ചെയ്യാനോ ആവേശം തോന്നുമ്പോൾ അവരെ ഒന്നു നോക്കിയാൽ മതി”

അരുൺ അത് പറഞ്ഞുക്കൊണ്ട് ദൂരേയ്ക്ക് കൈ ചൂണ്ടിയപ്പോൾ അവർ കണ്ടത് പത്തോളം ഗുണ്ടകളെ.

“കൈയും, കാലും ഒടിച്ചിടും അവർ. ചിലപ്പോൾ വീട്ടിൽ കയറി മേഞ്ഞെന്നും വരും. ഒഴിഞ്ഞു പോകുന്നവർക്ക് അതിനുള്ള ഓപ്ഷനുമുണ്ട്.”

അരുണിൻ്റെ വാക്കുകൾക്ക്ഒ രു തെരുവ് ഗുണ്ടയുടെ ശൈലി ആണെന്നറിഞ്ഞ അവർ ദയനീയതയോടെ നിലാവിനെ നോക്കി.

പക്ഷെ അവർക്ക് മുഖം കൊടുക്കാതെ അവൾ ഏതോ ഫയൽ നോക്കുകയായിരുന്നു.

“മോളെ നിലാവേ “

പതിയെയാണ് സുഗുണൻ വിളിച്ചതെങ്കിലും, ആ സ്വരം വിറച്ചിരുന്നു.

” സഹായത്തിനാണെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല സുഗുണേട്ടാ.
കാരണം ഇനി എല്ലാം നോക്കുന്നത് എൻ്റെ ഭാവിവരനായ ഡോക്ടർ അരുൺ ആണ് “

നിലാവിൻ്റെ മറുപടി കേട്ടതും,സുഗുണൻ്റെ മുഖത്തെ രക്തം വാർന്നു.

അരുണിൻ്റെ മുഖത്തെ വിജയസ്മിതം കണ്ടില്ലെന്നു നടിച്ചു പുറത്തേക്കിറങ്ങാൻ തുടങ്ങിയ സുഗുണൻ്റെ അടുത്തേക്ക് നിലാവ് പതിയെ നടന്നു വന്നു.

” പഴയ ആ പാവം നിലാവ് അല്ല ഞാനിപ്പോൾ. പലതും വെട്ടിപ്പിടിക്കാൻ കുതിക്കുന്ന ഒരു പുതിയ നിലാവ് “

തൻ്റെ മുഖത്തേക്കു നോക്കി, ഉച്ചത്തിൽ സംസാരിക്കുന്ന നിലാവിനെ ആദ്യം കാണുന്നതുപോലെ അയാൾക്കു തോന്നി.

” അതുകൊണ്ട് ആ പഴയ സൗഹൃദത്തിൻ്റെ പേരിൽ എന്നോടു അടുക്കരുത്.
അത് അരുണിനും, അങ്കിളിനും മാത്രമല്ല എനിക്കും ഇഷ്ടമാകില്ല”

“മോളെ “

ദയനീയതയോടെ വിളിച്ച സുഗുണനു നേരെ അവൾ കൈകൂപ്പി .

” അച്ഛനും, അമ്മയും നഷ്ടപ്പെട്ട എനിക്ക് ഈ ലോകത്ത് അവർ മാത്രമേയുള്ളൂ . അതും കൂടി തകർക്കാതെ ഒന്നു പോയ് തരോ പ്ലീസ്”

നിലാവിൻ്റെ വാക്കും കേട്ട് സ്തംഭിച്ചു നിൽക്കുന്ന സുഗുണൻ്റെ അരികിലേക്ക് അരുൺ നടന്നുവന്നു.

“നിലാവ് പറഞ്ഞതു കേട്ടില്ലേ? ങ്ങ്ഹും ഗെറ്റൗട്ട് “

അരുൺ പുറത്തേക്ക് കൈ ചൂണ്ടിയതും, കണ്ണീർ തുടച്ചുകൊണ്ട് അയാൾ പുറത്തേക്കിറങ്ങുമ്പോൾ തൊഴിലാളികൾ അയാളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

” അവൾ ആ പഴയ നിലാവ് മോൾ അല്ല സുഗുണേട്ടാ. എവിടെ നിന്നോ എം.ബി.ബി.എസ്സ് ഒപ്പിച്ച പക്കാ ഫ്രോഡ് ആയ അരുണിനെ കിട്ടിയപ്പോൾ
നമ്മളിപ്പോൾ തൊട്ടുകൂടാൻപറ്റാത്തവർ. അവൾ ഒരുപാട് മാറി. ആ വേഷം തന്നെ നോക്കിയേ?”

അവൾ ധരിച്ചിരിക്കുന്ന സുതാര്യമായ മോഡേൺ വസ്ത്രങ്ങളിലേക്ക് നോക്കി ക്ലീനർ ബിജു വെറുപ്പോടെ പറഞ്ഞതു കേട്ടപ്പോൾ സുഗുണൻ തലയാട്ടിയതും, രണ്ടിറ്റ് കണ്ണീർ നിലത്തേക്ക് വീണു ചിതറി.

” എനിക്കു തോന്നുന്നത് ഇവൾക്കും ഈ കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് “

ക്ലീനർ ബിജുവിൻ്റെ വാക്കുകൾ കേട്ടപ്പോൾ സുഗുണൻ അമ്പരപ്പോടെ അയാളെ നോക്കി.

” അല്ലെങ്കിൽ അച്ഛനും, അമ്മയും ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടും അവളുടെ മുഖത്ത് ഒരു സങ്കടഭാവം ഉണ്ടായിരുന്നോ?”

ബിജുവിൻ്റെ വാക്കുകൾ കേട്ടപ്പോൾ സുഗുണൻ ഒന്നും മിണ്ടാതെ അരുണുമായി കൊഞ്ചി കുഴയുന്ന നിലാവിനെ നോക്കി.

” അതും മാത്രമല്ല സുഗുണേട്ടാ ..മുതലാളിയും, ഭാര്യയും മരിച്ചതിൻ്റെ രണ്ട് ദിവസം മുൻപ് ജോലിക്കു കയറിയ രാജേഷ് ഇപ്പോൾ, നിലാവിൻ്റെ കാർ ഡ്രൈവറാണ് “

ബിജുവിൻ്റെ വാക്കുകൾ കേട്ടപ്പോൾ, സുഗുണൻ്റെ മനസ്സിലൂടെ അന്നത്തെ ആ ദിവസം തെളിഞ്ഞു വന്നു….

അവരുടെ വഴക്കും, പിന്നെ പെട്ടെന്നുള്ള ഇണക്കവും!

വീട്ടിലേക്ക് കയറി പോകുമ്പോൾ, രാജേഷിനെ തിരിഞ്ഞു നോക്കിയ നിലാവിൻ്റെ കണ്ണുകളിലെ ഭാവം, നടത്താനിരുന്ന ക്രൂരതയുടെ അടയാളമായിരുന്നോ?”

സുഗുണൻ ഓരോന്നും ആലോചിച്ചു കൊണ്ടിരിക്കെ അവനരികിലേക്ക്
നിലാവിൻ്റെ കാർ ഒഴുകി വന്നുനിന്നു.

കാറിൻ്റെ ഗ്ലാസ് താഴ്ന്നതും അവൾ പുറത്തേക്ക് തലയിട്ട് സുഗുണനെ നോക്കി.

“സുഗുണൻ ചേട്ടാ, നമ്മൾക്ക് ഒരിക്കൽ കൂടി കാണേണ്ടി വരും “

ചൂട് നിറഞ്ഞ അവളുടെ വാക്ക് കേട്ട് ഞെട്ടി നിന്ന സുഗുണൻ്റെ കണ്ണുകൾക്കു മുന്നിലൂടെ ആ കാർ ചീറിപാഞ്ഞു പോയി.

നിലാവിൻ്റെ സംസാരം കേട്ട് ബസ്സ് തൊഴിലാളികൾ അമ്പരപ്പോടെ സുഗുണനെ നോക്കി നിൽക്കുമ്പോൾ അയാളുടെ ഉള്ളിൽ അപായസൂചന മുഴങ്ങി.

നിലാവിൻ്റെ വീട്ടിലെ പോർച്ചിലേക്ക് കാർ കയറിയതും, അവരെ കാത്തിരുന്നെന്നവണ്ണം സുദേവൻ അവർക്കരികിലേക്ക് വന്നു.

” ഇതുവരെ ഞാൻ മോളെ കാത്തിരിക്കുകയായിരുന്നു”

അങ്കിളിൻ്റെ സംസാരം കേട്ടപ്പോൾ, കാറിൽ നിന്നിറങ്ങാതെ അയാളെ നോക്കി നിലാവ്.

“നമ്മൾക്ക് എസ്.പി ഓഫീസ് വരെ ഒന്നു പോകേണ്ടതുണ്ട്. കേസിൻ്റെ മൂവ് അറിയാൻ

” വേണ്ട അങ്കിൾ, കുറ്റവാളിയെ നമ്മളാണ് കണ്ടു പിടിക്കേണ്ടത്. അങ്ങിനെയൊരു കുറ്റവാളി ഉണ്ടെങ്കിൽ, ആ കണക്ക് നിയമമല്ല തീർക്കേണ്ടത്. ഞാനാണ്.

ഡോർ തുറന്ന് പുറത്തിറങ്ങിയ നിലാവ് പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ അയാളുടെ നട്ടെല്ലിലൂടെ ഒരു വിറയൽ കടന്നു പോയി.

അയാളുടെ വിറയാർന്ന നോട്ടം അരുണിലേക്ക് നീണ്ടതും, ഒന്നുമില്ലായെന്ന മട്ടിൽ അവൻ കണ്ണടച്ചതും, ആശ്വാസത്തിൻ്റെ ഒരു കുളിർകാറ്റ് അയാളെ തഴുകി പോയി.

” അന്ന് തൊഴിലാളികൾ സ്ട്രൈക്ക് നടത്തുമ്പോൾ ആരാണ് നേതൃത്വം കൊടുത്തത്?”

സുദേവൻ്റെ കണ്ണിലേക്കു നോക്കി നിലാവ് ചോദിച്ചപ്പോൾ അയാൾ ഉള്ളിലൊരു പുഞ്ചിരിയോടെ മന്ത്രിച്ചു.

” അന്ന് നേതൃത്വം കൊടുത്തത് ഡ്രൈവർ സുഗുണനായിരുന്നു “

അത് കേട്ടപ്പോൾ അവളുടെ പല്ലുകൾ ഞെരിയുന്നത് അയാൾ കണ്ടു.

“കുറുക്കനാണ് അയാൾ. ഉള്ളിൽ പകയും വെച്ചു മുഖത്ത് പുഞ്ചിരി വരുത്തുന്ന കാട്ടാളൻ “

അവൾ സുദേവനെ നോക്കി പതിയെ മന്ത്രിച്ചു.

” അങ്കിൾ ഈ ഒരു ദിവസം സുഗുണനെ എനിക്ക് കിട്ടണം. ഈ ഒരു ദിവസത്തോടെ എനിക്ക് നെല്ലും പതിരും തിരിച്ചറിയണം”

നിലാവ് കിതച്ചുക്കൊണ്ട് നിർത്തിയപ്പോൾ സുദേവൻ അവളുടെ തോളിൽ കൈവെച്ചു.

” ഇത്തിരി നേരമുള്ള ആ കശപിശയിൽ ഒരു കൊലപാതകം നടത്തേണ്ട ഒന്നും നടന്നിട്ടില്ല – മോൾ വെറുതെ ഓരോന്നും ആലോചിച്ചിട്ട് അങ്ങിനെ തോന്നുന്നതാണ്. ചിലപ്പോൾ അതൊരു സാധാരണമായ അപകടമായി കൂടേ?”

അവളുടെ കത്തുന്ന കണ്ണുകൾ അയാൾക്കു നേരെ നീണ്ടു.

“ആവശ്യമില്ലാത്ത ആ സ്ട്രൈക്ക് സൃഷ്ടിച്ചതിനു പിന്നിൽ ആരെങ്കിലും മറഞ്ഞിരിക്കുന്നുണ്ടെങ്കിലോ? സുഗുണനെ ആരെങ്കിലും കരുവാക്കിയിട്ടുണ്ടെങ്കിലോ? വിദ്വേഷവും, പകയും നിറഞ്ഞു നിൽക്കുന്ന ഈ ഫീൽഡിൽ തിരശ്ശീലക്കു പിന്നിൽ ഏതെങ്കിലും ബസ് ഓണർ മറഞ്ഞു നിൽക്കുന്നുണ്ടെങ്കിലോ? സാധാരണ അപകടമായി കണ്ട് നമ്മൾ പിൻതിരിഞ്ഞാൽ, ചിലപ്പോൾ ഒരു കൊടുംകുറ്റവാളി രക്ഷപ്പെട്ടാലോ?”

ഉഷ്ണം വമിക്കുന്ന ആ ചോദ്യങ്ങൾക്കു മുന്നിൽ സുദേവൻ ഒന്നും പറയാതെ നിന്നു.

” അങ്ങിനെ ഒരാൾ ഉണ്ടെങ്കിൽ, അവൻ ഈ ഭൂമിയിൽ ജീവിച്ചാൽ, മരിച്ചു പോയ എൻ്റെ അച്ഛൻ്റെയും, അമ്മയുടെയും ആത്മാവിന് മോക്ഷം കിട്ടില്ല. അതു കൊണ്ട് സത്യം എനിക്ക് അറിയണം.അതിന് സുഗുണനെ പിടിച്ച് ഒന്നു കുടയണം.അതു വെറും ആക്സിഡൻറ് ആണെങ്കിൽ അവിടെ തന്നെ ഞാൻ ക്ലോസ് ചെയ്യാം കേസ്.പക്ഷേ ആരെങ്കിലുമുണ്ടെങ്കിൽ?”

പറഞ്ഞു നിർത്തി തന്നെ നോക്കുന്ന നിലാവിൻ്റെ കണ്ണുകൾ ചുവക്കുന്നത് അയാൾ ഭീതിയോടെ കണ്ടു.

“നാളെ അച്ഛൻ്റെയും അമ്മയുടെയും പുല വീടൽ ആണ്. അതിനു മുൻപ് അതിനു കാരണക്കാരായവനെ ഈ ഭൂമിയിൽ നിന്നും പറഞ്ഞയക്കണം അങ്കിൾ:

ഗദ്ഗദത്തോടെ അവൾ അതു പറയുമ്പോൾ, കണ്ണീർ ഉരുകിയൊലിക്കുന്നുണ്ടായിരുന്നു.

” അതുക്കൊണ്ട് ഇപ്പോൾ തന്നെ സുഗുണനെ പൊക്കി ബസ് ഷെഡിനോട് അടുത്തുള്ള കെട്ടിടത്തിലേക്ക് എത്തിക്കണം.ഈ കൃത്യത്തിന് രാജേഷിനെ വിളിക്കണ്ട. അയാൾക്ക് ഇപ്പോഴും സുഗുണനോട് ഒരു സിംപതി ഉണ്ട്. അതു കൊണ്ട് രാജേഷിന് പകരം വരുണിനെ വിളിച്ചാൽ മതി?’

നിലാവിൻ്റെ വാക്ക് കേട്ടതും, സുദേവൻ മൊബൈലിൽ മറ്റൊരു മകനായ വരുണിനെ വിളിച്ചുകൊണ്ട് കാറിനകത്തേക്ക് കയറി.

“ങ്ങ്ഹാ അങ്കിൾ, സുഗുണനെയും കൊണ്ട് ബിൽഡിങ്ങിൽ എത്തിയാൽ എന്നെ ഒന്നു വിളിക്കണം”

” അവനെ അവിടെയിട്ട് തട്ടിക്കളഞ്ഞോട്ടെ”

അരുൺ പ്രണയഭാവത്തോടെ നിലാവിനെ നോക്കി.

” ഒരു മണിക്കൂർ അയാൾക്കു സമയം കൊടുക്കണം.പറയാനുള്ളത് പറഞ്ഞു തീർക്കാൻ. അപ്പോഴെക്കും ഞാൻ അവിടെ എത്താം. അയാൾക്കു ഈ സംഭവത്തിൽ പങ്കുണ്ടെങ്കിൽ എൻ്റെ കൈക്കൊണ്ട് വേണം അയാളെ “

പറഞ്ഞതു മുഴുമിപ്പിക്കാതെ അവൾ അരുണിനെ നോക്കിയതും, അവൻ കാർ സ്റ്റാർട്ട് ചെയ്തു.

കാർ ഗേറ്റ് കടക്കുമ്പോൾ തിരിഞ്ഞു നോക്കിയ സുദേവൻ പുഞ്ചിരിയോടെ അരുണിനെ നോക്കി.

” ആ പൊട്ടിക്കാളി നമ്മൾ പോകുന്നതും നോക്കി നിൽക്കുന്നുണ്ട് “

“ഡാഡീ, നിലാവ് എൻ്റെ ഭാവിവധു ആണെന്ന് ഓർക്കണം?”

അരുൺ പരിഹാസത്തോടെ അതു പറയുമ്പോൾ. അവൻ്റെ മനസ്സിൽ
ഡോക്ടർ പ്രിയയുടെ മുഖമായിരുന്നു…..

അവർ തമ്മിലുള്ള പ്രണയമായിരുന്നു!

” നീ പേടിക്കണ്ട അരുൺ ഈ പ്രശ്നങ്ങളൊക്കെ തീർത്തിട്ട് നിനക്ക് പ്രിയയെ വിവാഹം കഴിക്കാം – അതുവരെ നീ ഒന്നടങ്ങ് “

അരുണിൻ്റെ തുടയിൽ തട്ടി സുദേവ് പറഞ്ഞപ്പോൾ അവൻ്റെ ചുണ്ടിൽ നിന്ന് ഒരു കുറുക്കൻ്റെ ചിരിയുതിർന്നു .

“നിൻ്റെ അനിയൻ നല്ലവനാണെങ്കിൽ ഈ കളിയിൽ നിന്നെ കരുവാക്കില്ലായിരുന്നു ഡാഡി..പറഞ്ഞിട്ടെന്താ കാര്യം നിൻ്റെ അനിയൻ ഇരുപത്തിനാലു മണിക്കൂറും കഞ്ചാവിലും, വെള്ളത്തിലും അല്ലേ?

അയാൾ പറഞ്ഞു തീര്യം മുൻപെ ,ദൂരെ അവരെ കാത്ത് ബൈക്കിൽ മലർന്നു കിടക്കുന്ന വരുണിനെ അവർ കണ്ടു.

ബൈക്കിനടുത്ത് എത്തിയതും, വരുൺ കാറിലേക്ക് ചാടി കയറി.

“ഇന്നത്തെ ഇര നിലാവാണോ?”

ചുണ്ട് നനച്ചുക്കൊണ്ട് അവനത് ചോദിച്ചപ്പോൾ, അരുൺ ചിരിച്ചു കൊണ്ട് നിഷേധാർത്ഥത്തിൽ തലയാട്ടിയതും, വരുണിൻ്റെ മുഖം മങ്ങി.

“നീ സ്വൽപ്പം കാത്തിരിക്ക് വരുൺ. നിലാവിനെ വേട്ടയാടുമ്പോൾ നീ ഒറ്റയ്ക്കായിരിക്കും പോകുന്നത്?”

അരുണിൻ്റെ സംസാരം കേട്ടതും വരുൺ അവൻ്റെ മുഖത്ത് ചുംബിച്ചു.

“ഇന്നത്തെ ഇര സുഗുണ നാണ്. പാവം”

അരുൺ അത് പറഞ്ഞ് ഒരു മൂളിപ്പാട്ടോടുകൂടി ആക്സിലേറ്ററിലേക്ക് കാലമർത്തി.

ഒരു വൺഡേടൂറിനു പോകുന്നതുപോലെയുള്ള സന്തോഷത്തിലായിരുന്നു അവർ.

സ്റ്റീരിയോയിൽ നിന്ന് ആൽബത്തിലെ വരികൾ ഉയർന്നതും, വരുൺ തല കുലുക്കി തുടങ്ങി.

അവൻ്റെ നീളൻ മുടികൾ പാറി പറന്നതും, ഒരു ചെറിയ കവറിനുള്ളിൽ നിന്ന് വെളുത്ത പൊടിയെടുത്ത് കൈത്തണ്ടയിൽ വെച്ചു.

പൊടുന്നനെ,അകലെ നിന്നും നിലാവ് ട്രാവൽസിൻ്റെ ബസ് വരുന്നത് കണ്ട അവൻ ഒരു പൊട്ടിച്ചിരിയോടെ തൻ്റെ നാസാരന്ധ്രങ്ങൾ കൈതണ്ടയിലക്ക് അടുപ്പിച്ച്, ഒരു ദീർഘനിശ്വാസമെടുത്തു.

പാവം സുഗുണൻ!

അങ്ങിനെ മന്ത്രിച്ച്, വരുൺ തലപൊക്കിയപ്പോൾ, ബസ് അടുത്തെത്തിയിരുന്നു.

അരുൺ,ബസ്സിനു മുന്നിലേക്ക്, ടയർഉരച്ചു കൊണ്ട് വലിയൊരു ശബ്ദത്തോടെ കാർ വട്ടം നിർത്തിയതും വരുണിൻ്റെ കണ്ണുകൾ ഡ്രൈവർ സീറ്റിലേക്ക് നീണ്ടു.

പകച്ചിരിക്കുന്ന സുഗുണനെ കണ്ടപ്പോൾ, അവനിൽ ക്രൂരമായ ഒരു പുഞ്ചിരിയുതിർന്നു

അപ്പോഴവൻ്റെ കണ്ണുകൾ ചെകുത്താനെ പോലെ ചുവന്നു കലങ്ങിയിരുന്നു.

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…