മൂക്കുത്തി – രചന: അക്ഷര എസ്
🎶🎶അരികിലായ് വന്നു ചേരാന്‍ കൊതിയും അരികിലാകുന്ന നേരം ഭയവും
എന്നാലും തോരാതെഎപ്പോഴും നെഞ്ചാകെ നീയെന്റേതാകാനല്ലേ താളം തുള്ളുന്നു..🎶🎶
ഉച്ചനേരം.. ഫസ്റ്റ് ഇയർ ക്ലാസ്സിലെ ലഞ്ച് ബ്രേക്ക് സമയത്തു ക്ലാസ്സൊന്നടങ്കം ഡെസ്കിൽ കൊട്ടി പാടിക്കൊണ്ടിരിക്കുന്നു…
ഡെസ്കിൽ കയറിയിരുന്നു ആസ്വദിച്ചു കൈ വിരിച്ചു പാടുന്നതിനിടയിൽ പെട്ടെന്ന് എല്ലാവരും നിശബ്ദമായപ്പോഴാണ് വിരിച്ച കൈ താഴ്ത്താതെ തന്നെ തനിഷ്‌ക ഒന്ന് തിരിഞ്ഞു നോക്കിയത്…
വാതിലിൽ ചാരി കൈ മാറിൽ പിണച്ചു വച്ച് ഒരു കുസൃതി ചിരിയോടെ നോക്കി നിൽക്കുന്നു കോളേജിന്റെ എല്ലാമെല്ലാമായ നവനീത്…പിന്നിൽ അണികളും ഉണ്ട്…
കോളേജ് ഇലക്ഷന് ഈ വർഷത്തെ ചെയർമാൻ സ്ഥാനാർത്ഥിയാണ്…
രാഷ്ട്രീയം മാത്രമല്ല ഒരു സകല കലാ വല്ലഭൻ…ഗായകൻ… കവിത രചന…അങ്ങനെ എല്ലാതും… കോളേജിൽ അവസാന വർഷ വിദ്യാർത്ഥി…
ഒന്ന് ചമ്മിയെങ്കിലും പതിയെ താഴെയിറങ്ങി ബെഞ്ചിൽ ഇരിയ്ക്കാൻ നേരം വന്നു “നന്നായിട്ടുണ്ട്..” എന്ന് പതിയെ പറഞ്ഞു… എന്ത് നന്നായിട്ടുണ്ട് എന്ന്…തനിഷ്‌കയുടെ കണ്ണ് മിഴിഞ്ഞു…
എല്ലാവരും പാടുമ്പോൾ കൂടെ പാടും എന്നല്ലാതെ ഒറ്റയ്ക്ക് പാടിയാൽ അമ്മ വരെ ഓടിച്ചിട്ടു അടിയ്ക്കുന്ന ശബ്ദമാണ്… അതാണ് “നന്നായിട്ടുണ്ട്.. ” എന്ന ഒറ്റവാക്കിൽ കുടുങ്ങി കിടക്കുന്നത്….
വരാൻ പോകുന്ന ഇലക്ഷനെ കുറിച്ച് ക്ലാസ്സിൽ ഘോരഘോരം പ്രസംഗിച്ചു കൊണ്ടിരിക്കുന്നു… കണ്ണിമ ചിമ്മാതെ തനിഷ്‌ക നവനീതിനെ നോക്കി അത് കേട്ടിരുന്നു… ഇങ്ങനെ എത്ര നേരം വേണമെങ്കിലും ഇരിയ്ക്കാം…
പുതിയ സഹയാത്രികരെ പാർട്ടിയിലേക്കു ക്ഷണിയ്ക്കുന്നു… പാർട്ടിയിൽ ചേരാൻ താല്പര്യമുള്ളവർക്ക് പിറ്റേന്ന് ഉച്ചയ്ക്ക് തുരുത്തിൽ നടക്കുന്ന മീറ്റിംഗിലേക്ക് സ്വാഗതവും ആശംസിച്ചിട്ടാണ് പോയത്…
പോകാൻ നേരവും അവൾക്കായ് മാത്രം ഒരു പുഞ്ചിരിയും നൽകി നവനീത് …അത് കൂടി കണ്ടതോടെ പിന്നത്തെ ഒരു ക്ലാസ്സിലും ഇരിപ്പുറച്ചില്ല…. ചിന്ത മുഴുവനും “നന്നായിട്ടുണ്ട്…. നന്നായിട്ടുണ്ട്…” എന്ന് സ്നൂസ് വച്ച അലാറം പോലെ തലച്ചോറിൽ പാടി കൊണ്ടിരുന്നു…
മാത്‍സ് നോട്ടിലെ ഇന്റഗ്രേഷന്റെ വളഞ്ഞ വരയോട് പുതിയൊരു വര കൂടി കൂട്ടി ചേർത്ത് ഒരു ഹൃദയം വരച്ചു… ഡിഫറെൻസിയേഷന്റെ വരയ്ക്ക് മുകളിലും താഴെയും തനിഷ്‌കയും നവനീതും സ്ഥാനം പിടിച്ചു… വെട്ടി കൂട്ടി flames നോക്കി… കൂട്ടത്തിൽ L വരുന്നത് വരെ സ്പെല്ലിങ് മാറ്റിയും മറച്ചും ഇട്ടു…
“തനു… “അപ്പുറത്തു നിന്നൊരു വിളി കേട്ടപ്പോൾ അനു… ചങ്കാണ്…
“എന്തേ… “
“ആ ചേട്ടൻ എന്താ പറഞ്ഞിട്ട് പോയത്… “
“നന്നായിട്ടുണ്ട് എന്ന്… “
“എന്ത്.. “
“ആവോ.. “കൈ മേൽപ്പോട്ട് കാണിച്ചു പറഞ്ഞു…
“ആ ചേട്ടന് അപ്പോൾ നിന്നോട് എന്തോ ഉണ്ട്… ” ലോകത്തിലെ എല്ലാ ഊള ചങ്കുകളും പറയുന്ന ആ ഡയലോഗ് അവളും പറഞ്ഞു…തനിഷ്ക ആ “എന്തോ..”യിൽ മൂക്കും കുത്തി വീണു…
തേൻ നെല്ലിക്കയായത് കൊണ്ട് അത് ആദ്യമേ മധുരിച്ചു…ചങ്കിനു മറുപടി കൊടുത്തു വീണ്ടും ഉള്ളിലെ കണക്ക് കൂട്ടലുകൾ കണക്കു പുസ്തകത്തിന്റെ പിൻ പേജിലേക്ക്… സ്നേഹത്തിന്റെ ശതമാനം നോക്കി…. flames വെട്ടി…ഭാരം കുറഞ്ഞു കുറഞ്ഞു മനസ്സൊരു അപ്പൂപ്പൻത്താടി പോലെ പാറി പറന്നു…ഇടയ്ക്കെപ്പോഴോ ആ അപ്പൂപ്പൻത്താടികൾ അടിവയറിൽ ഇക്കിളിയിടുന്നത് പോലെ തോന്നി… ആകെ കഞ്ചാവടിച്ചു കിളി പോയ അവസ്ഥ…
കോളേജിൽ നിന്നും ബസ് സ്റ്റോപ്പിലേയ്ക്കുള്ള പതിവ് നടത്തത്തിനിടയിൽ ചങ്ക് തന്നെ ഗ്രൂപ്പിൽ കാര്യം പൊളിച്ചു…. നാൽവർ സംഘത്തിലെ ബാക്കി മൂന്നു പേരും കട്ട സപ്പോർട്ട്…
വീട്ടിൽ എത്തിയിട്ടും ഇരിപ്പുറച്ചില്ല… “നന്നായിട്ടുണ്ട്…നന്നായിട്ടുണ്ട്….”തലച്ചോറിൽ അങ്ങനെ മൂളി കൊണ്ടിരിക്കുന്നു…. വാട്സ് അപ്പ് ഗ്രൂപ്പിൽ മരണ ചാറ്റിങ്… ഭാവി പ്ലാനിങ് ആണ്… എങ്ങനെ വീഴ്ത്തണം എന്ന് തുടങ്ങി വശീകരണ മന്ത്രം വരെ ആധികാരികമായി പഠിപ്പിച്ചു തരുന്ന ചങ്കുകൾ…
പിറ്റേന്ന് ഉച്ചയ്ക്ക് പറഞ്ഞതിലും അരമണിക്കൂർ മുൻപേ തുരുത്തിൽ ചെന്നിരുന്നു… പാർട്ടിയിൽ ചേരാനുള്ള താല്പര്യമല്ല മറ്റു ചില താല്പര്യമാണ് അതെന്ന് മറ്റാർക്കും മനസ്സിലായില്ല….ഫസ്റ്റ് ഇയർ പെൺക്കുട്ടിയെ പാർട്ടി മീറ്റിംഗിന് കണ്ടപ്പോൾ ചില ആസ്ഥാന ബുജികൾക്ക് ദഹിച്ചില്ല…ഏതോ ദാരിദ്ര്യം പിടിച്ചൊരുത്തൻ എണീപ്പിച്ചു വിടാൻ നോക്കിയപ്പോൾ അവനെ ശാസിച്ചു കൊണ്ട് തനിഷ്‌കയെ മുൻപിലേക്ക് കയറ്റി ഇരുത്തി നവനീത്….
അത് വരെ പാൽച്ചായയും ഉഴുന്ന് വടയും കഴിച്ചിരുന്ന തനിഷ്‌ക സവർണ്ണ വിഭാഗത്തെ ഒഴിവാക്കി അധ്വാനിയ്ക്കുന്ന ജനവിഭാഗത്തിന്റെ മുഖമുദ്രയായ കട്ടൻ ചായയും പരിപ്പ് വടയും കഴിയ്ക്കാൻ തുടങ്ങി…ചുവപ്പിനോട് അടങ്ങാത്ത പ്രണയം തോന്നി…മഞ്ഞ നിറത്തിൽ പൂ വിരിച്ചു കിടന്നിരുന്ന ഗുൽമോഹറിനെ അവഗണിച്ചു ചുവപ്പ് പരവതാനി വിരിയ്ക്കുന്ന ഗുൽമോഹറിന് താഴെ ഇരിപ്പ് പതിവാക്കി…. പതിവിലേറെ അണിഞ്ഞൊരുങ്ങി വരാൻ തുടങ്ങി… പതിവ് പുഞ്ചിരിയ്ക്കപ്പുറം നവനീതിന്റെ അടുത്ത് നിന്നും ഒരു പുരോഗതിയും കണ്ടില്ല…
ഒരുമാതിരി വാർഷിക ബഡ്ജറ്റ് പോലെയായി കാര്യങ്ങൾ… നിത്യോപയോഗ സാധനങ്ങളായ മൊട്ട് സൂചിയ്ക്കും കുതിരയുടെ കാലിനടിയിൽ അടിയ്ക്കുന്ന ലാടത്തിനും ബാഗ് ഉണ്ടാക്കാനായുള്ള തുകലിനും എല്ലാ ബഡ്ജറ്റിലും എന്തിനോ വില കുറയ്ക്കുന്നത് പോലെ ആർക്കോ വേണ്ടി എപ്പോഴും ഒരു പുഞ്ചിരി മാത്രം ഉണ്ട് ….
“എന്തൊക്കെ ചെയ്തിട്ടും ഒരു മെനയാവുന്നില്ലല്ലോ രാഹുലേ… “കഷ്ടം വച്ച കയ്യോടെ നാൽവർ സംഘത്തിലെ ബുദ്ധികേന്ദ്രത്തിലേക്ക് കേസ് കൊടുത്തു തനിഷ്ക…
“ലവൻ ഭയങ്കര കവിത എഴുത്തുക്കാരനാണ്… മിക്കവാറും വിഷയം മൂക്കുത്തി… അവന്റെ fb മൊത്തം മൂക്കുത്തി മയം… “രാഹുൽ അല്പനേരത്തെ അന്വേഷണത്തിനൊടുവിൽ പറഞ്ഞു…
“അതിന്… “
“നീ മൂക്ക് കുത്തണം… “രാഹുൽ പറഞ്ഞതും ബാക്കി വന്ന നാൽവർ സംഘത്തിലെ അംഗങ്ങൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു…അനുവും ദർശും…
“പിന്നെ.. എനിയ്ക്കൊന്നും പറ്റില്ല… “തനിഷ്‌ക തുടക്കത്തിലെ എതിർത്തു…
“ആണിന്റെ ഹൃദയത്തിലേയ്ക്കുള്ള വഴിയിലാണ് നീ ബാരിക്കേഡ് വയ്ക്കുന്നത് … “ദർശ് ഒരു ദാർശനികനെ പോലെ പറഞ്ഞു…
“അത് അടുക്കളയിലൂടെ ആണന്നല്ലേ മുൻപൊക്കെ പറഞ്ഞിരുന്നത്… “തനിഷ്‌ക കണ്ണുരുട്ടി..
“അത് വേറെ വഴി… കല്യാണം കഴിഞ്ഞു ആ വഴി… കല്യാണത്തിന് മുൻപ് ഈ വഴി… “
“എന്നാലും… ഹൂ… എന്തൊരു വേദനയായിരിയ്ക്കും… “തനിഷ്‌ക നഖം കടിച്ചു പറഞ്ഞു…
“ഏയ്.. ഒരു ഉറുമ്പ് കടിയ്ക്കുന്നത് പോലെ… ഒരു ഗൺ എടുത്തു ഠപ്പേ എന്ന് പ്രെസ്സ് ചെയ്താൽ മൂക്കുത്തി മൂക്കിൽ ഇരിയ്ക്കും.. “അനു അവളുടെ മൂക്ക് ചൂണ്ടി പറഞ്ഞു…
“ഗണ്ണോ…തോക്കെടുത്തു പൊട്ടിയ്ക്കാൻ ഇതെന്താ അതിർത്തിയിലെ വെടിവയ്പ്പോ… “തനിഷ്ക തല ചൊറിഞ്ഞു…
“ഇവളോട് പറഞ്ഞിട്ട് കാര്യമില്ല… നല്ല പെൺപിള്ളേർ അങ്ങേരെ കൊത്തി കൊണ്ട് പോവുമ്പോൾ പഠിച്ചോളും… “ദർശ് മുഖം വെട്ടിച്ചു…
“മൂക്ക് കുത്തിയാൽ മര്യാദയ്ക്ക് ശ്വാസം എടുക്കാൻ പറ്റോ അനു… “
“ഇല്ല്യ… മൂക്ക് കുത്തിയ രണ്ടു ദിവസം ഞാൻ വെന്റിലേറ്ററിൽ ആയിരുന്നു…. ഇവൾക്ക് ഭ്രാന്താടാ… അവളും അവളുടെ ഒരു നവിയേട്ടനും…. “അനു വെട്ടിത്തിരിഞ്ഞു പറഞ്ഞു…
“നവിയേട്ടനോ… “രാഹുലും ദർശും ഒന്നിച്ചു ചോദിച്ചു…
“ഞാൻ അങ്ങനെയാണ് വിളിയ്ക്കുന്നത്… ” തനിഷ്‌ക നാണം കൊണ്ട് തലകുനിച്ചു ചിരിച്ചു കൊണ്ട് കളം വരച്ചു…
“കളകളം വരയ്ക്കാതെ മൂക്ക് കുത്താൻ നോക്ക്… എല്ലാറ്റിനും തീരുമാനം ആകും… ” രാഹുൽ ഫൈനൽ ഡിസിഷൻ പറഞ്ഞു..
മൂന്നു ദിവസം അവധിയാണ്… വീട്ടിൽ ചെന്ന് കാര്യം പറഞ്ഞു…അമ്മ അമ്പിനും വില്ലിനും അടുക്കുന്നില്ല… നിന്നും കിടന്നും ഇരുന്നും സത്യാഗ്രഹം നടത്തി… അവസാനം കനിഞ്ഞു…
മൂക്ക് കുത്തിയാൽ വേദന ഉണ്ടാകുമോ എന്നതായിരുന്നു ആദ്യത്തെ പേടി എങ്കിൽ രണ്ടാമത്തെ ദുഃഖം കാണാൻ ഒരു പാണ്ടി ലുക്ക് വരുമോ എന്നായിരുന്നു…
അടുത്തുള്ള ഒരു ജ്വല്ലറിയിൽ പോയി മൂക്ക് കുത്തി….കുത്തിയ ഉടനെ തെളിഞ്ഞത് ഹൃദയത്തിലേക്കുള്ള വഴിയല്ല സ്വർഗത്തിലേക്കുള്ള വഴിയാണ് … കിട്ടാവുന്നതിൽ വച്ചു ഒരു കുഞ്ഞു മൂക്കുത്തിയായിരുന്നു സെലക്ട് ചെയ്തിരുന്നത്… ഒറ്റനോട്ടത്തിൽ കണ്ടാൽ അവിടെ ഉണ്ടെന്ന് പോലും തോന്നില്ല…
രണ്ടു ദിവസം കഴിഞ്ഞു ചെറിയ പനിയും ജലദോഷവും തുടങ്ങിയതോടെ തകർന്നു പോയി….അത് വരെ മുഖത്തേയ്ക്ക് തിരിഞ്ഞു നോക്കാതിരുന്ന മുടിയിഴകൾക്ക് മൂക്കുത്തിയോട് കിന്നാരം പറയാതെ സ്വൈര്യം ഇല്ലെന്ന അവസ്ഥ…
ജലദോഷം പിടിച്ചു മൂക്ക് പിഴിയാൻ പറ്റാത്ത അവസ്ഥ… ഈ പ്രേമം വൃദ്ധനെ പതിനാറുക്കാരനും അസുരനെ ദേവനും ആക്കുമെന്ന് കേട്ടിട്ടുണ്ടെങ്കിലും മൂക്ക് പിഴിയാൻ പറ്റാത്ത ഒരു അവസ്ഥ ഒരു ക്ലാസിക്കിലും കാണില്ല…
അവധിയും പനിയും എല്ലാം കഴിഞ്ഞു പിന്നെ കോളേജിൽ ചെന്നത് ഇലക്ഷൻ ദിവസം…
കാര്യമായി മൂക്ക് കുത്തി ചെന്നിട്ടും നാൽവർ സംഘം വരെ മൈക്രോസ്കോപ്പ് വച്ച് നോക്കി തെളിവെടുത്തിട്ടാണ് മൂക്ക് കുത്തിയെന്ന സർട്ടിഫിക്കറ്റ് തന്നത്… അപ്പോൾ ഒരു കിലോമീറ്റർ അകലെ നിന്നും പുഞ്ചിരി തൂകി പോകുന്ന നവിയേട്ടനെ എങ്ങനെ തെളിവെടുപ്പിന് കൊണ്ട് പോകാനാണ്… എന്തായാലും ഇലക്ഷന് കഴിഞ്ഞു സ്വസ്ഥമായി കാര്യമായി തന്നെ ചെന്ന് കാണണം…
ഇലക്ഷൻ കഴിഞ്ഞു…. നവിയേട്ടൻ മൃഗീയ ഭൂരിപക്ഷത്തിൽ ചെയർമാനായി… വൈസ് ചെയർമാനായത് ചേട്ടന്റെ തന്നെ ക്ലാസ്സിലെ ഉമ ദേവി….. ആഹ്ലാദപ്രകടനത്തിനിടയിൽ ചെയർമാൻ വൈസ് ചെയർമാന് രക്തഹാരം അണിയിക്കുന്ന കാഴ്ച്ച കണ്ടു ഉള്ളിലെ രക്തം തിളച്ചു…
ഹാരമിടുന്നതൊക്കെ ഒരു ആചാരത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞു നാൽവർ സംഘം ആശ്വസിപ്പിച്ചു… എങ്കിലും ഉള്ളിൽ എവിടെയോ ഒരു കുഞ്ഞു വിഷമം…
ഉമ ദേവിയും നവനീതും അടുപ്പത്തിൽ ആണെന്ന് ഒരു അടക്കം പറച്ചിലുണ്ടെന്ന് അറിഞ്ഞു… ഫസ്റ്റ് ഇയർ ആയത് കൊണ്ട് ആരോടും ചോദിയ്ക്കാനും പറ്റില്ല… ഉള്ള സമാധാനവും പോയി…
യൂണിയൻ ഉത്ഘാടന ദിവസം രണ്ടും കല്പ്പിച്ചു നവിയേട്ടനോട് സംസാരിക്കാം എന്ന് മനസ്സിൽ തീരുമാനം എടുത്തു…. പതിവിലേറെ അണിഞ്ഞൊരുങ്ങി… കുത്താൻ വരുന്ന പോത്തിനെ മാടി വിളിയ്ക്കുന്ന ചുവപ്പ് നിറത്തിലെ അനാർക്കലി തന്നെ എടുത്തിട്ടു.. പണ്ട് ചുവപ്പിനോട് അലർജിയായിരുന്നു… ആ ഞാനാണ് എന്ന് കണ്ണാടി നോക്കി ആത്മഗതം പറഞ്ഞു… എങ്കിലും മനസ്സ് മുഴുവനും നവിയേട്ടനായിരുന്നു… വീഴ്ത്തിയിരിയ്ക്കും….
രാവിലെ തന്നെ അണിഞ്ഞൊരുങ്ങി ആടയാഭരണങ്ങളോടെ ഉമ ദേവിയെ കണ്ടപ്പോഴേ ചുവപ്പിന്റെ കാന്തി മങ്ങി… അതിലും ദുഃഖം അവളുടെ മൂക്കുത്തി കണ്ടപ്പോഴായിരുന്നു…
“അത് എന്തോന്നാടീ അവളുടെ മൂക്കിൽ.. ജിലേബിയോ…”അനുവിനോടായിരുന്നു അസൂയയോടെ തനിഷ്‌ക പറഞ്ഞത്…
“നീ ഉറുമ്പിന് പൊക്കാനുള്ള പഞ്ചാര തരിയുടെ വലിപ്പത്തിൽ ഒരു മൂക്കുത്തി മൂക്കിൽ ഒട്ടിച്ചു വച്ചപ്പോഴേ ഞാൻ ഉറപ്പിച്ചതാ അവൾ ജിലേബി കൊണ്ട് വന്നു നിന്റെ നവിയേട്ടനെ കറക്കി എടുക്കും എന്ന്… “അനു കൂടി പറഞ്ഞതോടെ ഹൃദയം തകർന്നു…
എന്തായാലും ഇന്ന് സംസാരിച്ചിട്ടേ പോകൂ എന്ന് ഉറപ്പിച്ചു…യൂണിയൻ ഉത്ഘാടനം കഴിഞ്ഞു വിദ്യാർത്ഥികളുടെ കലാപരിപാടികൾ ആയിരുന്നു….
ഉമ ദേവി ക്ലാസിക്കൽ ഡാൻസ് ചെയ്യുന്നുണ്ട്…നവിയേട്ടനെ കാണാൻ ബാക്ക് സ്റ്റേജിലെ ഗ്രീൻ റൂമിൽ ഒന്ന് കറങ്ങി… പാർട്ടി പ്രവർത്തനം ഉള്ളത് കൊണ്ട് വളണ്ടിയറായിരുന്നു…ആളെ കണ്ടപ്പോൾ വീണ്ടും പുഞ്ചിരി… താൻ മൂക്കും കുത്തി വീണ അതേ പുഞ്ചിരി…
“എനിയ്ക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു…. “മടിച്ചു മടിച്ചാണ് തനിഷ്‌ക പറഞ്ഞു തുടങ്ങിയത്…
“പറഞ്ഞോളൂ… “എന്ന ശാന്തമായ മറുപടി വന്നു നവനീതിന്റെ അടുത്ത് നിന്നും.. ആദ്യമായി ഒരുത്തനെ പ്രൊപ്പോസ് ചെയ്യാൻ പോകുന്ന ചമ്മലോ ഭയമോ വിയർപ്പ് തുള്ളികളായി ചെന്നിയിലൂടെ ചാലിട്ടിരുന്നു.. കയ്യൊക്കെ ആകെ തണുത്തു വിറയ്ക്കാനും…
“കേറാം നവി… സമയമായി… “പിന്നിൽ നിന്നൊരു വിളി കേട്ടപ്പോൾ നൃത്ത വേഷത്തിൽ ഉമ ദേവി..
“നവി.. ഞാൻ മാത്രം വിളിയ്‌ക്കേണ്ട നവി… “മനസ്സിൽ അത് പറയുമ്പോൾ തനിഷ്കയുടെ മുഖം വാടി പോയിരുന്നു…
“പിന്നെ കാണാം… “എന്ന് പറഞ്ഞു ഉമ ദേവിയോടൊപ്പം സ്റ്റേജിൽ കയറി…
അവൾ ആടുന്നു… അവൻ പാടുന്നു… സദസ്സ് കയ്യടിയ്ക്കുന്നു… ഉമ… നവനീത്.. എന്ന ആർപ്പുവിളികൾ… ആരവങ്ങൾ…
പേരിനെങ്കിലും ഒരു മൂളിപ്പാട്ട് സ്വന്തമായി പാടാൻ അറിയുമോ തനിഷ്‌ക… ഒരു സ്റ്റെപ്…ങേ.. ഹേ… എന്നിട്ടാണ് ക്ലാസിക്കൽ കുലപതികളെ വീഴ്ത്താൻ നടക്കുന്നത്… മനസ്സും കുത്തി പറയാൻ തുടങ്ങിയപ്പോൾ തനിഷ്‌ക തകർന്നു പോയി…
സ്റ്റേജിൽ നിന്നും പരിപാടി കഴിഞ്ഞു ഇറങ്ങുന്നതും ഒരു തൂണിന്റെ മറവിലേക്ക് മാറി നിന്ന് ഇരുവരും പ്രണയ ചുംബനം കൈമാറുന്നതും നിറഞ്ഞ കണ്ണോടെ നോക്കി നിന്നു…അവര് സ്നേഹിയ്ക്കുന്നതിൽ അല്ല ഇതിനു വേണ്ടിയാണല്ലോ മൂക്ക് പോലും പിഴിയാൻ പറ്റാത്ത അവസ്ഥയിൽ ഇരുന്നത് എന്ന സങ്കടം ആയിരുന്നു…
“ഡോ മൂക്കുത്തി… ഒന്ന് മാറി നിൽക്കെടോ… ” നിറഞ്ഞ കണ്ണൊന്നു തുടച്ചു തിരിഞ്ഞു നോക്കി…
ആർക്കും കാണാൻ പറ്റാത്ത മൂക്കുത്തി ആദ്യമായി അയാൾ കണ്ടുപിടിച്ചല്ലോ എന്ന അത്ഭുതത്തിൽ വായും പൊളിച്ചു നിൽപ്പായിരുന്നു തനിഷ്‌ക…
“ഒന്ന് ഹെല്പ് ചെയ്യെടോ…. “നെഞ്ചിലെ വളണ്ടിയർ ബാഡ്ജ് കണ്ടാവണം അയാൾ പറഞ്ഞു…
അയാൾ താങ്ങി പിടിച്ച ചെണ്ടയോ മദ്ദളമോ തബലയോ ഉരലോ ഉലക്കയോ എന്തൊക്കെയോ താങ്ങി സ്റ്റേജിൽ കൊണ്ട് വച്ചു…എല്ലാത്തിനും നല്ല കനം ഉണ്ടായിരുന്നു…
എല്ലാം കഴിഞ്ഞു നടുവിന് കൈ കൊടുത്തു നിന്നപ്പോഴാണ് സ്റ്റേജിലേക്ക് വീണ്ടും കയറുന്ന നവിയേട്ടനെ കണ്ടത്… ഓഹോ ഇതിന്റെയെല്ലാം ഉടമസ്ഥൻ കരിഞ്ഞു പോയ പ്രണയമാണെന്ന് അരിഞ്ഞതും ഒരു നെടുവീർപ്പോടെ ചാരി നിന്നു…
കിട്ടാക്കനിയ്ക്കു വേണ്ടിയാണല്ലോ ഇത്രയും നാള് വെള്ളവും വളവും ഇട്ടു കൊടുത്തത് എന്നാലോചിച്ചപ്പോൾ ഒരു കുഞ്ഞു സങ്കടം … അതിന്റെ കൂടെ ഇന്നത്തെ അധ്വാനവും ഭാരോദ്വഹനവും…. എന്നാലും കഷ്ടപ്പെട്ടു മൂക്കുത്തിയതും വേദന ഏറ്റു വാങ്ങിയതും വേസ്റ്റ് ആയ വിഷമം വേറെ… എന്തായാലും കരിഞ്ഞു പോയ ഒരു പ്രണയത്തിന്റെ രക്തസാക്ഷി മണ്ഡപമായി അത് മൂക്കിൽ തന്നെ നിലനിർത്താം എന്ന് കരുതി…
തൊട്ടപ്പുറത്തു ദേ നിൽക്കുന്നു നാസയ്ക്കു പോലും കണ്ടു പിടിയ്ക്കാൻ പറ്റാത്ത തന്റെ മൂക്കുത്തി ഒറ്റ നോട്ടത്തിൽ കണ്ടു പിടിച്ച മഹാൻ…
അയാളെ ഒന്ന് തുറുപ്പിച്ചു നോക്കി…
“എന്റെ അനിയനാണ്… “എന്ന് പറഞ്ഞു… തനിഷ്‌ക ചുറ്റും ഒന്ന് നോക്കിയപ്പോൾ അയാൾ സ്റ്റേജിലേക്ക് ചൂണ്ടി… നവനീതിനെ ചൂണ്ടി കാണിച്ചിരുന്നു അയാൾ…
“വേദ്… “തനിഷ്‌കയ്ക്ക് നേരെ ഒരു കൈ നിവർന്നു വന്നു…
“തനിഷ്‌ക…”തിരിച്ചും കൈ കൊടുത്തു പിന്നെ ഇറങ്ങി പോന്നു…. അല്ലെങ്കിലും പൂരം കഴിഞ്ഞ പൂര പറമ്പിൽ നിന്നിട്ടു എന്ത് കാര്യം…
തിരിച്ചു വന്നു മൂക്കുത്തി കുത്താൻ ഉപദേശിച്ചവൻമാരെ പഞ്ഞിക്കിട്ടു… അപ്പോഴാണ് ആ നഗ്ന സത്യം രാഹുൽ പറഞ്ഞത്… നവിയേട്ടനും ഉമ ദേവിയും തമ്മിൽ പൊരിഞ്ഞ പ്രണയം ആണെന്ന് ഈ കോളേജിലെ കല്ലുകൾക്ക് പോലും അറിയാം… എന്നിട്ടും ആ നാലെണ്ണം മാത്രം അറിഞ്ഞില്ല… തന്റെ മൂക്കിന് വേദനിയ്ക്കാൻ ആവും യോഗം എന്ന് കരുതി മൂക്കിൽ തൊട്ടു നോക്കി… അവിടെയല്ല വേദന.. ഹൃദയത്തിനാണ്…
പിന്നെ കോളേജിൽ കണ്ടു മുട്ടുന്നതേ വിരളമായി…നവിയേട്ടനെ കണ്ടാലും ചിരിയ്ക്കില്ല…. ജാഡയിടും.. നവിയേട്ടനും ശ്രദ്ധിക്കാറില്ല… ഇലക്ഷൻ കഴിയുന്നത് വരെയുള്ള പ്രഹസനം… അതിലും കലിയായിരുന്നു ഉമ ദേവിയെ കാണുമ്പോൾ… അസൂയ ആണ്… കുറച്ചു വിഷമവും.. വേറെ ഒന്നുമല്ല…
ദിവസങ്ങളും മാസങ്ങളും കടന്നു പോയി…ഋതുക്കൾ മാറി മറഞ്ഞു… അവഗണിച്ചു കളഞ്ഞ മഞ്ഞ ഗുൽമോഹറിനെ ഇഷ്ടപ്പെട്ടു തുടങ്ങി… കോളേജ് ജീവിതം കഴിഞ്ഞു പടിയിറങ്ങുമ്പോഴും മൂക്കിലെ സ്മാരകം ഒരു കുഞ്ഞു വജ്രക്കല്ലായ് തിളങ്ങി തന്നെ നിന്നു…
പിന്നീടൊരിയ്ക്കൽ ടൗണിൽ വച്ചാണ് വീണ്ടും നവിയേട്ടനെ കാണുന്നത്… ആകെ മാറി പോയിരുന്നു… താടിയും മീശയുമൊക്കെയായി ആ പഴയ കോളേജ് പയ്യനിൽ നിന്നും ഒരു ഒത്ത പുരുഷനായിരിയ്ക്കുന്നു… അപ്പോഴും ചുണ്ടിൽ താൻ മൂക്കും കുത്തി വീണു പോയ ആ പഴയ പുഞ്ചിരി ഉണ്ടായിരുന്നു…
“തനിഷ്‌ക….കുറേ ആയല്ലോ കണ്ടിട്ട്…എവിടെയായിരുന്നു… ” മുഖത്തു ചിരിയോടൊപ്പം അത്ഭുതവും വിടരുന്നത് നോക്കി നിന്നു…
“ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു…. “
“ആണോ… അന്ന് എന്തോ പറയണം എന്ന് പറഞ്ഞു പിന്നെ കണ്ടില്ലല്ലോ…”ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ നവനീത് അത് ചോദിച്ചപ്പോൾ തനിഷ്കയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു…
“ഉമ ദേവി ചേച്ചിയുടെ കല്യാണം കഴിഞ്ഞല്ലേ…. ” തിരിച്ചു ചോദിച്ചപ്പോൾ മൂക്കുത്തിയ്ക്ക് വേണ്ടി അന്ന് അനുഭവിച്ച കുഞ്ഞു വേദനയ്ക്ക് മുകളിൽ ഒരു ഐസ് കട്ട വച്ച സുഖമായിരുന്നു മനസ്സിൽ…
അല്ലെങ്കിൽ അതിന് ശേഷം മാസങ്ങളോളം കോളേജിൽ ഉണ്ടായിട്ടും ചോദിയ്ക്കാത്ത ചോദ്യം ഒരുത്തി തേച്ചിട്ട് പോയപ്പോഴാണോ ഇയാൾക്ക് ചോദിയ്ക്കാൻ തോന്നിയത്…
“കഴിഞ്ഞു… “നവനീതിന്റെ മുഖത്തു അധികം തെളിച്ചം ഉണ്ടായിരുന്നില്ല…
“തനിഷ്‌കയ്ക്ക് അന്ന് എന്തായിരുന്നു പറയാൻ ഉണ്ടായിരുന്നത്…. “നവനീത് വീണ്ടും ചോദിച്ചു…
“അന്ന് എന്തോ ഉണ്ടായിരുന്നു പക്ഷേ ഇന്ന് ഇല്ലാട്ടോ…. “അത് കൂടി നവനീതിനോട് പറഞ്ഞപ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം…
“ഓഹ്… എങ്കിൽ ഞാൻ പോവട്ടെ… ” തെളിച്ചമില്ലാത്ത മുഖത്തോടെ ഒന്ന് മൂളി നവനീത്….
“പിന്നെ… “തനിഷ്‌ക ഒന്ന് കൂടി വിളിച്ചപ്പോൾ കാറിൽ കയറാൻ പോയ നവനീത് ഒന്ന് തിരിഞ്ഞു നോക്കി…..
“നവിയേട്ടനൊരു ചേട്ടൻ ഇല്ലേ… “പറഞ്ഞു കഴിഞ്ഞപ്പോഴാണ് കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ ആളെ കാണുന്നത്…
“ഞാൻ ഇവിടെ തന്നെ ഉണ്ട്… “വേദ് പറഞ്ഞപ്പോൾ അങ്ങോട്ട് ഒരു ചിരിയോടെ നോക്കി…
“എനിയ്ക്ക് പറയാൻ ഉള്ളത് ഞാൻ വച്ചു താമസിപ്പിച്ചില്ല… ഇതാണ് ഞാൻ നിന്നോട് പറയുന്ന തനു… എന്റെ തനിഷ്‌ക…”വേദ് തനിഷ്‌കയെ ചേർത്ത് നിർത്തി പറഞ്ഞു…. നവനീതിന്റെ കണ്ണുകളിൽ അത്ഭുതമായിരുന്നു… എപ്പോഴോ അറിഞ്ഞിരുന്നു തനിഷ്‌കയ്ക്ക് തന്നോട് ഉണ്ടായിരുന്ന ഇഷ്ടം… അന്ന് അവഗണിച്ചു… ഇന്ന് ഇങ്ങനെ കാണാനാവും യോഗം…
അന്നത്തെ സംഭവം കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു ഫേസ്ബുക്കിൽ വേദിന്റെ ഫ്രണ്ട് റിക്വസ്റ്റ് വന്നതും സുഹൃത്തുക്കളായതും പിന്നീട് എന്നോ തന്നോട് ഒരിക്കൽ ഇഷ്ടമാണെന്ന് പറഞ്ഞതും തിരിച്ചും സമ്മതം മൂളിയതും തനിഷ്‌ക പുഞ്ചിരിയോടെ ഓർത്തു… ആരും കാണാത്ത മൂക്കുത്തി വേദ് ഒറ്റ നോട്ടത്തിൽ കണ്ടു പിടിച്ചപ്പോഴേ ഓർത്തില്ല ആർക്കും വിട്ടു കൊടുക്കാതെ വേദ് തന്റെ ഹൃദയവും കട്ടെടുത്തു പറക്കുമെന്ന്… അനിയൻ കാണാതെ പോയ മൂക്കുത്തിയെ ചേട്ടൻ കണ്ടു പിടിച്ചു… ഇനി നവിയുടെ ചേട്ടത്തിയമ്മയായി വേദിന്റെ പാതിയായി ഐശ്വര്യമായി പുതിയൊരു ജീവിതത്തിലേയ്ക്ക്…. ❤️❤️