എല്ലാവരുടെയും മുന്നിൽ ഞങ്ങൾ പരിഹാസരാണ്. അവഗണന മാത്രം നേരിടേണ്ടി വന്നവർ. ആർക്കും വേണ്ടാത്തവർ…

വീണ്ടും തെളിഞ്ഞ കാർത്തിക ദീപം ~ രചന: നിവിയ റോയ്

“അമ്മേ പോയ് വരാം ….”

ഉമയുടെ കാലുകൾ തൊട്ട് വന്ദിച്ചുകൊണ്ട് ചാരുതപറഞ്ഞു .

“എന്റെ കുട്ടി എന്തേ …നീ സൂര്യേട്ടന്റെ അനിയത്തികുട്ടിയായി ,ഞങ്ങൾക്ക് മകളായി പിറന്നില്ല?”

അവളെ പിടിച്ചുയർത്തി തന്റെ നെഞ്ചോടു ചേർത്തു കെട്ടിപിടിച്ചു കരയുന്നതിനിടയിൽ ഉമ ചോദിച്ചു.

അവളുടെ ഉതിർന്നു വീഴുന്ന കണ്ണീർ കണങ്ങൾ ചാരുതയുടെ പിന്നിയിട്ട മുടിയിൽ ചൂടിയ പനിനീർ പൂവിനുള്ളിൽ ഒളിച്ചു .

“സൂര്യേട്ടാ …. പോയ് വരട്ടെ ….?”

സോഫയിൽ ചാരിയിരുന്നു കരച്ചിൽ നിയന്ത്രിക്കാൻ പാടുപെടുന്ന സൂരജിന്റെ മടിയിൽ തലവച്ചു കൊണ്ടു അവൾ ചോദിച്ചു .

“ഇനി എന്നാണ് എന്റെ അനിയത്തികുട്ടി ഏട്ടനെ കാണാൻ വരിക …?”

മറുപടിയായി അവളുടെ കണ്ണുകൾ കരകവിഞ്ഞൊഴുകി.

“മോളെ ഇറങ്ങാം ഇപ്പോൾ പോയാലേ അങ്ങോട്ടുള്ള ബസ്സ് കിട്ടൂ …”

മുറ്റത്തു നിന്നും സുധാകരൻ മാഷ് വിളിച്ചുപറഞ്ഞു.

മാഷിനോടൊപ്പം അവൾ ആ വീടിന്റെ പടികൾ ഇറങ്ങുമ്പോൾ ,ഉമയുടെയും സൂരജിന്റെയും തേങ്ങലുകൾ അവളെ കുറച്ചു ദൂരം അനുഗമിച്ചു .

മാഷിന് പുറകിലായി പാടവറമ്പത്തുകൂടി നടക്കുമ്പോൾ അവളോർത്തു . സൂര്യേട്ടനോടൊപ്പം താൻ ഇതിലെ ആദ്യമായി ഓടിവന്നപ്പോൾ ,ഞങ്ങളുടെ കാലൊച്ച കേട്ടു പച്ചത്തത്തകൾ കൂട്ടാമായി പാടത്തു നിന്നും പറന്നകന്നു.അത് കണ്ടു താൻ ചോദിച്ചു .

“നമുക്കു ആ തത്തകളെ പിടിച്ചാലോ …?”

“വേണ്ട ചാരുട്ടി അവര് ഈ പാടത്തും നീലാകാശത്തുമൊക്കെ പാറിപ്പറന്നു നടക്കട്ടെ .നമ്മളായിട്ട് അവരുടെ സന്തോഷം നശിപ്പിക്കണ്ട .”

ശരിയാണ് ….താനും ഈ രണ്ട് മാസം ജീവിതത്തിൽ ആദ്യമായി …ആ വീട്ടിലും ….തൊടിയിലും ….പാടവറമ്പത്തുമെല്ലാം ….ആ പച്ച തത്തകളെപോലെ പാറിപ്പറന്നു.ഇനി കൂട്ടിലേക്ക് മടക്കം.അവിടെയും എല്ലാം കിട്ടും ഒന്നൊഴിച്ചു …സ്നേഹം .

ഇടക്കിടക്കു തുളുമ്പി പോകുന്ന കണ്ണുനീർ തുടച്ചു ഓരോന്നോർത്തു മാഷിന്റെ പിന്നാലെ നടക്കുമ്പോളാണ് എതിരെ വന്ന ദാസൻ വല്യപ്പൻ മാഷിനോട് ചോദിക്കുന്നത് കേട്ടത് .

“അച്ഛനും മകളും എങ്ങോട്ടാ …?ഇന്നെന്താ ഏട്ടനേയും കൂട്ടി പാല് മേടിക്കാൻ കണ്ടില്ലല്ലോ ..?”

കേട്ടതും മനസ്സിൽ വലിയൊരു സന്തോഷം തോന്നി തനിക്കുമിപ്പോൾ ഒരു അച്ഛനും അമ്മയും ഏട്ടനുമുണ്ട് .

“മോളെ ഇന്ന് തിരിച്ചുകൊണ്ടു വിടേണ്ട ദിവസമാടോ.”

അയാളുടെ കൈപിടിച്ചുകൊണ്ടു അത് പറയുമ്പോൾ മാഷിന്റെ ശബ്ദം ഇടറിയിരുന്നു .

കണ്ണുനീർ വീണു കുതിർന്ന ചുണ്ടിൽ പുഞ്ചിരി വിടർത്തി അവൾ വല്യപ്പനെ നോക്കി .

“കുട്ടി നന്നായി വരും ….”തലയിൽ കൈകകൾ വെച്ചു അനുഗ്രഹിക്കുമ്പോൾ വല്യപ്പന്റെയും കണ്ണുകൾ നനഞ്ഞു .

ഇവിടെ എല്ലാരും ചാരുട്ടിയെ ഞങ്ങളുടെ മകളായിട്ടു കണ്ടു തുടങ്ങിയിരിക്കുന്നു .വിട്ടുകൊടുക്കാൻ മനസ്സ് സമ്മതിക്കുന്നില്ല പക്ഷേ എന്തുചെയ്യാനാണ് .മുന്നോട്ടു നടക്കുമ്പോൾ മാഷ് ഓർത്തു .

തന്നോട് വാതോരാതെ സംസാരിക്കുന്ന മകൾ ഇപ്പോൾ തീർത്തും മൗനിയായിരിക്കുന്നു .ബസ്സിലിരിക്കുമ്പോൾ അവർക്കിടയിൽ മൗനം കനത്തു നിന്നു .പുറത്തെ കാഴ്ചകളൊന്നും കണ്ണിൽ പെടാതെ തന്റെ തോളിൽ ചാരികിടക്കുന്ന മകളുടെ കാറ്റത്തുലയുന്ന മുടിയിഴകൾക്കൊപ്പം മാഷിന്റെ ഓർമകളും ഉലഞ്ഞു തുടങ്ങി.

അനാഥകുട്ടികളെ 2 മാസത്തെ വേനലവധിക്ക് വീടുകളിലേക്ക് കൂട്ടിക്കൊണ്ടുവന്നു അവർക്കു ഒരു മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചറിയാനുള്ള ഒരു അവസരം ഒരുക്കുന്ന ഒരു പദ്ധതിയെക്കുറിച്ചു അറിഞ്ഞത് ലളിത ടീച്ചറിൽ നിന്നാണ് .

വീട്ടിൽ അതിനെക്കുറിച്ച് പറഞ്ഞപ്പോൾ ഉമയ്ക്കും സൂരജിനും തന്നെക്കാൾ ഉത്സാഹം .നമുക്കു ഒരു പെൺകുട്ടിയെ കൊണ്ടുവരാം എന്ന് ഉമ പറഞ്ഞപ്പോൾ ആദ്യം താൻ എതിർപ്പാണ് പ്രകടിപ്പിച്ചത് .

“വേണ്ട ഉമാ …..ഒന്നാമത് കാലമല്ലാത്ത കാലം ഒരു കുട്ടിയെ കൊണ്ടുവന്നാൽ ആ കുട്ട്യേ തിരിച്ചേല്പിക്കുന്നതുവരെ നമ്മുടെ പൂർണ്ണ ഉത്തരവാദിത്തമാണ്.പെൺകുട്ടികൂടി ആകുമ്പോൾ ഉത്തരവാദിത്വവും കൂടും .

പക്ഷേ അകാലത്തിൽ അടർന്നു വീണ മകളുടെ സ്ഥാനത്തു ഒരു പെൺകുട്ടിയെ കൊണ്ടുവരാൻ പിന്നെ ഞങ്ങൾ മൂന്നുപേരും തീരുമാനിച്ചു .അങ്ങനെ സൂരജിനേക്കാൾ രണ്ട് വയസ്സ് ഇളപ്പമുള്ളപന്ത്രണ്ടുകാരി ചാരുത മകളായി
വീട്ടിൽ എത്തി .പലപ്പോളും ഉമ പറഞ്ഞു കേട്ടിട്ടുണ്ട് .

“ഇത് നമ്മുടെ കാർത്തിക മോളു തന്നെയാണ് .”

അവളെ ചാരുക്കുട്ടി ചിലനേരത്തു അമ്മേ എന്നു വിളിക്കുന്നത് കേൾക്കുമ്പോൾ എന്റെ കണ്ണു നിറയാറുണ്ട് .കാർത്തിക മോളുടെ അതേ ശബ്ദം.സൂരജിന് ആദ്യം കുറച്ചു മടിയുണ്ടായിരുന്നു ചരുവുമായിട്ട് അടുക്കാൻ .ഒരു ദിവസം ഉമ പറയുന്നതുകേട്ടു

“ചാരുവിനു സൂര്യയെ എന്തു കാര്യമാണെന്നോ….സുധിയേട്ടാ….അനിയത്തിയാണെങ്കിലും കാർത്തികയെപ്പോലെ രു ചേച്ചിയുടെ സ്ഥാനത്തു നിന്നാണ് അവനെ നോക്കുന്നത് ?”

“ഇന്ന് സൂര്യ കൂട്ടുകാരുടെ കൂടെ പുഴയിൽ കുളിക്കാൻ പോയി ഞാൻ അറിഞ്ഞില്ല .ജിത്തു പറഞ്ഞാണ് അറിഞ്ഞത് .കേട്ടിട്ട് ഞാൻ പേടിച്ചു പോയി കൊടുത്തു കുറേ തല്ല്.പക്ഷേ തല്ലു മുഴുവൻ കൊണ്ടത് ചാരുട്ടിക്കാണെ ….ഏട്ടനെ തല്ലല്ലേ അമ്മേ ….ഇനി ഏട്ടൻ അങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞു അവൾ ഇടക്ക് നിന്നൂ.

പിന്നെ സൂര്യ എന്നോട് പറയ്ക എന്റെ ചേച്ചി ഉണ്ടായിരുന്നെങ്കിൽ ഇതു പോലെ ആയിരുന്നേനെ അല്ലെ അമ്മേയെന്നു.”അത് പറയുമ്പോൾ ഉമയുടെ കണ്ണുകൾ ചുവന്നു വന്നു

പീന്നീട് എവിടെ പോയാലും അവളെയും കൂട്ടിയേ പോകൂ.ചാരുട്ടിയും അതുപോലെ തന്നെ എവിടെ പോയാലും വാലു പോലെ കൂടെ കാണും .

കാർത്തികയുടെ വേർപാടോടുകൂടി നിശബ്ദമായ അവരുടെ ജീവിതത്തിന്റെ ഇടനാഴിയിൽ വീണ്ടും ഒരു പാദസ്വരക്കിലുക്കം കേട്ടു തുടങ്ങി.

സൂരജിനേക്കാൾ പത്തു വയസ്സ് മൂപ്പുള്ള കാർത്തിക മോളു അനിയനെ കുളിപ്പിക്കാൻ കൂടിയും ….കാക്കയെയും പൂച്ചയേയും കാണിച്ചു കഥകൾ പറഞ്ഞും അവനു ഭക്ഷണം കൊടുത്തും …. നടന്ന ആ കിലുക്കാം പെട്ടിയെ കാലം കവർന്നെടുത്തപ്പോൾ താനും ഉമയും തളർന്നു വീണു.

പിന്നെ സൂര്യ മോനു മാത്രമായി ഒരു ജീവിതം .പീന്നീട് ഉമയെ ചിരിച്ചു കണ്ടിട്ടില്ല …. ചാരുതയിലൂടെ കാർത്തിക മോളെ തിരിച്ചു കിട്ടിയപ്പോൾ വീണ്ടും സന്തോഷത്തിന്റെ നാളുകൾ …

പുറത്തെ കാഴ്ചകളൊന്നും കണ്ണിലുറക്കാതെ ഓടിയകലുന്ന മരങ്ങൾക്കും മനുഷ്യർക്കുമൊപ്പം ഓർമകളോടൊത്തു മാഷും ഒഴുകി നീങ്ങികൊണ്ടിരുന്നു …

ഒരിക്കൽ വേനൽമഴ കൊണ്ട്‌ ചാരുവിന് പനി വന്ന ദിവസം ഞങ്ങൾ എല്ലാരും ഏറെ പരിഭ്രമിച്ചു .ഒരിക്കൽ ഒരു കടുത്ത പനി വന്നാണ് കാർത്തിക മോളെ
ഞങ്ങളിൽ നിന്നും കാലം അടർത്തിമാറ്റിയത്.

പ്രാർത്ഥനകളും നേർച്ചകളുമായി ഉറങ്ങാതെ ഉമ അടുത്തു തന്നെയിരുന്നു .സൂര്യയും അവളുടെ അടുത്ത് നിന്നു മാറിയിട്ടില്ല .തന്റെയും ഉള്ളു പിടഞ്ഞു .

അനാഥമന്ദിരത്തിന്റെ അടുത്തുള്ള വലിയ പൂവരശ് പൂത്തു കുടപിടിച്ചു നിൽക്കുന്ന കാഴ്ച കണ്ണിൽ തെളിഞ്ഞു വന്നപ്പോൾ മനസ്സിന്റെ കോണുകളിലേക്കെവിടെയോ ഓർമകളും ഓടി ഒളിച്ചു .

“മോളെ ചാരൂട്ടി നമുക്കിറങ്ങാനുള്ള സ്ഥലമായി “

തന്റെ തോളത്തു ചാരികിടക്കുന്ന മകളെ മാഷ് വിളിച്ചു . അവൾ മാഷിന്റെ തണുത്തു തുടങ്ങിയ കൈകളിൽ മുറുകെ പിടിച്ചു . എന്നെ വിട്ടിട്ടു പോകരുത് എന്ന് മൗനത്തിൽ അവൾ പറയുന്നതുപോലെ മാഷിന് തോന്നി .

ബസ്സ് നിർത്തിയപ്പോൾ മാഷിന് എഴുനേൽക്കാൻ ബുദ്ധിമുട്ട് അനുഭവപെട്ടു .ചാരു അച്ഛന്റെ കൈ പിടിച്ചുകൊണ്ടു ബസ്സിൽ നിന്നും ഇറങ്ങി .നടക്കുമ്പോൾ വേച്ചുപോകുന്ന പോലെ .

“അച്ഛന് ഇരിക്കണോ ..?”

“അകത്തു ചെല്ലട്ടെ….എന്നിട്ട് ഇരിക്കാ “

തുരുമ്പു പിടിച്ച ഗേറ്റു അലോസരപ്പെടുത്തുന്ന ശബ്ദത്തോടെ സെക്യൂരിറ്റി തുറന്നു .

ചെമ്മൺ നടപ്പാതയുടെ ഇരുവശത്തുമായി വെട്ടി ഒതുക്കാത്ത കൊങ്ങിണി ചെടിക്കിടയിലെ പഴുത്ത കായ കൊത്തി തിന്നു കുശലം പറയുന്ന അടക്കാ കുരുവിയുടെ ചിലക്കൽ ഒഴിച്ചാൽ അവിടമാകെ ഒരു മൂകത നിഴൽ വീഴ്ത്തിയിരുന്നു .

അനാഥാലയത്തിന്റെ ചവിട്ടുപടികൾ കയറുമ്പോൾ മാഷിനെ നന്നായി വിറക്കുന്നുണ്ടായിരുന്നു .മകളെ വാർഡനെ ഏല്പിച്ചുകൊണ്ടു മാഷ് പറഞ്ഞു .

“എനിക്കൊന്നു ഇരിക്കണമെന്നുണ്ടായിരുന്നു “

“അതിനെന്താ അങ്ങോട്ട് ഇരുന്നോളൂ ….”

സ്വീകരണ മുറിയിലെ പഴകികീറി തുടങ്ങിയ സോഫായിൽ ഇരിക്കുമ്പോൾ മകളുടെ കൈ പിടിച്ചു മാഷ് ഒരു കൊച്ചുകുട്ടിയെപ്പോലെ വിതുമ്പി കരഞ്ഞു .

“അച്ഛാ വിഷമിക്കരുത് …. “മാഷിന്റെ കണ്ണീര് തുടച്ചുകൊണ്ട് വളരെ പക്വതകയോടെ അവൾ തുടർന്നു .”സ്നേഹമെന്ന വാക്കു ഞാൻ എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു . പക്ഷേ അത് എന്താണെന്ന് അനുഭവിച്ചറിഞ്ഞത് അച്ഛനിലൂടെയും അമ്മയുടെയും സൂരജേട്ടനിലൂടെയുമാണ് .ഒരു അനാഥനു മാത്രമേ സ്നേഹത്തിന്റെ വിലയറിയൂ ……ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിന്റെ വില .

എല്ലാവരുടെയും മുന്നിൽ ഞങ്ങൾ പരിഹാസരാണ് .അവഗണന മാത്രം നേരിടേണ്ടി വന്നവർ .ആർക്കും വേണ്ടാത്തവർ ….സ്വന്തം തെറ്റിനല്ലാതെ ശിക്ഷിക്കപെടുന്ന ഞങ്ങൾക്ക് കുറച്ചു നല്ല മനുഷ്യരുടെ കാരുണ്യം കൊണ്ടു സമയാസമയത് ഭക്ഷണം കിട്ടുന്നുണ്ട് കൂടെ താമസവും ഭക്ഷണവും .

ഒന്നു പൊട്ടിച്ചിരിക്കാനോ പൊട്ടിക്കരയാനോ പോലും അവകാശമില്ലാത്ത ഞങ്ങളെപോലുള്ളവർക് അച്ഛനെയും അമ്മയെയും ഏട്ടനേയും പോലുള്ളവർ ദൈവങ്ങളാണ്.

ഈ രണ്ട് മാസം നിങ്ങളുടെ മകളായി ജീവിക്കാൻ സാധിച്ചതിൽ ദൈവത്തിനു എത്ര നന്ദി പറഞ്ഞാലും മതിവരില്ല .

ഒരേഒരു ആഗ്രഹമേ ഉള്ളു ഇനി ഒരു ജൻമം ഉണ്ടെങ്കിൽ അച്ഛന്റെയും അമ്മയുടെയും മകളായി ജനിക്കണം …സൂരേട്ടന്റെയും കാർത്തിക ചേച്ചിയുടെയും അനിയത്തികുട്ടിയായി ജനിക്കണം”

അതു പറഞ്ഞവൾ മാഷിന്റെ കാലുകൾ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു .

കുറച്ചു നേരത്തിനു ശേഷം മാഷ് തന്റെ കണ്ണീരു തുടച്ചുകൊണ്ട് .അവളുടെ ശിരസ്സിൽ തലോടിക്കൊണ്ട് പറഞ്ഞു .”മോള് കരയണ്ട …….നീ ഞങ്ങളുടെ മകളാണ് ….നീ ഇവിടെ വളരേണ്ടവൾ അല്ല .നിന്നെ കൂട്ടികൊണ്ടു പോകാൻ അച്ഛൻ വേഗം വരും.”

എന്തോ തീരുമാനിച്ചു ഉറച്ചതുപോലെ മാഷിന്റെ ശബ്ദം ദൃഡമായിരുന്നു .

ഉറച്ച കാൽവയ്പ്പുകളോടെ മാഷ് കണ്ണിൽ നിന്നും മറയുന്നതുവരെ കണ്ണീരു തൂകി ചാരുത നോക്കി നിന്നു .. . *

“എന്താ വീടൊക്കെ ഇരുട്ടുകുത്തി കിടക്കുന്നതു?”

ചാരിയിട്ട കതക് തുറന്ന് വരാന്തയിലെ ലൈറ്റ് തെളിയിച്ചു കൊണ്ടു മാഷ് ചോദിച്ചു .

“ഓ … മറന്നുപോയി ഓരോന്ന് ആലോചിച്ചു കിടന്ന് ….”

കട്ടലിൽ നിന്നും എഴുനെല്കുന്നതിനിടയിൽ തളർന്ന സ്വരത്തിൽ ഉമ പറഞ്ഞു .

“അച്ഛാ …. ചാരുകുട്ടി എങ്ങനുണ്ട്‌ …..അവൾ കരഞ്ഞോ … അവൾ അച്ഛന്റെ കൂടെ ഇങ്ങോട്ടു വരണമെന്ന് പറഞ്ഞോ ?”

അങ്ങനെ ഒരായിരം ചോദ്യം ഒന്നിച്ചു ചോദിച്ചുകൊണ്ട് സൂരജ് അങ്ങോട്ട് ഓടിയെത്തി .

“എന്റെ മോളില്ലാതെ വയ്യ സുധിയേട്ടാ …….”ഒരു ദിവസം കൊണ്ടു ഉമ തീരെ അവശയായതുപോലെ .

“ഞാൻ ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട് .”കുട കതകിൽ തൂക്കി ചാരുകസേരയിൽ ഇരുന്നുകൊണ്ട് മാഷ് പറഞ്ഞു.

“എന്താ …..?”ആകാംഷയോടെ ഉമ ചോദിച്ചു .

“നീ ആദ്യം കുടിക്കാൻ കുറച്ചു വെള്ളം കൊണ്ടു വരൂ … നല്ല ദാഹം .”

ചാരുകസേരയിൽ ഇരുന്നുകൊണ്ട് വെള്ളം കുടിക്കുന്നതിനിടയിൽ മാഷ് പറഞ്ഞു .

“അവള് നമ്മുടെ കുട്ടിയാണ് .പക്ഷേ അത് മറ്റുള്ളവരുകൂടി അംഗീകരിക്കണം . ഞാൻ ഒരു വക്കിലിനെ കണ്ടിട്ടു വരികയാണ് എത്രയും പെട്ടന്ന് നിയമനടപടികൾ പൂർത്തിയാക്കി മോളെ ഇങ്ങോട്ടു കൊണ്ടു വരണം . നിങ്ങളെന്തു പറയുന്നു ?”

“ഞങ്ങളും അതു തന്നെ പറയുകയായിരുന്നു .ഇവിടുത്തെ ഇല്ലായ്മകളെ കുറിച്ച് ഓർത്താണ് ഞാൻ പറയാതിരുന്നത്.അപ്പോൾ സൂര്യ പറയുകയാണ് കാർത്തിക ചേച്ചി ഉണ്ടായിരുന്നെങ്കിൽ നമ്മളോടൊപ്പം ഇവിടെ അല്ലെ കാണുകയെന്നു. ഉള്ളതു കൊണ്ടു നമുക്ക് കഴിയാം .അല്ലേ ..?”

“അച്ഛൻ ചാരൂട്ടിയോട് ഇത് പറഞ്ഞോ ?”

“ഇല്ല നിങ്ങളുടെയും കൂടി തീരുമാനം അറിഞ്ഞിട്ടു വിളിക്കാമെന്ന് ഓർത്തു.”

“മോളെ വിളിച്ചു ഇപ്പോൾ തന്നെ പറയാം …എന്റെ കുട്ടി എത്രമാത്രം വിഷമിക്കുന്നുണ്ടാവും.”സാരിത്തലപ്പുകൊണ്ട് കണ്ണീരൊപ്പി ഉമ പറഞ്ഞു.

“ചാരുത ….നിന്നെ അച്ഛൻ വിളിക്കുന്നു .”വാർഡൻ വന്നു പറഞ്ഞു .

വലിയ ഹാളിലെ നിരയായി കിടക്കുന്ന കുട്ടികൾക്കിടയിൽ , ഇഴകൾ അകന്നു തുടങ്ങിയ തന്റെ പഴയ പായയിൽ ഉമമ്മാ തന്ന പുത്തൻ പുതപ്പും പുതച്ചു ,ഈർപ്പം തട്ടി അടർന്നു വീണ ചുമരിലെ പാളികളിൽ നോക്കി ,അച്ഛനെയും അമ്മയെയും ഏട്ടനേയും ഓർത്തു നിശ്ശബ്ദമായി കണ്ണീർവാർത്തു കിടന്ന ചാരുത അത് കേട്ടതും ചാടി എഴുന്നേറ്റു ഓടിവന്നു .

“മോളെ ….” ഫോണിലൂടെയുള്ള അച്ഛന്റെ വിളികേട്ട് അവൾ പൊട്ടി കരഞ്ഞു .

“മോള് കരയല്ലേ ….മോളെ ഇങ്ങോട്ടു എത്രയും പെട്ടന്ന് ഞങ്ങൾ കൂട്ടികൊണ്ടു വരും .അതിന് കുറച്ചു താമസമുണ്ട് അതുവരെ മോള് ഒന്നു ക്ഷമിക്കണം.”

കാര്യമൊന്നും മനസ്സിലായില്ലെങ്കിലും വീണ്ടും അങ്ങോട്ടേക്ക് പോകാമെന്നു കേട്ടപ്പോൾ അവളുടെ കരച്ചിൽ കുറഞ്ഞു .കണ്ണീര് തുടച്ചുകൊണ്ട് അവൾ ചോദിച്ചു .

“അച്ഛാ ….അമ്മ എവിടെ …?”

“ദേ ഞാൻ കൊടുക്കാം “”അമ്മേ ….”

അവളുടെ വിളി കേട്ടതും ഉമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .

“ചാരൂട്ടി നീയില്ലാത്ത ഞങ്ങൾക്ക് വയ്യ …..മോളെ വേഗം കൂട്ടികൊണ്ടു വരാം കേട്ടോ ….മോളു വല്ലതും കഴിച്ചോ ?”

“ഉം …..”

അമ്മയുടെ കൈയിൽ നിന്നും ഫോൺ തട്ടി പറിച്ചു സൂരജ് അവളെ നീട്ടി വിളിച്ചു

“ചാരൂട്ടി ……”

“ഞാൻ അവിടുത്തെ കാര്യങ്ങൾ ഓർത്തു കിടക്കുകയായിരുന്നു. അവിടെയായിരുന്നെങ്കിൽ ഏട്ടൻ എത്ര കഥകൾ പറഞ്ഞേനെ ….”

“മോളിനി വരുമ്പോൾ ഏട്ടൻ ഒരായിരം കഥകൾ പറഞ്ഞു തരാട്ടോ ….ഇപ്പോൾ മോളു പോയി കരയാതെ കിടന്നുറങ്ങണം .”

ഫോൺ വെച്ചു ഒരു പൂത്തുമ്പിയെ പോലെ തുള്ളിച്ചാടി അവൾ മുറിയിലേക്കു പോയി .

പൊട്ടിയ ജന്നൽ പാളികൾക്കപ്പുറത്തു ,ഇലഞ്ഞി മരക്കൊമ്പിലിരുന്നു പൗർണമി ,
അവളുടെ ചുണ്ടിലെ ,ഒരിക്കലും അവിടെവെച്ചു വിരിഞ്ഞിട്ടില്ലാത്ത പുഞ്ചിരി പൂവിനെ പുലരും വരെ കൗതുകത്തോടെ നോക്കിയിരുന്നു

*************

“സൂര്യ നീ ഇതുവരെ വിളക്കുകൾ തെളിച്ചു കഴിഞ്ഞില്ലേ ..?”

വീടിന്റെ കോലായിലും ജന്നൽ പടിയിലും മുറ്റത്തെ പടിക്കെട്ടിലുമെല്ലാം വിളക്കുകൾ തെളിച്ചു കൊണ്ടിരിക്കുന്ന സൂരജിനോട് ഉമ ചോദിച്ചു.

“ദേ കഴിഞ്ഞു അമ്മേ …”

“അവര് വന്നെന്നാണ് തോന്നുന്നത് “

താഴെ പടിക്കെട്ടിൽ ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ടുകൊണ്ട് ഉമ പറഞ്ഞു .

ഉമ മുറ്റത്തേക്കു ഇറങ്ങുമ്പോൾ ,അച്ഛന്റെ കൈ വിട്ടു ഓടിവന്നു ഏട്ടനെ കെട്ടിപിടിക്കുന്ന ചാരുതയുടെ മുഖം ,ദീപങ്ങളുടെ പ്രഭയിൽ കണ്ണിൽ മിന്നിത്തിളങ്ങി നിന്ന സന്തോഷത്തിന്റെ നീർമണിക്കിടയിലൂടെ
കാർത്തിക മോളുടെ മുഖം പോലെ ഉമക്കു തോന്നി ….”