രചന: അബ്ദുൾ റഹീം
ലഞ്ച് ബ്രൈക്കിനുള്ള സമയമായി, വിദ്യാര്ഥികളെല്ലാം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരാൾ മാത്രം ഉറക്കെ കരയാൻ തുടങ്ങി.
“ങ്ങീ… ങ്ങീ… ങ്ങീ… “
“എന്താ ജാബിറെ?എന്തുപറ്റി? നീ ഫുഡ് കൊണ്ട് വന്നില്ലേ…”കൂട്ടുകാരെല്ലാം അവനോട് ചോദിച്ചു.
“ഞാൻ കൊണ്ട് വന്നതാണ്, ഇപ്പൊ കാണുന്നില്ല, ആരോ കട്ടെടുത്തു, ങ്ങീ…. ങ്ങീ…” അവൻ വീണ്ടും കരയാൻ തുടങ്ങി.
കൂട്ടുകാർ ക്ലാസ്മുറിയിൽ ആകെ തപ്പി, അപ്പോഴാണ് ഒരാൾ ക്ലാസിൽ മിസ്സിങ്ങായത് അവരുടെ ശ്രദ്ധയിൽപെടുന്നത്.
“എടാ വിഷ്ണുവിനെ കാണാനില്ലല്ലോ?”
“അവൻ തന്നെയായിരിക്കും ഇത് കട്ടെടുത്തത്.”
“വാ നമുക്ക് അവനെ നോക്കാം.”
എല്ലാവരും വിഷ്ണുവിനെ തിരയാൻ തുടങ്ങി. ക്ലാസ്റൂമിന് പിന്നിൽ ആരും കാണാതെ ജാബിർ കൊണ്ടുവന്ന ഭക്ഷണം കട്ടെടുത്ത് തിന്നുന്ന വിഷ്ണുവിനെ കൂട്ടുകാർ കയ്യോടെ പിടികൂടി ക്ലാസ്ടീച്ചർക്ക് മുന്നിൽ ഹാജരാക്കി.
“കള്ളൻ വിഷ്‌ണു, കള്ളൻ വിഷ്‌ണു…..” കൂട്ടുകാരെല്ലാം അവനെ കളിയാക്കി.
കളിയാക്കി വിളിച്ച വിദ്യാര്ഥികളെയെല്ലാം ക്ലാസ്ടീച്ചർ രാധിക അങ്ങനെ വിളിക്കരുതെന്ന് ഉപദേശിച്ച ശേഷം ക്ലസിലേക്ക് പറഞ്ഞയച്ചു. ശേഷം അവനെ ചോദ്യം ചെയ്യാൻ തുടങ്ങി.
“നീ എന്തിനാടാ അവന്റെ ഭക്ഷണം എടുക്കാൻ പോയെ?”
“വിശന്നിട്ടാ ടീച്ചറെ… ” കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൻ മറുപടി പറയാൻ തുടങ്ങി.
“അപ്പൊ നീ ഭക്ഷണം കൊണ്ട് വന്നില്ലേ?”
“ഇല്ല, വീട്ടിൽ അമ്മക്ക് സുഖമില്ല,രണ്ടു ദിവസമായി ടീച്ചറെ ഞാൻ വല്ലതും കഴിച്ചിട്ട്. അതുകൊണ്ടാ ടീച്ചറെ, വിശപ്പുകൊണ്ടാ വിശപ്പുകൊണ്ടാ ഞാൻ കട്ടെടുത്തെ…”അവൻ ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞു.
ഹേയ്, മോൻ കരയണ്ട, അത് സാരോല്ല, ഇനി മോൻ ഞാൻ ഭക്ഷണം കൊണ്ട് തരാലോ…”ടീച്ചർ അവനെ ആശ്വസിപ്പിച്ചു.
പിന്നീട് എല്ലാ ദിവസവും ടീച്ചറാണ് അവൻ ഭക്ഷണം കൊടുത്തിരുന്നത്. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി വിഷ്‌ണു രണ്ട് ദിവസമായി ക്ലാസിൽ വന്നില്ല. ടീച്ചർ അവനെക്കുറിച്ച് അന്യേഷിച്ചു.
“വിഷ്ണുവിന്റെ തൊട്ടടുത്തുള്ളവർ ആരെങ്കിലുമുണ്ടോ?”
“ഞാൻ വിഷ്ണുവിന്റെ വീടിനടുത്താ ടീച്ചറെ.”പാർവതി ടീച്ചറോട് പറഞ്ഞു.
“എന്താ വിഷ്‌ണു ക്ലാസിൽ വരാത്തെ എന്നറിയാമോ?”
“അപ്പൊ ടീച്ചർ അറിഞ്ഞില്ലേ?അവന്റെ അമ്മ മരിച്ചു.ആരാരുമില്ലാത്ത അവനെ നാട്ടുകാരെല്ലാം അടുത്തുള്ള അഗതി മന്ദിരത്തിൽ കൊണ്ടാക്കി. “
ടീച്ചർ അവനെക്കുറിച്ച് കൂടുതൽ അന്യേഷിച്ചു. അവന്റെ അച്ഛനും അമ്മയും പ്രണയിച്ച് ഒളിച്ചോടിയതാണ്. അച്ഛൻ മൂന്നു വർഷം മുമ്പ് ഒരു ആക്സിഡന്റിൽ മരിച്ചു. ശേഷം അമ്മയായിരുന്നു കുടുംബം പോറ്റിയിരുന്നത്. രോഗം ബാധിച്ച് കിടന്ന അമ്മകൂടെ മരണപ്പെട്ടതോടെ അവൻ തനിച്ചായി, ഇത് കണ്ട നാട്ടുകാർ അവനെ അഗതി മന്ദിരത്തിൽ ചേർത്തു.
ഇത്രയും കാലം താൻ അവനെ മനസ്സിലാക്കിയില്ലല്ലോ എന്ന കുറ്റബോധം ടീച്ചറിൽ അലോസരപ്പെടുത്തി. മക്കളില്ലാത്ത രാധികട്ടീച്ചർ അവനെ മകനായി സ്വീകരിച്ചു. പിന്നീട് ടീച്ചറുടെ തണലിൽ അവൻ പഠിച്ചു വലുതായി ഇന്ന് ഒരു ips കാരനായി.
************
കോളേജ് ആനുവൽഡേക്ക് മുഖ്യ അതിഥിയായി എത്തിയ വിഷ്‌ണു ipsന്റെ വാക്കുകൾ കേട്ട എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. എല്ലാവരും ആവേശത്തോടെ ആ വാക്കുകൾ ഓരോന്ന് കേട്ടിരുന്നു. വിഷ്‌ണു ips തന്റെ വാക്കുകൾ തുടർന്നു.
“കുട്ടിക്കാലത്ത് കൂട്ടുകാരെല്ലാം എന്നെ കള്ളനെന്ന് വിളിച്ചപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് ഒരു പോലീസുകാരനാകണം എന്നത്. ആ വാശിയാണ് എന്നെ ഇവിടെക്കൊണ്ടെത്തിച്ചതും. അന്ന് കുട്ടിക്കാലത്ത് ഞാൻ ഈ സ്കൂളിന്റെ പടിയിറങ്ങുമ്പോൾ എല്ലാവരും എന്നെ കള്ളൻ വിഷ്‌ണു എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ഇന്ന് നിങ്ങൾ അതേ സ്‌കൂളിലേക്ക് അതിഥിയായി ക്ഷണിച്ചപ്പോൾ നിങ്ങൾ എന്നെ വിളിച്ചത് വിഷ്‌ണു ips എന്നാണ്.”
ഇതുകൂടെ കേട്ടതോടെ സദസ്സ് മുഴുവൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആ വാക്കുകളെ സ്വീകരിച്ചു.