അന്ന് അനുവാദം ചോദിക്കാതെ ആ കുടകീഴിലേക്ക് ഓടി കയറിയപ്പോൾ ഞാൻ നിന്റെ മനസ്സറിയാതെ പോയി.പക്ഷേ ഇന്ന് എനിക്ക് മനസ്സിലാവും…നിന്നെയും….. നിന്റെ മനസ്സും..ഒക്കെ…
ഇന്നലെ ഉണ്ടാക്കി തന്നു പോയ പലഹാരം എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചില്ലല്ലോ!നീ ചോദിച്ചില്ലെങ്കിലും ഞാൻ പറയാം ഉത്തരം.
കയ്യിലെ പിടി അഴച്ചു ഇടത് കയ്യ് ബലമായി ചേർത്തുയർത്തി അതിലേക്ക് തന്നെ ഉറ്റു നോക്കി എപ്പോഴോ ആ ചുണ്ടുകൾ കയ്യിൽ അമർന്നപ്പോൾ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ആ മഴയിൽ കുതിർന്നു നിശ്‌ചലയായി ഞാൻ നിന്നു.ദേഷ്യമാണോ സങ്കടമാണോ എന്നറിയാത്ത ഒരു മരവിപ്പ് ആയിരുന്നു മനസ്സിന് അപ്പോൾ.ആളെയും തള്ളി മാറ്റി ആ പെരുമഴയിൽ ഞാൻ പറ്റാവുന്നത്ര വേഗത്തിൽ ഓടി.വീട്ടിൽ ചെന്നു കയറിയതും അമ്മ ഓടി അടുത്തേക്ക് നടന്നു വന്നു.
കുടയെടുക്കാൻ മറന്നോ നീയിന്ന്!
എന്നും ചോദിച്ചു കൊണ്ട് ആ സാരി തലപ്പ് കൊണ്ട് അമ്മ എന്റെ തല തുവർത്തി തരുമ്പോൾ മനസ്സ് കൊണ്ട് ഞാൻ അപ്പോഴും ആ പാടവരമ്പിൽ തന്നെ ആയിരുന്നു.അന്ന് മുഴുവൻ പുറത്തിറങ്ങാതെ മുറിക്കുള്ളിൽ തന്നെ കഴിച്ചു കൂട്ടി.രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ മനസ്സാകെ അസ്വസ്ഥമായിരുന്നു.
അന്ന് അനുവാദം ചോദിക്കാതെ ആ കുടകീഴിലേക്ക് ഓടി കയറിയപ്പോൾ ഞാൻ നിന്റെ മനസ്സറിയാതെ പോയി.
ആളുടെ ആ വാക്കുകൾ കാതിൽ അങ്ങനെ അലയടിച്ചു കൊണ്ടിരുന്നു.
അങ്ങനെ എങ്കിൽ ഈ വരവ് എല്ലാം അറിഞ്ഞു തന്നെയാവും.ലക്ഷ്‌മി ചേച്ചി ഒരിക്കലും ഒന്നും പറയില്ല.ചേച്ചിക്കറിയാം എന്നെ…എന്റെ മനസ്സും…പിന്നെ എങ്ങനെ…?
ആ ചോദ്യത്തിന് മാത്രം ഉത്തരം കിട്ടാതെ ചിന്തകളിൽ ഞാൻ അലഞ്ഞു കൊണ്ടിരുന്നു.പിറ്റേന്ന് സ്കൂളിൽ പോവാതെ അവധി എടുത്തു..സുഖമില്ലെന്നു ലക്ഷ്‌മി ചേച്ചി യെ വിളിച്ചു പറഞ്ഞു.അന്ന് വൈകുന്നേരം മുറിയിൽ ഇരിക്കുമ്പോൾ ആണ് ഒട്ടും പ്രതീക്ഷിക്കാതെ ലക്ഷ്മി ചേച്ചി വന്നത്.
സൂക്കേട് കാരിയെ ഒന്ന് നേരിൽ കണ്ടിട്ട് പോവാം എന്ന് കരുതി .ഈ വീടിന്റെ മുന്നിലൂടെ പോയിട്ട് ഒന്ന് കയറി അന്വേഷിച്ചില്ലെങ്കിൽ മോശമല്ലേ!ചിരിയോടെ എന്റെ അടുത്തു വന്നിരുന്നു ചേച്ചി പറഞ്ഞു..
പറ എന്തുപറ്റി?നിന്നെ കണ്ടാൽ അറിയാം.എന്തോ ഉണ്ടെന്നു..നിനക്ക് അസുഖം ഉണ്ട്..പക്ഷേ ശരീരത്തിന് അല്ല… മനസ്സിനാണ് എന്ന് മനസ്സിലായി.വെറുതെ മനസ്സിലിട്ടു ഊതി പെരുപ്പിക്കാതെ പറ പെണ്ണേ!എന്താണ് കാര്യം?
ഒന്നുമില്ല ചേച്ചി..വെറുതെ ഇന്നൊരു മടി തോന്നി.അതാണ് അവധി എടുത്തത്.അത് പറഞ്ഞു തീർന്നതും കയ്യിൽ ചേച്ചിക്കുള്ള ചായയുമായി അമ്മ വന്നു.
കേട്ടോ മോളെ…ഒരു പനി വന്നാൽ പോലും അവധി എടുക്കാത്ത ടീച്ചർ ആണ് ചെറിയ ക്ലാസ്സിലെ കുട്ടികളെ പോലെ കള്ളത്തരം കാണിച്ചു വീട്ടിൽ ഇരിക്കുന്നത്..ലക്ഷ്‌മി ചേച്ചിയെ നോക്കി അമ്മ ചിരിയോടെ പറഞ്ഞപ്പോൾ ഹൃദയമിടിപ്പ് കൂടി…
ശരിയാണ് ചേച്ചി അസുഖം ഒന്നുമില്ല.മടി പിടിച്ചു പോയി..ചേച്ചി നോക്കിക്കോ നാളെ ചേച്ചിക്ക് മുന്നേ ഞാൻ ഉണ്ടാവും ചേച്ചി വൈകാതെ വന്നാൽ മതി…കട്ടിലിൽ നിന്നും എഴുന്നേറ്റ് അഴിഞ്ഞു കിടന്നിരുന്ന മുടി കെട്ടി വച്ചു ഞാൻ ചേച്ചിയെ നോക്കി പറഞ്ഞു.
ഇപ്പോഴാണ് ആളുടെ ശബ്ദം ഒന്ന് പൊങ്ങിയത്.ഇതുവരെ മൗന വൃതത്തിൽ ആയിരുന്നു എന്റെ മോള്….
മുറിക്ക് പുറത്ത് കടന്നു പോവുമ്പോൾ അമ്മ പറഞ്ഞു…
ഞാൻ പോവട്ടെ…മോള് അന്വേഷിക്കും.എന്തോ നിന്നേ ഒന്ന് വന്ന് കാണാൻ മനസ്സ് പറഞ്ഞു.കൂട്ടിന് നീയില്ലാതെ ഒരു രസമില്ല…
ലക്ഷ്‌മി ചേച്ചി പറഞ്ഞപ്പോൾ ഞാൻ മൗനമായി തലയാട്ടി..ചേച്ചി ഗേറ്റ് കടന്നു പോവുന്നതും നോക്കി ഉമ്മറത്ത് തൂണിൽ ചാരി നിന്നു…അന്ന് വൈകുന്നേരം വിളക്ക് വെക്കാൻ വീണയെ പറഞ്ഞയച്ചു..അന്ന് അവൾ കാരണം ഒന്നും തിരക്കാതെ എന്റെ മനസ്സറിഞ്ഞ പോലെ പോയി വിളക്ക് വെച്ചു..തിരിച്ചു വന്നിട്ടും വീണ ഒന്നും പറഞ്ഞില്ല.അതിനെ കുറിച്ച് ചോദിക്കാനും മനസ്സ് വന്നില്ല.പിറ്റേന്ന് തല യുയർത്തി നോക്കാതെ ആ ഇടവഴിയിലൂടെ നടക്കുമ്പോൾ പതിവിലും വല്ലാത്ത വല്ലാത്ത വേഗമായിരുന്നു മനസ്സിനും ശരീരത്തിനും.കുറച്ചു കഴിഞ്ഞതും ലക്ഷ്‌മി ചേച്ചി വന്നതും.അപ്പോഴാണ് ഒരു ആശ്വാസം തോന്നിയത്.
നിന്റെ മൗന വ്രതം ഇനിയും മാറിയില്ലേ!
എപ്പോഴേ മാറി….പോരെ!ചിരിയോടെ ഞാൻ പറഞ്ഞു.
ഇനി പറ എന്തുപറ്റി ഇന്നലെ?അമ്മയുള്ളത് കൊണ്ടാണ് ഞാൻ അപ്പോൾ കൂടുതൽ ഒന്നും ചോദിക്കാതെ ഇരുന്നത്.
ഒന്നുമില്ല ചേച്ചി..ഞാൻ പറഞ്ഞില്ലേ..ഇന്നലെ എന്നും തോന്നാത്ത ഒരു മടുപ്പ് തോന്നി..അതാണ് അവധി എടുത്തത്.
ശരി… ഞാൻ വിശ്വസിച്ചു എന്നൊന്നും കരുതണ്ട..എന്തോ ഉണ്ടെന്നു നിന്റെ മുഖം കണ്ടാൽ അറിയാം.ഇനി ഞാൻ ഒന്നും ചോദിക്കുന്നില്ല.
ചേച്ചി അങ്ങനെ പറഞ്ഞതും മറുപടി ഒന്നും പറയാനാവാതെ തലയും താഴ്ത്തി നടക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.അന്ന് വൈകുന്നേരം വീട്ടിൽ മടങ്ങി എത്തുമ്പോൾ വീണയും അമ്മയുമുണ്ടായിരുന്നില്ല.ഭിത്തിക്ക് മുകളിൽ സൂക്ഷ്മമായി വച്ചിരുന്ന താക്കോൽ എടുത്ത് വീട് തുറന്നു.അവരില്ലാത്തത് കൊണ്ട് വീട്ടിൽ ആകെ ഒരു ശൂന്യതയായിരുന്നു.കുളിച്ചു വന്ന് ചായ ഇട്ടു കുടിച്ചു.മേശയിൽ തല ചായ്ചു വെറുതെ കിടന്നതെ ഓർമ്മയുള്ളൂ.അറിയാതെ ഉറക്കം കണ്പോളകളെ തഴുകി എത്തി..വീണ യുടെ സംസാരവും കേട്ട് ഞെട്ടി ഉണരുമ്പോൾ നേരം സന്ധ്യയായിരുന്നു.
മോള് വിളക്ക് വെച്ചു വന്നു അല്ലേ?വീണ മേലെ വീട്ടിൽ കയറിയിരുന്നു.നീ അവിടെ ഉണ്ടാവും എന്നോർത്ത്…അവള് വരുന്നേ ഉള്ളു…
കയ്യിലുണ്ടായിരുന്ന കവറുകൾ മേശ പുറത്ത് വച്ചു എന്നെ നോക്കി അമ്മ പറഞ്ഞു…
എന്താണ് അമ്മേ വിശേഷിച്ചു…കവറുകൾ തുറന്നു നോക്കി ഞാൻ ചോദിച്ചു.
നാളെ ഒരു വിശേഷമുണ്ട് എന്ന് കൂട്ടിക്കോ!
ചിരിയോടെ അമ്മ പറഞ്ഞു അകത്തെ മുറിയിലേക്ക് പോയി.അപ്പോഴേക്കും വീണയും വന്നിരുന്നു.എന്നെ കണ്ടതും ഒന്ന് ചിരിച്ചു .മുറിയിൽ ചെല്ലുമ്പോൾ പിന്നിയിട്ട മുടി കണ്ണാടിയിൽ നോക്കി കെട്ടഴിക്കുകയായിരുന്നു വീണ.
എന്താണ് നിങ്ങൾ രണ്ടു പേരും മാത്രമായൊരു ഷോപ്പിങ്!
വീണ യുടെ മുഖത്തു നോക്കാതെ മുഖം ചരിച്ചു ഞാൻ ചോദിച്ചു.
ചേച്ചിയും ഇപ്പോൾ കുറച്ച് ആയി അങ്ങനെ അല്ലെ!എന്നോട് ഒന്നും പറയാറില്ല ല്ലോ!അതുകൊണ്ട് എനിക്കും തൽക്കാലം പറയാൻ മനസ്സില്ല എന്ന് കൂട്ടിക്കോ!
നീ പറയണ്ട…അല്ലെങ്കിലും ഞാൻ നിന്റെ ആരാണ്?നീ നിന്റെ ഇഷ്ടം പോലെ ചെയ്തോ!എനിക്കാരും വേണ്ട…എനിക്കാരും വേണ്ട…
ഉള്ളിന്റെ ഉള്ളിൽ തികട്ടി വന്ന ദേഷ്യവും സങ്കടവും കടിച്ചമർത്താൻ കഴിയാതെ പറഞ്ഞു….
അപ്പോഴേക്കും വീണ ഓടി വന്നു എന്നെ ചേർത്ത് പിടിച്ചിരുന്നു.
ചേച്ചിയോട് പിണങ്ങാൻ എനിക്ക് ആവുമോ ചേച്ചി!വെറുതേ പറഞ്ഞതല്ലേ ഞാൻ!കവിളിൽ ഉമ്മ വെച്ചു വീണ ചിരിയോടെ പറഞ്ഞു.
മറന്നോ ചേച്ചി നാളെ ചേച്ചിയുടെ പിറന്നാൾ ആണ്.അമ്മയാണ് ഓർമിപ്പിച്ചത്.ചേച്ചിക്ക് ഓർമ്മയുണ്ടാവില്ല എന്ന് അമ്മ അപ്പോഴേ പറഞ്ഞു.ഞാൻ പറഞ്ഞെന്ന് പറയല്ലേ അമ്മയോട്!കടയിൽ എത്തി ചേച്ചിക്ക് ഡ്രസ് എടുക്കാൻ നേരം ആണ് അമ്മ പറയുന്നത്.
അത്‌കേട്ടതും വല്ലാത്ത സന്തോഷം ആയിരുന്നു മനസ്സിൽ.സാധാരണ എല്ലാ വർഷവും അച്ഛൻ ആണ് ഈ ദിവസം ഓർമ്മിക്കാറ്!ഈ ദിവസവും എണ്ണി നോക്കി കാത്തിരിക്കും.അച്ഛന്റെ കൈയിൽ നിന്നും സമ്മാനമായി ഒരു പുതിയ ഉടുപ്പ് കിട്ടാൻ!അതു കൊണ്ട് പോയി അമ്മയെ കാണിക്കുന്നത് വരെ ഒരു വെപ്രാളമായിരിക്കും മനസ്സിൽ…
ഓർമ്മകൾ തിരഞ്ഞപ്പോൾ എല്ലാം ഇന്നലെ എന്ന പോലെ മനസ്സിൽ തെളിഞ്ഞു.
കണ്ണുകൾ തുടച്ച് ഞാൻ വീണയെ നോക്കി.
ചേച്ചി ഇന്നും വിളക്ക് വെക്കാൻ പോയില്ല അല്ലേ!ഞാൻ ചെന്നപ്പോൾ വിളക്ക് ഒക്കെ വാടകക്കാരൻ കത്തിച്ച് വച്ചിട്ടുണ്ട്.
നിന്നോട് എന്തെങ്കിലും പറഞ്ഞോ?
വീണ യുടെ മുഖത്തു നോക്കാതെ ചോദിച്ചു.
അങ്ങനെ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല.പിന്നെ ഉണ്ണിയപ്പം തരാഞ്ഞത് മോശമായി പോയി എന്ന് ഞാൻ അങ്ങോട്ട് പറഞ്ഞു.
വീണ അത് പറഞ്ഞതും ഞാൻ ചിരിച്ചു.
ദുഷ്‌ടെ….. അത്രയും ഉണ്ടാക്കി കൊടുത്തിട്ട് ഒരെണ്ണം പോലും എനിക്ക്‌വേണ്ടി എടുക്കാൻ തോന്നിയില്ലല്ലോ!
എന്ന് വീണ അടുത്ത് വന്നിരുന്നു ചോദിച്ചതും അവളെ നോക്കാൻ എന്തോ പ്രയാസം തോന്നി.അപ്പോഴേക്കും അമ്മ മുറിയിലേക്ക് വന്നു.
മോൾക്കാണ്.മറന്നോ നാളത്തെ ദിവസം…
അതും പറഞ്ഞു അമ്മ എനിക്ക് നേരെ ആ കവർ നീട്ടിയപ്പോൾ സന്തോഷത്തോടെ കൈനീട്ടി വാങ്ങി….
നിനക്ക് ഇഷ്ടമാവുമോ എന്ന് അമ്മക്കറിയില്ല!കണ്ടപ്പോൾ നിനക്ക് നന്നായി ചേരും എന്ന് തോന്നി.
കവർ തുറന്നു നോക്കിയതും ആകാശനീല നിറത്തിൽ കസവ് തുന്നിയ ഒരു സാരി ആയിരുന്നു അത്.അത് എടുത്തു നെഞ്ചോട് ചേർത്ത് നിറകണ്ണുകളോടെ അമ്മയെ നോക്കി.
അമ്മ വന്ന് കണ്ണുകൾ തുടച്ചു നെഞ്ചോട് ചേർത്തു.
നിന്റെ ആഗ്രഹങ്ങൾ ഒന്നും നീയിത് വരെ തുറന്നു പറഞ്ഞിട്ടില്ല..ഞാൻ ആയിട്ട് ഒന്നും നടത്തി തന്നിട്ടും ഇല്ല.പക്ഷേ ഇനി ഈ അമ്മക്ക് അങ്ങനെ ആവാൻ കഴിയില്ല..ഈശ്വരൻമാർ അത് പൊറുക്കില്ല.ഒന്നും തരാൻ കഴിഞ്ഞില്ലെങ്കിലും ഈ അമ്മയുടെ സ്‌നേഹവും മനസ്സ് നിറഞ്ഞുള്ള പ്രാർത്ഥന യും ഒക്കെ എന്റെ മോളുടേ കൂടെ എന്നും ഉണ്ടാവും.
എന്ന് അമ്മ നെറുകയിൽ ഉമ്മ വെച്ചു പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു മനസ്സിൽ.പിറ്റേന്ന് രാവിലെ നേരത്തെ കുളിച്ചൊരുങ്ങി വീണയുടെ കൂടെ അമ്പലത്തിൽ പോയി വന്നു.അമ്മയെ കാണണം എന്ന് മനസ്സ് ഒരായിരം വട്ടം പറഞ്ഞിട്ടും മനസ്സ് അതിന് അനുവദിചില്ല…സ്കൂളിൽ പോവാൻ ഒരുങ്ങി വന്നപ്പോഴേക്കും അമ്മ വിളക്ക് കൊളുത്തി നാക്കില യിൽ ചോറ് വിളമ്പിയിരുന്നു.ഒരുരുള ചോറെടുത്തു വായിൽ വച്ചതും അച്ഛനെ ഓർത്തു പോയി.അമ്മയുടെ കണ്ണുകളിലും ആ സങ്കടം പ്രകടമായിരുന്നു.
ഇടവഴിയിൽ എത്തി ലക്ഷ്മി ചേച്ചിയെ കാത്തു നില്ക്കുമ്പോഴും മനസ്സിൽ അച്ഛന്റെ മുഖം ആയിരുന്നു.ലോകത്തിന്റെ ഏതു കോണിൽ ആയിരുന്നാലും ഈ ദിവസം അച്ഛൻ ഓർക്കാതിരിക്കില്ല.ഓർക്കാതിരിക്കാൻ ആവില്ല എന്റെ അച്ഛന്!
പായൽ പച്ച പുതച്ച മതിൽ ഭിത്തിയിൽ ചാരി കണ്ണടച്ചു നിന്നപ്പോൾ ഞാൻ മനസ്സിൽ ഓർത്തു.മുഖത്ത് ആരുടേയോ ചുടു നിശ്വാസം തട്ടിയപ്പോൾ ആണ് ഓർമ്മയിൽ നിന്നും ഉണർന്നത്.കണ്ണുകൾ തുറന്നപ്പോൾ ആരുടെ മുന്നിൽ ചെന്ന് പെടാതിരിക്കാൻ വേണ്ടിയാണോ ഒളിച്ചു നടന്നത് ആ മുഖം വീണ്ടും ചിരിയോടെ മുന്നിൽ തെളിഞ്ഞു.കുറച്ചു നേരം ആ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി എപ്പോഴോ ആളെ മറികടന്നു പോവാൻ നോക്കിയപ്പോൾ ആണ് കൈത്തണ്ടയിൽ പിടിത്തം വീണത്.
എന്തുപറ്റി?എന്താണ് ഇപ്പോൾ വീട്ടുകാരി അങ്ങോട്ട് ഒന്നും വരാത്തത്?
അത് ചോദിച്ചതും ദേഷ്യത്തോടെ ആ മുഖത്തേക്ക് നോക്കി…
അറിയില്ലേ എന്തുകൊണ്ടാണ് എന്ന്?
ഇല്ല.അറിയില്ല..എന്താണ് കാര്യം?
ചിരിയോടെ അത് ചോദിച്ചതും ദേഷ്യം കൊണ്ട് മുഖത്തെ ഞരമ്പുകൾ വലിഞ്ഞു മുറുകി…
ആര് പറഞ്ഞു അന്ന് എന്റെ കയ്യിൽ അങ്ങനെ ഉമ്മ വെക്കാൻ?
വിക്കി വിക്കി ചോദിച്ചു.
ആരും പറഞ്ഞിട്ടില്ല..അപ്പോൾ അങ്ങനെ തോന്നി.പിന്നെ അന്ന് എനിക്ക്‌വേണ്ടി മരിക്കാൻ തീരുമാനിക്കുമ്പോൾ നീ എന്നോട് ചോദിച്ചിട്ടാണോ ഇത് ചെയ്തത്?
കയ്യിലെ മുറിപ്പാടിൽ നോക്കി അത് ചോദിച്ചതും ഹൃദയമിടിപ്പിന്റെ വേഗം കൂടി ഉച്ചത്തിൽ ആയി..കള്ളം പിടിച്ച കുട്ടിയെ പോലെ തലയും താഴ്ത്തി നിൽക്കാൻ മാത്രമേ എനിക്കപ്പോൾ കഴിഞ്ഞുള്ളൂ.എപ്പോഴോ ആ കൈകൾ എന്റെ താടി തുമ്പു പിടിച്ചുയർത്തിയപ്പോൾ അനുസരണയില്ലാതെ കണ്ണുകൾ നിറഞ്ഞൊഴുകി….
സങ്കടപെടുത്താൻ വേണ്ടി പറഞ്ഞതല്ല.അത്‌പറയുമ്പോൾ അങ്ങനെ ചോദിക്കുമ്പോൾ സത്യം പറഞ്ഞാൽ ഉള്ളിന്റെ ഉള്ളിൽ എനിക്ക് സന്തോഷം ആണ്..വൈകുന്നേരം വീട്ടിൽ തിരിച്ചെത്തുമ്പോൾ നിന്നെയും കാത്ത് എന്റെ ഒരു പിറന്നാൾ ,സമ്മാനം ഉണ്ടാവും..അത് ഇഷ്ടപെട്ടാൽ വൈകുന്നേരം വിളക്ക് വെക്കാൻ വീട്ടിലേക്ക് വരണം.ഞാൻ കാത്തിരിക്കും…
അത്രയും പറഞ്ഞു നെറുകയിൽ ആ ചുണ്ടുകൾ അമർന്നപ്പോൾ അനുസരണയോടെ ഞാൻ ആ മതിലിൽ ചാരി നിന്നു.ഇടക്ക് ഓർമ്മയിൽ നിന്നും ഉണർന്നതും നടന്നതെല്ലാം ഒരു സ്വപ്നം പോലെ തോന്നി..അപ്പോഴേക്കും ഓടി കിതച്ചു ലക്ഷ്മി ചേച്ചിയും വന്നു…
ഇന്ന് കുറച്ചു വൈകി.നീ കാത്തു നിന്ന് മുഷിഞ്ഞു കാണും അല്ലേ?വേഗം വാ…
എന്നും പറഞ്ഞു ചേച്ചി കയ്യിൽ പിടിച്ചു വലിച്ചു നടക്കുമ്പോൾ ശരീരം എത്തുന്നിടത്തു മനസ്സെത്തിക്കാൻ പ്രയാസപ്പെടുകയായിരുന്നു ഞാൻ.
ബസ്സിലിരിക്കുമ്പോഴും സ്കൂളിൽ എത്തിയിട്ടും ഒന്നും മനസ്സിലെ വേലിയേറ്റം അവസാനിച്ചില്ല.അന്നത്തെ പകലിന് ദൈർഘ്യമേറെ ആണെന്ന് തോന്നി.
ഓരോ നിമിഷത്തിനും ഒരു വർഷത്തിന്റെ ആയുസെന്ന പോലെ…വൈകുന്നേരം വീട്ടിലേക്ക് നടക്കുമ്പോൾ എന്തിനെന്നില്ലാതെ ഉള്ളം തുടി കൊട്ടി.വീട്ടിൽ ചെന്ന് കയറുമ്പോൾ പതിവില്ലാതെ ഉമ്മറത്തു ശങ്കരേട്ടനും ഗൗരി ചേച്ചിയും ഒക്കെ ഉണ്ടായിരുന്നു.
വന്നോ പിറന്നാളുകാരി!നീ വന്നിട്ട് പായസം കുടിക്കാം എന്ന് കരുതി.
എന്നെ കണ്ടതും ചിരിയോടെ ശങ്കരേട്ടൻ പറഞ്ഞു…
ആയിക്കോട്ടെ….കൂട്ടത്തിൽ ഞാനും കൂടാം..രാവിലത്തെ വെപ്രാളത്തിൽ ഒന്നും ശരിക്ക് ആസ്വദിച്ചു കഴിക്കാൻ പറ്റിയില്ല.അകത്തേക്ക് കടക്കുമ്പോൾ ശങ്കരേട്ടനെ നോക്കി ചിരിയോടെ പറഞ്ഞു.പെട്ടന്നാണ് വീണ പുറകിലൂടെ വന്ന് രണ്ട് കണ്ണും പൊത്തി പിടിച്ചത്.
കണ്ണ് തുറക്കല്ലേ ചേച്ചി!ചേച്ചിക്കൊരു സർപ്രൈസ് ഉണ്ട്.
വീണ അതും പറഞ്ഞു എന്നെ കൂട്ടി കൊണ്ട് നടന്നു.നടത്തം നിർത്തിയതും കണ്ണിൽ നിന്നും കയ്യെടുത്തപ്പോൾ പതുക്കെ കണ്ണുകൾ തുറന്നു ആ മുഖത്തേക്ക് നോക്കി.ഒരു നിമിഷം എനിക്കെന്റെ കണ്ണുകളിൽ വിശ്വസ്സിക്കാൻ കഴിഞ്ഞില്ല.
ആ മുഖത്തെ പുഞ്ചിരി കണ്ടതും എന്റെ ചുണ്ടുകൾ പതുക്കെ മന്ത്രിച്ചു.
അച്ഛൻ…..
എന്ന്….
ഓടി ചെന്ന് ആ മാറിലേക്ക് തല ചായ്ച്ചു കിടന്നു സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു പോയി.
എവിടെ ആയിരുന്നു അച്ഛാ?എവിടെ ആയിരുന്നു ഇത്രയും ദിവസം?അച്ഛന് എങ്ങനെ കഴിഞ്ഞു ഞങ്ങളെ ഒന്നും കാണാതെ ഒറ്റക്ക്…
പരാതി യോടെ പരിഭവത്തോടെ വാക്കുകൾ മുഴുമിപ്പിക്കാതെ ഞാൻ ആ മുഖത്തു നോക്കി ചോദിച്ചു നിർത്തി.
എല്ലാം പറയാം മോളെ…ആദ്യം മോള് ചെന്ന് ഈ വേഷമൊക്കെ മാറി വാ…എന്റെ മുടിയിഴകളിൽ തലോടി അച്ഛൻ വാത്സല്യത്തോടെ പറഞ്ഞപ്പോൾ അനുസരണ യോടെ ഞാൻ തലയാട്ടി ഞാൻ മുറിയിലേക്ക് നടന്നു.മുറിയിൽ ചെന്നതും വീണ ഉണ്ടായിരുന്നു..അവളെ കണ്ടതും സന്തോഷത്തോടെ ഓടി ചെന്ന് ആ കവിളിൽ ഒരുമ്മ കൊടുത്തു.
എപ്പോഴാണ് അച്ഛൻ വന്നത്?
ആകാംക്ഷ യോടെ വീണയോട് ചോദിച്ചു.
ഉച്ചയ്ക്ക്….ഒട്ടും പ്രതീക്ഷിക്കാതെ അച്ഛൻ വന്നു കയറിയപ്പോൾ ഞാൻ ഞെട്ടി പോയി ചേച്ചി.കാണുന്നത് സ്വപ്നം ആണോ സത്യം ആണോ എന്നറിയാതെ അമ്മയെ ഒന്ന് വിളിക്കാൻ പോലും നാവ് അനങ്ങാതെ ഞാൻ തരിച്ചു നിന്നു പോയി.
അത്ഭുതം വിട്ടൊഴിയാതെ സന്തോഷത്തോടെ വീണ പറഞ്ഞപ്പോൾ എനിക്കൂഹിക്കാമായിരുന്നു അവൾ പറഞ്ഞതിന്റെ ആഴം.അങ്ങനെ ഒരു ദിവസവും നിമിഷവും ഒക്കെ എത്രയോ വട്ടം ഞാൻ സ്വപ്നം കണ്ടിരിക്കുന്നു എന്നു നനുത്ത ചിരിയോടെ ഓർത്തു പോയി.കുറച്ചു നേരം കഴിഞ്ഞു വീണ മുറി വിട്ട് പോയതും മുറിയുടെ ജനാല തുറന്നു മേലെ തൊടിയിലെക്ക് നോക്കി കുറച്ചു നേരം നിന്നു പോയി.
വൈകുന്നേരം അച്ഛന്റെ തോളോട് ചേർന്ന് ഉമ്മറ തിണ്ണയിൽ ഇരിക്കുമ്പോൾ കുറച്ചു നേരം രണ്ട് പേരും ഒരുപോലെ മൗനമായിരുന്നു..
അഖിലിന്റെ രണ്ടാം വിവാഹം ആണെന്ന് പറഞ്ഞറിഞ്ഞപ്പോൾ ഈ അച്ഛൻ തോറ്റു പോയ പോലെ തോന്നി.എല്ലാം അറിഞ്ഞിട്ടാണ് മോളും കൂടി അറിഞ്ഞിട്ടാണ് എന്നറിഞ്ഞപ്പോൾ മനസ്സിന്റെ വേദന ഇരട്ടിയായി..എന്നെ വേദനിപ്പിക്കാതിരിക്കാൻ വേണ്ടി ആവും നീയതിന് സമ്മതിച്ചത് എന്ന് എനിക്ക് തീർച്ചയായിരുന്നു.
അങ്ങനെ ഒന്നും ഇല്ല അച്ഛാ..ആളോട് സംസാരിച്ചപ്പോൾ അതൊരു കുറവ് ആയി തോന്നിയില്ല.അതാണ് വിധിയെങ്കിൽ നടക്കട്ടെ എന്ന് കരുതി.അതായിരുന്നു അച്ഛാ സത്യം.
ആയിരിക്കും മോളെ…മൂന്ന് മാസം ആണെങ്കിലും മൂന്ന് കൊല്ലം ആണെങ്കിലും രണ്ടാം വിവാഹം എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം മോൾക്ക് ഒരു രണ്ടാം സ്ഥാനം എന്ന് തന്നെ അല്ലെ എന്നോർത്തപ്പോള് സഹിച്ചില്ല.സുഭദ്ര യും കൂടി അറിഞ്ഞിട്ടാവും എന്ന് കരുതി.പക്ഷേ സത്യം അതല്ലായിരുന്നു.എങ്കിലും നിന്റെ അച്ഛൻ തോറ്റു പോയല്ലോ എന്ന ചിന്തയിൽ അപ്പോൾ അങ്ങനെ തോന്നി.കുറച്ചു ദിവസം ഒന്ന് മാറി നിൽക്കണം എന്ന്.എല്ലാറ്റിനും ഉപരി നിന്നെ നേരിടാൻ എനിക്ക് വയ്യായിരുന്നു.വെറുതെ എങ്കിലും നീ ഈ അച്ഛനെ തെറ്റിദ്ധരിക്കുന്നത് അല്ലെങ്കിൽ ഈ അച്ഛനും നിന്നോട് വേർതിരിവ് കാണിച്ചോ എന്ന് മോള് കരുതുന്നത് അച്ഛനു ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു..അതുകൊണ്ട് ആണ് ആരോടും പറയാതെ…അങ്ങനെ….
ഇല്ല അച്ഛാ….ഒരിക്കലും ഇല്ല..എനിക്കറിയാം അച്ഛന്റെ മനസ്സ്…ആ കൈകളിൽ മുറുകെ പിടിച്ച് ഞാൻ പറഞ്ഞു..
ശ്രീഹരി ഒരു കഴിഞ്ഞ ആഴ്‌ച്ച എന്നെ കാണാൻ വന്നപ്പോൾ സത്യത്തിൽ അത്ഭുതപെട്ടു പോയി..മൂകാംബികയിൽ ആയിരുന്നു…ശങ്കരേട്ടനെ വിളിച്ചപ്പോൾ ഒരിക്കൽ സൂചിപ്പിച്ചിരുന്നു .അങ്ങനെ പറഞ്ഞറിഞ്ഞതാവണം ശ്രീഹരി.നിന്റെ അമ്മ യുള്ള പ്പോൾ ഒരുപാട് തവണ പോയിട്ടുണ്ട്.ഒന്ന് രണ്ട് തവണ പോയപ്പോൾ നീയും ഉണ്ടായിരുന്നു കൂടെ..പിന്നെ നമ്മൾ ഒരുമിച്ച് പോയിട്ടില്ല അങ്ങോട്ട്…
ദൂരേ തൊടിയിലെക്ക് നോക്കി അച്ഛൻ പറഞ്ഞു നിർത്തി..
ചിലപ്പോൾ ഞാൻ അങ്ങനെ മാറി നിന്നത് കൊണ്ട് സുഭദ്രക്ക് ഒന്നുകൂടി നിന്നെ മനസ്സിലാക്കാൻ കഴിഞ്ഞിരിക്കും.
അതിന് മുന്നേ അമ്മ എന്നെ തിരിച്ചറിഞ്ഞിരുന്നു അച്ഛാ…അത് പ്രകടിപ്പിക്കാൻ വൈകിയെന്ന് മാത്രം.
ഹ്മ്….അറിയാം…എന്നോട് പറഞ്ഞിരുന്നു എല്ലാം.അച്ഛന് ഇപ്പോൾ മനസ്സിലാവും….
ആ സന്ധ്യയ്ക്ക് വീണ്ടും മനസ്സ് നിറഞ്ഞ സന്തോഷത്തോടെ സമാധാനത്തോടെ വീണ്ടും ഞാൻ ആ പടിക്കെട്ടുകൾ ഓടി കയറി…നേരെ ആദ്യം പോയത് അമ്മയെ കാണാൻ ആണ്.കുറച്ചു ദിവസങ്ങൾ ക്ക് ശേഷം വിശേഷങ്ങൾ പറഞ്ഞു അമ്മക്ക് വിളക്ക് വെച്ചു..തിരികെ നടന്നു വരുമ്പോൾ ആ ഉമ്മറപടികൾ കയറുമ്പോൾ അതുവരെ അനുഭവിക്കാത്ത ഒരു ചങ്കിടിപ്പ് ആയിരുന്നു.
അകത്തെ മുറിയിലെക്ക് എത്തി നോക്കിയതും മേശയിൽ കൈ വച്ച് തലചരിച്ചു എന്നെ നോക്കി ചിരിച്ചിരിക്കുന്ന ആളെ ആണ് കണ്ടത്.
സമ്മാനം ഇഷ്ടപെട്ടോ?അതും ചോദിച്ചു കൊണ്ട് ആള് എഴുന്നേറ്റു.
പുറകിലെ ഭിത്തിയിലേക്ക് ചാരി നിന്ന് ഞാൻ ഒന്ന് മൂളി…
ഇവിടെ വന്നപ്പോൾ തൊട്ട് ഞാൻ തിരയുന്ന ഒരു വിദ്യ യുണ്ട്..എന്റെ മനസ്സിലെ വിദ്യ…പണ്ടത്തെ പോലെ ഓടി വന്ന് എല്ലാ വിശേഷങ്ങളും പറയുന്ന വിദ്യ.ആ വിദ്യ യെ ആണ് എനിക്കിഷ്ടം.
അത്‌പറഞ്ഞതും ഞാൻ ആ മുഖത്തേക്ക് മുഖമുയർത്തി നോക്കി…
ആ വിദ്യ എവിടെ യും പോയിട്ടില്ല.എന്റെ അടുത്തു തന്നെ ഉണ്ട്.പക്ഷേ അതൊന്നും പ്രകടിപ്പിക്കുന്നില്ലെന്നു മാത്രം..ചിരിയോടെ പറഞ്ഞു….
മറുപടി ഒന്നും പറയാതെ ഞാൻ നിന്നു.
ഇവിടെ നിന്നും പോയി കഴിഞ്ഞപ്പോൾ ആണ് ഈ മുഖവും പേരും ഒക്കെ ഇടക്കിടെ മനസ്സിലേക്ക് ഓടി വന്നു കൊണ്ടിരുന്നത്.വെറുതേ സങ്കല്പിച്ചിട്ടുണ്ട് നിന്നോട് ഒന്ന് യാത്ര പറഞ്ഞിട്ടാണ് അന്ന് ഞാൻ വരുന്നത് എങ്കിൽ അപ്പോഴത്തെ നിന്റെ മുഖഭാവം എങ്ങനെ ആയിരിക്കും എന്ന്!പിന്നെ ചിന്തിക്കും ഞാൻ എന്തൊരു വിഡ്ഢിയാണ് നീയിപ്പോൾ എന്നെ കുറിച്ച് ഒന്ന് ചിന്തിക്കുന്നു പോലും ഉണ്ടാവില്ല എന്ന്!വെറും കുറച്ചു മാസത്തേക്ക് താമസിക്കാൻ വന്ന വാടകക്കാരൻ!
അതിൽ കൂടുതൽ എന്താണ്?എന്ന്…അങ്ങനെ ഊട്ടി ഉറപ്പിക്കുമ്പോഴും ഇടക്ക് അങ്ങനെ ആയിരുന്നോ എന്ന് സ്വയം ചോദിക്കും.അങ്ങനെ അല്ലായിരുന്നു നീ എനിക്കെന്ന് ബോധ്യം ആയത് ജീവിതത്തിൽ പ്രിയപ്പെട്ടവരെ ഒക്കെ നഷ്ടപ്പെട്ട് ഒറ്റക്ക് ആയപ്പോൾ ആണ്.അപ്പോൾ ഒക്കെ ആഗ്രഹിച്ചിട്ടുണ്ട്.നീ എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന്!
അത്‌പറഞ്ഞ തും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.എനിക്കും അങ്ങനെ ഒക്കെ തന്നെ ആയിരുന്നു എന്ന് നിശബ്ദമായി മനസ്സിൽ പറഞ്ഞു ഞാൻ നിന്നു…
ഒരു ദിവസം ഇവിടെ നിന്നും അമ്മ എന്നെ അന്വേഷിച്ചു വരുമ്പോൾ അന്ന് മുഴുവൻ സന്തോഷമായിരുന്നോ സങ്കടമായിരുന്നോ മനസ്സിൽ എന്ന് എനിക്കിപ്പോഴും എനിക്കറിയില്ല.വേദനിപ്പിക്കുന്ന വിശേഷങ്ങൾ പറഞ്ഞു നിർത്തിയപ്പോൾ അമ്മ പറഞ്ഞതാണ്.
ഇങ്ങോട്ട് വരാൻ…സമ്മതമാണെങ്കിൽ പെട്ടെന്നൊരു ദിവസം മോൻ പോയ വിഷമത്തിൽ ജീവനും ജീവിതവും അവസാനിപ്പിക്കാൻ മനസ്സ്‌കാണിച്ച എന്റെ മോളുണ്ട് അവിടെ.അവളെ മോന് തരുന്നതിൽ ഈ അമ്മക്ക് സന്തോഷമേ ഉള്ളൂ.അവളുടെ അച്ഛനും എല്ലാം കേൾക്കുമ്പോൾ സന്തോഷം ആവും..അങ്ങനെ സംഭവിച്ചാൽ ഞാൻ എന്റെ മോൾക്ക് ചെയ്ത് കൊടുക്കുന്ന ഏറ്റവും വലിയ നന്മ യായിരിക്കും അത്.അത്രയും പാവം ആണ് എന്റെ കുട്ടി.അവളെ പ്രസവിക്കാൻ ഉള്ള ഭാഗ്യമേ എനിക്കില്ലാതെ പോയി ഉള്ളൂബാക്കി എല്ലാം കൊണ്ടും അവൾ എനിക്കെന്റെ വീണ മോളെ പോലെ തന്നെയാണ്..അല്ലെങ്കിൽ അതിനേക്കാൾ…
അത്രയും പറഞ്ഞു തീർന്നതും നിറഞ്ഞൊഴുകുന്ന കണ്ണുകൾ മറക്കാൻ കഴിയാതെ വിശ്വസിക്കാൻ ആവാതെ ഞെട്ടലോടെ ഞാൻ ആ മുഖത്തേക്ക് നോക്കി.
അതെ…അമ്മയാണ് എന്നെ എല്ലാം അറിയിച്ചത്.നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് നിന്റെ അമ്മ ഇപ്പോൾ.കൂട്ടത്തിൽ ഈ ഞാനും…
കണ്ണുനീർ തുള്ളികൾ ആ കൈകൊണ്ട് തുടച്ച് മാറ്റി കൊണ്ടു പറഞ്ഞു നിർത്തി.
ഇനി പറ!അത്രയും ഇഷ്‌ടമായിരുന്നോ നിനക്കെന്നെ?
മുഖം കൈക്കുമ്പിളിൽ എടുത്തു അത്‌ചോദിച്ചതും ഞാൻ ആ മുഖത്തേക്ക് നോക്കി.
ആയിരുന്നു അതുകൊണ്ട് ആണല്ലോ അന്ന് ഞാൻ അങ്ങനെ ചെയ്തത്….ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി പിന്നീട് അങ്ങോട്ടുള്ള ഓരോ നിമിഷവും…പക്ഷേ അത് എന്ത് ഇഷ്‌ടമായിരുന്നു എന്ന് എനിക്ക് ആരെയും പറഞ്ഞറിയിക്കാൻ കഴിയില്ലായിരുന്നു.ഒന്നും പറയാതെ ഒരു ദിവസം പോയപ്പോൾ ഞാൻ ഒറ്റക്കായത് പോലെ തോന്നി.സത്യം പറഞ്ഞാൽ അധികം മിണ്ടാതെ സംസാരിക്കാതെ ഒഴിഞ്ഞു മാറുന്നത് ഉള്ളിന്റെ ഉള്ളിലെ പേടി കൊണ്ടാണ്.ഇനിയും അന്നത്തെ പോലെ ഒരു ദിവസം ഒന്നും പറയാതെ പോയാൽ എനിക്കെന്നെ തന്നെ നഷ്ടപ്പെടുമോ എന്ന്!
കരച്ചിലോടെ അത്‌പറഞ്ഞു തീർന്നതും എന്നെ ആ നെഞ്ചോട് ചേർത്തിരുന്നു.
ഇല്ല….ഒരിക്കലും ഇല്ല..ഇനി ഒരിക്കലും നിന്നെ തനിച്ചാവാൻ വിടില്ല എന്ന് മനസ്സിൽ ഉറപ്പിച്ചാണ് വീണ്ടും മടങ്ങി വന്നത്.ഇനി കൂടെ എന്നും ഞാൻ ഉണ്ടാവും.നിന്റെ എല്ലാ വിശേഷങ്ങളും കേൾക്കാൻ…സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം എന്റേത് കൂടി ആക്കാൻ….
അത് പറഞ്ഞു തീർന്നതും എന്നെ അണച്ചു പിടിച്ചിരുന്ന കൈപിടി ഒന്നുകൂടി മുറുകി.ഇറുകെ പുണരുന്ന കൈപ്പിടിയിൽ നിന്നും അടർന്നു മാറാൻ നന്നേ പ്രയാസപെട്ടു.
സ്ത്രീധനമായി ഈ വീട്ടുകാരിയുടെ ഈ വീട് മതിയെന്ന് പറഞ്ഞിട്ടുണ്ട് നിന്റെ അച്ഛനോട്!തിരിഞ്ഞു നടക്കുമ്പോൾ എന്റെ പുറകിലൂടെ നടന്ന് വന്ന് ചിരിയോടെ പറഞ്ഞു…..അന്ന് ആ പടിക്കെട്ടുകൾ ഒരുമിച്ചിറങ്ങി ഞങ്ങൾ നടന്നു…ആ ഇരുട്ടിൽ നിലാവിന്റെ വെളിച്ചത്തിൽ ഇടക്കെപ്പോഴോ കയ്യിലെ മുറിപ്പാടിൽ വീണ്ടും ആ ചുണ്ടുകൾ പല ആവൃത്തി പതിഞ്ഞപ്പോൾ മനസ്സറിഞ്ഞു കൊണ്ട് ഞങ്ങൾ പ്രണയിച്ചു തുടങ്ങുകയായിരുന്നു.…
അവസാനിച്ചു.