എന്റെ പോലീസ് – രചന: അക്ഷര മോഹൻ
“ഡീ..ഡീ..നിൽക്കെടി അവിടെ.നിന്റെ മോന്തയിൽ എന്താ കണ്ണില്ലേ..മനുഷ്യനെ തള്ളിയിട്ട് കൊല്ലാൻ നോക്കിയതും പോരാ..ബാക്കി ചീത്ത വിളിയും എനിക്കോ.പെണ്ണായിപ്പോയി അല്ലെങ്കിൽ അവിടെ നിന്ന് തന്നെ മുഖമടച്ച് ഒന്ന് തന്നേനെ”..
“ഓഹോ എന്നാൽ അടിക്കെടോ ഇപ്പോ അടിക്ക്..തനിക്കും ഈ പറഞ്ഞ കണ്ണ് തന്റെ മോന്തയിൽ ഇല്ലേ.തനിക്ക് നോക്കി നടക്കാൻ പാടില്ലേ..എന്റെ മെക്കിട്ടു കേറുന്നോ”..
ഗായു അടങ്ങെടി..മിണ്ടാതിരിക്ക് വാ പോകാം.
“നീ മിണ്ടാതിരിക്കെടി..ഇയാൾ പറഞ്ഞല്ലോ പെണ്ണല്ലായിരുന്നെങ്കിൽ അടിച്ചേനെന്ന്..ഇയാൾ അടിക്കട്ടെ.എന്നിട്ടേ ഞാൻ വരുന്നുള്ളു..അടിക്കെടോ അടിക്ക്..
അയാളുടെ കൈ ഉയർന്നു താഴ്ന്നതു മാത്രമേ ഞാൻ കണ്ടുള്ളു.കവിളിൽ കൈ വച്ചു ഒരു മരവിപ്പോടെ ഞാൻ നിന്നു.
ഇനി നിനക്ക് പോവാലോ ഉണ്ടക്കണ്ണി..വേണ്ടത് കിട്ടിയല്ലോ.
ദേഷ്യവും സങ്കടവും അപമാനവും കൊണ്ട് എന്റെ മുഖം ചുവന്നു.കണ്ണിൽ നീർതുള്ളി സ്ഥാനം പിടിച്ചു.
“തന്റെ വീട്ടിൽ പോയി വിളിക്കെടോ ഉണ്ടക്കണ്ണി എന്ന്.തന്റെ കെട്ട്യോളാ ഉണ്ടക്കണ്ണി.തനിക്ക് ഞാൻ കാണിച്ചുതാരാടോ.എന്റെ ഏട്ടനാ ഇവിടുത്തെ SI.ഇതിന് പകരം ചോദിച്ചില്ലെങ്കിൽ എന്റെ പേര് ഗായത്രി എന്നല്ല”.വാശിയോടെ അയാളുടെ നേരെ ഞാൻ കൈ ചൂണ്ടി.
“ഹാ എങ്കിൽ ഇനി പോലീസ് സ്റ്റേഷനിൽ കാണാം.നീ പോയി കേസ് കൊടുക്ക്.”പുച്ഛത്തോടെ അയാൾ തിരിഞ്ഞുനടന്നു.
“ഏതാടി ഇവൻ..പല്ലു പോയെന്നാ തോന്നുന്നേ..എന്തായാലും കൊള്ളാം നല്ല ഉശിരുള്ള ചെക്കൻ.ഇവനാ ആണ്.ഇതുപോലെ ഒരെണ്ണത്തിനെ ജീവിതത്തിൽ ആദ്യായിട്ടാ നേരിട്ട് കാണുന്നെ.പക്ഷെ.. പണി ഞാൻ കൊടുത്തിരിക്കും.” കവിളിൽ തടവികൊണ്ട് ഞാൻ എന്റെ ചങ്ക് സൂര്യയോട് പറഞ്ഞു.
നീ ചോദിച്ചു വാങ്ങിയതല്ലേ..എന്തായിരുന്നു പെർഫോമൻസ്..നിനക്ക് എന്തിന്റെ കേടായിരുന്നു.നീ തന്നെ അല്ലെ അയാളെ എങ്ങോട്ടോ നോക്കി നടന്നു തള്ളി താഴെ ഇട്ടത്.അതും പോരാഞ്ഞു ചീത്തയും വിളിച്ചു.അയാളോട് ഒരു സോറി പറഞ്ഞു വന്നാൽ മതിയായിരുന്നല്ലോ.അടിയും ചോദിച്ചു വാങ്ങി..നാണം ഇല്ലല്ലോ..അല്ല മോളെ MBBS പഠിക്കാൻ കോഴിക്കോട് പോയ നിന്റെ ആ പാവം ഏട്ടൻ എപ്പോഴാ SI ആയത്..കണ്ണുരുട്ടികൊണ്ട് സൂര്യ ചോദിച്ചു.
“അതൊക്കെ ഒരു നമ്പർ അല്ലേടി മോളെ.അയാളെ ഒന്നു വിരട്ടാൻ.കോളേജിൽ പോകുമ്പോ കാണുന്ന നമ്മുടെ ചുള്ളൻ SI സർനെ നാളെ പോയി കാണണം.ഏട്ടൻ ആയി അഭിനയിക്കാൻ പറഞ്ഞാൽ അങ്ങേരു കേൾക്കുമായിരിക്കും അല്ലേടി..കേട്ടാൽ മതിയായിരുന്നു..ഒരു ദീർഘനിശ്വാസത്തോടെ ഞാൻ പറഞ്ഞു..എനിക്ക് അടി കിട്ടിയത് ആരും കണ്ടില്ല അല്ലേടി..മാളിൽ നിന്ന് തന്നെയാ അയാൾ അടിച്ചതെങ്കിൽ മാനം പോയേനെ.ഇനി ഇവിടെ നിൽക്കണ്ട നേരെ വീട്ടിലേക്ക് വിടാം.വാ..ആരോടും ഒന്നും പറയണ്ട കേട്ടല്ലോ.നാളെ പോലീസ് സ്റ്റേഷനിൽ പോകാൻ റെഡി ആയിക്കോ..”
ഒഞ്ഞു പോയെടി..പോലീസ് സ്റ്റേഷനിലെക്കൊന്നും ഞാൻ ഇല്ല”.സൂര്യ മുഖം തിരിച്ചു.
“ഇല്ലേ നീ വരില്ലേ..വന്നില്ലെങ്കിൽ അജീഷിന്റെ കാര്യം ഞാൻ നിന്റെ വീട്ടിൽ പറയും.ഉമ്മയും ഉപ്പയും ഉപ്പാപ്പയും എല്ലാം പറയും”ഞാൻ ഭീഷണി മുഴക്കി.
എന്റെ ഗായു ഞാൻ ചുമ്മാ പറഞ്ഞതല്ലേ..ഞാൻ വരാതിരിക്കോ..ഫസ്റ്റ് 2 hour കട്ട് ചെയ്ത് നമുക്ക് സ്റ്റേഷനിൽ പോകാം..പോരെ..ഇപ്പോ വാ ബസ് വരുന്നുണ്ട്..വീട്ടിലേക്ക് വിടാം.സൂര്യ തടി തപ്പി.
വീട്ടിലെത്തിയ എന്റെ ചിന്ത മുഴുവൻ അയാളെ കുറിച്ചായിരുന്നു.എന്നാലും ഏതാണവൻ..ഇവിടെ ഒന്നും ഇതുവരെ കണ്ടിട്ടില്ലല്ലോ.കേസ് കൊടുക്കുമ്പോ മിനിമം അയാളുടെ പേരെങ്കിലും അറിയണ്ടേ..എന്തു ചെയ്യും..രാത്രിയിൽ ഓരോന്ന് കിടന്ന് ആലോചിച്ചു എപ്പോഴാ ഉറങ്ങി.
പിറ്റേന്ന് രാവിലെ കോളേജിൽ പോകാൻ എപ്പോഴും ഇല്ലാത്ത ഉത്സാഹം കണ്ടപ്പോൾ അമ്മയും അച്ഛനും കാര്യം തിരക്കിയപ്പോൾ ഒന്നും ഇല്ലാന്ന് പറഞ്ഞു ഒഴിഞ്ഞു.അവരോട് പറയാൻ പറ്റില്ലല്ലോ ഏതോ ഒരുത്തന്റെ കയ്യിൽ നിന്ന് അടിയും വാങ്ങി തിരിച്ചു അവനു പണി കൊടുക്കാനുള്ള പോക്കാണിതെന്ന്.രാവിലെ എപ്പോഴും കയറുന്ന ബസിൽ കുത്തിപിടിച്ചു കയറി പുറകോട്ട് നോക്കിയപ്പോൾ സൂര്യ കൈ പൊക്കി കാണിച്ചു.ഒരുവിധം പോലീസ് സ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങി.ആദ്യായിട്ടാ പോലീസ് സ്റ്റേഷനിൽ..ദൈവമേ കാത്തോളണേ എന്ന് പ്രാർത്ഥിച്ചു അകത്തേക്ക് കയറി.
എന്താണെന്ന് പുറത്തുനിന്ന് ഒരു വയസ്സൻ പോലീസ് ചോദിച്ചപ്പോൾ SI സർനെ കാണണം എന്നു പറഞ്ഞു.സർ അൽപ്പം തിരക്കിലാ.ചോദിച്ചിട്ട് വരാം എന്ന് ഒരു മയവും കൂടാതെ പറഞ്ഞപ്പോൾ ആ കിളവനെ മനസ്സിൽ തെറി വിളിച്ചു.സൂര്യയുടെ കൈ അപ്പോഴേക്കും വിറച്ചുതുടങ്ങിയിരുന്നു.വാടി പോവാം എനിക്ക് നില്കാൻ പോലും പറ്റുന്നില്ലാന്ന് സൂര്യ പറഞ്ഞപ്പോൾ കിളവൻ പോട്ടെടി ചുള്ളൻ സർ പൊളിയാ എന്ന് പറഞ്ഞു ഞാൻ സ്വയം ആശ്വാസിച്ചു.സർ അകത്തേക്ക് പോക്കോളാൻ പറഞ്ഞുന്നു കിളവൻ വന്നു പറഞ്ഞു.ഞങ്ങൾ ഒന്ന് തലയാട്ടി അകത്തേക്ക് നടന്നു.
ചെയർൽ ഇരുന്ന ആളെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ എന്റെ കിളി പോയി.”ആഹാ ഏട്ടന്റെ പെങ്ങൾ എത്തിയോ..പരാതി പറയുന്നില്ലേ..ഓഹ് പരാതി പറയണമെങ്കിൽ ഇയാളുടെ കവിളത്തു പതിഞ്ഞ കൈയുടെ അവകാശിയുടെ പേരും ഡീറ്റെയിൽസും അറിയണ്ടേ..”അയാൾ പുരികം പൊക്കി ചോദിച്ചു.വേണ്ട എന്നു ചുമൽ കുലുക്കി കാണിച്ചു ഞാൻ പുറത്തേക്കിറങ്ങാൻ നോക്കി.
“അവിടെ നിന്നെ..പരാതി പറയാൻ വന്നതാണെങ്കിൽ പറഞ്ഞിട്ട് പോണം.നിന്നെ അടിച്ച വ്യക്തി രാഹുൽ രാഘവ്..ഇവിടുത്തെ SI.നിന്റെ ഏട്ടൻ SI ട്രാൻസ്ഫർ ആയിപോയത് പുന്നാരപെങ്ങൾ അറിഞ്ഞില്ലായിരുന്നോ.പെങ്ങൾ ആണെങ്കിൽ അല്ലെ അറിയൂ..ഓരോന്ന് വിളിച്ചുകൂവുമ്പോ ഓർക്കണം..ആളും തരവും നോക്കി സംസാരിക്കാൻ പഠിക്കണം.ഇനി പരാതി ഒന്നും ഉണ്ടാകില്ലാന്നറിയാം…ആരോടും ഇനി ഇങ്ങനെ മെക്കിട്ടുകേറാൻ നിൽക്കരുത്..അടി ഇരന്നു വാങ്ങാനും..കേട്ടല്ലോ..പൊക്കോ..”
അത് കേട്ടപാതി കേൾക്കാത്തപാതി ഞങ്ങൾ അവിടെനിന്ന് ജീവനും കൊണ്ട് ഓടി.പിന്നീടുള്ള രണ്ട് വർഷകാലം കോളേജ് പഠിത്തവും പിന്നീടുള്ള ജോലി അന്വേഷണവും ഒക്കെയായി നടക്കുമ്പോഴും അയാളെ കാണാറുണ്ടെങ്കിലും അയാൾ എന്നെയോ ഞാൻ അയാളെയോ മൈൻഡ് ചെയ്തില്ല.കുറച്ചു നാൾ കഴിഞ്ഞപ്പോ അയാൾക്കു പകരം വേറൊരാൾ ജോയിൻ ചെയ്തു.അയാളെ കാണാതെയുമായി.എന്നാലും ഒരു നല്ല ഡോസ് കിട്ടിയതിനാൽ അയാളെ ഒരിക്കലും മറക്കാൻ പറ്റിയില്ല.സൂര്യയുടെ കാര്യം വീട്ടിലറിഞ്ഞു ആകെ മൊത്തം സീൻ ആയി അവളെ വേറാരുടെയോ കൂടെ കെട്ടിച്ചയച്ചു.എനിക്കും കല്യാണം ആലോചിച്ചു തുടങ്ങിയപ്പോൾ എന്റെ ഏട്ടന്റെ കല്യാണം കഴിഞ്ഞേ എനിക്ക് വേണ്ടു എന്നും പറഞ്ഞു ഒറ്റക്കാലിൽ നിന്നു.
ഏട്ടനു പെണ്ണ് കിട്ടാൻ വലിയ വിഷമമൊന്നും ഉണ്ടായില്ല.ഏട്ടന്റെ കാര്യം ഏതാണ്ട് ഫിക്സ് ആയി..ഏട്ടന്റെ കല്യാണദിവസം വീട്ടിലുടെ ഓടിയും ചാടിയും വന്നവരെഒക്കെ സ്വീകരിക്കുകയും ചെയ്യുന്നതിനിടയിലാണ് ആരോ എന്നെ തന്നെ ശ്രദ്ധിക്കുന്നതായി തോന്നിയത്.രണ്ടും കല്പിച്ചു തിരിഞ്ഞുനോക്കിയപ്പോ ആളെ കണ്ടു ഞാൻ പഴയപോലെ ഒന്നുകൂടെ ഞെട്ടി. നമ്മുടെ പോലീസ് ആണ്.അയാളെ കണ്ടപ്പോ ഞാൻ അറിയാതെ തന്നെ എന്റെ കവിളിൽ കൈ വച്ചു വീടിനകത്തെക്ക് ഓടി.
കല്യാണവും തിരക്കും ഒക്കെ കഴിഞ്ഞു സ്വസ്ഥമായി ഏട്ടത്തി ഏട്ടത്തിടെ കുടുംബവിശേഷം പറയുമ്പോഴാണ് പോലീസ് ഏട്ടത്തിടെ അച്ഛന്റെ ഏട്ടന്റെ മോൻ ആണെന്ന് ഞാൻ അറിയുന്നത്..ആൾക്ക് കുറെ ചാരിറ്റി പ്രവർത്തനങ്ങൾ ഒക്കെ ഉണ്ട്..ആൾടെ അച്ഛൻ ആൾക്ക് 8 വയസ്സുള്ളപ്പൊ മരിച്ചു..അത്യാവശ്യം കാര്യങ്ങൾ നോക്കൽ അല്ലാതെ നല്ല രീതിയിൽ സഹായിക്കാൻ ഉള്ള അവസ്ഥ അന്ന് മറ്റുള്ള കുടുംബകാർക്കും ഉണ്ടായിരുന്നില്ല.പിന്നീട് പഠിച്ചത് പാർട്ട് ടൈം ജോലി ചെയ്തുകൊണ്ടാണ്..അടുത്തുള്ള വർക്ക്‌ഷോപ്പിൽ പോയിട്ട് ആൾക്ക് കിട്ടുന്നതും വീടുകളിൽ ജോലിക്ക് പോയി അമ്മക്ക് കിട്ടുന്നതും കൊണ്ടാണ് അവർ അന്ന് ജീവിച്ചത്.കഷ്ടപ്പെട്ട് പഠിച്ചത്കൊണ്ട് ജോലി ആയി.. ഇപ്പോഴും പണത്തിനു വിഷമിക്കുന്ന പഠിക്കാൻ മിടുക്കരായ കുട്ടികളെ ആൾ നന്നായി സഹായിക്കുന്നുണ്ട്.
ഏട്ടത്തി അങ്ങേരെ ഇത്രക്ക് പൊക്കി പറഞ്ഞപ്പോ ആൾ കലിപ്പൻ മാത്രല്ല നല്ലൊരു മനസ്സ് കൂടി അതിനുള്ളിൽ ഉണ്ടെന്ന് തോന്നി.അവൻ കുറച്ചുകാലം ഇവിടെത്തെ സ്റ്റേഷനിൽ ആയിരുന്നു നീ ചിലപ്പോൾ കണ്ടിട്ടുണ്ടാകുമെന്നും ഏട്ടത്തി പറഞ്ഞപ്പോൾ ഏയ് എനിക്കറിയില്ലാ എന്ന ഭാവത്തിൽ ഞാൻ ഇളിച്ചുനിന്നു.ഏട്ടന്റെ കല്യാണക്ഷീണം മാറുമ്പോഴേക്കും എനിക്കും ആലോചന തുടങ്ങി..പക്ഷെ എന്റെ ചെക്കനെ ചിന്തിക്കുമ്പോഴെല്ലാം മനസ്സിൽ വരുന്നത് നമ്മുടെ പോലീസിന്റെ മുഖമാണ്.ഇതുവരെ ഇല്ലാത്തത് എന്തോ മനസ്സിൽ തോന്നി തുടങ്ങി.അങ്ങേരെ പണ്ടേ ഞാൻ ഒന്ന് നോക്കി വച്ചതാ..പക്ഷെ അതിങ്ങനെ പ്രേമം ഒക്കെയാവുമെന്ന് ഞാൻ അറിഞ്ഞില്ലല്ലോ ദൈവമേ..പണി പാളി..എന്ന് വിചാരിക്കുമ്പോഴാണ് അടുത്ത ദിവസം പെണ്ണ്കാണാൻ ആൾക്കാർ വരുന്നുണ്ടെന്നറിഞ്ഞത്.
മനസ്സിൽ ഉള്ളതെല്ലാം തുടച്ചെറിഞ്ഞു ഞാൻ നല്ല കുട്ടിയായി നിന്നു.ചെക്കൻ നല്ല കൂൾ ആയി സംസാരിച്ചു.എന്തെങ്കിലും പറയാൻ ഉണ്ടോന്ന് അവൻ ചോദിച്ചപ്പോൾ ഞാൻ ഇല്ലാന്ന് പറഞ്ഞു.കാരണം പോലീസ്നെ ഞാൻ മറക്കാൻ ശ്രമിച്ചു തുടങ്ങിയിരുന്നു..ചെക്കൻ എഞ്ചിനീയർ ആണ്.എന്റെ വീട്ടുകാർക്കെല്ലാം അവനെ ഇഷ്ടപ്പെട്ടു.അവർക്ക് എന്നെയും ഇഷ്ടായി എന്ന് അറിഞ്ഞപോതൊട്ട് മനസ്സ് എന്റെ കയ്യിൽന്ന് പോയി.പോലീസിന്റെ മുഖമല്ലാതെ മറ്റാരുടെ മുഖവും എന്റെ മനസ്സിലില്ല.മുഖം മാത്രമല്ല ഇപ്പൊ അങ്ങേര് മാത്രേ എന്റെ മനസ്സിൽ ഉള്ളു.മറന്നു എന്നത് എന്റെ തെറ്റിധാരണ മാത്രമാണെന്ന് എനിക്ക് മനസിലായി.
ഉറങ്ങാൻ കണ്ണടച്ചാൽപോലും ഇപ്പോ അങ്ങേരെയാണ് കാണുന്നത്..ഇങ്ങനെ പോയാൽ പറ്റില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ അങ്ങേരെ തപ്പി ഒരു ദിവസം രാവിലെ തന്നെ ഇറങ്ങി.ഒടുവിൽ അങ്ങേര് ഇപ്പോ ഉള്ള പോലീസ് സ്റ്റേഷനിൽ കേറി ചെന്നപ്പോ എന്താ വീണ്ടും ആരുടെ കയ്യിൽ നിന്നെങ്കിലും അടി വാങ്ങിയോ എന്ന ചോദ്യം കൊണ്ടാണ് അങ്ങേര് എന്നെ സ്വീകരിച്ചത്.ഇല്ലായെന്ന് തലയാട്ടിയപ്പോൾ അയാൾ എന്നെ അകത്തേക്ക് വിളിച്ചിരുത്തി.എന്താ കാര്യമെന്ന് ചോദിച്ചപ്പോ എന്തു പറയണമെന്നറിയാതെ തലതാഴ്ത്തി ഇരുന്നു.മനുഷ്യനെ മെനകെടുത്താതെ കാര്യം എന്താണെന്ന് പറയെടി എന്ന് പറഞ്ഞു അങ്ങേര് അലറി.ഇതിനെയാണോ ഈശ്വരാ പ്രേമിക്കാൻ തോന്നിയെന്ന് കരുതി ഒരു നിമിഷം അങ്ങേരെ തന്നെ നോക്കിനിന്നു.കാര്യം പറഞ്ഞിട്ട് ഇറങ്ങി പോടീ എന്ന് വീണ്ടും അലറിയപ്പോൾ മനസ്സിലുള്ളത് മുഴുവൻ പറഞ്ഞു.ഒരു പുച്ഛമായിരുന്നു അപ്പോൾ അയാളുടെ മുഖത്ത്.
“എന്റെ കയ്യിൽ നിന്ന് കിട്ടിയപോലെ വേറെ ആരുടെ കയ്യിൽ നിന്നൊക്കെ നിനക്ക് അടി കിട്ടിയിട്ടുണ്ടെന്ന് ആർക്കറിയാം.കണ്ടവരുടെ ഒക്കെ മെക്കിട്ട്കേറുന്ന നിന്നെപോലെ ഒരുത്തിയെ എന്റെ ഭാര്യ ആക്കാൻ പെൺകുട്ടികൾക്ക് ക്ഷാമം ഒന്നും ഇല്ല..വന്നേക്കുന്നു പ്രേമം ആണെന്നും പറഞ്ഞ്..അതും ഇതുവരെ ശെരിക്കും മിണ്ടുകപോലും ചെയ്യാത്ത എന്നോട്..ഇതുപോലെ എത്ര പ്രേമം നിനക്ക് ഉണ്ടായിരുന്നു??എത്രാമത്തെയാ ഞാൻ?നിന്റെ ഏട്ടത്തി ഉണ്ടല്ലോ അഞ്ജലി..അവൾ എനിക്ക് എന്റെ സ്വന്തം പെങ്ങളാ.അച്ഛന്റ്റെ അനിയന്റെ മോളായിട്ടല്ല സ്വന്തം പെങ്ങളായിട്ട് തന്നെയാ ഞാൻ അവളെ കണ്ടേ .അതുകൊണ്ട് മാത്രം ഇനിയും എന്നെ കൊണ്ട് പറയിപ്പിക്കരുത്”
എന്റെ മുഖത്ത് നോക്കി അങ്ങേരു പറഞ്ഞപ്പോൾ കണ്ണീർ ധാരയായി ഒഴുകി..”ഇഷ്ടമല്ലെങ്കിൽ വേണ്ട..എന്റെ മനസിൽ അറിയാതെ തോന്നിപോയതാ..മുടിഞ്ഞപ്രേമം ഒന്നും എനിക്കില്ല..മറക്കാൻ എനിക്കറിയാം..പറഞ്ഞതിന് മാപ്പ്..ക്ഷമിക്കണം”ഒരുവിധത്തിൽ പറഞ്ഞു അവസാനിപ്പിച്ചിറങ്ങുമ്പോൾ എന്നോട് തന്നെ വെറുപ്പ് തോന്നി.
വീട്ടിലെത്തി എല്ലാർക്കും മുന്നിൽ ചിരിച്ചു നടക്കുമ്പോൾ അയാൾ ആയിരുന്നു മനസ് നിറയെ..മുടിഞ്ഞ പ്രേമം ഇല്ലെന്ന് അയാളോട് പറഞ്ഞെങ്കിലും അസ്ഥിക്ക് പിടിച്ചുനിൽകുവാണെന്ന് എനിക്കറിയാമായിരുന്നു..നെഞ്ചിൽ തീ കോരിയിട്ട് എല്ലാർക്കും മുന്നിൽ ദിവസങ്ങൾ തള്ളി നീക്കി..അതിനിടയിൽ ആദ്യം വന്ന ചെക്കന്റെ ജാതകം ചേർന്നില്ലാന്നു പറഞ്ഞു അത് പോയപ്പോൾ ഇത്തിരി സമാധാനം കിട്ടി..എങ്കിലും ദിവസങ്ങൾ ഏറെഎടുത്തിട്ടും അങ്ങേര് എന്റെ മനസ്സിൽ നിന്നും പോയില്ല..
വീണ്ടും ഒരു പെണ്ണ്കാണൽ ചടങ്ങ്…
ചെക്കനും കൂട്ടുകാരനും മാത്രമേ വന്നിട്ടുള്ളൂന്ന് അമ്മ പറഞ്ഞു.മനസ്സ് ശാന്തമാക്കി ഞാൻ വന്നവർക്ക് മുന്നിൽ നിന്നു.പക്ഷെ അവരുടെ മുഖത്തു ഞാൻ നോക്കിയില്ല..പോലീസ് ആയിരുന്നു എന്റെ കണ്ണും മനസും നിറയെ.അവർ തമ്മിൽ എന്തെങ്കിലും സംസാരിക്കട്ടെന്ന് പറഞ്ഞപ്പോൾ എല്ലാം തുറന്നു പറയാൻ ഞാൻ തീരുമാനിച്ചു.മുറിയിലെക്ക് ഞാൻ നടന്നപ്പോൾ പിറകെ അയാളും വന്നു.തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് മറ്റൊരാളെ ഇഷ്ടമാണ് ദയവായി ഈ വിവാഹത്തിൽ നിന്ന് പിന്മാറണം എന്ന് പറഞ്ഞപ്പോൾ അയാൾ ഒന്നും മിണ്ടിയില്ല.പെട്ടന്ന് പിറകിൽ നിന്ന് എന്റെ രണ്ടുകയ്യും കൂട്ടിപിടിച്ചു എന്നെ തിരിച്ചുനിർത്തി.ഭയന്ന്മാറാൻ തുടങ്ങിയ എന്നെ നെഞ്ചോട് ചേർത്ത്പിടിച്ചു.നിനക്കെന്നെ ഇഷ്ടല്ലേ..ഈ ശബ്ദം..പോലീസ്..ഒരു നിമിഷം ഞാനാ മുഖത്തു തന്നെ നോക്കിനിന്നു.പിന്നെ നെഞ്ചിൽ തലവെച്ചു വിതുമ്പി.പെട്ടെന്ന് തള്ളിമാറ്റി ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞു.
പിന്നോട്ട് പോയ അതേ വേഗത്തിൽ തന്നെ പോലീസ് മുന്നോട്ട് വന്നു ഇടുപ്പിലൂടെ കയ്യിട്ട് എന്നെ എടുത്തുയർത്തി ആ മുഖത്തോടു എന്റെ മുഖം ചേർത്തു.ഇഷ്ടമല്ലേന്ന് വീണ്ടും ചോദിച്ചപ്പോൾ അല്ലാ എന്ന് പറഞ്ഞു കൊണ്ടിരുന്നു.എന്നെ താഴെയിറക്കി നിർത്തി എങ്കിൽ ശെരിയെന്നു പറഞ്ഞു നടക്കാൻ തുടങ്ങിയ പോലീസിന്റെ കൈ പിടിച്ചു നിർത്തി കരണത്ത് തന്നെ ഞാനും ഒന്ന് പൊട്ടിച്ചു.ഇത് എന്നെ ഇത്ര ദിവസം തീ തീറ്റിച്ചതിന്..ആഹ് ഇപ്പോ സമാസമം എന്ന് പോലീസും പറഞ്ഞപ്പോൾ കാലിന്റെ പെരുവിരലിൽ ഉയർന്നുനിന്നു ഞാനാ കവിളിൽ അമർത്തിചുംബിച്ചു.
അതേയ് ഇവിടെ ഇതെന്താ എന്ന് ചോദിചോണ്ട് ഏട്ടനും ഏട്ടത്തിയും അങ്ങോട്ട് വന്നപ്പോഴാണ് സ്ഥലകാല ബോധം എനിക്ക് വന്നത്..എന്റെ പോലീസിനും..
പെട്ടെന്ന് തന്നെ പോലീസിന്റെ താലി എന്റെ കഴുത്തിൽ വീണു..അന്ന് രാത്രി അഴിഞ്ഞുലഞ്ഞ മുടിയോടെ ആ നെഞ്ചിൽ തല വെച്ച് കിടന്നു..പോലീസെ..ഓയ് പോലീസെ..പോലീസിന് എപ്പോഴാ എന്നെ ഇഷ്ടായെ..ആ നെഞ്ചിൽ കൈ വിരൽ കൊണ്ട് ചിത്രം വരച്ചോണ്ട് ഞാൻ ചോദിച്ചു.
നിന്നെ കണ്ട അന്നുമുതൽ..നിന്റെ ഉണ്ടക്കണ്ണ്..നിന്റെ സംസാരം..നിന്റെ ധൈര്യം..അങ്ങനെ ഓരോന്നും..ഉണ്ടക്കണ്ണി തന്റെ കെട്ട്യോളാണെന്ന് നീ അന്ന് പറഞ്ഞപ്പോ തന്നെ ഞാൻ തീരുമാനിച്ചതാ ഈ ഗായത്രി രവീന്ദ്രനെ ഗായത്രി രാഹുൽ ആക്കണമെന്ന്..അന്ന് തന്നെ ഞാൻ നിന്നെകുറിച്ച് അന്വേഷിച്ചു..നിന്റെ ഏട്ടന് വേണ്ടി അഞ്ജലിയെ ആലോചിച്ചതിൽ വരെ എന്റെ പ്ലാൻ ഉണ്ട്.പിന്നെ എന്നെ ഇഷ്ടമാണെന്നു നീ ഇങ്ങോട്ട് പറഞ്ഞപ്പൊ ഞാൻ ഒന്ന് ഞെട്ടി.കല്യാണം ആലോചിച്ചു വന്നു നിന്നെ ഞെട്ടിക്കാൻ നോക്കിയ എന്റെ പ്ലാൻ പൊളിച്ചതിലെ ചെറിയ ഒരു ദേഷ്യം ആയിരുന്നു അന്ന് കണ്ടത്..പിന്നെ നിനക്ക് എന്നെ എത്രത്തോളം ഇഷ്ടമാണെന്നു അറിയാനും..കള്ളചിരിയോടെ പോലീസ് എന്നെ ചേർത്ത് പിടിച്ചു.”പിന്നെ നിന്റെ ഈ പോലീസെ വിളി മാറ്റണം കേട്ടോ..ഏട്ടാന്ന് വിളിക്കണം..എനിക്കതാ ഇഷ്ടം”പോലീസ് എന്റെ മൂക്കിൽ നുള്ളി.
പതിയെ നെറ്റിയിൽ ചുംബിച്ചു.അയ്യേ..എന്റെ പോലീസിനെ ഞാൻ പോലീസെന്നേ വിളിക്കു..എന്റെ പോലീസ്..എന്നും ഈ ഗായുന്റെ മാത്രം പോലീസ്..അല്ലേ പോലീസെ..അത് പറഞ്ഞു അവസാനിപ്പിക്കുന്നതിനു മുന്നേ എന്നെ വാരിഎടുത്തു ആ ദേഹത്തേക്കിട്ടു..ഒരിക്കലും വേർപെടാനാകാത്ത വിധം മുറുകെ പുണർന്നുകൊണ്ട് പറഞ്ഞു ഞാൻ നിന്റേത് മാത്രമായിരിക്കും..എന്നും…❤️