ഞാൻ ഒരു ഭാര്യയാണ് ~ രചന: നിവിയ റോയ്
എല്ലാം എന്റെ തെറ്റാണ് …വർഷങ്ങൾ പലതുകഴിഞ്ഞിട്ടും ആ പതിനാറുകാരിയിലേക്കുള്ള മടക്കയാത്ര എത്ര പെട്ടെന്നായിരുന്നു …..മറവിയുടെ താളുകളിൽ ഒളിപ്പിച്ച ആദ്യ പ്രണയത്തിന്റെ നിറം മങ്ങാത്ത മയിൽപ്പീലി വീണ്ടും മനസിൽ ഉലഞ്ഞതെന്തിനാണ് …. ?
വീട്ടു ജോലികൾ ചെയ്യുന്നുണ്ടെങ്കിലും വീണയുടെ മനസ്സ് പഴയ ഓർമകളിൽ പലതും തിരയുന്ന തിരക്കിലായിരുന്നു.
“വിനുവേട്ടൻആദ്യമായി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത് എന്നാണെന്നു ?”അവൾ സ്വയം ചോദിച്ചു.
“ശ്രീജ ചേച്ചിയുടെ കല്യാണത്തിന് “.പെട്ടന്നു തന്നെ മനസ്സ് മറുപടിയും പറഞ്ഞു.
“ജോലിക്കു കേറിയതേയുള്ളു ലീവ് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു .എങ്കിലും അമ്മാവന്റെ നിർബന്ധം കാരണം വരാതിരിക്കാൻ കഴിഞ്ഞില്ല. പിന്നെ നിന്നെ
കണ്ട് ഒരു കാര്യം പറയാനുമുണ്ടായിരുന്നു”.
അവസരംകിട്ടിയപ്പോൾ വിനുവേട്ടൻ തന്റെ അടുത്ത് വന്ന് പറഞ്ഞത് അവളോർത്തു .
അന്ന് വീട്ടിലെ കുട്ടികളെല്ലാരും ഒത്തുചേർന്ന് എന്തു സന്തോഷമായിരുന്നു ….നക്ഷത്ര പൂവുകൾ വിരിഞ്ഞ ആകാശം നോക്കി രാത്രിയിൽ മുറ്റത്തു കുട്ടികൾ പായ വിരിച്ചു കിടന്നതും ….അതിൽ കൊഴിഞ്ഞു വീഴുന്ന ഒരു നക്ഷത്രം നോക്കി…..”വീണേ ….നീ ഇപ്പോ എന്തു ആഗ്രഹിച്ചാലും നടക്കും “.തന്നെ നോക്കി ഒരു ചെറുപുഞ്ചിരിയോടെ വിനുവേട്ടൻ പറഞ്ഞതുമെല്ലാം ഓർത്തപ്പോൾ അവളുടെ മുഖം കുറച്ചു മ്ലാനമായി.
കിടക്കാൻ പോകുന്നതിനു മുൻപ് കല്യാണ പന്തലിൽ നിന്നും ഒരു ബലൂൺ പൊട്ടിച്ചു തന്നിട്ട് വിനുവേട്ടൻ പറഞ്ഞു .”നിനക്ക് എന്നോട് ഇഷ്ടമുണ്ടെങ്കിൽ ഈ ബലൂൺ നീ പൊട്ടിക്കാതെ നോക്കണം.നാളെ ഞാൻ പോകുന്നതുവരെ …..”
ആ രാത്രി ഫാനിന്റെ കാറ്റിൽ ഉയർന്നു പൊങ്ങുന്ന ബലൂണിനെ ചേർത്തു പിടിച്ചു ഉറങ്ങി പോകുന്ന കണ്ണുകളെ സ്വപ്‌നം കൊണ്ട് തുറന്നു പിടിച്ചു നേരം വെളുപ്പിച്ചതും ….അമ്മായിയും വിനുവേട്ടനും പോകുന്നത് നോക്കി നിൽക്കേ കണ്ണിൽ നിന്നും അടർന്നു വീണ നീർമണികളിൽ അന്ന് ആദ്യമായി പ്രണയത്തിന്റെ നോവ് കലർന്നിരുന്നതും ഓർത്തപ്പോൾ ,വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ എരിഞ്ഞടങ്ങിയ ഓർമകളുടെ ചരക്കുമ്പാരത്തിൽ നിന്നും വീണ്ടും കനലുകൾ കത്തിയെരിയുന്ന നോവ് അവൾക്കനുഭവപ്പെട്ടു.
പിന്നീട് പല രാത്രികളിലും കൊഴിഞ്ഞു വീഴുന്ന നക്ഷത്ര പൂവിനായി ആകാശ ചെരുവിൽ കണ്ണുകൾ അലഞ്ഞു നടന്നിട്ടുണ്ട് …അച്ചന്റെ പേരിൽ എത്താറുള്ള കത്തിൽ എനിക്കു വേണ്ടി പതിവായി എഴുതാറുള്ള രണ്ട് വരികൾക്കായി …… “വീണയുടെ പഠിത്തും എങ്ങനുണ്ട് ?നന്നായി പഠികാൻ പറയണം .”
ആ രണ്ട് വരികൾ പലവുരു വായിച്ചതും ….മറുപടി കത്തിൽ മുറ്റത്തു നട്ട കുറ്റിമുല്ലയിൽ ആദ്യത്തെ മൊട്ടു വിരിഞ്ഞതും ,മഞ്ഞകോഴിയെ കാണാതെ പോയതും പിന്നിട് കുറ്റിക്കാട്ടിൽ ആരുമറിയാതെ മുട്ടയിട്ടു അടയിരുന്ന കുഞ്ഞുങ്ങളുമായി വന്നപ്പോൾ എല്ലാവർക്കും ഉണ്ടായ സന്തോഷവും …..എല്ലാം വിനുവേട്ടന് എഴുതുന്ന കത്തിലെ വിശേഷങ്ങൾ എന്ന് ഓർത്തപ്പോൾ,അവൾ
തുടച്ചുകൊണ്ടിരുന്ന നില കണ്ണാടിയിൽ ,ഉതിർന്നു വീണ നിശ്വാസങ്ങൾ അവ്യക്തമായ എന്തോ ചിത്രം വരച്ചു .
പിന്നെ ഡിഗ്രിക്കു ഹോസ്റ്റലിൽ ചേർന്നപ്പോൾ തനിക്കയച്ച ആദ്യത്തെ കത്ത് ……
ആ കത്തിന്റെ പേരിൽ എന്തു ഭൂകമ്പം ആണ് അന്ന് ഹോസ്റ്റലിൽ ഉണ്ടായതു കറുത്ത കട്ടി കണ്ണടക്കു പിന്നിൽ ഹോസ്റ്റൽ വാർഡന്റെ കണ്ണുകൾ ജ്വലിച്ചു
നിന്നു .പൊട്ടിച്ച കത്ത് എന്റെ നേരെ നീട്ടികൊണ്ടു ചോദിച്ചു
“ആരാണ് വിനു ….?”
വാർഡന്റെ കത്തുന്ന നോട്ടത്തിൽ താൻ വാടി തളർന്നു വീഴുമെന്നു തോന്നി …….വീണ്ടും ശബ്‌ദം ഉയർത്തി അവർ ചോദിച്ചു.
“ചോദിച്ചത് കേട്ടില്ലേ എന്തു പാവം പോലെയാണ് നിൽപ്പ് ഇതൊന്നു വായിച്ചു നോക്ക് ….”.
നീട്ടിയ കത്ത് വിറക്കുന്ന കൈകളോടെ മേടിച്ചു.ആദ്യത്തെ വരി … ” എന്റെ വീണക്ക് ….”ഒരായിരം മയിൽപ്പീലിത്തുണ്ടുകൾ മനസ്സിൽ ഒന്നിച്ചുലഞ്ഞപോലെ …..മനസ്സിൽ സൂക്ഷിച്ച സ്വപ്നത്തിന്റെ പൂക്കൂട ഒരു ചെറുകാറ്റിൽ വീണു ചിതറിയ പോലെ ……അടുത്ത വരിയിലേക്കു കണ്ണുകൾ ഊഞ്ഞാലാടിയെത്തുന്ന പോലെ……
“എന്നാണ് ഇനി എന്റെ പെണ്ണിനെ ഒന്നു കാണുക …..ഞാൻ എപ്പോളും ഓർക്കാറുണ്ട് അന്ന് ഒരു സന്ധ്യക്കു മുല്ലമൊട്ടുമാല മുടിയിൽ ചൂടിത്തന്നിട്ടു ,എന്റെ പെണ്ണിനെ ഒരു ദിവസം ഞാൻ കട്ടോണ്ടു പോകുമെന്ന് പറഞ്ഞപ്പോൾ ,തുടുത്തു നിന്ന ചെമ്മാനത്തിന്റെ ചന്തം നിന്റെ കവിളിൽ പടർന്നേറിയതും ….പിന്നെ പവിഴ മല്ലി പൂവുകൾ പൂത്തുലഞ്ഞു നിൽക്കുന്ന നമ്മുടെ പുഴകടവിൽ ,വെള്ളത്തിൽ കാലാട്ടി വെറുതെ നീ ഓരോന്നും പറയുന്നത് കേട്ടിരിക്കുമ്പോൾ നിന്റെ കണങ്കാലുകൾ എത്രയോവട്ടം എന്റെ കണ്ണാൽ ഞാൻ ചുംബിച്ചിട്ടുണ്ടന്നോ?
ഇവിടെ ഫ്ലാറ്റിന്റെ ടെറസിൽ പായ വിരിച്ചു കിടക്കുമ്പോൾ ആകാശത്തു പൗർണ്ണമിയിൽ ഒരു സ്വപ്നത്തിന്റെ വള്ളിക്കുടിൽ നമുക്കായ് ഞാൻ തീർക്കാറുണ്ട് ….നിന്നെ തഴുകുന്ന കാറ്റിൽ പെണ്ണെ എന്റെ വിരഹത്തിന്റെ തേങ്ങലുണ്ട് …..നിന്റെ ചുരുൾ മുടി ഒന്നു വാരിപുതച്ചുറഞ്ഞുവാൻ കൊതിയാകുന്നു പിന്നെ നീ ….”
“ആഹാ വായിച്ചു മതിമറന്നു നിൽപ്പാണല്ലോ ?”
കൈയിൽ നിന്നും കത്ത് തട്ടിപറിച്ചെടുത്തു വാർഡൻ ശകാരവർഷം നടത്തുമ്പോളും താൻ സ്വപ്നത്തിന്റെ തോണിയിൽ നിലാവലയിൽ വിനുവേട്ടനോടുത്തു തുഴഞ്ഞു നീങ്ങുകയായിരുന്നുവെന്ന് അവളോർത്തു .
“മേലിൽ ഇത് ആവർത്തിക്കരുത് ….”
വാർഡൻ മേശയിൽ ശക്തമായി അടിച്ചു പറഞ്ഞപ്പഴാണു തിരികെ യാഥാർത്യത്തിന്റെ തുരുത്തിലേക്കു ഞാൻ വീണത് .
വായിച്ചു തീർക്കാൻ പറ്റാതെ പോയ വരികൾക്കായി മനസ്സു പലപ്പോഴും കൊതിച്ചിട്ടുണ്ട് .മറുപടി കത്തിൽ ഇനി ഹോസ്റ്റലിലേക്ക് കത്ത് അയയ്ക്കണ്ട എന്ന് എഴുതിയ വരികളിൽ കണ്ണീരു വീണു പടർന്നിരുന്നു.പിന്നീടൊരിക്കലും വിനുവേട്ടൻ കത്തയച്ചില്ല.
മേശ തുടക്കുമ്പോൾ അവളോർത്തു ഫ്ലവർ വാസിലെ പൂവുകൾ വാടിയിരിക്കുന്നു.മുറ്റത്തെ പൂന്തോട്ടത്തിൽ നിന്നും വിരിഞ്ഞു വരുന്ന ചുവന്ന പനിനീർ പൂ ഇറുത്തെടുക്കുമ്പോൾ പതിവുപോലെ മതിലിൽ പിടിച്ചു കൊണ്ടു ഡിംപിൾ ചോദിച്ചു
“ആന്റി എനിക്കൊരു പൂ തരുവോ?.”
“പിന്നെന്താ ഡിമ്പിൾകുട്ടിക്കില്ലാത്ത പൂവോ ?”
അവളുടെ കവിളിൽ മനോഹരമായ നുണക്കുഴി വീഴ്ത്തികൊണ്ട് ഒരു പുഞ്ചിരി വിടർന്നു .
“ആന്റിക്കു നിങ്ങളുടെ ചാമ്പയിൽ കായുണ്ടാകുമ്പോൾ തരണേ “
തലയാട്ടികൊണ്ടു അവൾ വീട്ടിനകത്തേക്ക് ഓടി. അവളെ കാണുമ്പോളൊക്കെ വീണ സിസ്റ്റർ ആഗ്നസിനെ ഓർക്കാറുണ്ട് .
ഇംഗ്ലീഷ് ക്ലാസ്സിൽ പ്രണയ സാന്ദ്രമായ കഥകൾ അതിമനോഹരമായി സിസ്‌റ്റർ ആഗ്നസ് അവതരിപ്പിക്കുമ്പോൾ എത്രയോ പ്രാവിശ്യം ആ കഥാപാത്രങ്ങളായി മാറിയിട്ടുണ്ട് .സിസ്‌റ്റർ ആഗ്നെസിന്റെ കണ്ണിലും നനവ് പടർന്നിരുന്നോ ?ആവോ ….?തനിക്കു തോന്നിയതാവാം .സിസ്റ്ററിന്റെ ക്ലാസ്സിൽ എപ്പോളും മുഖത്ത് ഒരു ചെറു ചിരിയുമായിരിക്കുമ്പോൾ കൂട്ടുകാരികൾ വട്ടായി പെണ്ണിനെന്നു പറഞ്ഞു കളിയാക്കിയതും ……എല്ലാം …..ഇന്നും ആ ഓർമ്മകൾ വിരസ നിമിഷങ്ങളിലെ തന്റെ വിരുന്നുകാരണല്ലോ എന്ന് അവളോർത്തു .
പീന്നീട് ഒരിക്കൽ നാട്ടിൽ എത്തിയപ്പോൾ കൂട്ടുകാരി മിനിയോടൊത്തു
പുഴയിൽ കുളിക്കാൻ പോകണമെന്നുപറഞ്ഞപ്പോൾ അമ്മ പറഞ്ഞു .
“ഇന്നു നിന്റെ തലയിൽ ഞാൻ എണ്ണ പുരട്ടിത്തരാം ഒന്നിനും ഒരു ശ്രദ്ധയില്ലാണ്ടായിരിക്കന് മുടി ചെമ്പു കളർ ആയി ….”അമ്മയുടെ കൈവിരലുകൾ തലയിൽ എണ്ണ തടവുമ്പോൾ കണ്ണുകളിൽ ഉറക്കം തലോടുന്ന പോലെ തോന്നി .അമ്മ എന്തോക്കയോ നാട്ടു വിശേഷങ്ങൾ പറയുന്നത് മൂളി മൂളി കേട്ട് ഇരികുമ്പോളാണ് വിനുവേട്ടന്റെ കാര്യം അമ്മ പറഞ്ഞു തുടങ്ങിയത്. കൺപീലികൊണ്ടു ഉറക്കത്തെ കുടഞ്ഞു കളഞ്ഞു ഞാൻ കേട്ടു .
“കഴിഞ്ഞ ആഴ്ചയാണ് അറിഞ്ഞത് രവിയേട്ടൻ വന്നപ്പോൾ ….നമ്മുടെ
വിനുകുട്ടൻ ഒരു ബോംബെക്കാരിയെ കല്യാണം ……” വാക്കുകൾ അവ്യക്തമാകുന്നതുപോലെ ……അമ്മയുടെ വാക്കുകൾ അന്ന് ചിതറിത്തെറിച്ചേ
കേൾക്കാൻ കഴിഞ്ഞുള്ളു .”നല്ല കാശുള്ള വീട്ടിലെ പെൺകുട്ടിയാണന്നാണ് കേട്ടത് അവനും എന്താ ഒരു കുഴപ്പം കാണാനും സുന്ദരൻ നല്ല ജോലി ….പക്ഷേ രവിയേട്ടനും ശാരദേട്ടത്തിക്കും ഇഷ്ടമായില്ല അതുകൊണ്ടു കല്യാണ മുംബയിൽ വച്ചായിരുന്നു “.
അന്ന് പാറി വീഴാൻ തുടങ്ങുന്ന തേങ്ങലുകളെ ചുണ്ടു കടിച്ചമർത്തി ഹൃദയക്കൂട്ടിലടച്ചതായിരുന്നു ,എന്നിട്ടും ഇപ്പോഴും ആ ഓർമ്മകൾ ഇടക്കൊക്കെ പുറത്തേക്കു പറക്കുവാനാവാതെ ചിറകുകൾ പൊഴിഞ്ഞു നിശബ്ദം
മനസ്സിൽ വീണു തേങ്ങാറുണ്ട് . അന്നൊക്കെ രാത്രിൽ നിറഞ്ഞു തുളുമ്പുന്ന എന്റെ കണ്ണുകളെ ജന്നൽ പാളിക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന നിലവിനോട് ഏറെ പരിഭവങ്ങൾ പറഞ്ഞിട്ടുണ്ട് …..
പീന്നീട് പഠിത്തം കഴിഞ്ഞപ്പോൾ തന്നേ വിവാഹാലോചനകൾ വന്നു തുടങ്ങി അക്കൂട്ടത്തിൽ അജിത്തേട്ടന്റെ ആലോചനയും ഉണ്ടായിരുന്നു .അമ്മയുടെ ഒരു അകന്ന ബന്ധുവാണ് അജിത്തേട്ടന്റെ അഛ്ചൻ.ആ ആ ആലോചന വന്നതേ അച്ഛനുമമ്മയും അത് വേണ്ടന്നു വെച്ചു “കാഴ്ചക്ക് എന്തെങ്കിലും ഒരു പൊരുത്തം വേണ്ടേ ?അമ്മ പറയുന്നത് കേട്ടു”അതുപോട്ടെ പഠിത്തവും വീണേക്കാളും കുറവ്.
സ്വന്തമായി കടയും കച്ചവടവും ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമുണ്ടോ ?”അച്ഛന്റ അഭിപ്രായം അമ്മ തലയാട്ടി സമ്മതിച്ചു .
ആദ്യം വിവാഹമേ വേണ്ടന്നു തീരുമാനിച്ചു ,പീന്നീട് ആലോചിച്ചു തന്നെ ചതിച്ചിട്ടു പോയ ഒരാളുടെ ഓർമകളിൽ ഹോമിച്ചു കളയേണ്ടതല്ല തന്റെ ജീവിതം .
പക്ഷേ കല്യാണം കഴിക്കുന്നെങ്കിൽ അജിത്തേട്ടനെ ആയിരിക്കും എന്ന എന്റെ വാശിയോടൊപ്പം ജാതകപൊരുത്തവും കൂടി ആയപ്പോൾ ആ വിവാഹം നടന്നു .
മറ്റൊന്നും കൊണ്ടല്ല ഞാൻ വാശിപിടിച്ചതു.വിനുവേട്ടനെ മനസ്സിൽ കൊണ്ടു നടന്ന കാലം അജിത്തേട്ടൻ കാണുമ്പോളൊക്കെ”വീണേ എനിക്കൊരു കാര്യം പറയാനുണ്ട് “എന്ന് പറഞ്ഞു പുറകെ നടക്കുന്നത് ഒരു ശല്യമായി തോന്നിയ കാലം.”എന്താ പറയാനുള്ളത് എന്ന് എനിക്കറിയാം ഒന്നു പൊയ്‌ക്കെ ….”
എത്രയോ വട്ടം മുഖംകറുപ്പിച്ചു പറഞ്ഞിരിക്കുന്നു .എനിക്കു നേരെ നീട്ടിയ പൂവുകൾ നിലത്തിട്ടു ചവിട്ടി അരച്ച് വെറുപ്പ് കാണിച്ചിട്ടുണ്ട് .കൂട്ടുകാരുവഴിയായി കൊടുത്തു വിടുന്ന ലെറ്ററുകൾ ഒന്നു തുറന്നുപോലും നോക്കാതെ അവജ്ഞയോടെ ചുരുട്ടി കൂട്ടി കളഞ്ഞിട്ടുണ്ട്.അന്ന് മനസ്സിൽ വിനുവേട്ടൻ നിറഞ്ഞു നിന്നതു കൊണ്ടാവാം അജിത്തേട്ടനെ കുറിച്ചോർക്കുമ്പോൾ തന്നെ ഉള്ളിൽ വെറുപ്പ് നിറഞ്ഞത് .
അവഗണനയുടെ പ്രഹരം ഹൃദയത്തിനു ഏൽപ്പിക്കുന്ന മുറിവ് മറ്റെന്തിനേക്കാളും വലിയതായി തോന്നിയത് കൊണ്ടും. നഷ്ടപെടലുകളുടെ വേദന ….ഓരോ നിമിഷത്തെയും കാർന്നു തിന്നുന്ന വേദന …..അത് അജിത്തേട്ടനെങ്കിലും ഉണ്ടാകാതിരിക്കുമല്ലോ എന്നോർത്തുമാണ് അജിത്തേട്ടനെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
കല്യാണും കഴിഞ്ഞു ഏഴ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു …. ഇന്നുവരെ എന്റെ കണ്ണുകൾ അജിത്തേട്ടൻ കാരണം നനഞ്ഞിട്ടില്ല ….ഓരോ ദിവസവും ആ സ്നേഹത്തിന്റെ ആഴം കൂടുകയാണ് ….ഒരുപാട് ഓർത്തിട്ടുണ്ട് വിനുവേട്ടന് പകരം അന്ന് അജിത്തേട്ടനെ സ്നേഹിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്നു …..
ഇതുവരെയും ആ മടിയിൽ ഒരു ഉണ്ണിയെ വച്ചുകൊടുക്കാൻ പറ്റിയില്ലല്ലോ എന്ന സങ്കടം മാത്രമേ ഒള്ളൂ ഇപ്പോൾ .കുറവ് എന്റേതാണെന്നു അറിയാം എന്നിട്ടും ഒരു വാക്കുകൊണ്ടുപോലും നോവിച്ചിട്ടില്ല.
“ ഇതെന്താണ് പൊന്നെ ….നിനക്ക് ഞാനില്ലേ ….എനിക്ക് നീയും ….”
പത്രങ്ങൾ കഴുകുന്നതിനിടയിൽ ഒഴുകിയിറങ്ങുന്ന കണ്ണീരു പുറം കൈകൊണ്ടു തുടച്ചുകൊണ്ട് അവളോർത്തു.
ഈ കാര്യം പറഞ്ഞു കണ്ണു നിറയുമ്പോൾ തന്നെ ചേർത്തു നിർത്തി അജിത്തേട്ടൻ എപ്പോളും പറയും .
“നമ്മുടെ മക്കളേ അങ്ങ് കെട്ടിച്ചു വിട്ടെന്ന് ഓർത്താൽ മതി …പിന്നെ നമ്മൾ ഇങ്ങനല്ലേ ജീവിക്കുക “.
അജിത്തേട്ടന്റെ നെഞ്ചിൽ ചേർത്തു നിർത്തി തലയിൽ തടവി ആശ്വസിക്കുമ്പോൾ ഇനി എത്ര ജൻമം ഉണ്ടങ്കിലും അജിത്തേട്ടന്റെ കൂടെ മാത്രം എന്ന് ഓർക്കും .
എന്നിട്ടും ………ഫേസ്ബുക്കിൽ വിനുവേട്ടന്റെ ഒരു മെസ്സേജ് കണ്ടപ്പോൾ മനസ്സ് പണ്ടത്തെ പതിനാറു കാരിയിലേക്ക് പിന്തിരിഞ്ഞു ഓടിയതെന്തിനാണ് ?
മനസ്സ് പലവട്ടം വിലക്കിയതാണ് എന്നിട്ടും ഇടക്കൊക്കെ ഉള്ളിൽ നീറിപ്പുകയുന്ന ആ ചോദ്യം ….ആ കനലൊന്നണക്കുവാൻ ആഗ്രഹിച്ചു ചോദിച്ചതാണ്.
“എന്തിനാണ് എന്നേ മറന്നിട്ടു പോയത് ….?”ഉടൻ തന്നെ മറുപടി വന്നു
“നിന്നെ ഞാൻ മറന്നിട്ടേ ഇല്ല ….എന്റെ കരിയറിലെ മുന്നോട്ടുള്ള കുതിപ്പിൽ ചിലതൊക്കെ നഷ്ടമായി ….എന്റെ ഭാര്യ മിഷേൽ ….അറിയാമല്ലോ മുംബൈയിൽ നിന്നുമാണ്.അവളുടെ ഡാഡി എന്നെ കുറേ സഹായിച്ചിട്ടുണ്ട് .ഇന്ന് ഞാൻ ഇത്രയും വല്യ ഒരു പോസ്റ്റിൽ എത്തിയത് അവളുടെ ഡാഡി കാരണമാണ് ആ കടപ്പാടിൽ അവൾക്കു എന്നോടുള്ള പ്രണയം എനിക്ക് കാണാതിരിക്കാൻ കഴിഞ്ഞില്ല .
എന്നാലും നിന്നെ ഞാൻ മറന്നിട്ടില്ല.നിന്നെ ഞാൻ ഇപ്പോളും സ്നേഹിക്കുന്നു .ഒരിക്കൽ എനിക്ക് നിന്നെ ഉപേഷിക്കേണ്ടതായി വന്നു ….ക്ഷമ ചോദിക്കുന്നു …..ഇനി എന്നെ നീ ഉപേക്ഷിച്ചു പോകരുത് ….നഷ്ടപ്പെട്ട നമ്മുടെ ബന്ധം നമുക്ക് തിരിച്ചു കിട്ടിയതുപോലെ .ആർക്കും ബുദ്ധിമുട്ടില്ലാതെ നമുക്ക് ഈ ബന്ധം തുടരാം .ഇപ്പോൾ ഞാൻ ഇവിടെയും സ്വന്തമായി കുറച്ചു ബിസിനെസ്സുകൾ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തമ്മിൽ കാണുവാനും ബുദ്ധിമുട്ടില്ല .നിനക്ക് എന്തു ആവിശ്യം ഉണ്ടെങ്കിലും എന്നോട് പറയാം.നീ ഇപ്പോളും അതിസുന്ദരി തന്നേ.ഒരു നഷ്ട ബോധം ഉണ്ട് “.
ഒരിക്കൽ വിനുവേട്ടൻ എഴുതുന്ന വരികളൊക്കെ കണ്ണാൽ കവർന്നു മനസ്സിൽ ഒരു മണിമുത്തു മാല പോലെ സൂക്ഷിച്ചിരുന്നു .ഇടക്കൊക്കെ അതെടുത്തണിഞ്ഞു എത്രയോ വട്ടം മനസ്സ് ആനന്ദനൃത്തം ആടിയിരുന്നു.
ഇപ്പോൾ ആ വരികളിലൂടെ നീങ്ങുമ്പോൾ കണ്ണുകൾ സങ്കോജിച്ചു വെറുപ്പുതുപ്പുന്നതു പോലെ.
വിനുവേട്ടന് മറുപടി എഴുതണം .അയാൾ ഓൺലൈനിൽ ഇല്ലെങ്കിലും തന്റെ കൈകൾ സാരിത്തലപ്പിൽ തുടച്ചു കൊണ്ടു അവൾ മെസ്സേജ് ടൈപ്പ് ചെയ്യാൻ തുടങ്ങി
” വിനുവേട്ടൻ എന്നെക്കുറിച്ചു എന്താണ് കരുതിയത് . ഒരു പക്ഷേ നിങ്ങളുടെ സമ്പത്തും അധികാരവും കണ്ടു എന്തിനും വഴങ്ങിത്തരുന്ന പെണ്ണുങ്ങളുടെ കൂട്ടത്തിൽ എന്നെ കാണരുത് .
എന്താണ് എന്റെ ഭർത്താവിൽ നിന്നും കൂടുതലായി വിനുവേട്ടന് എനിക്ക് തരാൻ കഴിയുന്നത് ?പട്ടു മെത്തയോ….. ? എന്റെ ഭർത്താവിന്റ അധ്വാനത്തിൽ മേടിച്ച ഈ പരുപരുത്ത മെത്തയിൽ കിടക്കുമ്പോളുള്ള സുഖവും സംതൃപ്തിയും ഒന്നും ആ പട്ടുമെത്തക്കു തരാനാകില്ല വിനുവേട്ടാ ….
പകരം കുറ്റബോധത്തിന്റെ കൂരമ്പുകൾ …. അത്രമാത്രം ഞാൻ തരം താണവൾ അല്ല .
പിന്നേ വിനുവേട്ടന്റെ എ . സി റൂമിന്റെ തണുപ്പിനേക്കാൾ എനിക്കിഷ്ടം എനിക്കു വേണ്ടി വിയർപ്പൊഴുക്കുന്ന എന്റെ ഭർത്താവിന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്ന ഞങ്ങളുടെ ഈ കൊച്ചുമുറിയുടെ മണം തന്നെയാണ് .
ഞാനും ഒരു സാധാരണ പെണ്ണാണ് ഒരിക്കൽ സ്നേഹിച്ച ആൾ ഒന്നും പറയാതെ ഉപേക്ഷിച്ചു പോയത് എന്തിനാണെന്ന് അറിയാനുള്ള ഒരു തേങ്ങൽ ഉള്ളിൽ ഉണ്ടായിരുന്നു . ഇപ്പോൾ മറുപടികിട്ടി ….
ഒരിക്കൽ നിങ്ങളെ എനിക്ക് നഷ്ടമായപ്പോൾ ഞാൻ ഈശ്വരനോട് ഒരുപാടു പരാതി പറഞ്ഞിട്ടുണ്ട് ഇപ്പോൾ ഒരുപാട് നന്ദി പറയുന്നു……ഇത്രയും വിലകെട്ട ചിന്തകളുള്ള ഒരാളുടെ ഭാര്യ ആകേണ്ടി വന്നില്ലല്ലോ.
വിനുവേട്ടന്റെ ഭാര്യയോട് ഇത്തരത്തിൽ പെരുമാറുന്ന ഒരാളോട് വിനുവേട്ടന് എന്തു തോന്നും ?ആ മനോഭാവം തന്നെയാണ് എനിക്കും ഇപ്പോൾ വിനുവേട്ടനോട് തോന്നുന്നത് .
എനിക്കിനി ഒന്നും വിനുവേട്ടനോട് ചോദിക്കുവാനില്ല …….വിനുവേട്ടനിൽ നിന്നു കേൾക്കുവാനും .
ഇത്തരത്തിലുള്ള ഒരു തരം താണ സൗഹർദം എനിക്ക് ആവിശ്യമില്ല .സഭ്യതയുടെ അതിർവരമ്പുകൾ ഒന്നും ഞാൻ ലംഘച്ചിട്ടില്ലന്നു വിശ്വസിക്കുന്നു…നിർത്തുന്നു…..ഞാൻ വീണ അജിത് .”
അടുക്കളയിലേക്ക് നടക്കുമ്പോൾ മനസ്സിൽ നിന്നും ഒരു വലിയ ഭാരം ഇറങ്ങിപോയതുപോലേ അവൾക്കു തോന്നി .
മൊബൈൽ അടിക്കുന്ന ശബ്ദം കേട്ട് അവളോർത്തു
അജിത്തേട്ടനായിരിക്കും .പതിവുള്ളതാണ് ഈ സമയത്തെ വിളി.
മൊബൈൽ എടുക്കുവാനായി ടേബിളിനടുത്തേക്കു ഓടിവന്നപ്പോൾ അവൾക്കു തലകറങ്ങുന്നതുപോലേ തോന്നി . പതിയെ ടേബിളിൽ പിടിച്ചു തല ഉയർത്തി നോക്കുമ്പോൾ മുൻപിൽ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന കലണ്ടറിൽ ചുവപ്പുവട്ടം വരച്ചിരിക്കുന്ന ദിവസം കടന്നിരിക്കുന്നതു വിശ്വസിക്കുവാനാവാതെ കൈകൾ പെട്ടെന്ന് വയറിലേക്കു നീണ്ടു .മനസ്സിൽ ഒരായിരം പൂക്കൾ ഒന്നിച്ചു വിടർന്ന പോലെ ….
മൊബൈലിൽ നിന്നും “വീണേ ….പെണ്ണേ ” എന്നുള്ള അജിത്തേട്ടന്റെ സ്നേഹപൂർവമുള്ള വിളിക്കു സന്തോഷം കൊണ്ടു നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ കൊണ്ടു അപ്പോൾ അവൾ മറുപടി പറയുന്നുണ്ടായിരുന്നു…..