വീഡിയോ കോൾ ആയിരുന്നത് കൊണ്ട് തന്നെ കണ്ണുകളിലെ പിടപ്പ് പെട്ടെന്ന് മനസിലാക്കിയെടുക്കുകയും ചെയ്തു…

പ്രിയപ്പെട്ടവൻ – രചന: ദിവ്യ കശ്യപ്

“ഡീ ഇങ്ങോട്ട് കയറിക്കിടക്ക്… “

ആ വാക്കുകൾ കേട്ടിട്ടും ഞാൻ ആ വലിയ ഫാമിലി കോട്ടിന്റെ ഓരത്ത് ഒതുങ്ങിക്കിടന്നതേയുള്ളൂ…. ഉള്ള് നിറച്ച് പരിഭവവുമായി….

“ദേവൂട്ടി….. “

ആ വിളിയിലെ ഗൗരവം അറിഞ്ഞതും ഒന്നും മിണ്ടാതെ തിരിഞ്ഞു ആ വിടർത്തി വെച്ച കൈകൾക്കുള്ളിലേക്ക് പതിയെ മുഖം ചേർത്ത് വെച്ചു…

വലിച്ചു നെഞ്ചിലേക്കിട്ടുകൊണ്ട് മറുകൈ കൊണ്ട് കൂടി എന്നെ പൊതിഞ്ഞു പിടിച്ചു…

നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു… ശബ്ദവും ശ്വാസവും അടക്കിപ്പിടിച്ചിരുന്നുവെങ്കിലും കണ്ണുകൾ മാത്രം അനുസരണയില്ലാതെ പെയ്തുകൊണ്ട് ആ ബ്ലാക്ക് ടീഷർട്ട് നനച്ചുകൊണ്ടിരുന്നു…. എഴുന്നു വന്ന ഓരോ ഏങ്ങലടികളെയും ഞാൻ വിദഗ്ധമായി നിശബ്ദതയുടെ താഴ്വാരത്ത് ഒളിപ്പിച്ചുകൊണ്ടിരുന്നു….

ടിഷർട്ടിലെ കണ്ണുനീർ നനവ് നെഞ്ചിൽ തൊട്ടപ്പോഴാവണം ആ കൈകൾ ഒന്നുകൂടി എന്നിൽ വരിഞ്ഞുമുറുകിയത്…

അപ്പോൾ തന്നെ ഒരു ചുടു അധരസ്പർശം എന്റെ നെറുകിൽ ഞാൻ കൊണ്ടറിഞ്ഞു…

നെറുകയിൽ ചാർത്തിയ ആ കരുതലിനും എന്റെ കണ്ണുനീരിനെ തടയാൻ കഴിയാത്തതിനാലാവണം ചരിച്ചു വശത്തേക്ക് കിടത്തി ആളും ചരിഞ്ഞും കിടന്നത്…

നെറ്റിയിലേക്ക് പാറിവീണു കിടന്നിരുന്ന മുടിയിഴകൾ മാടിയൊതുക്കി വെച്ചു കൊണ്ട് പറഞ്ഞു…

“വിഷമിക്കാതെ… എല്ലാം അതിന്റെ സമയത്ത് തന്നെ നടക്കും… ഏതിനും ഭഗവാൻ കൽപ്പിക്കുന്നൊരു നേരമുണ്ട്.. ആ നേരമാകുമ്പോൾ എനിക്കും തോന്നും ന്റെ ദേവൂട്ടിയുടെ സങ്കടം മാറ്റാൻ…”ചെറുചിരിയോടെ കളിയായി ആണ് പറഞ്ഞതെങ്കിലും ആ വാക്കുകൾക്കിടയിൽ എവിടൊക്കെയോ ഒരു മൗനമായ തേങ്ങൽ ഒളിഞ്ഞിരിക്കുന്നതായി തോന്നി…

ആ കൈവിരലുകൾ എന്റെ കവിളിൽ ഓടിച്ചുകൊണ്ട്.. എന്റെ തന്നെ കണ്ണിലേക്കു നോക്കിയാണ് ആളുടെ കിടപ്പെങ്കിലും മറ്റെന്തോ ആ ഉള്ളിൽ തിരയിളക്കം സൃഷ്ടിക്കുന്നുണ്ടെന്നു ഉറപ്പായിരുന്നു…

എന്നിൽ നിന്നു ദൃഷ്ടി മാറ്റി മറ്റെങ്ങോ നോക്കിപ്പറഞ്ഞു…

“തരാം ഞാൻ… പക്ഷെ….. “

പെട്ടെന്ന് എന്റെ നെഞ്ചിലേക്ക് നോക്കി അവിടെ ചൂണ്ടുവിരൽ ഒന്നമർത്തികൊണ്ടുപറഞ്ഞു….

“ഇവിടെ… ഈ ഹൃദയത്തിന്റെ ഒത്തനടുക്ക് വെച്ചിട്ടുള്ള ആളെ അവിടെ നിന്നും പൂർണ്ണമായി ഒഴിവാക്കി വിടണം… അപ്പോൾ… അപ്പോൾ…. മാത്രമേ … ന്റെ ദേവൂട്ടി മുഴുവനായും എന്റെയാവൂ…”

ചെറിയ ശബ്ദത്തിൽ കണ്ണിറുക്കി ചിരിച്ചുകൊണ്ട് നിവർന്നു കിടന്നയാളെ നോക്കാൻ എന്ത് കൊണ്ടോ എനിക്ക് ഭയം തോന്നി….

ആ വാക്കുകൾ കേട്ടപ്പോൾ ഉണ്ടായ വിറയലിൽ നിന്നും മുക്തയായപ്പോൾ ഞാൻ പതിയെ കണ്ണുകളുയർത്തി ആ മുഖത്തേക്ക് നോക്കി….

അടഞ്ഞിരിക്കുന്ന ആ കൺപോളകൾക്കിടയിൽ പൊഴിയാൻ കാത്തു നിൽക്കുന്ന ഒരു നീർമണി വീണ്ടുമെന്നെ… ഞാനെന്ന പെണ്ണിനെ…ഒരിക്കൽക്കൂടി കരയിച്ചു….

❤️❤️❤️

കല്യാണം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞപ്പോൾ തന്നെ കാണുന്നവരൊക്കെ ചോദിക്കാൻ തുടങ്ങി… “ദേവൂന് വിശേഷമൊന്നും ആയില്ലേ…? “

ഒരീസം എന്നോട് നേരിട്ട് ചോദിച്ച ബാലുവേട്ടന്റെ അമ്മായിയോട് എന്താ മറുപടി പറയേണ്ടതെന്നറിയാതെ നിന്ന എന്നെ അകമുറിയിൽ നിന്നു ബാലുവേട്ടൻ കാണുന്നുണ്ടായിരുന്നു….

അച്ഛന്റെ ബന്ധുവിന്റെ മോളുടെ കല്യാണത്തിന് പോകാനായി വീട്ടിലെത്തിയ എന്നെ മാറ്റി നിർത്തി അമ്മയും ചോദിച്ചു…”എന്തേ…. ഇപ്പൊ വേണ്ടെന്നാണോ രണ്ടാൾക്കും….? “

അമ്മയോടെന്തോ പറഞ്ഞൊഴിഞ്ഞെങ്കിലും ഉറഞ്ഞുകൂടിയ കണ്ണീരുമായി മുഖമുയർത്തി നോക്കിയത് ബാലുവേട്ടന്റെ മുഖത്തേക്കാണ്…

അലിവ് നിറഞ്ഞ മുഖത്ത് പെട്ടെന്നൊരു കുസൃതി ചിരി വരുത്തി എന്റെ നെഞ്ചിൽ ചൂണ്ട് വിരൽ കുത്തി അപ്പോഴും ചോദിച്ചു…

“എന്തേ… ആളെ ഇറക്കിവിട്ടോ ഇവിടുന്ന്‌…? “

ദേഷ്യം കൊണ്ടെന്റെ മൂക്ക് ചുവന്നു….

എങ്ങുന്നോ അലച്ചുകുത്തി വന്ന സങ്കടം പെയ്തു തീർക്കാനായി ആരും കാണാതെ മുറിയുടെ ചുവരിനോട് ചേർന്ന് നിന്നു കരഞ്ഞപ്പോൾ ഇടുപ്പിൽ ചുറ്റി ദേഹത്തോട് വരിഞ്ഞു മുറുക്കി പിൻകഴുത്തിനെ മറച്ചു കിടന്ന ഇടതൂർന്ന മുടി ഒതുക്കി മാറ്റി നഗ്നമായ കഴുത്തിൽ ഗാഡമായി ചുംബിച്ചു കൊണ്ട് ചെവിയോരം വന്നു മെല്ലെ പറഞ്ഞു ബാലുവേട്ടൻ….

“നീയെന്റെ പ്രാണനാണ് പെണ്ണെ… എനിക്ക് നിന്നോട് അടങ്ങാത്ത പ്രണയമാണ്.. പക്ഷെ അതേ പ്രണയം അതിന്റെ പൂർണ്ണതയിൽ എനിക്ക് തിരിച്ചു വേണം…. മറ്റൊന്നും മനസിലില്ലാതെ… ഈ ബാലുവേട്ടനോടുള്ള പ്രണയം മാത്രമേ …. ഇവിടെ പാടുള്ളൂ….. “വീണ്ടും ചൂണ്ടു വിരലിനാൽ എന്റെ നെഞ്ചിൽ തൊട്ടു…

കല്യാണം ഉറപ്പിച്ചതിനു ശേഷമുള്ള നിത്യേനയുള്ള ഫോൺ വിളികളിൽ ഒന്നും പറയാനില്ലാതെ വിമുഖത കാട്ടി നിന്നിരുന്ന എന്നോട് ചിരിച്ചുകൊണ്ടാണ് അന്ന് ബാലുവേട്ടൻ ചോദിച്ചത്…. “ഒരു നഷ്ട പ്രണയം ഇവിടെ മണക്കുന്നുണ്ടല്ലോ എന്ന്… “വീഡിയോ കോൾ ആയിരുന്നത് കൊണ്ട് തന്നെ കണ്ണുകളിലെ പിടപ്പ് പെട്ടെന്ന് മനസിലാക്കിയെടുക്കുകയും ചെയ്തു…

ആവർത്തിച്ചുള്ള പതിഞ്ഞ ചോദ്യത്തിന് കുറച്ചു നാളായി ഉള്ളിൽ കുഴിച്ചു മൂടിയ ആ ഏഴു വർഷത്തെ പ്രണയത്തെ കുറിച്ച് അറിയാതെ പറഞ്ഞു പോയി… പറയുകയായിരുന്നില്ല ..കരയുകയായിരുന്നു..

പ്ലസ് ടു വിൽ തുടങ്ങി പിജി വരെ… അല്ലെങ്കിൽ കല്യാണാലോചന വരെയെത്തിയ വിരൽത്തുമ്പിൽ പോലും തൊടാത്ത ആ പവിത്ര പ്രണയത്തെ കുറിച്ച്…
പ്രണയത്താൽ മുറിവേറ്റ് നിന്നിരുന്ന..വിരഹത്താൽ വെന്തുനീറി നിന്നിരുന്ന എന്നെ അന്ന് എന്തൊക്കെയോ പറഞ്ഞു ആൾ ആശ്വസിപ്പിച്ചു….

ജാതിയുടെയും ജാതക ചേർച്ചയുടെയും ബന്ധുബലത്തിന്റെയും കുറവുകൾ നിരത്തിക്കാട്ടി ഈ ഇഷ്ടം തിരസ്കരിക്കാൻ അച്ഛൻ അപേക്ഷിച്ചപ്പോൾ പൊള്ളിയടരുന്ന ഹൃദയവുമായി എരിഞ്ഞുരുകി നിൽക്കാനേ ഈ അച്ഛൻ മകൾക്കായുള്ളൂ…..

❤️❤️❤️

“ബാലുവേട്ടാ…എന്റൊപ്പം മഹാദേവന്റെ അമ്പലത്തിൽ വരുവോ…? ഇവിടെ അടുത്താ.. “

ഒരു നീല ഷർട്ടിട്ടുകൊണ്ട് ഇറങ്ങിയ ആൾ പെട്ടെന്ന് എന്നെയൊന്നു നോക്കിയിട്ട് എന്റെ കറുത്ത കരയുള്ള കസവു സാരിക്ക് മാച്ച് ആകുന്ന കറുപ്പ് ഷർട്ടും കറുപ്പ് കരയുള്ള മുണ്ടും ഇട്ടുകൊണ്ട് വരുന്നത് കണ്ടു ഞാൻ കണ്ണിമ വെട്ടാതെ ആളെ കുറച്ചു നേരം നോക്കി നിന്നു പോയി…

ദേവന്റെ നടക്കൽ സങ്കടങ്ങളുടെ കൂമ്പാരങ്ങൾ അത്രയും ഇറക്കി വെച്ചു.. കൂവളമാല ചാർത്തിയും, എരിക്കിന് പൂക്കൾ നടയിൽ വെച്ചും, പുറകുവിളക്ക് കത്തിച്ചും, നന്ദികേശന്റെ ചെവിയിൽ ദേവനോടുള്ള അപേക്ഷ പറഞ്ഞേല്പിച്ചും ആ നടക്കൽ നിന്നു വിട്ടു പോരാനാവാതെ നിറകണ്ണോടെ ദേവന്റെ തൃക്കണ്ണുകളിലേക്കും നോക്കി നിന്നപ്പോൾ ബാലുവേട്ടനാണ് വന്നു തൊട്ടുണർത്തിയത്…..

“കണ്ണ് നിറയ്ക്കാതെ പെണ്ണെ… “എന്ന് ചെവിയോരം പറഞ്ഞപ്പോൾ തിരുമേനി കയ്യിൽ തന്ന ഇലച്ചീന്തിലെ കളഭത്തോടൊപ്പമുള്ള പുഷ്പങ്ങൾ കാണാനുള്ള തിടുക്കമായിരുന്നു മനസ്സിൽ….

പ്രസാദമായി കിട്ടുന്ന പുഷ്പങ്ങൾ അത്രയും വെളുത്ത നിറമാണെങ്കിൽ പ്രാർത്ഥിച്ച കാര്യം സഫലമാകുമെന്നാണ് വിശ്വാസം…

തുടി കൊട്ടുന്ന മനസ്സോടെ ഇലച്ചീന്ത് തുറന്നു നോക്കിയപ്പോൾ കണ്ടു…. ഇലയിലത്രയും മുല്ലപ്പൂക്കളും നന്ദ്യാർവട്ടവും വെളുത്ത ശംഖ്‌പുഷ്പങ്ങളും മാത്രം….

കണ്ണിൽ പ്രണയം നിറച്ചു എന്റെ പ്രിയപ്പെട്ടവനെ നോക്കിയപ്പോൾ ആ നോട്ടം താങ്ങാനാവാതെയെന്നോണം ആൾ നോട്ടം മാറ്റിക്കളഞ്ഞു….

അമ്പലത്തിൽ നിന്നും തിരികെ വന്നപ്പോൾ കല്യാണത്തിന് പോകാൻ തയ്യാറായിക്കൊണ്ടിരുന്ന അച്ഛനോടും അമ്മയോടും ബാലുവേട്ടൻ തന്നെയാണ് ഞങ്ങൾ റിസപ്‌ഷന് കൂടിക്കോളാം..ഇപ്പൊ വരുന്നില്ല.. എന്ന് പറഞ്ഞത്…..

അടുക്കളയിൽ എന്നെ ചുറ്റിപ്പറ്റി നിന്നയാൾ ഇടയ്ക്കെപ്പോഴോ വന്നു അരയിലൂടെ കൈചുറ്റി മുഖം കഴുത്തിൽ പൂഴ്ത്തികൊണ്ട് … “അന്ന് ഫസ്റ്റ് ഇയർ Bsc physics ന് SD കോളേജിൽ ചേർന്നപ്പോൾ സീനിയേർസ് റാഗ് ചെയ്യാൻ വന്ന നേരം അവർക്കു പാടിക്കൊടുത്ത “ഇത്തിരിപ്പൂവിന്റെ കൈക്കുമ്പിളിൽ വീണ മുത്തേ മണിമുത്തേ.. “എന്ന പാട്ട് ഇപ്പൊ ഒന്ന് പാടിത്തരുവോ “എന്ന് ചോദിച്ചപ്പോൾ ഞെട്ടിയത് ഞാനാണ്….

ഞാനവിടെ ഡിഗ്രിക്ക് ചേർന്നപ്പോൾ പിജി രണ്ടാംവർഷം അവിടെ ഉണ്ടായിരുന്നു എന്നും അന്നേ നിന്നെ മനസ്സിൽ പതിച്ചു വെച്ചതാണെന്നും മറ്റൊരിഷ്ടം ഉണ്ടെന്നറിഞ്ഞിട്ടും വിട്ടുകളയാൻ കഴിയാതിരുന്നത് അത്രമേൽ പ്രണയം നെഞ്ചിൽ നിറഞ്ഞിരുന്നത് കൊണ്ടാണെന്നും പറയുമ്പോൾ ആ കണ്ണിൽ നിന്നും പൊഴിഞ്ഞ ഒരു നീർതുള്ളി എന്റെ നെഞ്ചിൽ തട്ടിയാണ് താഴേക്കു വീണത്…

ഒരുപാട് നേരം എന്റെ മൂർദ്ധാവിൽ നുകർന്നു അവിടെ തന്നെ നിന്നു ആൾ….

എന്റെ മനസിന്റെ മറുപടി രാവിലെ അമ്പലത്തിൽ നിന്നു കിട്ടിയ വെളുത്ത പുഷ്പങ്ങൾ എത്രയോ മുൻപ് എന്നോട് പറഞ്ഞു കഴിഞ്ഞിരുന്നു….

അന്ന് ഞാനറിഞ്ഞു എന്റെ പ്രിയപ്പെട്ടവന്റെ പ്രണയചൂടിൽ പെയ്തിറങ്ങിയ മഴവില്ലിന്റെ വിവിധ നിറങ്ങൾ…

നാലുവർഷങ്ങൾക്കിപ്പുറം എന്റെ പരിഭവങ്ങൾക്കുള്ള സമ്മാനമായി ബാലുവേട്ടൻ എനിക്ക് നൽകിയ ഞങ്ങളുടെ കാശൂട്ടനുമായി ഞങ്ങളുടെ പ്രണയം അതിന്റെ പൂർണ്ണതയിൽ എത്തിനിൽക്കുമ്പോഴും ഹൃദയത്തിന്റെ ഒത്തനടുക്ക് നിന്നും മാറ്റിനിർത്തപ്പെട്ട ആ ആളുടെ ഏകാന്തജീവിതം ചിലപ്പോഴെങ്കിലും എന്റെ കണ്ണിനെ ഈറനണിയിക്കുന്നു…..

ആ ആളിന്റെ വലം കയ്യിൽ മറ്റൊരു പെൺകുട്ടിയുടെ ഇടം കൈ ചേരും വരെയും ഹൃദയത്തിന്റെ ഒത്തനടുക്കല്ലെങ്കിലും ഏതെങ്കിലും ഒരു കോണിൽ ഒരു നീറ്റലുണ്ടാവുമെന്ന് ഉറപ്പായ കാര്യമാണ്…

ചെരേണ്ടത് തമ്മിലെ ചേരൂ എന്ന പഴമൊഴി നിലനിൽക്കുകിലും… മനസിന്റെ മുറിവിൽ നിന്നുരുകി വീഴുന്ന നഷ്ട പ്രണയത്തിന്റെ നീറ്റൽ നെഞ്ചുരുക്കുന്നു….

എങ്കിലും….. എന്റെ മുഖമൊന്നു വാടുമ്പോൾ സ്നേഹവും കരുതലും പ്രണയവുമായി എന്നെ സന്തോഷിപ്പിക്കാൻ ഓടിയെത്തുന്ന എന്റെ പ്രിയപ്പെട്ടവനോടാണ് ഇന്നെന്റെ പ്രണയം മുഴുവൻ….. ഈ മിഴികളിലെ പ്രണയമായി … ഈ നെഞ്ചിലെ ശ്വാസമായി… ഈ ഹൃദയത്തിന്റെ മിടിപ്പായി എന്നുമുണ്ടാവും എന്റെ പ്രിയപ്പെട്ടവൻ…… ❤️

🥰With Luv….. DK💕