രചന: ശിവൻ മണ്ണയം
“കണ്ണിക്കണ്ട പെണ്ണുങ്ങള് കുളിക്കണതും ഒളിഞ്ഞു നോക്കിയിട്ട് വന്നിരിക്കുന്നു കാമ പ്രാന്തൻ…!”
ആരാണിത് എന്നോട് പറഞ്ഞത്? സ്വന്തം ഭാര്യ!
ഒരു മൺവെട്ടി ഉണ്ടായിരുന്നെങ്കിൽ കുഴിച്ച് കുഴിച്ച് പാതാളത്തിലേക്ക് ഇറങ്ങി പോകാമായിരുന്നു എന്ന് വേദനയോടെ ഞാൻ ചിന്തിച്ചു. ദൈവം എന്നെ മുകളിലേക്ക് അപ്പോ വിളിച്ചിരുന്നെങ്കിൽ ഡ്രസ് പോലും എടുക്കാതെ ഞാൻ ഓടിച്ചെന്നേനെ. ആത്മാഭിമാനം മുറിപ്പെട്ട ഞാൻ ഒരു കണ്ടൻ പൂച്ചയെപ്പോലെ കാറി കാറി കരഞ്ഞുപോയി.
ഭാര്യ തലമുടിയും പിരുത്തിട്ട് ഭദ്രകാളിയെപ്പോലെ തുള്ളുകയാണ്. ഞാൻ പറയുന്നതൊന്നും അവളുടെ കാതിലേക്ക് കേറുന്നില്ല. താൻ പിടിച്ച ഏതോ ഒരു ജീവിക്ക് മൂന്ന് കൊമ്പ് എന്ന മട്ടിൽ അലറുകയാണവൾ. സ്വന്തം ഭർത്താവ് ഏങ്ങിയേങ്ങി കരയുന്ന കണ്ടിട്ടും അവളുടെ ഹൃദയം അലിയുന്നില്ല എന്ന സത്യം ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു.ഭാര്യ കത്തി തിരയാൻ അടുക്കളയിലേക്ക് പോയ തക്കം നോക്കി ഞാൻ എടുത്ത് പുറത്തേക്ക് ചാടി, മുന്നോട്ട് ഓടി. എന്റെ നിഷ്കളങ്കത തിരിച്ചറിയാനാകാത്ത ഇവളോട് ഇനി യാതൊരു ബന്ധവും വേണ്ട.. !! കത്തിയെടുക്കാൻ പോയിരിക്കുന്നു… പിന്നേ, നിനക്ക് വെട്ടിക്കൊല്ലാനല്ലേ എന്നെ എന്റെ അമ്മ പെറ്റത്!
മതിലിന് പുറത്തെത്തി ആഞ്ഞ് വലിച്ചു നടക്കുന്നതിനിടയിൽ ചില പെണ്ണുങ്ങൾ കുളിമുറി നിരീക്ഷകാ എന്ന് നീട്ടി വിളിച്ചു. ചില ഫ്രീക്കൻമാർ ബാത്റൂം ബ്രോ.. പോണാ ബ്രോ.. എന്ന് ഈണത്തിൽ വിളിച്ച് പാടി.ഞാൻ മറുപടിയൊന്നും പറയാൻ പോയില്ല, മുണ്ടു പൊക്കിക്കാണിച്ചു.പുതിയ അണ്ടർവെയർ, ചുവന്ന അണ്ടർവെയർ, എല്ലാരും കണ്ടോ..!
നേരെ കാറ്റാടി കുന്ന് കേറി അതിന്റെ മണ്ടയിലുള്ള കശുമാവിൻ തോട്ടത്തിലെത്തി. മണ്ടൻ കുന്ന് ഹിമാലയമാണെങ്കിൽ കാറ്റാടിക്കുന്ന് അതിലെ എവറസ്റ്റ് കൊടുമുടിയാണ്. ഉയർന്ന അതിവിജനമായ ഇടം, പണ്ട് വസൂരി വന്നവരെ ബന്ധുക്കൾ കൊണ്ട് തള്ളിയിട്ട് പോയിരുന്ന സ്ഥലം. അവിടെ അപ്പോൾ വസൂരി വന്ന് നരകിച്ച് ചത്തവരുടെ പ്രേതങ്ങളും, അണ്ടർവെയറില്ലാത്തതിനാൽ ഇച്ഛിച്ചി പുറത്ത് കാട്ടി നാണംകെട്ട് നില്ക്കുന്ന കശുമാങ്ങകൾ നിറഞ്ഞ കശുമാവുകളും പിന്നെ ഞാനും മാത്രം.
അവിടെ ഒരു പാറപ്പുറത്ത് ഇരുന്നു കൊണ്ട് ഞാൻ ചിന്തിച്ചു: എന്താണ് ഞാൻ ചെയ്ത തെറ്റ്? ഇത്രമാത്രം എന്നെ വേദനിപ്പിക്കാൻ എന്ത് ദ്രോഹമാണ് ഞാനെന്റെ പെണ്ണുമ്പുള്ളയോട് ചെയ്തത്?
ഞാനിനി നടന്ന കാര്യങ്ങൾ നിങ്ങളോട് പറയാം, നിങ്ങളെല്ലാം അറിയണം.
എനിക്ക് കള്ളൻമാരെ കണ്ടേ കൂട.. മോഷണം എന്ന് കേട്ടാൽ തന്നെ എന്റെ മുഖം കേറിയങ്ങ് ചൊമക്കും. ആ എന്നെ മോഷ്ടിക്കാൻ പ്രേരിപ്പിച്ചു, ആര്? എന്റെ ഭാര്യ! ഭാര്യ കൊല്ലാൻ ഓടിച്ചതുകൊണ്ട് ഞാനവളെ കുറിച്ച് അമ്പുഴുക്ക് പറയുകയാണെന്ന് കരുതരുതേ മാളോരെ.. സത്യമാണ് ഞാൻ പറയാൻ പോണത്.
അവൾക്ക് ചീരത്തൈ വേണമത്രേ, അത് സോഫിയയുടെ വീട്ടിലുണ്ട്. ഞാനത് പോയിമോഷ്ടിച്ചു കൊണ്ട് വരണമെന്ന് ഭാര്യ രാവിലെ എന്നോട് ഉത്തരവിട്ടു.ഭാര്യയുടെ ഉത്തരവല്ലേ, തിരുവായ്ക്ക് എതിർവായുണ്ടോ? കല്ലേപിളർക്കുന്ന കല്പനയാണ്, മറുത്ത് വല്ലതും പറഞ്ഞാൽ തല കാണില്ല.സത്യന്ധനും ഹരിശ്ചന്ദ്ര രാജാവിന്റെ ഫോളോവറുമായ ഞാൻ ആത്മനിന്ദയോടെ ചീരമോഷ്ടിക്കാനിറങ്ങി.
എന്തിനാ ചീരത്തൈ മോഷ്ടിക്കുന്നത്, സോഫിയ യോട് ചോദിച്ചാൽ പോരേ, അവൾ തരില്ലേ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. തരില്ല, എന്റെ ഭാര്യയും സോഫിയയും തമ്മിൽ കീരിയും പാമ്പുമാണ്. തനിക്ക് സൗന്ദര്യം കൂടിപ്പോയതുകൊണ്ട് സോഫിയക്ക് അസൂയ ആണെന്ന് എന്റെ ഭാര്യയും, തിരിച്ച് ഇതുപോലെയാണ് എന്റെ ഭാര്യക്ക് എന്ന് സോഫിയയും പറയുന്നുണ്ട്. സത്യം ദൈവത്തിനറിയാം! ഈ മൂധേവികളുടെ ഈഗോ കാരണം ഞാനാണ് പെട്ടിരിക്കുന്നത്. ഞാൻ ചീരത്തൈ മോഷ്ടിച്ചു എന്നറിഞ്ഞാൽ ,പരലോകത്തിരിക്കുന്ന എന്റ മാതാപിതാക്കൾ പിന്നെ ഒരു നിമിഷം ജീവിച്ചിരിക്കില്ല, ഹൃദയം പൊട്ടി ചാകും!
രാവിലെ ഒമ്പത് മണിക്ക് സോഫിയയും അവളുടെ ഭർത്താവ് ഡേവിഡും പ്രാർത്ഥന മുറിയിലായിരിക്കുമെന്നും അപ്പോൾ മോഷണം നടത്തിയാൽ അവർ അറിയില്ലെന്നും ഉള്ള ഇന്റലിജൻസ് റിപ്പോർട്ടിൻ പ്രകാരം ഒമ്പത് മണിക്ക് തന്നെ ഞാൻ സോഫിയയുടെ വീടിന്റെ പിറക് വശത്തെത്തി. ശ്രദ്ധയോടെ മതില് ചാടി പമ്മി പമ്മി നടന്നു. എന്റെ നെഞ്ച് ഇ ടിക്കുന്ന ശബ്ദം കേട്ട് എന്റ തന്നെ കാത് അടിച്ചു പോയി. ഭയങ്കര ടെൻഷൻ! ഞാൻ വിയർത്തു കുളിച്ചു.ഈ കള്ളൻമാരെയൊക്കെ സമ്മതിക്കണം…!
എവിടെ, ചീരത്തൈകൾ .. ഞാൻ കണ്ണുകൊണ്ട് നാല് പാടും തിരഞ്ഞു. ഹായ്.. ദോ നിക്കണ്, കുളിമുറിയുടെ അടുത്ത്! ഞാൻ അങ്ങോട്ടേക്ക് ഓടിച്ചെന്ന്.
അമ്മേ.. അമ്മേ..
ഒരു കരച്ചിൽ.ഞാൻ ഞെട്ടിത്തരിച്ചു നിന്നുപോയി. ആരോ അമ്മേ അമ്മേ എന്ന് വിളിച്ചു കരയുന്നു. ആരാണത്? സ്ത്രീശബ്ദമാണ്.കുളിമുറിയിൽ നിന്നാണ്. സോഫിയ ആണോ? ദൈവമേ സോഫിയക്ക് ഹാർട്ട് അറ്റാക്കാണോ? ഞാൻ വെപ്രാളത്തോടെ ഓടിച്ചെന്ന് കുളിമുറിയുടെ കതകിന്റ വിടവിലൂടെ അകത്തേക്ക് നോക്കി. ഒന്നും കാണാൻ പറ്റുന്നില്ല. ഷവർ പ്രവർത്തിക്കുന്നുണ്ട് എങ്കിലും അവളുടെ കരച്ചിൽ എനിക്ക് വ്യക്തമായ് കേൾക്കാം.
അമ്മേ…അമ്മേ…അമ്മേ……….
പാവം സോഫി, അവൾ അമ്മയെ വിളിച്ചു കരയുന്നു. നെഞ്ച് വേദനയെടുത്ത് പുളയുന്ന എന്റെ സോഫീ, നിന്നെ ഈ ഏട്ടൻ രക്ഷിക്കും…! എന്ന് മനസിലുറപ്പിച്ച് ഞാൻ വാതില് വലിച്ചു തുറക്കാൻ നോക്കി. എന്റെ ആരോഗ്യത്തിന് ആ വാതിലിനെ ഒന്നു നുള്ളി നോവിക്കാൻ പോലും സാധിച്ചില്ല. ഞാൻ വാതിലിനെ ചുമരിനോട് ഘടിപ്പിച്ചിരിക്കുന്ന കൊളുത്തിൽ ചവുട്ടി നിന്ന് അകത്തേക്ക് നോക്കാൻ ശ്രമിച്ചു.
ഡാ.. പോക്രീ… മാക്രിയുടെ ശബ്ദത്തിൽ പിന്നിൽ നിന്ന് ഒരലർച്ച! ആരാണത്? ഞാൻ തിരിഞ്ഞു നോക്കി. ഡേവിഡ്…!!സോഫിയയുടെ ഓണർ….! മൂം……G!!!
കുളിമുറിയിൽ എത്തിനോക്കുന്നോടാ ഞരമ്പേ… ഡേവിഡ് എന്നെ പൂണ്ടടങ്ങം പിടിച്ചു.
എടാ ഡേവിഡേ.. അകത്തൂന്ന് സോഫിയയുടെ കരച്ചിൽ കേട്ടു, അമ്മേ അമ്മേന്ന്.. അതാ ഞാൻ… ഞാനെന്റെ നിരപരാധിത്വം വ്യക്തമാക്കാൻ ശ്രമിച്ചു.
ഞാൻ കരഞ്ഞെന്നോ..? ബഹളം കേട്ട് ഇറങ്ങി വന്ന സോഫിയ ഞാൻ പറഞ്ഞതിനെ ഖണ്ഡിച്ചു: ഞാൻ കുളിക്കുകയായിരുന്നു ..
അമ്മേ.. അമ്മേ.. എന്ന് കരഞ്ഞില്ലേ .. ഞാൻ കരയും പോലായി.
ഞാൻ കരഞ്ഞെന്നോ..? സോഫിയ ധൃതിയിൽ വയലന്റായി : ഞാൻ പാടിയതാണ്, അമ്മേ അമ്മേ അടിയന് ദർശനം തരണേ.. എന്ന പാട്ട്! കുളിക്കണത് ഒളിച്ചു നോക്കിയതും പോരാഞ്ഞ് എന്റെ പാട്ടിനെ കളിയാക്കുകയും ചെയ്യുന്നോ? ഇച്ചായാ ഇവനെ പോലീസ് വന്നിട്ട് വിട്ടാ മതി..
പാടിയതെന്ന്… ഇതാണോ പാട്ട്! ഈ നശുലങ്ങളെല്ലാം ബ എന്തിനാണാവോ കുളിമുറിയിൽ കേറിയാലുടൻ പാടിത്തുടങ്ങണത്..! അല്ലെങ്കിൽ തന്നെ ഇവൾക്ക് പാടാൻ വേറൊരു പാട്ടും കിട്ടീലേ..? എന്നെ പിടിച്ചു വച്ചിരിക്കുന്നതിന് പകരം സ്വന്തം ഭാര്യയുടെ നാക്ക് വെട്ടുകയാണ് ഡേവിഡ് ചെയ്യേണ്ടിയിരുന്നത്.ഇവളിനി പാടരുത് ! പാടിയാൽ ഈ നാട് നശിക്കും, നാട്ടിലെ ചെറുപ്പക്കാർ നശിക്കും. ഇവിടെ ചോരപ്പുഴകളൊഴുകും..! ഞാനിത്രയും മനസിൽ പറഞ്ഞതും ഡേവിഡും ഡേവിഡിന്റെ അപ്പനും കുടെ എന്നെ കുളിമുറിയുടെ അടുത്തുള്ള മാവിൽ കെട്ടിയിട്ടു.മാവിലാണെങ്കിൽ നിറച്ചും ഉറുമ്പ്..!ഉറുമ്പുകൾക്ക് എന്നോടെന്തോ മുൻ വൈരാഗ്യമുണ്ടായിരിക്കണം, ഒരു കാരണവുമില്ലാതെ അവറ്റകൾ എന്നെ അറഞ്ചം പുറഞ്ചം കടിച്ചു!
കാഴ്ച കാണാൻ ആള് കൂടി,പാട്ടിനെ കളിയാക്കിയതിന്റെ പേരിലാകണം പോലീസിനെ വിളിക്കണം എന്ന് സോഫിയ ആവർത്തിച്ചാവശ്യപ്പെട്ടു.
കൂടിയ ആൾക്കാരിൽ, കുളിമുറികളിൽ ഒളിഞ്ഞു നോക്കി പാരമ്പര്യവും തറവാടിത്തവുമുള്ള ഒരു പാടുണ്ടായിരുന്നു. അവരുടെ മധ്യസ്ഥ ശ്രമങ്ങളുടെ ഫലമായി ഡേവിഡ് ഒരു താക്കീത് തന്ന് എന്നെ വിട്ടയച്ചു.തല മണ്ണിൽ തൊട്ടാണ് ഞാനവിടെ നിന്ന് നടന്ന് നീങ്ങിയത്.ആര് മനസിലാക്കിയില്ലെങ്കിലും എന്റെ ഭാര്യ എന്നെ മനസിലാക്കുമെന്ന് വിചാരിച്ചാണ് വീട്ടിലേക്ക് ചെന്ന് കയറിയത്. പക്ഷേ നിങ്ങൾ കണ്ടല്ലോ, മരണത്തിൽ നിന്ന് കഷ്ടിച്ചാണ് അവിടെ നിന്നും ഞാൻ രക്ഷപ്പെട്ടോടിയത്.ഭാര്യ യാണ് എന്നെയീ കുഴിയിലേക്ക് തള്ളിയിട്ടത്, അവസാനം ഞാൻ മാത്രം കുറ്റക്കാരൻ….. ഓർക്കുമ്പോൾ കണ്ണ് നിറഞ്ഞു പോവുകയാണ്… ഹൊ ഗോഡ്!.. എത്ര ദയനീയമാണ് എന്റെ കാര്യം!
ഈ പറങ്കിമാവിൻ തോട്ടത്തിൽ അഭിമാനത്തിനേറ്റ പറങ്കിപ്പുണ്ണുമായി ഇങ്ങനെ കഴിയാനാണ് എന്റെ വിധി! ഞാൻ അന്ന് മുഴുവൻ അവിടെ ഇരുന്ന് കരഞ്ഞു .
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഡേവിഡ് കുന്ന് കേറി വന്നു, എന്നെ കാണാൻ.
വന്ന പാടേ അവൻ പറഞ്ഞു:രമേശാ… സോഫീടെ പാട്ടിനെ നിലവിളിയോട് ഉപമിച്ച നിന്റെ ഭാവനക്ക് നൂറ് ആയുസുണ്ടാവട്ടെ.. അതിൽ പിന്നെ സോഫി പാടിയിട്ടില്ല. അവള് സ്മ്യൂൾ ആപ്പും അൺ ഇൻസ്റ്റാൾ ചെയ്തു. എനിക്കിപ്പോൾ രാത്രിയിൽ നല്ല ഉറക്കം കിട്ടുന്നുണ്ട്, നന്ദി..! നിന്റെ ആ ഒറ്റ ഡയലോഗ് കാരണം നീ കുളിമുറിയിൽ ഒളിഞ്ഞ് നോക്കിയ കാര്യം ഞാൻ വിട്ടിരിക്കുന്നു… നിനക്ക് ഞാൻ മാപ്പ് തന്നിരിക്കുന്നു!
കഷ്ടം… ഇത്രയുമായിട്ടും ഞാൻ സോഫീടെ കുളിസീൻ കാണാൻ ഒളിഞ്ഞുനോക്കിയതല്ല എന്ന എന്റെ പ്രസ്താവന വിശ്വസിക്കാൻ ഇവനും കൂട്ടാക്കുന്നില്ലല്ലോ😢സങ്കടമുണ്ട്…!