എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 24, രചന: റിൻസി പ്രിൻസ്

കുറച്ച് കഴിഞ്ഞപ്പോൾ നിതയും ട്രീസക്ക് പുറകെ പല്ലവിയുടെ അടുത്തേക്ക് ചെന്നു, അപ്പോൾ പല്ലവിയെ മാറോടു ചേർത്തുപിടിക്കുന്ന ട്രീസയെ ആണ് അവൾ കണ്ടത്, അവൾക്ക് വല്ലാത്ത സന്തോഷം തോന്നി

“അമ്മച്ചിക്ക് ഇപ്പോ നമ്മളെ ഒന്നും വേണ്ട, ഞാൻ ഔട്ട് ആയി എന്ന് തോന്നുന്നു,
നിത പറഞ്ഞു,

“ഇവൾ എന്റെ മോൾ തന്നെയായിരുന്നു, ഇപ്പോ ശരിക്കും മോള് ആയി എന്ന് മാത്രം,

പല്ലവിക്കും ഒരുപാട് സന്തോഷം തോന്നി,

” അപ്പോൾ ബാക്കി കാര്യങ്ങളൊക്കെ എങ്ങനെയാണ് മോഹൻ, എൻറെ അനുജനും ഭാര്യയും കാനഡയിൽ ആണ്, അവർ ഇപ്പോൾ നാട്ടിൽ ഉണ്ട്, അവർ തിരിച്ചു പോകുന്നതിനു മുൻപ് വിവാഹം നടത്തണം എന്നാണ് എൻറെ ആഗ്രഹം,
മാത്രമല്ല ഇവന് സെറ്റിൽ ആകാൻ ഉള്ള സമയം ഒക്കെ ആയി,

നിവിനെ നോക്കി മാത്യു പറഞ്ഞു,

“എനിക്ക് വിവാഹം നേരത്തെ നടത്തുന്നത് എതിർപ്പൊന്നുമില്ല മാത്യൂസ്, പക്ഷേ അവൾ പഠിക്കുക അല്ലേ, ഒരു വർഷം കൂടി ഉണ്ടല്ലോ, അത് കഴിഞ്ഞാൽ കോഴ്സ് കഴിയും, അതുകൂടി കഴിഞ്ഞ് പതുക്കെ നടത്തിയാൽ പോരെ, ഇന്നത്തെ കാലത്ത് ആണായാലും പെണ്ണായാലും ഒരു ജോലി അത്യാവശ്യമാണ്, സ്വന്തം കാലിൽ നിന്നതിനുശേഷം വിവാഹം കഴിക്കണം എന്ന് തന്നെയാണ് അവളുടെ ആഗ്രഹം,

“അത് ശരിയാണ്

മാത്യു പറഞ്ഞു,

“പിന്നെ നമ്മുക്ക് വേണെങ്കിൽ ഒരു എൻഗേജ്മെന്റ് നടത്താം, ഒരു റിങ് എക്സ്ചേഞ്ച് മറ്റോ,

മാത്യു മോഹനോട്‌ പറഞ്ഞു,

“ആ അഭിപ്രായം നല്ലത് ആണ്, അത് നമ്മുക്ക് എത്രയും വേഗം നടതാം, മോഹൻ അനുകൂലിച്ചു,

” അതെ നമ്മൾ സമ്മതിച്ചുകൊണ്ടുതന്നെ കുട്ടികൾ തമ്മിൽ മിണ്ടിയെന്നൊ പറഞ്ഞു എന്നോ ഒക്കെ ഇരിക്കും, നിശ്ചയം നടത്തിയാൽ പിന്നെ അത് ആരും പറഞ്ഞു നടക്കില്ലല്ലോ,

“എങ്കിൽ പിന്നെ അങ്ങനെ തീരുമാനിക്കാം മാത്യു, മൂന്നു മാസത്തിനുള്ളിൽ എൻഗേജ്മെന്റ് നടത്താം, അത് തന്നെയായിരിക്കും നല്ലത്,

മോഹന്റെ ആ അഭിപ്രായം എല്ലാരും അംഗീകരിച്ചു,നിവിനും സന്തോഷം ആയി,അവൻ ആരും കാണാതെ പല്ലവിയുടെ അടുത്ത് എത്തി,

“ഡി അമ്മായിയപ്പനെ തല്ലി എന്നൊരു ചീത്തപേര് എനിക്ക് ഉണ്ടാക്കി തരല്ലേ എന്ന് നീ നിന്റെ അപ്പനോട് പറഞ്ഞേക്ക്,

“എന്ത് പറ്റി നിവിൻ

“ബാക്കിഉള്ളോൻ ഇവിടെ എങ്ങനെയേലും കല്യാണം പെട്ടന്ന് വേണം എന്ന് പറഞ്ഞു നിൽകുവാ, അപ്പോഴാണ് നിന്റെ അപ്പന്റെ ഒരു എൻഗേജ്മെന്റ്,
കഷ്ടം ഉണ്ട്

നിവിൻ കൊച്ചുകുഞ്ഞുങ്ങളെ പറഞ്ഞു,പല്ലവിക്ക് അത് കണ്ടു ചിരി വന്നു പോയി,

“സാരമില്ല നിവിൻ, ഒരു വർഷം അല്ലേ അത് ഒരു ആഴ്ച പോലെ അങ്ങ് പോകും,

“ഒരു വർഷം ഒരു വർഷം പോലെ പോകു,

“ഞാൻ എത്ര വർഷം നിവിന് വേണ്ടി കാത്തിരുന്നു, എനിക്ക് വേണ്ടി നിവിന് ഒരു വർഷം കാത്തിരുന്നു കൂടെ,

“നിനക്ക് വേണ്ടി ഒരു ജന്മം മുഴുവൻ ഞാൻ കാത്തിരിക്കും,ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞത് അല്ലേ,.

അവൻ അലിവോടെ അവളുടെ കവിളിൽ തലോടി പറഞ്ഞു,

“ദാ അത് കണ്ടോ, ആ മാവിൻ ചുവട്ടിൽ വച്ചാണ് നിവിൻ എന്നെ ആദ്യം ആയി ചുംബിച്ചത്,

പല്ലവി മുറ്റത്തെ ചക്കര മാവ് നോക്കി പറഞ്ഞു,

“ശരിയാണ്,
അവൻ അവിടെക്ക് നോക്കി,

“അവിടെ വച്ചു ഒന്നുടെ തരട്ടെ

അവൻ മീശപിരിച്ചു കുസൃതിയോടെ ചോദിച്ചു,

“അയ്യടാ,ലൈഫിൽ ചില സംഭവങ്ങൾക്ക് റീടേക്ക് ഇല്ല നിവിൻ,അത്രമേൽ മനോഹരം ആകില്ല പിനീട് സംഭവിക്കുന്നത് ഒന്നും, എന്റെ ആകാശം നിവിൻ ആയിരുന്നു, അതിനെ ചുറ്റും ആരുന്നു എന്റെ സ്വപ്നങ്ങൾ എന്ന നക്ഷത്രങ്ങൾ,ഇപ്പോൾ എന്റെ സ്വപ്‌നങ്ങൾ ആയിരം പൂർണചന്ദ്രൻമാരെ പോലെ പ്രകാശഭരിതം ആണ്,പക്ഷെ

“എന്താണ് ഒരു പക്ഷെ…

“ഏത് പൗർണ്ണമിക്കും ഒരു അമാവാസി ഉണ്ടാകുമല്ലോ നിവിൻ,ഒരുപാട് സന്തോഷികുമ്പോൾ അതിലും വലിയ ഒരു ദുഃഖം നമ്മളെ കാത്ത് ഇരിപ്പുണ്ട് എന്ന് ഉള്ളത് പ്രകൃതിനിയമം ആണ് നിവിൻ,

“നമ്മുടെ പ്രണയത്തിന്റെ കാര്യത്തിൽ അങ്ങനെ ഒന്ന് ഇല്ല, നീ പേടിക്കണ്ട, ഇത്രയും വർഷങ്ങൾക്ക് ശേഷം നമ്മൾ തമ്മിൽ കണ്ടെങ്കിൽ ഇഷ്ട്ടപെട്ടുവെങ്കിൽ അതിന് ഒരു അർഥം മാത്രേ ഉള്ളു, ഈശ്വരൻ നമ്മെ ഒന്ന് ചേർക്കാൻ ആണ് തമ്മിൽ അടുപ്പിച്ചത്,

അവൾ ഹൃദയം നിറഞ്ഞു ചിരിച്ചു,

ഭക്ഷണമെല്ലാം കഴിച്ചതിനുശേഷം മോഹൻ മാത്യൂസിനെ കൂട്ടി വെറുതെ കുറച്ച് നടക്കാൻ ഇറങ്ങി,

“എനിക്കറിയാം എൻറെ മോൾക്ക് അവിടെ ഒരു കുറവും ഉണ്ടാവില്ല,എങ്കിലും മാത്യൂസ് ഒരിക്കലും എന്ത് പ്രശ്നം വന്നാലും അവളുടെ അമ്മയുടെ പേര് പറഞ്ഞു ആരും അവളെ സങ്കടപ്പെടുത്തരുത്,

മോഹന്റെ വാക്കുകൾ കേട്ടപ്പോൾ മാത്യുവിനു ശരിക്കും സങ്കടം തോന്നി,

“എന്താടോ ഇത് അങ്ങനെ ഞങ്ങൾ ആരെങ്കിലും ചെയ്യും എന്ന് തനിക്ക് തോന്നുന്നുണ്ടോ,

“ഒരിക്കലും ഇല്ലെടോ, എങ്കിലും പറയേണ്ടത് ഒരു അച്ഛനെന്ന നിലയിൽ എൻറെ കടമയാണല്ലോ, ഞാൻ ഏറ്റവും കൂടുതൽ പേടിച്ചത് അവളുടെ വിവാഹകാര്യത്തിൽ ആണ്, അവളുടെ അമ്മയെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ എന്ത് മറുപടി പറയുമെന്ന് ഞാൻ ഭയന്നു,ശരിക്കും അതൊരു ഒളിച്ചോട്ടം ഒന്നുമായിരുന്നില്ല മാത്യൂസ്,എൻറെ പൂർണ്ണ സമ്മതത്തോടെ തന്നെയാണ് അവൾ പോയത്,വിവാഹം കഴിക്കുന്ന സമയത്ത് തന്നെ കോളേജിൽ പഠിക്കുമ്പോൾ ഒരു അഫേർ ഉണ്ടാരുന്നു എന്നും അയാളെ മറക്കാൻ കഴിയില്ലെന്നും അവൾ പറഞ്ഞിരുന്നു, അറിഞ്ഞുകൊണ്ടുതന്നെയാണ് വിവാഹം കഴിച്ചത്, കാരണം അത്രക്ക് ഇഷ്ടം ആരുന്നു അവളെ, അടുത്ത് അടുത്ത വീട്ടുകാർ ആരുന്നു, കുട്ടികാലം മുതലേ മനസ്സിൽ കയറി അവൾ, പക്ഷെ തുറന്നു പറഞ്ഞില്ല, ധൈര്യം ഇല്ലാരുന്നു, അതാരുന്നു എന്റെ ആദ്യതെ തെറ്റ്, വിവാഹം ഉറപ്പിച്ചപ്പോൾ അവൾ പറഞ്ഞിരുന്നു, അയാളെ മറക്കാൻ പറ്റില്ല എന്ന്, വീട്ടിൽ പക്ഷെ അത് സമ്മതിക്കുകയും ഇല്ല, അയാൾക്ക് അവളെ വിളിച്ചോണ്ട് പോകാൻ ധൈര്യം ഇല്ല, കാരണം നല്ല ജോലി ഇല്ല, പോകാൻ സ്ഥലം ഇല്ല, എല്ലാത്തിനും ഉപരി രണ്ട് ജാതി, എന്റെ ആലോചന സമ്മതിക്കുക മാത്രേ നിവർത്തി ഉള്ളു, ഞാൻ അതൊന്നും കാര്യം ആക്കിയില്ല, എനിക്ക് ഇഷ്ടം ആരുന്നു, പതുക്കെ പതുക്കെ അവൾ അയാളെ മറക്കും എന്ന് ഞാൻ വിശ്വസിച്ചു, അല്ല അവൾ മറന്നു അയാളെ അത്തന്നെ ആയിരുന്നു സത്യം അതുകൊണ്ടാണല്ലോ മോൾ ഉണ്ടായത്,മോൾക്ക് പേര് ഇട്ടതും അവളുടെ ഇഷ്ടത്തിൽ ആരുന്നു, ഞങ്ങളുടെ ജീവിതം സന്തോഷം ആയിരുന്നു,പക്ഷേ വീണ്ടും എങ്ങനെയോ അവർ തമ്മിൽ കാണ്ടു, അയാൾ ഇപ്പോഴും അവിവാഹിതനാണെന്നും അവൾ കാരണമാണ് അയാളുടെ ജീവിതം നശിച്ചത് എന്നും എന്നോട് പറഞ്ഞു,അവൾ ഇപ്പോൾ ഇറങ്ങി ചെന്നാലും സ്വീകരിച്ചു കൂടെ കൊണ്ടുപോകാൻ അയാൾ തയ്യാർ ആണെന്ന്, പോകണം എന്ന് അവൾ പറഞ്ഞില്ല, ഒരുപാട് നാൾ ഞാൻ അഡ്ജസ്റ്റ് ചെയ്തു പക്ഷെ അവൾക്ക് ഒരിക്കലും പഴയപോലെ ആകാൻ കഴിഞ്ഞില്ല, മോളെ പോലും സ്നേഹിക്കാൻ പറ്റിയില്ല, പിന്നീട് ഞാൻ തന്നെ അവളോട്‌ പറഞ്ഞത് പിരിയാം എന്ന് പക്ഷെ മോളെ എനിക്ക് വേണം എന്ന്, അത് അവൾക്ക് സമ്മതം ആരുന്നു, അല്ലാതെ എന്നെ പറ്റിച്ചു പോയത് ഒന്നും അല്ല, മോളെ കാണാൻ ഒരു വട്ടം വന്നിരുന്നു, അവൾ കാണാൻ കൂട്ട് ആക്കിയില്ല, അവൾക്ക് അവളുടെ അമ്മയോട് ദേഷ്യം ആണ്, അതിനു അവൾക്ക് ന്യായം ഉണ്ടാകും, ലതികക്കും ന്യായം ഉണ്ടാകും, മോൾടെ മനസ്സിൽ അവളുടെ അമ്മ മരിച്ചു പോയി, ഞാൻ അവളുടെ അവസ്ഥ പറഞ്ഞു മനസിലാക്കിയിട്ടും അവൾക്ക് അമ്മയെ ഇഷ്ട്ടം അല്ല,

അത്രയും പറഞ്ഞപ്പോൾ തന്നെ അയാൾ ഇടറി പോയിരുന്നു,മാത്യു അയാളുടെ തോളിൽ കൈ വച്ചു,

“പോട്ടെടോ മറന്നത് ഒന്നും ഓർക്കണ്ട,എന്റെ മകൻ ആയോണ്ട് പറയുവല്ല എന്റെ നിവിൻ അവൻ ഒരു പാവമാ തന്റെ മോളെ കണ്ണിലെ കൃഷ്ണമണി പോലെ അവൻ നോക്കും,പിന്നെ ഞങ്ങൾ, ഞങ്ങൾ അവളെ ഒരു രാജകുമാരിയെ പോലെ നോക്കിക്കോളാം, എന്റെ ട്രീസ അവൾക്ക് ലഭിക്കാതെ പോയ അമ്മയുടെ സ്നേഹം പകർന്നു കൊടുക്കും,എന്റെ വീട്ടിൽ വന്നിട്ട് തന്റെ മകൾ വിഷമിക്കാൻ ഇട വരില്ല,ഇത് ഞാൻ തനിക്ക് തരുന്ന വാക്കാണ്,

മാത്യു പറഞ്ഞു, മോഹന്റെ കണ്ണുകൾ നിറഞ്ഞു പോയി,

വൈകുന്നേരത്തോടെ നിവിനും കുടുംബവും മടങ്ങി, പല്ലവി നിതയെ കൂട്ടി എല്ലാ സ്ഥലവും കാണിച്ചു കൊടുത്തിരുന്നു,പോകും മുൻപ് ആരും കാണാതെ കണ്ണുകൾ കൊണ്ട് നിവിൻ പല്ലവിയോട് യാത്ര പറഞ്ഞു,അന്നത്തെ രാത്രി ആ അച്ഛനും മകളും സമാധാനം ആയി ഉറങ്ങി,

****************

രാത്രി ആയപ്പോൾ ആണ് നിവിനും കുടുംബവും തിരുവനന്തപുരം എത്തുന്നത്, വീട്ടിൽ ചെന്നപാടെ കണ്ടു വിശേഷം അറിയാൻ കാത്തു നിൽക്കുന്ന ലീനയെ,
ട്രീസ എല്ലാം വിശദമായി പറഞ്ഞു, നീന എതിർപ്പോടെ തന്നെ നിന്നു, അത് ആരും വലുത് ആയി മുഖവിലക്ക് എടുത്തിരുന്നില്ല, എങ്കിലും അത് ട്രീസയിൽ നേരിയ സങ്കടം പടർത്തി,

“സാരമില്ല ചേട്ടത്തി അതൊക്കെ പതുക്കെ മാറും,

ലീന ട്രീസയെ ആശ്വാസിപ്പിച്ചു,

രാവിലെ എന്തോ തിരക്കിട്ട ജോലിയിൽ നിൽകുമ്പോൾ ആണ് മാർക്കോസിന്റെ ഫോണിൽ മാത്യുവിന്റെ കാൾ വന്നത്,അയാൾ കാൾ എടുത്തു സംസാരിച്ചതും ആ മുഖത്തെ ഭാവങ്ങൾ മാറിമറിഞ്ഞു, ഫോൺ വച്ചു കഴിഞ്ഞു അയാൾ കൈയ്യിൽ ഇരുന്ന കപ്പ് എറിഞ്ഞു പൊട്ടിച്ചു,..അത് കണ്ടു അകത്തു നിന്ന് ജാൻസിയും ശീതളും വന്നു,

“എന്നതാ ഇച്ചായ,

ജാൻസി ഭയത്തോടെ ചോദിച്ചു,

“മാത്യുവിന്റെ മകൻ ഇല്ലേ അവന്റെ കല്യാണം ഉറപ്പിച്ചു,മറ്റേ ആ പെണ്ണുമായി

ശീതളിന്റെ മുഖം മാറി, കണ്ണുകളിൽ തീ ആളി, മാർക്കോസ് അത് കണ്ടു,

“എന്റെ മോൾ വിഷമിക്കണ്ട നീ അവനെ ആഗ്രഹിച്ചിട്ടുണ്ട് എങ്കിൽ നിന്റെ പപ്പ അത് നടത്തും, വിവാഹനിശ്ചയം മാത്രേ നടക്കു,അവൻ താലി കെട്ടുന്നത് നിന്റെ കഴുത്തിൽ ആരിക്കും, ഇത് പപ്പാ നിനക്ക് തരുന്ന വാക്കാണ്,

അത്രയും പറഞ്ഞു അയാൾ അകത്തേക്ക് പോയി,

***************

മാർക്കോസ് കൺസ്ട്രക്ഷൻ സൈറ്റിൽ നിന്നും തിരിച്ചു വരുമ്പോൾ ആണ് മാത്യുവിന്റെ കാർ കണ്ടത്, വെറുതെ അയാൾ അതിനെ ഫോളോ ചെയ്തു, ഓർഫനേജിന്റെ മുന്നിൽ കാർ നിന്നു,മാർക്കോസ് തന്റെ കാർ അല്പം മാറ്റി പാർക്ക്‌ ചെയ്തു, തിരിച്ചു ഒരു പെൺകുട്ടിയെ കൂട്ടി മാത്യു ഇറങ്ങി വന്നു ശേഷം കാറിൽ കയറ്റി കാർ എങ്ങോട്ടോ യാത്ര തിരിച്ചു, മാർക്കോസ് വണ്ടിയെ മാത്യുവിനു മനസിലാകാത്ത വിധം ഫോളോ ചെയ്തു, വണ്ടി ഒരു ടെക്സ്റ്റൈൽസിനു മുന്നിൽ വണ്ടി നിർത്തി, അവർ അകത്തേക്ക് കയറി,

“നിനക്ക് ഇഷ്ട്ടം ഉള്ളത് എടുക്ക് മോളെ നിന്റെ ചേട്ടന്റെ വിവാഹനിശ്ചയം ആണ് ഏറ്റവും മികച്ചത് തന്നെ എടുക്കണം

അവൾ ഡ്രസ്സ്‌ സെലക്ട്‌ ചെയ്തു ഉത്സാഹത്തോടെ,ശേഷം ജൂവലറിയിലേക്ക്, അവിടെ നിന്ന് റെസ്റ്റെറോണ്ട്, അങ്ങനെ എല്ലാടത്തും മാർക്കോസ് അവർക്ക് പിന്നാലെ കൂടി, തിരികെ അവളെ ഓർഫനേജിൽ കൊണ്ട് ചെന്ന് ഇറക്കി മാത്യു മടങ്ങി, മാർക്കോസിന്റെ കുറുക്കൻ ബുദ്ധി ഉണർന്നു,

തുടരും…