രചന: ശിവൻ മണ്ണയം
എനിക്ക് പണ്ടൊരു മാമനുണ്ടായിരുന്നു കേട്ടോ. സ്വന്തം മാമനോ ബന്ധുവൊ ഒന്നുമല്ല, അങ്ങേർക്കു സുന്ദരിയായ ഒരു മോളുള്ളതുകൊണ്ട് മാമൻ എന്ന സ്ഥാനം നൽകി ഞാനദ്ദേഹത്തെ ആദരിച്ചിരുന്നു എന്നു മാത്രം.
സുന്ദരിമാരുടെ തന്തമാർക്ക് ജാതിയോ മതമോ ഒന്നുമില്ലല്ലോ; അവരെന്നും നമ്മുടെ ഹീറോ കളല്ലേ😃
ആ മാമന്റെ ഫാനായിരുന്നു ഞാൻ.മാമനെ അനുകരിക്കാനാണ് എന്റെ കൗമാരം ഞാൻ കൂടുതൽ വിനിയോഗിച്ചത്. മാമന്റെ പ്രീതി അതായിരുന്നു എന്റെ ലക്ഷ്യം. എനിക്ക് പ്രായപൂത്രിയാകുമ്പോൾ ‘മോളെ കെട്ടിച്ച് തര്വോ മാമാ’ എന്ന് മാമനോട് അഭ്യർത്ഥിക്കണമെന്ന് ഞാനുറച്ചിരുന്നു. മാമൻ അതിന് അനുകൂലമായി മൂങ്ങയെപ്പോലെ മൂളുമെന്ന് എന്റെ മനസിലിരുന്ന് ആരോ പറയുമായിരുന്നു. അങ്ങനെ അന്ന് മനസിലിരുന്ന് പറഞ്ഞ ആ തെണ്ടി ഇപ്പോ എവിടെയാണാവോ?!
മാമന്റ ശ്രദ്ധ പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തോടെ ,അങ്ങേര് നടന്നുവരുമ്പോൾ അവിടെയുമിവിടെയുമൊക്കെ ഇരുന്നിരുന്ന അവസ്ഥയിലിരുന്ന ഞാൻ പെട്ടെന്ന് ഉദിച്ചുയർത്തെഴുന്നേറ്റ്, മുണ്ടൊക്കെ അഴിച്ച് ബഹുമാനം പ്രസരിപ്പിച്ച് നിലകൊള്ളുകയും, അറ്റൻഷനായി നിന്ന് സല്യൂട്ട് അടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. മാമനെ സ്ഥിരം കാണുന്നതിനാൽ വല്യ സല്യൂട്ടുകാരനായി തീർന്നു ഈ ഞാൻ.
ബഹുമാനം കൂടിപ്പോയതുകൊണ്ടുണ്ടായ ഒരത്യാപത്ത് കൂടെ പറയട്ടെ;ഒരു ദിവസം ഈ മാമൻ വരുന്നത് കണ്ട് വെപ്രാളത്തോടെ, വലിച്ചുകൊണ്ടിരിക്കുന്ന സിഗരറ്റ് ഞാൻ പിറകിലേക്ക് വലിച്ചെറിയുകയും തത്ഭലമായി മണ്ടൻ കുന്നിലെ ഒരു റബ്ബർ എസ്റ്റേറ്റ് അപ്പാടെ കത്തിയമരുകയും ചെയ്തു. എന്താ ചെയ്ക ! മൂന്നാഴ്ചയാണ് ഞാൻ ജയിലിൽ കിടന്നത്, എല്ലാം മാമന്റെ മരുമോനാകാൻ വേണ്ടി മാത്രം! പക്ഷേ മാമാ.. നീ എന്നെ അറിഞ്ഞില്ലല്ലോ ..!
ഞാനാ മാമന്റ പ്രീതി പിടിച്ചുപറ്റാൻ ആ മാമനെ സുഖിപ്പിച്ച് പിന്നാലെ നടന്നു. പക്ഷേ നടന്നത് എന്താ..? പറയാം, നിങ്ങൾ കേൾക്കണം:
എനിക്ക് പ്രായപൂത്രിയായതിന്റെ അന്ന് രാവിലെ പത്ത് മണിക്ക് ആണെന്ന് തോന്നുന്നു, മാമന്റമോളെ പെണ്ണ് ചോദിക്കുക എന്ന മഹത് ലക്ഷ്യവുമായി ഈ ഞാൻ മാമന്റ ഗൃഹത്തിലെത്തി. മാമന്റ വീട് എനിക്ക് വെറുമൊരു വീടായിരുന്നില്ല, എന്റെ ദേവി വാഴുന്ന അമ്പലമായിരുന്നു. ഞാൻ ആ വീടിന് മുന്നിൽ നിന്ന് പ്രാർത്ഥനാപൂർവം തൊഴുതു, രണ്ട് വെടിയും വച്ചു, വലിയ വെടി.. രണ്ട്!
മാമൻ ഇറങ്ങി വന്നു. ഞാൻ മുണ്ടൊക്കെ അഴിച്ചിട്ട് ,അതി വിനയത്തോടെ ആവശ്യമുണർത്തിച്ചു. അപ്പോഴാ കൊരങ്ങൻ പറയുകയാണ് കേട്ടോ “സർക്കാർ ഉദ്യോഗസ്ഥനേ എന്റെ മോളെ കൊടുക്കൂ ” എന്ന്. എന്റെ കണ്ണ് നിറഞ്ഞു.കണ്ണുൾപ്പടെയുള്ള എന്റ ശരീരത്തിലെ ഒമ്പത് ദ്വാരങ്ങളിലൂടെയാണ് ആ അവസരത്തിൽ കണ്ണീര് പുറത്ത് ചാടിയതെന്ന് പറഞ്ഞാൽ സംഗതിയുടെ സീരിയസ്നസ് നിങ്ങൾക്ക് മനസ്സിലാക്കാമല്ലോ സുഹൃത്ത് സേ..!
ഞാൻ വീണ്ടും താണ് കേണ് അപേക്ഷിച്ചു “സർക്കാരുദ്യോഗസ്ഥന് കൊടുത്തിട്ട് ബാക്കി വല്ലതുമുണ്ടെങ്കിൽ എനിക്ക് തര്വോ മാമാ “!!
പക്ഷേ ആ കല്ലൻ കഠിനഹൃദയൻ എന്നെ ആട്ടിപ്പുറത്താക്കി.അന്ന് റദ്ദ് ചെയ്തതാണ് കേട്ടോ ഞാനയാളുടെ മാമൻ സ്ഥാനം.യു ആർ നോട്ട് മൈ മാമൻ കേട്ടോ മൈ.. മൈഗുണാഞ്ചാ ..!
പിന്നേടൊരു ദിവസം എന്നെ വഴിയിൽ വച്ചു കണ്ടപ്പോൾ അങ്ങേര് പറഞ്ഞു “എടാ രമേശാ.. മോളുടെ കല്യാണം ഉറപ്പിച്ചു.പയ്യൻ ഫോറസ്റ്റിലാ.. “
അതു കേട്ടയുടനെ ശഠശഠാന്ന് ഞാനൊരു സിഗരറ്റ് അങ്ങേരുടെ മുന്നിൽ വച്ച് കത്തിച്ചു വലിച്ചു, ഇനി ഈ വായിനോക്കിയെ ഞാനെന്തിന് ബഹുമാനിക്കണം?!
അയാളുടെ മോളുടെ കല്യാണത്തിന് ഞാൻ പോയില്ല, ആ കല്യാണമെന്നല്ല പിന്നെയൊരു കല്യാണത്തിനും ഞാൻ പോയിട്ടില്ല. കല്യാണം എന്ന് കേൾക്കുന്നതേ വെറുപ്പായിപ്പോയി.
കുറേനാൾ കഴിഞ്ഞപ്പോൾ, അങ്ങേരുടെ മരുമോനെ പോലീസ് പിടിച്ചെന്ന് കേട്ടു. വഴിയിൽ വച്ച് ഞാനാകാര്യം അങ്ങേരോട് ചോദിച്ചു.
‘ ബ്രോക്കർ പറ്റിച്ചതാടാ, ആ ചതിയൻ ബ്രോക്കർ ചെറുക്കൻഫോറസ്റ്റിലാണെന്ന് പറഞ്ഞപ്പോൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലാന്നാ ഞാൻ വിചാരിച്ചത് ..’
അപ്പോ മരുമോൻ ഫോറസ്റ്റിലല്ലേ ..?
ഫോറസ്റ്റിൽ തന്നെ.. മാസത്തിൽ മുപ്പത് ദിവസവും ഫോറസ്റ്റിൽ തന്നെ.. അവിടെ ചാരായം വാറ്റാണ് പണി.. ! പോലീസ് പിടിച്ചപ്പോഴാ കാര്യങ്ങള് ഞങ്ങളറിഞ്ഞത്..
എനിക്ക് ഭയങ്കര സന്തോഷമായി. അങ്ങേരുടെ തോളത്ത് തട്ടി അലറിച്ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു “മാമന് കോളടിച്ചല്ലാ.. മരുമോൻ വലിയ വാറ്റുകാരനല്ലേ ,ഇനി ദെവസോം ചാരായം കുടിക്കാല്ലാ…. “
മാമന്റെ നവദ്വാരങ്ങളിൽ കൂടിയും കണ്ണീര് പുറത്തേക്ക് വരുന്നത് ഞാൻ കണ്ടു.😃