എന്റെ അച്ഛൻ ~ രചന: നിവിയ റോയ്
“അനീഷേട്ടാ … കാറൊന്നു നിർത്തിക്കേ ….ദേ അങ്ങോട്ട് നോക്കിക്കെ ആ ഹോട്ടലിന്റെ മുൻപിൽ ആ ബോർഡും പിടിച്ചു നിൽക്കുന്നത് നമ്മുടെ കളക്ടർ ബിനിൽ സാറല്ലേ ….?”
“ഏയ് ….നിനക്ക് തോന്നുന്നതായിരിക്കും ” കാർ ഒതുക്കുന്നതിനിടയിൽ അനീഷ് പറഞ്ഞു.
“അല്ല അത് സാറ് തന്നെയാണ് .ഇന്നലെ ഞങ്ങളുടെ ഓഫീസിൽ പുതുതായി ജോയിൻ ചെയ്തതേയുള്ളു.”
“എന്താ സാറെ എന്തു പറ്റി ….?”
ചുറ്റുംകൂടി നിന്ന ആളുകളെ വകഞ്ഞു മാറ്റി ബിനിലിനോട് ശ്രീലക്ഷ്മി ചോദിച്ചു.
“ഒന്നുമില്ലടോ …..” തന്റെ അടുത്തു നിൽക്കുന്ന ആ വൃദ്ധനെ ചേർത്തുപുടിച്ചുകൊണ്ടു ബിനിൽ തുടർന്നു.
“ഇതെന്റെ അച്ഛനാണ് …കുറേ വർഷങ്ങൾ ഈ വെയിലത്ത് ഇതു പോലെ ,രാവിലെ ടിഫിൻ റെഡി ഉച്ചക്ക് ഊണ് റെഡി’ എന്നൊക്കെയുള്ള ബോർഡ് പിടിച്ചു നിന്നു…ഞാൻ ഈ നിലയിൽ എത്താൻ.
ഈ വഴിക്കാണടോ ഞാൻ എന്നും കോളേജിൽ പൊയ്ക്കൊണ്ടിരുന്നത് ഈ ഹോട്ടൽ അടുക്കുമ്പോൾ നെഞ്ചിൽ നിന്നും ഒരു പിടച്ചിലാണ് .വെയിലത്ത് ദാഹിച്ചു വരണ്ട ചുണ്ടുമായി ഈ ബോർഡും പിടിച്ചു നിൽക്കുന്ന അച്ഛനെ കാണുമ്പോളെ ഞാൻ തലതാഴ്ത്തും . നല്ല തിരക്കായ റോഡയതുകൊണ്ടു ഒരു നിമിഷം പോലും വിശ്രമമില്ലാതെ …..”
ബിനിലിന്റെ കണ്ണുകളിൽ അച്ഛന്റെ അധ്വാനത്തിന്റെ വിയർപ്പു കണങ്ങൾ പൊടിഞ്ഞു.
വൈകുന്നേരങ്ങളിൽ അച്ഛന്റെ നീര് വെച്ചു വീർത്ത കാലിൽ കുഴമ്പിടുമ്പോൾ ഞാൻ ചോദിക്കാറുണ്ട് .
“അച്ഛനെന്തിനാണ് ആ ബോർഡും പിടിച്ചു വെയിലുമുഴുവൻ കൊണ്ടു നിൽക്കുന്നത് സെക്യൂരിറ്റി പണിക്കല്ലേ പോകുന്നത് അത് ചെയ്താൽ പോരേ …?ഹോട്ടൽ ആണന്നു കാണുന്നവർക്ക് അറിയാമല്ലോ “
“മോനെ അതിന്റെ അടുത്തും കുറേ ഹോട്ടലുകൾ ഉണ്ട് ഞാൻ ഇങ്ങനെ ഒരു വയസ്സൻ ബോർഡും പുടിച്ചു നിൽക്കുന്നത് കണ്ട് ഈ കടയിലേക്ക് വരുന്നവരുമുണ്ട് . കച്ചവടം നടക്കട്ടെ മോനെ നല്ലതല്ലേ…?”
അവരുടെ കച്ചവട തന്ത്രങ്ങളെ അച്ഛൻ ഒരു ചെറു ചിരിയിലൊതുക്കും.
അപ്പോഴേക്കും ഒരു വെള്ള ബെൻസ് കാർ അങ്ങോട്ട് വന്നു .കാറിലിരുന്ന ആൾ പുറത്തേക്കു ഇറങ്ങിയപ്പോൾ തന്നെ വിലകൂടിയ പെർഫ്യൂമിന്റെ ഗന്ധം ചുറ്റും പരന്നു . തന്റെ കൂളിംഗ് ഗ്ലാസ്സ് മാറ്റി വളരെ ഭവ്യതയോടെ അയാൾ കളക്ടറുടെ അടുത്തേക്ക് നടന്നു വന്നു കൊണ്ടു പറഞ്ഞു.
“മാനേജർ വിളിച്ചു പറഞ്ഞപ്പോളാണ് അറിഞ്ഞത് .എന്താ സാറെ ഇതൊക്കെ …?നമുക്ക് ഉള്ളിലിരുന്നു സംസാരികാം.”
“എന്താ ഞാൻ ഈ ബോർഡ് പിടിച്ചു നിന്നാൽ .എന്റെ അച്ഛനുപകരം ഞാൻ ഇതു പിടിച്ചു നില്കുന്നു അത്രേ ഉള്ളു .എന്റെ അച്ഛൻ ഇത്രനാളും ഇതുപിടിച്ചു ഈ പൊരിവെയിലത്തു നിൽക്കുന്നത് താങ്കൾ കണ്ടില്ലായിരുന്നോ ?
സുഹൃത്തേ ഓരോരുത്തരും സ്വന്തം കുടുംബത്തെ പോറ്റാൻ ….നിവൃത്തികേടുകൊണ്ടാണ് ഇത്തരം പണികൾ ചെയ്യുന്നത് അവരോടൊക്കെ ഒരു മനുഷ്യത്വം കാണിച്ചുകൂടെ……?പണവും പദവിയുമൊന്നുമില്ലാത്തവരെ മനുഷ്യരായി കാണാൻ പറ്റാത്തവർ മൃഗങ്ങൾ ആണ് .ഒരു നല്ല മനുഷ്യനാകാൻ മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനും പഠിക്കണം .സഹജീവികളോട് കരുണ കാണിക്കണം .
ഞാൻ ഇത് നിർത്താം പക്ഷേ ഒരു കാര്യമുണ്ട് ട്രെയ്നിങ്ങിന്റെ സമയത്തു ഒരിക്കൽ ഞാൻ ഒരു ഫ്‌ബി പോസ്റ്റ് കണ്ടു . എന്റെ ചങ്കു തകർന്നുപോയ ഒരു കാഴ്ച്ച .
ക്ഷീണിച്ചു നിലത്തുകുത്തിയിരിക്കുന്ന എന്റെ അച്ഛനെ ഈ മാനേജർ ചട്ടിയിടുന്നു . പിന്നെ കോളറിൽ പിടിച്ചു പൊക്കി മുഖത്തടിക്കുന്നു .എന്റെ അച്ഛനായിരുന്നുവെന്നു സൂക്ഷിച്ചു നോക്കിയപ്പോളാണ് മനസ്സിലായത്.
തലേ രാത്രി കാലിൽ നീരും വേദനയും കാരണം അച്ഛൻ ഒന്നു കണ്ണടച്ചിട്ടുപോലുമുണ്ടായിരുന്നില്ല .
വെയിലേറ്റു ചുവന്ന ബിനിലിന്റെ കവിളിലൂടെ സ്പടിക മണികൾപോലെ കണ്ണീര് തിളങ്ങി വീണു .
അന്ന് അവിടുന്ന് മടങ്ങണമെന്നും.ഇയാളെ കുത്തി കൊല്ലണമെന്നും ഓർത്തതാണ് . പക്ഷേ കുറച്ചു വിവേകത്തോടെ എനിക്ക് പ്രവർത്തിക്കാൻ സാധിച്ചു .അന്ന് ഞാൻ അങ്ങനെ ചെയ്തിരുനെങ്ങിൽ ഇന്ന് വല്ലോ ജയിലിലും ആയിരുന്നേനെ . എന്റെ അച്ഛന്റെ കഷ്ടപ്പാടുകൾ വ്യർത്ഥമായേനെ.
ഈ ഒരു നിമിഷത്തിനു വേണ്ടിയാണ് മനസ്സിനേറ്റ മുറിവുമായി ഞാൻ പിടിച്ചു നിന്നതു. ഇയാൾ …ഇയാൾ എന്റെ അച്ഛന്റെ കാലുപിടിച്ചു മാപ്പു പറയണം . ഇവിടെ വെച്ച് …. എന്റെ അച്ഛനെ ചവുട്ടിയിട്ട ഇതേ സ്ഥലത്തുവെച്ചു….,എന്നിട്ടേ ഞാൻ ഇവിടെ നിന്നു പോകൂ.”
“മാപ്പു പറഞ്ഞാൽ മാത്രം പോരാ ഇവന്റെ കരണം നോക്കി ഒന്നു പൊട്ടിക്കാൻ അച്ഛനോട് പറ.”
കൂട്ടത്തിലേ ഒരു കൊച്ചുമിടുക്കൻ പറയുന്നത് എല്ലാരും ഏറ്റു പിടിച്ചു.
“കേട്ടില്ലെടോ താൻ ….? ” ആ മാനേജറെ നോക്കി മുതലാളി ദേഷ്യത്തോടെ പറഞ്ഞു .
ബിനിലിന്റെ അച്ഛന്റെ അടുത്തേക്ക് ജ്യാള്യതയോടെ അയാൾ നീങ്ങി. മാപ്പുപറയൻ തുനിഞ്ഞ അയാളെ തടഞ്ഞുകൊണ്ട് അച്ഛൻ പറഞ്ഞു.
“വേണ്ട സാറെ ….അതൊന്നും വേണ്ട……. നിവൃത്തികേടുകൊണ്ടാണ് നിങ്ങളുടെ അച്ചന്മാരുടെ പ്രായമുള്ള ഞങ്ങളെപ്പോലുള്ളവർ ഇത്തരം പണികൾക്ക് വരുന്നത് .കുറച്ചു മനുഷ്യത്വം അവരോടു കാണിച്ചാൽ മാത്രം മതി .”
“ഇതാടോ … സംസ്കാരം എന്ന് പറയുന്നത് .” തന്റെ അച്ഛനെ ചേർത്തു നിർത്തി ബിനിൽ തുടർന്നു.
ഇനി ഇതുപോലേ ഏതെങ്കിലും ഒരാളോട് മൃഗത്തെപ്പോലെ ഇവിടെ ആരെങ്കിലും പെരുമാറിയാൽ ………എന്റെ അച്ഛനാണെ ….ഞാൻ ആ സ്ഥാപനം പൂട്ടിച്ചിരിക്കും.
ഇത് പറഞ്ഞ് തന്റെ അച്ഛന്റ കൈയും പിടിച്ചു അദ്ദേഹം കാറിലേക്ക് കയറുമ്പോൾ , ……പതിവുള്ള ഞായറാഴ്ച്ച സിനിമ നേരിൽ കണ്ട പ്രതീതിയോടെ ഞങ്ങൾ യാത്ര തുടരുമ്പോൾ…..അവിടെ കൂടിനിന്നവരുടെ കയ്യടി അപ്പോഴും അന്തരീക്ഷത്തിൽ അലയടിച്ചുയർന്നുകൊണ്ടിരുന്നു …….