തന്റെ പ്രിയപ്പെട്ടവനോടൊപ്പം അവന്റെ കരലാളനങ്ങളിൽ ഒരു രാത്രി മുഴുവൻ കിടന്ന് പകൽ അതിന്റെ ആലസ്യത്തിൽ എഴുന്നേറ്റ മുഖമുണ്ടായിരുന്നു അവൾക്ക്…..

പത്മ ~ രചന : അഞ്ജലി മോഹൻ

“””പത്മാ ആ സാരിയൽപം കൂടെ താഴ്ത്തിയിട് മാറിടം കാണുന്നില്ല….””” അയാള് അടുത്തേക്ക് വരുംതോറും ചന്ദനത്തിന്റെ സുഗന്ധം മൂക്കിലേക്ക് അരിച്ചുകയറി…. ആാാ പെണ്ണുടൽ വിറകൊണ്ടു….. ചായങ്ങൾ ഒഴുകി ഒലിക്കുന്ന വിരലുകളാൽ അയാൾ ആാാ പെണ്ണിന്റെ മാറിൽ നിന്നും സാരിയൽപം നീക്കിയിട്ടു…… ഒന്നുരണ്ടടി പിന്നിലേക്ക് മാറിനിന്ന് അവളുടെ പാദം മുതൽ പാറിപ്പറക്കുന്ന മുടിയിഴകൾ വരെ കണ്ണിമ ചിമ്മാതെ മാറി മാറി നോക്കി…..

“””ഒഹ് അഴക്….””” കണ്ണുകൾ വിടർത്തിയയാൾ ആാാ പെണ്ണിനെ നോക്കി മന്ത്രിച്ചു…. അവളുടെ മിഴികൾ നാലുപാടും ഉഴറികൊണ്ടിരുന്നു കവിളിലെ നുണകുഴികൾ കൂടുതൽ കുഴിഞ്ഞുവന്നു….. മണിക്കൂറുകൾ അയാൾക്കുമുന്നിൽ അവൾ അനങ്ങാതെ ഇരുന്നുകൊടുത്തു….. അയാളുടെ കയ്യിലിരുന്ന പെയിന്റിംഗ് ബ്രഷ് അടുത്തുള്ള മരത്തടിയിലെ വിവിധ ചായ കൂട്ടുകളിൽ ഞെരിഞ്ഞമർന്നുകൊണ്ടിരുന്നു…..

“””ഫെന്റാസ്റ്റിക്….””” വരച്ച ക്യാൻവാസിലേക്ക് നോക്കികൊണ്ടയാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു…. അവൾക്കരുകിലേക്ക് ഓടിവന്ന് അവളുമായ് തിരികെ ക്യാൻവാസിനുമുൻപിലേക്ക് വെപ്രാളത്തോടെ പാഞ്ഞടുത്തു…..അവൾ അത്ഭുതത്തോടെ ഒരുനിമിഷം ചായങ്ങൾ തീർത്ത ചിത്രത്തിലേക്ക് തന്നെ നോക്കിനിന്നു…..

‘ഒരുപെണ്ണ്’ തന്റെ പ്രിയപ്പെട്ടവനോടൊപ്പം അവന്റെ കരലാളനങ്ങളിൽ ഒരു രാത്രി മുഴുവൻ കിടന്ന് പകൽ അതിന്റെ ആലസ്യത്തിൽ എഴുന്നേറ്റ മുഖമുണ്ടായിരുന്നു അവൾക്ക്….. അവളുടെ മുഖത്തെ സിന്ദൂരവും പിരികക്കൊടികൾക്കിടയിലെ കുങ്കുമത്തിന്റെ വട്ടപ്പൊട്ടും പരന്നൊലിച്ചിട്ടുണ്ട്…. ചുണ്ടിലെ പരന്ന ചായവും കണ്ണിലെ മങ്ങിത്തുടങ്ങിയ കറുപ്പും എല്ലാം അവളിലെ വശ്യത കൂട്ടി…. സ്ഥാനം തെറ്റിയ ചുമന്ന കോട്ടൺ സാരിക്കിടയിലൂടെ ബ്ലൗസിനുള്ളിൽ തിങ്ങിനിൽക്കുന്ന മാറിടം വരച്ചുചേർത്തത് കണ്ടവൾ വെപ്രാളത്തോടെ സാരി നേർക്കു പിടിച്ചിട്ടു…..

“””നിന്നെപോലൊരു അഴകുള്ള പെണ്ണിനെ എന്റെ വിരലുകൾ ഇതുവരെ വരച്ചിട്ടില്ല പത്മാ….നിന്നെപ്പോലെ അഴകുള്ള ഒരുവളെ എന്റെ ചായങ്ങൾ ഇതുവരെ അറിഞ്ഞിട്ടുപോലുമില്ല…””” പിന്നിൽ നിന്നും അവളുടെ കാതിലായ് അയാൾ പതിയെ പറഞ്ഞു….. എന്തുപറയണമെന്ന് അറിയാതെ അവളുടെ കൈവിരലുകൾ പരസ്പരം കോർത്തു വലിച്ചു….

“”വൈകി… ഞാൻ പോവുന്നു….”” മുന്നിലേക്ക് നടന്ന് നീങ്ങിയ അവൾക്ക് നേരെ അയാൾ അഞ്ഞൂറിന്റെ ഒരുകെട്ട് വച്ചുകൊടുത്തു…..

“””ഇനി രണ്ടീസം വരണമെന്നില്ല….””” പെട്ടന്നുള്ള അയാളുടെ അറുത്ത് മുറിച്ചുള്ള സംസാരം കേട്ട് ആ പെണ്ണിന്റെ നെഞ്ച് പിടഞ്ഞു….. ഇത്രയും നേരം തന്നെ ചൂഴ്ന്ന് തിന്നവനാണോ ഇതെന്നുപോലും ഒരുനിമിഷം അവള് സംശയിച്ചു….തനിക്കുമുൻപിൽ കൊട്ടിയടയ്ക്കപ്പെട്ട വാതിലിലേക്ക് അവള് നോവോടെ നോക്കി……

“””എന്തിനാണ് ഈ സ്നേഹം അയാളൊരു കലാകാരനാണ്… കേട്ടിട്ടില്ലേ നീയ്യ് അവരെയൊന്നും സ്നേഹിക്കാൻ കൊള്ളില്ലെന്റെ പത്മകുട്ടിയെ…. പാട്ടുപാടുന്നവൻ നിന്നെ വരികളാക്കും എഴുത്തുകാരൻ നിന്നെ മുഴുവൻ പഠിച്ച് ഓരോരോ കഥകളും കവിതകളും ആക്കും അതേപോലെ ആാാ ചിത്രകാരൻ നിന്നെ അടുത്തറിഞ്ഞ് നിന്നിലെ നീ കാണാത്ത പലതിനെപോലും നിറങ്ങൾ കൊണ്ട് വരച്ചുചേർക്കും…. ഇനിയൊരു കഥയും വരിയും നിറങ്ങളും നിന്നിൽ അവശേഷിക്കുന്നില്ല എന്ന് അറിഞ്ഞാൽ അവരെല്ലാം മറ്റൊരുവളിലേക്ക് ചേക്കേറും…..””” കൂട്ടുകാരിയുടെ അവസാനവാക്കുകൾ അവളിൽ സങ്കടം നിറച്ചു…..

“””അദ്ദേഹം അങ്ങനെയൊന്നും അല്ല…. നല്ലവനാണ് കുന്നോളം സ്നേഹം ഉള്ളവനാണ്….”””

“”പ്രണയമാണോ നിനക്ക് അയാളോട്…..???”””

“””മ്മ്ഹ്ഹ്….. ആാാ ചായങ്ങളോട്, അദ്ദേഹത്തിന്റെ വിരലുകളോട്, എന്നെ ആഴത്തിൽ പ്രേമത്തോടെ നോക്കുന്ന ആാാ വെള്ളാരം കണ്ണുകളോട്…..””” ആാാ പെണ്ണ് വാചാലയായി

“””അയാള് നിന്നെമാത്രമല്ല പത്മേ വരയ്ക്കുന്നത് വെറുമൊരു കല്ലിനെയാണെങ്കിൽ അതിനെപോലും ആ നിമിഷം പ്രണയിക്കും…..”””

“””ആയിക്കോട്ടേ ഇപ്പം ന്നെ പ്രണയിക്കുന്നുണ്ടല്ലോ….”” ചുണ്ട് ഒരുവശത്തേക്ക് കോട്ടികൊണ്ടവൾ ഓലമേഞ്ഞ വീടിനുള്ളിലേക്ക് ഓടിക്കയറി….

“””നിന്നെപോലൊരു അഴകുള്ള പെണ്ണിനെ എന്റെ വിരലുകൾ ഇതുവരെ വരച്ചിട്ടില്ല പത്മാ….നിന്നെപ്പോലെ അഴകുള്ള ഒരുവളെ എന്റെ ചായങ്ങൾ ഇതുവരെ അറിഞ്ഞിട്ടുപോലുമില്ല…..””” രാത്രിയിരുട്ടിൽ ചാണകം മെഴുകിയ വെറും നിലത്ത് തനിയെ കിടക്കുമ്പോൾ അയാളുടെ വാക്കുകൾ അവളുടെ കാതിൽ അലയടിച്ചു….. അതവളിൽ അയാളോടുള്ള പ്രേമത്തിന്റെ ആഴം കൂട്ടി….

രാവിലെ അയാൾ കണ്ണ് തുറക്കുമ്പോൾ നിറഞ്ഞ ചിരിയോടെ അവൾ അയാൾക്കുമുൻപിൽ ഉണ്ടായിരുന്നു….. നീട്ടിയ ചൂടോടെയുള്ള ഇഞ്ചി ചായ അയാൾ കയ്യിലേക്ക് വാങ്ങിപ്പിടിച്ചു…..

“””ഇന്ന് വരേണ്ടെന്ന് തന്നോട് പറഞ്ഞതല്ലേ അതോ ഇനി കാശിന്റെ ആവശ്യം വല്ലതുമുണ്ടോ….???”””

“””അതല്ല ഇവിടെ വീട്ടുപണിക്കും വച്ചുവിളമ്പാനും ആളില്ലാലോ അതാ ഞാൻ ഭക്ഷണം ഉണ്ടാക്കി വയ്ക്കാൻ….””” പൂർത്തിയാക്കാതവൾ ആ വെള്ളാരം കണ്ണുകളിലേക്ക് ഉറ്റുനോക്കി….

“””അതിന്റെ ആവശ്യം ഒന്നും ഇല്ലായിരുന്നു പുറത്തൂന്ന് കഴിച്ചാ എനിക്ക് ശീലം….. ഇനിയിപ്പം അതിനായി വന്നതല്ലേ അതുകൊണ്ട് ചെയ്തോളു… വിഭവങ്ങൾ ഒന്നും വേണ്ട ചെമ്മീൻ പൊടിയുണ്ടേൽ മേടിച്ചോണ്ട് വന്ന് ഒരു ചമ്മന്തി അരച്ചാൽ മതി….””” മുഖത്തേക്ക് പോലും നോക്കാതയാൾ നിറക്കൂട്ടുകൾക്കരുകിലേക്ക് നടന്നു നീങ്ങി…… ആ പെണ്ണിന്റെ കണ്ണുകളിൽ പരിഭവം വിടർന്നു……

തിളയ്ക്കുന്ന വെള്ളത്തിലേക്ക് അരികഴുകിയിട്ടു….. ചെമ്മീൻ പൊടിയും ചിരണ്ടിയ തേങ്ങയും മുളകും ചേർത്ത് അരച്ചെടുത്ത് ഒരു ചമ്മന്തിയും….. തൊടിയിൽ നിന്നും വെട്ടികൊണ്ടുവന്ന വാഴയിലയിലേക്ക് അവളത് വിളമ്പി കൊടുത്തു……അയാളത് വലിയ ഉരുളകളാക്കി വായിലേക്ക് വയ്ക്കുന്നതവൾ പുഞ്ചിരിയോടെ വാതിൽ മറവിൽ നിന്നും നോക്കി നിന്നു……

“”എന്നെയും പഠിപ്പിക്കാമോ…..???”” നിറങ്ങളില്ലാത്ത വെളുത്ത ക്യാൻവാസിലേക്ക് ചായങ്ങൾ മുക്കിയ ബ്രഷ് ചേർക്കുമ്പോഴായിരുന്നു പിന്നിൽ നിന്നും അവളത് ചോദിച്ചത്……

“”പത്മ ആ ചുമരിൽ എന്തൊക്കെയാ കാണുന്നെ….???””” ബ്രഷ് അരികിലെ ചുമരിലേക്കയാൾ നീട്ടിക്കാണിച്ചു

“””കലണ്ടറും പിന്നെ സമയം നോക്കണ ക്ലോക്കും….””” അവളൊട്ടും അമാന്തിക്കാതെ ഉടനടി പറഞ്ഞു…. അയാളൊരു ചിരിയോടെ വീണ്ടും നിറങ്ങളെ ക്യാൻവാസിലേക്ക് വരച്ചുചേർത്തു…..പിന്നീടെന്നുമവൾ അയാൾക്കരുകിലേക്ക് ചെന്ന് വീണ്ടും വീണ്ടും അതുതന്നെ ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു…. എന്നുമയാൾ ചുമരിനു നേർക്ക് ചൂണ്ടി പത്മ ആ ചുമരിൽ എന്താ കാണുന്നതെന്ന് തിരികെ ചോദിച്ചുകൊണ്ടിരുന്നു…..

അയാൾക്കുവേണ്ടുന്ന ഉത്തരത്തിനായി അയാൾ വരച്ചുചേർത്ത ചിത്രങ്ങളിലൂടെയെല്ലാം അവളുടെ മിഴികൾ പാഞ്ഞുകൊണ്ടിരുന്നു…. ഇരുട്ടിൽ ഉറങ്ങാനായി കണ്ണടയ്ക്കുമ്പോഴും അയാളുടെ ഓരോ ചിത്രങ്ങളും കണ്ണിനുമുൻപിൽ മിഴിവോടെ തെളിഞ്ഞുകണ്ടു…. പിറ്റേന്ന് പകൽ അയാൾക്കരുകിലേക്ക് ഓടിച്ചെല്ലുമ്പോൾ അയാളവിടെ മറ്റേതോ ചിത്രത്തിന്റെ പണിയിലാണ്…. പിന്നിലൂടെ ചെന്നവൾ അയാളെ വാരിപുണർന്നു….

“””ആാാ ചുമരിന് ഒരു പൊട്ടലുണ്ട് മാഷേ കൊടും വേനലിൽ മണ്ണ് വിണ്ടുകീറുന്നതുപോലൊരു പൊട്ടൽ…. ഇടതു ഭാഗത്ത് മച്ചിനരികിലായി ഒരു ചിലന്തിവലയും ഉണ്ട്….. അതിലൊരു കരിമ്പൻ ചിലന്തിയും…..””” ശ്വാസം എടുത്തുവിട്ടവൾ ഉത്സാഹത്തോടെ പറഞ്ഞു….. അയാളവളെ മുന്നിലേക്ക് പിടിച്ചുനിർത്തി….. ആ പെണ്ണിന്റെ കണ്ണിലെ തിളക്കവും കവിളിലെ നുണക്കുഴിയും അയാളിൽ കൗതുകം വിടർത്തി…. അയാളൊരു പുഞ്ചിരിയോടെ കയ്യിലിരുന്ന ബ്രഷ് അവളുടെ കൈകളിലേക്ക് കൊടുത്തുകൊണ്ട് പിന്നിലേക്ക് മാറി നിന്നു…..അയാൾ ചായങ്ങൾ ചേർക്കുന്നത് പോലെ അവളും ചെയ്തുനോക്കി പക്ഷേ നിറങ്ങളില്ലാത്ത കടലാസിലേക്ക് അത് പകർത്താൻ അവൾക്കായില്ല….. പിന്നിൽ നിന്നും അയാളുടെ നിശ്വാസം കഴുത്തിലേറ്റു.. കൈകളിൽ അയാളുടെ വിരലുകളുടെ ചൂടറിഞ്ഞു…. അയാളോട് ചേർന്നുനിന്നുകൊണ്ട് അവളാ കാൻവാസിൽ മനോഹരമായി മുന്നിലെ കുമ്മായം പൂശിയ വിണ്ടുപൊട്ടിയ ചുമര് വരച്ചിട്ടു…. സന്തോഷംകൊണ്ട് ആ പെണ്ണ് അയാളെ തിരിഞ്ഞുനിന്ന് കെട്ടിപ്പുണർന്നു…..

“””ഞാനും വരയ്ക്കാൻ പഠിച്ചല്ലോ നിക്ക്യും വരയ്ക്കാൻ അറിയാലോ….””” കുഞ്ഞുങ്ങളെ പോലവളുടെ കണ്ണുകൾ വിടർന്നുവന്നു….. അയാളുടെ ചായം ഒലിച്ചിറങ്ങുന്ന വിരലുകൾ അവളുടെ ഇടുപ്പിനെ ചുറ്റിപിടിച്ചു…. വിരലിലെ നിറങ്ങൾ അവളുടെ കണ്ണിലൂടെയും നാസികത്തുമ്പിലൂടെയും ഒലിച്ചിറങ്ങി…..

“””പത്മാ.. ചായങ്ങൾ നിന്നെ ഭോഗിക്കുന്നത് കാണുമ്പോൾ എനിക്കും വല്ലാത്തൊരു ഉന്മാദം തോന്നുന്നു….””” കാതിലായി പതിഞ്ഞ അയാളുടെ സ്വരം കേട്ട് അവളുടെ ശരീരം വിറപൂണ്ടു…. അവളയാളിലേക്ക് ഒതുങ്ങി നിന്നു….. ആ പെണ്ണിന്റെ നഗ്നതയിലേക്ക് അയാളുടെ ചായകൂട്ടുകൾ വീണലിഞ്ഞു….. ഏറെനേരം പരസ്പരം ഒന്നും പറയാതെ അവളയാളെ പുണർന്നുകിടന്നു….. നിറങ്ങൾ പറ്റിച്ചേർന്ന ആ പെണ്ണുടലിനെ അയാൾ കണ്ണുകൾകൊണ്ട് കൊത്തിവലിച്ചു….. ഞെട്ടിപ്പിടഞ്ഞുകൊണ്ട് ക്യാൻവാസിനരികിലേക്ക് എഴുന്നേറ്റ് ചെന്നു…… പ്രണയത്തിന്റെ ആലസ്യത്തിൽ നിറങ്ങളിൽ മുങ്ങി നഗ്നയായി കിടക്കുന്നവളെ അയാളൊരു ഭ്രാന്തനെപ്പോലെ വരച്ചുകൊണ്ടിരുന്നു…. മണിക്കൂറുകൾ നീണ്ട വരയ്‌ക്കൊടുവിൽ അയാളാ പെണ്ണിനെനോക്കി മൗനമായി അരികിലേക്ക് വിളിച്ചു…. അവളയാൾക്കു നേരെ രണ്ടുകൈകളും നീട്ടിപിടിച്ച് അരികിലേക്ക് മാടി വിളിച്ചു…..

“””ഈൗ കണ്ണിലുണ്ട് ഞാൻ…. എനിക്കെന്നെ ഇവിടെ മാത്രം കണ്ടാൽ മതി….””” അവളയാളുടെ ജടപിടിച്ച മുടിയിഴകളിലൂടെ പ്രേമത്തോടെ വിരലോടിച്ചു…..

“””ഞാൻ നാളെ മടങ്ങും പത്മാ….””” തെല്ലും നോവില്ലാതെ പതർച്ചയില്ലാതെ അയാളത് പറഞ്ഞപ്പോ അവളതൊരു ഞെട്ടലോടെയാണത് കേട്ടത്….

ഇനിയെന്ന് വരും….???

“”അറിയില്ല….””

എങ്ങോട്ടാ പോ..ണത്…???

“”അറിയില്ല….””

ആ പെണ്ണിന്റെ കണ്ണിലെ മഴ കിടക്ക വിരിപ്പിലേക്ക് നിശബ്ദം വീണുകൊണ്ടിരുന്നു….. പിറ്റേന്ന് കാലത്ത് അയാൾ വേണ്ടതെല്ലാം പെറുക്കിയെടുത്ത് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉള്ളിലെ നോവ് പുറത്തുകാട്ടാതെ അവളൊരു ചിരിയോടെ അയാളെ യാത്രയാക്കി….. അയാൾ ദൂരേക്ക് ദൂരേക്ക് ഒരു പൊട്ടുപോലെ മാഞ്ഞുപോകുമ്പോൾ അവൾക്ക് പിന്നിൽ നിന്നും ഉറക്കെ ഒന്നയാളെ വിളിക്കാൻ കൊതി തോന്നി…. നാവ് അയാളെ വിളിക്കാനായി ഉയർന്നപ്പോഴാണ് അയാളുടെ പേരുപോലും തനിക്കറിയില്ല എന്ന സത്യം അവളോർത്തത്….. വീട്ടിലേക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….. ഓരോ ദിവസവും അവളുടെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു….. തന്നെ കാണാൻ അയാളൊരിക്കൽ വരുമെന്ന് ആാാ പെണ്ണ് വിശ്വസിച്ചു….. മിഴികൾ ഓരോ ദിവസവും അയാളെ മാത്രം തേടി…..

ഇനിയൊരുനിമിഷം പോലും അയാളില്ലാതെ തനിക്കാവില്ല എന്ന് മനസിലാക്കിയ നിമിഷം അവള് അയാൾ താമസിച്ചിരുന്ന വീട്ടിലേക്ക് കയറിച്ചെന്നു…. അയാളുടേതായ ഒന്നും അവിടെ ഇല്ലായിരുന്നു….. അവശേഷിച്ച ക്യാൻവാസ് ബോർഡിലേക്ക് പതിയെ നടന്നുചെന്നു…. അതിനെമൂടിയിട്ടിരുന്ന വെളുത്ത കോട്ടൺ തുണി വലിച്ചെടുത്തു….

നിറങ്ങളിൽ മുങ്ങി പൊക്കിൾചുഴിക്ക് മേല്പോട്ട് നഗ്നയായി കിടക്കുന്ന അതിലെ പെൺരൂപത്തിലേക്ക് അവളൊന്ന് നോക്കി…… ആാാ പെണ്ണിന് സ്വന്തം മുഖമാണെന്ന് മങ്ങിയ കാഴ്ചയിലും തിരിച്ചറിഞ്ഞു…… അയാൾക്കൊപ്പമുള്ള നിറങ്ങളിൽ മുങ്ങിയ ഇരുട്ടിന്റെ കറുപ്പുള്ള രാത്രി അവൾക്കോർമയിൽ വന്നു……

“””നിന്നെമാത്രം അയാളിവിടെ ഉപേക്ഷിച്ചിരിക്കുന്നു പെണ്ണേ….. നിന്നിലിനിയൊന്നും അറിയാനായി അദ്ദേഹത്തിന് ബാക്കിയില്ല പിന്നെ അയാളെന്തിന് നിന്നെ കൂടെ കൂട്ടണം….???””” അവളുടെ വിരലുകൾ ആാാ ചിത്രത്തിന് മേളിലൂടെ പരിഭവത്തോടെ തഴുകി കൊണ്ടിരുന്നു…..”””ന്നാലും ന്നെ ഒന്ന് കാണാൻ തോന്നണില്ലേ ഇയാൾക്ക്….””” വീണ്ടും വീണ്ടും കണ്ണുകൾ നിറഞ്ഞൊഴുകി…..

“””കേട്ടിട്ടില്ലേ നീയ്യ് പാട്ടുപാടുന്നവൻ നിന്നെ വരികളാക്കും എഴുത്തുകാരൻ നിന്നെ മുഴുവൻ പഠിച്ച് ഓരോരോ കഥകളും കവിതകളും ആക്കും അതേപോലെ ആാാ ചിത്രകാരൻ നിന്നെ അടുത്തറിഞ്ഞ് നിന്നിലെ നീ കാണാത്ത പലതിനെപോലും നിറങ്ങൾ കൊണ്ട് വരച്ചുചേർക്കും…. ഇനിയൊരു കഥയും വരിയും നിറങ്ങളും നിന്നിൽ അവശേഷിക്കുന്നില്ല എന്ന് അറിഞ്ഞാൽ അവരെല്ലാം മറ്റൊരുവളിലേക്ക് ചേക്കേറും…..”””” കൂട്ടുകാരിയുടെ വാക്കുകൾ കണ്ണുനീരിന്റെ ശക്തി കൂട്ടി…. ആ വീടിന്റെ പടികൾ ഇറങ്ങുമ്പോൾ ദൂരെനിന്നും വയൽവരമ്പിൽ ഒരു ആൾരൂപം പോലെ….. തന്റെ കണ്ണുകൾ നാളുകളായി കാണാൻ കൊതിച്ചൊരു രൂപം പോലെ തോന്നിച്ചു അവൾക്കത്….അരികിലൂടെ അയാൾ വീടിനുള്ളിലേക്ക് ഒരു അപരിചിതനെപോലെ തന്നെ ഗൗനിക്കാതെ കയറിപ്പോകുന്നത് കണ്ടപ്പോൾ ഉള്ളിലെ തെളിഞ്ഞുകത്തിയ സന്തോഷം കെട്ടണഞ്ഞു…..

“”ഞാൻ… ഞാൻ കാത്തിരിക്കുവായിരുന്നു….”” വാതിൽക്കൽ നിന്നവൾ അയാളെനോക്കി പറഞ്ഞു….. അവളെ ഒരു നോട്ടംകൊണ്ടുപോലും ശ്രദ്ധിക്കാതെ അയാള് അടുക്കളയിലേക്ക് നടന്നുനീങ്ങി….

“””ന്നെ…. ന്നെ മറന്നോ….???””” അവള് അടുക്കളവാതിൽക്കലേക്ക് ചെന്ന് നിന്ന് അയാളുടെ കൈകളിൽ പിടിത്തമിട്ടു….മറുപടിയൊന്നും പറയാതെ അയാള് ആാാ പെണ്ണിന്റെ കൈകളെ വിടുവിച്ച് ഉള്ളിലേക്ക് നടന്നു….

“””ഇനി പോകുമ്പോ പത്മയെയും ഒപ്പം കൊണ്ടോവോ…. ഇവിടെ തനിയെ പറ്റില്ലെനിക്ക് ഞാൻ ശ്വാസം കിട്ടാതെ മരിച്ചുപോവും….””” അവളുടെ ശബ്ദം മുറിഞ്ഞു പോയി…. അയാളുടെ മൗനം അവളെ ചൊടിപ്പിച്ചു…..”””എന്തിനാ ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നെ ന്നെ കരയിക്കാനോ…. പറ ഒന്നും മിണ്ടില്ലെങ്കിൽ പിന്നെ, എന്നെ കാണാനല്ലെങ്കിൽ പിന്നെ എന്തിനാപ്പം തിരികെ വന്നേ…..””” അവളുച്ചത്തിൽ അയാളോട് കയർത്തു….”””പറ ന്തിനാ വന്നേ… പറ….”””

“””ഞാൻ വരച്ചു തീർത്ത ഒരു ചിത്രം ഇവിടെ ഉപേക്ഷിച്ചു പോയി അതെടുക്കാനായി വന്നതാ നാളെ പോകുമ്പോ അതൂടെ കൊണ്ടുപോകണം….””” ക്യാൻവാസിലേക്ക് നോക്കിക്കൊണ്ടയാൾ പറഞ്ഞു തീർത്തതും അവള് ഓടിച്ചെന്ന് അത് വലിച്ചുപറിച്ചു കീറിയെറിഞ്ഞു….. തിരിഞ്ഞുനിന്ന് അവളയാളെ പിന്നിലേക്ക് പിടിച്ചു തള്ളി….കണ്ണീരോടെ ആ പെണ്ണ് അവിടെനിന്നും ഇറങ്ങുമ്പോൾ അവളെ അയാളുടെ കൈകൾ ചുറ്റിപിണഞ്ഞിരുന്നു…..

“””അതില്ലേലും അതിലെ നിറങ്ങളിൽ മുങ്ങിയവൾ ഈ നെഞ്ചിനുള്ളിൽ തറഞ്ഞിരിപ്പുണ്ട്…..””” അയാളുടെ പതിഞ്ഞ സ്വരം കേട്ട് ആ പെണ്ണ് കണ്ണീരോടെ അയാളുടെ നെഞ്ചിലേക്ക് പറ്റിച്ചേർന്നുനിന്നു…..

“””നിന്നോളം അഴകുള്ളവൾ, നിന്നോളം നിഷ്കളങ്കമായവൾ മറ്റെവിടെയുമില്ല പത്മാ…. ഇത്രയും പ്രണയമുള്ള കണ്ണുകൾ മറ്റൊരുവൾക്കുമില്ല…..”””” അയാളാ പെണ്ണിന്റെ കണ്ണിലെ അവസാനത്തെ നീർതുള്ളിയിൽ ചുണ്ടുകളമർത്തി

“””എന്നേക്കാൾ മിടുക്കിയെ തേടിപോയതാണോ….??? “”” ആ പെണ്ണിന്റെ ചുണ്ടുകൾ പുറത്തേക്ക് തള്ളിവന്നു….

“””എന്തൊക്കെയോ വരച്ചുകൂട്ടാൻ പോയതാണ് പക്ഷേ മനസ്സ് ഇവിടെ ഈ പെണ്ണിന്റെ അരികിലാണെന്ന് ചായങ്ങൾ പിണങ്ങി നിന്നപ്പോഴാണ് മനസിലായതെന്നു മാത്രം…. എനിക്ക് നിന്നോട് പ്രണയമാണ് പത്മാ…. എന്റെ നിറങ്ങളോടെന്നപോലെ അത്രയും ആഴത്തിലുള്ള പ്രണയം…”””ആ പെണ്ണിന്റെ കണ്ണുകൾ തിളങ്ങി ഇരുകവിളിലെ നുണക്കുഴികൾ ഒന്നുകൂടെ കുഴിഞ്ഞു……

“””നിങ്ങടെ പേരെന്താ മനുഷ്യാ….??””” അധികാരത്തോടവൾ അയാളോട് ചേർന്ന് നിന്ന് അയാളെനോക്കി ചോദിച്ചു…..അയാളുറക്കെ പൊട്ടിച്ചിരിച്ചു….. അവളാ അട്ടഹാസം കേൾക്കവയ്യാതെ അയാളുടെ ചുണ്ടുകളെ പൊത്തിപിടിച്ചു…..അട്ടഹാസം നിലച്ചപ്പോൾ കൈകളെടുത്തുമാറ്റി ചുണ്ടുകൾ കൂർപ്പിച്ചുപിടിച്ച് അവളയാളെ വീണ്ടും നോക്കി…..

“””പത്മനാഭൻ….””” വളരെ ആർദ്രമായി അയാളുടെ ചുണ്ടുകൾ ആ പെണ്ണിന്റെ കാതോരം മൊഴിഞ്ഞു…..വീണ്ടുമാ പെണ്ണിന്റെ കൈകളിൽ നിറം പടർന്നു അയാളുമായി ചേർന്ന് നിന്നവൾ നിറങ്ങൾക്ക് നിറങ്ങൾചാർത്തി…..

അവസാനിച്ചു