ദയാവധം – രചന: NKR മട്ടന്നൂർ
പ്രിയ ആഷീ…
അപ്പച്ചനും അമ്മച്ചിയും അറിഞ്ഞു കഴിഞ്ഞു…പിന്നെ ഇച്ചായന്മാരും…അലീനാ..അവനെ നീ മറന്നേ മതിയാവൂന്നാ..അമ്മച്ചി പറഞ്ഞത്. ഇച്ചായന്മാരുടെ സ്വഭാവം അറിയാലോ. വെറുതേ അവന്‍മാരെ ശുണ്ഠി പിടിപ്പിക്കല്ലേന്നും പറഞ്ഞു. വേണംന്നു വെച്ചാല്‍ വെട്ടിയരിഞ്ഞ് പന്നിക്കൂട്ടങ്ങള്‍ക്ക് ഇട്ടുകൊടുക്കാനും മടിക്കില്ലെന്നാ താക്കീത്.
എനിക്കു വയ്യാ ആഷീ…നീ വേദനിക്കപ്പെടുമെന്നോര്‍ക്കുമ്പോള്‍ ഒന്നും എനിക്കു സഹിക്കാന്‍ ആവുന്നില്ലാ. വീട്ടില്‍ വന്നു പെണ്ണു ചോദിച്ചാല്‍ എന്നെ കെട്ടിച്ചു തരുമെന്ന് തോന്നണുണ്ടോ നിനക്ക്…?വീടിന്‍റെ പണി തീരുന്നതോടെ എന്നെ കെട്ടിച്ചു വിടാനുള്ള തിരക്കിലാ ഇച്ചായന്മാര്. തകൃതിയായ് നോക്കുന്നുണ്ട് എന്നെ പിടിച്ചു കൊടുക്കാന്‍ പറ്റിയൊരാളെ.. ! കുടുംബത്തിന് ചേര്‍ന്നൊരാളെ ഒത്തുകിട്ടിയില്ലെങ്കില്‍ ആരുടേയെങ്കിലും തലയില്‍ കെട്ടിവെയ്ക്കും, അതാണെന്‍റെ പേടി.
ആഷി അതിന് മുന്നേ വന്നെന്നെ കൊണ്ടു പോവണം. ഇല്ലേല്‍ അറിയാല്ലോ വീടിനു പിറകിലേ കുന്നിന്‍മുകളിലേക്ക് പോവും ഞാന്‍. താഴേക്ക് ചാടിയാല്‍ പിന്നെ…എന്‍റെ ശവശരീരം പോലും അവര്‍ക്ക് കിട്ടത്തില്ലാ…! എന്തിനാ ആഷി നീ എന്നെ മോഹിപ്പിച്ചത്…ഈ പാവം പെണ്ണിന്‍റെ ഹൃദയം കവര്‍ന്നെടുത്തത്…വീടിന്‍റെ വയറിങ്ങ് പണിക്കു വന്ന നീ എന്തിനെന്നെ കൊതിപ്പിച്ചു. നിന്‍റെ ചുരുണ്ട മുടിയിഴകളും നനുത്ത താടി രോമങ്ങളും ആ കണ്ണുകളിലെ വിഷാദവും കണ്ടു കൊതി തീരാത്തതിനാല്‍ വെറുതേ നോക്കി നിന്നതല്ലേ ഉള്ളൂ ഞാന്‍.
എങ്കിലും നീ എന്നെ പ്രണയാതുരയാക്കിയതെന്തിനായിരുന്നു…നീ ഞങ്ങളുടെ മതത്തില്‍ പെട്ടവനായിരുന്നെങ്കില്‍…ഒരു പണക്കാരന്‍റെ മകനായിരുന്നെങ്കില്‍…നമുക്ക് ഒന്നാവാനാകുമായിരുന്നു…ഇതിപ്പോള്‍ ഒന്നിനും വയ്യാല്ലോ ആഷീ…നീ ഇല്ലെങ്കില്‍ ഇനി ഈ അലീനയുമില്ല. നിന്നോടൊത്തെല്ലാതെ ഇനിയെനിക്കൊരു ജീവിതവുമില്ല ആഷീ. വരില്ലേ എന്നെ കൊണ്ടു പോവാന്‍.
ലോകത്തിന്‍റെ ഏതെങ്കിലും കോണിലേക്ക് പോവാം നമുക്ക്. ഒരു നേരത്തെ ആഹാരം തന്നാല്‍ മതിയെനിക്ക്. നിന്‍റെ നെഞ്ചിലെ ചൂടേറ്റ് ഒരു രാത്രി എനിക്കൊന്നുറങ്ങണമായിരുന്നു. പിന്നെയെന്‍റെ ഇച്ഛായന്മാര്‍ എന്നെ കൊന്നോട്ടെ. എന്നാലും എനിക്കു യാതൊരു സങ്കടവും കാണില്ലാ. ഈ എഴുത്ത് എങ്ങനേലും നിന്‍റെ കൈകളിലെത്തിക്കും. ഒരു മറുപടി കൊടുത്തയക്കണം.
എന്നെ കൊണ്ടുപോവണം. ഈ രണ്ട് ആഗ്രഹങ്ങളേ ഇനി എന്നിലുള്ളൂ. നീ വന്നു കൊണ്ടു പൊയ്ക്കോളൂ. ഏതു നാട്ടിലേക്കായാലും സന്തോഷത്തോടെ ഞാന്‍ വരും..
സ്നേഹപൂര്‍വ്വം, അലീന…
ആ കത്തു ആഷിയുടെ കൈകളില്‍ കിടന്നു വിറച്ചു. പിറ്റേന്നാള്‍ ഉറ്റ ചങ്ങാതി വിനോദിനേയും ഉപ്പായേയും, നാട്ടിലെ പൊതു സമ്മതനായ മൗലവിക്കായേയും കൂട്ടി അവന്‍ അലീനയുടെ വീട്ടിലേക്ക് പോയി. അവര്‍ കയറിചെല്ലുമ്പോള്‍ പൂമുഖത്തുണ്ടായിരുന്നു ആ മൂന്നുപേരും. അലീനയുടെ അപ്പച്ചനും രണ്ട് ഇച്ചായന്മാരും. ഓരോ മുഖത്തും വിരിയുന്ന പരിഹാസം കണ്ടെങ്കിലും സംയമനത്തോടെ ആ മുറ്റത്ത് നിന്നു അവര്‍ നാലു പേരും.
ങ്ങും…എന്തു വേണം…ആരാ…? എവിടുന്നാ…?അപ്പച്ചനായിരുന്നു ചോദിച്ചത്…
മൗലവിക്കാ ഒരു നിമിഷത്തെ ആലോചനയോടെ പറഞ്ഞു.ഞങ്ങളിവിടെ അടുത്തൂന്നാ…പറയുന്നത് തെറ്റാണെങ്കില്‍ ക്ഷമിക്കണം…ഇവിടത്തെ അലീനയ്ക്ക് ഒരു വിവാഹാലോചനയുമായ് വന്നതാണ്. ദാ ഈ ആഷിയാണ് ചെറുക്കന്‍…
ഹഹഹ…അതു കൊള്ളാല്ലോ…വേറെ വീടൊന്നും കണ്ടില്ലേ നിങ്ങള്‍ക്ക്..? എന്താ ഇവിടെ വന്നു പെണ്ണു ചോദിക്കാന്‍ കാരണം. ഇവിടത്തെ പെണ്ണിനെ അന്യ സമുദായത്തില്‍ പെട്ട ഒരുത്തന് കെട്ടിച്ചു കൊടുക്കുമെന്ന് ആരെങ്കിലും പറഞ്ഞോ നിങ്ങളോട്…?
അപ്പച്ചന്‍റെ സ്വരത്തിലെ പരിഹാസം മനസ്സിലായെങ്കിലും മൗലവിക്ക വിനയത്തോടെ തുടര്‍ന്നു…ഇപ്പോഴത്തെ കുട്ടികളുടെ കാര്യമല്ലേ….അവര്‍ തമ്മില്‍ മുന്നേ തന്നെ ഇഷ്ടമായ സ്ഥിതിക്ക്..നമുക്ക് ഇതങ്ങ് നടത്തിക്കൊടുത്തൂടേ…?
പ്ഫാ….ഒരാട്ടായിരുന്നു അതിനുള്ള മറുപടി..ഇവനെയൊന്നും ഈ വീട്ടില്‍ കയറ്റരുതായിരുന്നു…! അതാ ഞങ്ങള്‍ക്കു പറ്റിയ തെറ്റ്…പിന്നെ തന്‍റെ ചെക്കന് പണക്കാരി പെണ്ണിനോട് പ്രണയം തോന്നിയിട്ടുണ്ടാവും. അതങ്ങനെയാണല്ലോ…നക്കാപ്പിച്ചയ്ക്ക് ഗതിയില്ലാത്തവനും എത്താക്കൊമ്പത്തല്ലേ നോട്ടം കാണൂ…കയ്യോ കാലോ കാട്ടി വശത്താക്കും എന്നിട്ട് ഒരു നാണോമില്ലാതെ വന്നിരിക്കുന്നു..പെണ്ണു ചോദിക്കാന്‍…പൊയ്ക്കോളൂ നാലുപേരും…
ഇവിടത്തെ പെണ്ണിനങ്ങനെ ആരോടും പ്രേമമൊന്നുമില്ലാ…പിന്നെ ഇതോടെ ആ പൂതി ആ മനസ്സില്‍ തന്നെ കുഴിച്ചു മൂടിയേക്കാന്‍ പറഞ്ഞേക്ക് നിങ്ങളുടെ മകനോട്…ഇനിയും ഇവിടത്തെ പെണ്ണിന്‍റെ മേലെങ്ങാനും അവന്‍റെ നിഴലു പോലും പതിയരുത്..അങ്ങനെ വല്ലതും ഇനിയും അറിയാനിടയായാല്‍..ഉം..പൊയ്ക്കോളൂ.അതൊരു താക്കീതായിരുന്നു….
വിനോദ് ആഷിയുടെ കയ്യില്‍ മുറുകേ പിടിച്ചിരുന്നു തിരികേ നടക്കുമ്പോള്‍. ഉപ്പായും മൗലവിക്കയും എന്തോ പറഞ്ഞു കൊണ്ട് മുന്നേ നടന്നു.
ആഷീ…നീ മറക്കണം അവളെ…വിനോദിന്‍റെ വാക്കുകള്‍ക്ക് മൗനമായിരുന്നു ആഷിയുടെ മറുപടി. ഞാന്‍ മറന്നാലും അലീനയ്ക്ക് അതിനാവില്ലെടാ…നിനക്കറിയോ..എങ്ങോട്ടു വേണേലും എന്‍റെ കൂടെ വരും അവള്‍…ഞാന്‍ വിളിച്ചാല്‍ ഏതു പാതി രാത്രി വേണേലും അവളിറങ്ങി വരും എന്നോടൊപ്പം…അവന്‍ വേദനയിലും ചിരിച്ചു.
ആഷീ അവളുടെ ആങ്ങളമാര്‍ ഒരിക്കലും സമ്മതിക്കില്ല നിങ്ങളെ ഒന്നാവാന്‍. അവനും ഉള്ളില്‍ ഭയം തോന്നി ത്തുടങ്ങിയിരിക്കുന്നു. വിനോദ് നിനക്കും ഭയം ആയി അല്ലേ…? ഇതു ജീവിതമാണ്…ഒരു രാത്രി മതി അവളേയും കൊണ്ട് ഞാന്‍ പൊയ്ക്കോളാം ലോകത്തിന്‍റെ ഏതെങ്കിലും കോണിലേക്ക്…നീ കൂടെയുണ്ടാവില്ലേ…ഒരു വണ്ടിയുമായ് നീ വരണം. ഞങ്ങളെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു തന്നാല്‍ മാത്രം മതി…വിനോദ് മൂളി…ഞാനുണ്ടാവും നിന്‍റെ കൂടെ. അവനെ കൈവിടാന്‍ ആവില്ലായിരുന്നു വിനോദിന്. അത്രമേല്‍ ആത്മാര്‍ത്ഥമായ സൗഹൃദമുണ്ടായിരുന്നു അവര്‍ക്കിടയില്‍.
അലീനാ…
ഞാന്‍ വരും നിന്നെ കൊണ്ടു പോവാന്‍…നമുക്ക് പോവാം എന്‍റെ ഉപ്പായുടെ അനിയനുണ്ട് ബോംബേയില്‍. രാത്രിയത്തെ ട്രെയിന്‍ കേറിയാല്‍ പിറ്റേന്ന് വൈകിട്ടാവുമ്പോഴേക്കും നമുക്കവിടേക്ക് എത്തിച്ചേരാം. നാളെ രാത്രി പത്തുമണിക്ക് ഞാന്‍ വരും നീ പറഞ്ഞ സ്ഥലത്ത് ഞാന്‍ കാത്തിരിക്കും. ഒന്നിനും വേദനിക്കരുത്. ഞാനുണ്ടാവും അലീനയ്ക്കൊപ്പം എപ്പോഴും..
സ്നേഹപൂര്‍വ്വം, ആഷി.
രാത്രി പത്തുമണി കഴിഞ്ഞപ്പോള്‍ ജീപ്പുമായ് വിനോദും ആഷിയും അലീനയുടെ വീടീന്ന് കുറച്ചകലേ എത്തി. അവളേയും കൂട്ടി വരാമെന്നും പറഞ്ഞ് ആഷി ഇരുട്ടിലേക്കിറങ്ങി നടന്നു. ജീപ്പ് റോഡീന്ന് മാറ്റിയാ നിര്‍ത്തിയിട്ടിരുന്നത്. ആഷി സൂക്ഷിച്ചായിരുന്നു നടന്നത്, ഓരോ ഇലയനക്കങ്ങള്‍ പോലും ശ്രദ്ധിച്ചു കൊണ്ട്. അലീന ഇറങ്ങി വരാമെന്നു പറഞ്ഞു കാത്തിരിക്കാനുള്ള സ്ഥലം അവള്‍ തന്നേയാ പറഞ്ഞു തന്നിരുന്നത്. മൊബൈല്‍ ഫോണിന്‍റെ വെളിച്ചം മൂന്നു തവണ കാട്ടിക്കൊടുക്കണമെന്ന് പറഞ്ഞിരുന്നു അവിടെ എത്തിയെന്ന സൂചനയായിട്ട്. അതും കൊടുത്തവന്‍ അവിടെ പതുങ്ങിയിരുന്നു.
കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ കയ്യിലൊരു ചെറിയ ബാഗുമായ് വിറയാര്‍ന്ന ശരീരത്തോടെ അലീന അവനരികിലെത്തി. കുറച്ചു നേരം രണ്ടു പേരും പരിസരം നിരീക്ഷിച്ചു കൊണ്ട് അവിടെത്തന്നെ ഇരുന്നു. അലീന ഹൃദയം നിറഞ്ഞ സ്നേഹത്താല്‍ അവന്‍റെ കൈകളില്‍ മുറുകേ പിടിച്ചിരുന്നു. അവനോട് ചേര്‍ന്നായിരുന്നു അവളിരുന്നത്. പേടി കൊണ്ട് അവളുടെ ശരീരം വിറ കൊള്ളുമ്പോഴും ആ കണ്ണുകളില്‍ നല്ല തിളക്കമുണ്ടായിരുന്നു. കുറച്ചു നിമിഷങ്ങള്‍ ഭയാനകമായ് കടന്നു പോയി.
വാ…ആഷി അവളുടെ കൈ പിടിച്ചു ജീപ്പ് നിര്‍ത്തിയിടത്തേക്ക് നടന്നു. അര കിലോമീറ്ററോളം ദൂരമുണ്ട് അവിടേക്ക് നടക്കാന്‍. ശബ്ദമുണ്ടാക്കാതെ അവളെ ചേര്‍ത്തു പിടിച്ചു നടക്കുമ്പോള്‍ ആഷിക്ക് ലോകം പിടിച്ചടക്കിയ ആഹ്ലാദമുണ്ടായിരുന്നു. ജീപ്പിനരികെ എത്താറായപ്പോള്‍ ദൂരേന്ന് കേട്ടു ആരുടേയൊക്കെയോ ആക്രോശങ്ങള്‍, കൂട്ടത്തില്‍ വിനോദിന്‍റെ ശബ്ദവും കേള്‍ക്കാം.
അവിടെ നിന്നു…കാര്യങ്ങള്‍ മനസ്സിലായി. വിനോദിനെ പിടി കൂടി കാര്യങ്ങള്‍ മനസ്സിലാക്കിയ അലീനയുടെ ഇച്ചായന്‍മാരും അനുയായികളും ടോര്‍ച്ച് തെളിച്ചു നടന്നു വരുന്നു. പിന്നെ വന്നവഴിയേ ഓടുകയായിരുന്നു. ടോര്‍ച്ചിന്‍റെ വെട്ടം ആഷിയുടേയും അലീനയുടേയും മേല്‍ പതിച്ചു. പിടിയെടാ രണ്ടിനേയും…എന്നും പറഞ്ഞ് പിറകേ കുതിച്ചു അഞ്ചാറു പേരും. വിനോദും അവര്‍ക്കു പിറകേ ഓടി. നല്ലപോലെ മര്‍ദ്ദനമേറ്റിട്ടുണ്ടായിരുന്നു അവന്.
ആഷീ…പിടിക്കപ്പെട്ടാല്‍ നിന്നെ അവര്‍ കൊല്ലും…പിടി കൊടുക്കരുത്…കരയുകയായിരുന്നു അലീന…
അവള്‍ അവനേയും കൊണ്ട് കുന്നിന്‍ മുകളിലേക്ക് പാഞ്ഞു…താഴേന്ന് ടോര്‍ച്ചുമായ് പിറകേ ഓടി വരുന്നുണ്ടായിരുന്നു അവരെല്ലാം.
ആഷി..ഒന്നാവാന്‍ അവര്‍ നമ്മളെ അനുവദിക്കില്ല. നിന്നോടൊപ്പം മരണത്തിലേക്ക് പോവാനും എനിക്ക് സമ്മതമാണ്. നിനക്കു വിഷമമുണ്ടോ ആഷീ. കുന്നിന്‍ നെറുകയില്‍ എത്തിയപ്പോള്‍ കരഞ്ഞുകൊണ്ടായിരുന്നു അലീന അങ്ങനെ പറഞ്ഞത്. അവന്‍ ഒത്തിരി സ്നേഹത്തോടെ അവളെ കെട്ടിപ്പിടിച്ചു. പോവാം…അവര്‍ക്ക് പിടി കൊടുക്കന്നതിലും ഭേദം മരണമാണെങ്കില്‍ അങ്ങനെ…ഭയാനകമായൊരു നിശബ്ദത…
രണ്ടുപേരും ഒന്നായ് താഴേക്ക് ചാടുമ്പോഴേക്കും അവളുടെ ഇച്ചായന്മാരും അനുയായികളും തൊട്ടടുത്തെത്തിയിരുന്നു. കട്ടപിടിച്ച ഇരുളിലേക്ക് ആ രണ്ടു ജീവനും മറഞ്ഞു പോയി. ഇരുട്ടിലേക്ക് അടിച്ച ടോര്‍ച്ചിന്‍റെ വെട്ടം അകന്നകന്നു പോയി. ഒന്നും ചെയ്യാനാവാതെ ആറുപേരും മുഖത്തോട് മുഖം നോക്കി നിന്നു.
പിന്നാലെ എത്തിയ വിനോദും ഇരുട്ടിലേക്ക് നോക്കി കണ്ണീരോടെ നിന്നു…അവരു കണാതെ മറഞ്ഞു നിന്നു…തന്‍റെ പ്രിയ കൂട്ടുകാരനും പെണ്ണും മരണത്തിലേക്ക് പോയി എന്നു വിശ്വസിക്കാനാവാതെ അവന്‍ വാ പൊത്തിക്കരഞ്ഞു….ആ രാത്രി അവന് മറക്കാനാവാത്ത ഒരു പാട് നിമിഷങ്ങള്‍ നല്‍കിക്കൊണ്ട് പതിയെ വിടവാങ്ങുകയാണ്….അവന്‍ ആ ഇരുട്ടില്‍ തേങ്ങലോടെ നേരം പുലരാന്‍ കാത്തിരുന്നു…
പകലിന്‍റെ നേരിയ വെളിച്ചം വരുമ്പോഴേക്കും ആരൊക്കെയോ കുന്നുകയറി വരുന്നുണ്ടായിരുന്നു. അലീനയുടെ ആങ്ങളമാരും വേറെ ആരൊക്കെയോ ആയിരുന്നു. വലിയ വടം കൊണ്ടു വന്നിട്ടുണ്ട്. വേറെന്തൊക്കെയോ…താഴേക്ക് വടത്തിലൂടെ ആരൊക്കെയോ ഇറങ്ങുന്നു… പുല്‍ക്കാട്ടിനുള്ളില്‍ വിനോദ് ഇമ ചിമ്മാതെ കാത്തിരുന്നു…ഒരു മണിക്കൂറോളം.
ഒടുവില്‍ വടം പിടിച്ചു കയറി വന്നവര്‍ എന്തോ വലിച്ചു കയറ്റി. ചോരയില്‍ കുളിച്ച അലീനയുടെ ശരീരം ആയിരുന്നു അത്. കിതപ്പോടെ അവര്‍ പറയുന്നത് കേട്ടു. മരക്കൊമ്പില്‍ തങ്ങി നിന്നതു കൊണ്ടാ ഇവളെ കിട്ടിയത്. താഴോട്ട് ഇറങ്ങാനാവില്ലാ…അഗാധതയാ….അവര്‍ അലീനയേയും കൊണ്ട് വേഗം കുന്നിറങ്ങി താഴേക്ക് പോയി.
മരിച്ചിട്ടില്ലാന്ന്.. ആരോ പറയണത് കേട്ടു. കൊണ്ടുപോവാത്ത ആശുപത്രികളില്ലാ, കാണാത്ത ഡോക്ടര്‍മാരുമില്ല. ഒടുവില്‍ ആയുര്‍വ്വേദവും അലോപ്പതിയും മാറി മാറി പരീക്ഷിച്ചു പരാജയപ്പെട്ട ആ ജീവച്ഛവം തിരികേ വീട്ടിലെത്തിച്ചു. രണ്ടു വര്‍ഷത്തോളം വിവിധ ആശുപത്രികളിലായ് ചികിത്സിച്ചെങ്കിലും…അലീന മിഴികള്‍ മാത്രം തുറന്നു വെച്ച് ആരേയോ കൊതിച്ചു കൊണ്ട് കാത്തിരുന്നു…
അവരുടെ സ്വത്തിന്‍റെ വലിയൊരു ഭാഗം അലീനയുടെ ചികിത്സയ്ക്കായ് തീര്‍ന്നിരിക്കുന്നു. ഇനിയും ചിലവഴിക്കുന്നത് പാഴാവും എന്നുള്ള ചിന്തയാല്‍ കിട്ടിയതുമായ് ആണ്‍മക്കള്‍ അപ്പച്ചനേയും അമ്മച്ചിയേയും അലീനയേയും തനിച്ചാക്കി പോയ്ക്കളഞ്ഞു. പരസ്പരം പഴിചാരാന്‍ എല്ലാവരും മത്സരിച്ചു. എല്ലാത്തിനുമൊടുവില്‍ ഒരു പഴംതുണി കെട്ടു പോലെ മരണം കൊണ്ടു പോവാന്‍ മടിച്ച അലീന മാത്രം ബാക്കിയായി.
വിനോദ് ഒരു നാള്‍ അവിടെ പോയിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം. അലീനയുടെ കണ്ണുകള്‍ അവനെ കണ്ടപ്പോള്‍ നിറഞ്ഞൊഴുകി. ഒരു ഹോം നേഴ്സുണ്ടായിരുന്നു അലീനയുടെ നിര്‍വ്വികാരതയ്ക്ക് കൂട്ടായിട്ട്. അലീനയുടെ കണ്ണുകള്‍ വിനോദിനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…അവനു തിരിച്ചറിയാനാവാത്ത ഭാഷയില്‍…അവളൊരു പക്ഷേ എന്നെങ്കിലും സുഖം പ്രാപിച്ച് എഴുന്നേറ്റ് വരുന്ന ആഷിയെ കാത്തിരിക്കുന്നതാവുമോ…?
ആ പ്രതീക്ഷയോടെ എന്നെങ്കിലും അവളും എഴുന്നേറ്റ് നടക്കുകയാണെങ്കില്‍ അങ്ങനെ ആവട്ടെ. അല്ല അലീനയ്ക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ടാവുമോ ആഷി ജീവിച്ചിരിപ്പില്ലെന്ന്…? അവന്‍റെ ആത്മാവ് അവളുടെ അരികില്‍ വന്നു കാണുമോ…?അവനോടൊപ്പം പോവാനാവത്തതിനാലാവുമോ അവള്‍ കരയുന്നത്.
ദയനീയമായ ആ നോട്ടം നേരിടാനാവാതെ,ആയിരം ചോദ്യങ്ങളും നെഞ്ചിലേറ്റി ഒന്നും
പറയാതെ നിറമിഴികള്‍ തുടച്ചു കൊണ്ട് വിനോദ് ഇറങ്ങി നടന്നു. പിന്നീടൊരുനാള്‍ അലീനയുടെ അപ്പച്ഛന്‍ മരിച്ചപ്പോഴായിരുന്നു അവിടെ പോയത്. പത്തു വര്‍ഷമായ് പടി വാതിലിലേക്ക് മിഴികള്‍ തുറന്നു തന്‍റെ പ്രിയതമനെ കാത്തിരിക്കുന്നു അലീന. അല്ലെങ്കില്‍ വഴി തെറ്റി വരുന്ന മരണവും കാത്ത്…അതേ കിടപ്പ് തന്നെ…
ഹോ…ആ കാഴ്ച ഹൃദയഭേദകമായിരുന്നു…ആ കണ്ണുകള്‍ കുഴിയിലേക്ക് അല്‍പം താണിരുന്നതൊഴിച്ചാല്‍ യാതൊരു മാറ്റവുമില്ലാ. അലീനയുടെ അമ്മയെ കണ്ടപ്പോള്‍ സങ്കടം തോന്നി. പറയാതെ പറയുന്നുണ്ട് ഒരു ആയുസ്സിന്‍റെ മുഴുവന്‍ വേദനകളും. ഒന്നും പറയാനാവാതെ വിനോദ് പടിയിറങ്ങി. പറയുന്നതെല്ലാം കേള്‍ക്കാനാവും അലീനയ്ക്ക്. ആ കണ്ണുകളാല്‍ മറുപടി തരും എല്ലാത്തിനും. പിന്നേയും ഒരുപാട് നാളുകള്‍ കൊഴിഞ്ഞു പോയി.
അലീനയെ സഹായിക്കാനൊരു വഴി തേടി വിനോദ്. എന്തിനിങ്ങനെ വേദന തിന്നു ജീവിക്കുന്നു. മരണത്തിനും വേണ്ടാത്തവളോ അലീന…? ആഷിയുടെ മരണം അലീന അറിഞ്ഞില്ലെങ്കില്‍…?അവനെയാവുമോ അവള്‍ കാത്തിരിക്കുന്നത്…? പറഞ്ഞാലോ ആ കാതില്‍, ആഷിയെ പിന്നെ കണ്ടു കിട്ടിയില്ലായെന്ന്….അവനെ അന്നേ മരണം കൊണ്ടു പോയെന്ന്…!
വിനോദ് അന്നു കയറി ചെല്ലുമ്പോഴും ആ തിളക്കമുള്ള കണ്ണുകള്‍ അല്‍പം കൂടി കുഴിയിലേക്കാണ്ടിരിക്കുന്നു. പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും അലീന കാത്തിരിക്കുന്നത് ആഷിയുടെ കൈകളാല്‍ ഒരു തലോടലേല്‍ക്കാനാവും. ആ കണ്ണുകളിലേക്ക് നോക്കി ആ സത്യം പറയാനുള്ള ശക്തിയില്ലാ ഇപ്പോഴും. നിങ്ങള്‍ കാത്തിരിക്കുന്നയാള്‍ അന്നേ പിരിഞ്ഞു പോയിരുന്നെന്ന്. ഇന്നും ആ സത്യം അവരെ അറിയിക്കാനുള്ള ശക്തി വിനോദിനില്ലാത്തതിനാല്‍ നിറമിഴികളോടെ മുറിക്കു പുറത്തേക്ക് നടന്നു. ആശിക്കുന്നവരേയൊന്നും മരണം തേടി വരുന്നില്ലല്ലോ ദൈവമേ.
ഏതോ ഒരുള്‍പ്രേരണയാല്‍ വിനോദ് വീണ്ടും അലീനയുടെ മുറിയിലെത്തി. ആരും അരികിലുണ്ടായിരുന്നില്ല. അലീനാ…ആഷിയെ അന്നുതന്നെ മരണം കൊണ്ടു പോയി…ഇനിയും എന്തിനാണീ കാത്തിരിപ്പ്…വേദനകളില്ലാത്തൊരു ലോകത്തേക്ക് നിന്‍റെ ആഷിയുടെ ലോകത്ത് പോവാന്‍ ഞാന്‍ സഹായിക്കട്ടെ…
ആ കണ്ണുകള്‍ സമ്മതം പറഞ്ഞതു പോലെ ഒരുവട്ടം തിളങ്ങിയോ..?ആ നെറ്റിയില്‍ പതിയെ തലോടി…
നിന്നേ പോലെ എന്‍റെ ആഷിയെ മറ്റാരും പ്രണയിച്ചിട്ടുണ്ടാവില്ലാ…ലോകത്ത് ഒരു പ്രണയവും ഇതുപോലെ ഒരു മനസ്സിനേയും വേദനിപ്പിച്ചും കാണില്ലാ…അലീനയെ മറ്റൊരു ലോകത്ത് ആഷി കാത്തിരിക്കുന്നുണ്ടിപ്പോഴും…എന്‍റെ ആഷിക്കു വേണ്ടി എനിക്കിത്രയേ ചെയ്യാന്‍ കഴിയൂ…പൊയ്ക്കോളൂ അവന്‍റെ കൂടെ…
തുള്ളികളായ് ആ വായ്ക്കുള്ളിലേക്ക് ആ ദ്രാവകം പകര്‍ന്നു കൊടുക്കുമ്പോള്‍ വിനോദിന്‍റെ മിഴികള്‍ നിറഞ്ഞൊരു തുള്ളി കണ്ണുനീര്‍ അലീനയുടെ കവിളില്‍ പതിച്ചു. അവന്‍ അലീനയുടെ കണ്‍ പോളകള്‍ വിരലുകളാല്‍ ചേര്‍ത്തടച്ചു…എന്‍റെ ആഷി എന്നോട് ക്ഷമിക്കും…അവന്‍ ഇറങ്ങി നടന്നു…
അന്നു വൈകുന്നേരം വിനോദും ആ വാര്‍ത്ത കേട്ടു…അലീന ഈ ലോകത്ത് നിന്നും പോയെന്ന്…ആഷീ…അവളുടെ വിരലുകള്‍ ഇനിയെന്നും ചേര്‍ത്തു പിടിക്കണേ നീ…അവന്‍ മൗനമായ് പ്രാര്‍ത്ഥിച്ചു.