ബ്രേക്കിംഗ് ന്യൂസ് ~ രചന: കാശിനാഥൻ
മനസിന്റെ അലയൊടുങ്ങാത്ത സന്തോഷം കൊണ്ടാണോ… ഇന്നത്തെ ദിവസം ആ ഒരാൾ കൂടെ ഇല്ലെന്നുള്ള തോന്നലാണോ എന്തോ അറിയില്ല, ഇന്നലെ രാത്രി തൊട്ടേ ഉറക്കം അന്യമായിരുന്നു… ഒരു പക്ഷെ തന്റെ പ്രിയപ്പെട്ടവന്റെ ജന്മനാളായതിന്റെ ആകാംഷ കൊണ്ടായിരിക്കണം…അത് തന്നെ ആവണം.. സന്തോഷവും സങ്കടവും ഒരുപോലെ മനസ്സിൽ തിങ്ങി നിറയുന്നത്… മഴത്തുള്ളികളുടെ കുളിർമയും കത്തിയെരിയുന്ന വേനലിന്റെ പൊള്ളിക്കുന്ന ചൂടും ഒരു പോലെ അനുഭവിച്ചറിയുന്ന പോലെ…
കഴിഞ്ഞ വർഷം, മനസ്സും ദിശയും തെറ്റി കുത്തി ഒലിച്ച് മണ്ണ് നിറഞ്ഞ പുഴയുടെ അവസ്ഥയിലായിരുന്നു ഓരോ വാർത്താകുറിപ്പും വായിച്ചു തീർത്തത്.. മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും ഉണ്ടായ ദുരന്തങ്ങളുടെ വാർത്ത ഓരോ പ്രാവശ്യവും വായിച്ചു തീർക്കുമ്പോഴും കണ്ണ് കരഞ്ഞില്ലെങ്കിലും മനസ്സ് കരയുന്നുണ്ടായിരുന്നു…ക്യാമറ ഓഫ് ആയിക്കഴിഞ്ഞപ്പോൾ മുഖം പൊത്തി കരഞ്ഞിരുന്നു… ദുരന്ത മുഖത്തെ അവസ്ഥ അത്രയും ദയനീയമായിരുന്നു.. ജീവനും ജീവിതവും ഒരു ആയുഷ്കാലത്തെ സമ്പാദ്യം മുഴുവനും നഷ്ടപെട്ട എത്രയോ പേർ…
“ശ്രുതി… പുഴയുടെ മറുകരയിൽ അകപ്പെട്ടു പോയ രണ്ടുകുടുംബങ്ങളെ രക്ഷിക്കാനുള്ള പരിശ്രമത്തിലായിരുന്നു നാട്ടുകാർ.. എന്നാൽ കഴിയുന്നത്ര പരിശ്രമിച്ചിട്ടും.. ആഹ് .. അവരെ സുരക്ഷിതമായി പുഴയുടെ ഇപ്പുറത്തേക്ക് എത്തിക്കാൻ സാധിച്ചില്ല.. അത്രയും ക്രുദ്ധയായി ചാലിയാർ പുഴ ഒഴുകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്…
അആഹ്.. ശ്രുതി.. ഇപ്പോൾ അറിയാൻ കഴിഞ്ഞത് ഇന്ത്യൻ കരസേനയുടെ ദ്രുത കർമ്മ സേന എത്രയും പെട്ടെന്ന് ഇവിടെ എത്തുമെന്നാണ്.”പ്രതീക്ഷ കൈവിട്ട അവിടെ കൂടി നിന്ന ആൾക്കാരിൽ പ്രതീക്ഷയുടെ പുതുനാമ്പ് മുളപ്പിച്ചതായിരുന്നു ആ വാർത്ത…
അതെ… ഇന്ത്യൻ ആർമി എന്നാൽ ഒരു വിശ്വാസം ആണ്.. പ്രതീക്ഷ ആണ്…
ഓരോ വാർത്തയും അണുനിമിഷം തെറ്റാതെ ജനങ്ങളിലേക്കെത്തിക്കണ്ട ഞാൻ ആ നിമിഷം സ്തബ്ധയായി പോയിരുന്നു.. ആർമി വസ്ത്രമിട്ട ഒരു ചെറുപ്പക്കാരൻ… തന്റെ വഴി മുടക്കിയ മനുഷ്യരോടുള്ള ദേഷ്യം മുഴുവൻ തീർക്കാൻ എന്നവണ്ണം അത്യധികം ക്രോധത്തോടെ തിമിർത്തു ഒഴുകുന്ന പുഴയെ ഒട്ടും വകവെക്കാതെ ഓരോ അലയെയും കീറി മുറിച്ചു മുന്നോട്ട് കുതിക്കുന്നു.. കയ്യിലെ കയർ മറുകരയിൽ കെട്ടി കപ്പി വഴി ഓരോരുത്തരെയും സുരക്ഷിതമായി മറുകരയിൽ എത്തിച്ചു..
അവസാനത്തെ വരവ് ആയിരുന്നു അന്നേറ്റവും ആകർഷിച്ചത്… ഒടുവിൽ ഒരു ചെറിയ പട്ടികുഞ്ഞിനെയും നെഞ്ചോരം ചേർത്ത് പിടിച്ച് കയറിൽ വന്നിറങ്ങിയപ്പോൾ ആ ചെറുപ്പക്കാരനെ എതിരേറ്റത് കരഘോഷമായിരുന്നു..
നടന്ന സംഭവങ്ങൾ ശ്രുതിയോടു ക്യാമെറയിൽ കൂടി വിശദീകരിക്കുമ്പോൾ മനസ്സിൽ നിറഞ്ഞ സന്തോഷമായിരുന്നു.അഭിമാനമായിരുന്നു..കാലൊന്നിടറി പുഴയിലേക്ക് വീഴാൻ ആഞ്ഞ എന്നെ ചേർത്ത് പിടിച്ചതും ആ കൈകൾ ആയിരുന്നു.. ആ നിമിഷം ഓർത്തിരുന്നുവോ ജീവിതകാലം മുഴുവൻ അതെ കൈകൾ തന്നെ ചേർത്ത് പിടിക്കുമെന്ന്.. ആ കരവലയത്തിൽ ഒതുങ്ങികൂടുമെന്ന്..ഒരു പക്ഷെ, ഹൃദയത്തിനറിയാമായിരുന്നിരിക്കാം… അതങ്ങനെ ആണ്… ഹൃദയത്തിനു മാത്രം മനസിലാകുന്ന ചിലത്..
മേശപ്പുറത്തിരുന്ന ഫോണിൽ നിന്ന് കാതു തുളയ്ക്കുന്ന അലാറത്തിന്റെ ശബ്ദം കെട്ടപ്പോഴാണ് ഓർമകളുടെ ലോകത്തിൽ നിന്നും തിരിച്ചെത്തിയത്… ഫോൺ കയ്യിലെക്കെടുത്ത് വാട്ട്സ് ആപ്പ് തുറന്ന് ഇന്നലെ ഉറങ്ങിക്കഴിഞ്ഞും കിട്ടിയ ഉമ്മയ്ക്ക് തിരിച്ചും ഉമ്മ കൊടുത്ത് ഞാൻ അതിലെ പ്രൊഫൈൽ ചിത്രം ഒന്നുകൂടി വിരലുകൾ വെച്ച് വലിച്ചു വലുതാക്കി ആ മുഖത്തെ ഓരോ ബിന്ദുവിനെയും നോക്കിക്കൊണ്ടിരുന്നു.. കൈ വിട്ടപ്പോൾ അത് പിന്നെയും ചുരുങ്ങി. ഫോട്ടോയിലേ താടിയിൽ ഒന്ന് നുള്ളി.
” ഹാപ്പി ബർത്ഡേ മേജർ കാശിനാഥൻ. കം സൂൺ ഐ ഹാവ് എ സ്പെഷ്യൽ ബർത്ഡേയ് ഗിഫ്റ്റ് ഫോർ യൂ.” ഓരോ വാക്കും എഴുതുമ്പോൾ അതിന്റെ പതിനായിരം ഇരട്ടി ആനന്ദം മനസ്സിൽ തിളച്ചു തൂവുന്നുണ്ടായിരുന്നു.
ഒഴിഞ്ഞു കിടന്ന കിടക്കയുടെ മറുഭാഗത്ത് വെറുതെയൊന്നു തലോടി.. തലയിണയെടുത്ത് നെഞ്ചോടു ചേർത്തു…ഇറുകെ അതിനെ പുണർന്നു. എങ്ങു നിന്നോ ഒരു മന്ദമാരുതൻ കള്ളനെ പോലെ ജനലഴികളും താണ്ടി തഴുകി അകന്നു പോയി.. നാസികയിൽ അവന്റെ ഗന്ധം നിറഞ്ഞു തൂവുന്നതു പോലെ…
അവനാണോ വന്നത്??? അതോ അവന്റെ മനസ്സോ??? ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞിരുന്നു.. മഴവില്ലു പോലെ…
കുളിക്കാനായി ഷവർ ഓൺ ചെയ്ത് അതിനു ചോട്ടിൽ നിൽക്കുമ്പോഴും വെള്ളം ചീറ്റി തെറിച്ച് ശരീരം കുളിരിൽ മുങ്ങുമ്പോൾ അവനെന്റെ നഗ്‌ന ശരീരം ചേർത്ത് പിടിക്കും പോലെ.. മാറിലും വയറിലും ചുണ്ടിലും വെള്ളം ഒഴുകിയിറങ്ങുമ്പോൾ അവന്റെ വിരലുകൾ ശരീരം തഴുകും പോലെ..പിൻകഴുത്തിൽ നേരിട്ട് വീണ വെള്ളത്തുള്ളികൾ അവന്റെ ചുണ്ട് കഴുത്തിലേക്ക് ആഴത്തിലിറക്കിയ പോലെ…
കുളി കഴിഞ്ഞ് കാശിക്ക് ഏറ്റവും ഇഷ്ടപെട്ട കറുത്ത കരയുള്ള സെറ്റ് സാരിയും കറുത്ത ബ്ലൗസും അണിയുമ്പോൾ നാണമായിരുന്നു ഉള്ളു നിറയെ… അവനിവിടെവിടെയോ നിന്നെന്നെ നോക്കും പോലെ… അവന്റെ പ്രിയപ്പെട്ടവളുടെ സൗന്ദര്യം ആവോളം നുകരുന്നത് പോലെ..
” എനിക്കറിയാം കാശി…. എത്ര ദൂരെയാണെങ്കിലും ചൂടോ തണുപ്പോ ഏതു ഋതുവാണെങ്കിലും അതനുഭവിക്കുക നിന്റെ ശരീരം മാത്രമാവും.. നിന്റെ മനസ്സ് ദാ, ഇവിടെയാണുള്ളത്.. നിനക്കെന്നെ വിട്ടു പോകാനാവില്ലെന്ന്…. “ഇടതു മാറിലേക്ക് കൈവെച്ചങ്ങനെ മനസ്സിൽ പറഞ്ഞപ്പോൾ മനസ്സ് തുടിക്കുകയായിരുന്നു അവനെയൊന്ന് കാണാൻ..
സാരി ഉടുത്ത് താഴേക്കിറങ്ങി ചെല്ലുമ്പോ അച്ഛൻ സോഫയിൽ ഇരിക്കുന്നു.. എന്നെ കണ്ട ഭാവം കാണിക്കുന്നില്ല.. മുന്നിലെ ടീപോയിയിൽ കണ്ണിലൊഴിക്കാനുള്ള മരുന്നെടുത്തു വെച്ചിട്ടുണ്ട്… മുഖത്താകെ ഒരു മ്ലാനത…
“എന്ത് പറ്റിയാവോ?? ഓഹ്…ഇന്നലെ ലഡ്ഡു കട്ട് തിന്നുന്നത് കയ്യോടെ പിടിച്ചത് കൊണ്ടാകും.. ഷുഗറുള്ളോണ്ട് കഴിക്കാൻ പാടില്ലാത്തത് കഴിച്ചോണ്ട് എന്റെ കയ്യിൽ നിന്ന് വഴക്കു കിട്ടിയതുകൊണ്ടാകാം ഈ നീരസം.”
മരുന്ന് കുപ്പി കയ്യിലെടുത്തപ്പോഴേക്കും അച്ഛൻ സോഫയിൽ പുറകോട്ടേക്ക് ചാഞ്ഞിരുന്നു… കണ്ണിലേക്ക് മരുന്ന് ഇറ്റിക്കുന്നതിനു മുന്നേ ആ കണ്ണുകൾ നിറഞ്ഞിരുന്നു..
” ഇതൊഴിക്കുന്നതിനു മുന്നേ കണ്ണീരൊലിപ്പിച്ചോ”
അച്ഛൻ പതിയെ ചുണ്ടനക്കി ചിരിച്ചെന്ന് വരുത്തി.
“കഴിക്കാൻ പാടില്ലാത്തതുകൊണ്ടല്ലേ അച്ഛാ വഴക്കു പറഞ്ഞെ… “
ശെരി… ശെരി.. ഇനി പിണക്കം വേണ്ട.. ഇന്നേട്ടന്റെ പിറന്നാളല്ലേ…ഞാനുണ്ടാക്കുന്ന പാൽപായസം ഒരു ഗ്ലാസ് മുഴുവൻ കുടിപ്പിച്ചിട്ടേ അച്ഛന്റെ കുട്ടിക്ക് വേറെ കാര്യമുള്ളൂ..
ചിരിച്ചോണ്ട് ഞാൻ അത് പറഞ്ഞ് രണ്ടു തുള്ളി മരുന്ന് കണ്ണിലേക്കിറ്റിച്ചു.. കണ്ണുകൾ രണ്ടും അച്ഛൻ ഇറുക്കി അടച്ചു…. എങ്കിലും കണ്ണിൽ നിന്നും പതിവിലും കൂടുതൽ വെള്ളം പോളകളുടെ വേലി പൊട്ടിച്ച് ഒഴുകുന്നുണ്ടായിരുന്നു… പതിയെ കൊച്ചുകുഞ്ഞിനെ പോലെ കണ്ണ് തുറക്കുന്ന അച്ഛനെ അങ്ങനെ നോക്കി നിന്നു… ചിരിച്ചു…. ഒന്നും മിണ്ടാതെ… ചുണ്ടനക്കി അച്ഛൻ അവിടെ നിന്നെഴുന്നേറ്റു പോയി… ഉള്ളിൽ ഒരു ചെറിയ സങ്കടം തോന്നി അച്ഛനങ്ങനെ ചെയ്തപ്പോ.
അടുക്കളയിൽ ‘അമ്മ തിരക്കിട്ട പണികളിലായിരുന്നു…. ഇന്നത്തെ ദിവസം അടുക്കളയിലോട്ട് കേറണ്ട എന്ന് ‘അമ്മ കട്ടായം പറഞ്ഞതാ.. എങ്കിലും കാശിക്കേറ്റവും ഇഷ്ടപെട്ട പാൽപായസം ഞാനുണ്ടാക്കും എന്നുള്ള വാശിക്ക് മുന്നിൽ അമ്മയൊന്നു തോറ്റു തന്നു..
ചുമരിൽ തൂക്കിയ ക്ലോക്കിലേക്ക് കണ്ണ് പാഞ്ഞപ്പോഴാണ് നേരം കുറെ ആയി ഓരോന്ന് ആലോചിച്ചു നില്ക്കാൻ തുടങ്ങീട്ട് എന്ന് മനസിലായത്… വേഗം തന്നെ സാരിയുടെ മുന്താണി ഇടുപ്പിലേക്ക് തിരുകി പാത്രം എടുത്തുവെച്ചു അതിലേക്ക് പാൽ ഒഴിച്ചു.അടുപ്പ് കത്തിച്ചു പാല് ചൂടാക്കാൻ വെച്ചു… കുതിർത്തു വെച്ച അരി വേറൊരു പാത്രത്തിലാക്കി വെള്ളം ഒഴിച്ച് വേവിക്കാൻ വെച്ചു.. അരി ഇടയ്ക്കിടെ ഇളക്കി കൊടുക്കുമ്പോഴും കാശിയുടെ പായസക്കൊതി ഓർത്തു ചുണ്ടിൽ പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു..
കല്യാണത്തിന് എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ പ്രഥമനിൽ ചെറുപഴവും കൂട്ടി കുഴച്ച് കഴിക്കുന്ന കാശിയുടെ മുഖത്തെ മിന്നി മറയുന്ന ഭാവങ്ങൾ ഇന്നും മനസ്സിലുണ്ട്.. അടുപ്പിലെ പാൽ തിളച്ചു തൂവി കൈവിരലിനെ ചെറുതായി പൊള്ളിച്ചപ്പോഴാണ് ഞാൻ ഓർമകളിൽ നിന്നും അടുക്കളയിലേക്കെത്തിയത്.. വിരല് വായിലേക്ക് വെച്ച് പൊള്ളലിനെ പതിയെ ഒന്ന് ശമിപ്പിച്ചു.. അന്നും ഇതുപോലായിരുന്നു.. അറിയാതെ കയ്യൊന്ന് പൊള്ളി നിലവിളിച്ചപ്പോ അവൻ ഓടി വന്ന് പരവേശത്തോടെ വിരലെടുത്ത് വായിലേക്ക് വെച്ചു… അവന്റെ ഉമിനീരിൽ വിരല് കുളിച്ചീറൻ അണിയുമ്പോൾ ഉള്ളിൽ നാണത്തിന്റെ ആയിരമായിരം പൂത്തിരി കത്തി വർണങ്ങൾ നിറക്കുന്നുണ്ടായിരുന്നു…
ചൂടായ പാല് മാറ്റി വെച്ച് വെള്ളം വെന്ത് വറ്റാറായപ്പോൾ ഉള്ളിലെ സ്നേഹം എത്രയുണ്ടോ അത്രയും മധുരവും കൂടി അതിലേക്കിട്ടു.. കൂടെ ഇല്ലാത്തതിന്റെ ദുഃഖം കാരണം ഒരല്പം ഉപ്പും. അരി വെന്ത് വെള്ളം വറ്റിയപ്പോൾ അതിലേക്ക് ചൂടാക്കിയ പാലും കൂടി ഒഴിച്ചപ്പോൾ കാശിക്കിഷ്ടപെട്ട പായസം റെഡി..
ആദ്യം തന്നെ ഒരു ഗ്ലാസ്സിലേക്കാക്കി അച്ഛന്റെ അടുത്തേക്ക് പോയി… കട്ടിലിൽ കാൽമുട്ടിൽ കൈ കുത്തി,കയ്യിൽ തല വെച്ച് കുനിഞ്ഞിരിക്കയായിരുന്നു അച്ഛൻ.മുന്നിലേക്ക് പായസം നീട്ടിയപ്പോൾ കണ്ണുകൾ തുടച്ച് ചെറു പുഞ്ചിരി വരുത്തിക്കൊണ്ട് പായസം വാങ്ങി മേശമേൽ വെച്ചു..
” ജോലിക്കു പോകാൻ സമയമായില്ലേ മോളെ… “
അപ്പോഴാണ് സമയത്തെ കുറിച്ച് ആലോചിച്ചത് തന്നെ… അച്ഛന്റെ കവിളോരം കൈ ചേർത്ത് താടിയിൽ പിടിച്ചു സോറി എന്ന് പറഞ്ഞപ്പോ നിറഞ്ഞൊരു ചിരി അദ്ദേഹം എനിക്ക് സമ്മാനിച്ചു.. അതുമതിയായിരുന്നു എനിക്കും.. ഉള്ളിലെ കുഞ്ഞു സങ്കടവും നീങ്ങിയിരുന്നു. വണ്ടിയുടെ താക്കോലെടുത്ത് പുറത്തേക്കിറങ്ങി… പതിവില്ലാതെ മാനം ഇരുണ്ടിരുന്നു.. മഴ പെയ്തൊഴിയാൻ മാനം വെമ്പൽ കൊള്ളുന്ന പോലെ..
നേരെ അകത്തേക്ക് പോയി താക്കോൽ മേശപ്പുറത്തു തിരിച്ചു വെച്ച് റോഡിലേക്കിറങ്ങി. രണ്ടു മൂന്നു ബസ്സുകൾ പോയിക്കഴിഞ്ഞാണ് തലയെടുപ്പോടെ ചുവന്ന ചായവും പൂശി കെ.എസ്.ആർ.ടി.സി. മുന്നിൽ വന്നു നിന്നത്.. ബസ്സിലാണ് ഇന്ന് ഓഫീസിലേക്കുള്ള പോക്ക്. കാശിക്കും അതാണിഷ്ടം..
മഴയുള്ള നേരത്ത്. ബസ്സിലെ സൈഡ് സീറ്റിൽ നിന്നും പാറി മുഖത്തേക്ക് വീഴുന്ന വെള്ളത്തുള്ളികൾക്ക് നമ്മളെ അത്രയേറെ കാമുകനാക്കാൻ കഴിയുമത്രേ… മഴയത്തുള്ള ബസ്സ് യാത്ര തരുന്ന കുളിര് കാശ്‍മീരിലെ മഞ്ഞിന് പോലും നല്കാൻ കഴിയില്ലത്രേ.. ഞാനും കൂടെ ഉണ്ടെങ്കിൽ ഭൂമിയിലെ സ്വർഗം അതാണത്രേ.. കാശ്മീരല്ല എന്ന്..ചെറു പുഞ്ചിരിയോടെ ബസ്സിന്റെ ജനൽകമ്പികളിൽ പറ്റികിടന്ന ഓരോ തുള്ളി കണത്തെയും തൊടുമ്പോൾ അവൻ പറഞ്ഞത്രയും സത്യമാണെന്ന് തോന്നിപോയി.. മനസ്സിൽ തണുപ്പ് വന്ന് നിറയും പോലെ.
ഓഫീസിൽ എത്തി… പാൽപായസം എല്ലാവർക്കും വീതിച്ചു കൊടുത്ത് കാശിയുടെയും എന്റെയും സന്തോഷത്തിൽ അവരെയും പങ്കാളികളാക്കി. ഓൺ എയർ പോകാൻ സമയമായി എന്ന് ഡയറക്ടർ വന്ന് പറഞ്ഞതും ഞാൻ ഡെസ്കിലേക്ക് കയറി. വട്ടം കറങ്ങുന്ന കസേരയിലിലേക്ക് അമർന്നിരുന്നു.
ക്യാമറ ഓൺ ആയതും മുന്നിലെ ലാപ്ടോപ്പിൽ കൈകളൂന്നി ഞാൻ തുടങ്ങി.
“ന്യൂസ് നൗവിലേക്ക് സ്വാഗതം. ഞാൻ ഗായത്രി കാശിനാഥൻ.. ആദ്യം പ്രധാനവാർത്തകളിലേക്ക്. “
അവസാന വാർത്ത വിശദീകരിക്കുന്നതിനടിയിലാണ് ലാപ്ടോപ്പിൽ ബ്രേക്കിംഗ് ന്യൂസിന്റെ സന്ദേശം കണ്ടത്.
” ഇപ്പോൾ കിട്ടിയ വാർത്ത.. കാശ്മീർ അതിർത്തിയിൽ പട്ടാളക്കാരും നുഴഞ്ഞു കയറ്റക്കാരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പതിമൂന്നു നുഴഞ്ഞു കയറ്റക്കാരും ഒരു ഇന്ത്യൻ പട്ടാളക്കാരനും മരിച്ചു. കൂടെ ഉണ്ടായിരുന്ന സഹ പട്ടാളക്കാരന്റെ ജീവൻ രക്ഷിക്കുന്നതിനിടയിലാണ് മേജർ കാ…”
ആ പേര് കണ്ണിൽ പതിച്ചപ്പോൾ കണ്ണിലൂടെ ചീറി പാഞ്ഞത് ഒരു അഗ്നിഗോളമായിരുന്നു.. കാതിൽ ഇടി മുഴക്കം ആയിരുന്നു… തൊണ്ടയിൽ വെള്ളം വറ്റി വാക്കുകൾ ഒഴുക്കില്ലാത്ത ജലാശയത്തിൽ കുരുങ്ങി കിടക്കും പോലെ… സ്തബ്ധയായിരുന്നു ഞാൻ.. കണ്ണിൽ ഇരുട്ട് വീണു… എ.സി യുടെ തണുപ്പിലും ചെന്നിയിൽ വിയർപ്പ് പൊടിഞ്ഞു.. മുന്നിലുള്ള സ്‌ക്രീനിൽ ഞാൻ വാക്കുകൾക്ക് വേണ്ടി പരതി….എനിക്ക് മാത്രം മനസിലാകുന്ന… ഞാൻ മാത്രം അറിഞ്ഞിരുന്ന ആ കുഞ്ഞു തെന്നൽ എന്റെ മുടിയിഴകളെ തഴുകി അകന്നു പോയി.. ഞാനൊന്ന് മുരടനക്കി.
” ക്ഷമിക്കണം… സഹ പട്ടാളക്കാരന്റെ ജീവൻ രക്ഷിക്കുന്നതിനിടയിലാണ് മേജർ കാശിനാഥൻ വീരമൃത്യു പ്രാപിച്ചത്.. “
“വാർത്തകൾ അവസാനിച്ചു.”
പറഞ്ഞു തീർത്തതും കണ്ണിലേക്ക് ആ ഇരുട്ട് വീണ്ടും നുഴഞ്ഞു കയറി… കാഴ്ച മങ്ങി.. തലയിൽ അഗ്നിപർവ്വതങ്ങൾ പൊട്ടിയൊലിച്ചു…. തല കറങ്ങുന്നു.. കസേരയിൽ നിന്നും ഊർന്നു വീണപ്പോഴേക്കും ബോധം പോയിരുന്നു..
മുഖത്തേക്ക് ശക്തമായി വെള്ളം വന്നു വീണപ്പോഴാണ് കണ്ണ് തുറന്നത്.. ചുറ്റും ഒന്ന് കണ്ണോടിച്ചു.. നടുമുറിയോട് ചേർന്നുള്ള അച്ഛന്റെ മുറിയിലെ കട്ടിലിൽ ആണ്.
രാവിലെ അച്ഛന് കൊടുത്ത പായസത്തിന്റെ ഗ്ലാസ് അതേപടി മേശപുറത്തിരിക്കുന്നുണ്ട്.. അതിൽ രണ്ടു മൂന്നു ഈച്ചകൾ പറ്റിയിരുന്ന് എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട്.. ‘അമ്മ കരഞ്ഞു തളർന്ന് ചുമരോട് പറ്റിച്ചേർന്ന് ഇരിക്കുന്നു.. അച്ഛൻ മുഖം മുകളിലേക്കാക്കി ഒരേ ഇരിപ്പാണ്…. ഒന്ന് അനങ്ങുന്നു പോലും ഇല്ല.. കരയുന്നില്ല.. ആരൊക്കെയോ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്… പക്ഷെ ഒന്നും വ്യക്തമാവുന്നില്ല.. കാതുകളിൽ അടഞ്ഞു പോയിരുന്നു…
മെല്ലെ.. കട്ടിലിൽ നിന്നെഴുന്നേറ്റ് അച്ഛന്റെ അടുക്കലേക്ക് നടന്നു… ആ കാൽമുട്ടുകളിൽ മുഖം പൊത്തി കരഞ്ഞു.. എന്റെ കണ്ണുനീരിന്റെ നനവ് അറിഞ്ഞതിനാലാവണം അത്രയും സമയം പിടിച്ചു നിന്ന അച്ഛന്റെയും കണ്ണുകൾ ഉരുകി ഒലിച്ചത്.
എത്ര നേരം അങ്ങനെ കരഞ്ഞു തളർന്നു കിടന്നു എന്നറിയില്ല.. മനസ്സ് മരിച്ചതിനാലാവണം ശരീരം മെല്ലെ മെല്ലെ ദുർബലപ്പെട്ട് ബോധം മറഞ്ഞത്.
പിറ്റേന്ന്… ആംബുലൻസിന്റെ ശബ്ദം കാതു തുളച്ചപ്പോളാണ് ഞാൻ ആ മുറിയിൽ നിന്നും ഇറങ്ങി ഓടിയത്.. അവസാനമായി എന്റെ കാശിയെ ഒന്ന് കാണാൻ..
ത്രിവർണ പതാക പുതപ്പിച്ച്… ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ നാല് പട്ടാളക്കാർ അതാ കൊണ്ട് വരുന്നു.. എന്റെ കാശിയെ… അല്ല.. ഇന്ത്യയുടെ മേജർ കാശിനാഥനെ..
അവസാനമായി ഞാൻ അവനെ കാണാൻ പോകുന്നു… ഇനി കാണാൻ കഴിയില്ല.. അല്ലെ???
ആ ഫ്രീസർ പെട്ടിക്കടുത്തേക്ക് നടന്നിട്ട് എത്താത്തത് പോലെ.. ഒരു പക്ഷെ.. വിറങ്ങലിച്ച ആ ശരീരം ഞാൻ കാണാൻ ആഗ്രഹിക്കുന്നില്ലായിരിക്കും.. അതാവും..
ഒടുവിൽ എങ്ങനെയൊക്കെയോ തപ്പി തടഞ്ഞും വീണിടത്തു നിന്നെഴുന്നേറ്റും ഞാൻ എന്റെ പ്രിയപ്പെട്ടവന്റെ അടുത്തെത്തി. അവർ പതാക മെല്ലെ മാറ്റി…കണ്ടു.. ഒരു വട്ടമേ നോക്കിയുള്ളൂ.. ഒറ്റ പ്രാവശ്യം.. മുഖം അറിയാതെ തന്നെ മനസ്സ് തിരിച്ചു വെച്ചു. തണുത്ത് …വിളറി.. വെളുത്ത്… ചുണ്ടുകൾ കോടിയിരുന്നു… മുഖത്ത് അങ്ങിങ്ങായി ചില തുന്നികെട്ടലുകൾ.
” കിടന്നോട്ടെ… അവിടെ തന്നെ കിടന്നോ.. തണുപ്പല്ലേ നിനക്കിഷ്ടം.. ഇവിടെ പുറത്തു ഭയങ്കര ചൂടാ കാശി.. പൊള്ളുന്നു എന്റെ മേലാകെ.. നീ അവിടെ കിടന്നോ..” അവനിനി ഇല്ലെന്നുള്ള ബോധം എന്നെ ഭ്രാന്ത് പിടിപ്പിച്ചിരുന്നു.
” ഇതൊന്നു തുറക്കുവോ??” അത്രയും നേരിയ ശബ്ദത്തിൽ ദയനീയമായി ഞാൻ അവരോട് ചോദിച്ചു…
മുകളിലത്തെ ചില്ലു മാറ്റിയതും അവന്റെ കൈകൾ എന്റെ ഇടുപ്പിലേക്ക് ചേർത്ത് വെച്ച് അവനിലേക്ക് വീഴുകയായിരുന്നു. എന്റെ അനുസരണ കാട്ടാതെ ഒഴുകിയിറങ്ങിയ കണ്ണുനീർ അവന്റെ കവിളുകയേയും നനയിച്ചു… അവന്റെ മുഖമാകെ ഞാൻ ഭ്രാന്തമായി ഉമ്മകൾ കൊണ്ട് മൂടുകയായിരുന്നു.
” വേ… വേഗം വരാൻ പറഞ്ഞത് ഇങ്ങനെ വരാനായിരുന്നോ??”
കരഞ്ഞുകൊണ്ട് അവന്റെ കവിളുകൾ തലോടി താടിയിൽ ഞാനൊന്ന് നുള്ളി. മെല്ലെ അവന്റെ വിരലുകൾക്കിടയിൽ ഞാനെന്റെ വിരലുകൾ കോർത്തിട്ടു.. മുകളിലേക്കുയർത്തി കൈത്തലത്തിൽ ഉമ്മ വെച്ചു…
” ഞാൻ പറഞ്ഞില്ലേ… ഒരു സ്പെഷ്യൽ ബർത്ഡേ ഗിഫ്റ്റ് ഉണ്ടെന്ന്.. ദാ..” അവന്റെ ഒടിഞ്ഞു തൂങ്ങിയ തുന്നികെട്ടലുകൾ ഉള്ള കൈ ഞാൻ മെല്ലെ വയറിലേക്ക് വെച്ചതും… അവനൊന്ന് പുഞ്ചിരിച്ച പോലെ…ഹൃദ്യമായി പുഞ്ചിരിച്ചതു പോലെ… അവന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുമ്പോൾ എനിക്കായി മാത്രം… ഞാൻ കാണാൻ മാത്രമായി കണ്ണ് കുറുക്കി പുഞ്ചിരിച്ച പോലെ..
പിക്കും സ്റ്റോറിയും എഡിറ്റ് ചെയ്ത് തന്ന എന്റെ പെണ്ണ് Gayathri Vasudev നൂറുമ്മ 😘😘😘😘