വേരറ്റ ചെന്താമര ~ രചന: നിവിയ റോയ്
“അമ്മ ഉറങ്ങിയില്ലേ?”
തിരിഞ്ഞു എന്നെ കെട്ടിപിടിച്ചു കൊണ്ട് മകൾ ചോദിച്ചു.
“ഇല്ല മോളെ അമ്മക്ക് ഉറങ്ങുവാൻ കഴിയുന്നില്ല. കണ്ണടക്കുമ്പോൾ കതകിൽ ആരോ മുട്ടുന്നപോലെ തോന്നുന്നു .മുറ്റത്ത് ആരോ പതുങ്ങി നടക്കുന്നപോലെയും “
അവളെ കുറച്ചുകൂടി ചേർത്ത് കെട്ടിപിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“അമ്മക്കയ്ക്ക് പേടി കാരണം തോന്നുന്നതാണ്. നമുക്ക് അച്ഛനെ വിളിച്ചാലോ?”.
“വേണ്ട മോളെ ഇത്രയും ദൂരത്തിരുന്നു അച്ഛന് എന്തു ചെയ്യാൻ പറ്റും?. വെറുതെ ആ പാവത്തിനെക്കൂടി പേടിപ്പിക്കണ്ട”.
“എനിക്കും വിഷമമുണ്ടമ്മേ. പാവമല്ലേ ചന്ദ്രികാന്റി”.
“ഉം… നിന്‍റെ അച്ഛൻ ഇവിടെയില്ലങ്കിലും ,ഇന്നലെ വരെ ഞാൻ സുഖമായി ഉറങ്ങി.അവളുണ്ടായിരുന്നു ഈ തെരുവ് കാത്ത്….”
“അമ്മേ ഞാൻ കുഞ്ഞായിരുന്നപ്പോൾ ശാരദ ആന്‍റിയുടെ വീട്ടിൽ കയറാൻ ശ്രമിച്ച കള്ളനെ പിടിച്ചത് ചന്ദ്രികാന്റി അല്ലെ”?.
“അതെ…..അതെ……..അവൾക്കു ഒരു ആണിനേക്കാള്‍ കരുത്തുണ്ടായിരുന്നു. കൂട്ടിന് ഒരു കഠാരയും”.
“അമ്മയോട് ഞാൻ എത്ര പ്രാവിശ്യം ചോദിച്ചിട്ടുണ്ട് ചന്ദ്രികാന്റിയ്ക്കു എന്തു പറ്റിയതാണ് .അമ്മ പിന്നെ പറയാം എന്നു പറഞ്ഞത് എപ്പോളും ഒഴിഞ്ഞു മാറുകയാണ് .ഇപ്പോളെങ്കിലും പറ അമ്മേ ….പ്ലീസ്…….”
“അമ്മ നിന്നോട് പറയാം ഇപ്പോളല്ല.മോൾക്ക് നാളെ കോളേജിൽ പോകേണ്ടതല്ലേ ഉറങ്ങിക്കോളൂ…..”
ഉറക്കത്തിലേക്ക് വഴുതി വീഴുന്ന മകളെ ചേർത്തുപിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
ഓർമയുടെ കൂട്ടിൽ ചന്ദ്രിക ഒരു നൊമ്പരപക്ഷിയായി ചിറകിട്ടടിച്ചു എന്റെ ദീർഘ നിശ്വാസത്തിൽ പുറത്തേക്കവൾ വീണു….മുറിയുടെ നിശബ്‌ദതയിൽ അവളുടെ തേങ്ങലുകൾ ഉയരുന്നപോലെയെനിക്ക് തോന്നി.
ഞങ്ങൾ ഈ തെരുവിലേക്ക് വന്നിട്ട് ആദ്യം പരിചയപ്പെട്ടത് രാധേച്ചിയെയാണ്. ചന്ദ്രികയെക്കുറിച്ചു എന്നോട് പറഞ്ഞതും രാധേച്ചിയാണ്.മോള് സ്കൂളിൽ പോയി കഴിയുമ്പോളുള്ള ഞങ്ങളുടെ പതിവ് കുശലസംഭാഷണത്തിനിടയിൽ ഞാൻ രാധേച്ചിയോട് ചോദിച്ചു.
.
“ചേച്ചി ആരാണ് ഈ രാത്രിയിൽ ഇങ്ങനെ ബഹളം ഉണ്ടാക്കുന്നത്?”.
“എന്റെ കൊച്ചേ…. അതൊരു വലിയ കഥയാണ്”. കൈ കുത്തി ഉമ്മറപ്പടിയിൽ ഇരിക്കുന്നതിനിടയിൽ രാധേച്ചി പറഞ്ഞു.
“ചേച്ചി ഇരിക്ക് ഞാൻ ചായ കൊണ്ടുവരാം
ചായയൊക്കെ പിന്നെ നീ ഈ കഥ കേൾക്ക് എന്റെ രേണു.
ചായ ഇടാൻ പോകാൻ തുടങ്ങിയ എന്റെ കൈയിൽ പിടിച്ച് വലിച്ച് അടുത്തിരുത്തി ചേച്ചി തുടർന്നു.
“നമ്മുടെ ഈ തെരുവിന്‍റെ അഞ്ചാമത്തെ ഗള്ളിയിലാണ് ചന്ദ്രികയും കുടുംബവും താമസിച്ചിരുന്നത്. ഭർത്താവ് ഉത്തമൻ.പേരുപോലെ തന്നെ ഒരു ഉത്തമനായ മനുഷ്യൻ…..ഒരു പാവം.അയാൾക്ക് നമ്മുടെ ആൽമരത്തിന്റെ അടുത്ത് ഒരു പൂക്കട ഉണ്ടായിരുന്നു.
ഒന്നു സംസാരം നിർത്തി വായിലെ മുറുക്കാൻ സൂര്യകാന്തി ചെടിയുടെ ചുവട്ടിലേക്ക് നീട്ടി തുപ്പികൊണ്ട് രാധേച്ചി തുടർന്നു.
“എടീ കൊച്ചേ….അവർക്ക് ഒരു മകളുണ്ടായിരുന്നു”.കണ്ണുകൾ വിടർത്തി രാധേച്ചി എന്റെ തോളിൽ തട്ടിക്കൊണ്ടു രാധേച്ചി തുടർന്നു.
“എന്തൊരു ചേലായിരുന്നെന്നോ ആ പെൺകുട്ടിയെ കാണാൻ.ഒരു വെൺകൽ ശില്പം പോലെയായിരുന്നു”.ഒരു ദീർഘ നിശ്വസം ഉതിർത്തുകൊണ്ടു രാധേച്ചി തുടർന്നു.
“എന്തൊരു മുഖശ്രീയായിരുന്നു ആ കുട്ടിക്ക്.നല്ല ചുരുണ്ടമുടി ദേ… മുട്ടൊപ്പം ഉണ്ടായിരുന്നു.കണ്ണുകൾ തനി വെള്ളാരം കല്ല്……നല്ല നീണ്ട മൂക്ക്…ചന്ദ്രികയുടെ പോലെ തന്നെ…..ആ മൂക്കിന് മിന്നുന്ന ഒരു ചുവന്ന കല്ല് മൂക്കുത്തിയും.എന്തൊരഴക്….”
താടിക്കു കൈ കൊടുത്തുകൊണ്ട് രാധേച്ചി തുടർന്നു.
വലിയ ഉത്സാഹത്തോടെയാണ് എന്നും ആ കുട്ടി അമ്മയുടെ കൂടെ അമ്പലത്തിൽ തൊഴാൻ പോകുന്നത്.അവളെ കാണാൻ വേണ്ടി തന്നെ ഈ ഗള്ളിയിലുള്ള ചെറുപ്പക്കാര് ആൽത്തറയിലും ചുറ്റുവട്ടതുമൊക്കെ ഇരിക്കാറുണ്ടായിരുന്നു. അവളെ കണ്ടാൽ നമ്മളുതന്നെ കൈയെടുത്തു തൊഴുതുപോകും.ദേവി വിഗ്രഹം പോലെ …..അത്ര രസ്യ.
സംസാരത്തിനിടയിൽ രാധേച്ചിയുടെ ദൂരേക്കെറിഞ്ഞ മിഴിയിൽ മീൻകാരൻ ജബ്ബാറിന്റെ സൈക്കിൾ പെട്ടു.
“എടീ …രേണു അത് ജബ്ബാർ അല്ലേ ?കൊച്ചേ നിനക്ക് മീൻ വേണോ?”.
ഉമ്മറപ്പടിയിൽ കൈകുത്തി എഴുനേൽക്കുന്നതിനിടയിൽ രാധേച്ചി ചോദിച്ചു.
“വേണ്ട ഇന്നലെ വച്ച മീൻ കറി ഉണ്ട്”.
“ങാ….എങ്കിൽ ഞാൻ ഇത്തിരി മീൻ മേടിച്ചിട്ട് വരാം.എന്നിട്ട് പറയാം ബാക്കി”.
നടക്കുന്നതിനിടയിൽ രാധേച്ചി പറഞ്ഞു.
എന്‍റെ മനസ്സിന്‍റെ ചുവരിൽ രാധേച്ചി ആ കുട്ടിയുടെ ചിത്രം നല്ലതുപോലെ കോറിയിട്ടു.എന്‍റെ ഭാവനയിൽ ഞാൻ അവൾക്കു ജീവനേകി.
“സരസ്വതീ….. ദേവി തൻ കൈയിലെ,മണിവീണ തുള്ളിത്തുളുമ്പിയപോലൊരു പെൺകിടാത്തി,അവളുടെ മെടഞ്ഞിട്ട കാർകുന്തലിൽ മയങ്ങും തുളസിക്കതിരിൻ സുഗന്ധം നുകരാൻ കാറ്റും വഴിവക്കിൽ കാത്തിരുന്നു”
ആ കുട്ടിയെക്കുറിച്ചു ചില വരികൾ ഞാൻ എന്‍റെ മനസിലെഴുതിക്കൊണ്ടിരിക്കുമ്പോൾ രാധേച്ചി തിരിച്ചെത്തി.
“മീനൊക്കെ ഇപ്പം എന്താ വില”ഒരിക്കൽ കൂടി തന്‍റെ മുറുക്കാൻ നീട്ടിത്തുപ്പി രാധേച്ചി പറഞ്ഞു.
“എന്‍റെ ചേച്ചി ഈ മുറുക്കൽ ഒന്നു നിർത്തിക്കൂടെ”
“പിന്നെ….. എന്‍റെ കെട്ടിയോൻ പറഞ്ഞിട്ടുപോലും ഞാൻ നിർത്തിയില്ല.പിന്നല്ലേ നീ…..”
മുറുക്കിചുവപ്പിച്ച ചുണ്ടുകോട്ടി ചിരിച്ചുകൊണ്ട് രാധേച്ചി വീണ്ടും ഉമ്മറപ്പടിയിൽ ഇരുന്നു.
“ഞാൻ എവിടെയാണ് പറഞ്ഞ് നിർത്തിയത്”സാരിത്തലപ്പുകൊണ്ട് നെറ്റിയിലെയും കഴുത്തിലേയും വിയർപ്പൊപ്പികൊണ്ട് രാധേച്ചി ചോദിച്ചു.
ആ പെണ്കുട്ടിയെകുറിച്ചല്ലേ…..?കേൾക്കാനുള്ള ആകാംഷയോടെ ഞാൻ പറഞ്ഞു.
“ആ കുട്ടി ടൗണിലെ കോളേജിൽ ആണ് പഠിക്കാൻ പോയിരുന്നത്.
അവിടെ ആ കുട്ടിക്ക് ഒരു ഇഷ്ടക്കാരനുണ്ടായിരുന്നു. അന്ന്യ ജാതിയിൽ പെട്ട കൊച്ചനെന്നാണ് കേട്ടത്. ഒരു ദിവസം നേരം വൈകിട്ടും കുട്ടി വീട്ടിൽ വന്നില്ല”.
“എവിടെ പോയി….”ആകാംഷ അടക്കാനാവാതെ ഞാൻ ചോദിച്ചു.
“അതല്ലേ പറഞ്ഞു വരുന്നത്.രാധേച്ചി തുടർന്നു.കുട്ടിയെ കാണാനില്ലെന്നറിഞ്ഞു ഉത്തമൻ നെട്ടോട്ടം ഓടുകയാണ്.ചന്ദ്രിക നിലവിളി തന്നെ.അറിഞ്ഞവർ അറിഞ്ഞവർ അനോഷണും തുടങ്ങി.ആരോ അതിനിടയിൽ അടക്കം പറയുന്നുണ്ടായിരുന്നു ആ പെൺകൊച്ചു ഇഷ്ടക്കാരന്‍റെ കൂടെ പുറപ്പെട്ടു പോയിന്ന്.ഉത്തമനോട് അത് പറയാനുള്ള ധൈര്യം ആർക്കുമില്ലായിരുന്നു.
രാത്രിയായിട്ടും മകളെ കാണാതെ വിയർത്തു വിഷണ്ണനായി ഉത്തമൻ കോലായിൽ വന്നു വീണു.ചന്ദ്രിക നിലവിളി തന്നെ.
ഞാനും പിന്നെ…. നമ്മുടെ…….ശോ….. …..ഓർമകിട്ടുന്നില്ല അവളുടെ പേര്…പീടികേലെ വിജയന്റെ ഭാര്യയില്ലെ ……എന്താ അവളുടെ പേര്…..?.തലകുടഞ്ഞു രാധേച്ചി ഓര്‍മയില്‍നിന്നും അവരുടെ പേര് തിരയുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“സുലോചന ചേച്ചിയല്ലേ….?”.
“അതെ….അതെ…..ഓർമ്മയൊക്കെ പോയിരിക്കണു”. തലയാട്ടുന്നതിനിടയിൽ രാധേച്ചി പറഞ്ഞു.
“ഞങ്ങൾ രണ്ടാളുമാണ് ചന്ദ്രികയുടെ ചന്ദ്രികയുടെ അടുത്തേക്ക് പോയത്.അവര് രണ്ടാളും കരഞ്ഞുതളർന്നിരിപ്പാണ്”.
“കഷ്ടം…..എന്നിട്ട്….?”.എന്‍റെ ഉള്ളിൽ നിറഞ്ഞ വിഷമം വാക്കുകളായി പുറത്തേക്കു വന്നു.
“ഒരു ഗ്ലാസ് വെള്ളം പോലുമിറക്കാതെ അവരാ പടിവാതിലിൽ തന്നെ ഇരുന്നു.നേരം പുലരുന്നവരെ.പുലർച്ചെ പത്രക്കെട്ടുമായി വന്ന പയ്യനാണ് പറഞ്ഞത് താമരകുളത്തിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കിടക്കുന്നെന്ന്.കേട്ട പാതി എല്ലാരും ഓടിക്കൂടി”.
ശോകത്തിന്റെ കാർമേഘങ്ങൾ ചേക്കേറിയ എന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് രാധേച്ചി തുടർന്നു.
“എന്റെ കൊച്ചേ…..ഒന്നേ നോക്കിയുള്ളൂ താമരകുളത്തിന്റെ ചേറിൽ ഒരു ചെന്താമര വിടർന്നു നിൽക്കുന്നപോലെ……ആ പെൺകുട്ടിയുടെ ചേതനയറ്റ ശരീരം കിടക്കുന്നു…..ദേഹമാസക ലം ഏതോ ദുഷ്ട പിശാചുക്കൾ പിച്ചിചീന്തിയിരിക്കുന്നു … രക്തത്തിൽ കുളിച്ചുകിടക്കുകയാണാ പാവം…..”
തേങ്ങലിൽ രാധേച്ചിയുടെ വാക്കുകൾ ഒലിച്ചുപോയി…..ആരായിരുന്നു …..ആ ദുഷ്ടന്മാർ എന്നു ചോദിക്കുവാനാവാതെ എന്റെ വാക്കുകൾ തളർന്നു വീണു.
“ആ കുട്ടി ഇഷ്ടക്കാരന്റെ കൂടെ പോയതൊന്നുമല്ല.പതിവു വരാറുള്ള ബസ് അന്ന് വന്നില്ല.വേറെ ബസ്കിട്ടി വന്നപ്പോൾ താമസിച്ചുപോയി.വേഗം വീട്ടിലെത്താൻ പതിവു വഴി വിട്ട് വീട്ടിലേക്കുള്ള കുറുക്കുവഴിയിലൂടെ ആ പാവം വന്നതാണ്. അവിടെ മദ്യപിച്ചു ചീട്ടുകളിച്ചിരുന്ന കുറേ രാക്ഷസന്മാരാണ് ഈ കൊടും ക്രൂരത ആ കുട്ടിയോട് കാട്ടിയത്”.
കണ്ണീർ തുടച്ചുകൊണ്ട് രാധേച്ചി തുടർന്നു.
“ഉത്തമൻ ആ പാവം ഒന്നേ നോക്കിയുള്ളൂ മകളെ …..എന്റെ മകളെയെന്നു ചങ്കുപൊട്ടി നിലവിളിച്ചുകൊണ്ട് ആ പാവം ഓടിവരുന്നത് ഇന്നും കണ്മുന്നിൽ തന്നെയുണ്ട്.വഴിയിൽ പാവം ഉരുണ്ടുവീണു…..പിന്നെയും എഴുന്നേറ്റ് ഓടി…..പൊന്നു മകളുടെ ശരീരം മുഴുവനും ഉഴുതുമറിച്ചിട്ട രാക്ഷസന്മാരെ തലയിൽ കൈ പിണച്ചുവെച്ചു ശപിച്ചുകൊണ്ട് ആ അച്ഛൻ മകളുടെ അടുത്ത് കുത്തിയിരുന്നു….പിന്നെ ഒന്നു ചെരിഞ്ഞു…. അത്രയുമേയുള്ളു പിന്നെ ഒരു ചിതയിലടങ്ങി ആ അച്ഛൻ”.
രാധേച്ചിയുടെ സാരിത്തലപ്പ് കണ്ണീരിൽ കുതിരുന്നുണ്ടായിരുന്നു.
മകളെക്കുറിച്ചുള്ള ഒരുയുഷ്കാല സ്വപ്‌നങ്ങൾ എത്ര പെട്ടന്നാണ് ഒരു പുകച്ചുരുളായി ഉയർന്നത്.കവിളിലൂടെ ഒലിച്ചിറഞ്ഞിയ കണ്ണീരിനെ തുടച്ചുനീക്കുവാൻ മറന്ന് ഞാൻ ഉത്കണ്ഠയോടെ ചോദിച്ചു.
“ചന്ദ്രിക…..?”ഒരു നിമിഷത്തെ മൗനത്തിനു ശേഷം രാധേച്ചി തുടർന്നു.
“തന്‍റെ പൊന്നുമോളെ മാറോടടുക്കി അലറിയലാറിക്കരയുകയാണ് ആ അമ്മ……കൂമ്പിയടഞ്ഞ മിഴികളിലും തടിച്ചു വീർത്ത ചുണ്ടിലും പൊന്നുമ്മ നൽകി മകളെ ഉണർത്തുവാൻ ഒരു വിഫല ശ്രമം നടത്തുകയാണ് ആ അമ്മ.ഹൃദയം ഉരുകുന്ന ഒരു കാഴ്ചയായിരുന്നു കൊച്ചേ….. അതെല്ലാം…..”
രാധേച്ചിയുടെ തേങ്ങലുകൾ ഇടക്ക് നിലവിളികളായി എന്നിൽ ഉയർന്നു.സ്കൂളിൽ പോയ മകളെ കാണുവാൻ എന്റെ മനസ്സ് വല്ലാതെ കൊതിച്ചു.
“പിന്നെ ഉണ്ടല്ലോ കൊച്ചേ….”ഒരു ഉറച്ച ശബ്ദത്തിൽ രാധേച്ചി തുടർന്നു.
“പിന്നെ അവളൊരു അലർച്ചയായിരുന്നു……”
ആ അലർച്ചയിൽ അമ്പല മുറ്റത്തെ അരയാൽ ഉലയുന്നതും കിളികൾ പറന്നകലുന്നതും ഞാൻ മനസ്സിൽ കണ്ടു.
ഉമ്മറപ്പടിയിൽ നിന്നും ആയാസപ്പെട്ട് എഴുനേറ്റുകൊണ്ടു ഒരിക്കൽ കൂടി സാരിത്തലപ്പുകൊണ്ട് കണ്ണും മുഖവും തുടച്ചു മെല്ലെ നടന്നു നീയിങ്ങുന്നതിനിടയിൽ രാധേച്ചി പറയുന്നുണ്ടായിരുന്നു .
ഇതൊക്കെ ഏത് അമ്മക്കാണ് സഹിക്കാൻ പറ്റുക സമനില തെറ്റിപോവില്ലേ….?അങ്ങനെ അവൾ ഒരു ഭ്രാന്തിയായി ……” കാഴ്ച്ച മറച്ച കണ്ണുനീരിനിടയിൽകൂടി കാറ്റത്താടുന്ന ആലിലകളെ എത്രനേരം ഞാൻ നോക്കിയിരുന്നെന്നറിയില്ല.
അന്ന് രാത്രി മകളെ കെട്ടിപിടിച്ചു കിടന്നിട്ടും ഉറക്കം വന്നതേയില്ല.മനസ്സിൽ ഒരു വല്ലാത്ത ഭയം.അപ്പോളാണ് നിശബ്‌ദതയെ ഭേദിച്ചുകൊണ്ട് ചന്ദ്രികയുടെ അലർച്ചയും ആരാടാ….. അത്……? എന്നുള്ള ചോദ്യവും.അതുവരെ എന്നെ അസ്വസ്‌ഥമാക്കിയ ആ ശബ്‌ദം എനിക്കു അന്നുമുതൽ ആശ്വാസമായി …..
ഞങ്ങൾ ഉറങ്ങുമ്പോൾ ഈ തെരുവുകാത്തു അവൾ ഉണ്ടായിരുന്നു……വർഷങ്ങളോളം …..പിന്നെ എല്ലാവരും ആ കഥയും മറന്നു.
***
മോളെ സൂക്ഷിച്ചു വണ്ടി ഓടിച്ചു പോണേയെന്നുള്ള എന്റെ പതിവ് ഡയലോഗ് കേട്ട് എനിക്ക് ഉമ്മയും തന്ന് മകൾ സ്കൂട്ടർ ഓടിച്ചു പോകുന്നതും നോക്കി ഞാൻ നില്കുന്നതിനിടയിലാണ് രാധേച്ചി ഓടിപിടച്ചു വരുന്നത് കണ്ടത്.
കിതച്ചുകൊണ്ട് രാധേച്ചി പറഞ്ഞു.
“എടി കൊച്ചേ….നമ്മുടെ താമരകുളത്തിനടുത്തു ഒരു ആൾകൂട്ടം നമുക്കൊന്നു പോയി നോക്കാം”.
ഞങ്ങൾ രണ്ടാളും വേഗം അങ്ങോട്ടു നടന്നു.അല്ലെ പാതി ഓട്ടത്തിലായിരുന്നു. ആളുകള് ഇപ്പോ പറയണേ ചന്ദ്രികക്ക് ഭ്രാന്ത് ഇല്ലന്നാ.അവള് മകളെ കൊന്നവൻവൻമാരെ വകവരുത്താൻ അവന്മാരുമായി ലോഹ്യം അഭിനയിച്ചു കൂടി .അവന്മാരു വിടുമോ ഭ്രാന്തിയാണെങ്കിലും സുന്ദരി അല്ലെ ?
ഇന്നലെ അവന്മാരുടെ കൂടെക്കൂടി മദ്യത്തില് അവന്മാര് അറിയാതെ വിഷം കലക്കി.വിഷം ഉള്ളിച്ചെന്ന് അവന്മാര് വീണപ്പോൾ അവള് കുത്തികീറി എല്ലാത്തിനെയും.
….അവന്മാരെ അവള് കൊന്നെന്നു കേട്ടപ്പോ എന്തു സന്തോഷം തോന്നിയെന്നോ. ഇങ്ങനെയുള്ളവന്മാർക്ക് ഇതു തന്നെ വേണം .
അതുകഴിഞ്ഞു അവള് മകളു മരിച്ചു കിടന്ന താമരകുളത്തിൽ പോയി മുങ്ങീയെന്നണ് കേക്കണെ ….
എനിക്ക് പലപ്പോഴും തോന്നിയിരുന്നു അവർക്ക് ഭ്രാന്തില്ലെന്ന് .ഓട്ടത്തിന്റെ കിതപ്പ് അടക്കി ഞാൻ പറഞ്ഞു.
ആർക്കും തോന്നാത്തത് എങ്ങനാ നിനക്ക് മാത്രം തോന്നിയെ ?ലേശ്യം ഈർഷ്യ കലർന്ന ചേച്ചിയുടെ വാക്കുകളെ പകുതിയും കിതപ്പ് വിഴുങ്ങിയിരുന്നു.
ഭ്രാന്തുള്ളവര് കരയുക മാത്രമല്ലല്ലോ ചിരിക്കുകയും ചെയ്യില്ലേ ….?അവൾ ഒരിക്കലും ചിരിച്ചു ഞാൻ കേട്ടിട്ടില്ല .
നീ പറഞ്ഞ ശരിയാട്ടോ …ഇന്നലെ പാതിരാത്രി പതിവില്ലാതെ അവള് ഉറക്കെ ഉറക്കെ ചിരിക്കണ കേട്ടു.
കുളക്കടവിൽ ആളുകളെ വകഞ്ഞു മാറ്റി ഞങ്ങൾ കണ്ടു ചന്ദ്രികയുടെ നിശ്ചലമായ ശരീരം ,ആ താമര പൊയ്കയിൽ …… .അപ്പോഴും തുറന്നിരുന്ന അവളുടെ മിഴികളിൽ കണ്ടു ഞാൻ നീർവറ്റിയ തടാകവും ഒരു വേരറ്റ ചെന്താമര പൂ പൂമൊട്ടും ………
(പുഴക്ക് ഒഴുകുവാനും ….കാറ്റിന് വീശുവാനും …..പൂവിന് വിരിയുവാനും അവകാശമുള്ളതുപോലെ ഓരോ പെൺകുട്ടിക്കും ജീവിക്കുവാനുള്ള അവകാശം ആരും നിഷേധിക്കാതിരിക്കട്ടെ …..)