കോളേജിലേക്ക് ഇറങ്ങാൻ നേരം കണ്ണാടിക്കു മുന്നിൽ നിന്ന് മുടി ചീകി തിരിഞ്ഞു വെളുത്തിട്ടില്ലേ എന്ന് വെറുതെ ചോദിക്കുമ്പോ അമ്മ ഇതുവരെ….

രചന: കാശിനാഥൻ

“കറുത്തതിന് എന്താടാ പ്രശ്നം???”നിന്റെ അല്ലല്ലോ… എന്റെ അല്ലെ…”

അടുക്കളയിലെ മദ്യസേവക്കിടയിൽ പെട്ടെന്നാണ് ദേഷ്യം ഇരച്ചു കയറി അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചത്… ഒപ്പം ജോലി ചെയ്യുന്ന സഹമുറിക്കാർ പിടിച്ചു വെച്ചപ്പോഴാണ് ഒന്നയഞ്ഞത്…പിന്നെ അവിടെ നില്ക്കാൻ തോന്നിയില്ല.. മെല്ലെ അടുക്കളയിൽ നിന്നിറങ്ങി ബാൽക്കണിയിലെ താൻ മാത്രം ഇരിക്കുന്ന കസേരയിലേക്ക് ചെന്നിരുന്നത്..ഒരു സിഗരറ്റിനു തീ കൊളുത്തി.. തുമ്പത്ത് തീ പിടിച്ചതും ആഞ്ഞു വലിച്ചു.. കുറച്ചിറക്കി… ബാക്കി ഊതി വിട്ടു. ചുരുളുകളായി അതങ്ങനെ ഇല്ലാതെ ആയി…മെല്ലെ കസേരയടക്കം പിന്നോട്ട് ചെരിഞ്ഞ് ചുമരിൽ തല ചായ്ച്ചു കണ്ണുകളടച്ചു… മനസിനെ എങ്ങോ സഞ്ചരിക്കാൻ വിട്ടുകൊണ്ട്.

” ഈ കറുമ്പനെയൊന്നും എനിക്ക് വേണ്ട..”

കുട്ടിക്കാലത്തു മണ്ണപ്പം ചുട്ടു അച്ഛനും അമ്മയും കളിക്കുമ്പോൾ കേട്ട് തുടങ്ങിയതാണ്. പറഞ്ഞതോ?? പ്രിയപ്പെട്ട കൂട്ടുകാരിയും. അന്ന് മുതൽ കേട്ട് ചെവിയിൽ തഴമ്പിച്ചതാണ്…”കറുമ്പനാണ്.” “കരിക്കട്ടയാണ്.”

കഴുത്തിലിട്ട കമ്മ്യൂണിസ്റ് പച്ചയുടെ തണ്ട് പൊട്ടിച്ച് ദേഷ്യത്തോടെ കരഞ്ഞു കൊണ്ട് നടന്നു നീങ്ങിയപ്പോ തൊട്ട് വിദൂരമായതാണ് ബാല്യത്തിലെ കളികളും കൂട്ടുകാരും.

തൊലിയുടെ നിറം കറുപ്പായതിനാൽ ഒറ്റപെട്ടു പോയവൻ.

വീട്ടിൽ ചടഞ്ഞു കൂടി നേരം പോക്കിയവൻ.

ഒരു ദിവസം ടീവിയിൽ പൊണ്ട്സ് പൗഡറിന്റെ പരസ്യം കണ്ടപ്പോൾ ഓടിച്ചെന്ന് അച്ഛന്റെം അമ്മടേം റൂമിലെ മേശമേലിരുന്ന ടാൽകം പൌഡർ മുഴുവൻ കയ്യിൽ തട്ടി മുഖത്തേക്ക് വാരി പൂശി കണ്ണാടിയിൽ നോക്കി സ്വയം പറഞ്ഞു.

“ഞാനും വെളുത്തല്ലോ.”

ന്തോഷത്തോടെ അടുക്കളയിലേക്ക് ഓടി അമ്മയെ വട്ടം പിടിച്ചു കൊണ്ട് പറഞ്ഞത്.

“അമ്മെ.. നോക്കിക്കേ… കുട്ടൻ വെളുത്തു.. ഇനി ആരും കളിയാക്കില്ല..”

‘പറയുമ്പോ കണ്ണിൽ നിന്ന് സന്തോഷത്തിന്റെ ഒരു തുള്ളി പൊടിച്ചിരുന്നോ???’

“അറിയില്ല.”

‘മുട്ടുകുത്തിക്കൊണ്ട് എന്നോളം ചെറുതായി മുഖത്തെ പൌഡർ തുടച്ചു മാറ്റുമ്പോ അമ്മയുടെ കണ്ണും നിറഞ്ഞിരുന്നില്ലേ.. ‘

“സങ്കടം കൊണ്ടോ??? സന്തോഷം കൊണ്ടോ??? “

“അറിയില്ല”.

“എന്റെ കുട്ടൻ അല്ലെങ്കിലും ഈ അമ്മക്ക് സുന്ദരക്കുട്ടനല്ലേ..” അന്നത് തനിക്ക് പാഴ് വാക്കായിരുന്നെങ്കിലും ഇന്നതെനിക്ക് ഊർജമാണ്..

കോളേജിലേക്ക് ഇറങ്ങാൻ നേരം കണ്ണാടിക്കു മുന്നിൽ നിന്ന് മുടി ചീകി തിരിഞ്ഞു വെളുത്തിട്ടില്ലേ എന്ന് വെറുതെ ചോദിക്കുമ്പോ ‘അമ്മ ഇതുവരെ പറഞ്ഞില്ല..താനൊരു സുന്ദരൻ അല്ലെന്നു..

“എന്തിനായിരിക്കും ‘അമ്മ അങ്ങനെ പറഞ്ഞത്???”

“അറിയില്ല..”

” അമ്മയുടെ കണ്ണിലെ മാത്രം സുന്ദരൻ.” ” അതായാൽ മതിയെനിക്ക്…ആരെയും ബോധ്യപെടുത്തണ്ട.”

‘പിന്നെയും കേട്ടു കുറെ വിളിപ്പേരുകൾ.കാക്കയെന്നും.. കരിക്കട്ടെയെന്നും.. കരിമ്പനെന്നും. എന്തൊക്കെയോ….പലയിടത്തു നിന്നും… സ്കൂളിലും…ക്ലാസ്സിലും… കവലയിലും…കൂട്ടുകാർക്കിടയിൽ നിന്നും… ഒക്കെ.. ”കണ്ണ് നിറച്ചു ഒരുപാട്.. കാത് പൊത്തി…. കാൽമുട്ട് വളച്ചു മുഖം പൂഴ്ത്തി…കരഞ്ഞിരുന്നു.. ‘

‘പിന്നെ..പിന്നെ… കേൾക്കുന്നതൊക്കെ ഒരു പുച്ഛ ചിരിയിലൊതുക്കി പറത്തി വിട്ടു.”മെല്ലെ മെല്ലെ… മനസിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു..’

“അതെ… കറുത്തിട്ടാണ്.. അതിനെന്താണ്??

‘കോളേജിലെ ചുവരുകളിൽ അവളുടെ പേര് കോറി വരച്ചിടുമ്പോഴും.. ഉള്ളിൽ വിമ്മിഷ്ടമായിരുന്നു… പതഞ്ഞു പൊങ്ങുന്ന പ്രണയം അടക്കി നിർത്താൻ..
ഏറെ ശ്വാസം മുട്ടി.. ഒരിക്കെലെങ്കിലും പറയണം എന്നാഗ്രഹിച്ചു… ‘

‘തുനിഞ്ഞില്ല… കഷ്ടപ്പെട്ട് അടക്കി വെച്ചു… തൊലി കറുപ്പാണ് എന്നുള്ള ബോധം അതിനനുവദിച്ചില്ല…’

“അല്ല… അങ്ങനെയല്ല… ഏറെ പ്രിയപ്പെട്ടവൾ കൂടി കറുമ്പനെന്ന് പറഞ്ഞു തിരിച്ചയച്ചാൽ താൻ തകർന്നു പോകുമായിരുന്നില്ലേ???..

“വേണ്ട… ഒന്നും വേണ്ട… തിരിഞ്ഞു നടന്നു…” എല്ലാം മറക്കാൻ.. എല്ലാരേം വിട്ടെറിഞ്ഞ്‌… ഇവിടേക്ക് വിമാനം കയറിയത് അച്ഛനൊരു താങ്ങാവാനാണ്… പെങ്ങളെ കെട്ടിക്കാനുണ്ട്.. അമ്മയുടെ മരുന്ന് വാങ്ങാൻ കാശു തികയാതെ വന്നപ്പോഴാണ്.. ഇനിയും എങ്ങോട്ടാണ് ഓടി ഒളിക്കേണ്ടത്.. ‘” മരണത്തിലേക്കോ…. പതിനൊന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയാൽ എന്തായാലും മരിക്കും… ചാടണോ??…”

“ചാടിയാൽ പിന്നെ.. പിന്നെ… അവർക്കാരുണ്ട്.. അച്ഛനും അമ്മക്കും കുഞ്ഞിക്കും.. “ബാൽക്കണിയുടെ വാതിൽ വശത്തേക്ക് വലിച്ചു അകത്തേക്ക് കയറുമ്പോൾ മുഖത്തിന്റെ ഒരു ഭാഗം പൊത്തിപിടിച്ചു കൊണ്ട് അവനാ കറുത്ത സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു.. ഒരു വശത്തിരുന്നു മെല്ലെ നീങ്ങി അവന്റെ മുതുകിൽ മെല്ലെ കൈത്തലം വെച്ചു…

“ഡാ… ക്ഷമിക്കേടാ…പെട്ടെന്ന് വന്ന ദേഷ്യത്തിൽ ചെയ്തുപോയതാടാ…..വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.. കണ്ണുകൾ നിറഞ്ഞിരുന്നു..

“സാരമില്ലടാ… ഞാനും അങ്ങനെ പറയാൻ പാടില്ലായിരുന്നു.. “

പിന്നെ ഒന്നും പറഞ്ഞില്ല… മെല്ലെ നടന്നു നീങ്ങി… ആട്ടിയ്ക്കിട്ട കട്ടിലിലെ മുകളിലത്തെ കട്ടിലിലേക്ക് ഇഴഞ്ഞു കയറുമ്പോഴും മനസ് പറഞ്ഞു..

“എല്ലാം മറന്നുറങ്ങണം… നാളെയും യൂണിഫോം ഇട്ട് ജോലിക്ക് പോകാനുള്ളതാ….

Scroll to Top