അത് നന്നായി.. നമ്മള് പാലുകാച്ച് വീട്ടിൽ വന്ന് കച്ചറ ഉണ്ടാക്കി എന്ന് നാട്ടുകാരെ കൊണ്ട് പറയിക്കരുത്. നമ്മുടെ സ്റ്റാറ്റസ് നമ്മൾ നോക്കണം..

പാലുകാച്ചൽ വീട്ടിലെ വെള്ളവും അടിയും

രചന: ശിവൻ മണ്ണയം

ങേ.. ഇതെന്താ പ്രകാശേട്ടാ.. ദേഹത്താകെ ചെളി ..?

ഞാനും ,സുദേവനും ,അവന്റെ അമ്മായിയപ്പനും കൂടി താഴെ വയലിന്റ കരയിലിരുന്നാ മദ്യപിച്ചത് ..

വയലിന്റെ കരയിലിരുന്ന് മദ്യപിച്ചാൽ ദേഹത്ത് ഇത്രേം ചെളി പറ്റുമോ..?

ഒന്നു വീണു..!

വീണെന്നോ.. പ്രകാശേട്ടൻ ഒരു പാട് കുടിച്ചോ..?

ദേവൂ ഞാനിത്തിരിയേ കുടിച്ചുള്ളൂ.. എനിക്ക് കൺട്രോൾ ഉണ്ട്..

എന്നിട്ടാണോ മറിഞ്ഞ് വീണത്..?

ഞാനെല്ലാം വിശദമായിട്ട് പറയാം..

ങാ പറ..!

ഞാനും സുദേവനും ,അവന്റെ ഭാര്യ പിതാവ് ശങ്കരൻ മാമനും കൂടെ വയലിന്റ കരയിലിരുന്ന് മദ്യപിച്ചു. ഞാൻ കുറച്ചേ കുടിച്ചുള്ളൂ… മദ്യം തലക്ക് പിടിച്ചപ്പോൾ സുദേവൻ പറയുകയാ, പാലുകാച്ചിന് കിട്ടിയ പ്രസന്റേഷനൊന്നും അവന് വേണ്ടാന്ന്..

ഹായ്.. അപ്പോൾ ആ ഏസിയും വാഷിംഗ് മെഷീനുമൊക്കെ പ്രകാശേട്ടന് ചോദിച്ചുടാരുന്നോ?

ഞാൻ ചോദിക്കാനായിട്ട് വാ തുറന്നതാ..

എന്നിട്ട്…?

അപ്പോൾ സുദേവൻ പറയുകയാ, കിട്ടിയ പ്രസന്റേഷനൊക്കെ ശങ്കരൻ മാമൻ എടുത്തോ എന്ന് ..!😱

അയ്യയ്യോ.. അല്ലെങ്കിലും സുദേവന് ഭാര്യ വീട്ടുകാരാ ദൈവം.. ഇങ്ങനെയൊരു അച്ചിക്കോന്തൻ..!😡

..അപ്പോ ഞാൻ പറഞ്ഞു ശങ്കരൻ മാമന് ഏസി വേണ്ടെങ്കിൽ ഞാൻ കൊണ്ട് പൊയ്ക്കൊള്ളാമെന്ന് ..😝

അപ്പോ മാമൻ എന്ത് പറഞ്ഞു ..?

അയാൾക്കത് വേണം പോലും. ഞാൻ പറഞ്ഞ്, തണുപ്പത്ത് കിടന്നാൽ മാമന് പനിപിടിക്കുമെന്ന് .. അപ്പോൾ അയാൾ പറയുകയാ അത് ഞാനങ്ങ് സഹിച്ചോളാമെന്ന് .. അഹങ്കാരി..!👿

ആർത്തി പണ്ടാരം തന്നെ. വയസാംകാലത്ത് ഏസിയിൽ കിടന്നുറങ്ങാനുള്ള കിളവന്റെ പൂതിയേ..😧

എനിക്കപ്പോൾ മുതൽ കെളവനോട് വല്ലാത്തൊരു കലിപ്പ് തോന്നി. പക്ഷേ ഞാൻ നിയന്ത്രിച്ചു..😬

അത് നന്നായി.. നമ്മള് പാലുകാച്ച് വീട്ടിൽ വന്ന് കച്ചറ ഉണ്ടാക്കി എന്ന് നാട്ടുകാരെ കൊണ്ട് പറയിക്കരുത്. നമ്മുടെ സ്റ്റാറ്റസ് നമ്മൾ നോക്കണം..

കുറച്ച് കഴിഞ്ഞപ്പോൾ ശങ്കരൻ മാമൻ എന്നോട് ചൊറിഞ്ഞവർത്തമാനം പറയാൻ തുടങ്ങി ദേവൂ ..

അതയാളുടെ പണ്ടേയുള്ള സ്വഭാവമാ..

ഇങ്ങനെ ചായക്കട നടത്തി നടക്കാൻ നാണമില്ലേടാ പ്രകാശാ… എന്നയാള്. എനിക്കാകെ പ്രാന്ത് വന്നു.. 😈

നമ്മുടെ കോഫീ ഷോപ്പിനെ അയാൾ വെറുമൊരു ചായക്കടയാക്കിയോ.. ചൊറിയനാ അയാൾ ചൊറിയൻമാമൻ…

ഞാൻ ദേഷ്യം കടിച്ചമർത്തി.. നമ്മളായിട്ട് പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുതല്ലോ.. പക്ഷേ അയാൾ നിർത്തുന്നില്ല. വീണ്ടും പറയുകയാ: ഇങ്ങനെ നാട്ടിൽ ചായ വിറ്റ് നടക്കാതെ ഗൾഫിലേക്കെങ്ങാനും പോയി രക്ഷപെട്ടൂടേടാന്ന് ….

മരുമോൻ വലിയ ഗൾഫ് കാരനാണെന്നതിന്റെ അഹങ്കാരം ..❗

എനിക്കതിഷ്ടമായില്ല .ഗൾഫിലേക്ക് മാമൻ ആദ്യം പോ എന്നും പറഞ്ഞ് ചെറുതായിട്ട് ഞാനൊന്നു തള്ളി.കെളവൻ തലേം കുത്തി വയലിലേക്ക് വീണു..

അയ്യോ..!!

ഞാൻ ചെറുതായിട്ട് ഒന്ന് തള്ളിയേ ഉള്ളൂ.. എന്റ തെറ്റല്ല ..!

കുടിച്ച് വെളിവില്ലാതെ നിക്കുകയല്ലേ.. ഒന്ന് തൊട്ടാൽ തന്നെ മറിഞ്ഞു വീഴും..

സത്യം ദേവൂ..!

ശങ്കരൻ മാമനല്ലേ ചെളിയിൽ വീണത്.പിന്നെങ്ങനെ ചേട്ടന്റെ പുറത്തൊക്കെ ചെളിയായത്..?

ശങ്കരൻ മാമൻ വയലിൽ വീണതും സുദേവൻ വയലന്റായി.എന്റെ അമ്മായിയപ്പനെ തള്ളിയിട്ടാടാ എന്നും പറഞ്ഞ് എന്റെ നേരെ ഒരു കേറ്റം .. എനിക്കിഷ്ടപ്പെട്ടില്ല. ഞാൻ സുദേവന് ഒരു തള്ള് വച്ചു കൊടുത്തു..!

എന്നിട്ട് സുദേവൻ വീണോ?

ഇല്ല. ഞാൻ തലേം കുത്തിവയലിലേക്ക് വീണു…!

തള്ളിയതും ചേട്ടൻ വീണതും ചേട്ടൻ.. ഇതാ ഒരു പാട് കുടിക്കരുതെന്ന് ഞാൻ പറഞ്ഞത് ..!

ഞാൻ ഇത്തിരിയേ കുടിച്ചുള്ളൂ.. എനിക്ക് കൺട്രോൾ ഉണ്ട്..

സുദേവൻ എവിടെ..?

ഞാൻ വയലിൽ നിന്ന് ചെളി വാരി സുദേവനെ എറിയുകയായിരുന്നു .. ഏറ് കൊള്ളാതിരിക്കാനായി സുദേവൻ ഓടി. അപ്പോൾ കാലുതെറ്റി അവൻ അവിടെയുള്ള കുളത്തിൽ വീണു.. ഇപ്പോൾ അവൻ കുളത്തിലുണ്ട്.. സത്യം പറഞ്ഞാ എന്റെ തെറ്റല്ല ..!

അയ്യോ സുദേവൻ മരിച്ചു പോകുമോ?

ഏയ്.. ഇല്ല. ഒരു കാട്ടു പൊന്തയിൽ പിടിച്ചു കിടപ്പുണ്ട്. ആരെങ്കിലും രക്ഷിക്കുമായിരിക്കും.. എന്റെ ഉത്കണ്ഠ അതല്ല. ശങ്കരൻ മാമൻ മിസിങ് ആണ് ..!

ങേ.. മിസിങ്ങോ..?

അതെ. സുദേവനെ തള്ളിയപ്പോൾ ഞാൻ വയലിലേക്ക് വീണില്ലേ..

ങാ..

ഞാൻ നേരെ ചെന്ന് വീണത് വയലിൽ കിടന്ന ശങ്കരൻ മാമന്റെ പുറത്തേക്കാണ്. ഞാൻ എഴുന്നേറ്റ് നോക്കിയപ്പോൾ ശങ്കരൻ മാമനെ കാണാനില്ല..!!

അതെങ്ങോട്ട് പോയി..?

അയാളുടെ പുറത്ത് ഞാൻ ചെന്ന് വീണപ്പോൾ ,അയാൾ വയലിൽ പുതഞ്ഞു പോയെന്നാണ് തോന്നുന്നത് ..

അയ്യോ..!

കച്ചറ ഫാമിലി തന്നെ. അമ്മാവനും മരുമോനും ഒരുമിച്ച് വെള്ളമടിച്ചിട്ട്, വയലിൽ കിടന്ന് തമ്മിലടി കൂടുന്ന അലവലാതി ഫാമിലി .ഇനി നമുക്ക് ഈ കുടുംബത്തിലേക്കേ വരണ്ട ..

ദേഹത്തൊക്കെ ചെളിയല്ലേ..വാ പോയി ഒന്ന് കുളിക്കാം..

ഞാനിപ്പോൾ വരുന്നില്ല. പന്നൻ ഒരു ഏസി ചോദിച്ചിട്ട് എനിക്ക് തന്നില്ല .. ഞാനീ ചുവരിൽ മുഴുവൻ ചെളി വച്ച് തേച്ചിട്ടേ വരുന്നുള്ളൂ.. അവന്റെയൊരു പുതിയ വീട്..!