കയ്യെത്തും ദൂരത്ത്: രചന: Josepheena Thomas
അയാൾ പതിവിലും നേരത്തെയാണ് അന്നു വീട്ടിൽ വന്നു കയറിയത്. എന്നും കുറച്ചു ലേറ്റായിട്ടാണു വരിക. കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുകയോ ക്ലബ്ബിൽ ചീട്ടു കളിക്കുകയോ പാർക്കിൽ ചുറ്റിക്കറങ്ങുകയോ ഒക്കെ കഴിഞ്ഞേ വരൂ..
അല്ല വീട്ടിൽ വന്നിട്ടും എന്താണു കാര്യം.. എന്നത്തേയും പോലെ അവൾ …….തന്റെ ഭാര്യ വീട്ടിലില്ല. ജോലിക്കാരി പതിവു പോലെ താക്കോൽ തന്നെ ഏല്പിച്ചിട്ട് അവരുടെ വീട്ടിലക്കു പോയി.
അയാളുടെ ചിന്തകൾ ചരടു പൊട്ടിയ പട്ടം പോലെ പറന്നു നടന്നു വിവാഹം കഴിഞ്ഞ് ഒരു മാസം ആയപ്പോഴെ ഡിവോഴ്സിന്റെ വക്കിലെത്തിയിരിക്കുകയാണ് താൻ. ആരോടെങ്കിലും പറയാൻ പറ്റുമോ? പ്രത്യേകിച്ചു വീട്ടിൽ? ഒരു കണക്കിനു തനിക്കിതു തന്നെ വരണം . തന്റെ അമ്മയുടെ ഒരേയൊരു കൂടെപ്പിറപ്പായിരുന്നു ശങ്കരമാമ. ശങ്കരമാമയുടെ ഒരേയൊരു മകൾ ഭാമിനി!. രണ്ടുപേരും കൂടി ചെറുപ്പം മുതലേ തീരുമാനിച്ചു വച്ചതായിരുന്നു തങ്ങളുടെ വിവാഹം. തങ്ങൾക്കും അതിഷ്ടമായിരുന്നു.. ചെറുപ്പത്തിലേ കളിക്കൂട്ടുകാരായിരുന്നവർ . തങ്ങൾ വളരുന്തോറും ആ ബന്ധവും വളർന്നുവന്നു. ഒരേ സ്കൂളിൽ പഠിച്ചിരുന്നവർ. ഭാമിനി പഠിക്കാൻ മോശമായിരുന്നതു കൊണ്ട് പത്താം ക്ലാസ്സോടു കൂടി പഠിത്തം നിർത്തി. താൻ പഠിച്ചു ഡിഗ്രിയെടുത്തു. അധികം താമസിയാതെ തന്നെ സർക്കാർ സർവ്വീസ്സിൽ ജോലി കിട്ടുകയും ചെയ്തു.
തലസ്ഥാന നഗരിയിലേക്ക് താൻ ജോലി സംബന്ധമായി പോകുമ്പോൾ തനിക്കും അവൾക്കും വിഷമമായിരുന്നു ആഴ്ചയുടെ അവസാനമാകാൻ താൻ കാത്തിരിക്കുമായിരുന്നു.. വീടുകൾ തമ്മിൽ അധികം അകലത്തിലുമായിരുന്നില്ല. താൻ വരുന്ന ദിവസം ഭാമിനി നേരത്തെ വീട്ടിൽ വന്നു സ്ഥാനം പിടിച്ചിരിക്കും . പിന്നെ അത്താഴവും കഴിഞ്ഞ് താനായിരിക്കും അവളെ വീട്ടിൽ കൊണ്ടു വിടുക.
അങ്ങിനെ വീട്ടുകാരുടെ അനുവാദത്തോടു കൂടി തങ്ങളുടെ പ്രണയം അഭംഗുരം തുടർന്നുകൊണ്ടിരുന്നു.. തങ്ങൾ ഒരുമിച്ച് ഒത്തിരി സ്വപ്നങ്ങൾ നെയ്തു കൂട്ടിയിരുന്നു. രണ്ടു പേരുടെയും ഇഷ്ടങ്ങളും എന്നും ഒന്നായിരുന്നു. ഒരിക്കൽ പാടത്തിനക്കരെയുള്ള അമ്പലത്തിൽ കഥകളി കാണാൻ പോയിട്ടു വരുമ്പോൾ അവൾ തമാശയ്ക്കായിട്ടാണെങ്കിലും തന്നോടൊരു ചോദ്യം ചോദിച്ചിരുന്നു.
” സുരേട്ടാ …. സുരേട്ടനു വലിയ ജോലിയും പത്രാസുമൊക്കെ ആയില്ലേ. ഇനി ഈ പാവം ഭാമിനിയെ മറക്കുമോ? “
“നിന്നെ മറന്നാൽ ഞാൻ മരിച്ചെന്നോർത്തോ പെണ്ണേ .”
കാച്ചിയ എണ്ണയുടെയും മുല്ലപ്പൂവിന്റെയും ഗന്ധം കലർന്ന തലമുടിയിഴകൾ മാടിയൊതുക്കിക്കൊണ്ട് താൻ പറഞ്ഞു.
ജോലി കിട്ടിയിട്ട് ഒന്നരവർഷത്തോളം തനിക്കൊരു മാറ്റവും ഉണ്ടായില്ല. ഓരോ വരവിലും ഭാമിനിയെക്കാണാനുള്ള ആവേശം ആയിരുന്നു. അമ്മായിക്ക് എത്രയും പെട്ടെന്ന് കല്യാണം നടത്തണമെന്നു തന്നെയായിരുന്നു..തനിക്കാണെങ്കിൽ മൂന്നു വർഷം കഴിയുമ്പോൾ നാട്ടിലേക്കു ട്രാൻസ്ഫർ കിട്ടുമെന്നും അതു കഴിഞ്ഞിട്ടു മതിയെന്നുമുള്ള പ്രതീക്ഷയിലായിരുന്നു. അമ്മാവനും ഭാമിനിയ്ക്കും ധൃതിയില്ലായിരുന്നു. എന്നായാലും താനവർക്കുള്ളതാണെന്നുള്ള ആത്മവിശ്വാസമായിരുന്നു അവർക്ക് ഉണ്ടായിരുന്നത്.
അങ്ങിനെയിരിക്കെയാണ് തന്റെ മനസ്സിലേക്ക് മറ്റൊരുവൾ കയറിക്കൂടിയത്. തനിക്കിതിനെങ്ങനെ മനസ്സു വന്നുവെന്ന് തനിക്കു തന്നെ അറിയില്ല. രശ്മി…അവളുടെ സൗന്ദര്യം എങ്ങിനെയോ തന്നെ വശീകരിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ.ഇത്രയും നാൾ അവൾ ആ ഓഫീസിലുണ്ടായിട്ടും താനവളെ വേറൊരു കണ്ണിൽ കണ്ടിട്ടില്ല.എസ്‌റ്റാബ്ലിഷ്മെന്റിൽ ചാർജെടുത്ത അവൾക്ക് ജോലിയുടെ ഭാഗമായി എല്ലാം പറഞ്ഞു കൊടുക്കുമ്പോഴായിരുന്നു തന്റെ മനസ്സ് അവളിലേയ്ക്കു ചാഞ്ഞത്. അതിനു മുമ്പ് അവൾക്ക് തന്നോടെന്തോ ഉണ്ടെന്നു തനിക്കു തോന്നിയിരുന്നു. എന്നിട്ട് താനതറിയാത്ത മട്ടിൽ ഇരുന്നു.പക്ഷേഅധികദിവസം പിടിച്ചു നിൽക്കാനായില്ല.തന്റെ മനസ്സ് അവളിലേയ്ക്കു ചാഞ്ഞു എന്നു പറഞ്ഞാൽ മതിയല്ലോ. തന്റെ ഭാമിനി ……..തനിക്കായി മാത്രം കാത്തിരുന്ന അവളെ കാണണമെന്നു പോലും തനിക്കു തോന്നാതായി. അവളുടെ ഫോണുകൾ താൻ മന:പൂർവ്വം അവഗണിച്ചു. കാച്ചിയ എണ്ണയുടെയും മുല്ലപ്പൂവിന്റെയും മണം ഇഷ്ടപ്പെട്ടിരുന്ന താൻ ക്രമേണ ഷാമ്പൂവിന്റെയും വില കൂടിയപെർഫ്യൂമുകളുടെയും സുഗന്ധം ഇഷ്ടപ്പെടാൻ തുടങ്ങി. ആഴ്ചയുടെ അവസാനം വരാൻ കാത്തു കാത്തിരുന്ന താൻ ഞായറാഴ്ച ആകാൻ കാത്തിരുന്നു രശ്മിയുടെ കൂടെ . ബീച്ചിലും തീയേറ്ററിലും പോകാൻ.
ഒരിക്കൽ ഒത്തിരി നാളു കൂടി വീട്ടിലേക്ക് വരുമ്പോൾ പാടവരമ്പത്ത് ഭാമിനി കാത്തു നില്പുണ്ടായിരുന്നു. അവളെ കണ്ടപ്പോൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
“സുരേട്ടനെന്താ ഒരു മാറ്റം?”
എന്നവൾ ചോദിച്ചപ്പോഴും തനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.സന്ധ്യാസമയമായിട്ടും അവളുടെ മുഖത്തൂടെയൊഴുകിയ കണ്ണുനീർ ചാലുകൾ നിലാവെളിച്ചത്തിൽ തിളങ്ങുന്നതു താൻ കണ്ടിട്ടും താൻ കാണാത്ത ഭാവം നടിച്ചു. അന്ന് പതിവുപോലെ അവൾ തന്റെ കൂടെ വീട്ടിലേക്കു വന്നില്ല. വരാത്തതെന്താ എന്നു താൻ ചോദിച്ചുമില്ല. വീട്ടിൽ രശ്മിയുടെ കാര്യം സൂചിപ്പിച്ചപ്പോൾ ഒരു പൊട്ടിത്തെറിയായിരുന്നു അമ്മയുടെ ഭാഗത്തുനിന്നും പ്രതീക്ഷിച്ചത്. പക്ഷേ അമ്മ കണ്ണീരില്ലാതെ കരയുന്നതുപോലെ തനിക്കു തോന്നി. ഒരു അറ്റാക്ക് കഴിഞ്ഞിരിക്കുന്ന അച്ഛനെയും തന്റെ തീരുമാനം വളരെയധികം വിഷമിപ്പിച്ചിരുന്നിരിക്കണം. പക്‌ഷേ അന്ന് അതൊന്നും തനിക്കു ഫീൽ ചെയ്തില്ല എന്നു പറയുന്നതായിരിക്കും ശരി. തന്റെ മനസ്സു നിറയെ രശ്മി മാത്രം.
അധികം താമസിയാതെ താനും രശ്മിയുമായിട്ടുള്ള വിവാഹം നടന്നു. അമ്മയുടെ ഒരേയൊരു സഹോദരനായ ശങ്കരമാമ അമ്മാവന്റെ സ്ഥാനത്തുനിന്ന് എല്ലാ കാര്യങ്ങളും വളരെ ഭംഗിയായിട്ടു നടത്തി.
അന്ന് അദ്ദേഹത്തിന്റെ ഹൃദയം തേങ്ങുന്നതു താനും കണ്ടില്ല. വിവാഹത്തിന് ഭാമിനിയും അമ്മായിയും പങ്കെടുത്തില്ല. തനിക്കന്ന് അതിലൊന്നും ഒരു വിഷമവും തോന്നിയതും ഇല്ലായിരുന്നു.
അങ്ങിനെ താനും രശ്മിയും പുതിയ ജീവിതം ആരംഭിച്ചു. സന്തോഷത്തിന്റെ നാളുകളായിരുന്നു ആദ്യമൊക്കെ വീട്ടിൽ താമസിക്കാമെന്ന് രശ്മിയുടെ അച്ഛൻ പറഞ്ഞെങ്കിലും തനിക്കതിനു സമ്മതം ആയിരുന്നില്ല. അങ്ങിനെ തങ്ങൾ രശ്മിയുടെ പേരിൽ അച്ഛൻ വാങ്ങിയ വീട്ടിൽ താമസം ആരംഭിച്ചു. പിന്നീട് അവളിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി. ചില ഫോൺ കോളുകൾ വരുമ്പോൾ അവൾ തന്നിൽ നിന്നൊളിക്കുന്നതു പോലെ തോന്നി. ഇപ്പോ എത്രയോ ദിവസമായി തങ്ങൾ പരസ്പരം മിണ്ടിയിട്ട് . തങ്ങൾ ഒരു ഓഫീസിലാണു ജോലി നോക്കുന്നതെങ്കിലും പോകുന്നതും വരുന്നതും ഒരുമിച്ചായിരുന്നില്ല.. താൻ വീട്ടിൽ വരുന്ന സമയത്തിനു കൃത്യതയില്ലാതായി. രശ്മിയുടെ വരവും അങ്ങിനെ തന്നെ. ഓഫീസ്സിലും തങ്ങളെ കാണുമ്പോൾ ചില അടക്കം പറച്ചിലുകൾ നടക്കുന്നതായി തോന്നി. രശ്മി തന്റെ തനിസ്വഭാവം വെളിയിലേക്കെടുക്കാൻ തുടങ്ങി. ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങിയാലും അവൾ വീട്ടിൽ വരുന്നതു മിക്കവാറും സന്ധ്യയായതിനു ശേഷം ആയിരിക്കും. ഒരിക്കൽ താൻ ടെറസ്സിൽ നിന്നു ‘നോക്കുമ്പോൾ ഒരു ചെറുപ്പക്കാരന്റെ ബൈക്കിനു പിന്നിൽ ഇരുന്ന് വരുന്നതു കണ്ടു. .
തനിക്കൊന്നും പ്രതികരിക്കാൻ കഴിഞ്ഞില്ല.യാതൊരു കുറ്റബാധവും അവൾക്കുള്ളതായി തോന്നിയതുമില്ല.. തൊട്ടയൽപക്കത്ത് വീടുകൾ ഉള്ളതുകൊണ്ട് താൻ തന്നെത്തന്നെ കൺട്രോൾ ചെയ്യുകയായിരുന്നു. എന്തായാലും തങ്ങളിനി മാനസികമയി ഒത്തുപോകില്ല തനിക്ക് തന്റെ വഴി. അവൾക്ക് അവളൂടെ വഴി.താനിതു ചോദിച്ചു വാങ്ങിയതാണ്. കയ്യെത്തുംദൂരത്ത് തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരുവളുള്ളപ്പോൾത്തന്നെ മറ്റൊരുത്തിയുടെ നാഗരിക സൗന്ദര്യത്തിൽ ഭ്രമിച്ച് അവളുടെ പുറകെ പോയ അഹങ്കാരി! താനിതൊക്കെ അനുഭവിക്കണം. അച്ഛനും അമ്മയും ലാളിച്ചു വഷളാക്കിയവളായിരുന്നു രശ്മി. അവളുടെ അച്ഛൻ നാട്ടിലെ പ്രമാണി.
ഉന്നതതല ബന്ധങ്ങളുള്ള രാഷ്ട്രീയക്കാരൻ. തന്നെ അവർ വിലയ്ക്കു വാങ്ങിയതു പോലെ ഇപ്പോൾ തോന്നുന്നു. താനോ ഗ്രാമത്തിന്റെ അന്തരീക്ഷത്തിൽ വളർന്ന ശുദ്ധമനസ്ക്കരായ മാതാപിതാക്കളുടെ ഒരേയൊരു മോൻ! താനെന്തു കൊണ്ട് നേരത്തെ ഈ താരതമ്യ പഠനം നടത്തിയില്ല. വീട്ടിൽ ഈ കാര്യം അവതരിപ്പിച്ചപ്പോൾ
” നമുക്കു ചേരുന്ന ബന്ധമാണോ? അവരൊക്കെ വലിയ ആളുകൾ അല്ലേ ?”
എന്നച്ഛൻ ചോദിച്ചതിന്റെ പൊരുൾ അന്നു തനിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല.
കാറിന്റെ ഹോണടി ശബ്ദം അയാളുടെ
ചിന്തകൾക്കു വിരാമമിട്ടു..
**********