വേനൽ മഴയിലെ ഒരു മഴവില്ല് ~ രചന: നിവിയ റോയ്
“എന്താ മാഷേ പതിവില്ലാത്ത ഒരു സന്തോഷം? കല്യാണം വല്ലോം ഉറച്ചോ….?” സ്റ്റാഫ് റൂമിലേക്ക് ചിരിച്ചുകൊണ്ടു വന്ന ശരത് സാറിനോട് മല്ലിക ടീച്ചർ ചോദിച്ചു.
“ഹേയ്…. അതൊന്നുമല്ല ശീതളിനു പെൺകുട്ടി….. ദേ… ഇപ്പോൾ വിളിച്ചു പറഞ്ഞതേയുള്ളു”.
“ഉം… പെങ്ങൾക്ക് കുട്ടികൾ രണ്ടായി ഇനിയെങ്കിലും സാറിന് ഒരു വിവാഹം കഴിച്ചൂടെ…. പ്രാരാബ്ദങ്ങൾ എല്ലാം തീർന്നില്ലേ? അതോ ഇപ്പോളും മനസ്സിൽ നിന്നും സിന്ധു പോയില്ലന്നുണ്ടോ? “
നിറം മങ്ങിയ ചുവന്ന മേശവിരിപ്പിൽ നിന്നും ചോറ്റുപാത്രത്തിൽ നിന്നു വീണ ചോറുപറ്റുകൾ പെറുക്കിയെടുക്കുന്നതിനിടയിൽ മല്ലിക ടീച്ചർ ചോദിച്ചു.
“ഹേയ്….. എന്നെ മറന്നുപോയ ഒരാളെകുറിച്ചോർത്തു വിഷമിച്ചു ജീവിക്കാൻ ഞാൻ അത്ര പക്വതയില്ലാത്ത ആളാണോ?”.പത്രം തുറക്കുന്നതിനിടയിൽ ശരത് സാർ ചോദിച്ചു.
ഒന്നും മറുപടി പറയാതെ മല്ലിക ടീച്ചർ കൈ കഴുകാനായി റൂമിന്റെ പുറത്തേക്കു ഇറങ്ങി. ഇന്നെങ്കിലും ശ്രീക്കുട്ടിയുടെ കാര്യം സാറിനോട് പറയണം വരാന്തയിലൂടെ നടക്കുമ്പോൾ മല്ലിക ടീച്ചർ ഓർത്തു.
പുറത്തു അപ്പോളും ചാറ്റൽ മഴ ചിണുങ്ങി പെയ്യുന്നുണ്ട്…. ആൺകുട്ടികൾ ചെളിപുരണ്ട പന്ത് തട്ടിക്കളിക്കുന്നു…. പെൺകുട്ടികൾ വരാന്തയിൽ വട്ടമിട്ടിരുന്നു കഥകൾ പറയുന്നു. ഇത് ഒരു പതിവുകാഴ്ച്ചയാണെങ്കിലും ടീച്ചർ എന്നും അത് കുറച്ചു നേരം ആസ്വാദിക്കാറുണ്ട്.
“ടീച്ചർ പതിവ് കലാപരിപാടിയിൽ ആണല്ലോ?”ക്ലാസ്സ് റൂമിലേക്ക് നടക്കുന്നതിനിടയിൽ ആനി ടീച്ചർ ചോദിച്ചു.
“അതേ പത്തിരുപത്തിരണ്ടു വർഷം മുൻപ് ഇവിടെ ഞാനും ഇങ്ങനായിരുന്നല്ലോ? “
“ആ ഓര്മകളിലൂടെയുള്ള യാത്രയാണല്ലേ….. നടക്കട്ടെ….. നടക്കട്ടെ….”
തലയിളക്കി ആനി ടീച്ചർ നടന്നകലുമ്പോൾ ഏതോകുട്ടി സമ്മാനിച്ച ചുവന്ന റോസാപൂ ടീച്ചറിന്റെ പിന്നിയിട്ട മുടിയിൽ ഇരുന്നിളകുന്നുണ്ടായിരുന്നു ടീച്ചർമാർക്കു മാത്രം കിട്ടുന്ന ഒരു പ്രത്യേക സ്നേഹപരിഗണനയാണല്ലോ ഇതെല്ലാം മല്ലിക ടീച്ചർ ഓർത്തു .
താനും കൊടുത്തിട്ടുണ്ട് റോസാപ്പൂക്കൾ രാധ ടീച്ചറിന്…. ഉച്ചക്കഞ്ഞി വെയ്ക്കാൻ അമ്മ വരുമ്പോൾ ടീച്ചർ പറയും….
“മല്ലിക മിടുക്കിയാണ് കേട്ടോ അവളു പഠിച്ചുവലിയ ആളാകുമ്പോൾ തന്റെ കഷ്ടപ്പാടൊക്കെ മാറും….. “ആ വാക്കുകൾ നിരാശ പടർന്ന അമ്മയുടെ മുഖത്തു പ്രതീക്ഷയുടെ ഒരു പുഞ്ചിരിവിടർത്താറുണ്ടായിരുന്നു……
അകാലത്തിൽ അച്ഛൻ ഞങ്ങളെ വിട്ടകന്നപ്പോൾ ഞങ്ങൾ മൂന്നു പെൺകുട്ടികളെയും പഠിപ്പിച്ചു ഒരു നിലയിലാക്കുകയെന്നത് അമ്മയുടെ സ്വപ്നം മാത്രമായി ചുരുങ്ങി. അതുവരെ അച്ഛന്റെ തണലിൽ കഴിഞ്ഞ അമ്മക്ക് പുറം ലോകത്തെ ചൂട് അസഹനീയമായിരുന്നു. പാവം ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് ഞങ്ങളെ വളർത്താൻ.
” ഠോ…..”
പുറകിൽ നിന്നും കാതുപൊട്ടുന്ന ശബ്ദം കേട്ട് ടീച്ചർ ഞെട്ടി. വട്ടംകൂടിയിരുന്നു കളിക്കുന്ന പെണ്കുട്ടികൾക്കിടയിലേക്കു ഒരു കുറുമ്പൻ കൺപോള മടക്കി നാക്കും നീട്ടി മറയത്തെ നിന്നും ചാടിവന്നു നിൽക്കുകയാണ്…. അപ്രതിക്ഷിതമായ അവന്റെ പ്രകടനത്തിൽ പെൺകുട്ടികൾ ചിതറി ഓടി…
” ഡാ…. “ഉറക്കെ വിളിച്ചുകൊണ്ടു മല്ലിക ടീച്ചർ അവന്റെ അടുത്തേക്ക് വന്നു.വന്ന വേഗത്തിൽ തന്നെ അവൻ മറയത്തേക്കൊളിച്ചു.
ഒരു പുഞ്ചിരിയോടെ ടീച്ചർ ഓർത്തു തന്റെ ക്ലാസ്സിലും ഇങ്ങനെ ഒരു ചട്ടമ്പി ഉണ്ടായിരുന്നു….. വിവേക്… ബാല്യം എല്ലാവർക്കും ഒരുപോലെ തന്നെ. ഞങ്ങൾ വളർന്നു വന്നപ്പോൾ അമ്മയുടെ അദ്ധ്വാനും ഒന്നിനും തികയാതെ വന്നപ്പോൾ വിവേകാണ് പറഞ്ഞത് എന്നും രാവിലെയുള്ള പത്രമിടൽ എനിക്ക് തരാമെന്ന്. ഒന്നും ആലോചിച്ചില്ല അച്ഛന്റെ പഴയ സൈക്കിളിൽ രാവിലെ ഉള്ള യാത്ര.അച്ഛൻ കൂടെയുള്ളപോലെ തോന്നിയിട്ടുണ്ട്.
ആദ്യ ദിവസങ്ങളിൽ വിവേക് കൂടിവന്നു എല്ലാ വീടും പരിചയപ്പെടുത്തി. എല്ലാവർക്കും അദ്ഭുതമായി ആ നാട്ടിലെ ആദ്യത്തെ പത്രക്കാരി പെൺകുട്ടി. പിന്നീട് അവരിൽ പലരുടെയും വീട്ടിലെ ഒരു അംഗത്തെ പോലെയായി. വിവേകിനെ പിന്നെ ഒരിക്കലും സ്കൂളിൽ കണ്ടിട്ടില്ല അവൻ എങ്ങോട്ടാണ് പോയത്
പ്രാരാബ്ദത്തിന്റെ ഭാണ്ഡവും പേറി ആ കൗമാരക്കാരൻ ഒരു വൃദ്ധനെപ്പോലെ സ്കൂളിന്റെ പടികളിറങ്ങി……..ഇന്നത്തെ കുട്ടികൾക്ക് ഇതുവല്ലതും അറിയണോ? കുട്ടികൾക്ക് ചുറ്റും കണ്ണുകളോടിച്ചുകൊണ്ടു ടീച്ചർ ഓർത്തു. അവർക്കു ആഗ്രഹിക്കുന്നതൊക്കെ അധ്വാനമില്ലാതെ കിട്ടുന്നത്കൊണ്ട് അതിന്റെ ഒന്നും മൂല്യമറിയില്ല.
“ടീച്ചറേ….. ടീച്ചറിന് ഈ ഓറഞ്ച് സാരി നല്ല രസമുണ്ട്…”
പ്രായമായിട്ടും പറിഞ്ഞുപോകാൻ മടികാണിച്ചു നിൽക്കുന്ന മുൻനിരയിലെ പുഴുപ്പല്ല് കാട്ടിച്ചിരിച്ചു കൊണ്ട് അഞ്ചാം ക്ലാസ്സുകാരി ചിഞ്ചു പറഞ്ഞു.
“പോടി കാന്താരി… “അവളുടെ കൊമ്പുപോലെ കെട്ടിവച്ച മുടിയിൽ പിടിച്ചിളക്കികൊണ്ടു മല്ലിക ടീച്ചർ പറഞ്ഞു.
“ഇവളെപ്പോഴും ടീച്ചറിന്റെ കൂടെയാണല്ലോ?.”തന്റെ ക്ളാസ്സിലേക് പോകുന്നതിനിടയിൽ ശരത് സർ ചോദിച്ചു.
“ഇവളോടെനിക്ക് ഒരു പ്രത്യേക വാത്സല്യമാണ്. എന്റെ കുഞ്ഞനുജത്തി ശ്രീക്കുട്ടി ഇവളെപോലെയായിരുന്നു ചെറുപ്പത്തിൽ”.
ശരത് സാർ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ഇതുതന്നെയാണ് ശ്രീക്കുട്ടിയെക്കുറിച്ചു സാറിനോട് പറയാൻ പറ്റിയ സമയം എന്ന് മല്ലിക ടീച്ചറിനു തോന്നി.
“സാറെ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു?”.
“എന്താടോ….”നടത്തം നിർത്തിക്കൊണ്ട് ശരത് ചോദിച്ചു.
“എന്റെ അനിയത്തി ശ്റീക്കുട്ടി മാഷിനറിയാമല്ലൊ? അവൾ ജെ ഡി സി കോഴ്സ് കഴിഞ്ഞു ഇന്നുമുതൽ നമ്മുടെ സഹകരണ ബാങ്കിൽ താത്കാലിക നിയമനത്തിൽ ജോലിയിൽ കേറി”
“ആഹ് …. കൊള്ളാല്ലോടോ താൻ .അങ്ങനെ ഇളയ ആളെകൂടി താൻ ജോലിക്കാരിയാക്കിയല്ലെ?.”
“ഈ സ്കൂളാണ് മാഷേ എന്നെ ഞാൻ ആക്കിയതും പഠിപ്പിച്ചതും വളർത്തിയതും ജോലിതന്നതുമെല്ലാം”
ആത്മസംതൃപ്തിയോടെ മല്ലിക ടീച്ചർ സ്കൂൾ മുറ്റത്തു പൂത്തുലഞ്ഞു നിനൽകുന്ന വാകമരത്തിലേക്കു നോക്കികൊണ്ട് പറഞ്ഞു.
“വിദ്യയെക്കാൾ മറ്റെന്തിനാണ് നമ്മുടെ സാഹചര്യംമാറ്റിമറിക്കാൻ സാധിക്കുന്നത്… അതൊക്കെ മനസിലാക്കാൻ കഴിഞ്ഞ ഒരു തലമുറയിൽ ജനിച്ചത് ഭാഗ്യം”.
കൈയിലെ പുസ്തകം വെറുതെ മറിച്ചുകൊണ്ടു ശരത് സാർ പറഞ്ഞു.
“ഉം….. “ശരിയെന്ന അർത്ഥത്തിൽ മൂളിക്കൊണ്ട് മല്ലിക ടീച്ചർ തുടർന്നു.
“ശ്രീശ്രീക്കുട്ടിക്കുട്ടിയുടെ കാര്യം കൂടി കഴിഞ്ഞാൽ പിന്നെ എനിക്ക് സമാധാനമായി ….സാറിന് ശ്രീക്കുട്ടി നന്നായി ചേരും…..”.
പെട്ടെന്ന് പറഞ്ഞുപോയ ജാള്യതയോടെ മറുപടിക്കായി ടീച്ചർ കാതോർത്തു. മറുപടി ഒന്നും കിട്ടാതായപ്പോൾ ടീച്ചർക് വിഷമം തോന്നി.
“സാർ ആലോചിച്ചു പറഞ്ഞാൽ മതി.”ശരത് സർ നടന്നു നീഗങ്ങുന്നതിനിടയിൽ മല്ലിക ടീച്ചർ പറഞ്ഞു .
ഒന്നും പറയേണ്ടിയിരുന്നില്ല…. . എന്തുകൊണ്ടും മാഷിന് ഞങ്ങളെക്കാൾ നല്ല ബന്ധം കിട്ടാൻ ഒരുപാടുമില്ല.നല്ല തറവാടും ചുറ്റുപാടും പിന്നേ കാണാനും കുഴപ്പമില്ല നല്ല സ്വഭാവം…. ശ്ശോ….മാഷിനെക്കുറിച്ചു ശ്രീക്കുട്ടിയോടും പറയേണ്ടിയിരുന്നില്ല. തല കുടഞ്ഞു കൊണ്ട് ടീച്ചർ ഓർത്തു.
തെല്ലു ജാള്യതയോടെ ശരത് സാറിന്റെ ക്ലാസ്സിന്റെ അരികിലൂടെ തന്റെ ക്ലാസ്സിലേക്ക് നടക്കുന്നതിനിടയിൽ സാറിന്റെ വിളികേട്ടു
“ഡോ….. എനിക്ക് സമ്മതമാണ്…..ശ്രീക്കുട്ടിക്കു ഒരു ചേട്ടനായിട്ടു ആ വീട്ടിലേക്കു വരുവാൻ “
പതിഞ്ഞ സ്വരത്തിൽ മാഷ് പറഞ്ഞത് പെരുമ്പറ കൊട്ടുമ്പോലെയാണ് മല്ലിക ടീച്ചറിെൻറ കാതിൽ വീണത്.
“വൈകിട്ട് നമുക്ക് ഒരുമിച്ചിറങ്ങാം…..”
അത് പറഞ്ഞു സാർ ക്ലാസ്സിലേക്ക് പോകുമ്പോൾ ചെറിയ നൊമ്പരം കലർന്ന ഒരു സന്തോഷം ടീച്ചറിന്റെ മുഖത്ത് മിന്നിമറയുന്നുണ്ടായിരുന്നു.
കാർമേഘം മൂടിക്കെട്ടിയ ഇടവഴിയിലൂടെ ഒരായിരം ചോദ്യങ്ങളുടെ മനസ്സുമായി മല്ലിക ടീച്ചർ ശരത് സാറിനു പിറകിലായി പതിയെ നടന്നു. സംസാരത്തിനു മറുപടി ഒന്നും കിട്ടാതായപ്പോൾ ശരത് നടത്തം നിർത്തി ഒരു പുഞ്ചിരിയോടെ ചോദിച്ചു.
“എന്താടോ താനിത്ര ആലോചിക്കുന്നത് ആ കുട നിവർത്തു…….മഴ പൊടിഞ്ഞു തുടങ്ങി…. അറിയുന്നില്ലേ ഇതൊന്നും….”
കുട നിവർത്തി ശരത്തിനു നേരെ നീട്ടുന്നതിനിടയിൽ ബുദ്ധിമുട്ടി മല്ലിക പറഞ്ഞു. “മാഷേ ഞങ്ങളുടെ വീട് തീരെ പഴയതാണ് കേട്ടോ…. അനിയത്തിമാരെ പഠിപ്പിച്ചും അവരുടെ ഓരോ കാര്യങ്ങൾ ചെയ്തും വന്നപ്പോൾ ഒന്നിനും സമയം കിട്ടിയില്ല. “
“ഡോ തനിക്കും വേണ്ടേ ഒരു ജീവിതം.”തന്റെ നേരെ നീട്ടിയ കുട വേണ്ടന്നു ആംഗ്യം കാണിച്ചു കൊണ്ട് ശരത്ത് ചോദിച്ചു.
“ദേ അതാണ് മാഷേ എന്റെ വീട് “മറുപടിയായി പാടവരമ്പിനപ്പുറത്തുള്ള വീട് ചൂണ്ടിക്കൊണ്ട് മല്ലിക പറഞ്ഞു. വീട് അടുത്തെത്താറായപ്പോൾ ശരത് പറഞ്ഞു
“ഒന്നു നിന്നെടോ എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്”
“എന്താ എന്താ മാഷേ…? “
“ശ്റീക്കുട്ടിക്കു ഒരു ഏട്ടനായിട്ട് ഞാൻ ഈ വീട്ടിലേക്കു വന്നൂടെ?
“തന്നോട് എനിക്ക് സഹതാപം കൊണ്ടൊന്നുമല്ല.ജീവിതത്തിൽ ഒരു കൂട്ടില്ലാത്തതിെൻറ വിഷമം അനുഭവപ്പെട്ടു തുടങ്ങി.തന്നോടു ഈ കാര്യം പറയണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു തനിക്കും വേണ്ടേടോ ഒരു ജീവിതം?”
“അപ്പുവേട്ടാ….. “
മറുപടിപോലെ അയല്പക്കത്തെ വീട്ടിലേക്കു നോക്കി മല്ലിക നീട്ടി വിളിച്ചു. വീട്ടിൽ നിന്നും വരുന്ന ചെറുപ്പക്കാരനെ നോക്കി മല്ലിക തുടർന്നു.
“ഇതാണെന്റെ അപ്പുവേട്ടൻ…. എന്റെ എല്ലാം….. അച്ഛൻ പോയതിൽ പിന്നെ ഞങ്ങൾക്കു താങ്ങും തണലും എന്റെ അനിയത്തിമാർക് ചേട്ടൻ….. രണ്ടു വീട്ടിലെ പ്രാരബ്ധങ്ങൾ ചുമക്കുന്നതിനിടയിൽ പഠനം മുടങ്ങി. എന്നാലെന്താ…. അപ്പുവേട്ടൻ നല്ലൊരു കൃഷിക്കാരനാണുകേട്ടോ…. “
ചുറ്റുമുള്ള കൃഷിയിടത്തിലേക്കു വിരൽ ചൂണ്ടി മല്ലിക അഭിമാനത്തോടെ പറഞ്ഞു.
“അപ്പുവേട്ടൻ ഇല്ലായിരുന്നെങ്കിൽ….. ഞങ്ങളുടെ അവസ്ഥ എന്താകുമെന്ന് പറയാൻ കഴിയില്ലായിരുന്നു. ഞാൻ പത്തിൽ പഠിക്കുമ്പോളാണ് അപ്പുവേട്ടനൊക്കെ ഞങ്ങളുടെ അയല്പക്കത്തു വന്നത്. എന്റെ പത്രമിടുന്ന ജോലി മാത്രമല്ല ഞങ്ങളുടെ കുടുംബം കൂടി അപ്പുവേട്ടൻ ഏറ്റെടുത്തു.
എന്റെ അനിയത്തിമാരുടെ കാര്യം കഴിഞ്ഞിട്ടെ എനിക്ക് അപ്പുവേട്ടന്റെ കൂടെ പറ്റു ഇല്ലങ്കിൽ വേറൊരുവിവാഹം കഴിച്ചോളാൻ ഞാന്‍ പലപ്പോളും പറഞ്ഞതാണ് പക്ഷേ….. എനിക്കു വേണ്ടി കാത്തിരിക്കുകയാണ് ആ പാവം.”
നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് മല്ലിക തങ്ങളുടെ നേരെ വരുന്ന അപ്പുവിന്റെ അടുത്തേക്ക് ഒരു കൊച്ചുകുട്ടിയെ പോലെ ഓടിച്ചെന്നു കൈകളിൽ പിടിച്ചുകൊണ്ടു വന്ന് ശരത് സാറിനെ പരിചയപ്പെടുത്തി.
“അപ്പുവേട്ടാ….. ഇതാണ് ഞാൻ പറയാറുള്ള മാഷ്”
ബഹുമാനത്തോടെ തന്നെ നോക്കി പുഞ്ചിരിക്കുന്ന അപ്പുവിനെ സ്നേഹത്തോടെ ശരത് കെട്ടിപ്പിടിക്കുമ്പോഴണു വീടിന്റെ ജനാലയിലൂടെ തന്നെ നോക്കി നിൽക്കുന്ന രണ്ടു സുന്ദരമായ മിഴികൾ ശരത് കണ്ടത്. കണ്ടന്നു മനസിലായപ്പോൾ ആ മിഴികൾ ഒന്നു പിടഞ്ഞു . ശ്രീക്കുട്ടിയുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ശരത് സാറിന്റെ ചുണ്ടിലേക്കു പടരുമ്പോൾ പെയ്യ്തൊഴിഞ്ഞ വാനം അവർക്കു മുകളിൽ മഴവില്ലുകൊണ്ടൊരു പന്തൽ വിരിച്ചു തുടങ്ങിയിരുന്നു……