ആണിനെ മോഹിപ്പിക്കുന്ന മിനുസമായ ശരീരമുള്ള ഒലിച്ചിറങ്ങുന്ന വിയർപ്പിനുപോലും മുല്ലപ്പൂവിന്റെ സുഗന്ധമുള്ള മിഹാ…

മിഹ ~ രചന: അഞ്ജലി മോഹൻ

“”മിഹാ അതൊക്കെ അഴിച്ചുവയ്ക്കാൻ വരട്ടേ ഇന്നൊരാള് കൂടെയുണ്ട്….”” തോളിൽ നിന്നും അഴിച്ചുമാറ്റിയ സാരിത്തുമ്പും കയ്യിൽ പിടിച്ചവൾ നിർവികാരതയോടെ മുന്നിൽ നിൽക്കുന്ന ചുമന്ന സാരിയുടുത്ത ചുണ്ടിൽ ചുമന്ന ചായം വാരിത്തേച്ച ആാാ തടിച്ചുരുണ്ട സ്ത്രീയെ നോക്കി…..

“”എനിക്കൊന്നുറങ്ങണം രഞ്ചുമ്മ മേലാകെ നുറുങ്ങുന്ന വേദനയാ കാലകത്താൻ വയ്യ….””

“””ഒരു പെയിൻകില്ലർ എടുത്തോ…. ഇത് നിന്നെമാത്രം തേടി വന്നയാളാണ് കുറെ കാശും തന്നു….. ചെല്ല് ചെന്ന് മുഖം കഴുകി സാരിയുടുത്ത് ഇരിക്ക് ഞാൻ ഇങ്ങോട്ട് പറഞ്ഞുവിടാം….”””” കണ്ണിൽ നിറയെ ദയയുള്ള വാക്കുകൾക്ക് ആജ്ഞയുടെ ഗാംഭീര്യം ഉള്ള സ്ത്രീ…. വേച്ചു വേച്ചു കുളിമുറിയിലേക്ക് നടക്കുമ്പോൾ ആ പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു…… തുടകൾക്കിടയിലൂടെ വെട്ടേറ്റ് ചോര ഒലിച്ചിറങ്ങുന്ന വേദനയും….. തിരികെ മുറിയിൽ വന്ന് സാരി വലിച്ചുചുറ്റി മുടിയിൽ പാതിവാടിയ മുല്ലപ്പൂവെടുത്തു ചാർത്തി….

മുറിയിലേക്ക് കടന്നുവന്ന മനുഷ്യൻ ജനലഴികളെ മറിച്ചിട്ട നേർത്ത മഞ്ഞ കർട്ടൻ നീക്കി പുറത്തെ ഇരുട്ടിലേക്ക് മിഴികൾ നാട്ടി നിൽക്കാൻ തുടങ്ങിയിട്ട് നിമിഷങ്ങളായി….. മാറിൽ നിന്നും സ്വയം ഇളക്കി നീക്കിയ സാരി അവള് പിടിച്ച് നേരെയിട്ടു……

“””എനിക്കൊന്നുറങ്ങണം.. സർ വന്നകാര്യം തീർത്തിട്ട് പോണം….””” ശബ്ദം അല്പം കടുത്തു…..

“””മിഹാ എപ്പോഴെങ്കിലും ഇരുട്ടിന്റെ ഭംഗി കണ്ടിട്ടുണ്ടോ….???””””

“””ഇയാള് ഇത് ചോദിക്കാനാണോ ഈൗ നേരംകെട്ട നേരത്ത് നോട്ടെണ്ണി കൊടുത്ത് മുറിക്കകത്തോട്ട് വന്നത്….??? ഇരുട്ടും കണ്ടിരിക്കാനാണേൽ വല്ല കടത്തിണ്ണയിലോ മറ്റൊ ഇരുന്നാൽ പോരെ വെറുതെ മനുഷ്യനെ മെനക്കെടുത്താൻ…..””” ഒരുപാട് പുരുഷന്മാരുടെ ക്രൂരമായ കാമകേളികൾക്ക് മുൻപിൽ കിടന്നതിന്റെ ദേഷ്യമുണ്ടായിരുന്നു അവളുടെ സ്വരത്തിൽ

“””പറ എപ്പോഴെങ്കിലും ഇരുട്ടിന്റെ ഭംഗി കണ്ടിട്ടുണ്ടോ…..???”””” അയാളുടെ ചോദ്യം അപ്പോഴും തീരെ നേർത്തതായിരുന്നു….

“””ഇരുട്ടിന്റെ ഭംഗിമാത്രേ ഞങ്ങള് കണ്ടിട്ടുള്ളൂ….. ഈൗ മുറി പകൽവെട്ടം പോലും കണ്ടിട്ടുണ്ടാവില്ല….. ഇയാളിപ്പോ തൂങ്ങി നിൽക്കുന്ന മരത്തിന്റെ ജനൽപൊളി പകൽ നേരത്ത് അടച്ചിടും…. പിന്നെ ഇരുട്ട് മാത്രം….. എപ്പഴും ഇരുട്ട് മാത്രം…..””” കിടക്കയിൽ ചുരുട്ടിവച്ച കാലിലേക്ക് മുഖം ചേർത്തുവച്ചവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…. അയാളൊന്നും മിണ്ടാതെ വീണ്ടും ഇരുട്ടിലേക്ക് മാത്രം നോക്കി നിന്നു…..

“””ഞാനല്പം ഉറങ്ങിക്കോട്ടെ….. സാർ വിളിച്ചാമതി…. കണ്ണ് മാളുന്നു….. ഇന്നൊട്ടും ഉറങ്ങാനായില്ല ഇന്നലെയും….””” തളർന്നു തുടങ്ങിയ വാക്കുകൾക്ക് മുൻപിൽ അയാള് സമ്മതമെന്നോണം ഒന്ന് മൂളി…. ഉറക്കത്തിലേക്ക് വഴുതി വീഴും മുൻപ് ചുറ്റിപിണഞ്ഞ അയാളുടെ കൈകളുടെ ചൂടറിഞ്ഞു…. കണ്ണ് പാതി തുറന്നവൾ എണ്ണിവാങ്ങിയ കാശിന് പണിചെയ്യാനായി അയാൾക്കുമുൻപിൽ തിരിഞ്ഞു കിടന്നു….

“””ഉറങ്ങിക്കോളൂ തനിക്കൊട്ടും വയ്യല്ലോ….””” ആ പെണ്ണിന്റെ നെറ്റിയിലേക്ക് പാറിവീണ കുഞ്ഞുമുടിയിഴകൾ വകഞ്ഞുമാറ്റിക്കൊണ്ടയാൾ പിരികക്കൊടികൾക്കിടയിൽ ചുണ്ടുകളമർത്തി…. ആദ്യമായ് ആണൊരുത്തൻ സ്നേഹത്തോടെ കാമത്തിന്റെ ഒരു തരിമ്പുപോലുമില്ലാതെ ചുംബിച്ചതിന്റെ ഞെട്ടൽ അവളിൽ ഉണ്ടായെങ്കിലും തളർച്ച അവളുടെ കണ്ണുകളെ പൂർണമായും മൂടിക്കഴിഞ്ഞിരുന്നു….. തുടയിടുക്കിൽ വീണ്ടും വേദന തോന്നിത്തുടങ്ങിയപ്പോഴാണ് കണ്ണുകൾ തുറന്നത്…. കഴിഞ്ഞരാത്രി അയാൾ തുറന്നിട്ട ജനൽപാളിക്കിടയിലൂടെ ആദ്യമായ് ആാാ മുറിക്കകത്തേക്ക് വെളിച്ചം കയറി…. അരികിലയാൾ കുഞ്ഞുങ്ങളെപോലെ ചുരുണ്ട് കിടന്നുറങ്ങുന്നുണ്ടായിരുന്നു….. രാവിലത്തെ കുളിയും അവളുടെ മുറിക്കുള്ളിൽ കഴിഞ്ഞിട്ടാണ് അയാളവിടെ നിന്ന് ഇറങ്ങിയത്…… പോകുമ്പോ വെറുതെ ആ പെണ്ണിന്റെ കണ്ണുകളിൽ നോക്കിയൊന്ന് ചിരിക്കാനും മറന്നില്ല….

“””മിഹാ ചെന്ന് ഒരുങ്ങ്…. കുറെ കാശ് എണ്ണി വാങ്ങിയതുകൊണ്ടാ ഞാൻ വിളിക്കാൻ വരാതിരുന്നത്….””” രഞ്ചുമ്മയുടെ കടുത്ത സ്വരത്തിനൊപ്പം പ്രായം ചെന്ന ഒരാൾ മുറിക്കുള്ളിലേക്ക് കടന്നുചെന്നു…… വീണ്ടുമാ മുറി ഇരുട്ടിലായി……
അന്നും രാത്രിയിരുട്ടിൽ വീണ്ടും അയാൾ വന്നു….. പിന്നെയും ജനലഴിവഴി പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു….

ഈ ജനലോരത്ത് നിന്ന് ഇരുട്ട് കാണാൻ അത്രയ്ക്ക് ഇഷ്ടാണോ ‘ഇയാൾക്ക്’….???

“”വൈത്തി…. വൈദ്യനാഥൻ…”” തിരിഞ്ഞയാൾ ആ പെണ്ണിന്റെ മുഖത്തു നോക്കി പറഞ്ഞു…..

“”വൈത്തി…”” ഒന്ന് രണ്ടുവട്ടം ആ പേര് അവളുടെ ചുണ്ടുകൾ ഉരുവിട്ടു….

“””ഒരുപാട് കേട്ടു ചുവന്ന തെരുവിലെ ആണിനെ മോഹിപ്പിക്കുന്ന മിഹായെ കുറിച്ച്….. അപ്പൊ എനിക്കും ഒരു മോഹം ഈ മിഹായെ ഒന്ന് കാണാൻ….””””

“””അവരാരും പറഞ്ഞത് മിഹായുടെ മുഖത്തെ സൗന്ദര്യത്തെ കുറിച്ചല്ല ദേ ഈ സാരിയും മാറിടത്തെ പൊതിഞ്ഞുവച്ച ബ്ലൗസും ഒക്കെ അഴിഞ്ഞുലഞ്ഞ് വീണ് കഴിഞ്ഞാൽ ഒരു മിഹായുണ്ട്…. ആണിനെ മോഹിപ്പിക്കുന്ന മിനുസമായ ശരീരമുള്ള ഒലിച്ചിറങ്ങുന്ന വിയർപ്പിനുപോലും മുല്ലപ്പൂവിന്റെ സുഗന്ധമുള്ള മിഹാ…..””” അവളൊന്ന് വശ്യമായി ചിരിച്ചു….

“””മിഹായ്ക്ക് ഉറക്കം വരുന്നില്ലേ…. ചെല്ല് ഈ സാരിയൊക്കെ മാറ്റി കുളിച്ചു വായോ…. എനിക്കും ഒന്ന് കിടക്കണം…..””” അവളുറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു……

“””വൈത്തി എന്നെ കെട്ടിപിടിച്ചുറങ്ങാൻ വന്നതാണോ…. അതിനാണോ കാശെണ്ണി തന്നത്….??””” ചിരി അടക്കിപിടിച്ചവൾ എങ്ങനെയോ ചോദിച്ചു….

“തനിക്ക് ഉറങ്ങാൻ ഇഷ്ടമില്ലേ…???” വരിഞ്ഞുപുണർന്നു കിടന്ന അയാളെ അവള് കൗതുകത്തോടെ നോക്കി…., “””ഉറക്കം വരുന്നില്ലേൽ മുടിയിലൂടെ അല്പനേരമൊന്ന് വിരലോടിക്കാമോ….??””” കുഞ്ഞുങ്ങളെ പോലെ ചോദിക്കുന്നത് കേട്ടവൾ അയാളുടെ മുടിയിഴകളിലൂടെ തലോടി….. അയാള് ഉറക്കത്തിലേക്ക് വഴുതിവീണു പോകുന്നത് നേർത്തചിരിയോടെ കണ്ടാസ്വദിച്ചു…. ഇരുട്ടിൽ എപ്പോഴോ ഉണർന്നപ്പോഴാണ് മേശപ്പുറത്തെ കുഞ്ഞ് വിളക്കിലെ തിരി ഉയർത്തിവച്ച് എന്തൊക്കെയോ കുത്തികുറിയ്ക്കുന്ന അയാളെ കണ്ടത്….

“‘”എഴുത്തുകാരനാണോ…..???””” പിന്നിൽ ചെന്ന് നിന്ന് ചോദിച്ചു…..

“”മ്മ്ഹ്… എന്തെ അങ്ങനെ തോന്നുന്നില്ലേ….??””കുസൃതി നിറഞ്ഞ അയാളുടെ മറുചോദ്യം കേട്ട് അവളടിമുടി അയാളെയൊന്ന് നോക്കി…. നീണ്ടു വലിയ കുർത്തയോ എഴുത്തുകാരെപോലെ കഴുത്തോളം നീളമുള്ള താടിയോ ഒന്നും അയാൾക്കില്ലായിരുന്നു….. തന്നെത്തന്നെ നോക്കിയിരിക്കുന്നു അയാളെനോക്കിയവൾ ചുമലുകൂച്ചി ഇല്ലെന്ന് മൂളി….. ഏറെനേരം അയാള് എഴുതുന്നതും നോക്കിയിരുന്ന് എപ്പോഴോ കണ്ണുകളിൽ ഇരുട്ടുവീണു…..
പകലിൽ മുറിയിൽ നിന്നും ഇറങ്ങാൻ നേരം അയാളാ പെണ്ണിനെ ചേർത്തുപിടിച്ച് നെറ്റിയിൽ ചുംബിച്ചു….. അത്ഭുതം കൂറി ആ പെണ്ണിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നിരുന്നു….

പിന്നീടെന്നും രാത്രി അയാൾക്കുള്ളതായിരുന്നു…. അയാൾക്കുവേണ്ടിമാത്രം മറ്റൊരുവന്റെയും കണ്ണിൽപ്പെടാതെ ആ പെണ്ണ് ഒളിച്ചുനിൽക്കുമായിരുന്നു….. അയാളുള്ള രാത്രികളിൽ മാത്രമവൾ വേദനകളില്ലാതെ ഉറങ്ങുമായിരുന്നു…. അയാളെന്നും രാവിലെ എഴുന്നേറ്റ് പോകുമ്പോൾ കണ്ണുകൾ കൊണ്ടവൾ അയാളെ യാത്രയാക്കും…. രാത്രിയിൽ അയാള് വരുമ്പോൾ ഓടിചെന്നയാളെ വാരിപുണരും….. ഇരുട്ടിൽ കത്തിയെരിയുന്ന വിളക്കിന്റെ വെളിച്ചത്തിൽ അയാളിരുന്ന് കുത്തികുറിക്കുമ്പോൾ പിന്നിലൂടെ ചെന്ന് നിന്ന് കഴുത്തിലൂടവൾ വട്ടം ചുറ്റിപിടിക്കും…. ഈൗ ദിവസങ്ങളിൽ എപ്പോഴൊക്കെയോ അവള് ചില ഇംഗ്ലീഷ് വാക്കുകളും പഠിച്ചു….. ഇടയ്ക്കിടെ ആ വാക്കുകൾ അയാളുടെ നേർക്ക് തന്നെ കുറുമ്പോടെ പ്രയോഗിക്കുകയും ചെയ്യും….

“””മിഹായ്ക്ക് അക്ഷരങ്ങൾ പഠിക്കണോ….???”””

“””വൈത്തി ന്നെ പഠിപ്പിക്കുവോ….???””” കൂരിരുട്ടിൽ തുറന്നിട്ട ഒറ്റ ജനല്പാളിയിലൂടെ കടന്നുവരുന്ന നിലാവെളിച്ചത്തിൽ അയാളുടെ നെഞ്ചിൽ നിന്നും തലയുയർത്തി നോക്കിയായിരുന്നു ചോദ്യം….. “മ്മ്ഹ്ഹ്” എന്ന് മൂളലോടെ സമ്മതം അറിയിച്ചതും ചാടിയെഴുന്നേറ്റവൾ വിളക്കിന്റെ തിരി കൂട്ടിവച്ചു….. ഉയർന്നുകത്തുന്ന നാളത്തിന്റെ മഞ്ഞവെളിച്ചത്തിൽ പിന്നീടങ്ങോട്ട് അയാളവൾക്ക് അക്ഷരങ്ങൾ എഴുതാനും വാക്കുകൾ കൂട്ടിവായിക്കാനും പഠിപ്പിച്ചുകൊടുത്തു…..ശേഷമുള്ള രാത്രികളിൽ അയാളുടെ നെഞ്ചിലേക്ക് പറ്റിച്ചേർന്നിരുന്ന് അയാൾ കൊണ്ടുവന്ന മലയാളം പുസ്തകങ്ങൾ അയാൾക്കായവൾ വായിച്ചുകൊടുക്കുമായിരുന്നു…..

അയാൾ ഏതെങ്കിലും ദിവസം വരാതിരുന്നാൽ പിറ്റേന്നതിന്റെ പരിഭവം പറിച്ചിലും പിണങ്ങിത്തിരിഞ്ഞ് മാറി കിടക്കലും തുടങ്ങി പുതുതായുള്ള കാഴ്ചകൾ ആ നാലുചുവരുകൾ ആദ്യമായ് കണ്ടുതുടങ്ങി…… കയ്യിലുള്ള എണ്ണപലഹാരപ്പൊതി നീട്ടിപിടിച്ച് കാതിലയാൾ അടക്കം പറയുന്നത് വരെ ആയുസ്സുള്ളൊരു കുഞ്ഞു പിണക്കം…..

എന്നുമെന്നും അയാൾക്കുള്ളതായിരുന്നു… അയാൾക്ക് മാത്രം…..അയാളയാളുടെ നാടിനെകുറിച്ചും വീടിനെകുറിച്ചും വീട്ടിലെ അമ്പാടിപശുക്കളെക്കുറിച്ചും വീടിനുമുൻപിലെ നെല്പാടത്തെ കുറിച്ചും വാതോരാതെ പറയുന്നത് അവൾ ആ നെഞ്ചിൽ ചേർന്ന് കിടന്ന് കൗതുകത്തോടെ കേൾക്കും….. എന്നെങ്കിലും ഒരിക്കൽ “”താൻ ഒപ്പം വരുന്നോ”” എന്ന് അയാൾ ചോദിച്ചുകേൾക്കാനായി അവളെപ്പോഴൊക്കെയോ കൊതിച്ചു തുടങ്ങി….. തനിക്കയാളോട് പ്രണയമാണെന്ന് അയാളെകുറിച്ചോർക്കുമ്പോൾ മനസ്സിനെ വന്ന് പൊതിഞ്ഞുമൂടുന്ന സന്തോഷത്തിലൂടെ ആ പെണ്ണ് മനസിലാക്കി…..

“”മിഹാ ഞാൻ നാട്ടിലേക്ക്‌ അടുത്താഴ്ച മടങ്ങും…..”” അയാളുടെ കുളികഴിഞ്ഞ നനവാർന്ന മുടി സാരിത്തുമ്പ് കൊണ്ട് തുവർത്തി കൊടുക്കുകയായിരുന്നു അവളപ്പോൾ….. കൈകൾ അൽപനേരം നിശ്ചലമായി നിന്നു….. കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു….

“”മിഹാ കേട്ടില്ലേ….”” അയാൾ വയറിലൂടെ ചുറ്റിപിടിച്ചപ്പോൾ അലസമായി അവളൊന്ന് മൂളി…. വീണ്ടും വേഗതയിൽ മുടി തുവർത്തി കൊടുത്തു…..അന്ന് രാത്രി ഉറങ്ങിയില്ല പുലരും വരെ അയാള് തന്നെയും ഒപ്പം വിളിക്കുമെന്ന് കരുതി കാത്തിരിപ്പായിരുന്നു……കാലത്ത് അയാളിറങ്ങുമ്പോൾ പതിവ് തെറ്റാതെ ചേർത്തുപിടിക്കയും മുത്തം വയ്ക്കയും ചെയ്തപ്പോൾ അവളിൽ തീർത്തും നിർവികാരതയായിരുന്നു…..

“””വേണ്ടാത്ത മോഹങ്ങൾ ഉള്ളില് കൊണ്ട് നടക്കേണ്ട മിഹാ…. ഓരോ ദിവസവും എണ്ണമറ്റ പുരുഷന്മാർക്കൊപ്പം കിടക്കുന്നവരായ നമ്മളെയൊന്നും ആരും ഒപ്പം കൂട്ടില്ല….. അല്ലെങ്കിൽ തന്നെ പ്രേമിക്കാനും കൂടെക്കൂട്ടാനും വേറെ പെണ്ണുങ്ങളില്ലാഞ്ഞിട്ടാണോ നമ്മളെപ്പോലെ ശരീരം വിറ്റ് നടക്കുന്നവരെ…….”””” ഉള്ളിലെ നോവ് രഞ്ചുമ്മയുടെ മടിത്തട്ടിലേക്ക് ഇറ്റുവീണ് കഴിഞ്ഞപ്പോഴേക്കും താൻ എങ്ങനെയുള്ളവളാണെന്നുള്ള ബോധ്യം, തനിക്കൊരിക്കലും സാധാരണ സ്ത്രീയെപ്പോലെ ഒരു പുരുഷന്റെ മാത്രം സ്നേഹത്തിൽ അവന്റെ കരലാളനത്തിൽ അവനുണ്ടെന്നുള്ള ധൈര്യത്തിൽ ഉറങ്ങാനാവില്ലെന്നുള്ള സത്യം ആാാ പെൺകുട്ടി ഉൾക്കൊണ്ട്‌ കഴിഞ്ഞിരുന്നു…..

അന്ന് രാത്രി വീണ്ടും അതുവരെ ഉപേക്ഷിച്ചിരുന്ന ചുമന്ന പട്ടുസാരിയും കുങ്കുമം കൊണ്ടുള്ള വലിയ വട്ട പൊട്ടും ചുണ്ടിൽ ചുമന്നചായവും മുടിയിൽ കുത്തിപറിക്കുന്ന സുഗന്ധമുള്ള ഉണ്ട മുല്ലപ്പൂവും അവളണിഞ്ഞു….അന്നയാൾ കയറി വന്നപ്പോൾ അവളയാളെ വാരിപുണരാനോ വൈകിവന്നതിൽ പരിഭവിക്കാനോ നിന്നില്ല…..അയാളരികിൽ വന്നിരുന്ന് മടിയിലേക്ക് പലഹാരപ്പൊതി വച്ചുകൊടുക്കുന്നതിനൊപ്പം മുടിയിൽ കോർത്തിട്ട അവളുടെ ഉണ്ടമുല്ലപ്പൂ പൊട്ടിച്ചെടുത്ത് മുറിക്ക് മൂലയിലേക്ക് വലിച്ചെറിഞ്ഞു….. പിടിച്ചുവച്ചിരുന്ന നോവ് ഏങ്ങലുകളായി പുറത്തോട്ട് വന്നുകൊണ്ടിരുന്നു……

“””മിഹാ രണ്ടുമഴ നനഞ്ഞാൽ വിരിഞ്ഞ റോസാപ്പൂവിന് ഒരു മണമുണ്ടാവും…. മനുഷ്യന്റെ തലച്ചോറിനെ മത്തുപിടിപ്പിക്കുന്ന ഒരുമണം….. അതാ നിനക്ക്….””” പതിഞ്ഞ സ്വരത്തിലുള്ള അയാളുടെ പ്രണയം കേട്ട് ഉച്ചത്തിൽ കരഞ്ഞുതീർത്ത് അവളയാളെ ഇറുകെ പുണർന്നു…..

“”രഞ്ചുമ്മയോട് പറഞ്ഞിട്ടുണ്ട് വൈത്തി ഈ മിഹായെ കൊണ്ടുപോവുവാണെന്ന്…. നിന്നെക്കുറിച്ച് ഒന്നും അറിയേണ്ടെനിക്ക്…. എനിക്കായി മാത്രം മറ്റുള്ളവന്റെ മുന്നിൽ നിന്നും ഒളിച്ചുമാറി നിന്ന ഒരുപെണ്ണുണ്ട്….. എന്നോട് പരിഭവിക്കുന്ന, പിണങ്ങി നിൽക്കുന്ന, എന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ഒരുത്തി….. ഞാനൊന്ന് വിളിച്ചാൽ എനിക്കൊപ്പം ഏഴുജന്മങ്ങളും കഴിഞ്ഞോളാൻ തയ്യാറായുള്ളവൾ….. അമ്മയ്‌ക്കെഴുതിയിട്ടുണ്ട് ഞാൻ റോസാപ്പൂവിന്റെ നൈർമല്യമുള്ള ഈൗ മിഹായെക്കുറിച്ച്….. എല്ലാമല്ല നീയെന്റെ ആരൊക്കെയോ ആയിക്കഴിഞ്ഞെന്ന്…..”””വിയർപ്പിൽ കുതിർന്ന് അയാളോട് ഒട്ടിച്ചേർന്നു കിടക്കുമ്പോൾ മനസിലെ അഗ്നി കെട്ടടങ്ങി മഞ്ഞുരുകി വീഴുന്ന കുളിരുണ്ടായിരുന്നു അവളിൽ…..

ആനവണ്ടിക്കുള്ളിൽ അയാളുടെ തോളിൽ ചാഞ്ഞ് കിടന്ന് ചുവന്നതെരുവിൽ നിന്നും ഒറ്റപ്പാലത്തേക്കുള്ള യാത്രയിൽ അയാളാ പെണ്ണിന്റെ കൈവിരലുകളെ ചുറ്റിപിണഞ്ഞ് പ്രണയിക്കുന്നുണ്ടായിരുന്നു…….

അവസാനിച്ചു….