എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 29, രചന: റിൻസി പ്രിൻസ്

ഫോൺ കട്ട്‌ ആയത് പോലും പല്ലവി അറിഞ്ഞില്ല, താൻ കേട്ടത് സത്യം ആകല്ലേ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു, അറിയാതെ മിഴികൾ നിറഞ്ഞു പോയി, ഈ ഒരു സാഹചര്യം ആയതുകൊണ്ട് നിവിനെ വിളിച്ചു കാര്യം തിരക്കാൻ അവളുടെ മനസ്സ് അനുവദിച്ചില്ല,എങ്കിലും അവൾക്ക് അച്ഛന്റെ സ്വരം കേൾക്കാൻ ആഗ്രഹം തോന്നി,അവൾ ഫോൺ എടുത്തു വിളിച്ചു,

“ഹലോ അച്ഛാ,

“മോളെ ഞാൻ ന്യൂസ്‌ കാണുവാരുന്നു, നീ കണ്ടില്ലേ,

“മ്മ് കണ്ടു

“എന്താ മോളെ ഇതൊക്കെ മാത്യൂസ് അങ്ങനെ ചെയ്യുമോ?

“ഇത് ആരോ ചതിച്ചത് ആകും അച്ഛാ,

“ആരെയും ദ്രോഹിക്കാത്ത അയാളെ ആര് ചതിക്കാൻ ആണ്,

“നമ്മൾ പുറമെ കാണുംപോലെ അല്ലല്ലോ അച്ഛാ ആളുകൾ,

“മോൾ നിവിനെ വിളിച്ചോ

“മ്മ് നിവിൻ ജാമ്യം എടുക്കാൻ നടക്കുവാ,

“മ്മ്മ്, ഞാൻ അങ്ങോട്ട് വരണോ മോളെ,

“വേണ്ട പപ്പാ ചിലപ്പോൾ ഞാൻ അങ്ങോട്ട്‌ വരും,

“എന്താ പെട്ടന്ന്,

“ഒന്നുമില്ല, ഞാൻ പിന്നെ വിളിക്കാം,

ഇനി അധികം സംസാരിച്ചാൽ താൻ കരഞ്ഞുപോകും എന്ന് തോന്നിയത് കൊണ്ട് അവൾ ഫോൺ കട്ട്‌ ചെയ്തു,കുറേ നേരം ചിന്തകളിൽ ഇരുന്നു,

“നമ്മുടെ ബാങ്ക് മാനേജറിന്റെ ഭാര്യ ആണ്, ഇന്നലെ ആണ് സംഭവം,

“എങ്കിലും സമ്മതിക്കണം ഇവള്ടെ ഒക്കെ ധൈര്യം ആ കൊച്ചിനെ പോലും ഓർത്തില്ല, ഒരു പെൺകൊച്ചു അല്ലേ

ആളുകൾ അടക്കം പറഞ്ഞു, അതിന്റെ അർത്ഥം ഒന്നും മനസിലാക്കാൻ അന്ന് അവൾക്ക് കഴിഞ്ഞില്ല, അമ്മ വീട്ടിൽ ഇല്ല എന്ന് മാത്രം മനസിലായി, എവിടെ പോയെന്നു അറിയില്ല, ലക്ഷ്മി ആന്റി ചേർത്ത് പിടിച്ചു ഇരിക്കുന്നു, അമ്മയെ കാണണം എന്ന് ചെന്ന് അച്ഛനോട് പറഞ്ഞു,

“അമ്മ ഇനി വരില്ല മോളെ, മോൾക്ക് ഇനി അച്ഛൻ മാത്രേ ഉള്ളു, അച്ഛൻ പറയുംപോലെ ഒക്കെ കേൾക്കണം നല്ല കുട്ടി ആയി ഇരുന്നു,

അച്ഛൻ അത്‌ പറഞ്ഞപ്പോൾ അനുസരണയോടെ തലയാട്ടി, അച്ഛമ്മ എന്തൊക്കെയോ പറഞ്ഞു കരഞ്ഞു, അമ്മയുടെ വീട്ടിൽ നിന്ന് എല്ലാരും വന്നിട്ടുണ്ട്, കൊച്ചച്ചൻ അവരെ എന്തൊക്കെയോ പറഞ്ഞു ശകരിക്കുന്നുണ്ട്, അവർ തല താഴ്ത്തി കുറ്റവാളികളെ പോലെ നില്പുണ്ട്, അന്ന് നടന്നത് എന്താണ് എന്ന് ഒന്നും മനസിലായി,അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്തോ പറഞ്ഞു വഴക്ക് കൂടുമ്പോൾ ആണ് ഒരു കൂട്ടുകാരി ആദ്യം അത്‌ പറഞ്ഞു കളിയാക്കിയത്,

“നിന്റെ അമ്മ ഒളിച്ചോടിപോയതല്ലേ,

അന്ന് കുറേ കരഞ്ഞു, അത്‌ അച്ഛനും സങ്കടം ആയി, അതുകൊണ്ട് തന്നെ അച്ഛൻ സ്ഥലമാറ്റത്തിനു ശ്രെമിച്ചു, പിന്നീട് കോഴിക്കോട്, അവിടെ ആർക്കും തങ്ങളെ അറിയില്ല, അതുകൊണ്ട് തന്നെ എല്ലാം പതിയെ മറക്കാൻ കഴിഞ്ഞു, ബാല്യത്തിൽ അത്‌ എളുപ്പം ആണല്ലോ, പക്ഷെ ഒരിക്കൽ അമ്മ വന്നു, സ്കൂളിൽ കാണാൻ ആയി, ഒപ്പം വരുന്നോന്ന് തിരക്കാൻ, അന്ന് ആ കൈയ് തട്ടി മാറ്റി താൻ ഓടി, എനിക്ക് ഇഷ്ടം എന്റെ അച്ഛനെ മതി എന്ന് പറഞ്ഞു, പിന്നീട് ഇതുവരെ കണ്ടിട്ടില്ല അമ്മയെ,

അവൾ ഓർമകളിൽ നെടുവീർപ്പുട്ടു.

********************

കുറേ വൈകി ആണ് നിവിനും ഡേവിഡും തിരികെ എത്തിയത്, നിവിൻ നല്ല ക്ഷീണിച്ച അവസ്ഥയിൽ ആരുന്നു, കതക് തുറന്ന നിതയുടെ മുഖം കരഞ്ഞു വീർത്തു ഇരുന്നു,

“ഞാൻ വിളിച്ചപ്പോൾ നിന്റെ ഫോൺ സ്വിച്ച് ഓഫ് ആരുന്നല്ലോ

“എന്റെ മാത്രം അല്ല എല്ലാരുടേം ഫോൺ ഓഫ്‌ ആണ്, ഓരോന്ന് ചോദിക്കാൻ ആളുകൾ തുടരെ തുടരെ വിളിക്കുവാ

“മ്മ്

അവൻ അലസമായി ഒന്ന് മൂളി,

“അമ്മച്ചി വല്ലോം കഴിച്ചോ

“ഇല്ല അപ്പോൾ കിടന്ന കിടപ്പാണ്,

നിവിൻ വേഗം ട്രീസയുടെ മുറിയിലേക്ക് പോയി,ഡേവിഡ് കൈയ്യിൽ കരുതിയ ഭക്ഷണം നിതയുടെ കയ്യിൽ കൊടുത്തു,

“അപ്പ എന്ത് പറഞ്ഞു അങ്കിൾ,

“എന്റെ ഇച്ചായൻ തകർന്നു പോയി മോളെ

അയാൾ വേദനയോടെ പറഞ്ഞു.

“അമ്മച്ചി എന്തൊരു കിടപ്പാ ഇത്

നിവിൻ വിളിച്ചതും ട്രീസ എഴുനേറ്റു ഇരുന്നു,

“എന്തായി നീ പോയിട്ട്

“ജാമ്യം കിട്ടിയില്ല,

അവരുടെ മുഖം മങ്ങുന്നത് അവൻ കണ്ടു,

“നാളെ കോടതിയിൽ നിന്ന് ജാമ്യം എടുക്കാം അമ്മച്ചി,അമ്മച്ചി വല്ലോം കഴിക്ക്, അസുഖം വരുത്താതെ,

“എനിക്ക് വേണ്ട മോനേ,

നിവിന്റെ ഫോൺ ബെൽ അടിച്ചു,നോക്കിയപ്പോൾ മോഹൻ ആണ് അവൻ ഫോൺ എടുത്തു,

“ഹലോ അങ്കിൾ,

“മോനേ എന്തായി, തിരക്കിൽ ആകും എന്ന് കരുതിയ വിളിക്കാഞ്ഞത്,

“സാരമില്ല അങ്കിൾ, ജാമ്യം കിട്ടിയില്ല,

“മോൻ വിഷമിക്കണ്ട, മാത്യുസിന് ജാമ്യം കിട്ടും,മോൻ തളർന്നു പോകരുത്, അമ്മയ്ക്കും പെങ്ങന്മാർക്കും ധൈര്യം കൊടുക്കണ്ടത് മോൻ ആണ്,

“അറിയാം അങ്കിൾ പക്ഷെ….

“എനിക്ക് അറിയാം നിവിൻ, പക്ഷെ തളർന്നു പോകരുത്,

“ഇല്ല അങ്കിൾ,

ഫോൺ കട്ട് ചെയ്ത അവൻ ട്രീസയെയും പെങ്ങന്മാരെയും ലീന ആന്റിയെയും നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു, ഡേവിഡ് അങ്കിൾ വേണ്ടന്ന് പറഞ്ഞു കിടന്നു, റൂമിൽ ചെന്നതും ഫോൺ എടുത്തു പല്ലവിയെ വിളിച്ചു, കുറേ നേരങ്ങൾക്ക് ശേഷം ആണ് ഫോൺ എടുക്കപ്പെട്ടത്,

“ഹലോ

ചിലമ്പിച്ച് അവളുടെ സ്വരം കേട്ടപ്പോൾ അവന് എന്തോ പന്തികേട് തോന്നി,

“എന്തുപറ്റി നിനക്ക്

തന്റെ ശബ്ദം മാറിയപ്പോൾ തന്നെ അവൻ അത്‌ അറിഞ്ഞു, അവൾക്ക് അദ്ഭൂത തോന്നി,

“ഹേയ് ഒന്നുമില്ല,

“നിന്റെ സ്വരം വല്ലാതെ,

“ജലദോഷം ഉള്ളോണ്ട് ആണ്, പിന്നെ വിഷ്ണു ചേട്ടൻ എന്നേ വിളിച്ചിരുന്നു, നിവിനെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു,

“ഞാൻ സ്റ്റേഷനിൽ ആരുന്നു, തിരിച്ചു വിളിച്ചോളാം

“എന്തായി നിവിൻ,

“ജാമ്യം കിട്ടിയില്ല, നാളെ കോടതിയിൽ ഹാജർ ആകും, അപ്പോൾ നോക്കാൻ

അത്‌ പറയുമ്പോൾ അവന്റെ തൊണ്ട ഇടാറി,

“നിവിൻ, നീ ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ ആയാലോ

“എനിക്ക് ഇനിയും പിടിച്ചു നില്കാൻ കഴിയും എന്ന് തോന്നുന്നില്ല മാതു, അമ്മച്ചിയുടെ മുഖത്തേക്ക് നോക്കാൻ പറ്റുന്നില്ല, പിന്നെ പോലീസ് സ്റ്റേഷനിൽ നിസഹായനായി നിൽക്കുന്ന എന്റെ അപ്പ, കൊലയാളികളും കള്ളന്മാരും ഉറങ്ങുന്ന സെല്ലിൽ ഇന്ന് എന്റെ അപ്പ, എനിക്ക് ആലോചിക്കാൻ വയ്യ,

തന്റെ ഉള്ളിൽ നിറഞ്ഞ സങ്കടം മുഴുവൻ അവൻ അവളോട് പങ്കുവച്ചു, അവനെ ഒന്ന് ചേർത്ത് പിടിക്കാൻ അവൾ അതിയായി ആഗ്രഹിച്ചു,

“വിഷമിക്കല്ലേ നിവിൻ, നീ വിഷമിച്ചാൽ ജയിക്കുന്നത് നമ്മളെ തോൽപ്പിക്കാൻ ശ്രേമിച്ചവർ ആയിരിക്കും, നിവിനെ തളർത്തണം എന്ന് തന്നെ ആയിരിക്കും അവർ ആഗ്രഹിക്കുന്നത് , അത്‌ തന്നെ നിവിൻ ചെയ്യരുത്,നീ വല്ലതും കഴിച്ചോ നിവിൻ,

“എനിക്ക് എങ്ങനെ വല്ലോം ഇറങ്ങും മാതു,

ഡോറിൽ ആരോ കോട്ടുന്നത് കേട്ട് നിവിൻ വാതിൽ തുറന്നു, മുന്നിൽ നിൽക്കുന്ന നീനയെ കണ്ട് അവൻ ഫോണിൽ പറഞ്ഞു,

“ഞാൻ തിരിച്ചു വിളിക്കാം മാതു

“ശരി നിവിൻ,

ഫോൺ കട്ട്‌ ചെയ്തതും നീന ദേഷ്യം കൊണ്ട് ചുവന്ന മുഖത്തോടെ അവനെ നോക്കി,

“ഇത്ര ഒക്കെ സംഭവിച്ചു കഴിഞ്ഞിട്ടും ചേട്ടായിക്ക് വലുത് ഈ പ്രേമം ആണ് അല്ലേ, എല്ലാത്തിനും കാരണം ഇതാണ്, അത്‌ കാരണം നമ്മുടെ അപ്പ വരെ ജയിലിൽ ആയി, എന്നിട്ടും ഒരു ഉളുപ്പും ഇല്ലാതെ അവളോട് സല്ലാപിച്ചു കൊണ്ടിരിക്കുന്നു, കഷ്ടം തന്നെ,

അവൾ പറഞ്ഞു. നിവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു,

“നിനക്ക് എന്താടി, കുറേ ആയി നീ എന്നെ ചൊറിയാൻ വരുന്നു, ഞാൻ ആരെ വിളിക്കണം ആരെ വിളിക്കണ്ട എന്നൊക്കെ തീരുമാനിക്കാൻ നിന്നെ ഞാൻ ഏല്പിച്ചു വച്ചിട്ടുണ്ടോ?പിന്നെ ഞാൻ ആരെ കെട്ടണം എന്ന് ഞാൻ തീരുമാനിക്കും, നീ പഠിപ്പിച്ചു തരേണ്ട, ഞാൻ നിന്റെ ചേട്ടൻ ആണ് നീ എന്റെ ചേച്ചി ആകണ്ട,

നിവിൻ അങ്ങനെ പറഞ്ഞപ്പോൾ നീന വല്ലാതെ ആയി പോയി.

“താഴെ വിഷ്ണുവേട്ടന് വന്ന് നില്പുണ്ട്

“നീ പൊക്കോ ഞാൻ വന്നോളാം,

അവൾ താഴേക്ക് പോയി, ഒപ്പം നിവിനും,താഴെ വിഷ്ണുവിനു ഒപ്പം അനൂപും ഉണ്ടാരുന്നു,വിഷ്ണു ഓടി വന്നു നിവിനെ കെട്ടിപിടിച്ചു,

“എന്തായി നിവിൻ

അനൂപ് ചോദിച്ചു.

“നോ ഹോപ്പ് അനൂപ്,

“നീ എന്താടാ ഒന്ന് വിളിച്ചു പറയാഞ്ഞത്,

വിഷ്ണു ചോദിച്ചു,

“എന്റെ മാനസികാവസ്ഥ അതല്ലാരുന്നുഡാ,

“നമ്മൾ എങ്ങനെ ആണേലും അങ്കിളിനെ ഇറക്കും ഡാ

വിഷ്ണു പറഞ്ഞു,

നിവിന് ആശ്വാസം തോന്നി, ചേർത്ത് പിടിക്കാൻ നിങ്ങളെ പോലെ കുറച്ചു പേര് എങ്കിലും ഉള്ളപ്പോൾ ഞാൻ തളർന്നുപോകില്ല, അവൻ മനസ്സിൽ ഉറപ്പിച്ചു,

“നീ വല്ലോം കഴിച്ചോ

വിഷ്ണു തിരക്കി

നിവിന്റെ മൗനം കണ്ടപ്പോൾ അവർക്ക് കഴിച്ചില്ല എന്ന് മനസിലായി

“വല്ലതും ഇരിപ്പുണ്ടോ

“മ്മ് കാണും

“ഞങ്ങൾ കേട്ടപാടെ വന്നതാ ഒന്നും കഴിച്ചില്ല, നീ വാ നമ്മുക്ക് ഒരുമിച്ചു കഴിക്കാം

അനൂപ് പറഞ്ഞു,അവർ അത്‌ വെറുതെ തന്നെ കഴിപ്പിക്കാൻ പറയുവാണേന്ന് നിവിന് മനസിലായി,

“ഡേവി അങ്കിൾ ഒന്നും കഴിച്ചു കാണില്ല,

“എങ്കിൽ അങ്കിളിനെയും വിളിക്കാം,

വിഷ്ണു ഡേവിഡിന്റെ മുറിയിലേക്ക് പോയി,നിവിനെയും ഡേവിഡിനെയും നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു,കുറേ നേരം നിവിനൊപ്പം ഇരുന്നിട്ട് ആണ് അവർ മടങ്ങിയത്,

***************

ചിക്കനും മട്ടനും ബീഫും കരിമീനും എല്ലാം അന്ന് മാർക്കോസിന്റെ ഊണ്മേശയിൽ നിരന്നു, അയാൾ സന്തോഷവാൻ ആരുന്നു,

“എന്റെ കൺസ്ട്രക്ഷൻ സൈറ്റിൽ കുറച്ചു അഡ്ജസ്റ്റ് മെന്റ് ചെയ്യാൻ പറഞ്ഞപ്പോൾ നിയമം വിട്ട് കളിക്കാൻ ഇല്ല എന്ന് പറഞ്ഞ ഹരിചന്ദ്രൻ ആണ് ഇപ്പോൾ നാട്ടുകാർ ഒക്കെ അറിഞ്ഞു കഞ്ചാവ് കേസിൽ അകത്തു കിടക്കുന്നത്, അന്നേ ഞാൻ അയാളെ നോക്കിയത് ആണ്, പിന്നെ ആ ചെറുക്കനെ കണ്ടുകൊണ്ടാണ് ക്ഷമിചു കൊടുത്തത്,

“ഇച്ചായ നമ്മൾ ഇത്രയൊക്കെ ചെയ്തിട്ട് ആ ചെറുക്കൻ ഇനി ഇവളെ കെട്ടും എന്ന് തോന്നുന്നുണ്ടോ,

ജാൻസി തന്റെ സംശയം മറച്ചുവച്ചില്ല,

“അതിന് ഇനി അവനെ ആർക്ക് വേണം, പക്ഷെ മാർക്കോസിനെ വെല്ലുവിളിച്ച് അവൻ സുഖം ആയി ജീവിക്കാം എന്ന് കരുതണ്ട എന്ന് കാണിച്ചു കൊടുക്കണം എന്നേ ഉള്ളാരുന്നു, എന്റെ മോളെ വേണ്ടന്ന് വച്ചതിനു ഉള്ള ശിക്ഷ,
അല്ലേ മോളെ,

അയാൾ ശീതളിനോട്‌ ചോദിച്ചു,

അവൾ ഒന്ന് പുഞ്ചിരിച്ചു, അവൾക്ക് സന്തോഷിക്കാൻ കഴിഞ്ഞില്ല, ക്ലോക്കിൽ 10 മണി അടിച്ചപ്പോൾ അവളുടെ ഹൃദയം പെരുമ്പറ കൊട്ടി, ഹൃദയതാളം വേഗത്തിൽ ആയി, പെട്ടന്ന് അവളുടെ ഫോൺ ബെൽ അടിച്ചു, അവൾക്ക് പേടി തോന്നി, വിറകുന്ന കൈകൾ കൊണ്ട് അവൾ ഫോൺ എടുത്തു, ഡിസ്പ്ലേയിൽ വില്ല്യം എന്ന് പേര് തെളിഞ്ഞ ഉടനെ അവൾക്ക് ഹൃദയമിടുപ്പ് കൂടുതൽ ആകുന്നത് ആയി തോന്നി,

(തുടരും )

ശീതളിന് നല്ല പണി കൊടുക്കാം കേട്ടോ, പിന്നെ നീന, അതും പരിഗണനയിൽ ഉണ്ട്,