രചന: മഹാ ദേവൻ
കടയടക്കാൻ ആഹ്വാനം ചെയ്ത് നിർബന്ധപ്പൂർവം കടയടപ്പിക്കുമ്പോൾ ആളുകൾ കവലയിൽ നിന്നും ഭീതിയോടെ ഒഴിഞ്ഞുമാറുന്നുണ്ടായിരുന്നു.
എന്തിനാണെന്ന് പോലും അറിയാതെ പെട്ടന്നുള്ള കടയടപ്പിക്കൽ കണ്ട് അമ്പരന്നു നിൽക്കുന്നവർക്കിടയിൽ കോലാഹലം സൃഷ്ട്ടിക്കുന്ന അണികൾ.
പലരും ചോദ്യചിഹ്നം പോലെ മുന്നിൽ നില്കുന്നുണ്ടെങ്കിലും എതിർത്തു നിൽക്കാനുള്ള ഭയം കവലയെ ശൂന്യമാക്കിത്തുടങ്ങിയിരുന്നു.
പാർട്ടി സ്വന്തം തലയിൽ ആണെന്ന് കരുതുന്ന കുട്ടിനേതാക്കന്മാർ മുണ്ടും മടക്കിക്കുത്തി ഓരോ ഷട്ടറുകളും വലിച്ച് താഴ്ത്തുമ്പോൾ നാളെ വിഷു ആണെന്നോ അതിന് വേണ്ടി ആളുകളെ കാത്തിരിക്കുന്ന കണിവെള്ളരിക്കയും കൊന്നപ്പൂവും പച്ചകൾക്കറികളും മറ്റുമാണ് മുന്നിൽ ഇരിക്കിന്നതെന്നോ അവർ ചിന്തിക്കുന്നുപോലും ഇല്ലായിരുന്നു.
മൂന്ന് കൊലപാതകങ്ങൾ ചെയ്ത തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അരുംകൊല ചെയ്തതിൽ പ്രതിഷേധിച്ചാണത്രെ കടയടപ്പ്. കൂടെ നാളെ ഹർത്താലും !
” വെട്ടേറ്റു വീണ ഞങ്ങടെ നേതാവിന് കുട്ടിയും കുടുംബവും ഉണ്ട്. അവരുടെ വിഷു ഇല്ലാതാക്കി ഇവിടെ ആരും അങ്ങനെ കണി കാണ്ണേണ്ട” എന്ന് കടയടപ്പിക്കുന്നതിനിടയിൽ ആരോ ഉറക്കെ പറയുമ്പോൾ ഒഴിഞ്ഞുപോകുന്ന ആളുകൾക്കിടയിൽ പലരും ചിന്തിച്ചത് ഒന്ന് മാത്രം ആയിരുന്നു,
” നേതാവ് വെട്ടി തീർത്ത മൂന്ന് പേർക്കും ഉണ്ടായിരുന്നു കുടുംബം.. അവർക്കും ഉണ്ടായിരുന്നു പിഞ്ചുകുട്ടികൾ.അന്ന് വെട്ടുമ്പോൾ നേതാവ് അതൊന്ന് ഓർത്തിരുന്നെങ്കിൽ ഇന്നിപ്പോ സ്വന്തം വീട് അനാഥമാവില്ലായിരുന്നു ” എന്ന്.
പക്ഷേ, ആരും അതേ കുറിച്ചൊരു അക്ഷരം മിണ്ടാതെ പിൻവലിഞ്ഞുകൊണ്ടിരുന്നു.അറിയാതെ പോലും അങ്ങനെ ഒരു ചോദ്യം നാവിൽ നിന്നും വീണാൽ മുന്നിൽ നിൽക്കുന്നത് ബുദ്ധിയും ബോധവുമില്ലാത്ത അണികൾ ആണെന്ന് എല്ലാവർക്കും അറിയാം.വീടെന്നോ വീട്ടുകാരെന്നോ ചിന്തിക്കാതെ എടുത്തുചാടുന്നവർ.
കവലയിലെ ആ ബഹളത്തിനിടയിലേക്ക് വയ്യാത്ത കാലും വെച്ച് കേറി വരുമ്പോൾ ജാനുവമ്മ അറിഞ്ഞതല്ല ഇവിടെ ഇങ്ങനെ ഒരു പുകില് നടക്കുന്നുണ്ടെന്ന്.
നാളെ വിഷുവാണ് !വീട്ടിൽ പേരക്കുട്ടികൾ ഉണ്ട്. അവർക്ക് കണിയൊരുക്കണം ! സദ്യ ഉണ്ടാക്കണം… !മനസ്സിൽ ആയിരംകൂട്ടം ചിന്തകളുമായി കവലയിൽ എത്തുമ്പോൾ എല്ലാം അടക്കുന്ന തിരക്കിൽ ആയിരുന്നു അവിടെ ഉള്ളവർ.
” ഇതെന്താണപ്പനെ ഇങ്ങനെ ഒരു പുകില് ” ഇന്നും മനസ്സിൽ ചിന്തിച്ചുകൊണ്ട് ആളുകള്ക്കിടയിലൂടെ ജാനുവമ്മ മുന്നോട്ട് നടക്കുമ്പോൾ പലരും പറയുന്നുണ്ടായിരുന്നു ” ന്റെ അമ്മച്ചി, ഇനി അങ്ങോട്ട് കേറി ചെന്ന് കൊടുക്കണ്ട. ഇന്നിനി ഒന്നും കിട്ടില്ല ” എന്ന്.
പക്ഷേ, ഒന്നുമില്ലാതെ എങ്ങിനെ തിരികെ പോകും.അവർ വയ്യാത്ത കാലും വലിച്ച് മുന്നോട്ട് നടക്കുമ്പോൾ അടക്കാൻ തുടങ്ങുകയായിരുന്നു ശശാങ്കന്റെ കട.പേടിയോടെ അടക്കാൻ തുടങ്ങുന്ന കടക്കരികിലേക്ക് ദൃതിയോടെ നടക്കുമ്പോൾ ജാനുവമ്മ മനസ്സിൽ പറയുന്നുണ്ടായിരുന്നു ” ഈശ്വരാ.. ആ കട അടക്കരുതേ ” എന്ന്.
വയ്യാത്ത കാലും വലിച്ച് കടക്കരികിലെത്തി ചിരിയോടെ ” മോനെ, ഒരു അഞ്ചു കിലോ അറിയും ഇച്ചിരി പച്ചക്കറിയും വേം തന്നെ ” എന്ന് പറയുമ്പോൾ കടക്കാരൻ ഭയത്തോടെ പറയുന്നുണ്ടായിരുന്നു ” ന്റെ പൊന്ന് അമ്മച്ചി, ജീവനിൽ കൊതി ഉള്ളത് കൊണ്ട് പറയുവാ.. ഇപ്പോൾ ഒന്നും തരാൻ പറ്റില്ല.. അമ്മച്ചിക്ക് വിഷു ആഘോഷിക്കാൻ ഞാൻ ഇത് എടുത്ത് തരാൻ നിന്നാൽ ചിലപ്പോൾ എന്റെ മക്കളുടെ ഇനിയുള്ള വിഷ്ണു അവരുടെ അച്ഛന് ബലിയിടുന്ന ദിവസമായി മാറും. അത്രക്ക് ബുദ്ധി ഇല്ലാത്തവന്മാരാ ആ വരുന്നവർ ” എന്നും പറഞ്ഞ് അയാൾ കടയിലെ ലൈറ്റുകൾ ഓഫ് ചെയുമ്പോൾ ജാനുവമ്മ അയാളെ ദയനീയമായി നോക്കി.
” മോനെ, പേരക്കുട്ടികൾ ഒക്കെ ഉണ്ട്. അതുകൊണ്ടാണ്. മക്കള് കുറച്ചെന്തെലും താ ” എന്ന്.
അത് പറഞ്ഞ് തീരും മുന്നേ ആയിരുന്നു പിന്നിൽ നിന്നും ഒരു ആക്രോശം ” നിന്നോടിനി പ്രത്യേകം പറയാണോടാ കട അടക്കാൻ ” എന്ന്.അത് കേട്ട പാടെ ജാനുവമ്മയുടെ ദയനീയമുഖത്തേക്ക് ഒന്ന് നോക്കുകപോലും ചെയ്യാതെ അയാൾ കടയുടെ ഷട്ടർ വലിച്ചിട്ടപ്പോൾ, ഇനി അവിടെ നിൽക്കുന്നതിൽ കാര്യമില്ലെന്ന് മനസ്സിലാക്കി എന്ത് ചെയ്യണമെന്ന് അറിയാതെ തിരിയുമ്പോൾ പിന്നിൽ നിൽക്കുന്ന ആളെ കണ്ട് ജാനുവമ്മയുടെ മുഖമൊന്നു പ്രകാശിച്ചു !
” ടാ, ദിനേശാ… നിന്റെ ആളുകൾ ആണോ ഇതൊക്കെ ചെയ്യുന്നത്. ആളുകളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാടാ. ” എന്ന് ചോദിക്കുന്ന ജനുവമ്മയെ ഒന്ന് രൂക്ഷമായി നോക്കി ദിനേശൻ. പിന്നെ നാലുപാടും.തള്ള പറയുന്നത് ആരും കേട്ടില്ലെന്ന് ഉറപ്പുവരുത്തി അവൻ ജാനുവമ്മയെ നോക്കികൊണ്ട് അമർഷത്തോടെ പറയുന്നുണ്ടായിരുന്നു. “നിങ്ങൾക്ക് എന്ത് അറിയാം തള്ളേ… പോയത് ഞങ്ങൾക്കാ… ഞങ്ങടെ നേതാവിനെയാ. അത് ഞങ്ങൾക്ക് ഇച്ചിരി പൊള്ളും. ” എന്ന്.
അത് കേട്ട് ജനുവമ്മ വല്ലായ്മയോടെ അവനെ ഒന്ന് നോക്കി,
” ടാ, നിനക്ക് അറിയാലോ വീടിലെ അവസ്ഥ. ഇപ്പോൾ ആണേൽ വീട്ടിൽ പേരക്കുട്ടികളും വന്നിട്ടുണ്ട്. അവരോട് എങ്ങനെയാ ഞാൻ .. അതുകൊണ്ട് നീ ഇവിടെ എവിടെ നിന്നെങ്കിലും ഇച്ചിരി അരിയും പച്ചക്കറിയും വാങ്ങിതാ… നിന്റെ പാർട്ടിക്കാരുടെ ആകുമ്പോൾ നിനക്ക് വാങ്ങാലോ ” എന്ന്.
” അങ്ങനെ ഒരു വേർതിരിവ് ഇല്ല ഞങ്ങൾക്ക്. നിങ്ങൾക്ക് വിഷുവും നിങ്ങടെ പേരക്കുട്ടികളും ആയിരിക്കും വലുത്. അതുപോലെ തന്നെ ആണ് ഞങ്ങൾക്ക് ഞങ്ങടെ നേതാവും. അതുകൊണ്ട് ഇപ്പോൾ നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറയുവാ വെറുതെ മറ്റുള്ളവരുടെ വായിൽ നിന്നും കേൾക്കാതെ വേഗം വീട് പിടിക്കാൻ നോക്ക് ” എന്നും പറഞ്ഞ് ദിനേശൻ പോകാൻ തിരിയുമ്പോൾ അല്പം നീരസത്തോടെ തന്നെ ആയിരുന്നു ജാനുവമ്മ പുച്ഛത്തോടെ അവനോടായി പറഞ്ഞത്. “മോനെ പണ്ടൊക്കെ കൊടി പിടിച്ചത് പട്ടിണി മാറാൻ ആയിരുന്നു. ഇന്ന് നീയൊക്കെ കൊടി പിടിക്കുന്നത് പട്ടിണിക്കിടാൻ ആണല്ലൊ.. കലികാലം ” എന്ന്.
അതും പറഞ്ഞ് പോകുന്ന ജാനുവമ്മയെ ദിനേശൻ രൂക്ഷമായി നോക്കുമ്പോൾ പോക്കറ്റിൽ കിടന്ന് സൈലന്റ് ആയ ഫോൺ നിർത്താതെ അടിക്കുന്നുണ്ടായിരുന്നു.അതൊന്നും ശ്രദ്ധിക്കാതെ പാർട്ടിയോടുള്ള ആത്മാർത്ഥ കാണിക്കാൻ അവൻ വടിയുമായി കടകളുടെ ഷട്ടറുകൾ വലിച്ച് താഴ്ത്തുകയായിരുന്നു.
*******************
കടയടപ്പും അന്നത്തെ കോലാഹലവും കഴിഞ്ഞ് ദിനേശൻ വീട്ടിലെത്തുമ്പോൾ ഉമ്മറത്ത് തന്നെ കാത്തിരിപ്പുണ്ടായിരുന്നു ചന്ദ്രികയും മോളും..
അവന്റെ വരവ് ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ ” ദേ, അച്ഛൻ വന്നു ” എന്നും പറഞ്ഞ് അവനരികിലേക്ക് ഓടിവന്ന മകളെ പൊക്കി എടുക്കുമ്പോൾ ” എനിക്കുള്ള മിട്ടായി ” എവിടെ അച്ഛാ എന്ന് ചോദിക്കുന്നുണ്ടായിരുന്നു അവൾ.
ആ ചോദ്യത്തിന് മുന്നിൽ ഒന്നും പറയാതെ അവളെയും എടുത്ത് ഉമ്മറത്തേക്ക് നടക്കുമ്പോൾ മുന്നിൽ പ്രതീക്ഷയോടെ നിൽക്കുന്ന ചന്ദ്രികയുടെ മുഖം അവന്റെ വെറുംകയ്യുമായുള്ള വരവ് കണ്ട് വാടിത്തുടങ്ങിയിരുന്നു.
“എന്ത് പറ്റിയെടി നിന്റെ മുഖത്തൊരു വാട്ടം” എന്ന് ചോദിച്ചുകൊണ്ട് ചിരിയോടെ അകത്തേക്ക് കയറുമ്പോൾ പിന്നിൽ നിന്നും അവൾ ദേഷ്യത്തോടെ ആരായുന്നുണ്ടായിരുന്നു
” എവിടെ മനുഷ്യാ നാളേക്കുള്ള അരിയും സാധനങ്ങളും “എന്ന്.
” നാളെ നല്ല ഒരു ദിവസം ആയിട്ട് എന്തോന്ന് എടുത്തിട്ട് പുഴുങ്ങും ” എന്ന്.
” മൊബൈലിൽ ഒരു നൂറ് വട്ടം വിളിച്ചു. നാട് നന്നാക്കാൻ ഇറങ്ങിയ നേതാവ് തിരക്കിൽ ആകുമെന്ന് കരുതി വാട്സപ്പിൽ മെസ്സേജും അയച്ചു. നാളേക്ക് വാങ്ങേണ്ടത് മുഴുവൻ. എന്നിട്ടും…. “
അതും പറഞ്ഞവൾ നീരസത്തോടെ കുഞ്ഞിനേയും വലിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോൾ ആണ് അവൻ പോക്കറ്റിൽ കിടന്ന മൊബൈൽ എടുത്തു നോക്കുന്നത് തന്നെ.അതിൽ ചന്ദ്രികയുടെ പത്തുപന്ത്രണ്ട് മിസ്സ്കോളും കൂടെ വാട്സപ്പിൽ ഉള്ള മെസ്സേജ് കൂടി കണ്ടപ്പോൾ ഇനി എന്ത് പറഞ്ഞവളെ സമാധാനിപ്പിക്കും എന്നറിയാതെ നിന്നു അവൻ.
കവലയിലെ ആ ബഹളത്തിനിടയിൽ ആരും ശല്യം ചെയ്യാതിരിക്കാൻ ആണ് മൊബൈൽ സൈലന്റ് ആക്കിയത്. പക്ഷേ അതിപ്പോ…..
അവൻ പതിയെ ചന്ദ്രികക്ക് അരികിലിരിക്കുമ്പോൾ അവന് അറിയാമായിരുന്നു അവൾ ദേഷ്യത്തിൽ ആണെന്ന്.
” എടി ചന്ദ്രി… ഞാൻ മനപ്പൂർവം വാങ്ങാഞ്ഞതല്ല, നിനക്ക് അറിയാലോ ഇന്നത്തെ കാര്യം. അതുമായി ബന്ധപ്പെട്ട് കടയടപ്പും മറ്റുമായി നിക്കുമ്പോൾ സത്യത്തിൽ ഞാൻ കണ്ടില്ല നിന്റെ കാൾ…. അതുകൊണ്ടാണ്.. നാളെ ഞാൻ വാങ്ങിവരാം. പോരെ.. നീ പിണങ്ങാതെ ഇരിക്ക് ” എന്നും പറഞ്ഞ് അവളുടെ മിടിയിലൂടെ ഒന്ന് തലോടുമ്പോൾ അവൾ ആ കൈ തട്ടിമാറ്റികൊണ്ട് പറയുണ്ടായിരുന്നു
” ഇപ്പോൾ കടയടപ്പിച്ച നിങ്ങളുടെ പാർട്ടിക്കാർ തന്നെ അല്ലെ നാളെ പന്ത്രണ്ട് മണിക്കൂർ ഹർത്താൽ കൂടി പ്രഖ്യാപിച്ചത്? പിന്നെ നാളെ നിങ്ങൾ ഇതൊക്കെ എവിടെ നിന്ന് വാങ്ങികൊണ്ടുവരാൻ ആണ്?വീട്ടിലുള്ളവരെ കുറിച്ച് ചിന്തിക്കാതെ നിങ്ങളൊക്കെ കാട്ടികൂട്ടുന്ന ഈ ഭ്രാന്തിന് മുന്നിൽ കരഞ്ഞു തീരാൻ ആണ് ഞങ്ങളെ പോലുള്ളവരുടെ വിധി.പേടിയാണ്…. നിങ്ങൾ എവിടെ കയറി വരുന്നത് വരെ. ഓരോന്ന് കേൾക്കുമ്പോഴും അതിൽ എന്റെ ഭർത്താവ് ഉണ്ടാകരുതേ എന്ന് മനമുരുകി പ്രാര്ത്ഥിച്ചാണ് എന്നെ പോലെ ഉള്ള പല പെണ്ണുങ്ങളും വീട്ടിൽ കഴിച്ചുകൂട്ടുന്നത്.അതൊന്നും നിങ്ങൾക്ക് അറിയില്ല..
ഒറ്റ വിചാരം.. പാർട്ടി… പാർട്ടി.. പാർട്ടി.അവിടെ കുടുംബവും ഇല്ല. കുട്ടിയും ഇല്ല.നാളെ വിഷു ആണ്. ഇവിടെ എന്തെങ്കിലും ഉണ്ടോ? ഒന്നുല്ലെങ്കിൽ ഇവൾ ഒരു കുഞ്ഞല്ലേ. ഇവൾക്ക് ഉണ്ടാകില്ലേ ആഗ്രഹം. കുഞ്ഞുങ്ങളുടെ ഇതുപോലെ ഉള്ള ചെറിയ ആഗ്രഹങ്ങൾ പോലും സാധിച്ചുകൊടുക്കാൻ കഴിയാത്ത നിങ്ങളൊക്കെ ഇന്ന് ആ കവലയിൽ മുണ്ടും മടക്കിക്കുത്തി പാർട്ടിയുടെ ബലം കാണിച്ചിട്ട് എന്ത് നേടി.?നാട്ടുകാരുടെ മുഴുവൻ പ്രാക്കും സ്വന്തം വീടിന് പട്ടിണിയും. “
അവളുടെ വാക്കുകൾക്ക് മുന്നിൽ എന്ത് പറയണമെന്ന് അറിയാതെ ഇരിക്കുകയായിരുന്നു ദിനേശൻ.സത്യത്തിൽ ” തന്റെ നേതാവിന്റെ കുടുംബത്തിനില്ലാത്ത വിഷു ആരും ആഘോഷിക്കണ്ട ” എന്ന ഡയലോഗ് ഒക്കെ മറന്നുപോയിരുന്നു ആ നിമിഷം.ഇനി ഈ സമയത്ത് എവിടെ ചെന്ന് ചോദിക്കും, ആരോട് വാങ്ങും ഇത്രയും സാധനങ്ങൾ എന്ന് അറിയാതെ അവൻ തല താഴ്ത്തികൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ അടുത്ത വീട്ടിൽ നിന്നും വാങ്ങിയ കൊന്നപ്പൂവിലേക്ക് നോക്കി വല്ലാത്ത സന്തോഷത്തോടെ ഇരിക്കുന്ന മോളുടെ മുഖമായിരുന്നു ദിനേശന്റെ മനസ്സ് മുഴുവൻ.
രാവിലെ മകൾ വിളിച്ചുണർത്തുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു ” അച്ഛാ വാ കണി കാണാം ” എന്ന്.ഇന്നലെ ഉള്ളത് കൊണ്ട് അവൾ ഒരുക്കിയെടുത്ത കണി കാണിക്കാൻ ആണ് വിളിക്കുന്നത്. വല്ലാത്തൊരു കുറ്റബോധം ഉണ്ടായിരുന്നു മനസ്സിൽ.നിഷ്ക്കളങ്കതയോടെ കയ്യിൽ പിടിച്ച് വലിക്കുന്ന മകൾക്ക് മുന്നിൽ വല്ലാതെ ചെറുതായപോലെ.
വിഷു ആയിട്ട് അവൾക്കായി ഒന്നും കരുതിയില്ലല്ലോ എന്ന കുറ്റബോധത്തോടെ പോക്കറ്റിൽ നിന്നും നൂറിന്റ ഒരു നോട്ടെടുത്തു അവൾക്ക് നേരെ നീട്ടുമ്പോൾ ആ കുഞ്ഞിക്കണ്ണുകളിലെ തിളക്കം അവനെ വല്ലാതെ പിടിച്ചുലച്ചിരുന്നു.
അടക്കളയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന ചന്ദ്രികരികിൽ എത്തുമ്പോൾ ഇന്നലെ വീർത്തു കെട്ടിയ മുഖത്തിന് വലിയ മാറ്റം ഒന്നും വന്നിട്ടില്ലെന്ന് മനസ്സിലായി അവന്.”ചന്ദ്രി…. നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ… ഞാൻ. എവിടെ നിന്നേലും കൊണ്ടുവരാം സാധനങ്ങൾ. ഹർത്താൽ ആയത് കൊണ്ട് മാത്രം ആണ് ഒരു പേടി.. എന്നാലും ഞാൻ ശ്രമിക്കാം…നീ ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കല്ലേ ” എന്നൊക്കെ പറഞ്ഞ് ഫോണും എടുത്ത് പുറത്തേക്കിറങ്ങി കൂട്ടുകാരനെ വിളിക്കുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു
” നീ ഇത് എന്താണ് പറയുന്നത് ദിനേശാ. നമ്മളൊക്കെ ചേർന്ന് കടകൾ അടപ്പിച്ചിട്ട് ഇപ്പോൾ നമുക്ക് വേണ്ടി ആരോടെങ്കിലും കടയൊന്ന് തുറക്കാനൊക്കെ പറയാൻ പറ്റോ…അങ്ങനെ മറ്റുള്ളവരെ പോലെ സ്വന്തം കാര്യസാധ്യത്തിനു വേണ്ടി എന്തും ചെയ്യുന്നവർ ആകരുത് നമ്മളും. അതുകൊണ്ട് നീ വേഗം റെഡിയായി കവലയിൽ വാ.. ആരേലും കട തുറന്നാൽ അത് അടപ്പിക്കേണ്ടത് നമ്മൾ അണികളാണ് ” എന്ന്.
ഇനി എന്തെന്ന് അറിയാതെ, ഒരു ഉത്തരം കിട്ടാതെ വിഷമത്തോടെ നടക്കുമ്പോൾ മനസ്സിൽ ചന്ദ്രിയുടെ കലങ്ങിയ കണ്ണുകളും മോളുടെ പ്രതീക്ഷയോടെ ഉള്ള തിളക്കമാർന്ന പുഞ്ചിരിയും അവനെ വല്ലതെ കുത്തിനോവിക്കുന്നുണ്ടായിരുന്നു.
അതേ സമയത്തായിരുന്നു ആരോ പുറത്ത് നിന്ന് വിളിക്കുന്നപോലെ തോന്നിയത്. കെട്ട പാടെ മുഖം തുടച്ചുകൊണ്ട് പുറത്തേക്ക് നടക്കുമമ്പോൾ വിളി കേട്ട് ആരെന്ന് അറിയാൻ ചന്ദ്രിയും പുറത്തേക്ക് വന്നിരുന്നു. കൂടെ അവളുടെ കയ്യിൽ തൂങ്ങി മകളും.
പുറത്ത് നില്കുന്ന ആളെ കണ്ട് സന്തോഷത്തോടെ ചന്ദ്രി പുറത്തേക്ക് നടക്കുമ്പോൾ ദിനേശൻ അന്നേരം പരുങ്ങി നിൽക്കുകയായിരുന്നു.
മുന്നിൽ നിറപുഞ്ചിരിയോടെ നിൽക്കുന്ന ജാനുവമ്മക്ക് മുന്നിൽ പരുങ്ങലോടെ നിൽക്കുമ്പോൾ മോളെ അടുത്തേക്ക് വിളിച്ച് അവർ അവളുടെ കയ്യിൽ ഒരു പത്തുരൂപാ നോട്ട് മടക്കിവെച്ചുകൊടുത്തു ” അമ്മൂമ്മയുടെ വിഷുകൈനീട്ടം ന്റെ ചക്കരകുട്ടിക്ക് ” എന്നും പറഞ്ഞുകൊണ്ട്.പിന്നിൽ കയ്യിൽ ഉണ്ടായിരുന്ന സഞ്ചി ചന്ദ്രിക്ക് നേരെ നീട്ടികൊണ്ട് അവർ പറയുന്നുണ്ടായിരുന്നു ” വിഷു അല്ലെ മോളെ.. വിശന്നിരിക്കണ്ട ” എന്ന്.
അത് കേട്ട് ചന്ദ്രി ഇവിടുത്തെ അവസ്ഥ ജാനുവമ്മ എങ്ങിനെ അറിഞ്ഞു എന്ന ഭാവത്തോടെ അവരെ ആശ്ചര്യപൂർവ്വം നോക്കികൊണ്ട് ഇച്ചിരി മടിയോടെ അവർ നീട്ടിയ സഞ്ചി വാങ്ങുമ്പോൾ അവരുടെ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു.
പക്ഷേ, ആ സമയം ഉള്ള് പൊള്ളിയത് ദിനേശന്റെ ആയിരുന്നു.
ഇന്നലെ വീട്ടിലെ അവസ്ഥ പറഞ്ഞിട്ടും ഒരു മണി അരി പോലും നൽകാതെ അവർക്ക് മുന്നിൽ കടയുടെ ഷട്ടർ അടപ്പിക്കുമ്പോൾ ഇങ്ങനെ ഒരു നിമിഷം പ്രതീക്ഷിച്ചതല്ല. “വീട്ടിൽ പേരക്കുട്ടികൾ ഉണ്ട് മോനെ ” എന്ന് പറഞ്ഞപ്പോഴും പുച്ഛത്തോടെ പോകാൻ പറയുമ്പോൾ അതുപോലെ ഒരു കുഞ്ഞ് തന്റെ വീട്ടിലും ഉണ്ടല്ലോ എന്ന് ചിന്തിച്ചിരുന്നെങ്കിൽ. ഇപ്പോൾ ഉള്ളതിൽ നിന്ന് ഒരു ഓഹരി തന്റെ മുന്നിലേക്ക് അവർ നീട്ടുമ്പോൾ.. ” എന്നെല്ലാം ഓർത്തപ്പോൾ അവന്റെ നെഞ്ചോന്നു പിടച്ചു.
കയ്യിൽ കിട്ടിയ സഞ്ചിയുമായി ” ജാനുവമ്മ ഇരിക്ക്,ഞാൻ ചായ എടുക്കാം ” എന്നും പറഞ്ഞ് ചന്ദ്രിക അകത്തേക്ക് പോകുമ്പോൾ അവൻ ജാനുവമ്മയെ നോക്കി ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു, പരാജയപ്പെടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ.
അത് കണ്ട് കൊണ്ട് അവരും അവനെ നോക്കി പുഞ്ചിരിക്കുമ്പോൾ ഒന്ന് മാത്രം പറഞ്ഞു “മോനെ.. നാം വളർന്നു വന്ന കാലം അല്ല ഇത്. ഒരുപാട് മാറി.ആദ്യം വീടറിയണം… എന്നാലേ നാടറിഞ്ഞു നന്മ ചെയ്യാൻ കഴിയൂ. !ഇന്ന് നിങ്ങളൊക്കെ കാണിക്കുന്നത് നെറികേടാണ്. അതിന്റ എല്ലാം അനുഭവിക്കുന്നത് വീട്ടുകാരും.ഇന്ന് നിങ്ങളിൽ ഒരാൾ മരിച്ചാൽ നാളെ നിങ്ങൾ അവരിലൊരാളെ കൊല്ലുന്നു.ഇതിൽ എവിടെ ആണ് രാഷ്ട്രീയം?
നാളെ അവിടെ ഒരാൾ മരികുമ്പോൾ പിറ്റേ ദിവസം അത് നീ ആകില്ലെന്ന് എന്താണ് ഉറപ്പ്? എന്നിട്ട് എന്ത് നേടും? പോകുന്നവന്റെ കുടുംബം നാളെ പട്ടിണി കിടക്കുമ്പോൾ വെട്ടാൻ പറഞ്ഞവൻ വെട്ടിവിഴുങ്ങുന്നുണ്ടാവും നിന്നെ പോലുള്ളവരുടെ മറവിൽ ഇരുന്ന്.അണിയാകണം… പക്ഷേ, അടിമയാകരുത് മോനെ. അടിച്ചമർത്താൻ ഉള്ളതല്ല രാഷ്ട്രീയം.. അടിച്ചമർത്തപെട്ടവനെ പിടിച്ചുയർത്താൻ ഉള്ളതാവണം.കൂടെ കിടക്കുന്നവളുടെ കണ്ണീരു കാണാൻ കഴിയാത്ത നിങ്ങള്ക്ക് മറ്റുള്ളവരുടെ കണ്ണുനീർ കാണാൻ എങ്ങിനെ കഴിയും.?ചോരയിൽ പിറന്ന കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ചുംബിക്കാൻ കഴിയാത്തവർ എങ്ങിനെ ഈ നാടിനെ നെഞ്ചോട് ചേർത്ത് പിടിക്കും.
നാളെ നീ ഒരു ഇരയായാൽ അവസാനമായി കിട്ടുന്ന മകളുടെ ചുംബനം വാർത്തകളിൽ കണ്ണുനീർ ആകുമ്പോൾ ഒന്ന് ഓർക്കുക , നാളെ എല്ലാവരും അത് മറക്കും. പക്ഷേ, നിനക്ക് കിട്ടുന്നത് നിന്റെ മകളുടെ അവസാനത്തെ ചുംബനം ആണെന്നുള്ളത്. ഇനി ഒരിക്കലും നിനക്ക് അത് കിട്ടില്ല എന്നുള്ളത്.മകൾക്ക് അച്ഛാ എന്നും വിളിച്ച് ചേർത്തുപിടിച്ചുമ്മവെക്കാൻ അങ്ങനെ ഒരു അച്ഛൻ പിന്നീട് അവൾക്ക് ഉണ്ടാകില്ല എന്ന്.ആദ്യം കുടുംബത്തെ ചേർത്തുപിടിക്ക്. അപ്പഴേ നാടിനെ ചേർത്തുപിടിക്കാൻ നമ്മൾ പ്രാപ്തരാവൂ”
പെട്ടന്ന് ചായയുമായി കേറി വന്ന ചന്ദ്രിയെ കണ്ട് ജാനുവമ്മ പറഞ്ഞുവന്നത് പെട്ടന്ന് നിർത്തുമ്പോൾ ജാനുവമ്മയോട് എന്ത് പറയണമെന്ന് അറിയാതെ ഫോണിൽ തെരുപ്പിടിച്ചു നിൽക്കുകയായിരുന്നു ദിനേശൻ.ചായയും കുടിച്ച് ” പോട്ടെ മോളെ, കുട്ടികൾ വീട്ടിൽ ഒറ്റക്കെ ഉളളൂ ” എന്നും പറഞ്ഞ് അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നടന്നുപോകുന്ന ജനുവമ്മയെ നന്ദിയോടെ നോക്കികൊണ്ട് ചന്ദ്രിക അകത്തേക്ക് പോകുമ്പോൾ ദിനേശൻ അപ്പോഴും ജാനുവമ്മ പറഞ്ഞ വാക്കുകളിൽ പൊള്ളിപ്പിടയുകയായിരുന്നു,
” അണിയാകണം… പക്ഷേ, അടിമയാകരുത് മോനെ…അടിച്ചമർത്താൻ ഉള്ളതല്ല രാഷ്ട്രീയം.. അടിച്ചമർത്തപെട്ടവനെ പിടിച്ചുയർത്താൻ ഉള്ളതാവണം “