എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 33, രചന: റിൻസി പ്രിൻസ്

“അങ്കിൾ…..

അവൾ വിശ്വാസം വരാതെ വിളിച്ചു.

“അതെ മോളെ വേണെങ്കിൽ എനിക്ക് ഇപ്പോൾ ഇത് നിന്നോട് മറച്ചുവയ്ക്കമരുന്നു, നീ പറഞ്ഞല്ലോ ഞാൻ പറയുന്നതേ വിശ്വാസിക്കു എന്ന്, പക്ഷെ നീ അറിയണം എന്ന് തോന്നി,

ഡേവിഡ് എന്റെ അനുജൻ ആണ്, പക്ഷെ രക്തബന്ധം അല്ല, എന്റെ അപ്പച്ചന് ഒരു പള്ളിമുറ്റത്ത് നിന്ന് കിട്ടായതാണ്, അന്ന് എനിക്ക് 10 വയസ്സ് അന്ന് മുതൽ അവൻ എന്റെ സ്വന്തം ആണ്, അവനും ഇതൊക്കെ അറിയാം, പക്ഷെ ഒരിക്കൽ പോലും എന്റെ അപ്പച്ചൻ ഞങ്ങളോടും അവനോടും ഒരു വേർതിരിവ് കാണിച്ചിട്ടില്ല, ഞങ്ങളെ പോലെ തന്നെ വിദ്യാഭ്യാസവും സൗകര്യങ്ങളും അവന് നൽകി, അവൻ പിജിക്ക് പഠിക്കുന്ന കാലത്താണ് ലതികയുമായി സ്നേഹത്തിൽ ആകുന്നത്, കുറേ കാലം പ്രശ്നം ഒന്നും ഇല്ലാതെ പോയി, ഡിഗ്രി കഴിഞ്ഞപ്പോൾ ലതികയുടെ മാര്യേജ് ഉറപ്പിച്ചു, ഡേവിഡിന് ജോലി ആയിട്ടില്ല, ഞാൻ അന്ന് കാസറഗോഡ് ആണ്, ഡേവിഡ് എന്നെ വന്ന് കണ്ടു കാര്യം പറഞ്ഞു, ഞാൻ എങ്ങനെ സഹായിക്കും, അപ്പച്ചനോട് പറയാൻ അവൻ സമ്മതിക്കില്ല വിളിച്ചോണ്ട് വരാനും പേടി, ലാസ്റ്റിൽ മോൾടെ പപ്പയെ കണ്ടു വിവരം പറയാൻ തീരുമാനിച്ചു, പക്ഷെ നിർഭാഗ്യവശാൽ അത്‌ നടന്നില്ല, ഒടുവിൽ രണ്ടും കല്പിച്ചു വിവാഹതലേന്ന് ഡേവി ചെന്ന് നിന്റെ അമ്മയെ വിളിച്ചു, വീട്ടുകാരെ നാണംകെടുത്തി അവസാനനിമിഷം ഇറങ്ങി വരില്ല എന്ന് അവൾ പറഞ്ഞു.

അതോടെ അവൻ ആകെ തകർന്നു പോയി, പിന്നീട് കുറേ കാലം മദ്യത്തിൽ അഭയം പ്രാപിച്ചു, മറ്റു വിവാഹത്തിന് ഒന്നും സമ്മതിക്കാതെ എങ്ങനെയോ സൗദിയിൽ ഒരു കമ്പനിയിൽ ജോലിക്ക് കയറി, പിന്നീട് കുറേ കാലം നാട്ടിൽ വന്നില്ല, പക്ഷെ വിധി വീണ്ടും അതിന്റെ നാടകം തുടർന്നു, അന്ന് ഞങ്ങൾ നിന്റെ വീട്ടിൽ വാടകക്ക് താമസിക്കാൻ വന്നപ്പോൾ സത്യമായും എനിക്ക് അറിയില്ലായിരുന്നു അത് ഡേവിഡ് സ്നേഹിച്ച ലതീക ആണെന്ന്,

എന്നെ കാണാൻ വേണ്ടി ഒരിക്കൽ ഡേവി അവിടെ വന്നു, അങ്ങനെ വീണ്ടും അവർ തമ്മിൽ കണ്ടു,ഒരിക്കൽ ലതിക കാരണമാണ് ഡേവിഡിന്റെ ജീവിതം ഇങ്ങനെയായത് എന്നുള്ള അവളുടെ കുറ്റബോധം, ഒരു വിവാഹം ഇതുവരെ കഴിച്ചിട്ടില്ല എന്നുള്ള സത്യം അറിഞ്ഞതോടെ ഒരിക്കൽ മനസ്സിലെവിടെയോ കുഴിച്ചുമൂടിയ ഡേവിഡിനോട് ഉള്ള ഇഷ്ടം വീണ്ടും തലപൊക്കി തുടങ്ങിയത് ആവാം, ഞങ്ങൾ അവിടെ നിന്നും പോന്നതിനു ശേഷം ഒരിക്കൽ ഡേവി വിളിച്ചു, മലപ്പുറത്ത് ഒരിടത്ത് വാടകയ്ക്ക് താമസിക്കുകയാണെന്നും ഒപ്പം തൻറെ പ്രിയപ്പെട്ടവൾ ഉണ്ടെന്നും പറഞ്ഞു,അവളെ വിവാഹം കഴിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്നും മറ്റു മതമാണെന്നും പറഞ്ഞു,ആരോടും ഒന്നും പറയാതെ ഞാൻ ഡേവിഡിനെ കാണാനായി മലപ്പുറത്തേക്ക് പുറപ്പെട്ടു, മുൻപിൽ നിൽക്കുന്ന ലതികയെ കണ്ട് ഞാൻ ഞെട്ടി തരിച്ചുപോയി, എന്തുവന്നാലും ഇതിനു ഞാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ് ഡേവിയുമായി പിണങ്ങി ഞാൻ അന്ന് ഇറങ്ങി, പിന്നീട് ഞാൻ ലതികേ കാണുന്നത് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ്, റീജണൽ ക്യാൻസർ സെൻററിൽ വച്ച്, അന്ന് അവളെ ശുശ്രൂഷിക്കാൻ സംരക്ഷിക്കാൻ ഡേവിയും ഒപ്പമുണ്ടായിരുന്നു, ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അയാൾ അവളെ മരണത്തിനു വിട്ടുകൊടുക്കാതെ സംരക്ഷിച്ചുകൊണ്ടിരുന്നു അന്ന് അവർക്ക് ഒപ്പം ഒരു വയസ്സിൽ താഴെ തോന്നിക്കുന്ന ഒരു കുഞ്ഞു പെൺകുട്ടി, മരണത്തിനു തൊട്ടു മുൻപുള്ള നിമിഷങ്ങളിലും ലതിക എന്നോട് പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു,

“മോഹനേട്ടനോടും കുഞ്ഞിനോടും ചെയ്ത തെറ്റിൻറെ ആഴം ആണ് ഈ അവസ്ഥക്ക് കാരണമെന്ന്,

എൻറെ കണ്മുൻപിൽ കിടന്നാണ് ലതികയുടെ ജീവൻ പോയത്, ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അന്ന് ഡേവിഡ് എൻറെ മുമ്പിൽ നിന്ന് പൊട്ടിക്കരഞ്ഞു, അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു, അതിൻറെ ബാക്കിപത്രമായ ആ കുഞ്ഞിനെ എവിടെ കൊണ്ടുപോകണമെന്ന് അറിയില്ലായിരുന്നു, അവന്റെ കൈയിൽ കുഞ്ഞിനെ കൊടുത്താൽ എല്ലാരും അറിയും, കാരണം ഡേവിഡ് ലതികയെ വിവാഹം കഴിച്ചിരുന്നില്ല, വീട്ടിൽ ആർക്കും ഈ സംഭവം അറിയില്ല, അപ്പച്ചൻ അറിഞ്ഞാൽ സഹിക്കില്ല, ഒടുവിൽ മനസ്സില്ലാമനസ്സോടെ അവൻ കുഞ്ഞിനെ എൻറെ കയ്യിൽ തന്നു, എൻറെ നിർബന്ധത്തിനു വഴങ്ങി, കാരണം ഞങ്ങളുടെ അപ്പച്ചൻ വയ്യാത്ത ഒരു സ്ഥിതിയിലായിരുന്നു, മരണത്തിന് തൊട്ടുമുൻപ് അവനെപ്പറ്റി ആകുലതകൾ ഇല്ലാതെ അദ്ദേഹം മരിക്കട്ടെ എന്ന് ഞാൻ കരുതി, ആ കുഞ്ഞിനെ ഞാൻ ഏറ്റെടുത്ത ഒരു ഓർഫനേജ് ഏൽപ്പിച്ചു, 20 വയസ്സ് ആകുമ്പോൾ അവളെ ഞാൻ തിരികെ ഏറ്റെടുത്തു കൊള്ളാം എന്ന് ധാരണയിൽ, വർഷങ്ങളായി എനിക്ക് പരിചയമുള്ള ഓർഫനേജ്,ഒരിക്കലും എന്റെ തീരുമാനത്തോടെ ഡേവിഡിന് യോജിക്കാൻ കഴിഞ്ഞില്ല, തൻറെ കുഞ്ഞിനുവേണ്ടി ഇനിയുള്ള ജീവിതം ജീവിക്കാൻ ഡേവിഡ് എന്നോട് നിർബന്ധിച്ചു, പക്ഷേ കടപ്പാടുകളുടെ കയറിൽ ഞാൻ അവനെ കെട്ടിയിട്ടു, അപ്പച്ചൻ അവസാനമായി അവനോട് ആവശ്യപ്പെട്ട ആഗ്രഹം അവൻറെ വിവാഹമായിരുന്നു, ഒരിക്കലും അവൻ അതിനെ സമ്മതിക്കില്ല എന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് ഞാൻ അവൻറെ ബലഹീനത തന്നെ മുതലെടുത്തു, അച്ഛനോടുള്ള സ്നേഹത്തിൻറെ പേരിൽ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ അപ്പച്ചനോട് ചെയ്യുന്ന വലിയ നീതികേട് ആയിരിക്കും എന്ന് പറഞ്ഞപ്പോൾ അവന് മറ്റൊരു വഴിയും മുൻപിൽ ഉണ്ടായിരുന്നില്ല, കുടുംബക്കാർ എല്ലാവരും കൂടി ഒരു വിവാഹാലോചന കണ്ടു പിടിച്ചപ്പോൾ അവൻ അതിനു സമ്മതം മൂളി, എല്ലാ മാസങ്ങളിലും കൃത്യമായി ഓർഫനേജിൽ അവൻ പണം എത്തിച്ചു, ഓരോ പ്രായത്തിലും അവളുടെ ചിത്രങ്ങൾ ഞാൻ അവന് അയച്ചു കൊടുത്തു,ഒരിക്കലും ഒരു അനാഥയാണ് അവൾക്ക് തോന്നരുത് എന്ന് അവൻ എന്നോട് പറഞ്ഞു, അതിനാൽ ഞാൻ അവളുടെ പാപ്പയായി, പക്ഷേ ദൈവത്തിന്റെ വിധി അവസാനിച്ചിരുന്നില്ല, ഡേവിഡിന്റെ ഭാര്യയ്ക്ക് ഒരിക്കലും ഒരു അമ്മയാകാനുള്ള കഴിവില്ലെന്ന് ചികിത്സകൾ പ്രസ്താവിച്ചു,അതുകൊണ്ടുതന്നെ ഡേവിഡിന്റെ മകളെ തന്നെ ഏറ്റെടുക്കാമെന്നും പതിയെ കാര്യങ്ങൾ ലീനയെ പറഞ്ഞു മനസ്സിലാക്കാം എന്നും ഡേവിഡ് എന്നെ വിളിച്ചുപറഞ്ഞു, അതിനായി ആയിരുന്നു അവൻറെ ഈ വരവ് പോലും, സ്വന്തം മോളെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും അവന് കഴിഞ്ഞിരുന്നില്ല,

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ പല്ലവിയുടെ കണ്ണിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു,

“എൻറെ അമ്മയും അനിയൻ എന്ന് കരുതുന്ന ആളും ചെയ്ത തെറ്റിനു ഉള്ള പരിഹാരം ആയിരുന്നു ഈ വിവാഹം അല്ലേ?

പെട്ടന്ന് പല്ലവിയുടെ മുഖഭാവം മാറി,

ഒരിക്കലും മോൾ അങ്ങനെ കരുതരുത് അങ്ങനെ ഞാൻ ചിന്തിച്ചിട്ടുപോലുമില്ല, നിൻറെ ബാല്യവും നിൻറെ സന്തോഷങ്ങളും ഒക്കെ തകർക്കാൻ ഡേവിഡ് അറിയാതെയാണെങ്കിലും ഉത്തരവാദിയായി, അത്രയേ ഞാൻ കരുതിയുള്ളൂ

“അറിയാതെയോ? എങ്ങനെ അറിയാതെ ഉത്തരവാദി ആകുന്നത് മനപൂർവ്വം തന്നെയാണ്, ഞങ്ങളുടെ ജീവിതം അയാൾ തകർത്തു, എന്റെ സന്തോഷങ്ങൾ, ഞാൻ അനുഭവിച്ച നാണക്കേട്, ഇതിനൊക്കെ കാരണം അയാൾ ആരുന്നു, എന്റെ അച്ഛൻ എത്രത്തോളം അമ്മേ സ്നേഹിച്ചിരുന്നു, എൻറെ കാര്യം പോട്ടെ എൻറെ അച്ഛനെ പറ്റിച്ചില്ലേ,ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത് എൻറെ അമ്മയെയും എൻറെ അമ്മ സ്നേഹിച്ച ആളെയും ആണ് ,അങ്ങനെ ഒരാൾ ഉള്ള കുടുംബത്തിലേക്ക് ഞാൻ കയറി വരുമെന്ന് അങ്കിൾ വിചാരിച്ചെങ്കിൽ തെറ്റി, ഹൃദയം കൊടുത്താണ് ഞാൻ നിവിന്നെ സ്നേഹിച്ചത്, അത് എന്നും അങ്ങനെ തന്നെയാണ്,പക്ഷേ ഒരിക്കലും അയാൾ ഇവിടെ ഉള്ള കാലത്തോളം ഈ കുടുംബത്തിൽ ഞാൻ വരില്ല,

അവളുടെ മറുപടി കേട്ട് മാത്യൂസ് ഭയന്നു പോയി,

അത്രയും പറഞ്ഞ് അവൾ ആരോടും മറുപടി പറയാതെ റൂമിൽ നിന്നും പുറത്തിറങ്ങി, ശരവേഗത്തിൽ പുറത്തേക്ക് പോകുന്ന അവളെ കണ്ട് നിത പുറകെ ചെന്നെങ്കിലും ഒന്നും കേൾക്കാതെ അവൾ പെട്ടന്ന് സ്കൂട്ടി എടുത്തു പോയി ,അങ്ങോട്ട്‌ ഉള്ള യാത്രയിൽ മനസ്സ് അവളുടെ കലങ്ങി മറിയുക ആരുന്നു, ഫ്ലാറ്റിൽ ചെന്നതും ഫ്രിഡ്ജ് തുറന്നു ഒരു ജഗ്ഗ് വെള്ളം കുടിച്ചു, ബാത്ത്റൂമിൽ നിന്നും വെള്ളം വീഴുന്ന സൗണ്ട് കേട്ടപ്പോൾ ലക്ഷ്മി കുളിക്കുക ആണെന്ന് മനസിലായി, ആകെ പാടെ ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു പല്ലവി,

അവൾ പെട്ടന്ന് തന്റെ ബാഗ് എടുത്ത് ഫ്ലാറ്റിനു പുറത്തേക്ക് നടന്നു, ലിഫിറ്റിൽ കയറി താഴെ എത്തി റോഡിലേക്ക് നടന്നു, ആദ്യം കണ്ട ഓട്ടോയിൽ കൈ കാണിച്ചു കയറി,

‘”എങ്ങോട്ടാ ചേച്ചി

“കെ എസ് ആർ റ്റി സി സ്റ്റാൻഡ്

അവൾ യന്ത്രികം ആയി മറുപടി പറഞ്ഞു, ബസ് സ്റ്റാൻഡിൽ എത്തിയത് പോലും അവൾ അറിഞ്ഞില്ല,

“ചേച്ചി 50 രൂപ

പെട്ടന്ന് ബോധം വന്നപോലെ പൈസ കൊടുത്ത് അവൾ സ്റ്റാൻഡിനകത്തെക്ക് കയറി,

പാലക്കാട്‌ എന്ന് ബോർഡ് വച്ച ബസിൽ കയറി ഇരുന്നു, ഫോണിൽ ആരൊക്കെയോ വിളിച്ചുകൊണ്ടിരുന്നു, അവൾ ഒന്നും കേട്ടില്ല അവൾ മറ്റൊരു ലോകത്ത് ആരുന്നു, ശേഷം പതിയെ അവൾ ഫോൺ എടുത്തു മോഹനെ വിളിച്ചു

“ഹലോ അച്ഛാ

“പറ മോളെ

“അച്ഛൻ തിരക്കിൽ ആണോ

“അല്ലടാ

“ഞാൻ അച്ഛമ്മയുടെ വീട്ടിലേക്ക് പോവാ, ആരോടും ഞാൻ അവിടെ ഉണ്ടന്ന് പറയണ്ട, ഞാൻ അവിടെ ചെന്നിട്ട് അച്ഛനെ വിളിക്കാം,

“എന്താ മോളെ എന്തുപറ്റി

“ഒക്കെ വൈകിട്ട് പറയാം,

അത്രയും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു,വണ്ടി പതിയെ ചലിച്ചു തുടങ്ങി, വീണ്ടും പല്ലവിയുടെ ഫോൺ ബെൽ അടിച്ചു,

“നിവിൻ കാളിങ്

ഡിസ്പ്ലേയിൽ ആ പേര് കണ്ടതും പഴയ പോലെ സന്തോഷം അവൾക്ക് തോന്നിയില്ല, അവൾ പെട്ടന്ന് ഫോൺ വലിച്ചു വെളിയിലേക്ക് എറിഞ്ഞു, ഏതോ ഒരു ലോറിയുടെ അടിയിൽ പെട്ട് അത്‌ കഷണങ്ങൾ ആയി, അത് തന്റെ ജീവിതം ആണ് എന്ന് പല്ലവിക്ക് തോന്നി, ഇനി ഒരിക്കലും അത്‌ കൂട്ടിച്ചേർക്കപെടില്ല അവൾ ഓർത്തു,

മാത്യൂസ് പറഞ്ഞു എല്ലാം അറിഞ്ഞ നിവിൻ പല്ലവിയെ വിളിച്ചു കിട്ടാതെ ആയപ്പോൾ വല്ലാതെ ടെൻഷൻ ആയി, അവൻ നേരെ ലക്ഷ്മിയുടെ ഫ്ലാറ്റിൽ ചെന്നു, അവിടെ നിന്നും നിരാശ ആയിരുന്നു ഫലം, അവന്റെ ഹൃദയത്തിൽ വല്ലാത്ത ഒരു ഭയം ഉടലെടുത്തു,

ഈ സമയം ലക്ഷ്മി പല്ലവിയെ കാണാതെ പേടിച്ചു മോഹനെ വിളിച്ചു, അവൾ തന്നോട് പറിഞ്ഞിട്ടുണ്ട് എന്നും മറ്റാരോടും പറയണ്ട എന്നും പറഞ്ഞു മോഹൻ അവരെ ആശ്വസിപ്പിച്ചു.

നേരം ഒരുപാട് വൈകി ആണ് പല്ലവി പാലക്കാട്‌ എത്തിയത്, ആ സമയത്ത് പല്ലവിയെ കണ്ട് സൗദാമിനിയമ്മ ഒന്ന് പേടിച്ചു, പ്രായം 82 ആയെങ്കിലും വല്ല്യ ചുറുചുറുക്കാണ് സൗദാമിനിയമ്മക്ക്, കൊച്ചുമക്കളിൽ ഏറ്റവും പ്രിയം അവർക്ക് പല്ലവിയോട് ആണ്, ഒറ്റക്ക് ആണ് അവരുടെ താമസം, തറവാട്ടിൽ, മക്കൾ നിര്ബാന്ധിച്ചിട്ടും ഭർത്താവിന്റെ അസ്ഥിതറ വിട്ട് താൻ എങ്ങോട്ടും ഇല്ല എന്നാണ് അവരുടെ നിലപാട്,

“നീ എന്താ കുട്ടിയെ ഈ ത്രിസന്ധ്യയ്ക്ക്

“എനിക്ക് എന്റെ അച്ഛമ്മയെ കാണാൻ തോന്നി ഞാൻ പൊന്നു,

“കൊള്ളാം പഴയ കാലം ആണോ ഇത്,

“വിശേഷം ഒക്കെ പിന്നെ എനിക്ക് അച്ഛനെ ഒന്ന് വിളിക്കണം എന്നിട്ട് അച്ഛമ്മയോട് ഒപ്പം കുറേ ദിവസം,

അവരെ ഒന്ന് കെട്ടിപിടിച്ചു ഉള്ളിലെ നെരിപ്പോട് മറച്ചു അവൾ പറഞ്ഞു,

“എനിക്ക് കുറച്ചു കാപ്പി തരാമോ ഏലക്ക ഒക്കെ ഇട്ടത്, ഇത്രയും യാത്ര ചെയ്ത ക്ഷീണിച്ചു വന്നതല്ലേ,

ഇപ്പോൾ എടുക്കാം, നീ ഇരിക്ക്,

അവർ അകത്തേക്ക് പോയപ്പോൾ അവൾ ഫോൺ എടുത്ത് മോഹന്റെ ഫോണിൽ വിളിച്ചു,അതിനു വേണ്ടി ആണ് അവരെ അവൾ അകത്തേക്ക് വിട്ടത് തന്നെ, ഇത് കൂടെ അറിഞ്ഞാൽ അച്ഛമ്മ തകർന്നു പോകും, ഒന്നും അവരെ അറിയിക്കേണ്ട എന്ന് അവൾ തീരുമാനിച്ചു, ഫോൺ എടുക്കപ്പെട്ടതും ഒരു പൊട്ടികരച്ചിലോടെ ഒറ്റ ഇരുപ്പിൽ താൻ അറിഞ്ഞത് എല്ലാം പറഞ്ഞു, എല്ലാം കേട്ട് മോഹൻ ഞെട്ടി,

“അച്ഛാ എനിക്ക് ആരേം വേണ്ട, എന്നെ കാണാതെ ആയാൽ നിവിൻ വരും എന്നെ തിരക്കി, പറയല്ലേ അച്ഛാ ഞാൻ ഇവിടെ ആണെന്ന്, നിവിനെ കണ്ടാൽ ഞാൻ തകർന്നു പോകും,

“പറയില്ല, മോൾ ഡേവിഡിനെ കണ്ടോ

“ഇല്ല

“മാത്യൂസ് വേറെന്തെലും പറഞ്ഞോ

“ഇല്ല എന്താണ് അച്ഛാ,

“ഒന്നുമില്ല, എന്റെ മോൾ വിഷമിക്കണ്ട അച്ഛൻ പിന്നെ വിളിക്കാം,

ഫോൺ വച്ചു കഴിഞ്ഞു മോഹൻ ഓർത്തു, ഡേവിഡ് ആകും ലതികയുടെ കാമുകൻ എന്ന് താൻ കരുതിയില്ല, ഡേവിഡിനെ അവൾ കണ്ടിട്ടില്ല,

കണ്ടാൽ !!!!!!!!!!

അയാൾ നടുങ്ങി,

“അവൾ ഡേവിഡിന്റെ മകൾ ആണ് എന്ന് പല്ലവി അറിഞ്ഞാൽ, താൻ അവൾക്ക് ആരും അല്ലാതെ ആയിപ്പോകും, തന്റെ നെഞ്ചോടു ചേർത്തു താൻ വളർത്തിയ പൊന്നുമോൾ, തന്റെ രക്തമാണെന്ന് താൻ ലോകത്തോട് മുഴുവൻ വിളിച്ചു പറഞ്ഞവൾ, ഇല്ല അവൾ അത് അറിയാൻ പാടില്ല, ജന്മം കൊണ്ട് മാത്രേ അവൻ അവൾക്ക് പിതാവായിട്ടുള്ളു കർമ്മം കൊണ്ട് താൻ ആണ്, അവൾ തന്റെ മോൾ ആണ്, തന്റെ പൊന്നുമോൾ, താൻ അവളെ ആർക്കും വിട്ട് കൊടുക്കില്ല,

അയാളുടെ മനസ്സ് ഭ്രാന്തമായി പുലമ്പി.

(തുടരും