വാതിലിൽ ശക്തമായ കൊട്ട് കേട്ട് അയാൾ ഓർമകളിൽ നിന്ന് മെല്ലെ ഉണർന്നു,
അയാൾ ചെന്ന് വാതിൽ തുറന്നു.മുന്നിൽ പല്ലവി,
“അച്ഛൻ ഉറങ്ങിയിരുന്നോ,
“ഹേയ് പകലുറക്കം പതിവില്ലല്ലോ, മോൾ അച്ഛമ്മയുടെ അടുത്ത് നിൽക്കുന്നത് കൊണ്ട് അച്ഛൻ ഇങ്ങ് പോന്നത്
അയാൾ വാത്സല്ല്യതോടെ അവളെ നോക്കി, അയാളുടെ മനസ്സിൽ അവളെ കൈയ്യിൽ ലഭിച്ച അന്ന് മുതൽ ഉള്ള കാര്യങ്ങൾ തെളിഞ്ഞു.
“എന്താണ് അച്ഛാ ഇങ്ങനെ നോക്കുന്നെ,
“വെറുതെ എന്റെ മോളെ നോക്കിയതാ, എത്ര പെട്ടന്ന് ആണ് കുട്ടികൾ വളരുന്നത്, നീ ജനിച്ചത് ഇന്നലെ പോലെ ഓർക്കുന്നു,
അവൾ ചുമ്മാ ഒന്ന് ചിരിച്ചു,
“നമ്മുക്ക് എങ്ങോട്ടെങ്കിലും പോയാലോ അച്ഛാ,
അവളുടെ ചോദ്യം കേട്ട് അയാൾ മനസിലാകാതെ നോക്കി,
“എങ്ങോട്ട്
“അറിയില്ല അച്ഛാ നമ്മളെ ആരും തിരക്കി വരാത്ത എങ്ങോട്ടെങ്കിലും, നമ്മുടെ സങ്കടംങ്ങൾ ഒന്നും അറിയാത്ത ആളുകൾ ഉള്ള ഏതെങ്കിലും നാട്ടിലേക്ക്,
“അപ്പോൾ നിവിൻ? അവനെ മറക്കാൻ നിനക്ക് കഴിയുമോ മോളെ,
“ഒരിക്കലും ആവില്ല അച്ഛാ, നിവിൻ എന്നും എന്റെ മനസ്സിൽ ഉണ്ടാകും, നിവിനോട് ഉള്ള സ്നേഹവും, പക്ഷെ എന്റെ അമ്മ എന്ന സ്ത്രീയോട് ഉള്ള ഔദാര്യത്തിന്റെ പേരിൽ കിട്ടുന്ന ഒന്നും എനിക്ക് വേണ്ട അച്ഛാ, അത് നിവിൻ ആണെങ്കിൽ പോലും, അത് മാത്രം അല്ല ഞാൻ നിവിന്റെ ജീവിതത്തിൽ കടന്ന് ചെന്നാൽ ജീവിതത്തിന്റെ പല ഭാഗങ്ങളിൽ വച്ചു ഞാൻ അയാളെ കാണെണ്ടി വരും, അയാളെ മാത്രം അല്ല ഓർഫനേജിൽ ഉണ്ടെന്ന് പറഞ്ഞ അയാളുടെ മകളെയും, എനിക്ക് അവരെ ഒന്നും ഇനി കാണാൻ താല്പര്യം ഇല്ല, ഒരിക്കലും ഇനി കാണല്ലേ എന്ന് ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ,എന്റെ ജീവിതത്തിൽ ഞാൻ ഓർക്കാൻ പോലും ആഗ്രഹിക്കാത്ത രംഗങ്ങളിലെ കഥാപാത്രങ്ങൾ ആണ് അവർ, അങ്ങനെ ഉള്ള ആളുകൾ ഉള്ളയിടത്ത് ഞാൻ എങ്ങനെ പോകും അച്ഛാ,
അത്രയും പറഞ്ഞപ്പോൾ അവൾ കരഞ്ഞു പോയി, ഞാൻ വളരെ ആലോചിച്ചു എടുത്ത തീരുമാനം ആണ് ഇത്,
പണ്ട് അച്ഛന്റെ ബാങ്കിൽ വർക്ക് ചെയ്ത സുബൈർ അങ്കിൾ ഇല്ലേ, അങ്കിൾ കുറേ വട്ടം ആയി പപ്പയെ അങ്ങോട്ട് വിളിക്കുവല്ലേ, നമ്മുക്ക് തത്കാലം അവിടേക്ക് പോകാം, എന്നിട്ട് പതുക്കെ ആലോചിച്ചു തീരുമാനിക്കാം,
“ഞാൻ ഒന്ന് ആലോചിക്കട്ടെ മോളെ,
പല്ലവി പോയതിനുശേഷം മോഹൻ ചിന്തിച്ചു, അവൾ പറഞ്ഞത് തന്നെയാണ് ശരി, തങ്ങളെ ആരും തേടി വരാത്ത ഒരു നാട്ടിലേക്ക് പോകുന്നതാണ് നല്ലത്, ഇല്ലെങ്കിൽ ഒരുപക്ഷേ തന്റെ പൊന്നു മകളെ തനിക്ക് നഷ്ടമാകും, നഷ്ടമാകാൻ തനിക്ക് വയ്യ, അവൾ പോയാൽ ഈ ജീവിതത്തിൽ താൻ തോറ്റു പോകും, തൻറെ ആരുമല്ലാത്ത ഒരാളെയാണ് 22 വർഷം അച്ഛാ എന്ന് വിളിച്ചതെന്ന് അവൾ അറിഞ്ഞാൽ ആ നിമിഷം അവളുടെ മനസ്സിൽ താൻ ഒരു അന്യപുരുഷൻ ആയി പോകും, ഇല്ല തൻറെ മകൾ അച്ഛൻറെ സ്ഥാനത്ത് മറ്റൊരാളെ കാണുന്നത് തനിക്ക് ചിന്തിക്കാൻപോലും കഴിയില്ല, അവളെ വിട്ടു കൊടുക്കാൻ തനിക്ക് കഴിയില്ല, അവൾ പറഞ്ഞത് പോലെ തങ്ങളെ ആരും തിരക്കി വരാത്ത ഒരു നാട്ടിലേക്ക് അവിടേക്ക് മാറുന്നത് തന്നെയാണ് നല്ലത്, അയാൾ മനസ്സിലുറപ്പിച്ചു.
പല്ലവി മുറിയിലേക്ക് വന്ന് നിവിൻ തൻറെ കയ്യിൽ അണിയിച്ച വിവാഹമോതിരത്തിലേക്ക് നോക്കി, ഒരുവേള അവളുടെ മനസ്സ് ഒന്ന് പിടഞ്ഞു,
താൻ ഒരുപാട് ആഗ്രഹിച്ച സ്വന്തമാക്കിയത് ആണ് ഇത്, പക്ഷേ തൻറെ മനസ്സിലെ വിങ്ങുന്ന ഓർമ്മകൾ തന്നെ അനുവദിക്കുന്നില്ല,
സോറി നിവിൻ ഈ ഒരു സാഹചര്യത്തിൽ എനിക്ക് മറ്റൊരു തീരുമാനം എടുക്കാൻ കഴിയില്ല, എൻറെ മനസ്സിൽ എന്നും നീ ഉണ്ടായിരിക്കും നിവിൻ, അല്ല എൻറെ മനസ്സിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ, പക്ഷേ ഒരുമിച്ച് ഒരു ജീവിതം. ഒരുപക്ഷേ ഈശോ നമുക്ക് വിധിച്ചിട്ടുണ്ടാവില്ല, ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് നിവിൻ അൾത്താരയുടെ മുൻപിൽ വച്ച് 7 നൂലുകൾ കോർത്ത മിന്ന് എൻറെ കഴുത്തിൽ നീ ചാർത്തുന്നത്, പക്ഷേ വിധി കരുതി വെച്ചിരിക്കുന്നത് മറ്റൊന്ന് ആയിരിക്കാം, ഒരിക്കലും എനിക്ക് നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല, ഉള്ളിൽ നിറയെ നിന്നോടുള്ള സ്നേഹമാണ് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ആൾ ഉള്ള ആ വീട്ടിലേക്ക് ഞാൻ വന്നാൽ ഒരുപക്ഷേ നിവിനെ പോലും ആത്മാർത്ഥമായി എനിക്ക് സ്നേഹിക്കാൻ കഴിഞ്ഞെന്നുവരില്ല, ചിലപ്പോൾ ഞാൻ ഒരു ഭ്രാന്തിയായി പോലും മാറും, ഈ വേള ഞാൻ ആഗ്രഹിച്ചു പോവുകയാണ് നീ എൻറെ സ്നേഹം അറിയാതെ പോയിരുന്നെങ്കിൽ, എന്ന് എൻറെ സ്നേഹം ഞാൻ നിന്നെ അറിയിക്കാൻ പാടില്ലായിരുന്നു. ഇല്ലായിരുന്നുവെങ്കിൽ ഈ സത്യങ്ങൾ ഒന്നും ഞാൻ അറിയില്ലായിരുന്നു അത്രമേൽ ദുഃഖം എൻറെ മനസ്സിൽ ഉള്ളതുകൊണ്ടാണ് നിവിൻ ഞാൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് വേണ്ടെന്ന് വയ്ക്കുന്നത്, മോതിരത്തിലേക്ക് നോക്കുന്തോറും അവളുടെ മനസ്സുരുകി കൊണ്ടിരുന്നു.
നിന്നെ മറക്കുകയെന്നാൽ അത് ആത്മഹത്യയ്ക്ക് തുല്യമാണ് നിവിൻ, പിന്നെ ഈ ചെയ്തികൾ ഒക്കെ അത് വെറും പ്രഹസനം ആണ്, നീ ഇല്ലെങ്കിലും ഞാൻ തുടരുമെന്ന് എന്നെത്തന്നെ സ്വയം ബോധിപ്പിക്കാനുള്ള വെറും പ്രഹസനങ്ങൾ, മുറ്റത്തെ തുളസി പോലെ യാണ് നിവിൻ നീ എനിക്ക് എല്ലാ വ്യാധിക്കും ഉള്ള ഒരു ഔഷധം. അവൾ കരഞ്ഞു കൊണ്ട് കട്ടിലിൽ വീണു, ആ തലയിണ അവളുടെ കണ്ണുനീരിനെ ഏറ്റു വാങ്ങി.
******************
എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ തിരിച്ചു കയറി വരുന്ന നിവിനെ കണ്ടപ്പോൾ ആ വീട്ടിൽ കൂടിനിന്ന എല്ലാവരുടെയും ഉള്ളൊന്നു പിടഞ്ഞു.
“എന്താ മോനെ
ട്രീസ അലിവോടെ അവൻറെ തലമുടിയിൽ തഴുകി കൊണ്ട് ചോദിച്ചു.
” ഞാൻ ഇനി തിരക്കാൻ സ്ഥലം ഒന്നും ബാക്കിയില്ല അമ്മച്ചി, അവർ എങ്ങുമില്ല അവരുടെ വീട്ടിലും പോകാൻ ഇടയുള്ളടത്ത് ഒക്കെ അറിയാവുന്നവരെ കൊണ്ട് ഒക്കെ ഞാൻ തിരക്കി, പക്ഷേ എങ്ങുമില്ല.
“ഇപ്പോഴത്തെ ഈ വിഷമം ഒന്നും മാറുന്നത് വരെ ഒന്ന് മാറി നിൽക്കാമെന്ന് അവർ കരുതിയത് ആയിരിക്കും മോനെ, നിന്നെ മറന്നു പോകാൻ ഒന്നും അവൾക്ക് കഴിയില്ല ഈ സങ്കടങ്ങളൊക്കെ മാറുമ്പോഴേക്കും അവൾ നിന്നെ വിളിക്കും, ഇപ്പോ ഈ സമയം അവളെ ഒറ്റയ്ക്ക് വിടുന്നത് തന്നെയാണ് നല്ലത്,
ട്രീസ അത് പറഞ്ഞെങ്കിലും നിവിന്റെ മനസ്സിലെ പ്രതീക്ഷകളും പ്രത്യാശകളും എല്ലാം അസ്തമിച്ചു കഴിഞ്ഞിരുന്നു, ഇനി ഒരിക്കലും തന്നിലേക്ക് ഒരു തിരിച്ചുവരവ് ഇല്ലാത്തത് പോലെ രണ്ടു സമാന്തര രേഖകളായി തങ്ങൾ മാറിയെന്ന് അവൻറെ മനസ്സിൽ ഇരുന്ന് ആരൊക്കെയോ പറഞ്ഞു.
നിവിന്റെ അവസ്ഥകണ്ട് ഡേവിഡിന് അവനെ ഒന്ന് ഫെയ്സ് ചെയ്യാൻ പോലും തോന്നിയില്ല, അവൻറെ അവസ്ഥയ്ക്ക് കാരണം താനാണ്, തനിക്ക് സംഭവിച്ച പിഴവാണ് അയാൾ മനസ്സിൽ ഓർത്തു, വിവരമറിഞ്ഞ് ഓടി വന്നതാണ് താൻ ലീനയെ അവളുടെ വീട്ടിൽ നിർത്തി, അവളുടെ മുൻപിലും താനിനി കുറ്റവാളിയായി നിൽക്കേണ്ടി വരും, ഒരിക്കൽ പോലും ഇതൊന്നും ലീനയോട് തുറന്നു പറഞ്ഞിട്ടില്ല, തനിക്ക് സ്വന്തമായി ഒരു മകളുണ്ട് എന്ന് അറിഞ്ഞാൽ അവളെ താൻ ഓർഫനേജ് നിർത്തിയിരിക്കുകയാണ് എന്ന് ലീന അറിഞ്ഞാൽ അവളുടെ മുൻപിൽ മനുഷ്യത്വമില്ലാത്ത ഒരുവനെപ്പോലെ താൻ നിൽക്കേണ്ടിവരും, മാത്രമല്ല വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുള്ള തൻറെ പൂർവ കാമുകിയെ വീണ്ടും മറ്റൊരു ജീവിതത്തിലേക്ക് ക്ഷണിച്ച തന്നെ അവൾ ഏതു രീതിയിലായിരിക്കും കാണുന്നത്, മോഹനും ലതികയും അവരുടെ മകളും സന്തോഷമായി കഴിഞ്ഞ ജീവിതമാണ് താൻ തല്ലിത്തകർത്തത് അയാൾ മെല്ലെ ഓർമ്മകളിലേക്ക് ഊളിയിട്ടു,
അന്ന് വീണ്ടും ലതികയെ കണ്ട ദിവസം താൻ തകർന്നു പോയി, അവളോട് ഉണ്ടായിരുന്ന ഇഷ്ടം വീണ്ടും ഉടലെടുത്തു, വീണ്ടും കാണാൻ പോയി, അവൾ മോഹനിൽ നിന്ന് വരില്ല എന്ന് തീർത്തു പറഞ്ഞു,വർഷങ്ങൾക്ക് ശേഷം താൻ അവളെ കണ്ടതിന്റെ സന്തോഷത്തിൽ അവളെ നിർബന്ധിച്ചു, തനിക് അതിനു അർഹത ഇല്ല എന്ന് അറിഞ്ഞിട്ടും, അവൾ സമ്മതിക്കില്ല എന്ന് പറഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ല, ബോധം മറയും വരെ അന്ന് മദ്യപ്പിച്ചു, പിറ്റേന്ന് വീണ്ടും കാണാൻ പോയി , താൻ മരിക്കാൻ പോവുക ആണ് എന്ന് പറഞ്ഞു, അവൾ ഇല്ലാതെ തനിക്ക് ഇനി ജീവിക്കാൻ കഴിയില്ല എന്ന് പറഞ്ഞു, അവളുടെ മുന്നിൽ വച്ചു ഒരു വിഷകുപ്പി എടുത്ത് കുടിക്കാൻ തുടങ്ങി, അതോടെ അവൾ ഭയന്നു, ശേഷം അവൾ സമ്മതിച്ചു, അങ്ങനെ ആണ് അവളെ കൊണ്ടുവന്നത്, തന്നോട് ഒപ്പം അവൾ ജീവിച്ചുതുടങ്ങിയപ്പോൾ അവൾ സന്തോഷവതി ആയിരുന്നില്ല, ഒടുവിൽ അവളുടെ മകളെ കുറിച്ച് ഉള്ള ചിന്തകൾ ആയിരിക്കും അവളെ ദുഃഖം ഉണ്ടാക്കുന്നത് എങ്കിൽ മകളെ കൂടെ കൂട്ടാം എന്ന് താൻ പറഞ്ഞു, ഒടുവിൽ ഡയാന മോൾ ജനിച്ചു കഴിഞ്ഞു തന്നെ വീണ്ടും അവൾ അംഗീകരിച്ചു തുടങ്ങിയപ്പോൾ ആണ് കാൻസർ രൂപത്തിൽ വിധി വീണ്ടും തന്നോട് ക്രൂരത കാട്ടുന്നത്, ഒടുവിൽ അവളുടെ മരണശേഷം തന്റെ കുഞ്ഞിനെ ഇച്ചായന്റെ കൈയ്യിൽ വച്ചു കൊടുക്കുമ്പോൾ താൻ നിസഹയൻ ആയിരുന്നു, അവളെ മറന്നു മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കുമ്പോൾ താൻ നിർവികാരൻ ആയിരുന്നു,
പക്ഷെ അവൾ ഇന്നും തന്റെ മനസ്സിൽ ജീവിക്കുന്നു. അയാൾ ഓർത്തു,
******************
രണ്ട് ദിവസം ഓഫീസിൽ പോയെങ്കിലും കാര്യമായി ഒന്നും ചെയ്യാൻ നിവിനു തോന്നിയില്ല, അവൻറെ മനസ്സ് പൂർണമായും അസ്വസ്ഥമായിരുന്നു, പുതിയ ജോലി ആയതുകൊണ്ട് തന്നെ അവന് ലീവ് എടുക്കാൻ സാധ്യമായിരുന്നില്ല, താൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാം തലതിരിഞ്ഞ പോവുകയാണെന്ന് അവനറിയാമായിരുന്നു, ടെക്നോപാർക്കിൽ നിന്നും ഉള്ള ജോലി വിട്ടതിനാൽ അനൂപിനെ നേരിൽ കണ്ട് സംസാരിക്കാൻ കഴിയില്ല എങ്കിലും ഇടയ്ക്കിടെ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കി കൊണ്ടിരുന്നു, പ്രതീക്ഷയ്ക്ക് വകയുള്ള എന്തെങ്കിലും കാര്യം അറിഞ്ഞാൽ തന്നെ വിളിക്കാം എന്ന് അനൂപ് പറഞ്ഞിരുന്നു, തന്റെ അവസ്ഥ മനസ്സിലാക്കി വിഷ്ണുവും ഹർഷയും ഇടയ്ക്കിടെ വിളിച്ച് തന്നെ ആശ്വസിപ്പിക്കുന്നുണ്ട്. ചില സമയങ്ങളിൽ ആശ്വാസം തന്നെയാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്, നിവിൻ ഓർത്തു
താൻ ഇപ്പോൾ ജോലി ചെയ്യുന്നത് സർക്കാർ ഓഫീസിൽ ആയതിനാലും ഒരുപാട് ഉത്തരവാദിത്തപ്പെട്ട ഒരു പൊസിഷൻ ആയതിനാൽ തൻറെ സ്വന്തം ചിന്തകളെ ഒന്ന് മാറ്റിവയ്ക്കുക അല്ലാതെ മറ്റു നിർവാഹം നിവിന് ഉണ്ടായിരുന്നില്ല, എന്തെങ്കിലും ഒരു കൈപ്പിഴ പറ്റിയാൽ അത് തന്നെയും തന്റെ ജോലിയെയ്യും ബാധിക്കുമെന്ന് അവനറിയാമായിരുന്നു,
ജീവിതത്തിൽ ഇന്നുവരെ അന്തസ്സായി പഠിച്ച് വിജയിച്ചു ജീവിച്ച താൻ കഴിഞ്ഞ കുറേ ദിവസങ്ങളായി അനുഭവിക്കുന്നത് അപമാനത്തിന്റെയും നഷ്ടത്തിന്റെയും കണക്കുകൾ മാത്രമാണ്, നെഞ്ചിലൊരു നെരിപ്പോട് ഇട്ടു തന്ന് പ്രിയപ്പെട്ടവളും ഇപ്പോൾ തന്നെ പരീക്ഷിക്കുകയാണ്, അവൾ തൻറെ ജീവിതത്തിലേക്ക് ഇട്ടു തന്നത് ഒരു ആയുഷ്കാലത്തേക്കുള്ള നെരിപ്പോട് ആണെന്ന് അവൾ അറിയുന്നില്ല,
കുറെ നിമിഷങ്ങൾക്ക് ശേഷം അവൻറെ ഫോണിൽ അനൂപിന്റെ ഫോൺകോൾ വന്നു,
വളരെ പ്രതീക്ഷയോടെയാണ് അവൻ കോൾ എടുത്തത്
” ഹലോ അനൂപ് പറയൂ
“ഒരു സന്തോഷവാർത്ത പറയാനാണ് ഞാൻ വിളിച്ചത് നിവിൻ,
” എന്താണ് അനൂപ്
നിവിൻ ആകാംക്ഷാഭരിതമായി ചോദിച്ചു.
” അമ്മാമ്മയും മാതുവും തറവാട്ടിൽ ഉണ്ട്, അച്ഛമ്മയുടെ അടുത്ത്, ഞാൻ ഇന്ന് വെറുതെ അച്ഛമ്മയെ വിളിച്ചപ്പോഴാണ് അറിയുന്നത്, കുട്ടിക്കാലം മുതലേ അച്ഛമ്മയ്ക്ക് കൊച്ചുമക്കളിൽ ഏറ്റവും പ്രിയം മാതുവിനോട് ആണ്, അവൾക്കും അങ്ങനെ തന്നെയാണ്, അത് വെച്ച് വെറുതെ ഞാൻ ഒന്ന് വിളിച്ചു നോക്കിയതാ, അപ്പോൾ അറിഞ്ഞത് അവിടെ ഉണ്ടെന്ന്,
നിവിന് സന്തോഷം കൊണ്ട് തുള്ളിച്ചാടും എന്ന് തോന്നി,
” എവിടെയാണ് തറവാട്
“പാലക്കാട്
“ഞാൻ ഇന്ന് തന്നെ അവിടേക്ക് പോകാം അനൂപ്
” നീ ഒറ്റയ്ക്ക് പോകുന്നത് എങ്ങനെ, ഞാനും വരാം വൈകുന്നേരം നമുക്ക് ഒരുമിച്ച് അവിടേക്ക് പുറപ്പെടാം,
” ശരി
നിവിൻ ഫോൺ വെച്ചതും അവന് വല്ല്യ വരെ ആശ്വാസം തോന്നി എവിടെയൊക്കെയോ ഒരു പ്രതീക്ഷ നിറം ചാർത്തി,
അന്ന് നിവിൻ നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി, വീട്ടിൽ ചെന്നതിനുശേഷം ഒരു യാത്രയുണ്ട് എന്ന് മാത്രം എല്ലാവരോടും പറഞ്ഞു. ശേഷം അനൂപിനെ വിളിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് ചെന്നു. അവിടേക്കുള്ള യാത്രയിൽ മുഴുവൻ മനസ്സിൽ പല്ലവി ആയിരുന്നു, പ്രാർത്ഥനയായിരുന്നു അവളെ കാണണമെന്ന്, കണ്ടാൽ ആദ്യം ഒന്ന് പൊട്ടിക്കണം അവൻ മനസ്സിൽ വിചാരിച്ചു, ഇത്രയും ദിവസം തന്നെ വിഷമിപ്പിച്ചത് അല്ലേ, ഓരോ ദൂരങ്ങളും നിവിന് അസഹ്യമായി തോന്നി, അവളുടെ അടുത്തെത്താൻ അവൻറെ മനസ്സ് വെമ്പൽ കൊണ്ടു,
അവിടെ എത്തിയപ്പോഴേക്കും നിവിൻ അക്ഷമൻ ആയിരുന്നു, പഴയ തറവാട് പടിപുരയിലേക്ക് കയറുമ്പോൾ തൻറെ കാമുകിയോട് ആദ്യമായി പ്രണയം പറയാൻ പോകുന്ന ഒരു കൗമാരക്കാരന്റെ പേടിയും ഭയവും ആയിരുന്നു അവൻറെ മനസ്സിൽ, പഠിപ്പുര കടന്നതും അനൂപ് തൂക്കിയിരുന്ന മണി അടിച്ചു, കുറച്ചു സമയങ്ങൾക്ക് ശേഷം തലനരച്ച പ്രൗഢയായ ഒരു സ്ത്രീ ഉമ്മറത്തേക്ക് വന്നു
അനൂപിനെ കണ്ടതും ആ സ്ത്രീയുടെ മുഖം വിടർന്നു.
“മോനെ അനുകുട്ടാ നീ എന്താ പതിവില്ലാതെ,
“ഇവിടെ വരെ വരണ്ട ഒരു ആവിശ്യം ഉണ്ടാരുന്നു വല്യമ്മ, അപ്പോൾ ഇങ്ങോട്ട് കയറാം എന്ന് ഓർത്തു,
“ഇത് നിവിൻ മോൻ അല്ലേ
സൗദാമിനിയമ്മ ഓർത്തു പറഞ്ഞു,
“അതെ
നിവിൻ പുഞ്ചിരിയോടെ പറഞ്ഞു.
“അന്ന് നിശ്ചയതിന് കണ്ട ഓർമയിൽ പറഞ്ഞതാ,
അവർ പറഞ്ഞു.
“മാതു ഉള്ളോണ്ട് ഇവനെ കൂടെ കൂട്ടിയത്, അവൾക്ക് ഒരു സർപ്രൈസ്,
അനൂപ് പറഞ്ഞു.
“അയ്യോ അവർ ഉച്ചക്ക് പോയല്ലോ,
അവരുടെ ആ മറുപടിയിൽ നിവിൻ തകർന്ന് പോയി,
“എവിടെ
അനൂപ് ചോദിച്ചു.
“മോഹന്റെ ഏതോ ഒരു സുഹൃത്തിന്റെ അടുത്തേക്ക്,
“എവിടെ
നിവിൻ ചോദിച്ചു.
“അത് പറഞ്ഞില്ല മോനേ, റെയിൽവേസ്റ്റേഷനിലേക്ക് ആണ് പോയത്,
നിങ്ങൾ ഇരിക്ക് ഞാൻ കുടിക്കാൻ ചായ എടുക്കാം,
അവർ അകത്തേക്ക് പോയി,അനൂപിന്റെ മുഖവും മങ്ങി,അവിടെനിന്നും എന്തുചെയ്യണമെന്നറിയാതെ ആണ് നിവിൻ ഇറങ്ങിയത്. പഠിപ്പുര ഇറങ്ങിയതിനു ശേഷം ആലോചിച്ച് നിൽക്കുന്ന നിവിന്റെ തോളിൽ അനൂപ് കൈവെച്ചു
” നിവിൻ
അനൂപ് ആർദ്രമായി വിളിച്ചു,
“ഞാൻ ഇനി എന്ത് ചെയ്യും അനൂപ്,
“നമ്മുക്ക് കണ്ടുപിടിക്കാം നിവിൻ,
അവൻ ആശ്വസ്സിപ്പിച്ചു, പക്ഷെ നിവിൻ ഒന്നും കേട്ടില്ല,
അവിടെനിന്നും തിരികെയുള്ള യാത്രയിൽ നിവിന്റെ മനസ്സ് ശൂന്യമായിരുന്നു, ഇനി ഒരിക്കലും ഒരു പക്ഷേ അവൾ തന്നിലേക്ക് മടങ്ങി വരില്ല എന്ന് അവൻറെ മനസ്സിൽ ഇരുന്ന് ആരോ പറഞ്ഞു, “അത്രമേൽ നിന്നിൽ നിന്നും ഞാൻ അകന്നു പോയോ പെണ്ണേ “
അവൻ മനസ്സിൽ ചോദിച്ചു
“എന്തിനായിരുന്നു നീ എൻറെ ജീവിതത്തിലേക്ക് വന്നത്, എന്തിനായിരുന്നു നീ എന്നിലേക്ക് വന്നുചേർന്നത്, എൻറെതു മാത്രമായ ഒരു ലോകത്ത് ഒതുങ്ങിക്കൂടി കഴിഞ്ഞിരുന്ന എന്നെ എന്തിനായിരുന്നു നീ നിന്നിലേക്ക് വലിച്ചടുപ്പിച്ചത്, എന്തിനായിരുന്നു ഈ നെഞ്ചിൽ സ്വപ്നങ്ങൾ വിതറിയത് എന്തിനായിരുന്നു, ആശകളും പ്രതീക്ഷകളും ഈ മനസ്സിൽ നെയ്തത്, അണയാനും ആളിക്കത്താനും ആകാത്തവിധം ഒരു നെരിപ്പോടായി നീ എൻറെ നെഞ്ചിൽ കുടിയേറിയത്, മാറ്റിനിർത്താൻ ആയിരുന്നുവെങ്കിൽ പിന്നെ എന്തിനാണ് നീ എന്നെ നിന്നോട് ചേർത്ത് നിർത്താൻ വെമ്പൽ കൊണ്ടത്, ഒരു കാര്യം എങ്കിലും നീ എനിക്ക് പറഞ്ഞുതരൂ, അത്രമേൽ ആഴത്തിൽ എന്നിൽ വേര് ഇറങ്ങി പോയ നിന്നെ ഞാൻ ഇനിയെങ്ങനെ പറിച്ചു കളയും? അവൻ പോലുമറിയാതെ അവൻറെ കണ്ണുകൾ നിറഞ്ഞു അനൂപ് കാണാതെ അവനത് ഒളിപ്പിച്ചു.
രണ്ടാഴ്ചയ്ക്കുശേഷം നിവിനെ ഞെട്ടിച്ച മറ്റൊരു വാർത്തയുമായാണ് നിത വന്നത്.
തുടരും….