എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 37, രചന: റിൻസി പ്രിൻസ്

ആ പെൺകുട്ടിക്ക് പല്ലവിയുടെ മുഖച്ഛായ ആയിരുന്നു, അത് പറയാനും കൂടിയ ഞാൻ ഇപ്പോൾ നിന്നെ കാണാൻ വേണ്ടി വന്നത്

നിവിൻ ആകാംഷയോടെ അവന്റെ വാക്കുകൾക്കായി കാതോർത്തു

“എന്നിട്ട് നീ അടുത്തേക്ക് ചെന്ന് നോക്കിയില്ലേ, അവൾ തന്നെ ആണോ എന്നറിയാൻ,

” എടാ ഞാൻ ഒരുപാട് ദൂരെ നിന്നാ കണ്ടത്, മുഖച്ഛായ കണ്ടിട്ട് അവളെപ്പോലെ ഇരുന്നു, പിന്നെ സെപക്സ് ഒക്കെ വെച്ചിട്ടുണ്ട്, അഞ്ചു വർഷമായില്ലേ, ചിലപ്പോൾ അവളെ പോലെ ഇരിക്കുന്ന ആരെങ്കിലുമായികൂടാ എന്നില്ല,

അവന്റെ മുഖത്തെ തെളിച്ചം നഷ്ട്ടമാകുന്നത് വിഷ്ണു കണ്ടു,

“എങ്കിലും ഞാൻ തിരക്കി, അവളുടെ കൂടെ ഒരു ലേഡി ഉണ്ടായിരുന്നു, ആ കുട്ടി അവളുടെ അടുത്ത് നിന്ന് സംസാരിക്കുന്നത് ഞാൻ കണ്ടത് ആണ്, അവളെ കുറച്ചു കഴിഞ്ഞപ്പോൾ കാണാതെയായി, ഞാൻ ആ ലേഡിയോട് തിരക്കിയപ്പോൾ പറഞ്ഞത്, അവളെ എയർപോർട്ടിൽ വച്ച് പരിചയപ്പെട്ടതാണ് എന്നാണ്, പേര് ചോദിച്ചില്ല, അവൾ മുംബൈയ്ക്ക് പോകാൻ വേണ്ടി വന്നതാണ്,

” മുംബൈ ക്കോ?.

“അതെ, അപ്പോൾ അവൾ ഇപ്പോൾ മുംബൈ ആണോ?

“അവൾ ആണ് എന്ന് എന്ത് ഉറപ്പ് ആണേഡാ, അവൾ തന്നെ ആയിരിക്കണം എന്നില്ല,

“മ്മ്

“ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ, ഇങ്ങനെ എത്രകാലം അവൾക്ക് വേണ്ടി കാത്തിരുന്നു ജീവിതം കളയുന്നത്, ഒരു പക്ഷേ ഒരിക്കലും അവൾ നിന്നെ തേടി തിരിച്ചു വന്നില്ലെങ്കിൽ….

“ഇല്ല വിഷ്ണു, അവൾ വരും അവൾക്ക് വരാതിരിക്കാൻ കഴിയില്ല, അവൾ എന്നെ ആത്മാർത്ഥമായി ആണ് സ്നേഹിക്കുന്നത് എങ്കിൽ ഒരിക്കലും ഒരുപാട് നാൾ എന്നിൽ നിന്ന് അകന്ന് നിൽക്കാൻ അവൾക്ക് കഴിയില്ല,

” ഈ അഞ്ചു വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും അവൾ വന്നില്ലല്ലോ, ഇങ്ങനെ കാത്തിരുന്നു ജീവിതം കഴിക്കുന്നത് മണ്ടത്തരമാണെന്ന് ഞാൻ പറയൂ,

” ആയിരിക്കാം, പക്ഷേ മറ്റു ഒരു പെൺകുട്ടിയെ അവളുടെ സ്ഥാനത്ത് കാണാനും കല്യാണം കഴിക്കാനും ഒന്നും എനിക്ക് കഴിയില്ല വിഷ്ണു, ഞാനവളെ അത്രത്തോളം സ്നേഹിച്ചിട്ടുണ്ട്, അവൾ തിരിച്ചു എന്നെയും,ഈ ലോകത്തിലെ ഏത് കോണിൽ ആണെങ്കിലും അവൾ എന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് ഉറപ്പാണ്, ഇന്നല്ലെങ്കിൽ നാളെ അവൾക്ക് എന്നെ തേടി വരേണ്ടി വരും, എന്നെന്നെങ്കിലും അവൾ വന്നാൽ ഞാൻ മറ്റൊരു വിവാഹം കഴിച്ചാൽ ഞാൻ എന്ത് മറുപടി പറയു,

“വരണ്ടവൾ ആണെങ്കിൽ ഇതിനോടകം വന്നേനെ, പെണ്ണുങ്ങൾ എല്ലാം പെട്ടന്ന് മറക്കും, അവൾ ചിലപ്പോൾ വേറെ കെട്ടിയിട്ട് ഉണ്ടാകും,

“ഇല്ലടാ എനിക്ക് ഉറപ്പാണ്, അവൾ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്, എനിക്ക് വേണ്ടി എവിടെയോ കാത്തിരിക്കുന്നുണ്ട്, പിന്നെ വരാതിരിക്കുന്നത്, അതിന് അവൾ ക്ക് അവളുടേതായ റീസൺ ഉണ്ട്, അത് അവളുടെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ മാത്രം നമുക്ക് മനസ്സിലാക്കാൻ പറ്റു,ഇപ്പൊ ഒന്ന് കാണാതിരുന്നാൽ, സംസാരിക്കാതെ ഇരുന്നാൽ, അങ്ങനെയൊക്കെ മാഞ്ഞു പോകുന്നതാണ് പ്രണയമെങ്കിൽ ആ പ്രണയം സത്യമല്ല വിഷ്ണു, ഞങ്ങളുടെ പ്രണയം സത്യമാണ്, ഒന്ന് കാണാതിരുന്നാലോ മിണ്ടാതിരുന്നാലോ മനസ്സിലൂള്ള ഇഷ്ടം പോകില്ല,

അവനോട് പിന്നീട് മറ്റൊന്നും പറയാൻ വിഷ്ണുവിനെ തോന്നില്ല,

✳️✳️✳️✳️✳️✳️

ഡ്യൂട്ടി കഴിഞ്ഞു നീന വരുമ്പോൾ ഫ്ലാറ്റ് അകത്തുനിന്ന് പൂട്ടിയിരിക്കുവാരുന്നു, അതിനാൽ ബോബി അകത്തുണ്ടെന്ന് അവൾക്ക് മനസിലായി, അവൾ ഡോർ ബെൽ അടിച്ചു, കുറച്ചു നിമിഷങ്ങൾക്ക് ശേഷം വാതിൽ തുറക്കപ്പെട്ടു, ഒരു ഷോർട്സ് മാത്രം ഇട്ട് നിൽക്കുന്ന ബോബിയെ കണ്ട് അവൾ സൂക്ഷിച്ചു നോക്കി, അയാൾ മദ്യപിച്ചിട്ടുണ്ട് എന്ന് മുഖം കണ്ടപ്പോൾ അവൾക്ക് മനസിലായി,

“ബോബിക്ക് നൈറ്റ്‌ ഡ്യൂട്ടി അല്ലേ,

“മ്മ്

അയാൾ താല്പര്യം ഇല്ലാത്ത മട്ടിൽ ഒന്ന് മൂളി,

“ടിഫിൻ റെഡി ആക്കി തരാം ഞാൻ കുളിച്ചു വന്നിട്ട്

“വേണ്ട പുറത്തു നിന്ന് കഴിച്ചോളാം

അയാൾ അകത്തേക്ക് പോയി, അവൾക്ക് ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ തോന്നി, അവൾ മുറിയിലേക്ക് പോയി, പണ്ടൊക്കെ താൻ ഡ്യൂട്ടി കഴിഞ്ഞു വന്നാൽ ഉടനെ ബോബി തന്നെ സ്നേഹം കൊണ്ട് പൊതിയും, വിവാഹം കഴിഞ്ഞ് കാലങ്ങളിലെല്ലാം താൻ ബോബിക്ക് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു, താൻ ഉണ്ടാകുന്ന ഭക്ഷണം മാത്രമേ കഴിക്കാറുണ്ടായിരുന്നുള്ളൂ, അതുകൊണ്ടാണ് ബോംബെയിലേക്ക് മാറിയപ്പോൾ ജോലിക്കാരി പോലും വേണ്ട എന്ന് ബോബി വാശി പിടിച്ചത്, ഇപ്പോൾ കുറേ നാളുകളായി ബോബി തന്നെ അവോയിഡ് ചെയ്യുകയാണ്, ഒരു അമ്മയാകാൻ കഴിയില്ല എന്നതാണ് ബോബി കണ്ടെത്തിയ കുറ്റം, അതോടെ ഉണ്ടായിരുന്നു സ്നേഹവും നഷ്ടമായിരിക്കുന്നു, തനിക്ക് അങ്ങനെയൊരു കഴിവില്ല എന്ന് ഒരു ഡോക്ടറും പറഞ്ഞിട്ടില്ല, എന്തൊക്കെയോ പ്രോബ്ലംസ് ഉണ്ട് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ, എന്നിട്ടും തന്നെ പൂർണമായി അവോയിഡ് ചെയ്യുകയാണ് ബോബി, ബോബിയുടെ വീട്ടുകാർ തന്നെ കുറ്റപ്പെടുത്തുന്നതിനു ഒപ്പം, ശബ്ദമില്ലാത്ത ഒരു ഏങ്ങൽ അവളിൽ നിന്നും ഉയർന്നു,

അവളോട് യാത്ര പോലും പറയാതെ ബോബി റെഡി ആയി ഡ്യൂട്ടിക്കായി ഇറങ്ങി, അവൾ ഡ്രസ്സ് മാറി കുളിച്ചു വന്നതിനുശേഷം മുറി വൃത്തിയാക്കുന്നതിനിടയിൽ ആണ് ബോബിയുടെ റൂമിൽ നിന്നും ഒരു ഒരു പാക്കറ്റ് അവൾക്ക് കിട്ടിയത്, അത് കണ്ടതും അവളുടെ ഹൃദയം നിലച്ച് പോകുന്നത് പോലെ തോന്നി, ഒരു ഭാര്യയും ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ഒന്നായിരുന്നു അത്, കുറച്ചുനാളുകളായി തങ്ങൾ രണ്ടു മുറികളിലാണ് താമസം, അതിനിടിയിൽ ബോബിയുടെ മുറിയിലേക്ക് അധികമായി വരാറില്ല, ബോബി ഇല്ലാത്തപ്പോൾ മാത്രമേ വൃത്തിയാക്കാനായി താൻ വരുന്നുള്ളൂ, അവൾ പെട്ടന്ന് മുറി മുഴുവൻ പരിശോധിക്കാൻ തുടങ്ങി, സ്ത്രീകൾ ഉപയോഗിക്കുന്ന ഒരു പെർഫ്യൂം ഒരു ഹെയർ ക്ലിപ്പ് ഒക്കെ അവൾക്ക് അവിടെ നിന്നും കിട്ടി, മരിച്ചു പോയിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു, സ്വന്തം പുരുഷനെ പങ്കുവയ്ക്കാൻ ഒരു സ്ത്രീയും ആഗ്രഹിക്കില്ല, എന്താണ് താൻ ചെയ്ത കുറ്റം? ഒരു സ്ത്രീക്ക് അമ്മയാകാൻ സാധിക്കില്ല എന്ന് പറഞ്ഞാൽ ഉടനെ അവളെ ജീവിതത്തിൽ നിന്ന് എല്ലാർത്ഥത്തിലും ഒഴിവാക്കണമെന്ന് ആണോ?

അവൾ സ്വയം ചോദിച്ചു.ആ രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, ഡൈനിങ് ടേബിളിൽ തല ചേർത്തു വച്ച് അവൾ കിടന്നു, എന്തോക്കെയോ ആലോചനകളിൽ മുഴുകി,സന്തോഷപൂർവ്വം കഴിഞ്ഞത് ആയിരുന്നു താൻ, പക്ഷെ ഇപ്പോൾ ഒരു ജീവിതകാലം അനുഭവിക്കേണ്ടത് മുഴുവൻ താൻ ഈ ഒന്നര വർഷം കൊണ്ട് അനുഭവിക്കുന്നുണ്ട്,

രാവിലെ ഡോർബെൽ കേട്ടാണ് നീന ഉണർന്നത്, അപ്പോൾ ആണ് അവൾ ഓർത്തത്, താൻ ഇവിടെ ഇരുന്നു തലേന്ന് ഉറങ്ങി പോയെന്ന്, അവൾ പെട്ടെന്ന് തന്നെ പോയി കതക് തുറന്നു, മുൻപിൽ നിൽക്കുന്ന ബോബിയെ കണ്ടപ്പോൾ അവൾക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു, അവളുടെ വീർത്തു നില്ക്കുന്ന കണ്ണുകൾ കണ്ടപ്പോൾ തന്നെ ബോബിക്ക് തോന്നി അവൾ ഇന്നലെ ഉറങ്ങിയില്ല എന്ന്,

” നീ ഇന്നലെ ഉറങ്ങിയില്ലേ? ഇവിടെ എന്തായിരുന്നു പരിപാടി,

” ഞാൻ അല്ലല്ലോ, ബോബി അല്ലേ ഞാൻ ഇല്ലാത്തപ്പോൾ ഇവിടെ പരിപാടികളൊക്കെ നടത്തുന്നത്,

അവളുടെ മറുപടി കേട്ട് ഒന്ന് പതറിപ്പോയി എങ്കിലും അയാൾ അത്‌ മുഖത്തു കാണിക്കാതെ ചോദിച്ചു,

” എന്താണ് നീ ഉദ്ദേശിക്കുന്നത്?

അവൾ മുറിയിൽ പോയി തനിക്ക് കിട്ടിയ പായ്ക്കറ്റും, ഹെയർ ക്ലിപ്പും മറ്റും ബോബി കാണിച്ചു, അയാൾ വിയർത്തു,

” ഇതിനൊക്കെ അർത്ഥം എന്താണ് ബോബി, ഞാൻ ഇപ്പോഴും നിയമപരമായി നിങ്ങളുടെ ഭാര്യ തന്നെയാണ്, മറ്റൊരുത്തിയെ മുറിയിൽ കൊണ്ടുവന്നു നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്താൽ അതിന് അർത്ഥം എന്താണ്? ഞാൻ എന്താണ് മനസ്സിലാക്കേണ്ടത്,

പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയി,

“എനിക്ക് നീയുമായി മാത്രേ റിലേഷൻ കാണു എന്ന് ഞാൻ കരാർ ഒപ്പിട്ടു തന്നിട്ടുണ്ടോ, എനിക്ക് പലരും ആയി റിലേഷൻ കാണും,

“എന്താണ് ബോബി ഇതൊക്കെ,

“നീ വിചാരിക്കുന്നത് പോലെ ഞാൻ കാശിന് പെണ്ണുങ്ങളെ തേടി പോയ ഒരാൾ ഒന്നും അല്ല, അവൾ ഞാനിപ്പോൾ സ്നേഹിക്കുന്ന ഒരാളാണ്, ഞാൻ സംസാരിക്കാൻ ഇരിക്കുക ആയിരുന്നു നിന്നോട്, നീ പറഞ്ഞതുപോലെ നീ ഇപ്പോളും നിയമപരമായി എൻറെ ഭാര്യയാണ്, അതുകൊണ്ടുതന്നെ ആ നിയമപരമായ ബന്ധം ഇല്ലാതാക്കാം, എന്താണെങ്കിലും എനിക്കൊരു കുഞ്ഞിനെ തരാൻ നിനക്ക് കഴിയില്ല, എനിക്കും ആഗ്രഹം ഇല്ലേ അച്ഛൻ ആകാൻ, ഞാൻ എൻറെ പപ്പയുടെയും മമ്മിയുടെയും ഒരേയൊരു മോനാണ്, ഒരു കുഞ്ഞു അവരുടെ സ്വപ്നമാണ്, അവരുടെ മാത്രമല്ല എന്റെയും, അതിനു സാധിക്കാതെ നമ്മൾ തമ്മിൽ ഇനി മുന്നോട്ടു പോകുന്നതിൽ അർത്ഥം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല, അതുകൊണ്ട് നമുക്ക് നിയമപരമായി ബന്ധം ഒഴിയാം, ഞാൻ നിന്നോട് സംസാരിക്കാൻ ഇരിക്കുകയായിരുന്നു, ഏതായാലും ഇങ്ങനെ ഒരു അവസരം വന്നതു കൊണ്ട് അത് പറയുന്നതുകൊണ്ട് കുഴപ്പമില്ലെന്നു തോന്നുന്നു, അവളും മാരീഡ് ആണ് ഹസ്ബൻഡ് മായി എന്തോ പ്രോബ്ലം ഉണ്ട്, ഞാൻ യെസ് പറഞ്ഞാൽ വിവാഹത്തിന് സമ്മതിക്കും,

അവനത് പറഞ്ഞതും ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്ന് നീന ആഗ്രഹിച്ചു.

താൻ ഇനി എന്താണ് പറയുന്നത്? തന്നെ താൽപര്യമില്ലെന്ന് അല്ലെങ്കിൽ തന്നെ വേണ്ടെന്ന് അവൻ പറഞ്ഞു കഴിഞ്ഞു, ഇനി ഒരു ജീവിതത്തിനുവേണ്ടി അവൻറെ മുൻപിൽ താൻ അപേക്ഷിക്കേണ്ടത് ഉണ്ടോ?

“ഞാൻ ഇന്ന് തന്നെ മറ്റൊരു ഫ്ലാറ്റിലേക്ക് മാറിക്കോളാം,

അവൾ ഒന്നും പറഞ്ഞില്ല, അവൻ പറഞ്ഞതൊന്നും അവൾ കേട്ടതുമില്ല, അവൾ വീട്ടിൽ വിളിച്ച് ഒരു കാര്യങ്ങളുംഇത് വരെ പറഞ്ഞിട്ടില്ല, ബോബിയുടെ വീട്ടുകാർ കുറ്റപ്പെടുത്തും എന്നല്ലാതെ അവൻ തന്നോട് അകൽച്ച കാണിച്ചിട്ടുണ്ട് എന്ന് അവർക്ക് അറിയില്ല, വെറുതെ അവരെ കൂടി സങ്കടപ്പെടേണ്ട എന്ന് അവൾ വിചാരിച്ചു,

പലരീതിയിൽ ഒന്ന് രണ്ടു മാസം തട്ടിമുട്ടി പോയി, ഫ്ലാറ്റിലെ ഏകാന്തത അവളെ വല്ലാതെ ഭ്രാന്ത് പിടിപ്പിച്ചു. ജോലി റിസൈൻ ചെയ്തു നാട്ടിൽ പോയാൽ ബന്ധുക്കളുടെയും സ്വന്തക്കാരുടെയും ചോദ്യങ്ങൾക്ക് താൻ മറുപടി പറയേണ്ടിവരും, എല്ലാവരുടെയും മുൻപിൽ ഒരു പരിഹാസ പാത്രമായി താൻ ജീവിക്കേണ്ടിവരും, മറിച്ച് ഇവിടെയാണെങ്കിൽ താൻ ഒറ്റയ്ക്കാണ് എന്ന് ആരും അറിയാൻ പോകുന്നില്ല, അത്‌ തന്നെയാണ് നല്ലത്.
പക്ഷേ വീട്ടിൽ അമ്മയോട് എങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ….. വേണ്ട ഇപ്പോൾ തന്നെ ചേട്ടായിയെ ക്കുറിച്ച് അമ്മയ്ക്ക് വല്ലാത്ത ദുഃഖം ആണ് താൻ കൂടി അത് കൂട്ടേണ്ട, അവൾ മനസ്സിൽ ചിന്തിച്ചു.

പിറ്റേന്ന് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അവളെ കാത്ത് ഒരു രജിസ്റ്ററെഡ് കിടപ്പുണ്ടായിരുന്നു. അവൾ അത് തുറന്നു നോക്കിയതും ഞെട്ടി പോയി,

നിയമപരമായ ബേബി ഡിവോഴ്സ് ആവശ്യപ്പെട്ടിരിക്കുന്നു, രണ്ടുപേരും ഒരുമിച്ച് ജോയിൻ പെറ്റീഷൻ ഒപ്പിട്ട് കൊടുക്കണമെന്നാണ് നിബന്ധന. ഉടനെ തന്നെ താൻ കോടതിയിൽ ഹാജരാകണം, അവളുടെ ഹൃദയം നിലച്ചു പോകുന്നത് പോലെ തോന്നി

“”ആരുടെ ശാപമാണ് താനീ അനുഭവിക്കുന്നത്?””

അവൾ സ്വയം ചോദിച്ചുപോയി.ഇനി വീട്ടിൽ പറയാതിരിക്കുന്നത് ശരിയല്ല എന്ന് അവൾക്ക് തോന്നി, അവൾ ഉടനെ തന്നെ ഫോണിൽ ട്രീസയെ വിളിച്ചു, ട്രീസ ഫോണെടുത്തതും അവൾ കരഞ്ഞു പോയി, കരഞ്ഞുകൊണ്ട് താൻ ഈ കാലം മുഴുവൻ അനുഭവിച്ചത് പറയുമ്പോൾ അവരുടെ ശബ്ദവും ഇടറിയത് അവൾ അറിഞ്ഞിരുന്നു.

“മോൾ ഒന്നു കൊണ്ടും വിഷമിക്കണ്ട, ഞാനും അപ്പയും അങ്ങോട്ട് വരാം,

” വേണ്ട എന്ന് പറഞ്ഞു അവൾ തടഞ്ഞെങ്കിലും കോടതിയിൽ ഒക്കെ പോകുമ്പോൾ ആരെങ്കിലും തനിക്ക് കൂട്ട് വേണം എന്ന് അവൾ മനസ്സിൽ ആഗ്രഹിച്ചു ഇരുന്നു.

വിഷ്ണു പറഞ്ഞതിനെ കുറിച്ച് ആലോചിച്ചു ഇരിക്കുവാരുന്നു നിവിൻ,

അവൻ കണ്ട പെൺകുട്ടി കാണാൻ പല്ലവിയെ പോലെ ആയിരുന്നു, അവൾ ആകുമോ അത്‌,

ആലോചിക്കുകയായിരുന്നു നിവിൻ,

ഒരു പക്ഷേ അവൻ പറഞ്ഞതുപോലെ ഒരിക്കലും അവൾ തന്നെ തേടിവന്ന ഇല്ലെങ്കിലോ? അവൻ മനസ്സിൽ ആലോചിച്ചു.ഇല്ല ഒരിക്കലും അവൾക്ക് അതിന് കഴിയില്ല, തന്നെ മറന്നു ഒരു ജീവിതം പല്ലവിക്ക് ഉണ്ടാവില്ല,
അത് തനിക്ക് ഉറപ്പാണ്.

” മോനെ

ട്രീസയുടെ ശബ്ദം കേട്ടതും അവൻ ഓർമ്മകളിൽനിന്നും ഉണർന്നു.

“കരഞ്ഞു കലങ്ങിയ അവരുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു.

“മോനേ നമ്മുടെ നീന മോൾ…. വാക്കുകൾ പൂർണ്ണമാകാത്ത അവർ കരഞ്ഞു.

” എന്താ അമ്മച്ചി കാര്യം പറയൂ, അവൾക്ക് എന്ത് പറ്റി,എല്ലാം ഒറ്റ ശ്വാസത്തിൽ അവരോട് പറഞ്ഞു, എല്ലാം കേട്ടതും അവന്റെ ഹൃദയത്തിലും ഒരു വേദന നിറഞ്ഞു. അവന് വല്ലാത്ത സങ്കടം തോന്നി,തന്റെ പെങ്ങൾ, താൻ അവളെ സങ്കടം അറിയിച്ചിട്ടില്ല ഇത് വരെ, ഇപ്പോൾ മറ്റൊരു നാട്ടിൽ കിടന്നു ആരോരും അടുത്ത് ഇല്ലാതെ അവൾ ഉരുകുന്നു, തനിക് അത്‌ സഹിക്കാൻ കഴിയുന്നില്ല,

” അവൾ ഒറ്റയ്ക്ക് അവിടെ ഈ ഒരു സാഹചര്യത്തിൽ,എങ്ങനെ ആണ് മോനേ, നമ്മുക്ക് പോയാലോ അവളുടെ അടുത്തേക്ക്,

അത് ശരിയാണ് എന്ന് നിവിന് തോന്നി,

” എന്നെയും അപ്പയെയും മാത്രം കണ്ടാൽ ചിലപ്പോൾ അവൾക്ക് സങ്കടം കൂടുകയേയുള്ളൂ, മോൻ കൂടെ ഉണ്ടെങ്കിൽ നിന്നെക്കാൾ രണ്ട് വയസ്സിന് ഇളപ്പം അല്ലേ ഉള്ളൂ, നിന്നെ കണ്ടാൽ അവൾക്ക് വേണമെങ്കിൽ എല്ലാം തുറന്നു പറയാം, ഒന്ന് പൊട്ടിക്കരയാം, അല്ലെങ്കിലും അവളിപ്പോൾ ആഗ്രഹിക്കുന്ന സംരക്ഷണം കൊടുക്കാൻ ഒരു ഏട്ടൻ എന്ന നിലയിൽ നിനക്ക് മാത്രമേ കഴിയൂ, കുറച്ചു ദിവസങ്ങൾ ലീവെടുത്ത് അവൾകരികിലേക്ക് നമ്മുക്ക് പോകാം,
അമ്മച്ചിക്ക് പേടിയുണ്ട് അവൾ എന്തെങ്കിലും അബദ്ധം കാണിക്കുമോ എന്ന്?

“നാളെത്തന്നെ നമ്മൾ അവിടേക്ക് ചെല്ലുമെന്ന് അമ്മച്ചി അവളെ വിളിച്ച് പറ,

ട്രീസക്ക് സമാധാനം തോന്നി,

പെട്ടന്നാണ് നിവിൻ ആലോചിച്ചത് വിഷ്ണു പറഞ്ഞത്, ആ പെൺകുട്ടി ബോംബെയ്ക്ക് ആണ് പോയത് എന്നാണ്,

ഒരുപക്ഷേ ആ നഗരത്തിൽ തന്നെ കാത്ത് പല്ലവി ഉണ്ടായിരിക്കുമോ? അവളെ തന്റെ അടുത്ത് എത്തിക്കാൻ ആണോ വിധി ഇങ്ങനെ ഒരു രംഗം ഒരുക്കി വച്ചത്, വെറുതെ അവൻ ആഗ്രഹിച്ചു.

എന്തായിരിക്കും തന്നെ കാത്ത് ആ നഗരം വെച്ചിരിക്കുന്നത്? അവൻ വെറുതെ ആഗ്രഹിച്ചു, ആ നഗരത്തിൽ തന്നെ കാത്ത് അവൾ ഉണ്ടാകുമെന്ന്, അവളെ തനിക്ക് കണ്ടുമുട്ടാൻ സാധിക്കുമെന്ന്, ആ സുന്ദര സ്വപ്നത്തിൽ അവൻ കണ്ണുകളടച്ചു. ഒരുപക്ഷേ നാളെ കാണാൻ സാധ്യത ഇല്ലെങ്കിൽ പോലും അങ്ങനെയൊരു കാര്യത്തിൽ വിശ്വസിക്കാൻ അവന്റെ മനസ്സ് ആഗ്രഹിച്ചു

(തുടരും)

അപ്പോൾ നമ്മുക്ക് മുബൈക്ക് പോയാലോ, വലിച്ചു നീട്ടുന്നതായി തോന്നുന്നുണ്ടോ?