പരിഭവം ~ രചന: ദിവ്യ കശ്യപ്
കോളിങ് ബെൽ കേട്ടു മുടി വാരി കെട്ടി കൊണ്ടു റൂമിനു പുറത്തേക്കിറങ്ങിയപ്പോഴാണ് അമ്മ വാതിൽ തുറക്കാൻ പോകുന്നത് കണ്ടത്….
ക്ലോക്കിലേക്ക് നോക്കിയപ്പോൾ മണി പതിനൊന്നര… ഇന്ന് ഋഷിയേട്ടന് അമ്മയുടെ കയ്യിൽ നിന്നു കണക്കിന് കിട്ടും… ഞാൻ മനസിലോർത്തു..
“എന്തുവാടാ ഇത്… സമയം എത്രയായീന്നറിയോ… ഇതെന്താ നിന്നെ ഒരു കെട്ട നാറ്റം… “വിചാരിച്ച പോലെ തന്നെ അമ്മ ഫോമിലായി..
“ഋഷി…. നിന്നോടാ ചോദിച്ചേ… എന്താ ഒരു മണമെന്ന്…. ഇതും കൂടിയേ ചെയ്യാനുണ്ടാരുന്നുള്ളു… അതും ആയി… ഇല്ലേ….?? “
ഋഷിയേട്ടൻ ഒന്നും മിണ്ടാതെ ബെഡ്റൂമിലേക്ക് കയറി…
ഇതാദ്യമായിട്ടാണ് ഇങ്ങനെ നാലുകാലിൽ…. ഞാനോർത്തു…
എന്നെയൊന്നു പാളി നോക്കി ബാത്റൂമിൽ പോയി മുഖം കഴുകി വന്നു കിടന്നു…
“കഴിക്കുന്നില്ലേ…. “ഞാൻ ചോദിച്ചു
ഒന്നും മിണ്ടിയില്ല…
ഞാനും ആ ബെഡിന്റെ ഒരറ്റത്ത് കിടന്നു…
ഇടക്കെപ്പോഴോ ഉറങ്ങിപ്പോയ ഞാൻ ഒരു പുലമ്പൽ കേട്ടാണ് കണ്ണുതുറന്നത്…
….ഈ കോപ്പിനൊക്കെ പോയി കെട്ടിക്കൂടെ… ബാക്കിയുള്ളവനെ പ്രാന്ത് പിടിപ്പിക്കാനായിട്ട് നടക്കുന്നു നാശം….
പിറ്റേന്ന് കാലത്ത് ഞാൻ എഴുന്നേറ്റു വരുമ്പോൾ തന്നെ കണ്ടു കുളിച്ചു കുട്ടപ്പനായിട്ട് സിറ്റ് ഔട്ടിൽ ഇരുന്നു പത്രം വായിക്കുന്ന ഋഷിയേട്ടനെ…
അടുക്കളയിൽ തട്ടും മുട്ടും കേട്ടിട്ടാണെന്ന് തോന്നുന്നു ആൾ അങ്ങോട്ട് വന്നു…
അമ്മ അമ്പലത്തിൽ പോയിരുന്നു…
എന്നെ നോക്കാൻ ഒരു ചമ്മൽ പോലെ….
“അനൂ… ഒരു കട്ടൻ എടുക്ക്… “
തല ചരിച്ചു നോക്കിയ എന്നെ നോക്കി ആൾ ഒരു കോടിയ ചിരി ചിരിച്ചു…
“അത് പിന്നെ… ഇന്നലെ ആ ഹരി എന്തൊക്കെയോ പറഞ്ഞു എരികയറ്റിയപ്പോൾ… അതിന്റെ ഒരു…. ചൂടിൽ…. “ആൾ ഇടക്ക് വെച്ചു നിർത്തി….
“എന്ത് പറഞ്ഞു എരി കയറ്റി….? “
“അല്ലെങ്കിൽ നീ തന്നെ പറ… നിന്റെ അച്ചുവേട്ടന്റെ കൂട്ടുകാരനല്ലേ ഹരി…. എന്താ അച്ചു ഇനിയും കല്യാണം കഴിക്കാത്തെ… “
ഋഷിയേട്ടന്റെ ആ ചോദ്യം എന്റെ മനസ്സിൽ തൊട്ടു…
ആ മുഖത്തേക്ക് നോക്കിയപ്പോൾ മുഖം നിറച്ചു പരിഭവം !!!!!!
അമ്മാവന്റെ മകനായ ആര്യൻ എന്ന അച്ചുവിനെ കുറിച്ചാണ് ഈ സംസാരം….
പെട്ടെന്ന് മുറ്റത്തെന്തോ ശബ്ദം കേട്ടു ഞാൻ പൂമുഖത്തേക്ക് ചെന്നു….
മുൻവശത്തെ ഗേറ്റിന്റെ കൊളുത്തിട്ട് റോഡിലേക്കിറങ്ങുന്ന അച്ചുവേട്ടനെയാണ് കണ്ടത്….
അകത്തേക്ക് വന്നിരുന്നിരിക്കാം…. സംസാരവും കേട്ടിരിക്കാം… അതാവാം കയറാതെ പോയത്…
❤️
ന്റെ മനസ് കാതങ്ങൾ പുറകോട്ടു സഞ്ചരിച്ചു… രണ്ടാം വർഷ ഡിഗ്രി പരീക്ഷ കഴിഞ്ഞു നിൽക്കുന്ന സമയം…
ഒന്നാം വർഷം പഠിക്കുമ്പോഴാണ് അച്ചുവേട്ടന് ദുബൈയിൽ ജോലി കിട്ടി പോകുന്നത്…. പോകുന്ന കാര്യം പറയാൻ വന്നപ്പോൾ ആ കണ്ണിലെ നനവ് ശ്രദ്ധിച്ചിരുന്നു…. പോകുന്നതിന്റെ വിഷമം ആകുമെന്നാണ് കരുതിയത്…
രണ്ടാം വർഷം പഠിക്കുമ്പോൾ അച്ചുവേട്ടൻ ലീവിന് വരുന്ന കാര്യം വിളിച്ചു പറഞ്ഞു…
ആ സമയത്ത് തന്നെയാണ് തന്റെ കല്യാണം ഉറപ്പിച്ചത്… ഇരുപത് കഴിഞ്ഞാൽ പിന്നെ ഇരുപത്തെട്ടിലെ നടക്കൂ എന്ന കൃഷ്ണൻ ജ്യോൽസ്യരുടെ പ്രവചനത്തിൽ കുടുങ്ങിപ്പോയ അച്ഛനും അമ്മയും…
അച്ചുവിന്റെ ലീവോട് അടുപ്പിച്ചു തിയതി കുറിക്കാമെന്നു അമ്മാവനും അമ്മായിയും….
വരുമ്പോൾ നിനക്ക് ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞ അച്ചുവേട്ടനോട് ഞാനും പറഞ്ഞു… അച്ചുവേട്ടന് ഞാനും ഒരുക്കിയിട്ടുണ്ട് ഒരു സർപ്രൈസ് എന്ന്…
അമ്മാവനെയും അമ്മായിയെയും അച്ചുവേട്ടന്റെ കൂട്ടുകാരനായ ഹരിയേട്ടനെയും ശട്ടം കെട്ടി കല്യാണക്കാര്യം അച്ചുവേട്ടനെ അറിയിക്കരുതെന്നു….
തിരികെ വന്ന അച്ചുവേട്ടന്റെ കയ്യിൽ അനന്യ weds ഋഷികേശ് എന്നെഴുതിയ കല്യാണക്കുറി കൊടുത്തിട്ട് ഇനി എനിക്കുള്ള സർപ്രൈസ് താ.. എന്ന് പറഞ്ഞ എന്റെ മുന്നിൽ നിറമിഴികളോടെ നിന്ന ആളുടെ മുഖം ഇപ്പോഴും മനസിലുണ്ട്…
സർപ്രൈസ് ആയി തരാനിരുന്ന ഇഷ്ടം പറച്ചിൽ മനസ്സിൽ കുഴിച്ചു മൂടി ആൾ…
ഒന്നും ഇതുവരെ തുറന്നെന്നോട് പറഞ്ഞിട്ടില്ലെങ്കിലും പ്രവാസജീവിതത്തിൽ ഓരോ ദിവസവും എനിക്കായി എഴുതി വെച്ച കുറിപ്പുകൾ എന്നെ അറിയിച്ചു ആളിന്റെ മനസിലെ നുറുങ്ങു വെട്ടം ഞാനായിരുന്നു എന്ന്…
ആളുടെ മുറിയിലെ പുസ്തകക്കൂട്ടത്തിനിടയിൽ നിന്നു ആ കുഞ്ഞു കടലാസ് കഷണങ്ങൾ പറയാതെ പറഞ്ഞു ആ നെഞ്ചിലെ നൊമ്പരം…
സ്കൂൾ പഠന കാലത്തെപ്പോഴോ തോന്നിയ മനസിലെ മൗനപ്രണയത്തിലെ മുഖം അച്ചുവേട്ടന്റെതായിരുന്നു…. പക്ഷെ പേടിയായിരുന്നു അറിയിക്കാൻ…. അമ്മ അച്ഛൻ അമ്മാവൻ അമ്മായി… എല്ലാവരെയും ഓർക്കുമ്പോൾ കയ്യും കാലും വിറയ്ക്കുമായിരുന്നു….
അച്ചുവേട്ടന്റെ മുഖത്തേക്കേ നോക്കില്ലായിരുന്നു…. എങ്ങാനും മനസിലുള്ളത് ആൾ മനസിലാക്കിയെടുക്കുവോ എന്ന് പേടിച്ച്….
പിന്നീടെപ്പോഴോ ഒക്കെ പോയി മറഞ്ഞു……
കാലം തെറ്റി അറിഞ്ഞൊരു പ്രണയം…. ഓർമകൾക്ക് മുന്നിൽ പെയ്തു തീർത്ത് അതെങ്ങോ പോയി….
❤️
കല്യാണം കഴിഞ്ഞിട്ടിപ്പോൾ മൂന്നുവർഷമായി….. അന്നു ലീവിന് വന്നിട്ട് അച്ചുവേട്ടൻ പിന്നെ തിരികെ പോയില്ല…
ഇവിടെ തന്നെ ജോലി മേടിച്ചെടുത്തു….
കല്യാണക്കാര്യം പറയുമ്പോഴൊക്കെ ഒഴിഞ്ഞുമാറുമെന്ന് പറഞ്ഞു അമ്മായി വേവലാതിയോടെ തന്നെ നോക്കുന്നത് കാണുമ്പോൾ എന്താ പറയേണ്ടതെന്നറിയാതെ നിന്നു പോകാറുണ്ട് പലപ്പോഴും…. അമ്മായിയും എന്തൊക്കെയോ അറിയാതെ അറിഞ്ഞിരിക്കുന്നു…..
❤️
“ഡാ…. അടുത്ത ഞായറാഴ്ച നീ ആര്യന്റൊപ്പം ഒന്ന് തിരുവമ്പാടി വരെ പോകണം കേട്ടോ…. നീ ഒരു അളിയനല്ലേയുള്ളു അവനു കൂട്ട് കൊണ്ടു പോകാൻ…. “അച്ഛൻ വിളിച്ചു പറയുന്നത് കേട്ടു എന്തേ കാര്യം എന്ന് ഋഷിയേട്ടൻ ചോദിക്കുന്നത് കേട്ടു….
“അവന്റൊപ്പം ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയെ പെണ്ണ് കാണാൻ… വരദ എന്നാ പേര്…. ആ കുട്ടിക്ക് ഇവനെ തന്നെ മതിയെന്ന്… വർഷം ഒന്നായി ആ വീട്ടുകാർ മകൾക്കു വേണ്ടി ഇവന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട്….അവൻ അടുക്കുന്നില്ലായിരുന്നു… ഇതിപ്പോ എന്ത് പറ്റിയെന്തോ….കഴിഞ്ഞ ഞായറാഴ്ച അവനു ബോധോദയം ഉണ്ടായി കല്യാണം കഴിക്കാമെന്നു….. “അച്ഛന്റെ ചിരി ഫോണിലൂടെ കേട്ടു…
…കഴിഞ്ഞ ഞായറാഴ്ചയാണ് അച്ചുവേട്ടൻ ഇവിടെ വന്നത്…. എല്ലാം കേട്ടു എന്ന് ഇപ്പോൾ ഉറപ്പായി…… ഞാനോർത്തു..
❤️
രണ്ടുമാസങ്ങൾക്കിപ്പുറം അച്ചുവേട്ടന്റെ കല്യാണരാത്രി വരദേച്ചിയുടെ കയ്യിൽ പാൽ ഗ്ലാസ്സ് കൊടുത്തു മണിയറയിലെക്കെത്തിച്ചത് പെങ്ങൾ സ്ഥാനത്ത് ഞാനായിരുന്നു….
ചിരിയോടെ അകത്തേക്ക് കയറും മുൻപേ വരദേച്ചി എന്നോട് പറഞ്ഞു…
“അനൂ….. നന്ദിയുണ്ട്….. “
“എന്തിനു… “
“നീ തന്ന ഈ ജീവിതത്തിനു… എന്നോട് പറഞ്ഞിട്ടുണ്ട് എല്ലാം… ആര്യൻ “
ഒന്നും മിണ്ടാതെ നിൽക്കാനേ കഴിഞ്ഞുള്ളു….
❤️
തിരികെ മുറിയിലെത്തി സാരിയൊക്കെ അഴിച്ചുമാറ്റി ഒരു കോട്ടൺ ചുരിദാർ ഇടുന്നതിനിടയിലാണ് കട്ടിലിന്റെ ഓരത്ത് എന്തോ ചിന്തിച്ചിരിക്കുന്ന ഋഷിയേട്ടനെ കണ്ടത്…..
അടുത്തേക്ക് ചെന്ന് താടിത്തുമ്പ് പിടിച്ചുയർത്തി എന്തേ…. എന്നു ചോദിക്കുമ്പോഴേക്കും പിടിച്ചു മടിയിലേക്കിരുത്തി എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ആൾ ….
“ന്താ…മാറിയോ പരിഭവമൊക്കെ….. “ഞാൻ വീണ്ടും ആ താടി രോമങ്ങൾ കിള്ളി വലിച്ചു…
“പോടീ…. “
ഞാൻ ചിരിയടക്കാൻ പാടുപെട്ടു…
ആ മുഖത്ത് വീണ്ടും പരിഭവം….
ഞാൻ കളിയാക്കി ചിരിച്ചതിന്റെ പരിഭവം… ❤️