മുംബൈ നഗരത്തിലേക്ക് ചെന്നിറങ്ങുമ്പോൾ നിവിന്റെ മനസ്സ് ശാന്തമായിരുന്നു. അവന് ഒരു പോസിറ്റീവ് എനർജി തോന്നി, തന്റെ പ്രിയപ്പെട്ടവൾ ഈ നഗരത്തിന്റെ തിരക്കിൽ എവിടെയോ തന്നെ കാത്തിരിക്കുന്നുണ്ട് എന്ന് അവൻ വെറുതെ വിശ്വസിച്ചു,ട്രീസയും മാത്യൂസും നല്ല ക്ഷീണത്തിൽ ആണെന്ന് അവന് തോന്നി, രാത്രി ആയപ്പോൾ ആണ് അവർ അവിടെ എത്തിയത്ത്,
“നമ്മുക്ക് ടാക്സി നോക്കാം, ഞാൻ നോക്കാം നിങ്ങൾ ഇവിടെ നില്ക്,
അവൻ അവരോട് അങ്ങനെ പറഞ്ഞു ടാക്സി സ്റ്റാൻഡിലേക്ക് നടന്നു, രാത്രിയിൽ ആണ് മുംബൈ നഗരം ഉണർന്നു വരുന്നത് എന്ന് അവന് തോന്നി, ടാക്സിയി കയറി നീന പറഞ്ഞ അഡ്രസിലേക്ക് യാത്ര തുടങ്ങി, അവൾ എയർപോർട്ടിൽ വരാം എന്ന് പറഞ്ഞപ്പോൾ താൻ ആണ് മനഃപൂർവം വേണ്ടന്ന് പറഞ്ഞത്, വണ്ടി ഫ്ലാറ്റിനു മുമ്പിൽ നിർത്തിയപ്പോൾ തങ്ങളെ കാത്ത് അവൾ നില്പുണ്ട്, അവളെ കണ്ടതും അവന്റെ ഉള്ളിൽ ഒരു സങ്കടകാറ്റ് അടിച്ചു, പഴയ പ്രസരിപ്പും ചൊടിയും ഒക്കെ പോയിരിക്കുന്നു, ആ കണ്ണുകളിൽ ദുഃഖം നിഴലിച്ചിരിക്കുന്നു, തങ്ങളെ നോക്കി ഒരു വിഷാദ ചിരി നൽകി, കണ്ടപാടെ അമ്മച്ചിയെ വന്നു ഓടി കെട്ടിപിടിച്ചു, പ്രായം എത്ര ആയാലും ഒരു വിഷമം ഉണ്ടാകുമ്പോൾ സ്വന്തം അമ്മയെ ചേർന്ന് നിൽകുമ്പോൾ കിട്ടുന്ന സമാധാനം ഒന്നും ഒരു മോട്ടിവേഷൻ സ്പീക്കറിനും തരാൻ കഴിയില്ലല്ലോ,
“ചേട്ടായി എന്താണ് ആലോചിച്ചു നില്കുന്നെ
നീന ചോദിച്ചപ്പോൾ നിവിൻ ഒരു ചിരി വരുത്തി,
“വെറുതെ,
അവൻ അകത്തേക്ക് കയറി, അവനെ കണ്ടപ്പോൾ അവൾക്കും സങ്കടം തോന്നി, താൻ കാരണം ആണ് അവന്റെ ജീവിതം ഇങ്ങനെ ആയത് എന്ന് അവൾ ഓർത്തു, അന്ന് പല്ലവിയോട് ഉള്ള ദേഷ്യത്തിൽ താൻ അവളോട് പറഞ്ഞു, അപ്പ അവളുടെ അമ്മയോട് ഉള്ള പ്രേതോപകരം ആയി ആണ് ഈ ജീവിതം നിനക്ക് നൽകുന്നത് എന്ന്, അങ്ങനെ പറഞ്ഞാൽ അവൾ പിന്മാറും എന്ന് തനിക്ക് ഉറപ്പ് ആയിരുന്നു, ആ ഒരു വാക്കാണ് തന്റെ ചേട്ടായിയുടെ ജീവിതം തകർത്തു കളഞ്ഞത്, അവൾക്ക് സങ്കടം തോന്നി,
കുറേ നേരം അവൾ ട്രീസയുടെ മടിയിൽ കിടന്നു, കുറേ ദുഃഖം അവരുടെ മടിയിൽ അവൾ ഒഴുക്കി കളഞ്ഞു, അന്ന് ഒരു കൊച്ചുകുഞ്ഞിനെ പോലെ അവൾ അവരെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി,
രാവിലെ നിവിനു ചായ കൊടുക്കാൻ ആയി നീന റൂമിൽ ചെന്നു,
“ചേട്ടായി,
“മ്മ്
“ഞാൻ കാരണം ആണ് ചേട്ടായിയുടെ ജീവിതം ഇങ്ങനെ ആയത്, ഒരുപക്ഷെ അതിന്റെ ശിക്ഷ ആയിരിക്കും ഞാൻ ഈ അനുഭവിക്കുന്നത്,
“നീ കാരണമോ, നീ എന്തൊക്കെ ആണ് പറയുന്നത്,
“ഞാൻ ആണ് അന്ന് പല്ലവിയോട് എല്ലാം പറഞ്ഞത്, അപ്പയും അമ്മയും സംസാരിക്കുന്നത് ഞാൻ കേട്ടു,അപ്പ പറഞ്ഞത് പല്ലവിയുടെ അമ്മ അവൾക്ക് നിഷേധിച്ച സ്നേഹം നമ്മുടെ അമ്മച്ചി അവൾക്ക് തിരിച്ചു കൊടുക്കണം എന്നാണ്, ഈ വിവാഹം കൊണ്ട് അപ്പ ആഗ്രഹിക്കുന്നത് അതാണ് എന്ന്, ഞാൻ പല്ലവിയോട് പറഞ്ഞത് ഇങ്ങനെ ഒന്നുമല്ല, അവൾ കരഞ്ഞു കൊണ്ട് എല്ലാ സത്യങ്ങളും പറഞ്ഞു,
“അതിനു ശേഷം ഞാൻ എത്ര പ്രാര്ഥിച്ചിട്ടുണ്ട് എന്നറിയോ അവൾ ഒന്ന് തിരിച്ചു വന്നെങ്കിൽ എന്ന്, അതിന്റെ ഒക്കെ ശിക്ഷ ആണ്….
“അല്ല മോളെ എന്നെങ്കിലും അവൾ സത്യം അറിഞ്ഞേനെ അതിന് നീ ഒരു കാരണം ആയി എന്ന് മാത്രേ ഉള്ളു,
തന്റെ മുന്നിൽ നിന്ന് പൊട്ടിക്കരയുന്ന അവളെ അവൻ ആശ്വസിപ്പിച്ചു,
വൈകുന്നേരം വരെ നിവിൻ ഫ്ലാറ്റിൽ ചിലവഴിച്ചു, വൈകുന്നേരം വെറുതെ പുറത്തേക്ക് ഇറങ്ങി,
രാത്രിയിൽ ആണ് മുംബൈ സുന്ദരി ആകുന്നത് അവൻ ഓർത്തു, പകലുകളെക്കാൾ സൗന്ദര്യം എറിയതാണ് ഇവിടുത്തെ രാത്രികൾ,മുബൈയുടെ പൂർണ്ണ ഭംഗി തെളിയുന്നത് രാത്രിയുടെ യാമങ്ങളിൽ ആണ്, മുബൈ എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു മലയാളിയുടെ മനസിലും ആദ്യം ഓടി എത്തുന്നത്, ധാരാവിയും, അധോലോകവും, ദാവുദ് ഇബ്രാഹിംമും ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ കുറുകെ പറക്കുന്ന പ്രാവിൻ കൂട്ടങ്ങളും ഒക്കെ ആകും,
ജീവിതവും കാഴ്ചകളും അനുഭവങ്ങളും ഇഴചേർത്ത് നെയ്തൊരു കഥാപുസ്തകമാണ് മുംബൈ. വന്നെത്തുന്നവരെല്ലാം കഥാപാത്രങ്ങളാവുന്നു. താളുകൾ അവസാനിക്കുന്നേയില്ല…
മുംബൈ നഗരത്തെക്കുറിച്ചുള്ള ഒരു വാചകമുണ്ട് – ‘നിങ്ങൾക്ക് ഒരാളെ ഈ നഗരത്തിൽ നിന്ന് പുറത്തേക്കു കൊണ്ടുപോകാനായേക്കും. പക്ഷേ ഒരിക്കലും അയാളുടെ ഉള്ളിൽ നിന്ന് ഈ നഗരത്തെ പുറത്തെടുക്കാനാവില്ല’. ജീവിതവർണങ്ങൾ നിറഞ്ഞൊഴുകുന്ന മുംബൈ വഴികളിലൂെട സഞ്ചരിക്കുമ്പോൾ ഏതൊരു സഞ്ചാരിയും അറിയാതെ പ റയും – ശരിയാണ്. ഒരിക്കലറിഞ്ഞു കഴിഞ്ഞാൽ, പിന്നീടൊരിക്കലും ഈ നഗരത്തെ മറന്നുകളയാനാവില്ല. ഉള്ളിൽ നിന്ന് പറിച്ചെടുക്കാനാവില്ല.അത്രയേറെ സ്വപ്നങ്ങൾ കൂട്ടിച്ചേരുന്നിടമാണ് മുംബൈ. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം. സിനിമാമോഹങ്ങളുടെ സ്വപ്നരാജ്യം. പല കോണിൽ നിന്നും ജീവിതം കരുപിടിപ്പിക്കാനെത്തിയ മനുഷ്യരെ കൈനീട്ടി സ്വീകരിക്കുന്ന നഗരം. പല ഭാഷകൾ, സംസ്കാരങ്ങൾ, ആഘോഷങ്ങൾ, കാഴ്ചകൾ… എല്ലാം ഇവിടെ ഒന്നുചേരുന്നു. ആരുടേതുമല്ലാത്ത, എന്നാൽ എല്ലാവരുടേതുമായ നഗരം.
നിവിൻ ഒരു ലോക്കൽ ട്രെയിനിൽ കയറി, എല്ലാരും തിരക്കിൽ ആണ് അവൻ ഓർത്തു, ആർക്കും ആരെയും ശ്രെദ്ധിക്കാൻ നേരമില്ല, എന്തിനൊക്കെയോ വേണ്ടി ഉള്ള തിരക്ക് പിടിച്ച ഓട്ടം, സൂര്യസ്തമനത്തിനു ശേഷം ആണ് മുംബൈയുടെ മനോഹാരിത തെളിയുന്നത്, “ഉറങ്ങാത്ത നഗരം “
തിരക്കേറിയ ലോക്കൽ ട്രെയിനിന്റെ ഒഴുക്കിൽ വന്നിറങ്ങിയത് സി.എസ്.ടി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷനിലാണ്. സിനിമകളിലും ചിത്രങ്ങളിലും കണ്ടിട്ടുള്ള അതേ കെട്ടിടം. മുംബൈ കാഴ്ചകൾ തുടങ്ങാൻ ഇതിലും പറ്റിയ ഇടം വേറെയില്ല നിവിൻ ഓർത്തു. സ്റ്റേഷൻ മുറ്റത്തു കാഴ്ചകളും കണ്ടു നിൽക്കുന്നതിനിടെ അടുത്ത ലോക്കൽ ട്രെയിൻ വന്നു. ആളുകൾ കൂട്ടത്തോെട പുറത്തേക്കൊഴുകി. ഒരു ശരാശരി മുംബൈക്കാരന്റെ ജീവിതത്തിലെ പ്രധാനഭാഗമാണ് ഈ ഒഴുക്കും അതിനിടയിലെ ഓട്ടവും. പതിയെ നിരത്തിലേക്കിറങ്ങി. തലങ്ങും വിലങ്ങും പായുന്ന മഞ്ഞയും കറുപ്പുമണിഞ്ഞ ടാക്സികൾ, ചുവന്ന നിറത്തിലുള്ള ഇരുനില ബസുകൾ, ഹോൺ മുഴക്കങ്ങൾ…
കേരളീയരുടെ ചിന്താഗതികൾ മുംബൈ മാറ്റി മറിക്കുന്നത് ഇവിടെ ആണ്, തിരക്ക് പിടിച്ചുള്ള ജോലി കഴിഞ്ഞു വന്നാൽ റസ്റ്റ് അതാണ് മലയാളികളുടെ ശീലം, ആ ശീലം ഉള്ളത് കൊണ്ടാകും ഒരുപക്ഷെ കേരളത്തിൽ ഉള്ളവർ രാത്രി എന്ന വാക്കിന്റെ സൗന്ദര്യം അറിയാതെ പോകുന്നത്, പക്ഷെ മുംബൈ നഗരം എന്നും ആസ്വദിക്കുന്നതും ആഗ്രഹിക്കുന്നതും നക്ഷത്ര നിബിഡമായ നിലാവെളിച്ചതിന്റെ സാനിധ്യം ആണ്, തിരക്ക് പിടിച്ചു നടന്നു പോകുന്ന ഓരോ ആൾക്കൂട്ടത്തിലും അവൻ തന്റെ പ്രിയപ്പെട്ട മുഖം തേടി,
മുംബൈ ജീവിതത്തിന്റെ തുടിപ്പ് തങ്ങി നിൽക്കുന്ന മറൈൻ ഡ്രൈവിൽ നേരത്തിന്റെ കണക്കുകളൊന്നുമില്ലാതെ സഞ്ചാരികൾ സ്ഥാനം പിടിച്ചിട്ടുണ്ട്. കമിതാക്കളാണ് ഏറെയും. കൈകൾ ചേർത്തു പിടിച്ച്, ഒരു കുടക്കീഴിൽ തിരമാലകളിലേക്ക് കണ്ണെറിഞ്ഞിരിക്കുന്ന അവരുടെ കാഴ്ച മറൈൻ ഡ്രൈവിനെ കൂടുതൽ പ്രണയാതുരമാക്കുന്നു.
ഒരുവേള അവൻ അവന്റെ പ്രണയം ഓർത്തു, അവൾ തന്നോട് ഒപ്പം ഉണ്ടാരുന്നു എങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു പോയി,
അവൻ പതിയെ നടന്നു, ‘‘ സീ ആകൃതിയിൽ, ഒരു നെക്ലേസ് പോലെ വളഞ്ഞിരിക്കുന്ന ‘ക്വീൻസ് നെക്ലേസ്’ റോഡിന്റെ രാത്രിക്കാഴ്ച അതിമനോഹരമാണ്. വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും മിന്നിത്തിളങ്ങുന്ന വെളിച്ചവും കടലിന്റെ ആരവവും ചേരുമ്പോഴുണ്ടാവുന്ന ആ കാഴ്ച അനുഭവിച്ചു തന്നെയറിയണം’’
മറൈൻ ഡ്രൈവിന്റെ കാഴ്ചകളിലൂടെ പതിയെ മുന്നോട്ടു നീങ്ങി. ചിലയിടങ്ങളിൽ തിരമാലകൾ റോഡിലേക്ക് ചിതറുന്നുണ്ട്.ഹാജി അലി ദർഗയായിരുന്നു അടുത്ത സ്റ്റോപ്പ്. നഗരത്തിന്റെ ആത്മീയ കേന്ദ്രങ്ങളിലൊന്നാണ് കടലിലേക്ക് ഇറങ്ങി നിൽക്കുന്ന ഈ ദർഗ. ജാതിമത ഭേദമെന്യേ സഞ്ചാരികൾ എത്തുന്നയിടം. തിരമാലകൾ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. വേലിയേറ്റ സമയമാണ്. ഇന്നേരങ്ങളിൽ ദർഗയിലേക്ക് പ്രവേശനമില്ല. അങ്ങോട്ടുള്ള വഴി തിരമാലകൾക്കുള്ളിൽ മറയും. വെള്ളമിറങ്ങുമ്പോൾ ദർഗയിലേക്കുള്ള റോഡ് വീണ്ടും തെളിയും. അപ്പോൾ അതിലൂടെ നടന്നു ചെല്ലാം. ഹാജി അലിയുടെ സമക്ഷത്തിലെത്താം. കടലിനോട് ഇത്രമേൽ ചേർന്നു നിന്നിട്ടും, ഋതുക്കൾ സമുദ്രത്തെ പലവട്ടം ദേഷ്യം പിടിപ്പിച്ചിട്ടും ആറ് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹാജി അലി ദർഗയെ തിരമാലകൾ വിഴുങ്ങിയില്ലെന്നത് അദ്ഭുതം തന്നെ,
ഒരു ടാക്സിയിൽ കയറി, അദ്ദേഹത്തോട് അവൻ മുംബൈ ഒന്ന് പരിചയപ്പെടുത്താൻ പറഞ്ഞു,ഒന്ന് രണ്ടു മിനിറ്റ് കൊണ്ട് അവർ തമ്മിൽ സൗഹൃദം ആയി, റാംലാൽ എന്നാണ് അദ്ദേഹത്തിന്റെ പേര്, അയാൾ ആ നഗരത്തെ പറ്റി വാചാലൻ ആയി, എങ്കിലും ആ നഗരത്തിലെ തിരക്കുകളിൽ തന്റെ മനസിന്റെ വേദന കുറച്ചു നേരം നിവിൻ മറന്നു,
‘‘ഷാരൂഖ് ഖാന്റെ ആരാധകനാണോ?’’ –ഹിന്ദി പാട്ട് മൂളി വണ്ടിയോടിക്കുന്നതിനിടെ റാം ലാൽ ഭായിയുടെ ചോദ്യം. ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഒരിടത്തേക്ക് കൊണ്ടുപോകാമെന്നായി കക്ഷി.
ആകാശം തൊട്ടുനിൽക്കുന്ന മുകേഷ് അംബാനിയുടെ ആഡംബര വസതി കാണിച്ച് തൊട്ടപ്പുറത്ത് റാം ലാൽ ഭായ് കാർ പതിയെയാക്കി. ‘‘ലതാജിയുടെയും ആശാജിയുടെയും വീട്’’–‘പ്രഭു കുഞ്ച്’ എന്ന വീട്ടുപേരിലേക്ക് ചൂണ്ടി ആരാധനയോടെ അയാൾ പറഞ്ഞു. ലതാ മങ്കേഷ്കർ, ആശാ ഭോസ്‌ലെ…ഒരു നിമിഷം കൊണ്ട് ഒരുപാടു പാട്ടുകൾ മനസ്സിൽ തെളിഞ്ഞു. ‘ലഗ് ജാ ഗലേ ഫിർ യേ ഹസീൻ രാത്…’’ കാർ ബാന്ദ്ര സീലിങ്ക് റോഡിലേക്ക് കയറിയപ്പോഴും റാംലാൽ ‘ലതാജിയുടെ’ ലോകത്തായിരുന്നു.
നഗരവിശേഷങ്ങളിലൊന്നാണ് ഈ റോഡും. ‘രാജീവ് ഗാന്ധി സീ ലിങ്ക് റോഡ്’ എന്നറിയപ്പെടുന്ന ഈ ഭീമൻ പാലത്തിന്റെ കാഴ്ച അതിമനോഹരമാണ്. ഇടയ്ക്ക് നിർത്തി ചിത്രം പകർത്താൻ നിവിനു ആഗ്രഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. ‘‘ഫ്രീ വേ ആണ്. നിർത്താൻ പറ്റില്ല’’ – ഭായ് പറഞ്ഞു.
ബാന്ദ്രയിലെത്തിയപ്പോഴേക്കും കാഴ്ചകളി ൽ ആഡംബരം നിറഞ്ഞു. ഓരോ വലിയ സൗധം കടന്നു പോവുമ്പോഴും റാംലാൽ ഓരോ താരങ്ങളുടെ പേര് പറഞ്ഞുകൊണ്ടിരുന്നു. ഒടുക്കം വലിയൊരു വീടിനു മുൻപിൽ വാഹനം നിന്നു. ഭീമൻ ഗേറ്റിനു മുൻപിൽ കുറേ സഞ്ചാരികൾ ഫോട്ടോയെടുക്കുന്നുണ്ട്.
‘‘മന്നത്ത് – ഷാരൂഖ് ഖാന്റെ വീട്’’– ഭായ് പറഞ്ഞു. ഇത്തിരി മാറിയാണ് സൽമാൻ ഖാന്‍ താമസിക്കുന്ന കെട്ടിടം. അതിനു മുൻപിലും കാ ണാം ആരാധക കൂട്ടങ്ങൾ. താരരാജാക്കന്മാർ ചില നേരങ്ങളിൽ ഗേറ്റിനു സമീപം വന്ന് ആരാധകരോട് കൈവീശും. ഇതു കാണാനായി ദൂരദേശങ്ങളിൽ നിന്നുപോലും ആരാധകർ എത്താറുണ്ടത്രെ..
കുറച്ചു നേരത്തിനു ശേഷം തിരിച്ചു പോകാൻ ഉള്ള സ്ഥലം ഞാൻ പറഞ്ഞു കൊടുത്തു, ഭായ് ഫ്ലാറ്റിനു മുന്നിൽ വണ്ടി നിർത്തി, അദ്ദേഹവും ആയി നിവിൻ നല്ല ഒരു സൗഹൃദം ഉണ്ടാക്കി എടുത്തു, നമ്പർ വാങ്ങി സേവ് ചെയ്തു, ആവിശ്യം ഉണ്ടേൽ വിളിക്കാം എന്ന് പറഞ്ഞു, പേഴ്സിൽ നിന്നും കാശ് എടുത്ത് നൽകി,
ഫ്ലാറ്റിൽ ചെന്ന് ഭക്ഷണം കഴിക്കുമ്പോൾ നീന പറഞ്ഞു,
“നാളെ ആണ് കോടതിയിൽ പോകണ്ടത്,
“നാളെ നീ ലീവ് ആണോ
” ഞാനും വരാം
ട്രീസ പറഞ്ഞു.
“വേണ്ട ഞങ്ങൾ രണ്ടാളും കൂടെ പോയി വരാം
നിവിൻ പറഞ്ഞു.
അമ്മച്ചിയെ കൊണ്ടുപോകേണ്ട എന്ന് നീനയും തീരുമാനിച്ചിരുന്നു, അമ്മച്ചി കരഞ്ഞുപോകും എന്ന് അവൾക്ക് ഉറപ്പാരുന്നു,
കിടക്കും മുൻപ് ട്രീസ ജപമാല പ്രാർത്ഥിക്കാൻ തുടങ്ങി,
“നീ കിടക്കുന്നില്ലേ
മാത്യൂസ് ചോദിച്ചു,
“ഇച്ചായൻ കിടന്നോ, ഞാൻ ഇന്ന് ഉറങ്ങുന്നില്ല, ബോബിയുടെ തീരുമാനം മാറാൻ ഇന്ന് മുഴുവൻ പ്രാർത്ഥിക്കാൻ പോവാ,
അയാൾക്ക് അവരോട് സഹതാപം തോന്നി, പാവം അവൾക്ക് അത് മാത്രേ ചെയ്യാൻ കഴിയു,
അയാൾ മറുത്തൊന്നും പറഞ്ഞില്ല, അയാളും ഉള്ളിൽ പ്രാർത്ഥിച്ചു, വ്യർത്ഥം ആണെന്ന് അറിഞ്ഞിട്ടും,
ആ രാത്രിയിൽ നീനയും ഉറങ്ങിയില്ല, അവൾ ഓർത്തു ആദ്യം ആയി ബോബിയെ കാണുന്നത്, വീട്ടിൽ വന്നു ചോദിക്കട്ടെ എന്ന് തന്നോട് ചോദിച്ചത്, വിവാഹം, പ്രണയം നിറഞ്ഞ നാളുകൾ, ഒടുവിൽ നടന്ന അസ്വാരസങ്ങൾ, ആദ്യം ഒക്കെ ബോബിയുടെ മമ്മി എന്തേലും ഒക്കെ പറയുമ്പോൾ ബോബി ആശ്വാസമായി വരും, പിന്നെ ഡോക്ടർ അദ്ഭുതം സംഭവിക്കണം എന്ന് പറഞ്ഞപ്പോൾ മുതൽ ബോബി മാറി, 4 വർഷം മാത്രം ആയുസുള്ള തന്റെ ദാമ്പത്യം നാളെ ഒരു ഒപ്പിൽ അവസാനിക്കും, അവൾക്ക് കരച്ചിൽ തികട്ടി വന്നു,എല്ലാം ഉള്ളിൽ ഒതുക്കി അവൾ അവളുടെ കണ്ണുനീരിനെ തലയിണയിൽ ഒഴുകി,
പിറ്റേന്ന് രാവിലെ തന്നെ നിവിനും നീനയും കോടതിയിലേക്ക് ഇറങ്ങി, കോടതി വളപ്പിലേക്ക് കയറുമ്പോൾ നീനയുടെ കാലുകൾ വിറച്ചു, അകത്തേക്ക് കയറി തങ്ങളുടെ ഊഴം കാത്ത് ഇരിക്കുമ്പോൾ ബോബിയും എത്തി, നിവിനെ കണ്ടപ്പോൾ അയാൾക്ക് വല്ലായ്മ തോന്നി, എങ്കിലും ചെറിയ ഒരു ചിരി മുഖത്ത് വരുത്തി, ഇടക്ക് ബോബിയുടെയും നീനയുടെയും കണ്ണുകൾ ഉടക്കി, അവർ എന്തേലും സംസാരിക്കുന്നു എങ്കിൽ സംസാരിക്കട്ടെ എന്ന് കരുതി നിവിൻ അല്പം മാറി കൊടുത്തു,
കുറേ മാറി നിന്ന് ഓരോ കാഴ്ചകൾ കാണുന്നതിന് ഇടക്ക് ആണ് ക്യാന്റീനിൽ നിന്ന് ഇറങ്ങി വരുന്ന ഒരു പെൺകുട്ടി അവന്റെ ശ്രെദ്ധയിൽപെട്ടത്, വെളുത്ത ചുരിദാറിനു മേൽ കറുത്ത കൊട്ട് അണിഞ്ഞ കൈത്തണ്ടയിൽ കറുത്ത ഗൗൺ മടക്കി ഇട്ട് കൈയിൽ മടക്കി വച്ച ഫയലുകളും ആയി ആ പെൺകുട്ടി ക്യാന്റീനിൽ ഉള്ള ആളോട് എന്തൊക്കെയോ പറഞ്ഞ് തിരികെ പോകുന്നു,
“മാതു…………… !!!!
നിവിന്റെ ചുണ്ടുകൾ മന്ത്രിച്ചു,
(തുടരും )
ഇഷ്ടം ആയോന്ന് അറിയില്ല മുംബൈയെ പറ്റി അത്രയും വിശദീകരണം വേണ്ടന്ന് തോന്നും, പക്ഷെ ഞാൻ ഇങ്ങനെ എഴുതിയാൽ മാത്രേ നിങ്ങൾക്ക് അത് കണ്ണിന് മുന്നിൽ കാണും പോലെ തോന്നു, വലിച്ചു നീട്ടുവല്ല, ഒരുപാട് കഷ്ട്ടപെട്ടാണ് ഈ പാർട്ട് എഴുതിയത് ഇന്നലെ ഉറങ്ങിട്ടില്ല