ഏതോ പ്രാർത്ഥനകളുടെയൊക്ക ഫലമെന്നോണം എട്ടുമാസം വരെ കുഴപ്പമൊന്നുമില്ലാതെ പോയി. ഡോക്ടർ പോലും ഒരു വേള സന്തോഷിച്ചു കുഴപ്പമൊന്നും ഉണ്ടാകില്ല എന്നും പറഞ്ഞ്…

കാത്തിരുപ്പ് ~ രചന: ദിവ്യ കശ്യപ്

“അല്ലൂട്ടി…. പതുക്കെ… അച്ചേടെ മോൾ വീഴുമെടാ…. “അലോക് മേശപ്പുറത്തു കയറി നിൽക്കുന്ന കുഞ്ഞു അല്ലൂട്ടീയെ വാരിയെടുത്തു…

“വിദച്ചേ അല്ലു അമ്മക്ക് പൊട്ട് തൊടത്തെ… “അല്ലു കയ്യിലിരുന്ന സിന്ദൂരത്തിലേക്കു നോക്കി കൊഞ്ചി കൊണ്ടു പറഞ്ഞു…

അലോക് മോളെ എടുത്തു മടിയിൽ വെച്ചു കൊണ്ടു സമീപത്തെ ആട്ടുകട്ടിലിലേക്ക് ഇരുന്നു നന്ദിതയുടെ ഫോട്ടോയിലേക്ക് നോക്കി..

ചിരി തൂകി ഇരിക്കുന്ന ആ മുഖം എന്നത്തേയും പോലെ അന്നും അവന്റെ കണ്ണുകളെ നനയിച്ചു…

……………..❣️

പാലക്കാട്ടിലെ ഒരുൾനാടൻ ഗ്രാമത്തിൽ നിന്നാണ് ഇരുപത്തൊന്നാം വയസ്സിൽ എയർഫോഴ്സിൽ ജോലി കിട്ടി കൊൽക്കത്തയിൽ എത്തുന്നത്…

സൂപ്പർ സീനിയർ ഓഫീസർ ആയിരുന്നു നന്ദിതയുടെ അച്ഛൻ നരേന്ദ്രൻ.. പല കാര്യങ്ങൾക്കും നരൻ സാറിനെ കാണാനായി ക്വാർട്ടേഴ്സിൽ ചെല്ലേണ്ടതായിട്ടുണ്ടായിരുന്നു… ഒരു മുംബൈക്കാരിയെ ആയിരുന്നു സാർ വിവാഹം ചെയ്തിരുന്നത്.. രൂപത്തിലും ഭാവത്തിലുമൊക്കെ അമ്മയെ പോലെ നോർത്ത് ഇന്ത്യൻ ലുക്ക്‌ ആയിരുന്നെങ്കിലും ഹൃദ്യമായ പെരുമാറ്റം കൊണ്ടു ആരെയും ആകർഷിച്ചിരുന്നു നന്ദിത… പോരാത്തതിനു നല്ല സ്പുടമായി മലയാളവും സംസാരിക്കുമായിരുന്നു… സാർ മലയാളി ആയതു കൊണ്ടു തന്നെ തന്നോടൊരു പ്രത്യേക ഇഷ്ടം അവിടെ എല്ലാവർക്കുമുണ്ടായിരുന്നു…

നന്ദിത തന്നെയാണ് ആ ഇഷ്ടം അല്പം കൂടി കൂട്ടി പ്രണയത്തിനു നിറമേകിയത്…

അറിഞ്ഞപ്പോൾ നരൻ സാറും എതിർത്തില്ല.. എതിർക്കാൻ കാരണങ്ങൾ ഒന്നും കാണുന്നില്ല എന്നായിരുന്നു അദ്ദേഹം തന്നോടും പറഞ്ഞത്..

പക്ഷെ നാട്ടിൻപുറത്തെ ചട്ടക്കൂടുകൾക്കിടയിൽ നിന്നും വീക്ഷിച്ചപ്പോൾ തന്റെ വീട്ടുകാർക്കിത് അംഗീകരിക്കാനായില്ല…

ഒരു ലീവിന് ചെന്നപ്പോൾ നന്ദിതയുടെ ഫോട്ടോ കാട്ടിക്കൊടുത്തിട്ടു പോലും അമ്മയ്‌ക്കൊ അച്ഛനോ ചേച്ചിക്കൊ ബോധിച്ചില്ല… അല്ലെങ്കിൽ അങ്ങനെ ഭാവിച്ചു കുളവും കാവും പാടവും തൊടിയും ഒക്കെ സ്വന്തമായി കാണാൻ ഈ കുട്ടിക്ക് കഴിയില്ല എന്നവർ വിലയിരുത്തി..

നരൻ സാർ മലയാളി ആയിരുന്നെങ്കിലും പറയത്തക്ക ബന്ധുക്കളൊന്നും ഇവിടില്ലാതെ നാടുമായി ബന്ധമറ്റു പോയ ഒരു മനുഷ്യനായിരുന്നു അദ്ദേഹം…അച്ഛനിൽ നിന്നറിഞ്ഞു കേട്ട കേരളനാടിനെ പക്ഷെ നന്ദിതക്ക് ഒരുപാട് ഇഷ്ടമായിരുന്നു…

ഒരു ദിവസമെങ്കിലും അവളോടൊപ്പം ഒന്ന് ചിലവഴിച്ചിരുന്നെങ്കിൽ തന്റെ അച്ഛന്റെയും അമ്മയുടെയുമൊക്കെ അവളെ കുറിച്ചുള്ള ചിന്താഗതികൾ പാടെ മാറിയേനെ…

നരൻ സാർ നേരിട്ട് വിളിച്ചു സംസാരിച്ചിട്ട് പോലും അച്ഛന്റെ അഭിപ്രായത്തിനു മാറ്റമില്ലായിരുന്നു…

അങ്ങനെ ഇരുപത്തഞ്ചാം വയസിൽ അവളുടെ കഴുത്തിൽ താലി ചാർത്തി.. ഇവിടൊരു കാളിക്ഷേത്രത്തിൽ വെച്ച്..

വിവാഹമാണെന്ന് വിളിച്ചു പറഞ്ഞിരുന്നു… പക്ഷെ പിന്നീട് വിളിച്ചപ്പോഴൊന്നും ആരും സംസാരിച്ചില്ല…. ചേച്ചി പോലും…അവസാനമായി അച്ഛൻ പറഞ്ഞതിപ്പോഴും ഓർമയുണ്ട്… “ഇനി ഈ പടി ചവിട്ടി പോകരുത്…വിളിക്കുക പോലും ചെയ്യരുത് നീ ” പയ്യെ പയ്യെ വീടും വീട്ടുകാരുമായുള്ള ബന്ധം മുറിഞ്ഞു പോയി…

പിന്നെയും തന്നു ജീവിതം സങ്കടങ്ങൾ… നാല് വർഷമായിട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ല… കാണിക്കാത്ത ഡോക്ടർമാരില്ലായിരുന്നു… നേരാത്ത വഴിപാടുകളും… എല്ലാ ഡോക്ടർമാരും ഒരുപോലെ വിധിയെഴുതി… നന്ദിതക്ക് ഒരമ്മയാകാൻ കഴിയില്ല…

പക്ഷെ എപ്പോഴോ ഒരു നുറുങ്ങു സന്തോഷം വന്നു ചേർന്ന പോലെ നന്ദിതക്ക് വിശേഷമായി…

അന്നുണ്ടായ സന്തോഷം പോലെ പിന്നെ ജീവിതത്തിലൊരിക്കലും താൻ സന്തോഷിച്ചിട്ടില്ല….

പക്ഷെ അത് വേണ്ടാ.. അവളുടെ ആരോഗ്യത്തിനു അത് വിപത്താണ് വേണ്ടെന്നു വെയ്ക്കണമെന്നായിരുന്നു അവളെ പരിശോധിച്ച ഡോക്ടർ പറഞ്ഞത്..

അവൾ സമ്മതിച്ചില്ല… പിണങ്ങിനടന്ന എന്റെ കാൽ പിടിച്ചു അവൾ ആ കുഞ്ഞിനെ തന്റെ ഉദരത്തിൽ പേറി…

ഏതോ പ്രാർത്ഥനകളുടെയൊക്ക ഫലമെന്നോണം എട്ടുമാസം വരെ കുഴപ്പമൊന്നുമില്ലാതെ പോയി… ഡോക്ടർ പോലും ഒരു വേള സന്തോഷിച്ചു കുഴപ്പമൊന്നും ഉണ്ടാകില്ല എന്നും പറഞ്ഞ്…

അപ്പോഴാണ് ഇടിത്തീ പോലെ ഒരു ദിവസം ആ വാർത്ത….. നന്ദിതയുടെ അച്ഛനും അമ്മയും സഞ്ചരിച്ചിരുന്ന കാർ ഒരു ലോറിയുമായി കൂട്ടിയിടിച്ചു രണ്ടു പേരും തൽക്ഷണം ….

അത് അറിയിക്കുവാൻ ഓടി വന്ന ജൂനിയർ ഓഫീസർ രോഹിത് ബാനർജി നന്ദിതയുടെ മുന്നിൽ വെച്ചാണ് തന്നോട് കാര്യം പറഞ്ഞത്…

പിന്നെയൊന്നും സത്യത്തിൽ ഓർമയില്ല… ബിപി കൂടി ബോധരഹിതയായി വീണ അവളെ ഹോസ്പിറ്റലിൽ എത്തിക്കുകയും ആക്സിഡന്റ് സ്പോട്ടിൽ പോയി മൃതദേഹങ്ങൾ തിരിച്ചറിയുകയും ഒക്കെ ചെയ്തത് യാന്ത്രികമായാണ്…

നന്ദിതയെ സിസേറിയനായി തിയേറ്ററിലേക്ക് കയറ്റിയതറിഞ്ഞാണ് അച്ഛന്റെയും അമ്മയുടെയും ചിതയ്ക്ക് മുന്നിൽ നിന്നു ഓടി ഹോസ്പിറ്റലിൽ എത്തിയത്….

മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ “ഐആം സോറി Mr.അലോക് ശേഖർ ..കുട്ടിയെ മാത്രമേ ഞങ്ങൾക്ക് രക്ഷിക്കാനായുള്ളൂ “എന്നും പറഞ്ഞു ഡോക്ടർ തോളിൽ തട്ടി നടന്നു നീങ്ങിയപ്പോൾ ഭൂമി മുഴുവൻ തലക്ക് മുകളിൽ കറങ്ങുന്നത് പോലെയാണ് തോന്നിയത്….

പിന്നാലെ പഞ്ഞിക്കെട്ടുപോലെ വെള്ളത്തുണിയിൽ പൊതിഞ്ഞു ഈ മാലാഖകുഞ്ഞിനെ നേഴ്സ് കയ്യിൽ കൊണ്ടുതന്നു…

നന്ദിത തന്നെയാണ് തന്റെയും അവളുടെയും പേരുകൾ ചേർത്ത് വെച്ചു പെൺകുഞ്ഞാണെങ്കിൽ അളകനന്ദ എന്ന പേരിടണമെന്ന് കരുതി വെച്ചിരുന്നത്… ആ പേര് തന്നെ മോൾക്ക്‌ ഇട്ടു… നന്ദിത തന്നെ വിളിച്ചിരുന്ന പേരായിരുന്നു അല്ലു എന്ന്…. ആ പേര് ഞാൻ എന്റെ മോൾക്ക്‌ നൽകി… അവൾ എന്റെ അല്ലൂട്ടി ആയി… അല്ലെങ്കിലും ആരാണ് ഇനി തന്നെ അല്ലു എന്ന് വിളിക്കാനുള്ളത്…. അച്ഛനും അമ്മയും ചേച്ചിയും നാട്ടുകാരുമൊക്കെ വിളിച്ചിരുന്ന അപ്പു എന്ന പേര് ഞാനെന്നോ മറന്നുപോയിരുന്നു….

സ്ഥലം പലതും മാറി മാറി…. ഒടുവിൽ…. ഇവിടെ….. ഡൽഹിയിലെത്തി…….

“അച്ഛേ… ഞമുക്ക് ഗാർദനിൽ പോയിരിച്ചാം.. ഊഞ്ഞാലിൽ… “അല്ലൂട്ടിയുടെ പറച്ചിൽ കേട്ട് അലോക് മുറ്റത് ഗാർഡനിലേക്കിറങ്ങി… അവിടെയുള്ള ഒരു സ്റ്റോൺ ബെഞ്ചിലിരുന്നു.അല്ലു ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരുന്നു…

പുറത്ത് സെക്യൂരിറ്റിയോട്‌ ആരോ സംസാരിക്കുന്നത് കേട്ടത് കൊണ്ടാണ് അലോക് അങ്ങോട്ട് നോക്കിയത്..

ഒറ്റ നോട്ടത്തിൽ അതൊരു മലയാളി ആണെന്ന് മനസിലായി…

കുറച്ചു കൂടി അടുത്ത് വന്നപ്പോഴാണ് അത് വീട്ടിൽ പണ്ട് കാര്യസ്ഥപണി ചെയ്തിരുന്ന രാമേട്ടന്റെ മകൻ വിനീത് ആണെന്ന് അലോകിന് മനസിലായത്….

“അപ്പുവേട്ട….”എന്ന വിളിയോടെ അവൻ വന്നപ്പോൾ അലോകിന്റെ മനസ്സിൽ കുളിർമഴ പെയ്തു… എത്ര നാളുകൾക്കു ശേഷമാണ് നാട്ടിൽ നിന്നൊരാളെ കാണുന്നതും കേൾക്കുന്നതും…

ഡൽഹിയിൽ പ്രതിരോധവകുപ്പിൽ ജോലി കിട്ടി എത്തിയതാണെന്നും ഒരുപാട് അന്വേഷിച്ചാണ് അപ്പുവേട്ടന്റെ അഡ്രസ് തപ്പിയെടുത്തതുമെന്നൊക്കെ അവൻ പറഞ്ഞു….

നാട്ടിലെ ഓരോരോ വിശേഷങ്ങളായി അവൻ പറഞ്ഞു കൊണ്ടിരുന്നു… ഒന്നും അങ്ങോട്ട് ചോദിച്ചില്ല… എന്തോ.. ചോദിക്കാൻ തോന്നിയില്ല.. അച്ഛന് ഇപ്പോൾ തീരെ വയ്യെന്നും അമ്മയും വലിയ മിണ്ടാട്ടമൊന്നുമില്ലാതെ വീടിനുള്ളിൽ തന്നെയാണെന്നും അവൻ പറഞ്ഞപ്പോൾ എന്തോ കണ്ണ് നിറഞ്ഞു.. അർച്ചനച്ചേച്ചിയും ഭർത്താവും കൂടി രണ്ടീസം കൂടുമ്പോൾ വന്നു കാര്യങ്ങളൊക്കെ നോക്കി പോകുമെന്നും പറഞ്ഞു … ഇങ്ങോട്ട് പോന്നപ്പോൾ പ്രിയക്കുട്ടിയെ അവിടെ നിർത്തിയിട്ടാ പോന്നത് എന്ന് അവൻ പറഞ്ഞപ്പോൾ ഒന്നും മനസിലാവാതെ അവനെ തുറിച്ചു നോക്കിയ എന്നോട് എന്റെ അമ്മാവന്റെ പെണ്മക്കളിൽ ഇളയവളായ ദേവപ്രിയ എന്ന പ്രിയകുട്ടിയെ അവനാണ് കല്യാണം കഴിച്ചതെന്നും നേരത്തെ മുതലേ ചെറിയ ഇഷ്ടത്തിലായിരുന്നു എന്നും അവൻ ചമ്മിയ ചിരിയോടെ പറഞ്ഞു…

എന്തോ.. അത് കേട്ടപ്പോൾ മൂടിക്കെട്ടി നിന്ന എന്റെ മനസ്സിൽ കുറച്ചു തണുത്ത കാറ്റ് വീശിയടിച്ച പോലെ തോന്നി…

“അപ്പൊ ദേവുവോ… “ഞാൻ ചോദിച്ചു…അമ്മാവന്റെ മൂത്ത മകളാണ് ദേവനന്ദ എന്ന ദേവു…

“ദേവൂവേച്ചി തറവാട്ടിൽ തന്നെ “അവൻ പറഞ്ഞു..

“ആഹ്… ആരെങ്കിലും ഒരാൾ കുടുംബത്ത് നിൽക്കാതെ പറ്റില്ലല്ലോ… രണ്ടാളും പെൺകുട്ടികൾ ആയിപ്പോയില്ലേ അമ്മാവന്… “

പെട്ടെന്ന് അവന്റെ ഫോണിലേക്കു ഒരു കോൾ വന്നു… വീഡിയോ കോൾ..എടുത്തപ്പോൾ പ്രിയക്കുട്ടി…അവൻ ഫോൺ തന്റെ നേരെ നീട്ടി…ആർത്തിയോടെയാണ് താൻ അവളോട്‌ സംസാരിച്ചത്….

അപ്പുവേട്ടൻ തിരികെ വരണം.. തിരികെ വരണം… എന്ന അവളുടെ കരഞ്ഞുവിളിക്കൊടുവിൽ അപ്പുറത്തു അമ്മയുടെയും അർച്ചനചേച്ചിയുടെയും അച്ഛന്റെയുമൊക്കെ ദൈന്യതയാർന്ന മുഖങ്ങൾ കണ്ടപ്പോൾ തകർന്നു പോയി….

എല്ലാ മിഴികളും നിറഞ്ഞൊഴുകുകയായിരുന്നു….

ഏറെ നേരത്തെ സംസാരത്തിനൊടുവിൽ അല്ലൂട്ടിയെ കാണണമെന്നു അമ്മ പറഞ്ഞപ്പോൾ വിനീത് അവളെ മടിയിലിരുത്തി കൊണ്ടു ഫോണിൽ കാട്ടികൊടുത്തു…

“അച്ഛമ്മേടെ പൊന്നെ…. “എന്നും വിളിച്ചു അമ്മ കരഞ്ഞ കരച്ചിൽ ചാട്ടുളി പോലെ നെഞ്ചിൽ തറഞ്ഞു കയറി..

എല്ലാം പൊറുത്ത് തിരികെ വരണമെന്ന് എല്ലാവരും കൂടി അപേക്ഷിച്ചപ്പോൾ വരാമെന്നു അലോക് മറുപടി നൽകി..

വോളന്ററി റിട്ടയർമെന്റിനുള്ള പേപ്പേർസ് ഒക്കെ മൂവ് ചെയ്തു അല്ലൂട്ടിയുമായി എന്നന്നേക്കുമായി നോർത്ത് ഇന്ത്യ വിടുമ്പോൾ നന്ദിതയുടെ ഓർമ്മകൾ മാത്രമേ കൂടെ കൊണ്ടു പോന്നുള്ളൂ…. കുറച്ചു ദിവസത്തെ ലീവെടുത്തു വിനീതും ഒപ്പമുണ്ടായിരുന്നു….

……………….❣️

വീട്ടിലേക്കുള്ള വഴിയിൽ തന്നെയുണ്ടായിരുന്നു എല്ലാവരും… അല്ലൂട്ടിയെ മാറിമാറിയെടുത്തു ചുംബനങ്ങൾ കൊണ്ടു മൂടുകയായിരുന്നു…

കാത്തു നിന്ന അച്ഛന്റെ കാലിൽ തൊട്ട് വേദനിപ്പിച്ചതിനു മാപ്പ് ചോദിച്ചപ്പോൾ “അച്ഛനല്ലേ എന്റെ കുട്ടിയെ വിഷമിപ്പിച്ചത്…”എന്നും ചോദിച്ചു ആ അച്ഛൻ മകനെ കെട്ടിപ്പിടിച്ചു….

മുഖം പിടിച്ചു താഴ്ത്തി നെറുകയിൽ ഉമ്മവെച്ചു കൊണ്ടു അമ്മ പൊട്ടിക്കരഞ്ഞു…

പ്രിയകുട്ടിയും അർച്ചനചേച്ചിയും ഇടവും വലവും കെട്ടിപ്പിടിച്ചു നിൽപ്പുണ്ടായിരുന്നു…

വീട്ടിലെത്തി…ഏറെ നാളുകൾക്കു ശേഷം സന്ധ്യക്ക്‌ വിനീതുമായി തെക്കേ തൊടിയിലെ കുളത്തിലെ തണുത്ത വെള്ളത്തിൽ നീന്തി കുളിച്ചു..കന്നിമൂലയിലുള്ള സർപ്പക്കാവിൽ പോയി വിളക്ക് കൊളുത്തി തൊഴുത് വന്നു അമ്മയുണ്ടാക്കിയ ഇലയടയും ചക്കരക്കാപ്പിയും കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് പ്രിയക്കുട്ടിയുടെയും വിനീതിന്റെയും കല്യാണ ആൽബവുമായി പ്രിയക്കുട്ടി വന്നത്….

അതിലൂടെ കണ്ടു കഴിഞ്ഞ കുറെ വര്ഷങ്ങളായി കാണാതിരുന്ന ബന്ധുജനങ്ങളെയും നാട്ടുകാരെയുമൊക്കെ…

“ദേവൂവും ചെക്കനും എന്ത്യേ…? ഇതിൽ കണ്ടില്ലല്ലോ… “ആ ചോദ്യത്തിന് മറുപടി കിട്ടും മുൻപേ പടി കടന്നു ഓടേണ്ടി വന്നു…കാലം തെറ്റി പെയ്തിറങ്ങിയൊരു പേമാരിയിലേക്ക് അല്ലൂട്ടി ഇറങ്ങി പോകുന്നത് കണ്ടപ്പോൾ…

“അല്ലൂട്ടാ… മഴയത്ത് ഇറങ്ങല്ലേടാ.. അച്ഛേടെ വാവക്ക് പനി പിടിക്കൂല്ലേ..”ഉടുത്തിരുന്ന മുണ്ടിന്റെ അറ്റം ഉയർത്തി തന്നെ അല്ലൂട്ടന്റെ തല തൂവർത്തി കൊടുത്തു…

അപ്പോഴേക്കും ബാഗിൽ നിന്നെടുത്ത ഒരു കുഞ്ഞുടുപ്പും തോർത്തുമായി അമ്മ അല്ലൂട്ടിയെയും എടുത്തു കൊണ്ടു അകത്തേക്ക് പോയിരുന്നു…

പിന്നെയും എല്ലാവരുമായിരുന്നു കുറെയധികം വർത്തമാനം പറഞ്ഞു… രാത്രി അത്താഴത്തിന് അമ്മയുടെ ചൂട് കഞ്ഞിയും ചെറുപയർ മെഴുക്കുപുരട്ടിയും ചുട്ട പപ്പടവുമൊക്കെ കഴിച്ചപ്പോൾ ഏറെ നാളുകൾക്കു ശേഷം എന്റെ നാവു ആ പഴയ രുചികൾ തിരിച്ചറിയുകയായിരുന്നു…

അത്താഴം കഴിഞ്ഞപ്പോഴേക്കും ചേച്ചിയും പ്രിയക്കുട്ടിയും കൂടി കഥയൊക്കെ പറഞ്ഞു അല്ലൂട്ടിയെ ഭക്ഷണം കൊടുത്തുറക്കിയിരുന്നു….

അലോകിന് വല്ലാത്ത ആശ്വാസം തോന്നി.. ഇക്കാലമത്രയും മോളും താനും ഒറ്റക്കായിരുന്നിടത്ത്…. ഇന്നിപ്പോൾ തന്റെ മോളെ പൊന്നുപോലെ… നിധിപോലെ നോക്കാനും കാക്കാനും തന്റെ ആൾക്കാരൊക്കെ ചുറ്റിനും നിൽക്കുന്നു…

നന്ദിതയെ ഓർത്തപ്പോൾ അവന്റെ മനസ് വിങ്ങി… അവളൊരുപാട് ആഗ്രഹിച്ചിരുന്നു.. ഈ നാട്ടിലേക്ക് വരാനും ഈ വീട്ടിലെ ഒരാളായി മാറാനും…. അവൾക്ക് കിട്ടാതിരുന്ന സൗഭാഗ്യം അവളുടെ മകൾക്ക് കിട്ടി…

രാവേറെ കഴിഞ്ഞിട്ടും ഉമ്മറത്തെ ചാരു പടിയോടു ചേർന്ന ഉരുളൻ തൂണിലേക്ക് കൈകൾ പിണച്ചു കാലും നീട്ടിവെച്ചു ചാരിയിരുന്നു കൊണ്ടു ഏതോ കുറെ പാഴ്കിനാവുകളുടെ മുറ്റത് പരതി നടന്നുകൊണ്ടിരുന്ന അലോകിന്റെ അടുത്തേക്ക് വിനീത് വന്നിരുന്നു..

“വിനു… ഞാൻ ചോദിക്കാൻ മറന്നു… ഞാൻ വന്നൂന്നറിഞ്ഞിട്ടും ദേവു മാത്രം ഒന്നിത്രടം വന്നില്ലല്ലോടാ.. അവൾ തറവാട്ടിൽ തന്നെയാ താമസം എന്നല്ലേ നീ പറഞ്ഞെ… “

“മ്മ്.. അതേ അപ്പുവേട്ടാ… ആൾക്ക് എന്തോ വയ്യായ്ക… നാളെ നമുക്കൊന്ന്‌ മഹാദേവന്റെ അമ്പലം വരെ പോകാം.. ഒത്തിരിയായില്ലേ ഒന്ന് കുളിച്ചു തൊഴുതിട്ട്.. ആ വഴി തറവാട്ടിലും കയറാം…. “

“ആയ്ക്കോട്ടെ… “

പിന്നെയുമിരുന്നു അലോക്… പാതിരാക്കോഴി കൂവുന്നത് കേട്ടും..ആകാശത്തിലെ നക്ഷത്രങ്ങളോട് കിന്നാരം ചൊല്ലിയും… എന്നും കണ്ണ് ചിമ്മി പരിഭവം കാണിക്കുന്നൊരു പ്രണയനക്ഷത്രത്തെ ഇന്നീ ആകാശത്തു കണ്ടില്ലല്ലോ എന്നവൻ ഓർത്തു… പിറന്നു വീണ ആ വടക്കേ ആകാശത്തു നിന്നു വേര് പറിച്ചുപോരാനാവാതെ അവിടെ തന്നെ തങ്ങിയൊ… അതോ പറയാതെ പോന്നതിലുള്ള പരിഭവമോ… എന്തേ വന്നില്ലല്ലോ….

അമ്പലത്തിലെ ശംഖ്‌ നാദം കേട്ടാണ് കണ്ണ് തുറന്നത്… അപ്പൊ തന്നെ തോർത്തും സോപ്പുമായി അമ്മ അടുത്തെത്തിയിരുന്നു…

“എന്താ കുട്ടീ… ഇന്നലെ ഇവിടിരുന്നാണോ ഉറങ്ങിയേ… “

“നല്ല സുഖമുണ്ടായിരുന്നു അമ്മേ… “

“അമ്പലത്തിൽ പോകണമെന്ന് വിനുക്കുട്ടൻ പറഞ്ഞല്ലോ… നീ കുളിച്ചു വാ… അവൻ കുളി കഴിഞ്ഞിരിക്കുന്നു… “

“അമ്മേ… അല്ലൂനെ ഉണർത്തി ഇളം ചൂട് വെള്ളത്തിൽ ഒന്ന് കുളിപ്പിച്ചെടുത്തേക്കൂ… അവളും വരട്ടെ ന്റെ മഹാദേവനെ കാണാൻ… “

“അവൾ ദാ… വിനൂന്റൊപ്പം ഒരുങ്ങിക്കഴിഞ്ഞു..”

അലോക് ചിരിച്ചു കൊണ്ടു കുളക്കരയിലേക്ക് നീങ്ങി….

അമ്പലത്തിൽ മഹാദേവനെ തൊഴുതു തിരിച്ചിറങ്ങി അല്ലുവും വിനീതുമായി തറവാട്ടിലേക്കു ചെന്നു….

പ്രിയക്കുട്ടിയും അമ്മായിയും വാതിൽക്കൽ തന്നെയുണ്ടായിരുന്നു…

അമ്മായി കെട്ടിപ്പിടിച്ചൊരുപാട് കരഞ്ഞു… അമ്മാവൻ പിന്നെ ഇന്നലെ തന്നെ വന്നു കണ്ടിരുന്നു…

രണ്ടാളും കൂടി ചായയും പ്രാതലും വിളമ്പി…

കഴിക്കുന്നതിനിടയിൽ ചോദിച്ചു… “ദേവുവിനെന്താ വയ്യായ്ക… അവളെവിടെ.. “

“മോൻ കഴിക്ക്… അവൾ മുറിയിലുണ്ട്… “അമ്മായി പറഞ്ഞു…

കഴിച്ചു കഴിഞ്ഞപ്പോൾ അല്ലൂട്ടി വിനീതും പ്രിയകുട്ടിയുമായി ഒരു പശുക്‌ടാവിന്റെ കൂടെ കൂടി….

അമ്മായിയുടെ കൂടെ മുകളിലേക്കുള്ള മരഗോവണി കയറിയത് എന്തോ പറഞ്ഞു ചിരിച്ചു കൊണ്ടാണ്… ആ ചിരി മുഖത്ത് നിലനിർത്തി കൊണ്ടു തന്നെയാണ് അമ്മായി തള്ളി തുറന്ന ആ വാതിൽ കടന്നു അകത്തേക്ക് പ്രവേശിച്ചതും…

അകത്തു ജനൽകമ്പികളിൽ പിടിച്ചു പുറത്തേക്കു നോക്കി മുടിയഴിച്ചിട്ടു നിൽക്കുന്ന ആ ആളെ പെട്ടെന്ന് മനസിലായില്ല ….

“ദേവൂട്ടി… “അമ്മായി പതിയെ വിളിച്ചു…

പ്രതികരണം ഒന്നുമുണ്ടാകാഞ്ഞപ്പോൾ ഒന്നുകൂടി വിളിച്ചു…

തിരിഞ്ഞു നോക്കാതെ പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു…. “അവിടെ വെച്ചേക്കൂ… പിന്നീട് കഴിച്ചോളാം “

വേപധുവോടെ അമ്മായിയെ നോക്കിയപ്പോൾ നേര്യതിന്റെ തുമ്പാലെ കണ്ണ് തുടക്കുന്നതാണ് കണ്ടത്…

തിരിഞ്ഞു നോക്കിയപ്പോൾ വീട്ടിൽ നിന്നും എല്ലാവരും എത്തിച്ചേർന്നിട്ടുണ്ടെന്നു കണ്ടു…

“പത്തു വർഷമായിട്ട് ഇതാണവസ്ഥ…. കൃത്യമായി പറഞ്ഞാൽ നിനക്ക് ജോലി കിട്ടിപ്പോയി ഒരു വർഷം കഴിഞ്ഞു നീ ലീവിന് വന്നപ്പോൾ നന്ദിതയുടെ ഫോട്ടോ കാട്ടി തന്നില്ലേ… അന്ന് മുതൽ …. അന്ന് നീ ഇറങ്ങാൻ നേരം ആ ഫോട്ടോ കാട്ടി തരുമ്പോൾ നിന്നെ യാത്രയാക്കാൻ വേണ്ടി ഇവൾ അവിടെ വന്നിരുന്നു… ഒക്കെ നേരിൽ കാണുകയും കേൾക്കുകയും ചെയ്തു… കുഞ്ഞുപ്രായത്തിൽ തന്നെ നിന്നെ മനസ്സിൽ കൊണ്ടു നടന്ന അവൾക്കത് താങ്ങാനായില്ല…. അന്ന് സന്ധ്യ കഴിഞ്ഞും ഇവളെ കാണാഞ്ഞു അന്വേഷിച്ചു നടന്നപ്പോഴാണ് പുഴയുടെ തെക്കേ പടവിൽ ഇരിക്കുന്നത് കണ്ടത് …. ആർക്കും ഒന്നും അറിയില്ലായിരുന്നു… അന്ന് മുതൽ മിണ്ടാട്ടാവുമില്ല ഒന്നുമില്ല… പഠിപ്പ് പോലും മുറിഞ്ഞു… രണ്ടുവർഷമേ ആയിട്ടുള്ളു ചോദിക്കുന്നതിനു മറുപടി പറയാൻ തുടങ്ങിയിട്ട്…. അതും പ്രിയക്കുട്ടിയോട് മാത്രം… പടിഞ്ഞാറേ തൊടിയിൽ ചെമ്പകം പൂക്കുമ്പോൾ മാത്രം ഈ വാതിൽ കടന്നു ചെന്ന് നിന്നു വാസനിക്കുന്നത് കാണാം…ചെമ്പകപ്പൂവ് ഇഷ്ടമാണോ എന്ന് ഒരിക്കൽ പ്രിയക്കുട്ടി ചോദിച്ചപ്പോഴാണ് “ന്നേക്കാൾ കൂടുതലിഷ്ടം അപ്പുവേട്ടനായിരുന്നു…” എന്ന് ഒരിക്കൽ പറഞ്ഞത്… അന്ന് കണ്ട കണ്ണിലെ നനവിൽ നിന്നാണ് ഞങ്ങൾ എല്ലാം മനസിലാക്കിയത്…. ന്റെ… ന്റെ.. മോൾക്ക് നിന്നെ ജീവനായിരുന്നു അപ്പു….”അമ്മയാണ് പറഞ്ഞു നിർത്തിയത്…

അലോക് വിറങ്ങലിച്ചു പോയി… നീണ്ട പത്തു വർഷം… പത്തു വർഷമായിട്ട്… അല്ല… താനറിഞ്ഞിരുന്നില്ലല്ലോ… അതിലുമൊക്കെ ഒരുപാടൊരുപാട് മുൻപ് തന്നെ തനിക്കായി കാത്തിരുന്നവൾ…. ദേവു… ദേവൂട്ടി…

അതേ.. താനോർക്കുന്നു… ചെമ്പകം പൂക്കുമ്പോഴൊക്കെ വാസന ഇഷ്ടമായത് കൊണ്ടു ഒരെണ്ണം പോക്കറ്റിൽ ഇട്ടു നടക്കുമായിരുന്നു… അത് കണ്ടുപിടിച്ചവൾ പിന്നെ എവിടെ നിന്നു ചെമ്പകപ്പൂവു കിട്ടിയാലും ഷർട്ടിന്റെ പോക്കെറ്റിൽ കൊണ്ടു വന്നിട്ടിട്ട് പോകുമായിരുന്നു….

കണ്ണ് തുടച്ചു നിന്ന അലോകിന്റെ തോളിൽ വിനീതിന്റെ കരമമർന്നു….

“ഒന്ന് വിളിക്കുവോ.. അപ്പുവേട്ടാ… ദേവുവെച്ചിയെ… അപ്പുവേട്ടൻ വിളിച്ചാൽ വിളി കേൾക്കും… തിരിച്ചു വരും ജീവിതത്തിലേക്ക്… ഇരുപത്തേഴ്‌ വയസ്സായി ആയി ദേവുവെച്ചിക്ക്…. പതിനേഴു വയസിൽ ചിരിക്കാൻ മറന്നു പോയതാ… കരയാൻ മറന്നതാ….മിണ്ടാൻ മറന്നതാ… നമുക്ക് ആ ചിരി ഒന്ന് കാണണ്ടേ അപ്പുവേട്ടാ… ഒന്ന് മിണ്ടി കേൾക്കണ്ടേ…. “വിനീതിന്റെ വാക്കുകൾ ഇടറി…

അലോക് തിരിഞ്ഞു നോക്കിയപ്പോൾ കുറേക്കണ്ണുകൾ പ്രതീക്ഷയോടെ…അതിലുപരി അപേക്ഷയോടെ തന്നെ നോക്കി നിൽക്കുന്നു..

അല്ലൂട്ടിയുടെ മുഖത്ത് ഒരു മാത്ര അവന്റെ നോട്ടം തങ്ങി നിന്നു…. പിന്നെ എന്തോ ഒരുറപ്പ് ആ കണ്ണുകളിൽ വന്നു…

എല്ലാവരെയും ഒരിക്കൽ കൂടി നോക്കിയിട്ട് അവൻ അകത്തേക്ക് കയറി… മുറ്റത് നിന്നും അല്ലു പെറുക്കിയെടുത്തു കൊണ്ടു വന്ന ചെമ്പകപ്പൂക്കളിൽ ഒരെണ്ണം കയ്യിൽ കരുതിയിരുന്നു…..

പിന്നിൽ നിന്നു മെല്ലെ വിളിച്ചു…

“ദേവൂട്ടി… “ഒരു വിറയൽ ആ ദേഹത്തുണ്ടായത് അവൻ വ്യക്തമായി കണ്ടു…

“ഡീ… ഉണ്ടക്കണ്ണീ… “

കൊടുങ്കാറ്റ് പോലെ തിരിഞ്ഞു നോക്കിയവളെ അവൻ ചിരിയോടെ നേരിട്ടു…

പതിയെ അടുത്ത് ചെന്ന് ആ മുഖം കൈക്കുമ്പിളിൽ എടുക്കുമ്പോൾ അവൻ കരഞ്ഞു പോയിരുന്നു….

“വേണ്ടാ… നിക്ക്… കാണണ്ടാ…” നെഞ്ചിൽ തല്ലി കൊണ്ടു തന്നെ തള്ളി മാറ്റിയവളെ അല്പം ബലം പ്രയോഗിച്ചവൻ അവന്റെ നെഞ്ചോരം ചേർത്ത് നിർത്തി… പിൻകഴുത്തിൽ ചുണ്ടുകളമർത്തി കൊണ്ടു കയ്യിലെ ചെമ്പകപ്പൂവ് അവളുടെ നാസികത്തുമ്പിൽ മുട്ടിച്ചു….

കണ്ണുകൾ വിടർത്തി അവൾ തിരിഞ്ഞു നോക്കിയപ്പോഴേക്കും വീണ്ടുമവൻ പൂണ്ടടക്കം അവളെ കെട്ടിപ്പിടിച്ചിരുന്നു…

പരിഭവങ്ങൾ ഒരുപാട് ഇരുവരും പറഞ്ഞു തീർത്തു…. പിണക്കങ്ങൾക്കും പരിഭവങ്ങൾക്കും ശേഷം അവന്റെ തോളോട് ചേർന്നവൾ കണ്ണടച്ചിരിക്കുന്നതിനിടയിൽ കുഞ്ഞല്ലൂട്ടിയുമായി വിനീത് വന്നു…

ആർത്തിയോടെ മോളെ നോക്കിയവൾ വാരിയെടുത്തു….

“അല്ലൂട്ടി… ഇതാരാ… “വിനീത് ചോദിച്ചു…

“ന്റെ നന്ദാമ്മ…”

അല്ലൂട്ടി വളർന്നു… അലോകിന്റെയും ദേവനന്ദയുടെയും മകൾ അളകനന്ദയായി..

ചില കാത്തിരുപ്പുകൾ അങ്ങനെയാണ്…ദൈർഖ്യം ഏറും തോറും മാധുര്യം കൂടും…. ❣️

ആ കാത്തിരുപ്പ് ഇവിടെ അവസാനിക്കുന്നു… 😊