രചന: സുമയ്യ ബീഗം T A
ഇക്കാ ഈ പ്ലാവിന്റെ മണ്ട മുറിച്ചുകളയാൻ ഞാൻ കഴിഞ്ഞ വട്ടം പറഞ്ഞതല്ലേ? നിങ്ങള് കേട്ടോ. കണ്ടോ തലയ്ക്കുമീതെ ചക്ക രണ്ടെണ്ണം അതോണ്ട് എന്താ തുണി അലക്ക് മൊത്തം വാഷിംഗ് മെഷീനിലാണ്.
നീ അലക്കിയിലെങ്കിലും വേണ്ടില്ല ആ പ്ലാവിന്റെ ചോട്ടിൽ നിന്ന് മാറി നിൽക്കു മുബീന.
മ്മ് ഈ നല്ല ചുരിദാർ പിന്നെ മെഷീനിലിടാൻ പറ്റുമോ ഒന്നു കുത്തിപ്പിഴിയുന്ന നേരം കൊണ്ട് അത് വീഴൂല്ലന്നു.
വേണ്ട മുബീന അത് മുൻവശത്തെ പൈപ്പിന്റെ എടുത്തുകൊണ്ടുപോയി ബക്കറ്റിൽ ഊരിപിഴിയു അതുമതി.
ഒരു മിനുട്ട് മതി ഇക്കാ ഇനി ബക്കറ്റു കൊണ്ടു നടക്കണോ.
വേണം നീ ആ പ്ലാവിന്റെ ചോട്ടിൽ നിന്ന് മാറിക്കെ എന്നിട്ട് എന്നോട് സംസാരിച്ചാൽ മതി.
പറഞ്ഞത് കേട്ടില്ല എങ്കിൽ കക്ഷിക്ക് കലിപ്പാണ് എങ്ങാനും ചക്ക വീണാൽ സർവ്വതും കഴിയും അതോണ്ട് മുബീന അലക്കുകല്ലിന്റെ ചോട്ടിൽ നിന്നുമാറി മുൻവശത്തെത്തി.
എന്തൊക്കെയാണേലും ഈ വീഡിയോ കാൾ വന്നതിൽ പിന്നെ നിങ്ങളോട് ഒന്നും ഒളിക്കാൻ പറ്റില്ല എല്ലാം അവിടിരുന്നു കാണുവല്ലേ?
മക്കൾ എവിടെ മുബി?
അവരല്ലേ ഫോൺ കൊണ്ടുത്തന്നത്. പിള്ളേരിപ്പോ ഫുൾ ടൈം ഫോണിലല്ലേ. സ്കൂളിലെ ക്ലാസ്സ് കഴിഞ്ഞാൽ ബാക്കി വർക്ക്സ് അതും കഴിഞ്ഞു മദ്രസയിലെ ക്ലാസ്സ്, ഹോം വർക്ക് അങ്ങനെ അങ്ങനെ കിടക്കാറാവുമ്പോ മാത്രാണ് ഈ കുന്ത്രാണ്ടം എന്റെ കയ്യിൽ കിട്ടൂക.
അത് നന്നായി മുബി യൂ ട്യൂബിലെ പാചകപരീക്ഷണങ്ങളിൽ നിന്നും മക്കൾ രക്ഷപെട്ടല്ലോ?
നിങ്ങൾ കളിയാക്കിക്കോ എത്ര നാളായി എന്റെ കയ്യ് കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം ഒരുമിച്ചിരുന്നു കഴിച്ചിട്ട്?
അതുപറഞ്ഞപ്പോൾ അവളുടെ സ്വരം നേർത്തുപോയി കണ്ണിലൊരു കണ്ണീർ തിളങ്ങുന്നത് കണ്ടപ്പോൾ അവന്റെ കരളും നൊന്തു.
ഡി ഇന്നലെ എങ്ങനെയുണ്ടായിരുന്നു ഫിസമോളുടെ കല്യാണം. അടിച്ചുപൊളിച്ചോ?
ഒന്ന് പോ ഇക്കാ.
അതെന്താ അല്ലെങ്കിൽ കുടുംബത്തിൽ ആരുടെ എങ്കിലും കല്യാണം വന്നാൽ ഉറപ്പിക്കുന്ന അന്നുതൊട്ട് എനിക്ക് സമാധാനം തരില്ലല്ലോ? ഞാൻ നാട്ടിൽ ഇല്ലാത്തതിന്റെ സങ്കടവും പരിഭവും കരച്ചിലുമൊക്കെ ആയിട്ട് എന്തൊരു ബഹളമായിരുന്നു. ഇപ്പൊ എന്തുപറ്റി ഇക്കയെ വേണ്ടെടി പോത്തേ?
എന്ത് കല്യാണം ആണ് ഇക്കാ. ഒരു ചടങ്ങ് പോലെ നടത്തിവിടുന്നു. കല്യാണത്തിന്റെ പൊലിമയേക്കാൾ ആൾക്കാരുടെ മനസിലെ സന്തോഷമായിരുന്നു കല്യാണ വീട്ടിലെ ഓളം. ഇതിപ്പോ ആരുടെ മനസിലാണ് സന്തോഷം.
നിങ്ങൾ ഉൾപ്പെടെ എത്ര പേരാണ് കണ്ണെത്താ ദൂരത്തു. ലോകം മൊത്തം മനുഷ്യൻ മഹാമാരി പേടിച്ചു ജീവിക്കുമ്പോൾ എത്രയും പെട്ടന്ന് പ്രിയപെട്ടവരെ കാണാൻ പറ്റണം അതല്ലാതെ ഒരു സന്തോഷവുമില്ല സമാധാനവുമില്ല.
ചങ്കിൽ തീയാണ് ഇക്കാ. രാത്രി കിടക്കുമ്പോൾ ഉറക്കം പോലും വരില്ല. പടച്ചോനോട് അല്ലാതെ ആരോട് പറയാൻ. നിങ്ങള് പോലും ഇപ്പൊ ഒരു നേരം ഉള്ള വിളിയല്ലേ ഉള്ളു പിന്നെ ഒറ്റക്കായ പോലാണ്.
അത്രയും പറഞ്ഞിട്ട് പെണ്ണ് പൊട്ടിക്കരയുന്ന കണ്ടപ്പോൾ ഫോൺ വിളി തുടരാൻ പറ്റിയില്ല കണ്ണ് നിറയുന്നു.
ഡി ഞാൻ പിന്നെ വിളിക്കാം എന്നുപറഞ്ഞിട്ട് വാട്സ്ആപ്പിൽ വന്ന ലാബിലെ റിസൾട്ട് ഒന്നൂടെ ചെക് ചെയ്തു.
അതെ.
ദിൽഷാദ്.
35വയസ്സ്
കോവിഡ് 19 പോസിറ്റീവ്.
ആ ഞെട്ടിക്കുന്ന സത്യം തന്നിലേക്ക് എത്തിയിരിക്കുന്നു താനും ലോകം മൊത്തം പരക്കുന്ന വൈറസിന്റെ ഇരയായി.
പക്ഷേ ആരോട് പറയാൻ? കൂട്ടിനാരുമില്ലാതെ അടച്ചിടപ്പെട്ട റൂമിൽ ഇരുന്നു ആധികേറുമ്പോൾ അവളുടെ സ്വരം അതാണിപ്പോ ആകെയുള്ള ആശ്വാസം പക്ഷേ ആ ഫോൺ വിളി കഴിയുമ്പോൾ ശ്വാസം മുട്ടുന്ന പോലെ തോന്നും അതോണ്ട് ഒരു നേരമേ വിളിക്കു.
അവളോട് പറയണം എന്നുണ്ട് ആ ആശ്വാസവാക്ക് കേൾക്കണം എന്നും.
പക്ഷേ അതറിഞ്ഞാൽ തൊട്ടാവാടി പെണ്ണ് എനിക്കുമുമ്പേ ഈ ലോകത്തൂന്ന് പോകും. അതിലും ഭേദം ഈ വേദന ആരും അറിയാതെ അനുഭവിക്കുക.
ജനലിൽ കൂടി കാണുന്ന പൊള്ളുന്ന മരുഭൂമി പോലെ ഉള്ളം ഉരുകുമ്പോഴും അവൾക്കും കുഞ്ഞുങ്ങൾക്കുമായി അവൻ തിരിച്ചു വരട്ടെ. ആ വീട് അവനായി കാത്തിരിക്കുന്നു….