എന്റെ വാക്കുകളിലെ സത്യസന്ധത കണ്ടിട്ടാണോ എന്തോ എന്തായാലും അവൾ എന്റൊപ്പം വീട്ടിൽ വരാമെന്ന് സമ്മതിച്ചു…

രചന: ഉമേഷ് യു വി

എല്ലാവരുടെ ജീവിതത്തിലും കാണും സിനിമാകഥയെ പോലും വെല്ലുന്ന ചില അനുഭവങ്ങൾ. അത്തരത്തിൽ എനിക്ക് ഉണ്ടായ ഒരു അനുഭവം ആണ് ചുവടെ ഉള്ളത്.ഇത് ഒരു വെളിപ്പെടുത്തൽ കൂടി ആണ്.നാളെ ചിലപ്പോൾ വലിയ കോലാഹലങ്ങൾ ഉണ്ടായേക്കാം.

എന്റെ വീട് കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ ആണെന്നും ഏറ്റുമാനൂരിലേ ഒരു ഫാക്ടറിയിൽ ആണ് ജോലി എന്നും,ദിനവും 22 km(one side) ബൈക്കിൽ സഞ്ചരിച്ചു ആണ് ജോലിക്ക് പോകുന്നത് എന്നും എന്നെ അറിയാവുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

ഒരുമാസം മുൻപ് രാത്രി 11 മണി

ഞാൻ ജോലികഴിഞ്ഞു വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്നു.ആപ്പാഞ്ചിറ കഴിഞ്ഞു മാന്നാർ എന്നൊരു ചെറിയ സ്റ്റോപ്പുണ്ട്.അവിടെ രണ്ട് വലിയ ഹംമ്പ് ഉള്ളത് ആ വഴി പോയവർക് അറിയാവുന്ന കാര്യമാണ്.വളവു കഴിഞ്ഞുള്ള രണ്ടാമത്തെ ഹമ്പ് കേറി ഇറങ്ങുന്നതിനിടയിൽ ഞാൻ ആ കാഴ്ച്ച കണ്ടു,ഒരാൾ എന്റെ വണ്ടിക്ക് കൈ കാണിക്കുന്നു. ഹെൽമറ്റ് വച്ചതിനോടൊപ്പം മാസ്‌ക്കും ഒരു ജാക്കറ്റും അയാൾ ധരിച്ചിട്ടുണ്ട്.കണ്ടിട്ട് എനിക്ക് നല്ലൊരു റൈഡർ ആയി തോന്നി.സമീപം ഒരു ബുള്ളറ്റ് മറിഞ്ഞും കിടക്കുന്നുണ്ട്.രാത്രി ആര് കൈ കാണിച്ചാലും ഞാൻ വണ്ടി നിർത്തറില്ല എങ്കിലും ഇവിടെ ഞാൻ ബൈക്ക് നിർത്തി.

എന്താ ചേട്ടാ പറ്റിയത്?ഞാൻ ചോദിച്ചു.

കുറച്ചു നിമിഷം മിണ്ടാതെ നിന്നതിനു ശേഷം അയാൾ : വണ്ടിയിൽ പെട്രോൾ തീർന്നു ചേട്ടാ,എന്നെ ഒന്ന് ഹെല്പ് ചെയ്യുമോ?

ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി,

എന്താ കാരണം എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ഓർക്കുക.

എന്റെ മുൻപിൽ നിൽക്കുന്നത് ഒരു പെണ്കുട്ടി ആണ് എന്ന കാര്യം ഞാൻ ഒരു ഞെട്ടലോടെ മനസ്സിലാക്കി.(ജീൻസും ബനിയനും ആണ് വേഷം എന്നതിനാൽ പുരുഷൻ ആണെന്നേ കണ്ടാൽ തോന്നൂ) തലയിൽ നിന്നു ഹെൽമെറ്റ് മാറ്റി കയ്യിൽ വച്ചു കൊണ്ടു അവൾ എന്നോട് വീണ്ടും ചോദിച്ചു. ചേട്ടാ ഹെല്പ് ചെയ്യുമോ?ഒരാള്പോലും വണ്ടി നിർത്തുന്നില്ല,ആകെ നിർത്തിയത് ചേട്ടനാണ്.

ഞാൻ എന്താണ് ചെയ്യേണ്ടത്?

ചേട്ടാ കുറച്ചു പെട്രോൾ കിട്ടണം. ഇവിടെ അടുത്ത് തലയോലപ്പറമ്പിൽ പമ്പ് ഉണ്ടെന്ന് കാണിക്കുന്നുണ്ട്,അവിടെ വരെ എത്താനുള്ള പെട്രോൾ കുറച്ചു തന്നാൽമതി.എന്നെ ഫോണിൽ ഗൂഗിൾ മാപ്പ് എടുത്തു കണിച്ചു കൊണ്ട് അവൾ പറഞ്ഞു.

മനസ്സില്ലാ മനസോടെ അടുത്ത് കിടന്ന ഒരു കുപ്പിയിൽ എന്റെ ബൈക്കിൽ നിന്നു പെട്രോൾ ഊറ്റി.ശേഷം മറിഞ്ഞു കിടന്ന ബുള്ളറ്റ് ഞങ്ങൾ രണ്ടാളും ചേർന്ന് നിവർത്തി, അതിനിടയിൽ ഞാൻ ചോദിച്ചു: ഇത് എന്തിനാ മറിച്ചു ഇട്ടത്, ആരും വന്നില്ല എങ്കിൽ ഇയാൾ ഇത് ഒറ്റയ്ക് ഉയർത്തുമോ?

ആരും കൈ കാണിച്ചിട്ട് നിർത്താതെ വന്നപ്പോൾ ഒരു ആക്സിഡന്റ് നടന്നു എന്നു തോന്നിപ്പിക്കാൻ ആണ് അവൾ വണ്ടി മറിച്ചിട്ടത് എന്ന് കേട്ടപ്പോൾ ഞാൻ അറിയാതെ ചിരിച്ചുപോയി. ഏകദേശം ഒരു150 മില്ലി പെട്രോൾ മാത്രം ആണ് ഞാൻ അവളുടെ വണ്ടിയിൽ ഒഴിച്ചത്. അവിടെ വരെ ഇത് മതി എന്നു ഞാൻ പറഞ്ഞു. വണ്ടി ആദ്യം സ്റ്റാർട്ട് ആയില്ല എങ്കിലും ഒടുവിൽ സ്റ്റർട് ആയി.

അതേ, ആ പമ്പ് ഈ സമയത്ത് ഇല്ല എന്നാണ് എനിക് തോന്നുന്നത്,നിങ്ങൾക് എവിടെയാണ് പോകേണ്ടത്? ഞാൻ ചോദിച്ചു

എനിക് എറണാകുളം വരെ പോകണം. അവൾ പറഞ്ഞു.

ചേട്ടാ നമ്പർ പറയൂ,ഞാൻ പെട്രോൾ കാശ് അക്കൊണ്ടിൽ ഇടാം.

ഇയാൾ പോയ്ക്കോ,കാഷ് ഒക്കെ നമുക്കു പതിയെ സെറ്റ് ചെയ്യാം,ഇനി എങ്കിലും രാത്രി സഞ്ചരിക്കുമ്പോൾ എണ്ണ അടിച്ചിടണം എന്ന ഉപദേശവും ഞാൻ കൊടുത്തു.

പമ്പ് അടച്ചു എങ്കിൽ ഈ സമയത്ത് ഇനി എന്തുചെയ്യും? ഞാൻ ചോദിച്ചു.

ഇല്ല കുഴപ്പമില്ല ചേട്ടാ,ചേട്ടൻ പൊയ്ക്കോളൂ..ഇത്രയും ചെയ്‌തത് തന്നെ വലിയ കാര്യം.ലക്ഷത്തിൽ ഒന്നേ കാണൂ ചേട്ടനെ പോലുള്ള ആളുകൾ. എനിക് നന്ദിയും പറഞ്ഞു അവൾ പോയി.

എനിക്ക് അതേ വഴിയിൽ തന്നെയാണ് പോകേണ്ടത് എന്നതിനാൽ ഞാൻ അവളുടെ പിന്നിലായി ബൈക്കിൽ യാത്ര തുടർന്നു.പള്ളിക്കവലയിൽ നിന്നു എനിക് ലെഫ്റ് ആണ് പോകേണ്ടത് പമ്പിലേക്ക് റൈറ്റും ആണ്.എന്നെ ശ്രെദ്ധിക്കാതെ അവൾ റൈറ്റ് തിരിഞ്ഞു പോവുകയും ഞാൻ ലെഫ്റ്റ് തിരിഞ്ഞു വീട്ടിലേക്കുള്ള വഴിയിൽ കയറുകയും ചെയ്തു.എന്നാൽ വണ്ടി ഓടിച്ചു പോകാൻ എനിക്കെന്തോ മടി പോലെ തോന്നി,ഞാൻ ബൈക്ക് നിർത്തി,ഒരു നിമിഷം എന്തോ ആലോചിച്ചിട്ട് ബൈക്ക് പെട്ടെന്ന് യുട്ടേണ് എടുത്തു.പമ്പിൽ പോയി നോക്കുക തന്നെ,അവൾക് പെട്രോൾ കിട്ടിയോ എന്നറിയണമല്ലോ,വിളിച്ചു ചോദിക്കാൻ നമ്പറും ഇല്ല.എന്തായാലും ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ അവിടെയുള്ള രണ്ട് പമ്പും അടഞ്ഞു കിടക്കുവാണ്.ആ പെണ്കുട്ടി നിരാശയോടെ എന്നെയും നോക്കിയെന്നോണം മുൻപിൽ തന്നെ നിൽക്കുന്നു.

ഇവിടേ അടുത്ത് എവിടെയാണ് ഇനി പെട്രോൾ കിട്ടുക? എന്നോട് ചോദിച്ചു

ഇവിടെ വൈക്കത്ത് ചിലപ്പോൾ കാണും.അതും എനിക്ക് ഉറപ്പില്ല, പിന്നെ 8km ദൂരവും ഉണ്ട്. ഇനി എന്താ ചെയ്യുക.?

ഇയാൾ രാത്രി എവിടെ പോയതാണ്?വീട് എവിടെയാണ്?

എന്റെ വീട് കോട്ടയത്തിനടുത്ത് ആണ്, ഇപ്പോ കാമുകൻ തെണ്ടിയെ കാണാൻ പോവുകയാണ്.ഞങ്ങൾ തമ്മിൽ ചെറിയൊരു വഴക്ക് ഉണ്ടായി,നേരിട്ട് ചെന്ന് അവനിട്ടു രണ്ടു പൊട്ടിച്ചു രണ്ടു വർത്തമാനം പറഞ്ഞില്ല എങ്കിൽ എനിക് ഉറങ്ങാൻ പറ്റില്ല ഇനി..ആ ധൃതിക്ക് പോന്നത് കൊണ്ട് വണ്ടിയിലെ പെട്രോൾ ഒന്നും ഞാൻ ഓർത്തില്ല.

എനിക്കാണെങ്കിൽ ഇത് കേട്ടിട്ട് ചിരി വന്നിട്ട് ഒരു രക്ഷയുമില്ലാതായി.

ഇയാൾ ഒരു സംഭവം ആണല്ലോ എന്ന് ഞാൻ പറഞ്ഞു.

അങ്ങനെ ഞങ്ങൾ പരിചയപെട്ടു.ഞാൻ എന്റെ പേരും ജോലിസ്ഥലവും രണ്ടു കിലോമീറ്റർ മാറി ആണ് വീട് എന്നും പറഞ്ഞു.

അയാൾ ഒരു വർക്കിങ് വുമൻ ആണെന്ന്പറഞ്ഞു.എറണാകുളത്ത് ഏതോ ഒരു സ്ഥാപനത്തിൽ ആണ് ജോലി എന്നും പറഞ്ഞു.വീട് കോട്ടയത്തിനടുത്ത് കുമാരനല്ലൂർ ആണെന്നും പറഞ്ഞു.

അങ്ങനെ ഞങ്ങൾ നല്ല പരിചയാക്കാരെ പോലെ ആയി.അപ്പോഴേക്കും സമയം ഏതാണ്ട് രാത്രി 11 45 ഒക്കെ ആയിരുന്നു.

ഞാൻ പറഞ്ഞു: രണ്ടു മൂന്ന് മാർഗം ആണ് ഇനി ഉള്ളത്,

1.വണ്ടി ഈ പമ്പിൽ വച്ചിട്ട് ബസ് കയറി വീട്ടിലേക്ക് പോവുക.അതിനുള്ള ഒരു പ്രോബ്ലെം എന്താണെന്ന് വച്ചാൽ കൊറോണ കാരണം പകൽ തന്നെ ബസില്ല അപ്പോഴാ രാത്രി.

2.അല്ലെങ്കിൽ എന്റെ ബൈക്കിൽ ഉള്ള പെട്രോൾ എടുത്തിട്ട് എത്തുന്നത് വരെ പോവുക, അത് പക്ഷെ റിസ്ക് ആണ്.കാരണം എന്റെ വണ്ടി ഓൾറെഡി റിസർവ് ആയി. ഇനി അധികം എണ്ണ ഇല്ല.

3.പിന്നൊന്ന് ഇവിടെ തലയോലപ്പറമ്പിൽ ഒരു റൂം എടുത്തു താമസിച്ചിട്ടു നാളെ പോവുക.

എന്താണ് ചെയ്യേണ്ടത് ഞാൻ ചോദിച്ചു.

എങ്കിൽ റൂം എടുക്കാം.ബാക്കി നാളെ നോക്കാം എന്നവൾ പറഞ്ഞു.

അങ്ങനെ ഞങ്ങൾ ചന്തപാലത്തിനു സമീപം ഉള്ള ഒരു ലോഡ്ജിന്റ് മുൻപിൽ എത്തി.എന്റെ ഫോണ് നമ്പർ വാങ്ങിയിട്ട് വിളിക്കാം എന്ന് പറഞ്ഞു അവൾ വണ്ടിയിൽ നിന്നും ഇറങ്ങി ലോഡ്ജിലേക്ക് കയറാൻ ഒരുങ്ങി.

പെട്ടെന്നാണ് ഞാൻ അറിയാതെ ചോദിച്ചത്,ഇയാൾക്കു എന്റെ വീട്ടിലേക്ക് വന്നുകൂടെ.. നാളെ പോകാമല്ലോ, വീട്ടിൽ അമ്മയും അച്ഛനും മാത്രമാണ് ഉള്ളത്, അവരോട് ഞാൻ പറഞ്ഞോളാം.എനിക് ഇയാളെ ഇവിടെ വിട്ട് പോകാൻ ബുദ്ധിമുട്ട് ഉണ്ട് എന്ന് ഞാൻ തുറന്ന് പറഞ്ഞു,പരിചയമില്ലത്ത ഇവിടെ കഴിയുന്നതിലും നല്ലത് ഇയാൾക്കു കുറച്ചെങ്കിലും പരിചയം ഉള്ള എന്റെ വീടല്ലേ?ഞാൻ ചോദിച്ചു.

എന്റെ വാക്കുകളിലെ സത്യസന്ധത കണ്ടിട്ടാണോ എന്തോ എന്തായാലും അവൾ എന്റൊപ്പം വീട്ടിൽ വരാമെന്ന് സമ്മതിച്ചു.

ഉടനെ തന്നെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു.

ആദ്യം എതിർത്തു എങ്കിലും പിന്നീട് വരാൻ പറഞ്ഞു.അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് പോയി.അവളുടെ ബുള്ളറ്റ് വടയാർ ഗ്രൗണ്ടിൽ വച്ചു പൂട്ടി,എന്റെ ബൈക്കിൽ ഞങ്ങൾ വീട്ടിൽ എത്തി,.വീട്ടിലേറ്റത്തി കഴിഞ്ഞാണ് ആ കുട്ടി മാസ്‌ക് മാറ്റിയത്, നല്ല വെളുത്തു ഒരു സുന്ദരികുട്ടി,25 വയസുണ്ട് എന്നു ‘അമ്മ ചോദിച്ചപ്പോൾ പറഞ്ഞു. സ്ഥലത്തെ ഒരു പ്രധാന കുടുംബത്തിലെ അംഗമാണ് ഈ കുട്ടി എന്നും വീട്ടിലേക്ക് വിളിച്ചു ആരെയും വരുത്താൻ പറ്റാത്ത സാഹചര്യം ആണെന്നും അവൾ പറഞ്ഞു.

അവൾ വീട്ടിൽ കുളിക്കുകയും പിന്നീട് കഞ്ഞി കുടിക്കുകയും ചെയ്തു. എന്തായാലും ഏതാണ്ട് ഒരു മണിയോടെ ഞങ്ങൾ എല്ലാവരും കിടന്നു.ആ കുട്ടിയെ മാത്രം ഒരു മുറിയിലും ഞങ്ങൾ മറ്റൊരു മുറിയിൽ ഒരുമിച്ചും കിടന്നു.

പിറ്റേന്ന് രാവിലെ 8 മണി

ഞാൻ ഹാളിലേക്ക് വന്നു നോക്കിയപ്പോൾ അവൾ ഇരുന്ന് പത്രം വായിക്കുന്നു. എന്നെ കണ്ടതും ഗുഡ് മോണിംഗ് എന്നു പറഞ്ഞു എണീറ്റു.

എന്തായാലും ഒരു 10 മണി ആയപ്പോഴേക്കും അവളെ ഒരു വിധം ആരും കാണാതെ ഒറ്റയ്ക് പുറത്തിറക്കി റോഡിലേക്ക് വിട്ടു. കുറച്ചു കഴിഞ്ഞു ഞാനും ബൈക്കിൽ പുറകെ പോയി. കയ്യിൽ ഞാൻ കരുതിയ കുപ്പിയും എടുത്ത് പമ്പിൽ പോയി എണ്ണയും വാങ്ങി വന്നു. പോകും നേരം അവൾ എനിക് എല്ലാത്തിനും നന്ദി പറഞ്ഞു. വീടെത്തിയിട്ട് വിളിക്കാം എന്നുള്ള ഉറപ്പിൽ ബൈ പറഞ്ഞു അവൾ പിരിഞ്ഞു.

ഈ സംഭവത്തിന് ശേഷം ഞങ്ങൾ നല്ല ഫ്രണ്ട്സ് ആവുകയും മിക്കവാറും വിളിക്കുകയും ചെയ്യാറുണ്ട്,ഇനി എന്റെ കല്യാണത്തിന് വീട്ടിൽ വരാം എന്നും പുള്ളിക്കാരി സമ്മതിച്ചിരിക്കയാണ്,

എനിക് പിറക്കാതെ പോയ എന്റെ പ്രിയ അനിയത്തി… നിനക്കു ഒരായിരം നന്ദി… നന്ദി…നന്ദി…എന്നെ ചിരിപ്പച്ചതിനു,ദേഷ്യം പിടിപിച്ചതിനു എന്റ് വീട്ടിൽ വന്നതിന്,വണ്ടിയിൽ കയറിയതിന് അങ്ങനെ എല്ലാത്തിനും നന്ദി.

അവളുടെ പേരോ ഐഡന്റിറ്റിയോ വെളിപ്പെടുത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതിനാലും അങ്ങനെ ചെയ്താൽ അവളുടെ തെറി കേൾക്കേണ്ടി വരും എന്നതിനാലും ആ സുഹൃത്തിനെ ഞാൻ നിങ്ങൾക് തൽക്കാലം പരിചയപ്പെടുത്തുന്നില്ല.എല്ലാം ഒരിടത് ഇരുന്ന് കാണുന്നുണ്ട് എന്ന് മാത്രം നിങ്ങൾ അറിയുക.😀

അന്നത്തെ സംഭവത്തിനു ശേഷം അവൾ ഇപ്പോ പഴയ കാമുകൻ തെണ്ടിയുമായി പിരിഞ്ഞു ഫ്രീ ആയി നടക്കുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ടെന്നും അറിയിക്കുന്നു.😀

യാഥാർഥത്തിൽ നടന്ന സംഭവം മാത്രം ആണ് മുകളിൽ ഉള്ളത്.ബുദ്ധിമുട്ട് ഉള്ളവർ വിശ്വസിക്കേണ്ട,കാരണം ഇതൊക്കെ നടന്നതാണെന്നു എനിക് തന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്😀