രചന : അഞ്ജലി മോഹൻ
“”ഇത് വേണോ അമ്മേ കുതിരപോലൊരു പെണ്ണ്…. അടങ്ങി നിൽക്കാൻ കൂടെ അറിയില്ല…. കഴിഞ്ഞൂസം വടക്കേലെ മാവിന്റെ കൊമ്പിൽ കണ്ടിരുന്നു…പെങ്കുട്യോളായാൽ ഇത്തിരി അടക്കോം ഒതുക്കോം വേണ്ടേ…..””” അവള് നിലവിളക്കും പിടിച്ച് വീടിന്റെ പടി കയറുമ്പോഴും അമ്മയോട് ഇഷ്ടക്കേടോടെ പറഞ്ഞ കാര്യങ്ങളായിരുന്നു മനസ്സിൽ….. ആാാ നീരസം അപ്പോഴും ഉണ്ടായിരുന്നു…..ചാടി തുള്ളിക്കളിച്ച് വീട് മുഴുവനും ഓടിനടക്കുന്ന പെണ്ണ്…… അവൻ എത്രയൊക്കെ ഇഷ്ടക്കേടോടെ പെരുമാറിയിട്ടും അതിനൊന്നും കണ്ണ് നിറയ്ക്കാത്ത മനക്കട്ടിയുള്ള പെണ്ണ്….. ഇതൊരു പെണ്ണ് തന്നെ ആണോ എന്ന് ഇടയ്ക്കിടെ അവനെ സംശയിപ്പിച്ച ഒരുത്തി….
വൈകിവരുന്നതിൽ പരിഭവിക്കാത്ത, ദേഷിച്ച് ഇറങ്ങിപോവുമ്പോൾ നോവോടെ നോക്കാത്ത, ഉച്ചത്തിൽ ബഹളം വയ്ക്കുമ്പോൾ ചുണ്ടുകോട്ടി പുച്ഛത്തോടെ നിൽക്കുന്ന ഒരുത്തി….. രാത്രി അവനെക്കാൾ മുൻപ് കിടക്കയുടെ ഒരരിക് കരസ്ഥമാക്കി നീങ്ങി കിടക്കുന്നവൾ…..അമ്മയ്‌ക്കൊപ്പം പാട്ടുപാടിയും തുള്ളിച്ചാടിയും വീട്ടിലും പറമ്പിലും കളിപറഞ്ഞ് നടക്കുന്ന പെണ്ണ്….. അമ്മയവളെ കുഞ്ഞീ എന്ന് വിളിക്കുന്നത് കേൾക്കാം…. ആാാ ഒരു വിളിയിൽ അമ്മയുടെ വിരലിൽ തൂങ്ങുന്നവൾ…….
പണി കഴിഞ്ഞ് ക്ഷീണിച്ച് കയറിവന്ന് ഉമ്മറത്തെ ചാരുകസേരയിൽ ഇരിപ്പുറപ്പിക്കുമ്പോൾ ഉപ്പിട്ട കഞ്ഞിവെള്ളമവൾ ഊക്കോടെ ഉമ്മറത്തിണ്ണയിൽ അവനായി കൊണ്ടുവയ്ക്കും….. ശേഷം ചുമരിലെ ഒരരുകിലേക്ക് താലിയിൽ വിരലിട്ട് ചുഴറ്റി ഗർവോടെ മാറിനിൽക്കുന്നവളെയും നോക്കിയാണ് അവനതെന്നും കുടിക്കാറ്…..അവനവളെ ആരും കേൾക്കാതെ “””അഹങ്കാരി”””എന്ന് വിളിച്ച് പോന്നു……
അവനെയവൾ ഏട്ടനെന്നോ അവന്റെ പേരോ ഒന്നും ചൊല്ലിവിളിച്ചില്ല…..അവനോടായി എന്തേലും പറയാൻ തോന്നുമ്പോ “”ഡോ”” എന്ന് കണ്ണ് കൂർപ്പിച്ച് കുസൃതിയോടെ അവനെ നോക്കി വിളിക്കും….. ആ ഒരു വിളിയിൽ അവനവളെ വെറുപ്പോടെ നോക്കും…..
ഒരിക്കൽ അവൻ വരുമ്പോൾ അവള് പിന്നിലെ പറമ്പിലെ മാവിന്റെ താഴ്ന്ന കൊമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു….. താഴെ എന്തൊക്കെയോ കളിപറഞ്ഞ് നില്പുണ്ട് അമ്മയും…. മണ്ണിലായി കുറെ ഉണ്ണി മാങ്ങകൾ ചിതറി കിടപ്പുണ്ട്
പിറ്റേന്നാ മാവ് മുറിച്ച് മാറ്റുമ്പോൾ ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു അവനിൽ…… അവളപ്പോഴും വീണ കൊമ്പിലെ മാങ്ങകൾ ഓടിപിടിക്കുന്ന ആവേശത്തിൽ ആയിരുന്നു….നാട്ടിലെ സർവത്ര കുഞ്ഞിപ്പിള്ളേരെയും വീട്ടിലെ കുഞ്ഞുകുളത്തിൽ അവള് നീന്താൻ പഠിപ്പിക്കും…… ഒരു അടക്കവും ഇല്ലാത്ത ആരെയും വകവെയ്ക്കാതെ ഒരു പെണ്ണ്…..
അമ്മയ്ക്ക് സുഖമില്ലാതായതിൽ പിന്നെയാണ് അവളവനൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങിയത്…. ഒരിക്കൽ പോലും അവനവളെയൊന്ന് തലയുയർത്തി നോക്കിയില്ല….. തുള്ളികളിച്ച് ബഹളം വയ്ക്കുന്നവൾ പെട്ടെന്നൊരിക്കൽ നിശബ്ദമായതിനു പിന്നിൽ അമ്മ കിടപ്പിലായതാണെന്ന് അവൻ ഉറച്ചു വിശ്വസിച്ചു…..അന്നത്തെ രാത്രിയും അവനൊപ്പം ആയിരുന്നു അവള് കഴിക്കാനായി ഇരുന്നത്…… എന്തോ ഒരുൾ പ്രേരണയിൽ ആദ്യമായവൻ അവള് കഴിക്കുന്നതൊന്ന് നോക്കി…. കറികുഴച്ച് അളുമ്പിയ വറ്റുകൾ പ്ലേറ്റിന് ചുറ്റും മേശയിൽ വീണ് കിടപ്പുണ്ട്…. അവൻ അറപ്പോടെ അവളെ നോക്കി…. അവളപ്പോഴും അതൊന്നും ശ്രദ്ധിക്കാതെ പാത്രത്തിൽ കിള്ളി പെറുക്കി കഴിക്കുന്ന തിരക്കിൽ ആയിരുന്നു……ദിനംപ്രതി കഴിക്കുന്ന ആഹാരം പ്ലേറ്റിനേക്കാൾ കൂടുതൽ മേശമേൽ വീണ് തുടങ്ങി….. അറപ്പ് തോന്നുമെങ്കിലും അവനൊരക്ഷരം അവളോട് പറഞ്ഞില്ല…..അന്നും ഒരു രാത്രി അവള് പാത്രത്തിലേക്ക് വിളമ്പാനായി എടുത്ത ചോറ് മേശമേൽ തൂവി…. അന്നാണവൻ ഊണ് മേശയിൽ അവൾക്ക് നേരെ ഒച്ചയുയർത്തിയത്…..അന്നാണവൾ ആദ്യമായ് അവനുമുൻപിൽ കരഞ്ഞത്…. ഉറക്കെ….. ഉറക്കെ……ആാാ രാത്രിയിൽ ഒത്തിരി വൈകിയാണ് അവള് കട്ടിലിന് ഒരരുകിൽ വന്ന് കിടന്നത്…….
പിറ്റേന്ന് മുതലാണവൻ അവളെ ശ്രദ്ധിച്ചു തുടങ്ങിയത്….. എപ്പോഴും ഒഴുകിയിറങ്ങുന്ന കണ്ണീര് തുടയ്ക്കുന്നുണ്ടാവും….. പണ്ട് ഓടിനടന്ന് ചെയ്ത ഓരോ കാര്യങ്ങളും ഒത്തിരി സമയം എടുത്ത് ശ്രദ്ധയോടെ ആണിപ്പോ ചെയ്ത് പോരുന്നത്….. അതിനിടയിലും മിഴിനീരിനെ ശക്തിയായി തുടച്ചുമാറ്റുന്നുണ്ട്…അമ്മ അകത്തുനിന്നും “കുഞ്ഞീ” എന്ന് വിളിക്കുമ്പോൾ വെപ്രാളപ്പെട്ട് എന്തൊക്കെയോ കാട്ടി കൂട്ടുന്നത് കാണാം….. ഒഴിവ് സമയങ്ങളിലെല്ലാം അമ്മേടെ കൈകുഴിക്കുള്ളിൽ കറങ്ങുന്ന ഫാനും നോക്കി കിടപ്പായിരിക്കും……
ആാാ രാത്രിയിലും ഒന്നിച്ചാണ് കഴിക്കാൻ ഇരുന്നത്…. അവൻ കഴിച്ച് എണീക്കാൻ നേരമാണ് അവളാ കയ്യിൽ പിടിത്തമിട്ടത്….തിരിഞ്ഞ് നോക്കുമ്പോൾ അവൾക്കായി വിളമ്പിയ ചോറിൽ കൈ തൊട്ടിട്ടുപോലും ഇല്ല…..
“””ഡോ…. ഞാനിന്ന് തന്റെ അരികിൽ കിടന്നോട്ടെ…. ന്നെ… ന്നെ ഒന്ന് സ്നേഹിക്കാമോ…. കണ്ണില് പാടകെട്ടി കാഴ്ച മറയുവാ….. ഇയാളെന്നെ എന്നെങ്കിലും സ്‌നേഹിക്കുമ്പോൾ ആ സ്നേഹം കാണാൻ കൂടെ ചിലപ്പോ നിക്കി കഴിയില്ല…… ഞാനും പെണ്ണല്ലേ ഒരു പെണ്ണിനുള്ളതെല്ലാം എനിക്കും ഇല്ലേ…. വെറും ഒരു പെണ്ണായിട്ട് മാത്രം കണ്ടാമതി ന്നെ ഈ രാത്രി മാത്രം സ്നേഹിക്കാവോ…… മുഖം കനപ്പിക്കാതെ നേർത്ത ചിരിയോടെ…..??””” ആദ്യമായാണവൻ അവളുടെ അത്രയും നേർത്ത ശബ്ദം കേൾക്കുന്നത്… ആദ്യമായാണവൻ ആാാ പെണ്ണിന്റെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കിയത്….
പാട മറച്ച കാഴ്ചയിലൂടെ അവള് അവനെ സ്‌നേഹത്തോടെ പ്രണയത്തോടെ നോക്കി…….അവൻ ഒരുവാക്ക് പറയാത്തതുകൊണ്ടാണവൾ ആ രാത്രിയും ചുമരരുകിലേക്ക് നീങ്ങി കിടന്നത്……
“””ഇയാൾക്ക് ന്നെ ഒട്ടും ഇഷ്ടല്ലാലെ ഇപ്പോഴും…???””” ഉറക്കം വന്ന് മൂടുന്നതിന് തൊട്ടുമുൻപായി അവള് ഇടറുന്ന ശബ്ദത്തോടെ അവനോട് അതാണ് ചോദിച്ചത്….. ആാാ ഒരു ചോദ്യമാണ് അവനെ ഏറെ ചിന്തിപ്പിച്ചത്…..ഇഷ്ടമല്ലേ തനിക്കവളെ എന്ന് ആയിരം തവണ അവൻ അവനോട് തന്നെ ചോദിച്ചു…… ഒടുക്കം ഉത്തരമായി അവളുടെ കുറുമ്പുകളെ ഓർത്തപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു……. പിന്നെ എന്തിനായിരുന്നു അവളോട് കാട്ടിയ ദേഷ്യവും ഒഴിഞ്ഞുമാറ്റവും…? മോഹിച്ചതെന്തൊക്കെയോ കിട്ടാതെ പോയതിന്റെ വാശിയായിരുന്നോ…. അതോ താൻ അവളെ പ്രണയിച്ചു തുടങ്ങിയപ്പോൾ അവളിൽ പ്രണയം നിറഞ്ഞ കണ്ണുകൾ കാണാതെ പോയതിന്റെ പരിഭവമോ…? ഓർത്തോർത്ത് എപ്പോഴോ ഉറക്കത്തെ പുൽകി…. കാലത്ത് ഉണരുമ്പോൾ അവള് ഒരു ബാഗിലേക്ക് ഇടാനും ഉടുക്കാനും ഉള്ള സാധനങ്ങൾ എടുത്ത് വയ്ക്കുന്നതാണ് കണ്ടത്………
“””അതിരാളൻ കാവിൽന്ന് ഗുരുവായൂരും ചോറ്റാനിക്കരയും കൊട്ടിയൂരും ഒക്കെ പോണുണ്ട് രണ്ടീസത്തെ ക്ഷേത്ര ദർശനം ആണ് ഞാനും പോകുവാ അവർക്കൊപ്പം… അമ്മേനെ നോക്കാൻ ഞാൻ മാലതിച്ചേച്ചിയെ ഏല്പിച്ചിട്ടുണ്ട്….””” അവനോടൊന്ന് അനുവാദം പോലും ചോദിക്കാതെ പോവാൻ തീരുമാനിച്ചതിലുള്ള നീരസം അവന്റെ മുഖത്ത് നിഴലിച്ചു….. ഇറങ്ങാൻ നേരവും മങ്ങിയ കാഴ്ചയിലും അവളവനെ ഗേറ്റോളം തിരിഞ്ഞു തിരിഞ്ഞു നോക്കി….
രണ്ട് ദിവസങ്ങൾ അവളുണ്ടാക്കിയ വിടവ് ചെറുതല്ല….. ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നത്തിൽ പോലും ഓടിനടക്കുന്ന ആ പെണ്ണായിരുന്നു…..
രണ്ട് ദിവസങ്ങൾക്കിപ്പുറം അടുക്കളയിൽ വീണ്ടും തട്ടലും മുട്ടലും കേട്ടാണവൻ അങ്ങോട്ട് ചെന്ന് നോക്കിയത്…. ഉപ്പിന്റെയും മുളകിന്റെയും മഞ്ഞളിന്റെയും കുപ്പികൾ തൊട്ട് തൊട്ട് നോക്കുന്നുണ്ട്…. പിന്നിലൂടെ ചെന്ന് വാരിപുണരുമ്പോൾ അവളൊരു ഞെട്ടലോടെ തിരിഞ്ഞു നോക്കി….. ഭാവഭേദങ്ങൾ ഏതുമില്ലാതെ അവളുടെ തോളിലവൻ മുഖം ചായ്ച്ചുവച്ചു…. അവന്റേതെന്ന അധികാരത്തോടെ…..
“”വലം കണ്ണ് ഇരുട്ട് മൂടി…. ഇനി സാധനങ്ങൾ ഒന്നും സ്ഥാനം മാറ്റി വയ്ക്കല്ലേ ചിലപ്പോ ഞാൻ തടഞ്ഞു വീഴും…. ഇരുട്ടായാലും കഴിക്കാൻ ഉണ്ടാക്കണ്ടേ അതാ ഞാൻ ഓരോ കുപ്പികളും ഏതിന്റെയൊക്കെ ആണെന്ന് നോക്കി വയ്ക്കുന്നെ…..”” ഉപ്പിന്റെ കുപ്പി ഒന്നൂടെ തൊട്ട് നോക്കികൊണ്ടവൾ ഷെൽഫിലേക്ക് വച്ചു…..””ഈ മുഖത്തെ ചിരി എനിക്ക് കാണാൻ പറ്റണില്ല മഹിയേട്ടാ…. ഇടം കണ്ണും തീർത്തും മങ്ങി….””” ചിരിയോടെ അവന്റെ കവിളിലവൾ കൈത്തലം വച്ചു….. അവനാ പെണ്ണിന്റെ മുഖമാകെ ചുണ്ടുകൾ ചേർത്തമർത്തി…..
“””ഈൗ കണ്ണിൽ ഇനിയൊരിക്കലും വെളിച്ചം വരില്ലാട്ടോ….. ഞാൻ ഇനി തടഞ്ഞു വീഴും, ചിലപ്പോൾ ഊണ് മേശമേൽ ചോറിട്ട് തിന്നും, കറിയിൽ ഉപ്പിന് പകരം പഞ്ചാര ഇടും….. ന്നാലും ന്നെ സഹിച്ചേക്കണം…..””” ഇടറുന്ന ശബ്ദത്തിലും കുറുമ്പ് പറയുന്നവളെ അവൻ പ്രണയത്തോടെ നോക്കി…..
“””ഞാൻ നിന്നെ വേണ്ടാന്ന് വച്ചാലോ പെണ്ണേ….??? നിന്റെ ഇരുട്ട് എന്നെ മടുപ്പിച്ചാലോ….??””” ആാാ പെണ്ണ് ചുണ്ട്പിളർത്തി പരിഭവിക്കും എന്ന് കരുതി ചോദിച്ചതാണ്
“””അന്ന് ഇയാൾടെ ഈൗ രണ്ട് കണ്ണിലും ഇരുട്ട് വീഴും……””” കൂസലില്ലാതെ അവനെ കൂർപ്പിച്ച് നോക്കി ദേഷിച്ചു പറഞ്ഞു….. ഉറക്കെയുള്ള ചിരിയോടെ അവൻ ചേർത്തണയ്ക്കുമ്പോൾ അവളുടെ കണ്ണിൽ നനവ് പടരുന്നുണ്ടായിരുന്നു……
രാത്രിയിരുട്ടിൽ മുറിയിലെ കട്ടിലിൽ ജനലരികിലായി ഇരിക്കുകയാണ്….. തുറന്നിട്ട ജനൽലഴികളിലൂടെ മുറ്റത്ത് അങ്ങിങ്ങായി പാറിപ്പറക്കുന്ന മിന്നാമിനുങ്ങുകളുടെ കുഞ്ഞുവെളിച്ചം കാണാം…. അവൻ നെഞ്ചിലേക്ക് ചായ്ച്ചു പിടിച്ചിട്ടുണ്ടവളെ….. നോക്കി നോക്കിയിരിക്കെ കാഴ്ച്ചയെ ഇരുട്ട് മൂടി….
“””ഇനി നിലാവ് പെയ്തിറങ്ങില്ലാട്ടൊ നക്ഷത്രങ്ങൾ കണ്ണ് ചിമ്മേം ഇല്ല നിറമുള്ള പൂക്കളും വിരിയില്ല ഇരുട്ടെന്നെ വിഴുങ്ങി…..””” ചിരിയോടെ അവനെ നോക്കി പറയുമ്പോൾ അവനവളെ ഇറുകെ പുണർന്നു……
“””അതിനെന്നാ പെണ്ണേ നിനക്കെന്റെ കണ്ണുകളില്ലേ…..””” പ്രേമത്തോടവൻ അവളുടെ കാതിനരുകിൽ ചുണ്ടുകൾ ചേർത്തു….
“””കിനാവിൽ നിക്കിപ്പോ കാണാം ഈ മുഖം…. ഇയാൾക്കെന്നെ സ്നേഹിക്കാൻ കൊതി കൂടുന്നു ല്ലേ….””” ചോദിച്ചുകൊണ്ട് അവളവനിലേക്ക് കുറുകിക്കൂടി ഇരുന്നു….വീണ്ടും വീണ്ടും ശബ്ദം താഴ്ത്തി അവൾക്ക് മാത്രമായ് കേൾക്കാനവൻ എന്തൊക്കെയോ മന്ത്രിച്ചു…… ഇടയ്ക്കിടെ അവളുടെ കവിൾത്തടങ്ങളിൽ നാണത്തിന്റെ ചുവപ്പുരാശി പടർന്നു….. ഇടയ്ക്കിടെ പൊട്ടി ചിരിച്ചു….. ഇടയ്ക്കെപ്പോഴോ അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചുവച്ചു…..
“””ഹൈഷ് ന്റെ പെണ്ണിന് നാണോ….””” അവൻ കുസൃതിയോടെ ചോദിക്കുന്നത് കേട്ട് ശബ്ദം തൊണ്ടയിൽ കുരുങ്ങി ശരീരം ഒന്ന് വിറച്ചു…. ചുവന്ന കവിളുകൾ വീണ്ടും ചുവന്നു….
അവസാനിച്ചു….