എന്നെന്നും നിന്റേത് മാത്രം ~അവസാനഭാഗം (41), രചന: റിൻസി പ്രിൻസ്

ഫ്ലാറ്റിലേക്ക് ചെന്നെങ്കിലും നിവിൻ ആരോടും പല്ലവിയെ കണ്ട കാര്യം പറഞ്ഞില്ല, ഇപ്പോൾ എല്ലാവരും നീനയുടെ കാര്യത്തിൽ ദുഃഖത്തിൽ ആയിരിക്കുമെന്ന് അവനറിയാമായിരുന്നു, ഈ സമയത്ത് ഇത് പറയേണ്ട കാര്യമല്ല, നീനയുടെ കാര്യം എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് നോക്കട്ടെ എന്ന് പല്ലവി ഉറപ്പു തന്നിട്ടുണ്ട്, അതു കൂടി കഴിഞ്ഞതിനുശേഷം പല്ലവിയുടെ കാര്യം വീട്ടിൽ സംസാരിക്കാമെന്ന് നിവിൻ ഉറപ്പിച്ചു. കുറെ വർഷങ്ങൾക്കു ശേഷം ആ രാത്രി പല്ലവിയും നിവിനും മോഹനും സമാധാനത്തോടെ ഉറങ്ങി.

ശനിയാഴ്ച രാവിലെ തന്നെ നീന നിവിനോടൊപ്പം രാഹുൽ ശർമയുടെ ഓഫീസിലേക്ക് പുറപ്പെട്ടു. കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം സ്കൂട്ടിയിൽ വന്നിറങ്ങുന്ന ഒരു പെൺകുട്ടിയെ കണ്ടതും നീന നിശ്ചലമായിരുന്നു പോയി.

അപ്പോൾ ബോബിയും അവിടേക്ക് എത്തി, പെൺകുട്ടി നിവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കയറി പോയി,

“ചേട്ടായി അത്‌ പല്ലവി അല്ലേ

“ഉം

“അവൾ എങ്ങനെ ഇവിടെ?

” എല്ലാം ഞാൻ വ്യക്തമായി നിന്നോട് പറഞ്ഞു തരാം പിനീട്,

ഒരു പുഞ്ചിരിയിൽ മറുപടി പറഞ്ഞു,ബോബിയെ ഒന്ന് നോക്കാൻ പോലും നീന കൂട്ടാക്കിയിരുന്നില്ല, നിവിൻ ബോബിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു,നീന ഒന്ന് നോക്കിയിരുന്നെങ്കിൽ എന്ന് ബോബി ആ നിമിഷം ആഗ്രഹിച്ചു പോയിരുന്നു,
കുറച്ചു സമയത്തിനു ശേഷം ഒരാൾ വന്ന് അകത്തേക്ക് രണ്ടാളെയും ക്ഷണിച്ചു,

പല്ലവി രണ്ടുപേരെയും കാത്തിരിക്കുകയായിരുന്നു,

” ഇരിക്കു,

നീനയുടെ മുഖത്ത് അമ്പരപ്പായിരുന്നു,

” എല്ലാം തയ്യാറായിട്ടുണ്ട് ഇനി രണ്ടുപേരും ഒപ്പിട്ടാൽ മാത്രം മതി, ഒപ്പിട്ടു കഴിഞ്ഞാൽ കോടതിയിൽ സബ്മിറ്റ് ചെയ്യും, പിന്നെ ഒരുപാട് താമസം ഒന്നും കാണില്ല, പരസ്പരസമ്മതത്തോടെ ആയതുകൊണ്ട് പെട്ടെന്ന് തന്നെ ലഭിക്കും,

ബോബിയുടെ മുഖം മാറുന്നത് പല്ലവി ശ്രദ്ധിച്ചിരുന്നു,

” എൻറെ ജോലി കൗൺസിലിങ് അല്ല എങ്കിലും ഡിവോഴ്സ് ആയി പോകുന്ന കപ്പിൾസ്നോട് എനിക്ക് കഴിയുന്ന വിധത്തിൽ പറഞ്ഞു മനസ്സിലാക്കാവുന്ന കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്, ഒരു ബന്ധം മുറിച്ചു മാറ്റുന്നത് കാണുന്നതിലും സന്തോഷം പൊട്ടിപ്പോയ കണ്ണികൾ വിളക്കി ചേർക്കുന്നതു കാണുന്നത് ആണ്, അതുകൊണ്ടുതന്നെ നിങ്ങളോട് സംസാരിച്ചാൽ കൊള്ളാം എന്ന് തോന്നി, അത്ര വലിയ പ്രശ്നങ്ങളൊന്നും നിങ്ങൾക്കിടയിൽ ഉള്ളതായിട്ട് എനിക്ക് തോന്നുന്നില്ല, നിങ്ങൾ രണ്ടുപേരും എഡ്യൂക്കേഷൻ ഉള്ള ആൾക്കാരാണ്, നല്ല ജോലി ചെയ്യുന്നവർ, അതുകൊണ്ടുതന്നെ ഞാൻ നിങ്ങളോട് ഒന്നും അങ്ങോട്ട് പറഞ്ഞു തരേണ്ടതില്ല, എങ്കിലും ചോദിക്കുകയാണ് എന്താണ് ഒരു വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് വരാനുള്ള കാരണം?

” അദ്ദേഹത്തിന് ഒരു കുഞ്ഞിനെ നൽകാനുള്ള കഴിവ് എനിക്കില്ല അതാണ്,
നീനയുടെ മറുപടി ബോബിയുടെ ഹൃദയത്തിൽ എവിടെയോ തറഞ്ഞു.

“ഇവർ പറഞ്ഞത് തന്നെയാണ് കാരണം അല്ലേ ബോബിയുടെ മുഖത്തേക്ക് നോക്കി പല്ലവി ചോദിച്ചു.

” അച്ഛനുമമ്മയും നിർബന്ധിക്കുന്നു,

ബോബി നിർവികാരമായി മറുപടി പറഞ്ഞു,

“അച്ഛനുമമ്മയും അല്ല നിങ്ങളാണ് ഒരുമിച്ച് ജീവിക്കാൻ ഉള്ളത്, വിവാഹം കഴിഞ്ഞ് ഒരു അച്ഛൻ ആവുക അല്ലെങ്കിൽ ഒരു അമ്മയാവുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ്, അത് പൂവണിയാം ചിലപ്പോൾ പൂവണ്ണിയാതിരിക്കാം, ഒരു കുഞ്ഞുണ്ടാവുക എന്നുള്ളത് വളരെ സന്തോഷം ജനിപ്പിക്കുന്ന ഒരു കാര്യമാണ്, പക്ഷേ ഒരു കുഞ്ഞുണ്ടാകുന്നത് ആരുടേയും പ്രത്യേക കഴിവൊന്നും അല്ല, അത് ഈശ്വരൻ നൽകുന്ന ദാനമാണ്, നൽകേണ്ട സമയം ആകുമ്പോൾ മാത്രമേ ലഭിക്കുകയുള്ളൂ, കുഞ്ഞുങ്ങളും അച്ഛനമ്മമാരും ഒക്കെ നമ്മുടെ ജീവിതത്തിൽ വന്നു പോകുന്ന അതിഥികൾ മാത്രമാണ്, അവസാന കാലഘട്ടം വരെ നമ്മളോട് ഒരുമിച്ച് കഴിയേണ്ടത് നമ്മുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് ആണ്, മറ്റു എന്തു ബന്ധത്തിലും വലുതാണ് ദാമ്പത്യം, ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിന് അടിസ്ഥാനം തന്നെ അതാണ് സുഖത്തിലും ദുഃഖത്തിലും ഒരുമിച്ച്, ഒരു പെൺകുട്ടിയുടെ അല്ലെങ്കിൽ ഒരു പുരുഷൻറെ ഒരു പകുതി ജീവിതകാലം മുഴുവൻ നമ്മളോടൊപ്പം കൂടുന്നതാണ് മറ്റൊരാൾ, പിന്നീടുള്ള നമ്മുടെ ജീവിതം മുഴുവൻ അവരോടൊപ്പമാണ്, ഒരു കുഞ്ഞു ഉണ്ടായാൽ തന്നെ ഒരു പ്രായം കഴിയുമ്പോൾ അവർ നമ്മളിൽ നിന്നും അകന്നു പോകും, മറ്റൊരു കൂട് തേടി അവരെ പോകും, അത്‌ അങ്ങനെ ആണ്, പ്രകൃതിനിയമം ആണ്, പിന്നീട് വാർദ്ധിക്ക്യത്തിൽ പോലും പരസ്പരം ഊന്നു വടി ആകുന്നത് നമ്മുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് ആയിരിക്കും. ഭാര്യഭർത്താക്കന്മാർ മനസ്സിലാക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത്, പലർക്കും അത് മനസ്സിലാക്കാൻ കഴിയാറില്ല, പിന്നെ ചോദിക്കുന്നത് ശരിയാണോ എന്നറിയില്ല നിങ്ങളിൽ ആർക്കാണ് കുഴപ്പം വൈഫിന് ആണോ?

ബോബിയുടെ മുഖത്തേക്ക് നോക്കി പല്ലവി ചോദിച്ചു.

“അവൾക്ക് കുഴപ്പം ഉള്ളതായും ഡോക്ടർ പറഞ്ഞിട്ടില്ല, ആർക്കും പ്രശ്നമുണ്ടെന്ന് പറഞ്ഞിട്ടില്ല, എന്തൊക്കെയോ പ്രോബ്ലം ഉള്ളതുകൊണ്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാകാൻ വൈകും എന്നേ പറഞ്ഞിട്ടുള്ളൂ,

” അപ്പോൾ ഉണ്ടാകില്ല എന്ന് പറഞ്ഞിട്ടില്ല, അതിനുമുൻപേ നിങ്ങൾ തീരുമാനിച്ചു ഇവർക്ക് ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ല എന്ന്, ഞാൻ ഒരു ചോദ്യം ചോദിച്ചോട്ടെ നിങ്ങൾക്ക് ആണ് പ്രശ്നമുള്ളത് എങ്കിലോ? അങ്ങനെയാണെങ്കിൽ ഇവരായിരുന്നു ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് എങ്കിൽ അത് നിങ്ങൾക്ക് സഹിക്കാൻ കഴിയുമായിരുന്നോ? ഇനി നിങ്ങൾ മറ്റൊരു വിവാഹം കഴിച്ചു എന്നിരിക്കട്ടെ നാളെ അവർക്കും കുഞ്ഞു ഉണ്ടായില്ല എങ്കിൽ നിങ്ങൾ അവരെ ഉപേക്ഷിച്ചു വീണ്ടും വിവാഹം കഴിക്കുമോ? പ്രശ്നം നിങ്ങൾക്ക് ആണ് എന്ന് കാണുന്ന അറിഞ്ഞാൽ ഇവർ മറ്റൊരു വിവാഹത്തിന് തീരുമാനിക്കുകയാണെങ്കിൽ നിങ്ങളുടെ മനസ്സിൽ എത്രത്തോളം വേദനിപ്പിക്കും, അത്‌ തന്നെ ആയിരിക്കില്ലേ ഇപ്പോൾ ഇവരുടെ മാനസികാവസ്ഥ,

ബോബിയുടെ ഹൃദയത്തിലാണ് ആ ചോദ്യം തറച്ചതു,

സത്യമാണ് താൻ ഒരിക്കലും അങ്ങനെ ചിന്തിച്ചിട്ടില്ല, ഒരുപക്ഷേ അവളുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ അങ്ങനെ ചിന്തിക്കാൻ പോലും കഴിയുന്നില്ല, തന്നെ അവൾ വേണ്ട എന്ന് പറഞ്ഞ്ഞാൽ ഇതുവരെ ഇങ്ങനെ ആലോചിച്ചില്ല, അവൻറെ മനസ്സിൽ കുറ്റബോധം ഉടലെടുത്തു,

പല്ലവി മേശവലിപ്പിൽ നിന്നും ഒരു പേപ്പർ എടുത്ത് രണ്ടുപേർക്കും നീട്ടി, ഒപ്പം പേനയും,

“ഒപ്പു ഇട്ടോളൂ

ബോബി പേന വാങ്ങാൻ മടിച്ചുനിന്നു, പല്ലവിയുടെ ചുണ്ടിൽ ഒരു ഗൂഡസ്മിതം ഒളിഞ്ഞുനിന്നു,ബോബിയുടെ മനസ്സിൽ നന്നായി ചലനമുണ്ടക്കിട്ടുണ്ട് എന്ന് അവന് മനസിലായി.

” എനിക്ക് ഒന്നുകൂടി ആലോചിക്കണം മേടം…ബോബി എഴുന്നേറ്റുപോയി,. ശരിക്കും ബോബിയുടെ ആ തീരുമാനം നീനായെ വല്ലാതെ അമ്പരപ്പിച്ചിരുന്നു.അവൾ എഴുന്നേൽക്കാൻ പോലും മടിച്ചിരുന്നു

“ചേച്ചി….പല്ലവി വിളിച്ചു. അവൾ കണ്ണുനീർ നിറഞ്ഞ മുഖത്തൊടെ പല്ലവിയെ നോക്കി.

” ചേച്ചീ ഇത് ഒരു വലിയ പ്രശ്നമൊന്നുമല്ല, പരിഹാരമില്ലാത്ത വിഷയങ്ങൾ ഒന്നും ഇല്ലല്ലോ, അഞ്ചു വർഷങ്ങൾ അല്ലേ ആയിട്ടുള്ളൂ, 10- 12 വർഷങ്ങൾ കാത്തിരുന്ന കുട്ടികൾ ഉണ്ടാകുന്ന എത്രയോ പേരുണ്ട്, ഒരിക്കലും ആത്മ വിശ്വാസം കൈവെടിയരുത്, വൈകി തന്നാലും ഈശ്വരൻ സന്തോഷം നിറഞ്ഞതും മാത്രം നൽകുമെന്ന് പ്രതീക്ഷിക്കണം,നീന പല്ലവിയുടെ കൈപിടിച്ച് അറിയാതെ കരഞ്ഞു പോയി.

” എന്നോട് ക്ഷമിക്കണം, ഞാൻ നിന്നോട് ചെയ്തിട്ടുള്ളതു തെറ്റുകൾ മാത്രമാണ്, ഇപ്പോൾ എൻറെ ജീവിതം കരയ്ക്കടുപ്പിക്കാൻ നീ തന്നെ വേണ്ടിവന്നു, ഇതു തന്നെയാണ് ഈശ്വരൻ എനിക്ക് നൽകിയ ഉത്തരം, ഞാൻ നിനക്ക് ഒരു നന്മയും ഇന്നുവരെയും ചെയ്തിട്ടില്ല, നിൻറെ മനസ്സിനെ വേദനിപ്പിച്ചിട്ട് മാത്രമേയുള്ളൂ, പക്ഷേ തീർച്ചയായും ഞാൻ കള്ളം പറയുന്നതല്ല എൻറെ മനസ്സിൽ ഞാൻ നിന്നോട് മാപ്പ് പറഞ്ഞിട്ടുണ്ട്, ഒന്നല്ല ഒരായിരം വട്ടം,

” ചേച്ചി വിഷമിക്കേണ്ട, ഞാൻ അതൊന്നും കാര്യമായി എടുത്തിട്ടില്ല, ആളുടെ കൂടെ ചെല്ലു ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നം മാത്രേ ഉള്ളു, പരസ്പരം പറഞ്ഞു തീർക്കാൻ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ ഇപ്പോൾ നിങ്ങൾക്ക് ഉള്ളു, ആൾ ഇപ്പോൾ കാണിച്ചതു തന്നെ ഒരു പോസിറ്റീവ് സൈൻ ആണ്, നീന പുറത്തേക്ക് ചെല്ലുമ്പോൾ ബോബി കാത്തുനിൽപ്പുണ്ടായിരുന്നു,
നീന നിവിനെ നോക്കി,

” നീ അളിയൻറെ കൂടെ പൊയ്ക്കോ, അളിയന് നിന്നോട് സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു,

അവൾ മറുത്തൊന്നും പറയാതെ ബോബിയുടെ കാറിൽ ചെന്ന് കയറി, ബോബി വണ്ടി സ്റ്റാർട്ടാക്കി കുറെ നേരം രണ്ടുപേരും ഒന്നും സംസാരിച്ചില്ല, കുറെ നേരത്തെ മൗനത്തിനു ശേഷം കാർ ഒതുക്കി ശേഷം ബോബി അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് അവളെ നെഞ്ചോടു ചേർത്തുവച്ച പറഞ്ഞു,

” ക്ഷമിക്കു മോളേ അറിയാതെ പറ്റിപ്പോയതാണ്, എന്നോട് ക്ഷമിക്കു, എനിക്ക് നിന്നെ വേണം, നമ്മുക്ക് കുഞ്ഞു വേണ്ട, നമ്മുക്ക് നമ്മൾ മാത്രം മതി, അവളുടെ കണ്ണിൽ നിന്നും ഉതിർന്നുവീണ നീർമണികൾ അവന്റെ കൈയ്യിൽ ചുട്ടു പൊളിച്ചു.
ഒരു തേങ്ങലോടെ അവൾ അവന്റെ നെഞ്ചിലേക്ക് വീണു, അവൻ അവളെ ചേർത്ത് പിടിച്ചു.

ബോബിയും നീനയും ഫ്ലാറ്റിൽ എത്തുമ്പോൾ എല്ലാവരും സന്തോഷമായി അവരെ കാത്തിരിക്കുകയായിരുന്നു, ട്രീസയും മാത്യൂസും നിവിനും നിറപുഞ്ചിരിയോടെ അവരെ കാത്തിരുന്നു,

” എനിക്ക് സന്തോഷമായി മോളെ ഇനി ഞങ്ങൾക്ക് സമാധാനമായിട്ട് തിരിച്ചു പോകാം, നാളെ തന്നെ ഞങ്ങൾ പോയാലോ എന്ന് ആലോചിക്കുകയാണ്, നിത കുറച്ചു ദിവസം വീട്ടിലേക്ക് വന്നു നിൽക്കണം എന്ന് പറഞ്ഞു, അതുകൊണ്ട് ഞങ്ങൾ അങ്ങോട്ട് പോയാലോ എന്ന് കരുതിയാണ്, ഇനി ഞങ്ങളുടെ ആവശ്യം ഇവിടെയില്ല,

ട്രീസ നീനയുടെ അടുത്ത് വന്നു പറഞ്ഞു,

“അങ്ങനെ അങ്ങ് പോയാൽ ശരിയാവില്ല അമ്മച്ചി,

മറുപടി പറഞ്ഞത് ബോബി ആണ്.

” ഒരു തീരുമാനം എടുക്കേണ്ടത് ഇനി അളിയന്റെ കാര്യത്തിൽ,

നിവിനെ നോക്കി ബോബി അത് പറഞ്ഞപ്പോൾ മനസ്സിലായി നീന എല്ലാ കാര്യങ്ങളും ബോബിയോട് പറഞ്ഞു എന്ന്,

” പല്ലവിയുടെ വീട്ടിൽ പോയി നമുക്ക് അതുറപ്പിക്കേണ്ട, എന്നിട്ട് പോയാൽ പോരെ,

പല്ലവി എന്നു കേട്ടതും ട്രീസയും മാത്യൂസും അമ്പരപ്പിൽ നോക്കി.

അപ്പോൾ തന്നെ അവരോട് നടന്ന കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. എല്ലാം കൊണ്ടും ആ മാതാപിതാക്കളുടെ മനസ്സ് നിറയുകയായിരുന്നു.നിവിൻ വൈകുന്നേരം തന്നെ പല്ലവിയെ വിളിച്ചു നാളെ എല്ലാരും അവളെ കാണാൻ വേണ്ടി വരുന്നുണ്ട് എന്ന് പറഞ്ഞു, ട്രീസയും മാത്യൂസും നീനയും ബോബിയും ഫ്ലാറ്റിലെത്തി, ആദ്യം എല്ലാരേയും അഭിമുഖീകരിക്കാൻ മോഹനന് ഒരു മടി ഉണ്ടായിരുന്നുവെങ്കിലും, മാത്യൂസും കുടുംബവും വളരെ നന്നായി തന്നെ ആ സാഹചര്യം കൈകാര്യം ചെയ്തു, ആദ്യത്തെ സമരങ്ങളും പ്രശ്നങ്ങളും എല്ലാം മാറി വീണ്ടും അവരുടെ വീട്ടിലേക്ക് സന്തോഷം കടന്നുവരാൻ തുടങ്ങി, എത്രയും പെട്ടെന്ന് ബോംബെയിലെ ജോലി വിട്ട് തൃശ്ശൂരിലേക്ക് വരാനാണ് തൻറെ തീരുമാനം എന്ന പല്ലവി അറിയിച്ചു, തൃശ്ശൂരിൽ വന്നതിനുശേഷം വിവാഹം നടത്താമെന്ന് മോഹൻ തീരുമാനത്തിൽ രണ്ടു കുടുംബങ്ങൾ പിരിഞ്ഞു, മാത്യൂസും ട്രീസ യും പിറ്റേദിവസത്തെ ഫ്ലൈറ്റിന് തന്നെ തിരികെ നാട്ടിലേക്ക് പോയി, പല്ലവിയെ കണ്ട വിവരം നിതയെ നിവിൻ അറിയിച്ചു, ആദ്യം അവൾ പരിഭവം നടിച്ചു, പിനീട് പല്ലവി നിവിനിൽ നിന്നും നിതയുടെ നമ്പർ വാങ്ങി വിളിച്ച് സംസാരിച്ചിരുന്നു, ഏറ്റവും കൂടുതൽ പിണക്കം പല്ലവിയോട് നിത ക്ക് ആയിരുന്നു, അതിനു കാരണം തന്നോട് പറയാതെ പോയതു ആയിരുന്നു, ആദ്യം അവൾ കുറേ പരിഭവം കാണിച്ചു എങ്കിലും പിന്നീട് പഴയ കൂട്ടുകാരികൾ ആയി സംസാരിച്ചു, കുറച്ചു ദിവസങ്ങൾ കൂടി അവിടെ തങ്ങിയതിനുശേഷം നിവിനും നാട്ടിലേക്ക് യാത്രയായി, കൃത്യം ഒന്നര മാസത്തിനുശേഷം മോഹനനും പല്ലവിയും തൃശ്ശൂരിലേക്ക് തിരിച്ചുവന്നു,

10 -15 ദിവസത്തെ ഇടവേളയ്ക്കു ശേഷം വിവാഹം ആർഭാടമായി തന്നെ നടന്നു, വെള്ള നെറ്റ് സാരിയിൽ തലമുടിയിൽ നെറ്റ് ഇട്ട് അവൾ സുന്ദരി ആയിരുന്നു, അവളുടെ സൗന്ദര്യം വർധിപ്പിക്കാൻ ഡയമണ്ടു തിളക്കവും, സ്യുട്ടിൽ സുന്ദരൻ ആയി നിവിനും, ഏഴ് നൂലിൽ കോർത്ത മിന്നു പല്ലവിയുടെ കഴുത്തിൽ അൾത്താരയുടെ മുൻപിൽ വച്ചു നിവിൻ അണയിച്ചു, ചുവന്ന മന്ത്രകോടി അവളുടെ ശിരസ്സിൽ അണയിച്ചു, വേദപുസ്തകത്തിൽ തൊട്ട് മരണം വരെ ഒപ്പം ഉണ്ടാകും എന്ന് അവർ സത്യം ചെയ്തു, അവൾ മനസ്സ് നിറഞു കർത്താവിന് നന്ദി പറയുകയായിരുന്നു, തന്റെ പ്രണയം സ്വന്തമായിരിക്കുന്നു, ഒരുപാട് പ്രശ്നങ്ങൾ വന്നെങ്കിലും തന്റെ പ്രണയം സത്യമായത് കൊണ്ട് തന്നെ അവസാനം അത് തനിക്ക് സ്വന്തമായി, അവൾ മനസ്സിലോർത്തു. നിറകണ്ണുകളോടെ അവൾ ദൈവത്തിന് നന്ദി പറഞ്ഞു. നിവിന്റെ കൈകളിലേക്ക് പല്ലവിയുടെ കൈകൾ പിടിച്ചു നൽകുമ്പോൾ മോഹൻറെ മനസ്സും നിറയുകയായിരുന്നു, തൻറെ മകളെ പിരിയുന്ന കാര്യം അയാൾക്ക് ഹൃദയഭേദകമായിരുന്നു,

വിവാഹം കഴിഞ്ഞ് നിവിൻ നൽകിയ മന്ത്രകോടി ഉടുത്തു വന്ന പല്ലവിയെ ട്രീസ കൊന്തയും മെഴുകുതിരിയും കൊടുത്തു അവളെ അകത്തേക്കു സ്വീകരിച്ചു, സ്നേഹ കൂട്ടിലേക്ക് വലുത് കാലെടുത്തുവെച്ച അവള് ആ വീടിൻറെ മരുമകളായി അകത്തേക്ക് കയറി, ബന്ധുക്കളുടെയും സ്വന്തക്കാരുടെയും പരിചയപ്പെടലുകളും ചോദ്യങ്ങൾക്കും ഇടയിൽ പെട്ടെന്ന് നീന തലകറങ്ങി വീണു, പെട്ടെന്ന് തന്നെ എല്ലാവരും കൂടി ചേർന്ന് അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, പല്ലവിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി താൻ വന്നു കയറിയ ദിവസം തന്നെ ഇങ്ങനെ ഒരു സംഭവം അവളുടെ മനസ്സിനെ വേദനിപ്പിച്ചു, പക്ഷേ കുറേ നിമിഷങ്ങൾക്ക് ശേഷം ആ വീടിനെ തേടിയെത്തിയത് മറ്റൊരു സന്തോഷ വാർത്തയായിരുന്നു, നീന ഗർഭിണിയാണെന്ന്, ഒന്നല്ല രണ്ടു കുഞ്ഞുങ്ങളെയാണ് അവൾ ഉദരത്തിൽ പേറുന്നത്, പല്ലവിക്ക് ആയിരുന്നു ഏറ്റവും സന്തോഷം, സന്തോഷങ്ങൾ അമൃതവർഷം ഒഴിക്കുമ്പോൾ ട്രീസ വന്ന പല്ലവിയുടെ കൈകളിൽ പിടിച്ചു പറഞ്ഞു

” ഒക്കെ മോളുടെ ഐശ്വര്യം കൊണ്ടാണ്,

അവൾ മനസ്സ് നിറഞ്ഞു ചിരിച്ചു.

ആശുപത്രിയിൽ കിടന്ന നീനയും മനസ്സിൽ വിചാരിച്ചത് ഇത് തന്നെയായിരുന്നു,

“ഈ ശാപം ആയിരുന്നോ പല്ലവി ഞാൻ ഇത്രകാലം അനുഭവിച്ചു തീർത്തതു, നിന്നോട് ചെയ്ത തെറ്റിന്റെ ഫലം ആയിരുന്നോ? നിന്റെ കണ്ണുനീരിന്റെ പ്രതിഫലം ആണോ ഇതൊക്കെ, നീ എനിക്ക് മാപ്പ് തന്ന ആ നിമിഷം മുതൽ എൻറെ ജീവിതത്തിൽ വീണ്ടും സന്തോഷം നിറയുകയായിരുന്നു,

നീന ഓർത്തു.

വൈകുന്നേരം തന്നെ നിവിൻ തിരിച്ചെത്തിയിരുന്നു, വിവാഹത്തിൻറെ ക്ഷീണവും ഹോസ്പിറ്റലിൽ നിന്ന ആലസ്യവും എല്ലാം അവനെ തളർത്തിയിരുന്നു, അവൻ കുളികഴിഞ്ഞ് പുറത്തേക്ക് വരുമ്പോൾ മുറിയിൽ പല്ലവി ഉണ്ടാരുന്നു, ജനൽ തുറന്നു പുറത്തേക്ക് നോക്കി നിൽക്കുക ആയിരുന്നു, ഒരു റോയൽ ബ്ലു നിറത്തിൽ ഉള്ള സിമ്പിൾ ചുരിദാർ ആയിരുന്നു അവളുടെ വേഷം, നീളൻ മുടി അഴിഞ്ഞു കിടക്കുന്നു, കഴുത്തിൽ ഒരു നേരിയ സ്വര്ണ്ണ ചെയിൻ അതിൽ ഒരു കുഞ്ഞു കുരിശ് അതിനോട് ചേർന്ന് കിടക്കുന്ന താൻ കെട്ടിയ മിന്നു, നെറ്റിയിൽ ഒരു കുഞ്ഞു നീല പൊട്ട്, ചെറുതായി ഇത്തിരി സിന്ദൂരം, മറ്റു ചമയം ഒന്നും ഇല്ല, നിവിൻ പുറകിൽ കൂടെ വന്നു അവളുടെ ഇടൂപ്പിൽ കൂടെ കയ്യിട്ട് അവളെ തന്നോട് ചേർത്തു നിർത്തി, അവളുടെ ശരീരത്തിൽ നിന്ന് വന്ന മുല്ലപ്പൂവിന്റെ പെർഫ്യൂം സുഗന്ധം അവനിലെ പുരുഷന്റെ വികാരങ്ങൾ ഉണർത്തി,

“നീ എന്തെടുക്കുവാ ഇവിടെ,

“ഞാൻ വെറുതെ രാത്രിയുടെ സൗന്ദര്യം ആസ്വദിക്കുവരുന്നു,

“ഇവിടെ ഒരുത്തൻ അഞ്ചു കൊല്ലം ആയിട്ട് നിരാശകാമുകൻ ആയി നിൽകുവാ അപ്പോഴാണ് അവൾ രാത്രിയുടെ സൗന്ദര്യം ആസ്വദിക്കാൻ പോകുന്നത്,

അവളുടെ മുഖത്ത് നാണം മിന്നിമഞ്ഞു, അവൻ അവളുടെ മുഖം കൈയ്യിൽ എടുത്തു, മെല്ലെ നെറ്റിയിൽ ചുംബിച്ചു, ചുംബനങ്ങൾ മത്സരിച്ചു നിൽക്കേ അവൻ അവളെ കോരി എടുത്തു,അവന്റെ ഉള്ളിലെ പ്രണയം ഒരു അഗ്നി ആയി അവളിൽ ആളി പടർന്നു, ഓരോ ഉയർച്ച താഴ്ച്ചകളുടെയും ഇടയിൽ വികാരങ്ങൾ വേലിയെറ്റം നടത്തിയ ഏതോ നിമിഷം അവർ ഒന്നായി, ആ രാത്രിയുടെ ഏതോ ഒരു യാമത്തിൽ അവൻ അവളുടെ നെഞ്ചിൽ തളർന്നു വീണു ,വിണ്ണിൽ ചന്ദ്രൻ നാണം കൊണ്ട് മുഖം താഴ്ത്തി, ദൂരെ എവിടെയോ രണ്ടു ഇണപ്രാവുകൾ തമ്മിൽ കോക്കൂരുമ്മി,

****************

6 വർഷങ്ങൾക്ക് ശേഷം,

ഡയാനയും അനൂപിനെയും വിവാഹം കഴിഞ്ഞു, സ്വന്തം അനുജത്തിയായി പല്ലവി അവളെ അംഗീകരിച്ചു കഴിഞ്ഞിരുന്നു, അവളുടെ വിവാഹത്തിന് എല്ലാത്തിനും മുൻപിൽ പല്ലവി ഉണ്ടായിരുന്നു, പല്ലവി ആയിരുന്നു എല്ലാ കാര്യങ്ങൾക്കും അവളുടെ മുൻപിൽ നിന്നും ഒരു ചേച്ചിയുടെ സ്നേഹം മുഴുവൻ അവൾക്ക് നൽകാൻ പല്ലവി മറന്നില്ല, വിഷ്ണുവും ഹർഷയും ബാംഗ്ലൂരിൽ ഹാപ്പിയായി ജീവിക്കുന്നുണ്ട് അവരുടെ സന്തോഷത്തിന് മാറ്റുകൂട്ടാൻ ഒരു പൊന്നു മോളും,

നിവിന്റെ പിറന്നാൾ ആയിരുന്നതിനാൽ പാളയത്തെ പള്ളിയിൽ പ്രാർത്ഥിക്കാൻ വേണ്ടി വന്നതായിരുന്നു നിവിനും പല്ലവിയും ഒപ്പം അവരുടെ ആറു വയസുകാരൻ നേഹാനും, പല്ലവി അൾത്താരയുടെ മുൻപിൽ നിന്ന് പ്രാർത്ഥിച്ചു,

” ഒരിക്കൽ ഞാൻ പ്രാർത്ഥിച്ചത് ആണ് കർത്താവേ ഈ അൾത്താരയുടെ മുൻപിൽ നിവിന്റെ കൈയും പിടിച്ച് വരണം എന്ന്, അത് അവിടുന്ന് സാധ്യമാക്കി തന്നു, ഒരു ആയിരം നന്ദി പറഞ്ഞാലും മതിയാകില്ല, എൻറെ മനസ്സ് നിറയെ ഇപ്പോൾ സന്തോഷം മാത്രമാണ്

” കഴിഞ്ഞില്ലേ മേടം നിൻറെ പ്രാർത്ഥന,

പുറത്ത് ഓടിക്കളിക്കുന്ന നെഹാനെ എടുത്തുകൊണ്ടുവന്ന് നിവിൻ ചോദിച്ചു, ആ കുസൃതിക്കുടുക്ക നിവിന്റെ കയ്യിലിരുന്ന ആരെയോ നോക്കുകയായിരുന്നു, അപ്പുറത്ത് കലപില സംസാരിക്കുന്ന ഒരു മൂന്നുവയസ്സുകാരിയിൽ ആയിരുന്നു അവൻറെ കണ്ണുകൾ,

“കഴിഞ്ഞു ഇറങ്ങാം

പല്ലവി പറഞ്ഞു

മെഴുകുതിരികൾ കത്തിച്ച് അവർ അവിടെ നിന്നും ഇറങ്ങുമ്പോഴും നേഹാന്റെ കണ്ണുകൾ ആ മൂന്ന് വയസ്സുകാരിയിൽ തന്നെയായിരുന്നു, കാറിലേക്ക് കയറുമ്പോൾ അവൻ നിവിനോട് പറഞ്ഞു,

“പപ്പാ എനിക്ക് ആ ബേബിയെ കല്യാണം കഴിക്കണം,

അവന്റെ സംസാരം കേട്ട് നിവിനും പല്ലവിയും പരസ്പരം നോക്കി,

“കല്യാണമോ? നിനക്ക് എത്ര വയസ്സായി,

പല്ലവി അതിശയതോടെ അവനെ നോക്കി പറഞ്ഞു, അത് കണ്ട് നിവിൻ പൊട്ടിച്ചിരിച്ചു.

” പപ്പയുടെ മോനൂട്ടൻ വിഷമിക്കേണ്ട കേട്ടോ മോനൂട്ടൻ വല്ല്യ കുട്ടി ആകട്ടെ, പപ്പാ ആ ബേബിയെ തന്നെ കല്യാണം കഴിപ്പിച്ചു തരാം,

” നല്ല ബെസ്റ്റ് പപ്പയും മോനും,

പല്ലവി കളിയാക്കി,

“നീയും അത്ര മോശമൊന്നുമല്ല, നിന്റെ അല്ലേ മോൻ, അവൻ ചിലപ്പോൾ വലുതാകുമ്പോൾ ആ കൊച്ചിനെ തിരക്കി പോകും,

നിവിൻ അവളെ നോക്കി പറഞ്ഞു, പല്ലവി അവനെ നോക്കി കണ്ണുരുട്ടി.

“നിങ്ങൾ രണ്ടുപേരും ഒന്നായി ഞാൻ ഒറ്റയായി, അവൾ അവരോട് പരിഭവം കാണിച്ചു,

” എൻറെ മുത്തിന് ഞാൻ ഇല്ലേടാ,

നിവിൻ അവളുടെ കവിളിൽ പിടിച്ചു കൊണ്ട് ചോദിച്ചു. നേഹാന് ചിരിയോടെ കണ്ണുപൊത്തി,

സ്നേഹകൂട്ടിൽ ചെല്ലുമ്പോൾ, എല്ലാരും അവരെ കാത്തു ഇരിപ്പുണ്ട്, നേഹാൻ ചെന്ന ഉടനെ അപ്പച്ചന്റെയും അമ്മച്ചിയുടെയും മടിയിൽ കയറി, ജൈന(നിതയുടെ മകൾ ) വന്നു ട്രീസയുടെ കയ്യിൽ കയറി, അത്‌ കണ്ട് അവന് അല്പം കുശുമ്പ് വന്നു, പുറകെ അലോനയും അല്ലിനും വന്നു (നീനയുടെ ഇരട്ടകുട്ടികൾ ) അവരെ കൂടെ കണ്ടതോടെ കുട്ടികൾ അവരുടെ ലോകത്തേക്ക് ചേക്കേറി, അവർക്ക് പുറകെ നിതയും നീനയും വന്നു.

“നിങ്ങൾ എവിടെ ആയിരുന്നു,…..നീന ചോദിച്ചു

“ഇവള്ടെ പ്രാർത്ഥന കഴിയണ്ടേ….നിവിൻ പറഞ്ഞു.

മാത്യൂസ് ചിരിച്ചു.

“അവൾക്ക് എങ്കിലും അങ്ങനെ ഒരു ചിന്ത ഉണ്ടല്ലോ, നീ കണ്ടു പഠിക്കാൻ നോക്ക്
ട്രീസ പറഞ്ഞു.

“കണ്ടോടി അമ്മായിഅമ്മയും മരുമോളും ഒരു കൈ ആണ്…നിവിൻ പരിഭവം പറഞ്ഞു.

“അമ്മച്ചി അമ്മായിഅമ്മ പേരിന് പേരുദോഷം ഉണ്ടാകാതെ ചെറിയ പോര് ഓക്കെ ഇവളോട് കാണിക്ക്…നിത പറഞ്ഞു.

“ഒന്നുപൊടി…..ട്രീസ അവളോട് പറഞ്ഞു.

“ഞാൻ വേഷം മാറി വരാം…പല്ലവി പറഞ്ഞു,

“വേഗം വേണം കേക്ക് കട്ട്‌ ചെയ്യാൻ ഉള്ളതാ…നിത വിളിച്ചു പറഞ്ഞു,

“ആയിക്കോട്ടെ

“മോഹൻ റെയിൽവേ സ്റ്റേഷനിൽ വന്നു കാണും ഞാൻ പോയി കൂട്ടാം, മാത്യൂസ് നിവിനോട് പറഞ്ഞു.

“വേണ്ട അപ്പ ഞാൻ പോകാം

“ചേട്ടായി ഇനി പിറന്നാൾ ആയിട്ട് പോകണ്ട, ബോബി പോയി അങ്കിളിനെ കൂട്ടി വരും

“അതെ ഞാൻ പോകാം

ബോബി ഇറങ്ങി,

പല്ലവി മുറിയിൽ എത്തി, സാരി മാറ്റാൻ ആയി വാതിൽ അടക്കാൻ തുടങ്ങിയപ്പോൾ നിവിൻ വന്നു, അവൻ അകത്തേക്ക് കയറി അവളെ ഇടൂപ്പിൽ കൂടെ അവളെ വട്ടം പിടിച്ചു കവിൾ കാണിച്ചു പറഞ്ഞു.

“എന്റെ പിറന്നാൾ സമ്മാനം താ

അവൾ അവനെ ചുറ്റി പിടിച്ചു ആ കവിളിൽ ഒരു അമർത്തിയ ചുംബനം നൽകി,

ആ സ്നേഹകൂട്ടിൽ സ്നേഹം പെയ്തു,

(അവസാനിച്ചു )

*കുറച്ചു പേർക്കെങ്കിലും ഓടിച്ചു വിട്ട് തീർത്തതായി തോന്നും, പക്ഷെ ഇല്ലാട്ടോ, ഇതിൽ കൂടുതൽ ഒന്നും എഴുതാൻ ഇല്ല അതുകൊണ്ട് ആണ്, ഒരുപാട് വലിച്ചു നീട്ടി ബോർ ആകുന്നത് എനിക്ക് ഇഷ്ടം അല്ല, എന്റെ കഥ വായിച്ചവർക്ക് അറിയാം ഏറ്റവും കൂടുതൽ പാർട്ട്‌ ഉള്ളത് ഈ കഥക്ക് ആണ്,

നേഹാൻ ഏതായാലും ആ അച്ഛന്റെയും അമ്മയുടെയും മോനല്ല ചിലപ്പോ വലുതാകുമ്പോൾ അവനും ആ ബേബിയെ തിരഞ്ഞു പോയേക്കാം, അത്‌ എന്തെങ്കിലും ആവട്ടെ, അവരുടെ ലൈഫ് സെറ്റ് ആയി,

പിന്നെ ഇത് പല്ലവിയുടെയും നിവിന്റെയും പ്രണയകഥ മാത്രമായിരുന്നില്ല, അതിനുമപ്പുറം കുറെ കാര്യങ്ങൾ എനിക്ക് തുറന്ന് എഴുതണമെന്ന് തോന്നി അതുകൊണ്ടാണ് ഈ കഥ എഴുതിയത്,

തുടക്കം മുതലേ ഈ കഥ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടതാണ്, ഇത് പൂർത്തിയാക്കാൻ കഴിയുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതല്ല നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് കൊണ്ട് മാത്രമാണ് ഈ കഥ പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞത്.

മാർക്കോസ് ചെയ്യുതതിനുള്ള ശിക്ഷ അയാൾക്ക് കാലം തന്നെ നൽകി കഴിഞ്ഞു,

പിന്നെ ശീതൾ ഒരു പ്രതിനിധിയാണ്, ഇന്നത്തെ കാലഘട്ടത്തിലെ പല പെൺകുട്ടികളുടെയും പ്രതിനിധി, പ്രായത്തിന്റെ ആവേശത്തിൽ മാതാപിതാക്കൾ അടുത്ത ഇല്ലാതെ വരുമ്പോൾ പലരും കാണിക്കുന്ന ഓരോ കോപ്രായങ്ങൾക്ക് പകരം നൽകേണ്ടതു ജീവിതം ആണ്. ബാംഗ്ലൂർ പോലുള്ള സിറ്റികളിൽ പഠിക്കാൻ പോകുന്ന നമ്മുടെ കുഞ്ഞുങ്ങൾ കാണിച്ചുകൂട്ടുന്നത് എന്തൊക്കെയാണെന്ന് നമുക്ക് തന്നെ അറിയില്ല, അതെല്ലാം തിരിച്ചു ജീവിതത്തിൽ നമുക്ക് തന്നെ ഇരുതലമൂർച്ചയുള്ള ഒരു വാൾ ആയി വരും എന്ന് ആരും ശ്രദ്ധിക്കുന്നില്ല, പെൺകുട്ടികളുടെ ജീവിതം കൊഴിഞ്ഞുപോകുന്നത് ഇങ്ങനെ കാണിക്കുന്ന ചില അബദ്ധങ്ങളുടെ പേരിലാണ്, ഇനിയെങ്കിലും പെൺകുട്ടികൾ അവരെ സൂക്ഷിക്കാൻ പഠിക്കട്ടെ,

പിന്നെ ഇത് വായിച്ച ഏതെങ്കിലും ഒരാളുടെ മനസ്സിലെങ്കിലും മോഹൻ ഒരു നോവായി കഴിഞ്ഞുവെങ്കിൽ അത് എൻറെ വിജയം ആണ്, ഞാൻ ഉദ്ദേശിച്ചത് അതായിരുന്നു, സ്വന്തം അച്ഛന്മാർ പോലും മക്കളെ ഉപദ്രവിക്കുന്ന ഈ കാലഘട്ടത്തിൽ കർമ്മം കൊണ്ട് മാത്രം അച്ഛനായ ഒരു മനുഷ്യൻ മകളെ ആവോളം സ്നേഹിക്കുക, അതാണ് ഞാൻ നിങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചത്, മോഹൻ എന്നും ഒരു നോവാണ് അയാൾ ഒന്നും നേടിയില്ല, സ്വന്തം ചോരയിൽ ഒരു കുഞ്ഞു പോലും അയാൾക്ക് ഇല്ല, പക്ഷേ അയാൾ വലിയൊരു മനുഷ്യനാണ് അയാളെ ആവോളം സ്നേഹിക്കുന്ന ഒരു മകൾക്ക് അച്ഛനാണ് അയാൾ, ജന്മം കൊണ്ട് അല്ലെങ്കിലും, ഇങ്ങനെ കർമ്മം കൊണ്ട് മാത്രം എത്ര എത്ര നല്ല ബന്ധങ്ങൾ ഉണ്ടാകും, അവകാശപ്പെടാൻ മാത്രം കഴിയുന്ന രക്തബന്ധങ്ങളെ കാൾ വലുതാണ് ചില കർമ്മ ബന്ധങ്ങൾ,അതുകൊണ്ട് തന്നെ പല്ലവി സത്യങ്ങൾ ഒന്നും അറിയാതെ ഇരിക്കട്ടെ

ലതികയും ഡേവിഡും അവർ ചെയ്ത തെറ്റ് തന്നെയാണ്, ഒരിക്കലും ഞാൻ അവരോട് യോജിക്കില്ല, എങ്കിലും അവരുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ അത് ശരിയായിരിക്കും

പിന്നെ ഡയാനയും അനൂപും സന്തോഷത്തോടെ ജീവിക്കുന്നുണ്ടല്ലോ, അവർ കഥയിലെ അതിഥികൾ മാത്രം ആയിരുന്നു, അതുകൊണ്ടാണ് അവരുടെ ജീവിതം തുറന്നു എഴുതാത്തത്, എന്താണെങ്കിലും അവരും ഹാപ്പിയാണ്,

പിന്നെ പല്ലവി അവളും പലർക്കും മാതൃക തന്നെയാണ് ഒരു പ്രണയം നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ അത് ഉപേക്ഷിക്കപ്പെട്ടു പോയാൽ ഉടനെ ജീവിതം അവസാനിച്ചു എന്ന് കരുതുന്നവരാണ് പലരും, ഇവിടെ എന്റെ നായിക ചെയ്തത് മറ്റൊന്നാണ് അവൾ നഷ്ടപെട്ടതിൽ നിന്ന് പ്രചോദനം ഉയർന്ന പഠിക്കുകയായിരുന്നു ചെയ്തത്, പഠിച്ച ഒരു സ്ഥാനത്തെത്തി, അതു തന്നെയാണ് വേണ്ടത് നമ്മുടെ പ്രണയം സത്യമാണെങ്കിൽ എത്ര പ്രതിബദ്ധതകൾ നേരിട്ടാലും അത് തിരികെ വരും, അതിൻറെ പേരിൽ ഒരിക്കലും നമ്മുടെ ജീവിതം ഹോമിച്ച കളയേണ്ടതില്ല,

ഏതായാലും എല്ലാവരും ഹാപ്പിയായി ജീവിക്കുക ആണ്, ഈ കഥ വായിച്ച നിങ്ങളും ഹാപ്പി ആണെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്, അങ്ങനെയാണെങ്കിൽ എനിക്കായി ഒരു വരി കുറിക്കാൻ മറക്കരുത്….